21 December Saturday

ഹിന്ദുത്വ നയരൂപീകരണവും
 സ്ഥിതിവിവര കണക്കുകളും

ടി ചന്ദ്രമോഹൻUpdated: Friday Sep 27, 2024

 

ചരിത്രത്തെയും ശാസ്‌ത്രത്തെയും വളച്ചൊടിക്കുന്ന മോദി സർക്കാർ വസ്‌തുതകളെയും യാഥാർഥ്യങ്ങളെയും തള്ളിക്കളയുകയാണ്‌. രാജ്യത്തിന്റെ യഥാർഥ അവസ്ഥ മനസ്സിലാക്കുന്ന സ്ഥിതി വിവരക്കണക്കുകളെ ഭയപ്പെടുകയും ചെയ്യുന്നു. സാമ്പത്തിക വളർച്ച, വിലക്കയറ്റം, ദാരിദ്ര്യം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ സർക്കാർ ഏജൻസികൾ പുറത്തുവിടുന്ന കണക്കുകളുടെ വിശ്വാസ്യത പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നു. സർക്കാർ പുറത്തുവിടുന്ന കണക്കുകളും യാഥാർഥ്യവും തമ്മിൽ പൊരുത്തപ്പെടുന്നില്ല. വിവിധ ദേശീയ, അന്തർദേശീയ ഏജൻസികളുടെ സർവേകളുടെ ഉള്ളടക്കം സർക്കാരിന്റെ അവകാശവാദങ്ങൾക്ക്‌ എതിരാണെങ്കിൽ അവയെ തള്ളിക്കളയുകയും ചെയ്യുന്നു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ശാസ്ത്രീയ അടിസ്ഥാനത്തിൽ നടത്തിയ പ്രധാന സർവേകളോട്‌ പൊതുവായ അവഹേളനമാണ് സർക്കാർ സ്വീകരിച്ചത്‌. വിവിധ സർവേ റിപ്പോർട്ടുകളെ ഒന്നുകിൽ പൂഴ്‌ത്തിവച്ചിരിക്കുന്നു, അല്ലെങ്കിൽ സർവേയുടെ സ്ഥിതിവിവരക്കണക്ക് യാഥാർഥ്യങ്ങളെ വളച്ചൊടിക്കുന്നു. ദേശീയ കുടുംബാരോഗ്യ സർവേ, ഗാർഹിക ഉപഭോഗ ചെലവ് സർവേ തുടങ്ങിയവ ഉദാഹരണം. സാമ്പത്തിക സെൻസസ്‌, കാർഷിക സെൻസസ്‌, ആനുകാലിക തൊഴിലാളിസർവേ എന്നിവയ്‌ക്ക്‌ ആധാരമാക്കുന്ന അടിസ്ഥാന വിവരങ്ങളിൽ ശാസ്‌ത്രീയത പുലർത്തുന്നില്ലെന്ന ആക്ഷേപവുമുണ്ട്‌.

