08 September Sunday

സംവരണം പുകയുന്ന ബംഗ്ലാദേശ്‌

വി ബി പരമേശ്വരൻUpdated: Tuesday Jul 23, 2024

ഒരാഴ്ചയിലധികമായി വിദ്യാർഥി പ്രക്ഷോഭത്താൽ തിളയ്ക്കുകയായിരുന്ന ബംഗ്ലാദേശിൽ താൽക്കാലിക സമാധാനത്തിന് വഴിതുറന്ന് പരമോന്നത കോടതി രംഗത്തെത്തിയത് ഷേയ്‌ഖ്‌ ഹസീന സർക്കാരിന്‌ ആശ്വാസമായി. സ്ഥിതിഗതി കൈവിട്ടുപോകുന്ന ഘട്ടത്തിലാണ് സംവരണം വെട്ടിക്കുറച്ചുള്ള സുപ്രീംകോടതി വിധിന്യായം പുറത്തുവന്നത്. ഭരണകക്ഷിയാൽ നിയന്ത്രിക്കപ്പെടുന്ന ജുഡീഷ്യറിയുടെ ഉത്തരവ് സർക്കാരിന്റെ അറിവോടെ ആയിരിക്കുമെന്നതിനാൽ അതു പാലിക്കപ്പെടുമെന്ന് വിശ്വസിക്കാം. വിമോചനയുദ്ധത്തിൽ (ബംഗ്ലാദേശ് സ്വാതന്ത്ര്യസമരം) പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്കുള്ള സംവരണം 30 ശതമാനത്തിൽനിന്ന്‌ അഞ്ചുശതമാനമാക്കിയാണ് സുപ്രീംകോടതി വെട്ടിക്കുറച്ചത്. ഗോത്ര വിഭാഗക്കാർക്ക് അഞ്ചുശതമാനമായിരുന്ന സംവരണം ഒരുശതമാനമാക്കി കുറച്ചപ്പോൾ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള ഒരുശതമാനം നിലനിർത്തുകയുംചെയ്തു. ബാക്കി 93 ശതമാനം തസ്തികയിലും മെറിറ്റ് അടിസ്ഥാനത്തിലാകും ഇനി നിയമനം. 56 ശതമാനം സംവരണം ഏഴുശതമാനമായാണ് കുറച്ചിട്ടുള്ളത്. സുപ്രീംകോടതിയുടെ തീരുമാനം സർക്കാർ ഉത്തരവായി ഇറങ്ങുന്നതോടെ വിദ്യാർഥി പ്രക്ഷോഭത്തിന് ശമനമാകുമെങ്കിലും 10 ശതമാനംവീതം സംവരണമുണ്ടായിരുന്ന സ്ത്രീകളും പിന്നാക്ക ജില്ലക്കാരും പുതിയ പ്രക്ഷോഭത്തിന്‌ വഴിതുറക്കുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

സംവരണവിരുദ്ധ പ്രക്ഷോഭത്തെ അടിച്ചമർത്താൻ പട്ടാളത്തെ വിളിക്കേണ്ട ഗതികേടിലെത്തിയിരുന്നു ഷേയ്‌ഖ്‌ ഹസീന സർക്കാർ. പ്രക്ഷോഭകരെ  കണ്ടാലുടൻ വെടിവയ്‌ക്കാൻ ഉത്തരവും ഇറക്കിയിരിക്കുന്നു. രാജ്യത്തെമ്പാടും കർഫ്യൂവും പ്രഖ്യാപിച്ചു. സമരം തുടങ്ങി ഒരാഴ്‌ച കഴിഞ്ഞിട്ടും പരിഹാരം തേടുന്നതിൽ പരാജയപ്പെട്ടതോടെയാണ് ഈ നടപടികൾ. ജനുവരി ഏഴിനു നടന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ബഹിഷ്കരണത്താൽ നാലാം ഊഴം ഉറപ്പിച്ച അവാമി ലീഗ് നേതാവ് ഷേയ്‌ഖ്‌ ഹസീനയുടെ സർക്കാർ അപ്രതീക്ഷിതമായാണ് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലായത്. ഹസീനയ്‌ക്ക് നാലാം ഊഴം നൽകുന്നതിന് സാഹചര്യമൊരുക്കിയ"ഇന്ത്യയെ ബഹിഷ്കരിക്കുക’എന്ന പ്രചാരണത്തിന് പ്രതിപക്ഷം തുടക്കമിട്ടെങ്കിലും അത് ജനപിന്തുണ നേടുന്നതിൽ പരാജയപ്പെട്ടു. തെരഞ്ഞെടുപ്പിൽ കൃത്രിമം ഒഴിവാക്കാൻ ഇടക്കാല സർക്കാരിനു കീഴിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന അമേരിക്കൻ നീക്കത്തിന് തടയിട്ടത് ഇന്ത്യയാണെന്നതിനാലാണ് "ഇന്ത്യയെ ബഹിഷ്കരിക്കാൻ’ മുൻ പ്രധാനമന്ത്രി ഖലീദ സിയായുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണൽ പാർടി (ബിഎൻപി )യും മറ്റു പ്രതിപക്ഷകക്ഷികളും ആഹ്വാനം ചെയ്തത്. ആ പ്രചാരണത്തിന്റെ മുനയൊടിഞ്ഞു എന്നുകരുതി ആശ്വസിക്കുമ്പോഴാണ് സംവരണവിരുദ്ധ പ്രക്ഷോഭം കാട്ടുതീപോലെ പടർന്നത്.

