24 November Sunday

കൊറോണക്കാലത്തെ മുതലാളിത്ത മത്സരങ്ങൾ...അജിത്‌ കേരളവര്‍മ്മ എഴുതുന്നു

അജിത്‌ കേരളവര്‍മ്മUpdated: Tuesday Mar 17, 2020

അജിത്‌ കേരളവര്‍മ്മ

അജിത്‌ കേരളവര്‍മ്മ

ആരോഗ്യമേഖലയെ കമ്പോള യുക്തിക്ക് തീറെഴുതിക്കൊടുക്കാതെ ഓരോ മനുഷ്യനെ മനുഷ്യനായി പരിഗണിക്കുന്ന, ജനളോട് അടുത്തിടപഴകുന്ന, അവരുടെ സാമൂഹ്യസാഹചര്യങ്ങൾ മനസ്സിലാക്കുന്ന, പണമില്ലാത്തതിൻറെ പേരിൽ ചികിത്സ നിഷേധിക്കാത്ത പൊതുജനാരോഗ്യ സംവിധാനങ്ങളാണ് നമുക്കാവശ്യം. എങ്കിലേ ഇന്ന് ലോകമെമ്പാടും പടർന്നുപിടിച്ച കൊറോണ പോലുള്ള, അതല്ലെങ്കിൽ ലോകമിനിയും കാണാനിരിക്കുന്ന പുതിയ മഹാമാരികളെ പ്രതിരോധിക്കുവാൻ കഴിയുകയുള്ളൂ...അജിത്‌ കേരളവര്‍മ്മ എഴുതുന്നു

കമ്പോളം മനുഷ്യന് വില നിശ്ചയിക്കുന്ന മുതലാളിത്ത ലോകത്തിനു മുൻപിൽ കൊറോണ വൈറസ്സുപോലും (കോവിഡ് 19) നിസ്സഹായരായി നിന്നുപോയിക്കാണണം. പണമില്ലാത്തവനും പണക്കാരനുമെല്ലാം ഒരുപോലെയാവുന്ന കൊറോണക്കാലത്തെക്കുറിച്ച്‌ ഒരുപാട് സ്റ്റാറ്റസ്സുകൾ കണ്ടു. പക്ഷെ അങ്ങനെത്തന്നെയാണോ യാഥാർഥ്യം? മുതലാളിത്ത ലോകത്തെ വർഗ്ഗയാഥാർഥ്യം മറ്റുചില ചിത്രങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ട്. അതോടൊപ്പം മനുഷ്യൻറെ മാരണത്തിനുമുകളിലും ബിസിനസ്സ് കെട്ടിപ്പടുക്കാനുള്ള മുതലാളിത്ത വ്യഗ്രതകളുടെ കഥകളും.

ലോകത്തെമ്പാടുമായി നൂറിലധികം രാജ്യങ്ങളിലെ ഒരുലക്ഷത്തി എഴുപത്തിനായിരത്തോളം പേരിലേക്ക് ചുരുങ്ങിയ ദിവസങ്ങൾകൊണ്ടുതന്നെ പടർന്നുപിടിച്ച, ഏഴായിരത്തോളം പേരുടെ ജീവനെടുത്ത നോവൽ കൊറോണ വൈറസ് (novel corona virus) മൂലമുണ്ടാവുന്ന കോവിഡ് രോഗം (corona virus disease/COVID-19) കഴിഞ്ഞ ആഴ്ചയാണ് ലോകാരോഗ്യസംഘടന ഒരു ആഗോള മഹാമാരിയായി (pandemic) ആയി പ്രഖ്യാപിച്ചത്. ലോകം ഈ മഹാമാരിയുടെ ഭീതിയിൽ ജീവിക്കുന്ന ഈ കാലത്ത്, പ്രധാന നഗരങ്ങളെല്ലാം കൊറോണ പടരുന്നത് തടയാൻ അടച്ചിട്ടിരിക്കുന്ന അവസരത്തിൽ, ജീവിതോപാതികളടക്കം കടകമ്പോളങ്ങളുടെയും തൊഴിലിടങ്ങളുടെയും പ്രവർത്തനങ്ങൾ നിശ്ചലമായ വേളയിൽ, എന്തിന്, ആശുപത്രികൾ തികയാതെ പുതിയ ആശുപത്രിക്കെട്ടിടങ്ങൾ വരെ നിർമിക്കുന്ന, ഹോട്ടലുകളും ഫ്‌ളാറ്റ് സമുച്ചയങ്ങളും വരെ ക്വാറണ്ടയിൻ കേന്ദ്രങ്ങളായി മാറ്റേണ്ടി വരുന്ന ഈ സാഹചര്യത്തിലും മുതലാളിത്തം ഇന്നും കുത്തകകൾ (monopoly) തേടിയുള്ള യാത്രയിലാണ്.

