22 November Friday

ബംഗ്ലാദേശിലെ പ്രക്ഷോഭം - പീപ്പിൾസ്‌ ഡെമോക്രസി മുഖപ്രസംഗം

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

 

ഷെയ്ഖ് ഹസീന വസീദിന്റെ സ്വേച്ഛാധിപത്യ സർക്കാരിനെതിരായ ബഹുജന കലാപം സർക്കാരിന്റെ പതനത്തിനും ഷെയ്ഖ് ഹസീന രാജ്യത്തുനിന്നും പലായനം ചെയ്യുന്നതിലേക്കും അവിചാരിതമായി നയിച്ചു. വിദ്യാർഥി പ്രതിഷേധക്കാർ ആഗസ്‌ത്‌ അഞ്ചിന്‌ ആഹ്വാനംചെയ്ത ‘മാർച്ച് ടു ധാക്ക' നഗരത്തിലെത്തുകയും പതിനായിരക്കണക്കിന് ആളുകൾ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് ചെയ്യുന്നതും കണ്ടു. പ്രക്ഷോഭകർക്കുനേരെ സൈന്യം വെടിയുതിർക്കില്ലെന്ന് സൈനികമേധാവി ഹസീനയെ അറിയിച്ചത് ആടിയുലയുന്ന ഭരണനേതൃത്വത്തിന് അവസാനത്തെ പ്രഹരമായി. സ്വാതന്ത്ര്യസമര സേനാനികളുടെ പിൻഗാമികൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം ഏർപ്പെടുത്തിയതിനെതിരെ വിദ്യാർഥികൾ പ്രക്ഷോഭം ആരംഭിച്ചിരുന്നു. വിദ്യാർഥികളുമായി ചർച്ച നടത്തുന്നതിനുപകരം പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഹസീന സർക്കാർ കർശനമാർഗങ്ങൾ അവലംബിച്ചു. സുപ്രീംകോടതി ഇടപെട്ട് സംവരണം അഞ്ചുശതമാനമാക്കി ചുരുക്കിയപ്പോഴേക്കും ഇരുനൂറിലേറെ വിദ്യാർഥികളും സാധാരണക്കാരും പൊലീസ്‌ വെടിവയ്‌പിലും ഭരണകക്ഷിയുടെ ഗുണ്ടകളുടെ ആക്രമണത്തിലും കൊല്ലപ്പെട്ടിരുന്നു. കൊലപാതകങ്ങൾക്ക് ഉത്തരവാദികളായവരെ ശിക്ഷിക്കുക, അറസ്റ്റിലായ എല്ലാവരെയും വിട്ടയക്കുക, ഉത്തരവാദിത്വം ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചെറിയ ഇടവേളയ്ക്കുശേഷം പ്രക്ഷോഭം വീണ്ടും ആരംഭിച്ചു. ഇത് ഉടൻതന്നെ പ്രധാനമന്ത്രി ഹസീനയുടെ രാജി ആവശ്യമായി രൂപാന്തരപ്പെട്ടു.
2009ലെ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് വീണ്ടും അധികാരത്തിൽ വന്നതുമുതൽ, അവരുടെ 15 വർഷത്തെ ഭരണം പടിപടിയായി സ്വേച്ഛാധിപത്യപരമായി നീങ്ങുന്നത്‌ കണ്ടു. 2024 ജനുവരിയിൽ ഉൾപ്പെടെ നടന്ന മൂന്ന് പാർലമെന്റ്‌ തെരഞ്ഞെടുപ്പുകൾ ഭരണകക്ഷിയായ അവാമി ലീഗിന് ഏകപക്ഷീയമായി അനുകൂലമാക്കി. പ്രതിപക്ഷ പാർടികളെ വലിയതോതിൽ അടിച്ചമർത്തുകയും സർക്കാർ സംവിധാനങ്ങളെ പരസ്യമായി ഭരണകക്ഷിക്കുവേണ്ടി പ്രവർത്തിപ്പിക്കുകയുംചെയ്തു.

