വീണിതല്ലോ കിടക്കുന്നു ബിജെപിയും കോൺഗ്രസും കള്ളപ്പണത്തിന്റെ ഇരുവശങ്ങളായി എന്നാണ് ഇപ്പോൾ നാട്ടിലെ ടോക്ക്. കള്ളപ്പണം മുഴുവൻ പിടിച്ചെടുക്കുമെന്ന് മുമ്പ് മോദിജി പറഞ്ഞതിന്റെ ഗുട്ടൻസ് ഇപ്പോഴാണ് പൊതുജനത്തിന്റെ മനസ്സിൽ തറച്ചത്. പിടിച്ചെടുക്കുന്ന കള്ളപ്പണത്തിൽനിന്ന് 15 ലക്ഷം സ്വന്തം അക്കൗണ്ടിൽ എത്തുമെന്ന് വിചാരിച്ച് ദശവർഷമായി കാത്തിരിക്കുന്നവർക്ക് അറിയില്ലായിരുന്നു അത് അക്കൗണ്ടിലല്ല ചാക്കിലാണെന്ന്.
ശോഭ പറഞ്ഞതുപോലെ നൂലിൽ കെട്ടിയിറക്കിയതൊന്നുമല്ല. ചാക്കിൽത്തന്നെയാണെന്ന് എല്ലാം കണ്ടുനിന്ന ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് വെളിപ്പെടുത്തിയിട്ടുണ്ട്. അല്ലേലും ഭജപയ്‌ക്ക് പണ്ടേ കള്ളപ്പണത്തോടും കള്ളനോട്ടിനോടും എന്തെന്നില്ലാത്ത അഭിനിവേശമാണെന്നാണ് സംസാരം. കള്ളപ്പണം പിടിക്കാൻ നാട്ടിലെ വെള്ളപ്പണമെല്ലാം ആരോടും പറയാതെ പിൻവലിച്ച് പൊതുജനത്തെ "ക്ഷ'യും "ങ്ക' യും വരപ്പിച്ച വീരശൂരന്മാരാണ് കേന്ദ്രം വാഴുന്നോർ. "മനസ്സോടാത്തവർക്കു മാർഗമില്ലടോ' എന്ന് പറഞ്ഞതുപോലെ കള്ളപ്പണം കണ്ടെത്താൻ അവർ ഏതുമാർഗത്തിലും സഞ്ചരിക്കും. നാട്ടിൽനിന്ന് കിട്ടാതെ വന്നപ്പോൾ സ്വന്തമായി അച്ചടിച്ച് കള്ളനോട്ടുണ്ടാക്കിയ പാരമ്പര്യമുള്ളവരാണ്.
കള്ളപ്പണം സമാഹരിക്കാൻ ഇലക്ടറൽ ബോണ്ട് ഉണ്ടാക്കി നിയമസഹായം ചെയ്തതായിരുന്നു. സിപിഐഎമ്മുകാർ സുപ്രീംകോടതിയിൽ പോയിപ്പറഞ്ഞ് അത് മുടക്കിയില്ലായിരുന്നെങ്കിൽ നാട്ടിൽ ഇപ്പോൾ ഒറ്റ കള്ളപ്പണവും ഉണ്ടാകുമായിരുന്നില്ലെന്ന് മോദിജി കഴിഞ്ഞ ദിവസംകൂടി പറഞ്ഞിട്ടുണ്ട്. അത് തുടരാനായെങ്കിൽ ചാക്കിൽ കെട്ടി അയക്കേണ്ടി വരില്ലായിരുന്നുവെന്നാണ് ഷാജി അണ്ണന്റെ ആത്മഗതം. ഇലക്ടറൽ ബോണ്ട് നിരോധിച്ചത് കൊടും ചതിയായിപ്പോയെന്ന് ബിജെപിയെപ്പോലെ കോൺഗ്രസിനും അഭിപ്രായമുണ്ട്. ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം ’എന്നേ ചിന്തിക്കേണ്ടൂ എന്നാണ് ഹൈക്കമാൻഡ് മതം.