കൊറോണയ്ക്കെതിരെ ഫലപ്രദമായ മരുന്നുകളോന്നും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ആയതിനാൽ തന്നെ വിവിധ രാജ്യങ്ങളിലെ പൊതു/സ്വകാര്യ ഗവേഷണ സ്ഥാപനങ്ങൾ കൊറോണയെ പ്രതിരോധിക്കാനുള്ള വാക്സിൻ നിർമിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഇതിൽ ചിലത് ക്ലിനിക്കൽ ട്രയലുകൾ പോലുള്ള പരീക്ഷണ ഘട്ടത്തിൽ എത്തിനിൽക്കുകയാണ് എന്ന വാർത്തയും വരുന്നുണ്ട്. വർഗ്ഗവ്യത്യാസമില്ലാതെ ലോകത്തെ ഏവർക്കും പ്രാപ്യവും, സുരക്ഷിതവും ഫലപ്രദവുമായ ഒരു വാക്സിൻ വികസിപ്പിച്ചെടുത്താൽ മാത്രമേ അന്തിമമായി ഈ മഹാമാരിയെ പിടിച്ചുനിർത്താനാവൂ എന്ന ഒരു സാഹചര്യം കൂടി നമുക്കുമുൻപിലുണ്ട്. ഈ ഒരു സാഹചര്യത്തിലാലാണ്, സ്വകാര്യമൂലധനതാൽപ്പര്യം സംരക്ഷിക്കൽ നയമായെടുത്ത മുതലാളിത്തരാജ്യങ്ങൾ അത്തരം കണ്ടെത്തലുകളുടെ കുത്തകയാർക്കുവേണമെന്ന കാര്യത്തിൽ മത്സരിക്കുന്ന വാർത്തയും കടന്നുവരുന്നത്.          

കൊറോണ പ്രതിരോധ വാക്സിൻ വികസിപ്പിച്ചെടുക്കുവാനുള്ള ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ജർമൻ കമ്പനിയാണ് CureVac. ജർമൻ ഗവൺമെൻറിൻറെ സകാഹാരണം കൂടിയുള്ള ഒരു സ്ഥാപനമാണിത്. CureVac ൻറെ അവാകാശവാദങ്ങളനുസരിച്ച് കൊറോണ പ്രതിരോധ വാക്സിൻ വികസനത്തിൽ കാര്യമായ പുരോഗതിയവർ കൈവരിച്ചിട്ടുണ്ട്. അവർക്കു വൻതോതിൽ പണം വാഗ്‌ദാനം നൽകി ഭാവിയിൽ സാധ്യമായേക്കാവുന്ന ആ പ്രതിരോധ വാക്സിൻ അമേരിക്കയ്ക്ക് മാത്രം കുത്തകാവകാശമുള്ള ഒന്നായി മാറ്റിയെടുക്കാൻ അമേരിക്കൻ പ്രസിഡണ്ടിന്റെ തന്നെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നതായി ജർമൻ ദേശീയ ദിനപത്രമായ ഡൈ വെൽട്ട് (Die Welt daily) ഈ അടുത്ത ദിവസത്ത് റിപ്പോർട് ചെയ്തു. കഴിഞ്ഞ മാർച്ച് രണ്ടാം തിയ്യതി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോദിക വസതിയിൽ വച്ചുനടന്ന ഒരു കൂടിക്കാഴ്ചയിൽ CureVac ചീഫ് എക്സിക്യൂട്ടീവ് ഡാനിയൽ മെനിഷെല്ല പങ്കെടുത്തതായി ദി ഗാർഡിയൻ അടക്കമുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. കൊറോണ വാക്സിൻ വികസിപ്പിച്ചെടുക്കുന്ന ഗവേഷണങ്ങളിൽ പ്രവർത്തിക്കുന്ന ഗവേഷകരെ സ്വാധീനിച്ച് വശത്താക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളായി വേണമിതിനെ കാണേണ്ടതെന്നും ഡൈ വെൽട് അഭിപ്രായപ്പെടുന്നു. യൂഎസ്സിൻറെ ഈ നടപടികൾ ജർമൻ ഗവൺമെണ്ടിനെ പ്രകോപിപ്പിച്ചിരിക്കുന്നതായും വാർത്തകൾ വരുന്നുണ്ട്.