വിശ്വാസ്യതയും ഗുണമേന്മയും കാലാനുസൃതവുമായ സ്ഥിതി വിവരക്കണക്കുകളിലുടെയാണ്‌ രാജ്യം വിവിധ തലങ്ങളിൽ കൈവരിച്ച പുരോഗതിയെയും നേട്ടങ്ങളെയും ഒറ്റനോട്ടത്തിൽ വിലയിരുത്താനാവുക. വികസനത്തിനാവശ്യമായ, സത്യസന്ധമായ സൂചികകൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് സ്ഥിതി വിവരക്കണക്കുകൾ അനിവാര്യമാണ്‌. എന്നാൽ, ഗുണമേന്മയുള്ള സ്ഥിതിവിവരക്കണക്കുകൾ ലഭ്യമല്ലാത്ത ഒരിടമായി ഇന്ത്യ മാറുകയാണ്‌. രാജ്യത്തിനകത്തും പുറത്തുമുള്ള സ്വതന്ത്ര ഏജൻസികൾ നൽകുന്ന സ്ഥിതി വിവരക്കണക്കുകളെ മോദി സർക്കാർ തള്ളിക്കളയുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിൽ യുക്തിരാഹിത്യത്തെ പ്രോത്സാഹിപ്പിച്ച്‌ നയങ്ങൾ രൂപീകരിക്കുന്നതിന്റെ ഭാഗമാണിത്. രാജ്യത്തെ സെൻസസ് വൈകുന്നതുമായി ബന്ധപ്പെട്ട് വിമർശം ഉന്നയിച്ചതിന്റെ പേരിൽ ദേശീയ സ്റ്റാറ്റിസ്‌റ്റിക്‌സ് സ്റ്റാൻഡിങ് കമ്മിറ്റി പിരിച്ചുവിട്ട കേന്ദ്ര സർക്കാർ നടപടി ഇതിന്റെ തുടർച്ചയാണ്‌. സ്ഥിതിവിവരക്കണക്ക് ശേഖരണ രീതികളുടെ ഏകോപനത്തിനും മെച്ചപ്പെടുത്തലിനും സർക്കാരിന് ഉപദേശകരായി പ്രവർത്തിച്ചിരുന്നത് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രണോബ് സെൻ അധ്യക്ഷനായ 14 അംഗ സ്ഥിതിവിവര സ്റ്റാൻഡിങ് കമ്മിറ്റി (എസ്‌സിഒഎസ്) ആയിരുന്നു. സാമ്പിൾ ഫ്രെയിം, സാംപ്ലിങ്‌ ഡിസൈൻ, സർവേ ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള സർവേ രീതിശാസ്ത്രത്തെക്കുറിച്ച് നിർദേശങ്ങൾ നൽകുക, സർവേകളുടെ ടാബുലേഷൻ പ്ലാൻ അന്തിമമാക്കുക തുടങ്ങിയവയായിരുന്നു പ്രവർത്തനോദ്ദേശ്യം. ഡാറ്റയുടെ പ്രധാന ഉറവിടമായ ജനസംഖ്യാ കണക്കെടുപ്പ്‌ (സെൻസസ്) എന്തുകൊണ്ട് വൈകിപ്പിക്കുന്നുവെന്ന്‌ അംഗങ്ങൾ സമിതി യോഗങ്ങളിൽ ചോദിച്ചതിനു പിന്നാലെയാണ്‌ രണ്ടാഴ്‌ച മുമ്പ്‌ പ്രണോബ് സെൻ അധ്യക്ഷനായ കമ്മിറ്റിയെ പിരിച്ചുവിട്ടത്‌.

1948-ലെ സെൻസസ് ആക്ട് പ്രകാരം ഇന്ത്യയിൽ ഓരോ പത്ത് വർഷം കൂടുമ്പോഴും സെൻസസ് നടത്തേണ്ടതാണ്. 2021- ലെ സെൻസസ്‌ നടക്കാത്തതിനാൽ 2011 -ലെ സെൻസസ്‌ അടിസ്ഥാനമാക്കി സർക്കാർ പുറത്തിറക്കുന്ന പല കണക്കുകൾക്കും വിശ്വാസ്യത ഇല്ല.

രാജ്യത്തെ വികസന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിൽ ജനസംഖ്യയുടെ വിവിധ ഘടകങ്ങളെക്കുറിച്ചുള്ള വിവരം അത്യാവശ്യമാണ്. വിശദവും സമ​ഗ്രവുമായ ജനസംഖ്യാപരമായ വിവരശേഖരണമായ സെൻസസിൽ സാക്ഷരത, വിദ്യാഭ്യാസം, താമസസൗകര്യങ്ങൾ, ആസ്തികൾ, വീടുകളിലെ ഭൗതികസൗകര്യങ്ങൾ, നഗരവൽക്കരണം, ജനനം, ഭാഷ, മതം, കുടിയേറ്റം, ചേരിനിവാസികൾ-, ദളിതർ-, അംഗ-വൈകല്യമുള്ളവർ തുടങ്ങിയവയുടെ വിപുലമായ വിവരശേഖരണംകൂടിയാണ്‌. 1948-ലെ സെൻസസ് ആക്ട് പ്രകാരം ഇന്ത്യയിൽ ഓരോ പത്ത് വർഷം കൂടുമ്പോഴും സെൻസസ് നടത്തേണ്ടതാണ്. 2021- ലെ സെൻസസ്‌ നടക്കാത്തതിനാൽ 2011 -ലെ സെൻസസ്‌ അടിസ്ഥാനമാക്കി സർക്കാർ പുറത്തിറക്കുന്ന പല കണക്കുകൾക്കും വിശ്വാസ്യത ഇല്ല. 2019 മാർച്ചിൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം 2021- ലെ സെൻസസ് പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായ വീടുകളുടെ നമ്പരിടൽ 2020 ഏപ്രിൽ ഒന്നിന്‌ തുടങ്ങി സെപ്‌തംബർ 30-ന് മുമ്പ് പൂർത്തിയാക്കാനാണ് തീരുമാനിച്ചിരുന്നത്. കോവിഡ് വ്യാപനത്തോടെ പ്രവർത്തനങ്ങൾ അവതാളത്തിലായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയവും സമയക്രമം തയ്യാറാക്കി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അംഗീകാരത്തോടെയാണ്‌ പുതിയ സെൻസസ്‌ പ്രഖ്യാപിക്കേണ്ടത്‌. അടുത്തുതന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ്‌ കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത്‌ ഷാ പറഞ്ഞത്‌. ജാതി സെൻസസ്‌ ഇതോടൊപ്പം ഉണ്ടാകുമോ എന്നതിൽ തീരുമാനമായിട്ടില്ല.