എന്തായാലും ബിജെപിയെപ്പോലെ പണം ചാക്കിൽക്കെട്ടി കൊണ്ടുവരുന്ന പഴഞ്ചൻ ഏർപ്പാടൊന്നും കോൺഗ്രസിനില്ല. ട്രോളി ബാഗിലാക്കി ഉരുട്ടി നടക്കും. ആരേലും ചോദിച്ചാൽ വസ്‌ത്രമാണെന്ന് പറയാമെന്ന സൗകര്യവും ഉണ്ട്. ഇങ്ങനെ മാന്യമായി പണം കൊണ്ടുവരുന്നത് പിടിക്കാൻ ശ്രമിക്കുന്നത് പൊലീസ്‌രാജ് അല്ലാതെ മറ്റൊന്നല്ലെന്ന് മലയാളത്തിന്റെ സുപ്രഭാതം ഉറപ്പിച്ചിട്ടുണ്ട്. കാലി ട്രോളിബാഗ് മാധ്യമങ്ങൾക്കു മുന്നിൽ പിറ്റേദിവസം പ്രദർശിപ്പിച്ചതുകൊണ്ട് സംശയമെല്ലാം ദൂരീകരിച്ചിട്ടുമുണ്ട്. ശ്രീകണ്‌ഠൻ എംപിയുടെ അർധരാത്രിയിലെ വാഗ്‌ധോരണി കേട്ട് പലർക്കും സുവിശേഷ വചനം ഓർമവന്നതായും സംസാരമുണ്ട്. ‘വായിലേക്ക് പോകുന്നതല്ല അപകടകാരി വായിൽനിന്ന് വരുന്നതാണ്’. പൊലീസ് വന്ന സമയത്ത് ഷാഫിയും ചാമക്കാലയും ഇറങ്ങി ഓടിയതൊന്നുമല്ല. നൈറ്റ് വാക്കിന് ഇറങ്ങിയതാണെന്ന് എല്ലാവർക്കും അറിയാം. ഒന്നര മണിക്കൂർ വാക്കിങ് ആൻഡ് റണ്ണിങ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾത്തന്നെ മനസ്സിലായില്ലേ ‘കോഴിയെ കട്ടവന്റെ തലയിലേ പൂട’ ഉണ്ടാകൂവെന്ന്. മാങ്കൂട്ടമാണെങ്കിൽ സ്ഥലത്തില്ലെന്ന് തെളിയിക്കാൻ കോഴിക്കോട് നഗരത്തിൽനിന്ന് ലൈവ് ഇട്ടതാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യം വന്നപ്പോഴാണ് സ്ഥാനാർഥിക്ക് കുമ്പിടി വിദ്യയും വശമുണ്ടെന്ന രഹസ്യം മാലോകർ അറിഞ്ഞത്. ഒരേസമയം അവിടെയും ഇവിടെയും കാണുന്ന വിദ്യ അപാരംതന്നെ. കള്ളപ്പണത്തിന്റെ ശക്തി എന്നല്ലാതെ എന്ത് പറയാൻ.
നായയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലൊന്നും നിവരില്ലെന്ന് കാരണോന്മാർ പറഞ്ഞത് നിശ്ചയമുള്ള സുരേന്ദ്രൻ എന്നാലെല്ലാം കുഴലിൽത്തന്നെ ആയിക്കോട്ടെ എന്ന് വിചാരിച്ചതിൽ തെറ്റ് പറയാൻ പറ്റില്ലെന്നാണ് ശോഭ പറയുന്നത്. ആരുടെയൊക്കെ വാലാണ് കുഴലിൽ കുടുങ്ങിയതെന്ന് മൂന്നു കൊല്ലമായിട്ടും പുറത്തു പറയാത്ത താനാണ്, ഇപ്പോൾ സത്യം വിളിച്ചു പറഞ്ഞ സതീഷിന് പിന്നിലെന്നു പറഞ്ഞാൽ അംഗീകരിച്ചു കൊടുക്കാൻ പറ്റില്ലത്രെ. ജനിച്ചപ്പോഴേ സംഘിണിയായ ശോഭയുടെ ശോഭ കെടുത്താൻ സുരേന്ദ്രനും സംഘവും കുറച്ചായി ശ്രമിക്കുന്ന വിവരവും പൊട്ടിത്തെറിച്ചിട്ടുണ്ട്. രണ്ടരക്കൊല്ലം ശോഭായാത്രയിലൊന്നും പങ്കെടുത്തില്ലെങ്കിലും കേന്ദ്ര ആഭ്യന്തരവകുപ്പിൽ തനിക്കുള്ള പിടിയൊന്നും സംസ്ഥാന പ്രസിഡന്റിനുപോലും ഇല്ലെന്നും തനിക്കെതിരെ വാർത്ത കൊടുക്കുന്ന ചാനലുകാരെ ഇഡിയെ വിട്ട് പൂട്ടിക്കുമെന്നും ഓർത്താൽ നന്ന്. എന്തായാലും തെരഞ്ഞെടുപ്പ് സമയത്ത് ചാക്ക്കെട്ടിലെത്തുന്ന കോടികളിൽ ഏതാനും കോടി തട്ടുന്നതൊന്നും പാപമല്ലെന്നാണ് സുരേന്ദ്രാദികളുടെ ചിന്ത. വിദേശത്തെ ഉറവിടം കണ്ടെത്താനാകാതെ ഇഡി കട്ടയ്‌ക്കൊപ്പം നിൽക്കുന്നതിനാൽ ഏത് അന്വേഷണവും നേരിടാമെന്ന വീരസ്യവും മുഴക്കിയിട്ടുണ്ട്. ‘എമ്പ്രാനൽപ്പം കട്ട് ഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കു’മെന്ന് കവി പാടിയത് കാവിക്കാർ നടപ്പാക്കുന്നുവെന്നേയുള്ളൂ. നേരം വെളുക്കുവോളം കട്ടാൽ നാടറിയുമെന്ന് ഓർക്കണമെന്നേ നാട്ടുകാർക്ക് പറയാനുള്ളൂ.