ജൂലൈ ഏഴിന് സംവരണം പുനഃസ്ഥാപിച്ച് ഹൈക്കോടതി നടത്തിയ വിധിന്യായമാണ് ബംഗ്ലാദേശിലെ വിദ്യാർഥികളെയും യുവാക്കളെയും തെരുവിലിറക്കിയത്. 1972 മുതൽ തുടരുന്ന സംവരണം മരവിപ്പിച്ച് 2018ൽ ഹസീന സർക്കാർതന്നെ കൈക്കൊണ്ട തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. സ്വാതന്ത്ര്യസമരസേനാനി കുടുംബാംഗങ്ങൾക്കുളള സംവരണം 2010ൽ അവരുടെ ചെറുമക്കൾക്കുകൂടി നൽകാൻ തീരുമാനിച്ചതോടെ ഉയർന്ന വിദ്യാർഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് 2018ൽ ഷേയ്‌ഖ്‌ ഹസീന സർക്കാർ ഈ തീരുമാനം റദ്ദാക്കിയത്. 1972ലെ സംവരണപദ്ധതിയുടെ ഭാഗമായി സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരുടെ കുടുംബാഗങ്ങൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം ലഭിക്കും. സ്ത്രീകൾക്ക് 10 ശതമാനവും പിന്നാക്ക ജില്ലയിലെ ഉദ്യോഗാർഥികൾക്ക് 10 ശതമാനവും ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് ഒരുശതമാനവും ഗോത്രവിഭാഗങ്ങൾക്ക് അഞ്ചുശതമാനവുമാണ് ലഭിക്കുക. ഇതിൽ സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബാംഗങ്ങൾക്ക് ഉയർന്ന 30 ശതമാനം സംവരണം നൽകുന്നതാണ് പ്രധാന തർക്കവിഷയം. വിമോചന പോരാട്ടത്തിനുശേഷം സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാംഗങ്ങൾക്ക് സംവരണം നൽകുന്നതിനോട് വിശാലമായ  സമവായം ഉണ്ടായിരുന്നു. രാജ്യത്തിന്റെ മോചനത്തിനുവേണ്ടി പൊരുതിയവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിൽ ആരും തെറ്റ്‌ കണ്ടതുമില്ല. എന്നാൽ, അവരുടെ ചെറുമക്കൾക്കും അതിനുശേഷമുള്ളവർക്കും സംവരണം നൽകേണ്ടതുണ്ടോ എന്ന ചോദ്യമാണ് സമരപഥത്തിലേക്ക് കടന്നുവന്ന വിദ്യാർഥികളും യുവജനതയും ചേദിക്കുന്നത്. അതിനാൽ സംവരണം പാടേ വേണ്ട എന്നല്ല മറിച്ച് അവ പരിഷ്കരിക്കണമെന്ന ആവശ്യമാണ് സമരക്കാർ ഉയർത്തുന്നത്. സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കും വംശീയ ന്യൂനപക്ഷത്തിനും മാത്രമായി സംവരണം നിജപ്പെടുത്തി സർക്കാർ പുതിയ നിയമനിർമാണം നടത്തണമെന്നാണ് സമരക്കാരുടെ വാദം. 

ഷേയ്‌ഖ്‌ ഹസീന സർക്കാരിനെ പിന്തുണയ്‌ക്കുന്ന ബംഗ്ലാദേശ് വർക്കേഴ്സ് പാർടിയടക്കം സംവരണത്തിൽ പരിഷ്കാരം വേണമെന്ന പക്ഷത്താണ് നിലയുറപ്പിച്ചിട്ടുള്ളത്. അധഃ-സ്ഥിതരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങൾക്ക് സംവരണം ഉറപ്പാക്കുകയെന്ന പുരോഗമന ഉള്ളടക്കം കൈവിടാതെ സംവരണത്തിൽ മാറ്റങ്ങളാകാമെന്നാണ് വർക്കേഴ്സ് പാർടിയുടെ അഭിപ്രായം. വിദ്യാർഥികളുടെ ആവശ്യത്തോട് ഭരണകക്ഷി ഒഴിച്ചുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനകളും അനുഭാവപൂർണമായാണ് പ്രതികരിച്ചിട്ടുള്ളത്. സമരം ചെയ്യുന്ന വിദ്യാർഥികൾക്കുനേരെ ഭരണാനുകൂല സംഘടനകളും സുരക്ഷാസേനയും നടത്തുന്ന ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച കമ്യൂണിസ്റ്റ് പാർടി ഓഫ് ബംഗ്ലാദേശ് (സിപിബി) വിഷയം ചർച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടു. സമരം ചെയ്യുന്ന വിദ്യാർഥികളെ ഭീകരവാദികളോടു താരതമ്യപ്പെടുത്തിയ ഷേയ്‌ഖ്‌ ഹസീനയുടെ നടപടിയെ സിപിബി നിശിതമായി വിമർശിക്കുകയുംചെയ്തു.