ഇരുമ്പുമറയ്‌ക്കുള്ളിലെ സ്വേച്ഛാധിപത്യഭരണ സംവിധാനത്തിൽ മാധ്യമങ്ങളും പൗരസമൂഹവും എതിർപ്പുയർത്തിയവരും അടിച്ചമർത്തലുകളെയും അറസ്റ്റുകളെയും ജയലിൽ അടയ്‌ക്കലിനെയും നേരിടേണ്ടിവന്നു. ഹസീനയുടെ ഭരണത്തിന്റെ ആദ്യ ദശകത്തിൽ ബംഗ്ലാദേശ് സാമ്പത്തികമായി പുരോഗതി കൈവരിച്ചു. ജിഡിപി വളർന്നു. വസ്ത്ര കയറ്റുമതി വളർച്ചയിലേക്ക്‌ നയിച്ചു.  എന്നാൽ, വികസനത്തിന്റെ ഫലം ഒരു ചെറിയ വിഭാഗത്തിലേക്ക്‌ കേന്ദ്രീകരിച്ചു. അവരിൽ പലരും അവാമി ലീഗിലും ഹസീനയുടെ സുഹൃദ്‌‌വലയത്തിലും ഉൾപ്പെട്ടവരായിരുന്നു. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ലോകത്തിലെ ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണത്തിൽ ബംഗ്ലാദേശ് മൂന്നാമത്തെ അതിവേഗ വളർച്ച നേടുമെന്ന്‌ 2019-ൽ വിലയിരുത്തിയിരുന്നു. നിലവിൽ ഏകദേശം 1.8 കോടി യുവജനങ്ങൾ തൊഴിലില്ലാതെ പുറത്തുനിൽക്കുമ്പോഴാണ്‌ ഈ വൈരുധ്യം ഉയർന്നുവന്നത്‌. അഴിമതി വ്യാപകമാകുകയും വ്യവസായികളും ഭരണകക്ഷി രാഷ്ട്രീയക്കാരും തമ്മിലുള്ള ചങ്ങാത്തവും അഴിമതി കൂട്ടുകെട്ടും ഇടത്തരക്കാരെയും ബുദ്ധിജീവികളെയും സർക്കാരിൽനിന്ന്‌ അകറ്റാൻ തുടങ്ങി. സർക്കാർ ജോലിയിലെ സംവരണത്തിനെതിരെയുള്ള പ്രതിഷേധം വിദ്യാർഥി പ്രക്ഷോഭമായാണ്‌ ആരംഭിച്ചത്.


 

ഭരണകക്ഷി ഇതിനെ തുടക്കത്തിലേ അടിച്ചമർത്താൻ ശ്രമിച്ചു. ഒടുവിൽ ഇത്‌ സർക്കാരിനെ പിഴുതെറിയാനുള്ള ബഹുജന പ്രക്ഷോഭമായി വികസിച്ചു. അത്തരമൊരു പ്രസ്ഥാനത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ, ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥി വിഭാഗം പോലുള്ള മതമൗലികവാദ ശക്തികൾക്കും പ്രതിഷേധത്തിൽ പങ്കുചേരാൻ കഴിഞ്ഞു. ഷെയ്ഖ് ഹസീനയുടെ പെട്ടെന്നുള്ള പിന്മാറ്റത്തിന്റെയും ഭരണനേതൃ സംവിധാനത്തിന്റെ തകർച്ചയുടെയും അനന്തരഫലമായി അരാജകത്വമാണ് സൃഷ്ടിച്ചത്‌. പ്രതിഷേധക്കാരെ കൊലപ്പെടുത്തിയതിന്റെ പേരിൽ വെറുക്കപ്പെട്ട പൊലീസ്, ഇപ്പോൾ ജനങ്ങളുടെ രോഷത്തിന്റെ ഭാരം പേറുകയാണ്. നിരവധി പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കപ്പെടുകയോ അടച്ചുപൂട്ടുകയോ ചെയ്തിട്ടുണ്ട്. അവാമി ലീഗിന്റെ ഓഫീസുകൾക്കും ഭാരവാഹികളുടെയും പ്രധാന പ്രവർത്തകരുടെയും വ്യാപാരസ്ഥാപനങ്ങൾക്കും വീടുകൾക്കുംനേരെ വ്യാപകമായ ആക്രമണങ്ങൾ നടക്കുന്നു. ചിലർ കൊല്ലപ്പെടുകയുംചെയ്തു. സർക്കാരിന്റെ പതനത്തിനു ശേഷമുള്ള രണ്ടു ദിവസം പല ജില്ലയിലും ഹിന്ദുക്ഷേത്രങ്ങൾക്കും ന്യൂനപക്ഷ സമുദായങ്ങൾക്കുംനേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രധാനമായും അവാമി ലീഗ് നേതാക്കളും വ്യവസായികളും ആക്രമണങ്ങൾ അഭിമുഖീകരിക്കുമ്പോൾ, അരാജകത്വം മുതലെടുത്ത്‌ മതമൗലികവാദശക്തികൾ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നുവെന്നത്‌ വ്യക്തമാണ്. എന്നിരുന്നാലും ന്യൂനപക്ഷ ആരാധനാലയങ്ങളെയും ന്യൂനപക്ഷ സമുദായത്തെയും സംരക്ഷിക്കാൻ ആഹ്വാനംചെയ്യുന്ന വിദ്യാർഥി നേതൃത്വത്തിന്റെയും പൗരസമൂഹത്തിന്റെയും ചില രാഷ്ട്രീയ പാർടികളുടെയും നിലപാട്‌ അഭിനന്ദനാർഹമാണ്‌.