തൊണ്ടയുണ്ട് മണ്ടയില്ല
സഹമന്ത്രിയെ സഹിക്കാൻ സാധിക്കില്ലെന്ന് സഹപ്രവർത്തകർ സംഘടിതമായി സംഘനേതാക്കൾക്ക് പരാതി പറഞ്ഞെന്നാണ് കേൾവി. മലയാള സിനിമയുടെ പിതാമഹനെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള സഹയ്‌ക്ക് ജീവിതംതന്നെ അഭിനയമാണ്. അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കേണ്ടതിന് ഈ പാഴ്ജന്മം അഭിനയിച്ച് തീർക്കുകയാണെന്നുണ്ടോ സംഘ പ്രവർത്തകർക്കറിയുന്നു. കസേരകളി പ്രധാന വിനോദമാക്കിയത് ഒട്ടും സഹിക്കാനാകുന്നില്ലെന്നാണ് സംഘാടകരുടെ പരിദേവനം. കുഷ്യൻ അലർജിയായതിനാൽ പ്ലാസ്റ്റിക് കസേരയുമായാണത്രെ നടപ്പ്. നിശ്ചയിച്ചതിനും മണിക്കൂർ മുമ്പേ എത്തി ആരും കാണാതെ സംഗതി നടത്തി പോരുന്നതും മറ്റൊരു വിനോദമാണത്രെ. പ്രപഞ്ചത്തിലുള്ളത് സർവതും മായയെന്ന സത്യം തിരിച്ചറിഞ്ഞ ജ്ഞാനിയാണദ്ദേഹം. പൂരം അലങ്കോലമാക്കാൻ വന്നത് ആംബുലൻസിലാണെന്ന് സുരേന്ദ്രൻ. എന്നാൽ, അത് വെറും മായക്കാഴ്ചയായിരുന്നെന്ന് അതേ വേദിയിൽ മന്ത്രി. പിന്നെ തോന്നി വന്നത് ആംബുലൻസിൽത്തന്നെ. കാല് വേദനയായിരുന്നു കാരണം. പിന്നെ തോന്നി അതല്ല ഗുണ്ടകളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഓടിക്കയറിയത് ആംബുലൻസിലായിപ്പോയതാണെന്ന്. എല്ലാം ഒരു മായക്കാഴ്ചതന്നെ. ഒറ്റ തന്തയ്‌ക്ക് പിറന്നവർ അന്വേഷിച്ച് തെളിയിക്കട്ടെയെന്നും ഇനിയെല്ലാം സിബിഐയോട് മാത്രമേ പറയൂവെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയിൽ കോലുമായി ചെന്നാൽ മൂവ് ഔട്ട് എന്ന് ഇംഗ്ലീഷിലേ പറയൂ. ഇതെല്ലാം കേട്ട് തൊണ്ടയുണ്ട് മണ്ടയില്ലെന്ന് ജനം അടക്കം പറയുന്നുണ്ട്. അല്ലെങ്കിൽത്തന്നെ മണ്ടയുള്ളവരാരെങ്കിലും സംഘിയാകുമോ. തൊണ്ടയിൽ തോന്നിയത് വിളിച്ചു പറഞ്ഞാണ് നേതാവാകുന്നതെന്ന് സുരേന്ദ്രൻമുതൽ ശോഭ വരെ തെളിയിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..