21 November Thursday

‘കുഴലും കനലും’; 
പുകഞ്ഞ്‌ ബിജെപി

ദിനേശ്‌ വർമUpdated: Tuesday Nov 5, 2024

 

കൊടകര കുഴൽപ്പണ കവർച്ചക്കേസിലെ പുതിയ വെളിപ്പെടുത്തൽ, പാലക്കാട്ടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ  ബിജെപിയിൽ വൻപൊട്ടിത്തെറിക്ക്‌ വഴിവച്ചിരിക്കുകയാണ്‌. കുറച്ചുകാലമായി അഗ്നിപർവതംപോലെ നീറിപ്പുകയുന്ന പാർടിയിലെ വിമതശബ്ദമായ ശോഭ സുരേന്ദ്രൻ രണ്ടും കൽപ്പിച്ചാണ്‌ ആക്രമണം നടത്തുന്നത്‌. ചാനൽ ചർച്ചകളിലടക്കം പാർടിയോട്‌ കറകളഞ്ഞ ആഭിമുഖ്യം എല്ലാകാലത്തും പുലർത്തുന്ന വക്താവ്‌ സന്ദീപ്‌ വാര്യർകൂടി അസ്വസ്ഥതകൾ പരസ്യമായി പ്രകടിപ്പിച്ചതോടെ വിമതശബ്ദങ്ങൾ കനത്തു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വി മുരളീധരനും നേതൃത്വം നൽകുന്ന വിഭാഗത്തിനെതിരെ വലിയ ധ്രുവീകരണമാണ്‌ പുതിയ സാഹചര്യം ഉണ്ടാക്കിയിരിക്കുന്നത്‌. ഇത്‌ ദേശീയ നേതൃത്വത്തെയടക്കം കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌.

ബിജെപിയുടെ തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസ്‌ സെക്രട്ടറിയായിരുന്ന തിരൂർ സതീശിന്റെ പുതിയ വെളിപ്പെടുത്തൽ, നേരത്തേ ഈ കേസ്‌ അന്വേഷിച്ച്‌ കോടതിയിൽ റിപ്പോർട്ട്‌ നൽകിയ പൊലീസിന്റെ നിഗമനങ്ങളെ ശരിവയ്ക്കുന്നതും വിപുലമായ അന്വേഷണത്തിന്‌ വഴിവയ്ക്കുന്നതുമാണ്‌. അതുകൊണ്ടുതന്നെയാണ്‌ കുഴൽപ്പണക്കേസ്‌ അന്വേഷിക്കാൻ ഉത്തരവാദിത്വമുള്ള ഇഡിക്ക്‌ 2021 ആഗസ്ത്‌ എട്ടിനുതന്നെ വിശദമായ കത്ത്‌ നൽകിയ പൊലീസ്‌, തുടരന്വേഷണ സാധ്യതകൾ ആരാഞ്ഞത്‌.

പൊലീസിന്റെ അന്വേഷണറിപ്പോർട്ടും തിരൂർ സതീശിന്റെ വെളിപ്പെടുത്തലും വ്യക്തമാക്കുന്നത്‌ ഇവയാണ്‌: തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ കണക്കില്ലാത്തത്ര പണം ചാക്കുകെട്ടുകളിലായി ഹവാല ഇടപാടിലൂടെ, അഥവാ ബാങ്കുകളോ സർക്കാരോ അറിയാതെ നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ ബിജെപി കേരളത്തിലേക്ക്‌ ഒഴുക്കി. കർണാടകത്തിലെ നിയമസഭാംഗം ഉൾപ്പെടെ കേരളത്തിനുപുറത്തുള്ള വിവിധ തലങ്ങളിലുള്ള ബിജെപി നേതാക്കളും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളും ഇടപെട്ടാണിത്‌ നടന്നത്‌. വിവിധ കേന്ദ്രങ്ങളിൽ പ്രാദേശിക നേതാക്കൾക്കും പ്രവർത്തകർക്കും വോട്ടർമാർക്കും വിതരണം ചെയ്യാൻ കൊണ്ടുവന്ന പണം സംസ്ഥാന, ജില്ലാ തലങ്ങളിലുള്ള ഏതാനും നേതാക്കൾ തട്ടിയെടുത്തു. ചില നേതാക്കളാകട്ടെ, പണം വിതരണത്തിന്‌ കൊണ്ടുപോകുന്ന വഴിയടക്കം ഒറ്റുകൊടുത്ത്‌ കൊള്ളയടിക്കാൻ സംവിധാനമുണ്ടാക്കി വിഹിതം കൈപ്പറ്റുകയും ചെയ്തു. രാജ്യത്തോടോ സ്വന്തം പ്രവർത്തകരോടുപോലുമോ തെല്ലും ആത്മാർഥതയില്ലാത്ത നേതൃത്വമാണ്‌ ഇവരെന്നതിന്‌ ഇതിലുമപ്പുറം തെളിവ്‌ ആവശ്യമില്ല.