മഹാമാരി സൃഷ്ട്ടിച്ച ആരോഗ്യ പ്രതിസന്ധികളെ വരെ ലാഭേച്ഛയോടെ കാണാൻ മുതലാളിത്തത്തിനല്ലാതെ ആർക്കാണ് കാണാൻ കഴിയുക? പ്രോഫിറ്റ് (profit) അഥവാ ലാഭം എന്നത് മനുഷ്യന് മുകളിൽ പ്രതിഷ്ഠിച്ചുവച്ച ഈ പ്രത്യയശാസ്ത്ര അന്ധതയ്ക്ക് എന്നാണ് ബുദ്ധിയുദിക്കുക? ഞങ്ങളിങ്ങനാണ് ഭായ്... കൊറോണക്കാലത്തെന്നല്ല, അതിനുമുമ്പും, മുതലാളിത്തം എന്ന് ഈ ഭൂമിയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ അന്നുമുതൽ! മഹാഭൂരിപക്ഷം ജനങ്ങളും മതിയായ ചികിത്സാലഭിക്കാതെയും, അവശ്യമരുന്നുകളുടെ അമിതവിലകേട്ട് മാറിനിൽക്കുന്ന സമയത്തും മനുഷ്യത്വം ഒരുത്തരിപോലും കാട്ടാതെ പുറംതിരിഞ്ഞു നിന്നവരാണ് മുതലാളിത്തം. അതിനി കൊറോണയല്ല, അതിലപ്പുറം എന്തുവന്നാലും ലാഭം... ലാഭം... എന്ന് ഒരുവിട്ടുകൊണ്ടേയിരിക്കും. ഇതിനെല്ലാമുപരി, മുതലാളിത്തം മാത്രമാണ് ശരിയായവഴി എന്ന് ആളുകളെ പറഞ്ഞു പറ്റിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും. സ്വകാര്യ മൂലധനം സ്വതന്ത്രമായി വിഹരിക്കുന്ന സാമൂഹ്യ വ്യവസ്ഥയിൽ മാത്രമേ മികച്ചരീതിയിലുള്ള വിഭവ സമാഹരണ, ഉത്പാദന, വിതരണ സംവിധാനങ്ങൾ നിലനിൽക്കുകയുള്ളൂ എന്നതാണല്ലോ മുതലാളിത്ത യുക്തി. പൊതുമേഖല തീർത്തും കാര്യക്ഷമമല്ലാത്ത (inefficient) ഒന്നായാണ് മുതലാളിത്തം പറയുക. മുതലാളിത്ത രാജ്യങ്ങളുടെ സ്വകാര്യവത്കരണ നയങ്ങളുടെ അടിസ്ഥാനവും ഇത് തന്നെ.


ലോകാരോഗ്യ സംഘടനയുടെ വേൾഡ് മെഡിസിൻ സിറ്റുവേഷൻ റിപ്പോർട് പ്രകാരം വികസ്വര/അവികസിത രാജ്യങ്ങളിലെ 90% ജനങ്ങളും മരുന്നിനായി സ്വന്തം പോക്കറ്റിനെത്തന്നെ ആശ്രയിക്കുന്നവരാണ് (out of pocket expenditure). പൊതുജനാരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയും, പൂർണ്ണമായോ, ഫർമസ്യൂട്ടിക്കൽ ഉപഭോഗങ്ങൾക്ക് പ്രത്യേകമായോ ഇൻഷുറൻസ് കവറേജ് ഇല്ലാത്തതോ ആണ് ഇതിനു കാരണം. മുതലാളിത്ത രാജ്യങ്ങളിലായാലും സ്റ്റേറ്റ് ഫണ്ടഡ് ഇൻഷുറൻസ് പോളിസികളിൽ ഭൂരിഭാഗവും ആശുപത്രി ചികിത്സയിലല്ലാത്ത മരുന്നുകളുടെ (out-patient drugs) ചെലവ് ഇൻഷുറൻസിൽ ഉൾപ്പെടുത്തുന്നില്ല . മരുന്നുകൾ കൂടി ഉൾപ്പെടണമെങ്കിൽ പ്രൈവറ്റ് ഇൻഷുറൻസുകളെ ആശ്രയിക്കേണ്ടിവരും എന്ന് സാരം. സ്വകാര്യ ഇൻഷുറൻസ് പോളിസികളെ ആശ്രയിക്കാൻ പണമില്ലാത്ത, സ്വന്തം പോക്കറ്റിൽ നിന്ന് മരുന്നുകൾക്ക് ചിലവഴിക്കാൻ പണമില്ലാത്ത വികസ്വര, വികസിത,അവികസിത എന്ന വേർത്തിരുവുകളില്ലാതെ ലോകത്തെ അടിസ്ഥാനവർഗ്ഗ ജനവിഭാഗങ്ങൾക്കെല്ലാം മരുന്നുകൾ വാങ്ങുക എന്നത് പ്രയാസമേറിയ കാര്യമാണ്. ഇത്തരം അസമത്വം ലോകരാജ്യങ്ങൾ മരുന്നുകൾക്കായി ചിലവഴിക്കുന്ന തുകയുടെ കാര്യത്തിലും വ്യക്തമാണ്. ലോകത്ത് മരുന്നുകൾക്കായി മൊത്തം ചിലവഴിക്കുന്നത്തിൻറെ 78.5% തുകയും വരുന്നത് വെറും 16% ജനസംഘ്യ മാത്രം ഉൾപ്പെടുന്ന ഉയർന്ന വരുമാനമുള്ള 46 രാജ്യങ്ങളിൽനിന്നാണ് (World Bank-ൻറെ high income country വിഭാഗം). അതെ സമയം മൊത്തം ലോക ജനസംഖ്യയുടെ 71% വരുന്ന താഴെത്തട്ടിലുള്ള രാജ്യങ്ങൾ (low-middle & low income countries) മരുന്നിനായി ചിലവഴിക്കുന്നത് ലോകത്ത് മൊത്തം ചിലവഴിക്കുന്നതിന്റെ 11% മാത്രമാണ്. ദരിദ്ര-സമ്പന്ന രാജ്യങ്ങൾ തമ്മിലും, രാജ്യങ്ങൾക്കത്തെ ദരിദ്ര-സമ്പന്ന ജനവിഭാഗങ്ങൾ തമ്മിലുമുള്ള അസമത്വത്തിൻറെ ബൃഹത് പശ്ചാത്തലത്തിൽ കൂടി വേണം മരുന്നു കുത്തകകളെക്കുറിച്ചും, അത് സൃഷ്ട്ടിക്കുന്ന അനിയന്ത്രിതമായ വിലക്കയറ്റത്തെക്കുറിച്ചും മനസ്സിലാക്കേണ്ടത്.

