12 December Thursday

ബംഗ്ലാദേശ് നൽകുന്ന പാഠങ്ങൾ - പുത്തലത്ത് ദിനേശൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Dec 9, 2024

 

ഇന്ത്യാവിഭജനത്തെ ശക്തമായി എതിർത്ത ദേശീയ പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു മൗലാനാ അബുൾകലാം ആസാദ്. പാകിസ്ഥാന്റെ ഭാഗമായി ബംഗ്ലാദേശ് തുടരുന്നത് അശാസ്ത്രീയമാണെന്നും അദ്ദേഹം നിലപാടെടുത്തു. തന്റെ ജീവിതാനുഭവങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് 1958ൽ എഴുതിയ ‘ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു'വെന്ന പുസ്തകത്തിൽ അതുകൊണ്ട് ഇങ്ങനെ പറഞ്ഞു. ‘ജിന്നയും, അദ്ദേഹത്തിന്റെ അനുയായികളും ഭൂമിശാസ്ത്രം അവർക്കെതിരാണെന്നും മനസ്സിലാക്കിയില്ലെന്ന് തോന്നുന്നു. രണ്ട് ദേശങ്ങൾ തമ്മിൽ (പശ്ചിമ പാകിസ്ഥാനും ബംഗ്ലാദേശും) ബാഹ്യമായ ഒരു ബന്ധവുമില്ല. മതത്തിന്റെ കാര്യത്തിലൊഴിച്ചാൽ രണ്ട് ഭൂവിഭാഗങ്ങളിലേയും ജനങ്ങൾ തമ്മിൽ യാതൊരു സാമ്യവുമില്ല. ഭൂമിശാസ്ത്രപരമായും സാമ്പത്തികമായും ഭാഷാപരമായും സാംസ്കാരികമായും വിഭിന്നങ്ങളായ ഭൂവിഭാഗങ്ങളെ മതാനുഭാവം ഒന്നുകൊണ്ട് മാത്രം ഇണക്കി നിർത്താൻ കഴിയുമെന്ന്  പറയുന്നത് ജനങ്ങളെ അങ്ങേയറ്റം കബളിപ്പിക്കലായിരിക്കും. പശ്ചിമ പാകിസ്ഥാനും പൂർവ പാകിസ്ഥാനും എല്ലാവിധ ഭിന്നതകളും മറന്ന് ഒറ്റ രാഷ്ട്രമായി മുന്നോട്ടുപോകുമെന്ന് ആർക്കും തന്നെ കരുതാനാകില്ല''.

മതത്തെ ദേശീയതയുടെ അടിസ്ഥാനമായിക്കാണുന്ന മതരാഷ്ട്രവാദത്തിനെതിരെയുള്ള വിമർശം കൂടിയാണിത്. ഈ ആന്തരിക വൈരുധ്യത്തെ പാകിസ്ഥാന് രൂപീകരണ ഘട്ടത്തിൽ തന്നെ നേരിടേണ്ടിവന്നു. ബംഗ്ലാദേശ് ജനതയുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട രാഷ്ട്ര സങ്കൽപ്പത്തിനെതിരെ പ്രതിരോധങ്ങളുടെ പരമ്പര അവിടെ ഉയർന്നുവന്നു. ഇത് മനസ്സിലാക്കി മാത്രമേ ബംഗ്ലാദേശിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെ വിശകലനം ചെയ്യാൻ കഴിയൂ.