രഹസ്യ അറകളിൽ പരസ്യമായി
ബിജെപി നേതാക്കളുടെ നിർദേശപ്രകാരം കേരളത്തിലേക്ക്‌ കുഴൽപ്പണം എത്തിച്ച ധർമരാജന്റെ ഡ്രൈവർ കോഴിക്കോട്‌ കണ്ണങ്കര സ്വദേശി ഷംജീറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ 2021 ഏപ്രിൽ നാലിന്‌ പൊലീസ്‌ കേസെടുക്കുന്നത്‌. തൃശൂരിൽനിന്ന്‌ തങ്ങൾ പണവുമായി പോകുമ്പോൾ ദേശീയപാത 44 ൽ കൊടകരയ്ക്കടുത്തുവച്ച്‌ മൂന്നു കാറിലായി വന്ന സംഘം വാഹനം തടഞ്ഞ്‌ ആക്രമിച്ച്‌ 25 ലക്ഷം രൂപ കവർച്ച ചെയ്തുവെന്നാണ്‌ ഷംജീറിന്റെ മൊഴി. ധർമരാജനെക്കൂടി ചോദ്യം ചെയ്തതിനുശേഷം നടത്തിയ അന്വേഷണത്തിൽ പണം കൊണ്ടുപോകുന്ന കാറിൽ രഹസ്യഅറകൾ ഉണ്ടെന്നും മൂന്നരക്കോടി രൂപ അതിലുണ്ടായിരുന്നുവെന്നും മനസ്സിലായി. 1.16 കോടി പണവും 13 ലക്ഷം രൂപ വിലവരുന്ന സ്വർണം, സ്മാർട്ട്‌ ഫോൺ എന്നിവയും 17 ലക്ഷത്തിന്റെ ബാങ്ക്‌ നിക്ഷേപ രേഖകളും കണ്ടെത്തി, 57 ലക്ഷം രൂപ ഇവർ ചെലവഴിച്ചിരുന്നു. 2.03 കോടി കണ്ടെത്താനുണ്ടെന്നും ഇരിങ്ങാലക്കുട ജെഎഫ്‌സിഎം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ്‌ വ്യക്തമാക്കിയിട്ടുണ്ട്‌.


 