മുതലാളിത്ത ആരോഗ്യമാതൃകകളുടെ പ്രതിസന്ധി

മുതലാളിത്തത്തിൻറെ കാര്യക്ഷമതാ യുക്തി (efficiency logic) വളരെയധികം ചോദ്യംചെയ്യപ്പെടുന്ന കാലഘട്ടംകൂടിയാണിത്. കൊറോണപോലൊരു മഹാമാരിയെ നേരിടുവാൻ സ്വകാര്യമേഖല പരാജയമാണ് എന്നുകൂടി തെളിഞ്ഞു വരികയും ചെയ്യുന്നുണ്ട്. പൊതുമേഖലയെ ശക്തിപ്പെടുത്തുന്നതിനുപകരം ഇൻഷുറൻസുകളിലൂടെ ആരോഗ്യ രംഗത്തെ മുന്നോട്ടുകൊണ്ടുപോകുന്ന അതിലുപരി അവരുടെ അത്തരം നയങ്ങൾ മറ്റുരാജ്യങ്ങളിലേക്കുകൂടി അടിച്ചേൽപ്പിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക പോലുള്ള മുതലാളിത്ത രാജ്യങ്ങൾ ഇന്ന് കൊറോണക്കുമുൻപിൽ പകച്ചുനിൽക്കുകയാണ്.

നിരവധി പേരാണ് അമേരിക്കൻ ഇൻഷുറൻസ് കവറേജിന്‌ പുറത്തുനിൽക്കുന്നവർ. യു.എസ്സിലെ, ചിക്കാഗോ യൂണിവേഴ്സിറ്റി നടത്തിയ ഒരു സർവ്വേ പ്രകാരം മാരകമായ അസുഖങ്ങൾ ബാധിക്കുമോയെന്ന് ഭയക്കുന്നതിനേക്കാൾ (33%), അത്തരം അസുഖങ്ങളുടെ ചികിത്സാ-ചിലവുകളെയോർയോർത്ത് ഭയക്കുന്നവരാണ് (40%) യുഎസിലെ ജനങ്ങൾ (The Guardian). 40%ത്തോളം ജനങ്ങൾ മെഡിക്കൽ പരിശോധനകളോ (test) ചികിത്സയോ വേണ്ടെന്നുവക്കുന്നവരും, 44% ജനങ്ങൾ അസുഖം വരുന്ന സമയത്തു ഡോക്ടറെകാണാൻ മടിക്കുന്നവരുമാണെന്നും അതെ റിപ്പോർട്ട് പറഞ്ഞുവയ്ക്കുന്നു. യൂ.എസ് ഇൻഷുറൻസ് കേന്ദ്രീകൃത ആരോഗ്യനയത്തിന്റ അപര്യാപ്തതകൂടിയാണ് ഇവിടെ വ്യക്തമാവുന്നത്. ടെസ്റ്റുകൾക്കും ചികിത്സയ്ക്കും വേണ്ടി സ്വന്തം പോക്കറ്റില്നിന്നും വലിയതോതിൽ പണം ചിലവഴിക്കേണ്ടി വരുമോ എന്ന ആശങ്ക പരിശോധനകളിൽനിന്നും ഒഴിഞ്ഞുനിൽക്കുവാൻ ജനങ്ങളെ പ്രേരിപ്പിയ്ക്കന്നതാണെന്നും, അങ്ങനെ സംഭവിച്ചാൽ അത് കൊറോണ പടർന്നുപിടിക്കാനുള്ള കാരണമായി മാറുമെന്ന് ദി ഗാർഡിയൻ അഭിപ്രായപ്പെടുന്നു. അതിനെല്ലാം പുറമെ ചികിത്സയ്‌ക്കോ ഐസൊലേഷനോ വിധേയമായാൽ നഷ്ടമാവുന്ന ശമ്പളത്തെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകളും.

