22 December Sunday
ബ്രിട്ടീഷ് പാർലമെൻ്റ് തെരഞ്ഞെടുപ്പ് നൽകുന്ന പാഠങ്ങൾ

ബ്രിട്ടീഷ് പാർലമെൻ്റ് തെരഞ്ഞെടുപ്പ് നൽകുന്ന പാഠങ്ങൾ

അശ്വതി റബേക്ക അശോക്Updated: Tuesday Jul 16, 2024

 14 വർഷത്തെ തുടർച്ചയായ ഭരണത്തിലൂടെ ബ്രിട്ടൻ്റെ സമ്പദ്ഘടനയെയും, പൊതുസേവനങ്ങളെയും താറുമാറാക്കിയ കൺസർവേറ്റീവ് സർക്കാരിനെതിരെ ബ്രിട്ടീഷ് ജനത ശക്തമായി വിധിയെഴുതിയിരിക്കുകയാണ്. കൺസർവേറ്റീവ് പാർടിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയവുമേറ്റു വാങ്ങിക്കൊടുത്താണ് മുൻ പ്രധാനമന്ത്രി ഋഷി സുനക് 10 ഡൗണിംഗ് സ്ട്രീറ്റിൻ്റെ പടിയിറങ്ങുന്നത്. 412 സീറ്റുകളുമായി ലേബർ പാർടി വൻ കുതിപ്പ് നടത്തിയപ്പോൾ, രണ്ടാം സ്ഥാനത്തെത്തിയ കൺസർവേറ്റീവ് പാർടിക്ക് കേവലം 121 സീറ്റുകൾ മാത്രമാണ് നേടാനായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ 11 സീറ്റുകൾ 71 സീറ്റുകളായി വർദ്ധിപ്പിച്ചുകൊണ്ട് ലിബറൽ ഡെമോക്രാറ്റിക്ക് പാർടി മൂന്നാം സ്ഥാനത്തും എത്തി. മെയ് 2ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തന്നെ കൺസർവേറ്റീവുകളുടെ ഈ പതനം വ്യക്തമായിരുന്നു. അന്ന് 474 സീറ്റുകൾ നഷ്ടപ്പെട്ട കൺസർവേറ്റീവുകൾ ലേബർ പാർടിക്കും, ലിബറൽ ഡെമോക്രാറ്റുകൾക്കും പിന്നിൽ മൂന്നാമതായാണ് അവസാനിച്ചത്.

പൊതുസേവനങ്ങളുടെ ദയനീയാവസ്ഥയും, സാമൂഹ്യ-സുരക്ഷാ മേഖലയിൽ സർക്കാർ നിക്ഷേപം വർധിപ്പിക്കേണ്ട ആവശ്യകതയും പ്രധാന ചർച്ചാവിഷയങ്ങളായ ഈ തെരഞ്ഞെടുപ്പിൽ ചെലവു ചുരുക്കലിലും, കുടിയേറ്റവിരുദ്ധതയിലും മാത്രം ഊന്നിയ ആശയങ്ങൾ മുന്നോട്ടുവെച്ച ഒരു വലതുപക്ഷ സർക്കാർ അതിദാരുണമായി പരാജയപ്പെട്ടു എന്നത് പ്രതീക്ഷ നൽകുന്നതാണ്.

സീറ്റുകളുടെ എണ്ണത്തിൽ വലതുപക്ഷത്തിന് കനത്ത പരാജയം നേരിട്ടെങ്കിലും വലതുപക്ഷാശയങ്ങൾക്ക് ബ്രിട്ടിഷ് ജനതയ്ക്കിടയിലുള്ള സ്വീകാര്യതയ്ക്ക് കാര്യമായ ഇടിവു വന്നിട്ടില്ലായെന്നുള്ളത് പക്ഷേ അപകടകരമായ ഒരു സൂചനയാണ്. കടുത്ത വംശീയവാദിയായ നൈജൽ ഫാരേജിൻ്റെ നേതൃത്തിലുള്ള റിഫോം യുകെ എന്ന തീവ്രവലതുപക്ഷ പാർടി ആദ്യമായി 5 സീറ്റുകളുമായി ബ്രീട്ടീഷ് പാർലമെൻ്റിൽ തങ്ങളുടെ സാന്നിധ്യമറിയിച്ചു. അഞ്ച് സീറ്റുകളേ ഉള്ളൂവെങ്കിലും, 14.3 ശതമാനവുമായി (കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 2 ശതമാനമായിരുന്നു ഇവരുടെ വോട്ടുവിഹിതം) വോട്ടുവിഹിതത്തിൻ്റെ കാര്യത്തിൽ ലേബർ പാർട്ടിക്കും കൺസർവേറ്റീവ് പാർട്ടിക്കും പിന്നിൽ മൂന്നാമതാണ് റിഫോം യുകെ. അതായത് പരമ്പരാഗത വലതുപക്ഷ കൺസർവേറ്റീവ് വോട്ടുകൾ പലയിടത്തും തീവ്ര വലതുപക്ഷമായ റിഫോമിലേക്ക് ചോർന്നു എന്നർഥം. കൺസർവേറ്റീവ് പാർടിയുടെ ദയനീയമായ പരാജയത്തിന് ഈ വോട്ടുചോർച്ചയും  കാരണമായിട്ടുണ്ട്. 