1948ൽ തന്നെ പാകിസ്ഥാന്റെ ഔദ്യോഗിക ഭാഷയായി ഉറുദുവിനെ പ്രഖ്യാപിച്ചു. ബംഗാളി ഭാഷ സംസാരിക്കുന്ന ഇന്നത്തെ ബംഗ്ലാദേശിലെ ജനത അത് അംഗീകരിച്ചില്ല. ഉരുക്കുമുഷ്ടികൊണ്ട് അംഗീകരിപ്പിക്കാൻ പാകിസ്ഥാനിലെ ഭരണാധികാരികൾ തീരുമാനിച്ചു. 1948 മാർച്ച് 11ന്‌  ധാക്ക സർവകലാശാലയിലെ വിദ്യാർഥികൾ നിരോധനം ലംഘിച്ച് നടത്തിയ റാലിയെ പൊലീസ് നേരിട്ടു. സർവകലാശാലയിലെത്തിയ മുഹമ്മദലി ജിന്ന ഉറുദു മാത്രം ദേശീയ ഭാഷയായിരിക്കുമെന്ന് ആവർത്തിച്ചു. ഇതിനെതിരെ വിദ്യാർഥികൾ കൂകിവിളിച്ചു. ആ വിദ്യാർഥികളിൽ ഷെയ്ഖ് മുജീബ് റഹിമാനും അന്നുണ്ടായിരുന്നു.

ബംഗാളി മാതൃഭാഷ തങ്ങൾക്ക് കൈവിട്ടുപോകുമെന്ന സ്ഥിതിവന്നപ്പോൾ ധാക്ക കേന്ദ്രമാക്കി ‘ഓൾ പാർടി സെന്റർ ലാംഗ്വേജ്‌ ആക്ഷൻ കമ്മിറ്റി' പ്രതിരോധിക്കാൻ നിലവിൽ വന്നു. 1952 ഫെബ്രുവരിയിൽ ആക്ഷൻ കമ്മിറ്റി സമരത്തിന് ആഹ്വാനം ചെയ്തു. ധാക്ക സർവകലാശാലയിലെയും  മെഡിക്കൽ കോളേജുകളിലെയും വിദ്യാർഥികൾ രംഗത്തിറങ്ങി. പ്രതിഷേധത്തിനുനേരെ വെടിവയ്‌പ്പുണ്ടായി. ഒട്ടേറെ വിദ്യാർഥികൾ കൊല്ലപ്പെട്ടു. ഇതിന്റെ സ്മരണയ്ക്കായി ഷാഹിദ് മിനാർ രക്തസാക്ഷി മണ്ഡപം അവിടെ ഉയർന്നുവന്നു. ഇതിന്റെ ഓർമയ്ക്കായി ഫെബ്രുവരി 21 ബംഗ്ലാദേശിൽ ഭാഷാ ദിനമായി ഇന്നും ആചരിക്കുന്നുണ്ട്. യുനെസ്കോ  ഈ ദിനം അന്തർദേശീയ മാതൃഭാഷാ ദിനമായും പ്രഖ്യാപിച്ചു. ഈ ചെറുത്തുനിൽപ്പിന്റെ ഫലമായി 1956ൽ ഉറുദുവിനൊപ്പം ബംഗാളിയും ഔദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെട്ടു.

1954ലെ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിനെതിരായി കമ്യൂണിസ്റ്റ് പാർടിയുൾപ്പെടെയുള്ള മതനിരപേക്ഷ കക്ഷികളും  കർഷക പാർടികളെയുമെല്ലാം ചേർത്ത് പൊതുമുന്നണി രൂപീകരിച്ചു.

ഭാഷയുമായി ബന്ധപ്പെട്ട ഇത്തരം തർക്കങ്ങൾ ബംഗ്ലാദേശിനെ പിടിച്ചുലയ്‌ക്കുന്ന ഘട്ടത്തിലാണ് 1949ൽ അവാമി ലീഗ് രൂപീകരിക്കുന്നത്. ഭാഷാ പ്രക്ഷോഭത്തിൽ അവർ സജീവ പങ്കാളിത്തം വഹിച്ചു. 1953ൽ പ്രസിദ്ധീകരിച്ച അവാമി ലീഗിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ജന്മിത്തം അവസാനിപ്പിക്കാനും ചണ, തേയില വ്യവസായങ്ങൾ ദേശസാൽക്കരിക്കാനും ആവശ്യപ്പെട്ടു. പൂർണ പ്രാദേശിക സ്വയംഭരണവും രാഷ്ട്രഭാഷയായി ബംഗാളിയും എന്ന ആവശ്യവും മുന്നോട്ടുവച്ചു. 1954ലെ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിനെതിരായി കമ്യൂണിസ്റ്റ് പാർടിയുൾപ്പെടെയുള്ള മതനിരപേക്ഷ കക്ഷികളും  കർഷക പാർടികളെയുമെല്ലാം ചേർത്ത് പൊതുമുന്നണി രൂപീകരിച്ചു. പൂർവ പാകിസ്ഥാന്റെ ആധിപത്യങ്ങൾക്കെതിരായ ഈ മുന്നണിക്ക് തെരഞ്ഞെടുപ്പിലും വലിയ വിജയമുണ്ടായി.