ആരോഗ്യ/ചികിത്സാ കാര്യങ്ങൾക്കായി ഏറ്റവുമധികം പണം ചിലവഴിക്കുന്ന ഒരു രാജ്യമാണ് യുഎസ്. മൊത്തം യൂഎസ്സ് ജിഡിപിയുടെ 18%ത്തോളം വരുമിത്. യൂഎസ്സിനെക്കാൾ ആളോഹരി ആരോഗ്യമേഖലക്കായി ചിലവഴിക്കുന്ന ഒരു രാജ്യമാണ് കാനഡ. പക്ഷെ മരുന്നുകളുടെ ഉയർന്ന വില താങ്ങാനാവാതെ മരുന്നുകുറിപ്പടികളെ അവഗണിക്കുന്ന 10% ആളുകളുള്ള രാജ്യം കൂടിയാണ് കാനഡ. ആരോഗ്യമേഖലക്കുവേണ്ടി ഇത്രയും ചെലവഴിച്ചിട്ടും ഒരു പൊതുജനാരോഗ്യ പ്രതിസന്ധി വരുമ്പോൾ അതിനെ നേരിടാൻ കഴിയാതെ പകച്ചുനിൽക്കേണ്ടി വരുന്നത് മുതലാളിത്ത ആരോഗ്യ മാതൃകകളുടെ പൊള്ളത്തരങ്ങളെക്കൂടിയാണ് വെളിച്ചത്തുനിർത്തുന്നത്. പണം കൊടുത്ത് ആരോഗ്യം വിലക്കുവാങ്ങാമെന്ന മുതലാളിത്ത രാജ്യങ്ങളുടെ അവാകാശവാദങ്ങളെ കൊറോണക്കാലം അസാധുവാക്കി.

നവലിബറൽ വ്യാപാര ഉടമ്പടികളും ആരോഗ്യ മേഖലയും

ആഗോള വ്യാപാര സംഘടന (WTO) 1994-ൽ നിലവിൽ വന്നത് മൂന്നു കരാറുടമ്പടികളോട് (agreements) കൂടെയാണ്. ഭൗതിക സ്വത്തവകാശ നിയമം (intellectual property rights/IPR) വിവരിക്കുന്ന TRIPS (Agreement on Trade Related Aspects of Intellectual Property Rights) കരാറായിരുന്നു അതിലൊന്ന്. TRIPS-ൻറെ വരവോടുകൂടി ആഭ്യന്തിര പേറ്റന്റ് നിയമങ്ങൾ പൊളിച്ചെഴുതാൻ ലോകരാജ്യങ്ങൾ നിർബന്ധിതരായി. ലോകത്തെ ഭൂരിപക്ഷം ദരിദ്രജനവിഭാഗങ്ങൾ താമസിക്കുന്ന വികസ്വര-അവികസിത രാജ്യങ്ങൾക്ക് ഇരട്ടഭാരമായിരുന്നു WTO ഉടമ്പടിയിലെ TRIPS കരാർ. വിലകുറഞ്ഞ മരുന്നുകളുടെ ലാഭ്യതയതുമായി ബന്ധപ്പെട്ട് വികസ്വര-അവികസിത രാജ്യങ്ങളെ, പ്രതികൂലമായി ബാധിച്ച ഒന്നായിരുന്നു TRIPS ഉടമ്പടി. പേറ്റൻറ് കുത്തകകൾ സ്വന്തമാക്കിയ ആഗോള മരുന്ന് കമ്പനികൾക്ക് യഥേഷ്ടം വിലനിശ്ചയിക്കുവാൻ TRIPS കരാറോടെ സാധ്യമാവുന്നതായിരുന്നു അതിന് കാരണം. തൊണ്ണൂറുകളുടെ അവസാനത്തിൽ എയ്ഡ്സ് (HIV/AIDS) പോലുള്ള രോഗങ്ങൾ - പ്രത്യേകിച്ച് ആഫ്രിക്കൻ രാജ്യങ്ങളിൽ - പടർന്നു പിടിച്ചപ്പോൾ പ്രാപ്പ്യമല്ലാത്ത രീതിയിൽ മരുന്നുകളുടെ വില നിലനിന്നിരുന്നത് ആ രാജ്യങ്ങളെ വലിയ പ്രതിസന്ധികളിലാണ് ചെന്നെത്തിച്ചത്. ശക്തമായ കുത്തകാ പേറ്റൻറ് നിയമങ്ങൾ ആരോഗ്യം പോലുള്ള മനുഷ്യാവകാശങ്ങളെ കവർന്നെടുക്കുന്നത് തടയുന്നതിനായി അതെ ലോകാരോഗ്യസംഘടനക്ക് കീഴിൽ നിർമിച്ച ഇളവുകളും (relaxations/flexibility) മുതലാളിത്തരാജ്യങ്ങളുടെ - പ്രത്യേകിച്ച് യുഎസ് താല്പര്യങ്ങൾക്കുവേണ്ടി - അട്ടിമറിക്കുന്ന കാഴ്ചയും പിന്നീട് കണ്ടു.