യൂറോപ്യൻ പാർലമെൻ്റിലടക്കം തീവ്രവലതുശക്തികൾ മുന്നേറ്റമുണ്ടാക്കിയ ഈ കാലത്ത് “സെൻട്രൽ ലെഫ്റ്റ്” എന്നോ മറ്റോ വിശേഷിപ്പിക്കാവുന്ന ഒരു പാർടി ബ്രിട്ടനിൽ അധികാരത്തിലെത്തി എന്നത് ആശ്വാസകരമാണ്. എന്നാൽ തൊഴിലാളിവർഗ പാർടി എന്ന നിലയിലുണ്ടായിരുന്ന പഴയ ഇടതുപക്ഷമൂല്യങ്ങൾ പലതും ഉപേക്ഷിക്കുകയും, ജെറമി കോർബിനടക്കം പാർടിയിലുണ്ടായിരുന്ന ഇടതുപക്ഷചിന്താഗതിക്കാരെ പുറത്താക്കുകയും ചെയ്ത കെയ്ർ സ്റ്റാമറുടെ നേതൃത്വത്തിലുള്ള ഇന്നത്തെ ലേബർ പാർടിയിൽ നിന്ന് ബ്രിട്ടനിലെ സാധാരണ ജനതയ്ക്ക് പ്രതീക്ഷിക്കാൻ കാര്യമായ വകയുണ്ടോ എന്നത് മറ്റൊരു ചോദ്യമാണ്. എന്നിരിക്കിലും ജനങ്ങളുടെ ദൈനംദിന ജീവൽ പ്രശ്നങ്ങൾക്കു നേരെ കണ്ണടച്ചുകൊണ്ട് ഒരു അധികാരശക്തിക്കും അധികകാലം തുടർന്നുപോകാൻ കഴിയില്ലെന്ന ബോധ്യം കൂടെയാകണം കൺസർവേറ്റീവുകളുടെ ഈ തകർച്ച ലേബർ പാർടിക്ക് നൽകിയിട്ടുണ്ടാവുക. 