കേരളത്തിലേക്ക്‌ കൊണ്ടുവന്ന 4.4 കോടി രൂപ സേലത്തുവച്ച്‌ ഒരു സംഘം തട്ടിയെടുത്തിരുന്നുവെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ മാത്രമായി 41.4 കോടിരൂപ എത്തിച്ചിരുന്നുവെന്നും ധർമരാജൻ പൊലീസിനോട്‌ വെളിപ്പെടുത്തിയിരുന്നു. കൊടകര കവർച്ചയുടെ അന്വേഷണം നാലുമാസംകൊണ്ട്‌ പൂർത്തിയാക്കിയ ഡിഐജി വി കെ രാജുവിന്റെ സംഘം ഇഡി യുടെ കൊച്ചി സോണൽ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടർക്ക്‌ വിശദമായ കത്ത്‌ നൽകി. സംസ്ഥാന പൊലീസിന്റെ പരിമിതിയും ഇഡി അന്വേഷിച്ച്‌ വ്യക്തത വരുത്തി പ്രതികളെ പിടികൂടി ശിക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടും വിധത്തിലുള്ളതാണ്‌ വിശദവിവരങ്ങൾ അടങ്ങിയ ആ കത്ത്‌. എന്നാൽ, ബിജെപി നേതാക്കൾ ഉൾപ്പെട്ട കുഴൽപ്പണ കേസ്‌ ആയതിനാൽ ഇഡി അതിന്മേൽ നടപടിയെടുക്കാതെ ഉഴപ്പി. രാജ്യത്തെ പ്രതിപക്ഷം ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇഡി ഓടി നടന്ന്‌ കേസെടുക്കുന്ന ഘട്ടത്തിലായിരുന്നു ഈ കത്തെന്നതും പ്രത്യേകം ഓർക്കണം.
ഈ വസ്തുതകൾക്ക്‌ മുന്നിൽ സംസ്ഥാന സർക്കാർ അല്ലെങ്കിൽ പൊലീസ്‌,  ബിജെപിക്കുവേണ്ടി ഒത്താശ ചെയ്തുവെന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെയും ചില യുഡിഎഫ്‌ മാധ്യമങ്ങളുടെയും പ്രചാരണം വിലപ്പോയില്ലെന്നു മാത്രമല്ല അവരെ തിരിഞ്ഞുകുത്തുകയും ചെയ്യുന്നു. ബിജെപി നേതാക്കൾക്ക്‌ പങ്കുള്ള കുഴൽപ്പണക്കേസ്‌ കേന്ദ്ര ഏജൻസികൾ മനഃപൂർവമായി അവഗണിക്കുന്നുവെന്ന ഗുരുതരമായ രാഷ്‌ട്രീയ പ്രശ്നത്തെ യുഡിഎഫ്‌ നേതാക്കളോ, അവരെ സഹായിക്കുന്ന മാധ്യമങ്ങളോ ഗൗരവമായി എടുക്കുന്നില്ല. ഫലത്തിൽ അത്‌ കുഴൽപ്പണ വിതരണസംഘത്തെയും ബിജെപിയെയും സഹായിക്കുന്നതാണ്‌.

കുളം കലക്കി കളം പിടിക്കാൻ
പാലക്കാട്ടെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട്‌ ബിജെപിയിൽ ഉരുണ്ടുകൂടിയ കാർമേഘവും ‘ മേഘസ്ഫോടനം ’ പോലെ ഇപ്പോൾ പെയ്യുകയാണ്‌. ചിലരുടെ താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാനാർഥിയെ തീരുമാനിച്ചുവെന്നതാണ്‌ ശോഭ സുരേന്ദ്രനും സന്ദീപ്‌ വാര്യരും അടക്കമുള്ള പല നേതാക്കളെയും പ്രകോപിപ്പിച്ചിട്ടുള്ളത്‌. അങ്ങനെ നിശ്ചയിക്കപ്പെട്ട സ്ഥാനാർഥിയാകട്ടെ എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിക്കുകയും മത്സരം കഴിയുമ്പോൾ സ്വന്തം ‘ ബാങ്ക്‌ ബാലൻസ്‌ ’ വർധിച്ചിരിക്കണം എന്ന്‌ നിർബന്ധമുള്ളയാളുമെന്ന ആക്ഷേപവും ശക്തം. കുഴൽപ്പണക്കേസിന്റെ ഭാഗമായി തിരൂർ സതീശിന്റെ വെളിപ്പെടുത്തലാകട്ടെ, പണമെത്തിക്കാൻ ചുക്കാൻ പിടിച്ചതും നല്ലൊരുഭാഗം തട്ടിയെടുത്തതും കെ സുരേന്ദ്രനാണ്‌ എന്നും. രാഷ്‌ട്രീയവും പാർടിക്കാരുടെ താൽപ്പര്യവും പരണത്തുവച്ച്‌ സാമ്പത്തിക–-അധികാര താൽപ്പര്യത്തിന്റെ പിന്നാലെ പായുന്ന സംഘത്തിന്റെ കൈയിലാണ്‌ കേരളത്തിലെ ബിജെപി എന്ന വസ്തുതയാണ്‌ ഇവർ തുറന്നുകാണിക്കുന്നത്‌.