യഥാർത്ഥ വിലയുടെ പത്തും നൂറുമിരട്ടി, അതിലുമുപരിയും ലാഭമെടുക്കുന്നതിനു മരുന്നുകമ്പനികളെ സഹായിക്കുന്ന ഒന്നായിമാറി ഈ ലോകരാജ്യങ്ങളുടെ മാറ്റിയെഴുതിയ പേറ്റന്റ് നിയമങ്ങൾ. ഉദാഹരണത്തിന് ബേയർ (Bayer) എന്ന ആഗോള കുത്തകയുടെ നെക്‌സാവർ (Nexavar) എന്ന കാൻസർ മരുന്നിന്, ഒരു മാസത്തെ ചെലവ് രണ്ടുലക്ഷത്തി അമ്പതിനായിരത്തിലധികമായിരുന്നു. ഇന്ത്യ ഗവണ്മെന്റ് അവരുടെ ആദ്യത്തേതും അവസാനത്തേതുമായ നിർബന്ധിത ലൈസൻസ് (compulsory licence) ആ മരുന്നിനുമുകളിൽ അനുവദിച്ചതിനുശേഷം (2013) ഒരു ഇന്ത്യൻ ഫർമാ കമ്പനി അത് നിർമ്മിച്ച് വിതരണം ചെയ്തപ്പോൾ പ്രാരംഭ ഘട്ടത്തിൽ അതേമരുന്നിന്റെ വില വെറും എണ്ണായിരത്തോളമായി കുറഞ്ഞു. മരുന്ന് കമ്പനികളുടെ പേറ്റന്റ് കുത്തക എത്ര വലിയ അളവിലാണ് രോഗികളെ പിഴിയുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. പക്ഷെ, അതിനു ശേഷം ഇന്ത്യയിതുവരെ എത്ര അടിയന്തിര സാഹചര്യങ്ങൾ ഉണ്ടായിട്ടും നിർബന്ധിത ലൈസൻസിങ് എന്ന TRIPS ഫ്ലെക്സിബിലിറ്റി ഉപയോഗിച്ചിട്ടേയില്ല. ആഗോള മരുന്നുകുത്തകകളുടെയും പാശ്ചാത്യരാജ്യങ്ങളുടെയും സമ്മർദ്ദത്തിന് ഇന്ത്യ വഴിപ്പെട്ട് നിർബന്ധിത ലൈസൻസിങ് ഉപയോഗിക്കാത്തത് പണമില്ലാത്തതിൻറെ പേരിൽ ചികിത്സ നിഷേധിക്കപ്പെട്ട ലക്ഷോപലക്ഷം ജനങ്ങളുടെ പ്രതീക്ഷകൾക്കാണ് കത്തിവച്ചത്.

ആരോഗ്യരംഗത്ത് ചിലവഴിക്കാൻ പണമില്ലാതെ ദരിദ്രരാജ്യങ്ങൾ ബുദ്ധിമുട്ടുകയാണ്. എന്തിന് വികസിത രാജ്യങ്ങളെന്ന് അവകാശപ്പെടുന്ന മുതലാളിത്ത രാജ്യങ്ങളിലെ മധ്യവർഗ്ഗ-ദരിദ്ര ജനവിഭാഗങ്ങളും പണമില്ലാത്തതിന്റെ പേരിൽ ചികിത്സ അവഗണിക്കുകയാണ്. അവിടെയാണ് മുതലാളിത്തത്തിൻറെ കാര്യക്ഷമതാ യുക്തിയെ വിമര്ശിക്കേണ്ടതും. സ്വതന്ത്ര കമ്പോളം (free market) സാധനങ്ങളും സേവനങ്ങളും മികച്ചരീതിയിൽ ജനങ്ങളിൽ എത്തിക്കുമെന്ന് അവകാശവാദം ഉന്നയിക്കുമ്പോഴും അതിന്റെ സേവനങ്ങളിൽനിന്നും ലോകത്തെ മഹാഭൂരിപക്ഷം ജനങ്ങളും അവഗണിക്കപ്പെട്ടു പോകുന്നവരാണെന്നതാണ് യാഥാർഥ്യം. ഇവിടെയാണ് പൊതുജനാരോഗ്യ കാഴ്ചപ്പാടുകൾക്ക് പ്രാധാന്യമർഹിക്കുന്നത്. ആരോഗ്യമേഖലയെ കമ്പോള യുക്തിക്ക് തീറെഴുതിക്കൊടുക്കാതെ ഓരോ മനുഷ്യനെ മനുഷ്യനായി പരിഗണിക്കുന്ന, ജനളോട് അടുത്തിടപഴകുന്ന, അവരുടെ സാമൂഹ്യസാഹചര്യങ്ങൾ മനസ്സിലാക്കുന്ന, പണമില്ലാത്തതിൻറെ പേരിൽ ചികിത്സ നിഷേധിക്കാത്ത പൊതുജനാരോഗ്യ സംവിധാനങ്ങളാണ് നമുക്കാവശ്യം. എങ്കിലേ ഇന്ന് ലോകമെമ്പാടും പടർന്നുപിടിച്ച കൊറോണ പോലുള്ള, അതല്ലെങ്കിൽ ലോകമിനിയും കാണാനിരിക്കുന്ന പുതിയ മഹാമാരികളെ പ്രതിരോധിക്കുവാൻ കഴിയുകയുള്ളൂ.