തകരുന്ന സമ്പദ്ഘടന, ഉയരുന്ന ദാരിദ്ര്യം, വളർത്തുന്ന വംശീയവിദ്വേഷം

ജി7 രാജ്യങ്ങളിൽ ഏറ്റവും മോശമായ സമ്പദ്¬ഘടന ബ്രിട്ടനിലേതാണെന്ന് ഈ വർഷമാദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നു. വർധിച്ചു വരുന്ന വിലക്കയറ്റവും, തൊഴിലില്ലായ്മയും, വീടുകളുടെ ഉയർന്ന വിലയും വാടകയും കാരണമുണ്ടാകുന്ന ഹൗസിംഗ് ക്രൈസിസും, ഇവയുടെയെല്ലാം ആകത്തുകയായ ‘കോസ്റ്റ് ഓഫ് ലിവിംഗ് ക്രൈസിസും’ ബ്രിട്ടണിലെ സാധാരണ കുടുംബങ്ങളുടെ നിലനിൽപ്പിന് വെല്ലുവിളികളുയർത്തുന്നു. ഗ്യാസിൻ്റെയും വൈദ്യുതിയുടെയും വിലയിലുണ്ടായ വർധനവ് കാരണം “തണുത്തുറഞ്ഞ” വീടുകൾക്കുള്ളിലായിരുന്നു കഴിഞ്ഞ വർഷം പല കുടുംബങ്ങളും തങ്ങളുടെ ശൈത്യകാലം തള്ളിനീക്കിയത്. എന്നാൽ ജീവിതചെലവുയരുന്നതിനനുസരിച്ച് ജനങ്ങളുടെ ശമ്പളം ഉയർത്താനോ, വരുമാനം വർധിപ്പിക്കാനോ, അവർക്ക് തൊഴിൽ കൊടുക്കാനോ ഉള്ള യാതൊരു ഇടപെടലും കഴിഞ്ഞ കൺസർവേറ്റീവ് സർക്കാരിൻ്റെ ഭാഗത്തുനിന്നുമുണ്ടായിരുന്നില്ല. ലോകത്തിലെ ഏറ്റവും സമ്പന്നരാജ്യങ്ങളുടെ കൂട്ടായ്മയായ ഒഇസിഡിയിൽ ഉൾപ്പെട്ട 38 രാജ്യങ്ങളിൽ തൊഴിലില്ലായ്മ ഏറ്റവും വേഗത്തിൽ ഉയരുന്നത് യുകെയിലാണെന്ന് അടുത്ത കാലത്ത് പുറത്തുവന്ന ഒരു പഠനം വ്യക്തമാക്കുന്നു. 

കഴിഞ്ഞ 30 വർഷത്തിനിടയിൽ ദാരിദ്ര്യത്തിൽ ഏറ്റവും വലിയ വർധനവുണ്ടായ ഒരു കാലയളവിലൂടെയാണ് ബ്രിട്ടൺ ഇപ്പോൾ കടന്നുപോകുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 6 ലക്ഷം പേരോളമാണ് പുതിയതായി ദാരിദ്ര്യരേഖയ്ക്ക് താഴേക്ക് തള്ളപ്പെട്ടത്. ആവശ്യത്തിന് പോഷകാഹാരം ലഭിക്കാത്ത കുട്ടികളുടെ എണ്ണം വർധിക്കുന്നു. സോഷ്യൽ ഹൗസിംഗ് സ്ക്കീമിൽ ഉൾപ്പെട്ട വീടുകൾ സമയാസമയം മെയിൻ്റനൻസ് നടത്താത്തതു കാരണം താമസയോഗ്യമല്ലാതാകുന്നു. അവിടെ ജീവിക്കുന്നവരുടെ ആരോഗ്യം താറുമാറാവുന്നു.

എന്നാൽ ഇത്തരത്തിൽ ജനങ്ങൾ നിത്യജീവിതത്തിൽ കഷ്ടപ്പെടുമ്പോൾ സാമൂഹ്യസുരക്ഷാ പദ്ധതികൾക്കും പൊതുസേവനങ്ങൾക്കുമുള്ള സർക്കാർ ചെലവ് വർധിപ്പിക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടും, പകരം പ്രതിരോധബജറ്റിലെ വർധനവിനും, കുടിയേറ്റവിരുദ്ധ നയങ്ങൾക്കും, ഏറ്റവും ധനികരായ 20 ശതമാനത്തിന് വലിയ നേട്ടം നൽകുന്ന നികുതി വെട്ടിച്ചുരുക്കലിനും മുൻതൂക്കം നൽകുന്ന മാനിഫെസ്റ്റോ അവതരിപ്പിച്ചുകൊണ്ടുമാണ് കൺസർവേറ്റീവ് പാർടി ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത്. സമ്പദ്ഘടനയുടെ പ്രതിസന്ധിക്കുള്ള അടിസ്ഥാന കാരണങ്ങളെ അഭിസംബോധന ചെയ്യാതെ, കുടിയേറ്റജനതയിലേക്കും, അഭയാർഥികളിലേക്കും കുറ്റങ്ങൾ ചാരി കൈകഴുകാനുള്ള ഋഷി സുനകിൻ്റെ പദ്ധതിയെയാണ് ബ്രിട്ടീഷ് ജനത ബാലറ്റിലൂടെ തൂത്തെറിഞ്ഞത്. അഭയാർഥികളെ ആഫ്രിക്കയിലെ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള ഏറ്റവും മനുഷ്യത്വരഹിതമായ ‘റുവാണ്ട പ്ലാനും’, അന്താരാഷ്ട്ര വിദ്യാർഥികളുടെയും, തൊഴിലാളികളുടെയും വിസാനിയമങ്ങളിൽ വരുത്തിയ കർശനനിയന്ത്രണങ്ങളും ജനങ്ങളെ ആകർഷിച്ചില്ല എന്നു വേണം മനസിലാക്കാൻ. അതിനും പുറമെ ഹൗസ് ഓഫ് കോമൺസിൽ ഋഷി സുനക് നടത്തിയ “ട്രാൻസ്ജെൻഡർ തമാശ”യും, കൺസർവേറ്റീവ് പാർടിയുടെ ഏറ്റവും വലിയ ഫണ്ടറായ കോർപ്പറേറ്റ് ഭീമൻ ഫ്രാങ്ക് ഹെസ്റ്റർ പരസ്യമായി നടത്തിയ വംശീയ കമൻ്റുകളും, ഹോം സെക്രട്ടറിയായിരുന്ന സുവെല്ല ബ്രെവർമാനുൾപ്പെടുന്ന കൺസർവേറ്റീവ് എംപിമാരുടെ അഭയാർഥി വിരുദ്ധ, മുസ്ലീം വിരുദ്ധ വിദ്വേഷ പരാമർശങ്ങളും, എംപിമാരുടെ അഴിമതിക്കഥകളും, ഏറ്റവും ഒടുവിലായി പുറത്തുവന്ന ഇലക്ഷൻ വാതുവെയ്പുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളുമൊക്കെ കുറച്ചുപേരുടെയെങ്കിലും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ടാകണം.