ജനസംഖ്യാ കണക്കെടുപ്പിൽ മാത്രമല്ല, സാമ്പത്തിക സെൻസസിലും മോദി സർക്കാർ ഉദാസീനത കാട്ടുന്നു. രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളുടെ ഘടനയെയും പ്രവർത്തനങ്ങളെയും തൊഴിൽ ശക്തി നിശ്‌ചയിക്കുന്നതിനെയും കുറിച്ചുള്ള കണക്ക്‌ ലഭ്യമാക്കുന്നതാണ്‌ സാമ്പത്തിക സെൻസസ്. 2013ൽ നടത്തിയ ആറാമത്തെ സാമ്പത്തിക സെൻസസ്‌ പ്രകാരം 2016ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ വിവരങ്ങളാണ്‌ ഇപ്പോൾ നിലവിലുള്ളത്‌. 2019 ൽ ഏഴാമത്‌ സാമ്പത്തിക കണക്കെടുപ്പിന്‌ തുടക്കമിട്ടെങ്കിലും കോവിഡിനാൽ അത്‌ തടസ്സപ്പെട്ടു. ശേഖരിച്ച ഡാറ്റയുടെ ഗുണനിലവാരത്തെക്കുറിച്ചും ആശങ്ക ഉയർന്നിരുന്നു. വലിയ തോതിലുള്ള സാമ്പിൾ സർവേകളുടെ കൃത്യതയും വിശ്വാസ്യതയും കെട്ടിപ്പടുക്കുന്നതിൽ താൽപ്പര്യം കാട്ടുന്നതല്ലെന്നാണ്‌ ഗവൺമെന്റിന്റെ സമീപകാല ചർച്ചകളും സ്ഥിതിവിവരക്കണക്ക് സംബന്ധിച്ച നിലപാടുകളും വ്യക്തമാക്കുന്നത്‌. ഭരണകൂട താൽപ്പര്യം സംരക്ഷിക്കുന്നതിനായി രാജ്യത്തെ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനത്തിൽ സർക്കാർ അമിതമായ ഇടപെടലുകളാണ് നടത്തുന്നത്‌. സർക്കാർ എജൻസിയായ നിതി ആയോഗിന്റെയും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയുടെയും അമിത ഇടപെടൽ കാരണം ലോകത്തെ ഏറ്റവും വിപുലവും കാര്യശേഷിയുമുള്ള ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനത്തിന്റെ വിശ്വാസ്യതയാണ്‌ തകരുന്നത്‌. നേട്ടങ്ങൾ പെരുപ്പിച്ചുകാണിക്കാനും ജനങ്ങളുടെ യഥാർഥ ജീവിത പ്രയാസങ്ങൾ മറച്ചുവയ്‌ക്കാനും ലക്ഷ്യമിട്ടുള്ള കണക്കുകളും റിപ്പോർട്ടുകളും തയ്യാറാക്കുന്ന ഏജൻസിയായി സ്ഥിതിവിവര സ്ഥാപനങ്ങളെ സർക്കാർ തരംതാഴ്‌ത്തുന്നു. ആധുനിക ലോകത്ത് ഡാറ്റ ശേഖരിക്കുന്ന വിഷയങ്ങളെക്കുറിച്ചും ശേഖരിച്ച ഡാറ്റ വിശകലനം ചെയ്ത് ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ മനസ്സിലാക്കുന്നതിനെക്കുറിച്ചുമുള്ള സ്റ്റാറ്റിസ്റ്റിക്സിന് വലിയ പ്രാധാന്യം ഏറുമ്പോഴാണ്‌ ഇന്ത്യ വിപരീത ദിശയിൽ സഞ്ചരിക്കുന്നത്‌.

സർവേ നടത്തി തയ്യാറാക്കിയ ഒട്ടനവധി ദേശീയ സാമ്പിൾ സർവേ റിപ്പോർട്ടുകൾ ഉപേക്ഷിക്കപ്പെടുന്നതിനോ കേന്ദ്ര ഭരണ നേതൃത്വത്തിന്റെ താൽപ്പര്യത്തിനനുസരിച്ചു മാറ്റിയെഴുതാനോ നിർബന്ധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിൽ.