ആ ഘട്ടത്തിലാണ് 1958ൽ പട്ടാള അട്ടിമറിയിലൂടെ അയൂബ്ഖാൻ പാകിസ്ഥാനിൽ അധികാരത്തിലെത്തിയത്. 1969ൽ അയൂബ്ഖാനെ അട്ടിമറിച്ച് യഹ്യാഖാൻ അധികാരത്തിലെത്തി. ഇത് ബംഗ്ലാദേശിൽ കൂടുതൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാൻ ഇടയാക്കി. 1970ലാകട്ടെ മുജീബ് റഹിമാന്റെ നേതൃത്വത്തിലുള്ള അവാമി ലീഗ് ഇന്നത്തെ ബംഗ്ലാദേശ് മേഖലയിൽ ഭൂരിപക്ഷം നേടി. എന്നിട്ടും, അവാമി ലീഗിന് ഭരണം കൈമാറുന്നതിന് പാകിസ്ഥാനിലെ ഭരണാധികാരികൾ തയ്യാറായില്ല. ഇന്നത്തെ ബംഗ്ലാദേശിൽ ഇത് പ്രക്ഷോഭങ്ങളുടെ പരമ്പര ഉയർത്തി. ബംഗാളി ദേശീയബോധം ശക്തമായി ഉയർന്നുവന്നു. സ്വതന്ത്ര രാഷ്ട്രമെന്ന ആശയത്തിന് മേൽക്കൈ ലഭിച്ചു.

പാകിസ്ഥാൻ സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച സർവകലാശാലയിലെ വിദ്യാർഥികളെയും  അധ്യാപകരെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ഓപ്പറേഷൻ സെർച്ച് ലൈറ്റ് എന്ന ഉന്മൂലന പരിപാടിയിലൂടെ കൂട്ടക്കൊല ചെയ്തു. ബംഗ്ലാദേശിൽ പ്രതിഷേധത്തിന്റെ അലകൾ ആഞ്ഞടിച്ചു. 1971 മാർച്ച് 25ന് ഇന്നത്തെ ബംഗ്ലാദേശിൽ ഷേഖ് മുജീബ് റഹിമാന്റെ നേതൃത്വത്തിൽ മുക്തിവാഹിനി വിമോചന യുദ്ധം ആരംഭിച്ചു. പാകിസ്ഥാൻ സർക്കാർ ഇതിനെ ക്രൂരമായി നേരിട്ടു. ലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. ജമാഅത്തെ ഇസ്ലാമി ഈ കൂട്ടക്കൊലയ്‌ക്ക് പാകിസ്ഥാൻ സർക്കാരിനൊപ്പം നിന്നു. ലക്ഷങ്ങൾ ഇന്ത്യയിലേക്ക് അഭയാർഥികളായെത്തി. ഇന്ത്യ പാകിസ്ഥാന്റെ കിഴക്കും പടിഞ്ഞാറും യുദ്ധമുഖം തുറന്നു, പാകിസ്ഥാൻ മേധാവി യഹ്യാഖാൻ അടിയറവ് പറഞ്ഞു. ബംഗ്ലാദേശെന്ന ഒരു സ്വതന്ത്രരാഷ്ട്രം അങ്ങനെ പിറന്നു. ജനാധിപത്യത്തിന്റെ വഴിയിലേക്ക് നീങ്ങുന്നതിന് സാഹചര്യവും ഒരുങ്ങി. മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെ രാജ്യത്തെ ഒറ്റുകൊടുത്തുവെന്നതിന്റെ പേരിൽ നിരോധിച്ചു.