നവ ഉദാരവൽക്കരണ നയങ്ങൾക്കേറ്റ തിരിച്ചടി

സാമൂഹ്യസുരക്ഷാ പദ്ധതികളിൽ നിന്നും പൊതുസേവനങ്ങളിൽ നിന്നും സർക്കാർ പിൻവാങ്ങുന്നതിനെതിരെ കാര്യമായ ജനരോഷമുയർന്ന ഒരു തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞതെന്ന് നിസംശയം പറയാം. ഫ്രാൻസ്, ജർമനി പോലെയുള്ള മറ്റു പല യൂറോപ്യൻ രാജ്യങ്ങളിൽ നിന്നു വ്യത്യസ്തമായി പൊതുഗതാഗതം, വൈദ്യുതി, ജലവിതരണം തുടങ്ങിയ പൊതുസേവനങ്ങളെ പരിപൂർണമായി സ്വകാര്യവൽക്കരിച്ച രാജ്യമാണ് യുകെ(യുകെയുടെ ഭാഗമായ സ്ക്കോട്ട്‌ലൻ്റിലും വെയിൽസിലും ചില വ്യത്യസ്തതകളുണ്ടെങ്കിലും). സ്വകാര്യകമ്പനികളുടെ തോന്നിയ പോലെയുള്ള വില നിശ്ചയിക്കൽ ഒരു സാധാരണ കുടുംബത്തിൻ്റെ ബജറ്റിനെ ഓരോ മാസവും താളം തെറ്റിക്കുന്നു.

എന്നാൽ തങ്ങളുടെ തെറ്റായ സാമ്പത്തികനയങ്ങളെ തിരുത്താതെ കൂടുതൽ ചെലവുചുരുക്കൽ നടപടികളുമായി മുന്നോട്ടുപോകാനായിരുന്നു കൺസർവേറ്റീവ് സർക്കാരിൻ്റെ തീരുമാനം. ഇതിൻ്റെ ഭാഗമായി ആരോഗ്യം, വിദ്യാഭ്യാസം, സോഷ്യൽ ഹൗസിംഗ് തുടങ്ങിയ സുപ്രധാന മേഖലകളിലെ സർക്കാർ നിക്ഷേപം വെട്ടിക്കുറച്ചു. തദ്ദേശസ്ഥാപനങ്ങൾക്ക് നൽകി വന്ന വിഹിതത്തിൽ വലിയ ഇടിവു വരുത്തി. ബ്രിട്ടനിലെ അഞ്ചിലൊന്ന് തദ്ദേശസ്ഥാപനങ്ങളും ഇന്ന് പാപ്പരത്തത്തിന്റെ വക്കിലാണ്. ഇതിൻ്റെ ഫലമായി പബ്ലിക്ക് ലൈബ്രറികൾ, പബ്ലിക്ക് പാർക്കുകൾ, ചൈൽഡ് കെയർ സെൻ്ററുകൾ തുടങ്ങിയ പല സേവനങ്ങളും നിർത്തലാക്കാൻ തദ്ദേശസ്ഥാപനങ്ങൾ നിർബന്ധിമാക്കപ്പെടുന്നു.