 

ബിജെപിയിലെ സംഘടനാ തെരഞ്ഞെടുപ്പ്‌ സമയത്താണ്‌ പൊട്ടിത്തെറിയെന്നതും പ്രധാനമാണ്‌. അമർഷമുളളവരെല്ലാം പരസ്യമായി രംഗത്തുവന്നിട്ടില്ലെങ്കിലും, കുളം കലക്കി കളം പിടിക്കൽ തന്നെയാണ്‌ സുരേന്ദ്രനെതിരെ നിൽക്കുന്നവരുടെ ലക്ഷ്യം. പ്രാദേശിക, ജില്ലാതല ഭാരവാഹികളെയെല്ലാം സംസ്ഥാന അധ്യക്ഷൻ എന്നനിലയിൽ സ്വന്തം നിലയ്ക്ക്‌ തീരുമാനിക്കാനുള്ള ശ്രമമാണ്‌ സുരേന്ദ്രനും കൂട്ടരും നടത്തുന്നത്‌. സംഘടനയിൽ സ്വാധീനമുണ്ടാക്കി പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ എത്തുകയെന്നത്‌ ശോഭ സുരേന്ദ്രനെ സംബന്ധിച്ച്‌ തൽക്കാലം സാധ്യമായ കാര്യവുമല്ല. അതുകൊണ്ടുതന്നെയാണ്‌ നിർണായക സമയത്ത്‌ രംഗത്തുവന്ന്‌ കടുത്ത ഭാഷയിൽ ആക്രമിക്കുന്നത്‌. തിരൂർ സതീശിനെയും മുഖ്യമന്ത്രിയെയുമാണ്‌ പ്രത്യക്ഷത്തിൽ പറയുന്നതെങ്കിലും സുരേന്ദ്രനുള്ള മുന്നറിയിപ്പാണ്‌ മുഖ്യം. സംസ്ഥാന പ്രസിഡന്റാകാൻ എന്താണ്‌ തനിക്ക്‌ അയോഗ്യത, താൻ നൂലിൽക്കെട്ടി ഇറങ്ങിവന്നതല്ല, തനിക്ക്‌ ഗോഡ്‌ ഫാദറില്ല, മർദനമേറ്റും പോരാടിയുമാണ്‌ നേതാവായത്‌, കേന്ദ്രത്തിലും പിടിപാടുണ്ടെന്ന്‌ തന്നെ തകർക്കാൻ ശ്രമിക്കുന്നവർ ഓർക്കുന്നത്‌ നന്ന്‌, കുഴൽപ്പണമടക്കം ഇവിടെ നടക്കുന്ന ഓരോ കാര്യവും രാജ്യത്തെ ബിജെപിയുടെ ഒന്നും രണ്ടും നേതാക്കളെ അറിയിച്ചുകൊണ്ടിരിപ്പുണ്ട്‌... എന്നിങ്ങനെ സുരേന്ദ്രന്‌ കൊള്ളുകയെന്ന കൃത്യമായ ലക്ഷ്യത്തോടെയാണ്‌ ശോഭ സുരേന്ദ്രൻ വാർത്താസമ്മേളനങ്ങളിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത്‌.

സ്വന്തം പാർടിയാൽ അപമാനിതനായ സന്ദീപ്‌ വാര്യർ പറഞ്ഞത്‌ തന്റെയുള്ളിൽ അഗ്നിപർവതം പുകയുന്നുവെന്നാണ്‌. വാസ്തവത്തിൽ അത്‌ ബിജെപിയിലെ വലിയൊരുവിഭാഗം സാധാരണ പ്രവർത്തകരുടെ അവസ്ഥയാണ്‌. അതുകൊണ്ട്‌, തുടർപൊട്ടിത്തെറികളാണ്‌ വരാനിരിക്കുന്നത്‌ എന്നതിൽ സംശയത്തിന്‌ ഇടമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top