ലോകം മുഴുവൻ അറിവ് ഉൽപ്പാദിപ്പിക്കാനും വികസനത്തിനും ഡാറ്റ ശേഖരത്തെ വലിയ തോതിൽ ആശ്രയിക്കുന്ന നിർമിതബുദ്ധിയുടെ കാലഘട്ടത്തിലാണ് രാജ്യത്തെയും ജനജീവിതത്തെയും സംബന്ധിച്ച യഥാർഥ വസ്തുതകൾ വെളിപ്പെടുത്തുന്ന സ്ഥിതിവിവര കണക്കുകളെ ഭരണകൂടം ഭയക്കുന്നതും സ്റ്റാറ്റിസ്റ്റിക്‌സ് സംവിധാനത്തെ ദുർബലപ്പെടുത്തുന്നതും. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളരുന്നുവെന്ന കണക്ക്‌ മുന്നോട്ടുവയ്‌ക്കുമ്പോഴും തൊഴിലില്ലായ്മയും ദാരിദ്ര്യവും വർധിക്കുന്ന വൈരുധ്യം നിലനിൽക്കുന്ന വർത്തമാന സാഹചര്യത്തിൽ സ്ഥിതിവിവരസ്ഥാപനങ്ങൾ വളച്ചൊടിക്കാതെ നൽകുന്ന സത്യസന്ധമായ കണക്കുകൾക്ക്‌ വലിയ പ്രാധാന്യമുണ്ട്‌. ഈ വിവരശേഖരണ സമ്പത്താണ് എല്ലാ തലങ്ങളിലുമുള്ള ആസൂത്രകരെയും ഭരണനിർവഹണ ഉദ്യോഗസ്ഥരെയും നയങ്ങൾ രൂപകൽപ്പന ചെയ്യാൻ പ്രാപ്തരാക്കുന്നത്. 2011 ലെ സെൻസസ് പ്രകാരം ഏകദേശം 81.5 കോടി ആളുകൾ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിലാണ്‌. 2024 മാർച്ചിൽ പ്രവചിക്കപ്പെട്ട ജനസംഖ്യയെ അടിസ്ഥാനമാക്കിയാൽ അർഹതപ്പെട്ടവരുടെ എണ്ണം 93 കോടി കവിയും. സെൻസസ്‌ വൈകിയതിനാൽ മാത്രം പതിനൊന്ന് കോടി ജനങ്ങൾക്ക് സബ്‌സിഡിയോ അർഹതപ്പെട്ട ഭക്ഷ്യധാന്യങ്ങളും മറ്റ്‌ ആനുകൂല്യങ്ങളും ലഭിക്കാതെ പോകുകയാണ്‌. സർവേ നടത്തി തയ്യാറാക്കിയ ഒട്ടനവധി ദേശീയ സാമ്പിൾ സർവേ റിപ്പോർട്ടുകൾ ഉപേക്ഷിക്കപ്പെടുന്നതിനോ കേന്ദ്ര ഭരണ നേതൃത്വത്തിന്റെ താൽപ്പര്യത്തിനനുസരിച്ചു മാറ്റിയെഴുതാനോ നിർബന്ധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിൽ. സർവേ ഫലങ്ങൾ മാത്രമല്ല, സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനം രാജ്യത്തെ സാമൂഹ്യ- സാമ്പത്തിക അവസ്ഥ പഠിക്കാൻ തയ്യാറാക്കിയ പല മാനദണ്ഡങ്ങളും സർക്കാർ താൽപ്പര്യത്തിനനുസരിച്ച് മാറ്റിയെഴുതാൻ ശ്രമിച്ചതിന്റെ സൂചനയാണ് ദാരിദ്ര്യവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ. ഉപഭോക്തൃ ചെലവിന്റെ അടിസ്ഥാനത്തിൽ ദരിദ്രരുടെ എണ്ണം കണക്കാക്കുന്ന പഴയ രീതി ഉപേക്ഷിച്ച് ‘മൾട്ടി ഡയമൻഷണൽ പോവർട്ടി ഇൻഡക്സ്’ കണക്കാക്കുന്ന പുതിയ രീതി ആവിഷ്കരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ദാരിദ്ര്യം കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന യാന്ത്രികമായ വിവരം നൽകുകയുമാണ്‌ കേന്ദ്ര സർക്കാർ ഏജൻസികൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top