ആവശ്യത്തിനു ഡോക്ടർമാരോ ജീവനക്കാരോ ഇല്ലാതെ ബ്രിട്ടൻ്റെ “വിഖ്യാത”മായ പൊതു ജനാരോഗ്യ മാതൃക (നാഷണൽ ഹെൽത്ത് സർവീസ് - എൻഎച്ച്എസ്) തകർന്നുകൊണ്ടിരിക്കുകയാണ്. കോസ്റ്റ് ഓഫ് ലിവിംഗ് ക്രൈസിസ് ബ്രിട്ടിഷ് ജനതയുടെ ആരോഗ്യത്തെ തുടർച്ചയായി മോശമാക്കുമ്പോഴും സമയത്തിന് ചികിത്സ ലഭ്യമാക്കാൻ എൻഎച്ച്എസിനു കഴിയുന്നില്ല. ഒരു കോടിയോളം ആളുകളാണ് എൻഎച്ച്എസിൻ്റെ വെയിറ്റിംഗ് ലിസ്റ്റിൽ ചികിത്സയ്ക്കായി കാത്തുനിൽക്കുന്നത്. നീണ്ട വെയിറ്റിംഗ് ലിസ്റ്റ് കാരണം മൂന്നിലൊന്നോളം ക്യാൻസർ ബാധിതർക്കിടയിൽ മരണസാധ്യത വർധിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകൾ പറയുന്നു. 

മെയിൻ്റനൻസ് നടത്താനാവാതെ പല സ്കൂൾ കെട്ടിടങ്ങളും അപകടാവസ്ഥയിലാണ്. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കുള്ള ടീച്ചിംഗ് അസിസ്റ്റൻ്റുകളെ നിയമിക്കാനാവാതെ സ്കൂളുകൾ ബുദ്ധിമുട്ടുന്നു. സർക്കാർ ഫണ്ടിംഗിലുണ്ടായ കുറവിനൊപ്പം കുടിയേറ്റവിരുദ്ധ നയങ്ങളുടെ ഫലമായി അന്താരാഷ്ട്ര വിദ്യാർഥികളുടെ വരവും കുറഞ്ഞതോടെ പല പബ്ലിക്ക് യൂണിവേഴ്സിറ്റികളും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. സർവകലാശാലകൾക്ക് “സാമ്പത്തിക നേട്ടം” നൽകാത്ത കോഴ്സുകൾ നിർത്തലാക്കിക്കൊണ്ടും, അധ്യാപക, അനധ്യാപക ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടും വിദ്യാർഥികൾക്ക് നൽകിവന്നിരുന്ന പഠനസൗകര്യങ്ങൾ എടുത്തുകളഞ്ഞുകൊണ്ടുമാണ് സർവകലാശാലകൾ ഈ പ്രതിസന്ധിഘട്ടത്തെ നേരിടുന്നത്. 

ആഗോളവൽക്കരണ-നവ ഉദാരവൽക്കരണ സാമ്പത്തികനയങ്ങളുടെ അനന്തരഫലമാണ് ബ്രിട്ടൺ ഇപ്പോൾ കടന്നുപോകുന്ന ഈ ദയനീയാവസ്ഥയെന്ന് ബ്രിട്ടിഷ് ജനത എത്രത്തോളം തിരിച്ചറിഞ്ഞിട്ടുണ്ടെന്നുള്ളത് വ്യക്തമല്ലെങ്കിലും സാമൂഹ്യസുരക്ഷാ പദ്ധതികൾക്കും പൊതുസേവനങ്ങൾക്കുമുള്ള സർക്കാർ നിക്ഷേപം ഉയർത്തണമെന്നും, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും, സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തണമെന്നുമുള്ള ഒരു പൊതുവികാരം ശക്തിപ്പെട്ടുവരുന്നുണ്ട്. സർക്കാരിൻ്റെ സാമ്പത്തികപ്രതിസന്ധിക്കുള്ള പരിഹാരം ചെലവു ചുരുക്കലല്ല, പകരം കോർപ്പറേറ്റ് ടാക്സും, ക്യാപ്പിറ്റൽ ഗെയിൻ ടാക്സും വർധിപ്പിക്കുക എന്നതാണെന്ന ആശയവും ശക്തമാകുന്നുണ്ട്.