വിമോചന പ്രക്ഷോഭകാലത്ത് ലക്ഷക്കണക്കിന് പേരെ കൊലപ്പെടുത്താൻ പാകിസ്ഥാൻ പട്ടാളത്തിന് ഒത്താശ ചെയ്തുകൊടുത്ത ജമാഅത്തെ ഇസ്ലാമി നേതാക്കളെ കോടതി വിചാരണ ചെയ്ത് കൊലക്കുറ്റത്തിന് ശിക്ഷിച്ചു

ബംഗ്ലാദേശിൽ ഉയർന്നുവന്ന ക്ഷാമം, വെള്ളപ്പൊക്കം തുടങ്ങിയവ വലിയ ദുരിതം സൃഷ്ടിച്ചു. 1975 ആഗസ്തിൽ ഷേഖ് മുജീബ് റഹിമാനും കുടുംബവും പട്ടാള  അട്ടിമറിയിൽ വധിക്കപ്പെട്ടു. വിദേശത്തായിരുന്ന ഹസീന മാത്രം രക്ഷപ്പെട്ടു. തുടർന്ന് സിയാ ഉൾ  റഹ്മാൻ പട്ടാള ഭരണാധികാരിയായി അധികാരത്തിലെത്തി. 1982ൽ സിയാ ഉൾ റഹ്മാനെ വധിച്ച് ജനറൽ എച്ച് എ എർഷാദും അധികാരം കൈയാളി. 1990ലാകട്ടെ ശക്തമായ ജനകീയ മുന്നേറ്റം വീണ്ടും ഇവിടെ രൂപപ്പെട്ടു. ഇത് 1991ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് നയിച്ചു. ബംഗ്ലാദേശ് നാഷണൽ പാർടിയിലെ  ഖാലിദ സിയ പ്രധാനമന്ത്രിയായി. മുജീബ് റഹിമാന്റെ മൂത്തമകൾ ഷേഖ് ഹസീനയുടെ നേതൃത്വത്തിൽ ഉള്ള മന്ത്രിസഭ പിന്നീട് അധികാരമേറ്റു. ബംഗ്ലാദേശ് വിമോചനത്തിനായുള്ള സമരത്തിന്റെ പിന്തുടർച്ചയെന്ന നിലയിലാണ് ഇവർ ഭരണത്തെ തുടക്കത്തിൽ നയിച്ചത്‌. വിമോചന പ്രക്ഷോഭകാലത്ത് ലക്ഷക്കണക്കിന് പേരെ കൊലപ്പെടുത്താൻ പാകിസ്ഥാൻ പട്ടാളത്തിന് ഒത്താശ ചെയ്തുകൊടുത്ത ജമാഅത്തെ ഇസ്ലാമി നേതാക്കളെ കോടതി വിചാരണ ചെയ്ത് കൊലക്കുറ്റത്തിന് ശിക്ഷിച്ചു.

വിമോചന സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷികളായ സ്വാതന്ത്ര്യ പോരാളികളുടെ കുടുംബത്തിന് 30 ശതമാനം സംവരണം അവിടെ ഉണ്ടായിരുന്നു. ഇത് സമരത്തിൽ പങ്കെടുത്തവരുടെ മൂന്നാം തലമുറയിലേക്ക് ഹസീന വ്യാപിപ്പിച്ചു. പ്രക്ഷോഭത്തെ തുടർന്ന് ഇത് പിൻവലിച്ചെങ്കിലും ഹൈക്കോടതി ഇത് പുനഃസ്ഥാപിച്ചു. വീണ്ടും പ്രക്ഷോഭം ഉയർന്നുവന്നു. സുപ്രീംകോടതി വിമോചന സമരത്തിൽ പങ്കെടുത്തവരുടെ സംവരണം 5 ശതമാനമാക്കി കുറച്ചു.