സോഷ്യലിസ്റ്റ് മെഡിക്കൽ സോളിഡാരിറ്റി

ഡിസംബറിൽ പുതിയ ഇനം കൊറോണ (novel corona virus) ആദ്യമായി കണ്ടുപിടിച്ചതിന് ഒരാഴ്ചക്കുള്ളിൽ തന്നെ ചൈനയിലെ ഗവേഷണസ്ഥാപനങ്ങൾ അതിൻറെ ജനിതകരൂപഘടന വരച്ചെടുക്കുകയും അത് ലോകരാജ്യങ്ങൾക്ക് നൽകുകയും ചെയ്തു. (ചൈന അന്നുനൽകിയ ജനിതക രൂപഘടനയിൽ നിന്നുകൂടിയാണ് വാക്സിൻ കുത്തകയ്ക്കു വേണ്ടി പോരടിക്കുന്നവർ ഗവേഷണങ്ങൾ ആരംഭിച്ചത് എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്). ചൈനയിൽ നിലവിലെ ആശുപത്രികൾ തികയാതെ വന്ന സാഹചര്യത്തിൽ ആയിരവും അതിലധികവും കിടക്കളൊരുക്കിയ പുതിയ ആശുപത്രികൾ തന്നെയാണ് ചൈന ദിവസങ്ങൾക്കുള്ളിൽ ജനങ്ങൾക്കായി പണികഴിപ്പിച്ചത്. കോറോണയിൽ ദുരിതമനുഭവിക്കുന്നവരുടെ ഓരോ പ്രശ്നങ്ങളിലും ആ രാഷ്ട്രം കൂടെനിൽക്കുകയും ചെയ്തു. സോഷ്യലിസ്റ്റ് മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഡോക്ടർമാരുടെയും നേഴ്സ്മാരുടെയും, ,മറ്റ് ആരോഗ്യപ്രവർത്തകരുടെയും ലാഭേച്ഛയില്ലാത്ത പ്രവർത്തനങ്ങൾ കൂടിയായപ്പോൾ കൊറോണയെ ഒരു പരിധിവരെ പിടിച്ചുനിർത്താൻ സോഷ്യലിസ്റ്റ് ചൈനക്ക് കഴിഞ്ഞുവെന്ന് പറയാം. രണ്ടുമാസത്തിനിടയിൽ എൺപത്തിനായിരത്തോളം കോവിഡ് കൺഫെർമ്ഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ചൈനയിൽ കഴിഞ്ഞ ദിവസം (16.03.2020) 14 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.