വിദ്യാർഥി കോ–-ഓർഡിനേഷൻ ബോഡിയുടെ ആഹ്വാനപ്രകാരം, എണ്ണമറ്റ സ്ഥലങ്ങളിൽ ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ മുസ്ലിങ്ങളും ഹിന്ദുക്കളും ഉൾപ്പെടെയുള്ള സ്ക്വാഡുകൾ രംഗത്തുണ്ട്‌. ഒരു ഇടക്കാല സർക്കാർ അധികാരമേറ്റിരിക്കുകയാണ്‌. വിദ്യാർഥികളുടെ ആവശ്യപ്രകാരം ഗ്രാമീൺ ബാങ്ക് സ്ഥാപകനും നൊബേൽ ജേതാവുമായ മൊഹമ്മദ് യൂനൂസാണ്‌ ഇടക്കാല സർക്കാരിനെ മുഖ്യ ഉപദേഷ്ടാവായി നയിക്കുന്നത്‌. വിവിധ മേഖലയിൽനിന്നുള്ളവരെയും ഉപദേശകരായി നിയമിച്ചിട്ടുണ്ട്‌. എത്രയുംവേഗം ക്രമസമാധാന നിലയും ഭരണനിർവഹണ സംവിധാനങ്ങളും സാധാരണനിലയിലാക്കുക എന്നതാണ്‌ ഇടക്കാല സർക്കാരിന്റെ മുഖ്യകടമ.

ഒരു ജനാധിപത്യക്രമത്തിലേക്കുള്ള സുഗമമായ മാറ്റം ഉറപ്പാക്കാൻ വിദ്യാർഥി നേതൃത്വവും പൗരസമൂഹ സംഘടനകളും ജനാധിപത്യ–- മതനിരപേക്ഷ–-- ഇടതു രാഷ്ട്രീയശക്തികളും ചേർന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ജമാഅത്തെ ഇസ്ലാമിയും മതമൗലികവാദ ശക്തികളും സമൂഹത്തിൽ സ്വാധീനം ഉറപ്പിച്ചിരിക്കുന്നുവെന്ന്‌ തിരിച്ചറിഞ്ഞഘട്ടത്തിൽ ഇത് പ്രത്യേകിച്ചും ആവശ്യമാണ്. വലതുപക്ഷ മതമൗലിക ശക്തികൾ നിയന്ത്രണം ഏറ്റെടുക്കുന്നത് തടയാൻ എല്ലാ ജനാധിപത്യശക്തികളുടെയും വിശാല ഐക്യത്തിലൂടെ മാത്രമേ  കഴിയൂ. നിലവിലെ സാഹചര്യത്തിൽ ബംഗ്ലാദേശിലെ അമേരിക്കയുടെ പങ്ക്  പുരോഗമന ഇടതുപക്ഷശക്തികൾ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. പാകിസ്ഥാനേക്കാളും ചൈനയേക്കാളും ഹസീനയ്ക്കുശേഷമുള്ള കാലഘട്ടത്തിൽ അജൻഡ പുനക്രമീകരിക്കാൻ സജീവമായി ഇടപെടുന്നത് അമേരിക്കയായിരിക്കും. ബംഗ്ലാദേശിനെ ഇന്തോ- –-പസഫിക് തന്ത്രപരമായ കൂട്ടുകെട്ടിലേക്ക്‌ ഉൾപ്പെടുത്താൻ അമേരിക്ക ആഗ്രഹിക്കുന്നു.