എന്നാൽ, വിദ്യാർഥികളുടെ ആവശ്യത്തിനുപിന്നിൽ പ്രതിപക്ഷ കക്ഷികളാണ്‌ ഉള്ളതെന്ന നിഗമനമാണ് ഭരണകക്ഷിക്കുള്ളത്. സ്വാതന്ത്ര്യസമരം നയിച്ച കക്ഷി ഷേയ്‌ഖ്‌ മുജീബ് റഹ്മാന്റെ നേതൃത്വത്തിലുള്ള അവാമി ലീഗായിരുന്നു. വിമോചന പോരാട്ടത്തെ പിന്നിൽനിന്നു കുത്തുക മാത്രമല്ല, പാകിസ്ഥാൻ സേനയെ സഹായിക്കുകയാണ് പ്രതിപക്ഷ കക്ഷികളായ ജമാഅത്തെ ഇസ്ലാമിയും ബംഗ്ലാദേശ് നാഷണൽ പാർടിയും ചെയ്തത് എന്നാണ് അവാമി ലീഗിന്റെ ആരോപണം. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യസമരസേനാനി കുടുംബങ്ങൾക്കുള്ള സംവരണം അന്തിമമായി അവാമി ലീഗ് നേതാക്കളുടെ കുടുംബങ്ങളെ സർക്കാർ സർവീസിൽ കുത്തിനിറയ്‌ക്കാനാണെന്ന പ്രതിപക്ഷ ആഖ്യാനവും ഇപ്പോഴത്തെ വിദ്യാർഥി സമരത്തിന് ഇന്ധനം പകർന്നിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല.

എന്നാൽ, സമരം രൂക്ഷമാക്കിയത് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ തെറ്റായ നടപടികളുംകൂടി കൊണ്ടാണ്‌. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത കുടുംബക്കാർക്കല്ലാതെ, റസാഖർമാരുടെ കുടുംബാംഗങ്ങൾക്കാണോ സംവരണം നൽകേണ്ടതെന്ന ഷേയ്‌ഖ്‌ ഹസീനയുടെ പ്രസ്താവനയാണ് എരിതീയിൽ എണ്ണയൊഴിച്ചത്. വിമോചനസമരക്കാർക്കെതിരെ വെടിയുതിർത്ത പാക് അനുകൂല കൂലിപ്പട്ടാളമാണ് റസാഖർമാർ. രാജ്യദ്രോഹികളായാണ് റസാഖർമാരെ പൊതുസമൂഹം വീക്ഷിക്കുന്നത്. അവരുമായി വിദ്യാർഥി സമരത്തെ തുലനംചെയ്തത് ശരിയല്ലെന്ന അഭിപ്രായമാണ് പൊതുവെ ഉയർന്നത്. സ്വാഭാവികമായും വിദ്യാർഥികൾ രൂക്ഷമായിത്തന്നെ പ്രതികരിച്ചു. ധാക്ക സർവകലാശാലയിലും ബിആർ എസി സർവകലാശാലയിലും കനേഡിയൻ സർവകലാശാലയിലും വിദ്യാർഥികൾക്കുനേരെ വെടിവയ്‌പ്‌ നടന്നു. സംഘർഷം ചിറ്റഗോങ് സർവകലാശാലയിലേക്കും രംഗപുർ സർവകലാശാലയിലേക്കും പടർന്നു. തെരുവുകളിൽ വിദ്യാർഥികളും സുരക്ഷാസേനയും ഏറ്റുമുട്ടി. ബംഗ്ലാദേശ് ടെലിവിഷൻ ഓഫീസിനും മധ്യ ബംഗ്ലാദേശിലെ ഒരു ജയിലിനും തീയിട്ടു. 50ൽ അധികം പൊലീസ് ബൂത്തും കത്തിച്ചു. ഇതിനകം നൂറ്റമ്പതോളംപേർ കൊല്ലപ്പെട്ടു. ഏതായാലും പ്രശ്നത്തിന് കാരണമായ ഹൈക്കോടതി വിധി നിയമവിരുദ്ധമെന്നു പ്രഖ്യാപിച്ച് സുപ്രീംകോടതി തിരുത്തിയതോടെ അയൽരാജ്യമായ ബംഗ്ലാദേശ് സമാധാനത്തിലേക്ക് നീങ്ങുമെന്നു കരുതാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top