കൊറോണ ചൈനീസ് സമ്പദ് വ്യവസ്ഥയെ കാര്യമായിത്തന്നെ പിടിച്ചലുലച്ചിട്ടുണ്ടാവണം എന്നതിൽ സംശയമൊന്നുമില്ല. എന്നിരുന്നാലും ഈ പ്രതിസന്ധികളിലും കൈകെട്ടി മാറിനിൽക്കാതെ കൊറോണ പടർന്നുപിടിക്കുന്ന മറ്റു രാജ്യങ്ങൾക്ക് സഹായങ്ങളുമായി ചൈന പുറപ്പെടുകയാണ്. കൊറോണ സാരമായി പ്രതിസന്ധികൾ സൃഷ്ട്ടിച്ച ഇറ്റലി, ഇറാൻ, ഇറാക്ക് എന്തിന് യുഎസിലേക്കുവരെ ചൈനയുടെ ഡോക്ടർമാരും സംഘങ്ങളും ചികിത്സോപാധികളും അടങ്ങിയ വിമാനങ്ങളും കപ്പലുകളും പുറപ്പെടുകയോ എത്തിക്കഴിയുകയോ ചെയ്തു. ലോകത്തെ ഏറ്റവും മികച്ച ഡോക്ടർമാരെന്ന് പേരുകേട്ട മറ്റൊരു കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബയും അവരുടെ മെഡിക്കൽ സംഘത്തെ ലോകത്തെ പല രാജ്യങ്ങളിലേക്കും അയച്ചു കഴിഞ്ഞു. ഒരു കമ്മ്യൂണിസ്റ് രാഷ്ട്രത്തിൻറെ അധികാരങ്ങളൊന്നുമില്ലെങ്കിലും കേരളത്തിലെ കമ്മ്യൂണിസ്റ് ഭരണം എങ്ങനെയാണ് ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുന്നതെന്ന് ഏവർക്കും അറിയുന്ന കാര്യവുമാണ്. ഏതു പ്രതിസന്ധികളിലും ജനങ്ങൾക്കൊപ്പം നിൽക്കുക എന്ന മാർക്സിസിറ്റ് മാനവിക മൂല്യങ്ങൾ തന്നെയാണ് ഇവരെ നയിക്കുന്നതെന്ന് പറയാം.

മാറേണ്ട വ്യവസ്ഥകൾ

നമ്മളെ പരിഗണിക്കാത്ത പ്രത്യയശാസ്ത്രങ്ങളെ വേണ്ടെന്നുവക്കുവാൻ നമ്മളും തയ്യാറാവണം. അത് മുതലാളിതമായാലും ഫാസിസമായാലും. മനുഷ്യരാശിയുടെ നിലനില്പിനുതന്നെ അപകടമാണിവ. കൊറോണക്കാലം കടന്നുപോയാലും നമ്മൾ മറവികൾക്ക് വഴികൊടുക്കരുത്. അത്തരം മറവികളെയാണ് അവർ ചൂഷണം ചെയ്യുന്നതും. കറുത്തമരണവും, കോളറയും, ഐയ്ഡ്സും, പന്നിപ്പനിയും, എബോളയുമെല്ലാം ചില പാഠങ്ങൾ പകർന്നുതന്നു. പൊതുജനാരോഗ്യം ശക്താമാവേണ്ടുന്നതിൻറെ പാഠങ്ങളായിരുന്നുവത്. ആരോഗ്യം ഒരു അവകാശമാണ്.അന്താരാഷ്‌ട്ര വിളംബരങ്ങളിലും, ദേശീയ അന്തർദേശീയ നിയമങ്ങളിലും ഭരണഘടനകളിലും പ്രാവർത്തികമാവാത്ത അക്ഷരങ്ങളായി അതിനെ മാറ്റിയെടുക്കുന്നത് ഇവിടെ നിലനിൽക്കുന്ന വ്യവസ്ഥയുടെ പരാജയംകൊണ്ടുമാത്രമാണ്. ആ വ്യവസ്ഥകൾ ഇല്ലാതാവണം. പരാജയപ്പെട്ട വ്യവസ്ഥകൾക്കെതിരെ "ഒരു കല്ലേറിൻറെ കരുത്തെങ്കിലും കാത്തുവെക്കണം" (വിനു).

Break the Chain!

അടിയന്തിരമായി നമുക്ക് ചിലത് ചെയ്യേണ്ടതുണ്ട്. കോവിഡ് പടർന്നുപിടിക്കുന്ന ചങ്ങലകണ്ണികൾ മുറിച്ചിടേണ്ടതുണ്ട്. നമ്മളിലൂടെ കണ്ണിചേർന്ന് കടന്നുപോയേക്കാവുന്ന ഒരു ചങ്ങലയാണത്. സ്വയം ആ ചങ്ങലയുടെ കണ്ണിയാവാതിരിക്കുക. സ്വയം പ്രതിരോധമാവുക. കൊറോണയെക്കുറിച്ചും കൊറോണ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും, അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും, മുൻകരുതലുകളെക്കുറിച്ചും, കൊറോണക്കാലത്തെ പെരുമാറ്റ ചട്ടങ്ങളെക്കുറിച്ചും സ്വയം അറിവുനേടുക. ശരിയായ ഉറവിടങ്ങളിൽനിന്നുള്ള ശാസ്ത്രീയമായ അറിവുകളാണ് ആർജ്ജിക്കുന്നതെന്ന് ഉറപ്പുവരുത്തുക. അത് മറ്റുള്ളവർക്ക് പകർന്നുനൽകുക. നിതാന്ത ജാഗ്രത എല്ലാ മനുഷ്യരും വച്ചുപുലർത്തേണ്ട സമയമാണിത്. വൈറസ്സിനു പ്രവേശനം കൊടുക്കാതെ ഇന്ദ്രിയങ്ങൾ തുറന്നുവയ്ക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top