 

പതിവുപോലെ ഇന്ത്യയിൽ ആർഎസ്എസ് -–-ബിജെപി കേന്ദ്രങ്ങളും കോർപറേറ്റ് മാധ്യമങ്ങളും ബംഗ്ലാദേശിലെ സംഭവവികാസങ്ങളെക്കുറിച്ച് ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. ഷെയ്ഖ് ഹസീനയെ അട്ടിമറിക്കാൻ ഐഎസ്ഐയും ചൈനയും സംയുക്തമായി ഗൂഢാലോചന നടത്തിയെന്നതാണ് ഗോദി മാധ്യമങ്ങളിലുടനീളം പ്രചരിപ്പിക്കുന്നത്‌. ഇതിനായി പലതരത്തിലുള്ള തെളിവുകൾ നിരത്തുന്നുണ്ട്. അഴിമതി നിറഞ്ഞതും സ്വേച്ഛാധിപത്യപരവുമായ ഭരണത്തെ അട്ടിമറിക്കാൻ ബംഗ്ലാദേശിൽ  ജനകീയ ബഹുജനമുന്നേറ്റം ഉണ്ടാകുമെന്ന് ഇന്ത്യയിലെ ഭരണ വൃത്തങ്ങൾക്കും അവരുടെ മാധ്യമങ്ങൾക്കും ചിന്തിക്കാൻ കഴിയില്ല. ഷെയ്ഖ് ഹസീന ഇന്ത്യയുമായി അടുത്തിടപഴകി എന്നതുകൊണ്ടുതന്നെ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പുറത്തുവിടാനും കഴിയും.  അത്തരമൊരു മനോഭാവത്തിലൂടെ അപമാനിക്കുന്നത്‌ ബംഗ്ലാദേശിലെ ജനങ്ങളുടെ ബുദ്ധിയെയും സ്വതന്ത്രമായ ഇച്ഛാശക്തിയെയുമാണ്‌.

ഇന്ത്യയിലെ ഭരണത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ, ബംഗ്ലാദേശിലെ സംഭവങ്ങളും ഹിന്ദുത്വ കാഴ്‌ചപ്പാടിലുടെ വീക്ഷിക്കും. ബംഗ്ലാദേശിൽനിന്നുള്ള ഒരുകോടി ഹിന്ദുക്കൾ ഇന്ത്യയിലേക്ക് വരാൻ ശ്രമിക്കുമെന്ന് ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവുകൂടിയായ ബിജെപി നേതാവ് സുവേന്ദു അധികാരി പ്രഖ്യാപിച്ചു. പൗരത്വ ഭേദഗതി നിയമം ഉപയോഗിച്ച്‌ അവർക്ക് ഇന്ത്യൻ പൗരത്വം നൽകണമെന്നും  അദ്ദേഹം പ്രകോപനപരമായി ആഹ്വാനംചെയ്തിട്ടുണ്ട്. ബംഗ്ലാദേശികളെ ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റക്കാരായി നിരന്തരം ചിത്രീകരിക്കുന്നതാണ് ബംഗ്ലാദേശിലെ ജനങ്ങൾക്കിടയിലും രാഷ്ട്രീയ വൃത്തങ്ങൾക്കിടയിലും ശക്തമായ ഇന്ത്യാവിരുദ്ധ വികാരം നിലനിൽക്കുന്നതിന്റെ പ്രധാന കാരണം. നുഴഞ്ഞുകയറ്റക്കാർ "ചിതലുകൾ’ ആണെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ കുപ്രസിദ്ധമായ പരാമർശം ഓർക്കുക. മാധ്യമങ്ങളിലൂടെയും ഹിന്ദുത്വ വക്താക്കളിലൂടെയും ബംഗ്ലാദേശിലെ ബഹുജന പ്രക്ഷോഭത്തെ പ്രകോപനപരവും നിഷേധാത്മകവുമായി ചിത്രീകരിക്കുന്നത്‌ ബംഗ്ലാദേശിൽ ഇന്ത്യാവിരുദ്ധ വികാരങ്ങൾ ശക്തിപ്പെടുത്താൻ വഴിവയ്‌ക്കും. ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന അഭിപ്രായത്തിൽനിന്നും പ്രവർത്തനത്തിൽനിന്നും വിട്ടുനിൽക്കുക എന്നതാണ് മോദി സർക്കാരിന്‌ പിന്തുടരാവുന്ന ഏറ്റവും നല്ല വഴി. ഇടക്കാല സർക്കാർ ക്ഷമയോടെ പ്രവർത്തിക്കുകയും ക്രമസമാധാനവും സാധാരണ നിലയും കൈവരുത്തുകയും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിലൂടെ ജനാധിപത്യ സംവിധാനങ്ങൾ പുനഃസ്ഥാപിക്കുന്നതിനുമായി സ്വീകരിക്കുന്ന എല്ലാ നടപടിക്കും പിന്തുണ നൽകുകയും വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top