കൺസർവേറ്റീവുകൾ പിന്തുടർന്നുവന്ന തെറ്റായ സാമ്പത്തികനയങ്ങളിൽ കെയ്ർ സ്റ്റാമറുടെ നേതൃത്തിലുള്ള ലേബർ പാർടി എത്രത്തോളം മാറ്റം വരുത്തുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. എന്നാൽ ഒരു കാര്യം നിസംശയം പറയാം. ചെലവു ചുരുക്കൽ നടപടികൾ തുടർന്നുകൊണ്ടുപോകുമെന്ന് പറഞ്ഞയിടത്തു നിന്നും സമ്പദ്‍വ്യവസ്ഥ, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, ഊർജപ്രതിസന്ധി, എന്നിങ്ങനെ ജങ്ങളെ നേരിട്ടു ബാധിക്കുന്ന ജീവൽപ്രശ്നങ്ങൾ പരിഹരിക്കാൻ തങ്ങൾ ശ്രമിക്കുമെന്നും, റെയിൽവേയെ സർക്കാർ ഉടമസ്ഥതയിലേക്ക് കൊണ്ടുവരുമെന്നും മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്താൻ ലേബർ പാർടിയെ നിർബന്ധിതമാക്കുന്നതിൽ ബ്രിട്ടീഷ് ജനതയും, നിരന്തരമായ തൊഴിലാളി സമരങ്ങളും വിജയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പണക്കാരെ കൂടുതൽ പണക്കാരാക്കുന്ന, ദരിദ്രരെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിയിടുന്ന ആഗോളവൽക്കരണ-നവ ഉദാരവൽക്കരണ നയങ്ങൾ തുടർന്നുപോകൽ ലേബർ പാർടിക്ക് അത്ര എളുപ്പമാകില്ല.

ട്രേഡ് യൂണിയനുകളുടെ പങ്ക്

കൺസർവേറ്റീവുകളുടെ ഈ പരാജയത്തിൽ ബ്രിട്ടനിലെ ട്രേഡ് യൂണിയനുകളുടെ പങ്ക് കാണാതിരുന്നുകൂടാ. ഉയരുന്ന ജീവിതചെലവിനനുസരിച്ച് ശമ്പളം കൂട്ടണമെന്നും, ജോലിഭാരം കുറയ്ക്കണമെന്നുമുള്ള ന്യായമായ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കഴിഞ്ഞ കുറേ നാളുകളായി റെയിൽവേ, പോസ്റ്റൽ മേഖലയിലെ തൊഴിലാളികൾ പണിമുടക്കിലാണ്. പരമ്പരാഗത തൊഴിലാളികളുടെ നിർവചനത്തിലുൾപ്പെടാത്ത എൻഎച്ച്എസ് ഡോക്ടർമാരും, അധ്യാപകരും, യൂണിവേഴ്സിറ്റി ജീവനക്കാരുമൊക്കെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നിരന്തരമായ സമരത്തിലാണ്. ബ്രക്സിറ്റിനു ശേഷമുണ്ടായ കർഷകവിരുദ്ധ വ്യാപാരനയങ്ങൾക്കും കരാറുകൾക്കുമെതിരെ ബ്രിട്ടനിലെ കൃഷിക്കാരും പോരാട്ടത്തിലാണ്. 