സംവരണം കോടതി തന്നെ കുറച്ചുവെങ്കിലും സമരത്തെ പൊലീസിനെയും തങ്ങളുടെ അനുയായികളെയും ഉപയോഗിച്ച് അടിച്ചമർത്താൻ ഹസീന ശ്രമിച്ചത് വലിയ പ്രതിഷേധമായി വളർന്നു. ജനാധിപത്യവിരുദ്ധ നിലപാട് സ്വീകരിച്ച ഹസീനയ്‌ക്കെതിരെ ബംഗ്ലാദേശിലെ കമ്യൂണിസ്റ്റ് പാർടിയും രംഗത്തുവന്നു. അവർക്ക് ഗത്യന്തരമില്ലാതെ നാടുവിട്ട് പോകേണ്ടിവന്നു. നൊബേൽ സമ്മാന ജേതാവായ മുഹമ്മദ് യൂനിസ്‌ താൽക്കാലിക ഭരണാധികാരിയായി. ബംഗ്ലാദേശിലെ ജനത പരാജയപ്പെടുത്തിയ മതരാഷ്ട്രവാദത്തിന്റെ ശക്തികൾ വീണ്ടും തിരിച്ചുവരാൻ തുടങ്ങിയിരിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെ നിരോധനം പിൻവലിച്ചതോടെ ഇത്തരം ആശയക്കാർ തെരുവിലിറങ്ങിയിരിക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ അക്രമ പരമ്പര അരങ്ങേറുന്നു. ഇതിനെതിരെ ബംഗ്ലാദേശിലെ കമ്യൂണിസ്റ്റ് പാർടിയും രംഗത്തുവന്നിരിക്കുകയാണ്. ഓരോ രാജ്യത്തെയും മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയെന്നത് മതനിരപേക്ഷതയുടെ അഭേദ്യഭാഗമായി കാണുന്ന കമ്യൂണിസ്റ്റ് നിലപാടിന്റെ പ്രയോഗമാണിത്.

ബംഗ്ലാദേശിന്റെ ഭരണഘടനയിലുള്ള സോഷ്യലിസത്തെയും ജനാധിപത്യത്തെയും എടുത്തുമാറ്റുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയിൽ ഇത്തരം ഒരാശയം ഹിന്ദുത്വവാദികളുടേതാണെങ്കിൽ ബംഗ്ലാദേശിലേത് ഇസ്ലാമിക മതരാഷ്ട്രചിന്തയുടെ ഭാഗമാണ്. മതരാഷ്ട്രവാദികൾ ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും ഇത് നമ്മെ ഓർമപ്പെടുത്തുന്നു. ബംഗ്ലാദേശിന്റെ ചില സംഭവവികാസങ്ങൾ ഇന്ത്യയിലെ പ്രത്യേകിച്ചും പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തിനെ ഏറെ സ്വാധീനിക്കും. ജനമുന്നേറ്റങ്ങളും ജനസഞ്ചയങ്ങളും ജനാധിപത്യപരമായ ജീവിതക്രമം സ്വയമേവ മുന്നോട്ടുവയ്‌ക്കില്ലെന്ന കാര്യം ബംഗ്ലാദേശ് അനുഭവങ്ങളും നമ്മെ ഓർമപ്പെടുത്തുന്നു. ഹസീനയ്‌ക്കെതിരായ പ്രക്ഷോഭത്തിൽ മതനിരപേക്ഷ മുദ്രാവാക്യമുയർത്തിപ്പിടിച്ചുകൊണ്ടാണ് വിദ്യാർഥികൾ പൊരുതിയത്. അവർക്ക് എത്രത്തോളം മേധാവിത്വം സ്ഥാപിക്കാനും ജനങ്ങളെ അണിനിരത്താനും കഴിയുന്നുവെന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ബംഗ്ലാദേശിന്റെ മതനിരപേക്ഷതയുടെയും സമത്വമെന്ന ആശയത്തിന്റെയും ഭാവി. ഇത്തരം ആശയങ്ങൾക്കായി പൊരുതി മുന്നേറിയ ജനതയ്ക്ക് അത് സാധ്യമാകാതിരിക്കില്ല. അതാണല്ലോ ബംഗ്ലാദേശിന്റെ പാരമ്പര്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top