22 December Sunday

ബംഗാളിന്റെ വികസനം സ്വപ്നം കണ്ടു

ഗോപി കൊൽക്കത്തUpdated: Friday Aug 9, 2024

ഇന്ത്യയിലാകെ നവോത്ഥാന, സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളെ ഉത്തേജിപ്പിച്ച രാജാറാം മോഹൻറോയ്‌യെയും വിവേകാനന്ദനെയും രബീന്ദ്രനാഥ ടാഗോറിനെയും പോലുള്ള മഹാരഥർക്ക്‌ ജന്മം നൽകിയ നാടാണ്‌ ബംഗാൾ. ബംഗാളിന്റെ തലസ്ഥാനമായ കൊൽക്കത്തയാകട്ടെ 1772 മുതൽ 1911 വരെ ബ്രിട്ടീഷ്‌ ഇന്ത്യയുടെയാകെ തലസ്ഥാനവും. 1870ൽ ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ആദ്യ ആധുനിക തുറമുഖം സ്ഥാപിക്കപ്പെട്ടതും ഇവിടെയാണ്‌. എന്നാൽ ജോർജ്‌ അഞ്ചാമൻ രാജാവിന്റെ കാലത്ത്‌ തലസ്ഥാനം ഡൽഹിയിലേക്ക്‌ മാറ്റിയതോടെ, വ്യവസായ–-വാണിജ്യ രംഗങ്ങളിൽ തിളങ്ങിനിന്നിരുന്ന വംഗ ദേശത്തിന്റെ തകർച്ച ആരംഭിച്ചു. ഇത്‌ പരിഹരിച്ച്‌ ബംഗാളിൽ വ്യവസായ വികസനത്തിന്‌ കാര്യമായ ശ്രമങ്ങളുണ്ടായത്‌ ഇടതുമുന്നണി ഭരണകാലത്താണ്‌. എന്നാൽ ബംഗാളിന്റെ കുതിപ്പിന്‌ ആത്മാർഥശ്രമം നടത്തിയ മുഖ്യമന്ത്രി ബുദ്ധദേബ്‌ ഭട്ടാചാര്യയെ കലാപങ്ങളുണ്ടാക്കി അട്ടിമറിക്കാനാണ്‌ എതിരാളികൾ ശ്രമിച്ചത്‌. അന്ന്‌ കേന്ദ്രം ഭരിച്ച കോൺഗ്രസും ഇന്ന്‌ ഭരിക്കുന്ന ബിജെപിയും ഇപ്പോൾ സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ കോൺഗ്രസും ഇവരുടെയെല്ലാം ഉപകരണമാകാൻ മടിയില്ലാത്ത മാവോയിസ്‌റ്റുകളും ഇടതുമുന്നണി സർക്കാരിനെതിരെ കൈകോർത്തതിന്റെ ദുരന്തമാണ്‌ ഇന്ന്‌ ബംഗാൾ അനുഭവിക്കുന്നത്‌.

സ്വാതന്ത്ര്യാനന്തരം ഡോ. ബി സി റോയ്‌ മുഖ്യമന്ത്രിയായിരിക്കെ ദുർഗാപുർ സ്‌റ്റീൽ പ്ലാന്റുപോലെ ചില പദ്ധതികൾ വന്നതൊഴിച്ചാൽ ബംഗാളിൽ കാര്യമായി വ്യവസായ വികസനം ഉണ്ടായിരുന്നില്ല. കേന്ദ്ര കോൺഗ്രസ്‌ സർക്കാർ ബംഗാളിനോട്‌ പുലർത്തിയ ചിറ്റമ്മനയം  1967–-69 ൽ സിപിഐ എം ഉൾപ്പെട്ട ഐക്യമുന്നണി സർക്കാരിന്റെ കാലത്തും 1977 മുതൽ ജ്യോതിബസു നയിച്ച ഇടതുമുന്നണി സർക്കാരിന്റെ കാലത്തും കൂടുതൽ ശത്രുതാപരമായി. ഇടതുമുന്നണി അധികാരമേൽക്കുമ്പോൾ ദിവസം 7–8 മണിക്കൂർ പവർകട്ട്‌ എന്നതായിരുന്നു സ്ഥിതി. കേന്ദ്രത്തിന്റെ ദ്രോഹനിലപാട്‌ നേരിട്ട്‌ കാർഷിക, വ്യാവസായിക രംഗങ്ങളിൽ സംസ്ഥാനത്തിന്റെ വളർച്ച ഉറപ്പാക്കാനാണ്‌ 1977ൽ ജ്യോതി ബസുവിന്റെ നേതൃത്വത്തിൽ അധികാരമേറ്റ ആദ്യ ഇടതുമുന്നണി സർക്കാർ ശ്രമമാരംഭിച്ചത്‌.  ബക്രേശ്വർ താപനിലയവും കോലാഹട്ട്‌ വൈദ്യുതി നിലയവും മറ്റും സ്ഥാപിച്ച്‌ വൈദ്യുതിപ്രതിസന്ധി പരിഹരിച്ചപ്പോൾ ഇന്ത്യയിൽ ഏറ്റവുമധികം ചെറുകിട, കുടിൽ വ്യവസായങ്ങളുള്ള സംസ്ഥാനമായി ബംഗാൾ മാറി.

2000 നവംബറിൽ മുഖ്യമന്ത്രിയായപ്പോൾ വൻകിട വ്യവസായങ്ങളുടെ കാര്യത്തിലും ഈ മുന്നേറ്റമുണ്ടാക്കാനാണ്‌ ബുദ്ധദേബ്‌ ശ്രമിച്ചത്‌. ‘കൃഷി അമാധീർ ഭിക്കി, വ്യവസായി അമാധീർ ഭൗഷ്യത്’ (കൃഷി നമ്മുടെ അടിസ്ഥാനം, വ്യവസായം നമ്മുടെ ഭാവി) എന്ന ബുദ്ധദേബിന്റെ വിഖ്യാത മുദ്രാവാക്യം ബംഗാളിൽ വലിയ ചലനമുണ്ടാക്കി. സിംഗൂരിൽ ടാറ്റയുടെ നാനോ കാർ ഫാക്ടറി വരുന്നു എന്ന വാർത്ത ജനങ്ങൾ ഏറെ ആവേശത്തോടെയാണ്‌ കേട്ടത്‌. എന്നാൽ ഇതനുവദിച്ചാൽ ഇടതുമുന്നണിയെ താഴെയിറക്കാൻ ഒരിക്കലും കഴിയില്ലെന്ന് മനസ്സിലാക്കിയ വിരുദ്ധശക്തികൾ കർഷകരെ തെറ്റിദ്ധരിപ്പിച്ച്‌ സമരത്തിനിറക്കുകയായിരുന്നു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top