ട്രേഡ് യൂണിയനുകൾ തമ്മിലുണ്ടാകുന്ന ഐക്യദാർഢ്യവും വളരെ ആശാവഹമാണ്. അതാത് തൊഴിൽ മേഖലകളിലെ സമരങ്ങൾക്ക് പുറമെ ദേശീയ–അന്തർദേശീയ വിഷയങ്ങളിൽ പരസ്പരം സഹകരിച്ച് വലിയ മുന്നേറ്റമുണ്ടാക്കാനും ട്രേഡ് യൂണിയനുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് ഇസ്രയേൽ ഭരണകൂടം പാലസ്തീൻ ജനതയ്ക്കു മേൽ നടത്തുന്ന നീതീകരിക്കാനാകാത്ത അതിക്രമത്തിനെതിരെ ഇപ്പോഴും നിരന്തരമായി ജനങ്ങൾ തെരുവിലിറങ്ങുന്ന രാജ്യമാണ് ബ്രിട്ടൺ. ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്ന ഈ റാലികൾക്കും മറ്റ് പ്രതിഷേധ പരിപാടികൾക്കും ദേശീയതലത്തിലും, പ്രാദേശിക തലത്തിലും നേതൃത്വം നൽകുന്നത് വിവിധ ട്രേഡ് യൂണിയനുകളാണ്. ഇതിനു പുറമെ വംശീയതയ്ക്കെതിരെയും, ലിംഗനീതിക്കുമായി ദേശീയ തലത്തിൽ യോജിച്ച പോരാട്ടമുഖങ്ങൾ തുറക്കാൻ ട്രേഡ് യൂണിയനുകൾക്കാവുന്നുണ്ട്. പൊതുവെ അരാഷ്ട്രീയവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജനത എന്നു പറയുമ്പോഴും പൊതുപ്രശ്നങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ കൊണ്ടുവരാനും, വലതുപക്ഷസർക്കാരിൻ്റെ ഭരണപരാജയങ്ങളെ അവരുടെ മുന്നിൽ തുറന്നു കാണിക്കാനും, സാധാരണക്കാരുടെ ദൈനംദിന ജീവിതപ്രശ്നങ്ങൾ ഈ തെരഞ്ഞെടുപ്പിൽ സജീവചർച്ചയാക്കാനും ട്രേഡ് യൂണിയനുകളുടെ ഈ കൂട്ടായ ഇടപെടലിന് കഴിഞ്ഞിട്ടുണ്ട്. 

അതുകൊണ്ടുതന്നെ തൊഴിലാളിവർഗ ഐക്യവും, സമരങ്ങളും ഇനിയും ശക്തിപ്പെടുത്തേണ്ടതെന്നുള്ള ആവശ്യകതയിലേക്കാണ് ഈ തെരഞ്ഞെടുപ്പ് ഫലം വിരൽ ചൂണ്ടുന്നത്. മുന്നോട്ടുള്ള പാത പോരാട്ടത്തിൻ്റേതു തന്നെയാണെന്നും ജനജീവിതം ദുസഹമാക്കുന്ന നയങ്ങൾ തിരുത്തിയില്ലെങ്കിൽ ശക്തമായ ജനരോഷവും, തൊഴിലാളിസമരങ്ങളും ലേബർ സർക്കാരും നേരിടേണ്ടി വരുമെന്നും സംശയത്തിനിടയില്ലാത്ത വിധം തന്നെ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടിയും മറ്റിടതുപക്ഷപ്രസ്ഥാനങ്ങളും വ്യക്തമാക്കിയിരിക്കുന്നു. 

ഒരർഥത്തിൽ, ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ജനാധിപത്യവിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്ന ഒരു ഫലമാണ് ബ്രിട്ടനിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. നവ ഉദാരവൽക്കരണ സാമ്പത്തിക നയങ്ങളുടെ ഫലമായി ജനങ്ങളനുഭവിക്കുന്ന ദുരിതങ്ങളെയും, ജീവൽ പ്രശ്നങ്ങളെയും വംശീയ വിദ്വേഷങ്ങളും, കുടിയേറ്റവിരുദ്ധതയും, മറ്റേതെങ്കിലും സ്വത്വപരമായ വിഭജനവും കൊണ്ട് എക്കാലവും മറികടക്കാൻ ഭരണകൂടങ്ങൾക്ക് സാധിക്കില്ലെന്ന ആത്മവിശ്വാസവും, എത്ര വർഷങ്ങൾ തുടർച്ചയായി ഭരിച്ചാലും അധ്വാനിക്കുന്ന ജനവിഭാഗത്തിൻ്റെ ഐക്യത്തിലും, പോരാട്ടവേദികളാകുന്ന തെരുവുകളിലും തകർത്തെറിയപ്പെടാവുന്നതേ ഉള്ളൂ ഏതു ഭരണവും എന്ന ബോധ്യവുമാണ് ബ്രിട്ടീഷ് പാർലമെൻ്റ് തെരഞ്ഞെടുപ്പ് ലോകജനതയ്ക്ക് നൽകുന്നത്. 
(യൂണിവേഴ്സിറ്റി ഓഫ് പോർട്ട്സ്മൗത്തിൽ ​ഗവേഷകയാണ് ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top