15 December Sunday

ശരണാഗതന്മാർക്കിഷ്ടം; ചെമ്പൈയുടെ വേർപാടിന്‌ അമ്പതാണ്ട്‌

ദിനേശ്‌ വർമ ckdvarma@gmail.comUpdated: Sunday Dec 15, 2024

‘‘വാതാപി ...’’ എന്ന കൃതി ചെമ്പൈ പാടുന്നത്‌ റേഡിയോയിൽ കേട്ട്‌ ആളെ നേരിൽ കാണാൻ പോയ ആസ്വാദകന്റെ കഥ കേട്ടിട്ടുണ്ട്‌. ആ രൂപം കാണാൻ, പ്രകമ്പനം കൊള്ളിക്കുന്ന പ്രൗഢ ശബ്ദത്തിനുടമ ആരാണ്‌ എന്നറിയാൻ, അത്രയ്ക്കുണ്ട്‌ വൈഭവം!

മഹാകാരവും വെങ്കലനാദവും. വലിപ്പച്ചെറുപ്പമില്ലാതെ ആരോടും തമാശകൾ പറഞ്ഞ്‌ പൊട്ടിച്ചിരിക്കുന്ന ലാളിത്യം. ആഴത്തിലാകർഷിക്കുകയും വിടാതെ പിടികൂടുകയും ചെയ്യുന്ന പ്രകൃതം. ശാസ്‌ത്രീയ സംഗീതത്തിന്റെ ഏഴയലത്ത്‌ പോകാത്തവരും ചെമ്പൈ വൈദ്യനാഥ ഭാഗവതർ പാടുമ്പോൾ കാതുകൂർപ്പിച്ച്‌ മുന്നിലിരിക്കും! അത്യപൂർവമായി മാത്രം അനുഭവിക്കാൻ കഴിയുന്ന സംഗീതോത്സവത്തിൽ നിമഗ്നനായി.

സംഗീതത്തിന്‌ അങ്ങനെയൊരു ഗുണമുണ്ട്‌, ജാതിയോ മതമോ പണമോ പാണ്ഡിത്യമോ പാമരത്വമോ ഒന്നും ബാധിക്കുന്നില്ല. ചെമ്പൈ മലയാളിയെ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല. പാട്ട്‌ പഠിപ്പിക്കുന്നതിലും കച്ചേരി കേൾക്കുന്നതിൽപ്പോലും കടുത്ത ജാതി–മത വിവേചനം നിലനിന്നുപോന്ന കാലത്താണ്‌ ചെമ്പൈ അതിനെയെല്ലാം മറികടന്നത്‌. മുസ്ലിമിനെയും ക്രിസ്ത്യാനിയെയും നാനാ ജാതിയിലുള്ളവരെയും കഴിവും താൽപ്പര്യവും നോക്കി ശിഷ്യരാക്കിയ മഹത്വം, മഹാമാനവീയത! വീട്ടുകാരും ബന്ധുക്കളും സമുദായവും കടുത്ത എതിർപ്പുകൾ ഉയർത്തിയെങ്കിലും വകവച്ചില്ല. കാരണം, ഈ വകതിരിവുകൾക്കൊന്നും സമൂഹത്തിൽ സ്ഥാനമില്ലെന്ന ഉറച്ച വിശ്വാസം തന്നെ.

പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്‌ ഒരിക്കൽ ചെമ്പൈയോട്‌ ഒരു കുസൃതി ചോദിച്ചു: ‘‘മൂന്നുനാല്‌ മലയന്മാരെയൊക്കെ പാട്ട്‌ പഠിപ്പിക്കണ്‌ണ്ടല്ലോ, പാട്ടെന്താ മട്ട്‌, ശാരീരത്തിന്‌ നടപ്പ്‌ണ്ടോ?’’ സംശയലേശമന്യേ ചെമ്പൈ പറഞ്ഞു: ‘‘പിന്നെന്താ, അസ്സലായിട്ട്‌ പാടും, നല്ല താളബോധം, ശാരീരം ഒന്നാന്തരായിട്ട്‌ നടക്കും.’’ പുമുള്ളിയുടെ ലക്ഷ്യം ചെമ്പൈയെ ചൊടിപ്പിക്കലായിരുന്നെങ്കിലും മറുപടി യാഥാസ്ഥിതികരുടെ മുഖത്തേക്കായിരുന്നു.


സംരക്ഷിക്കാം ഈ പൈതൃകം

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ ചെമ്പൈ ഗ്രാമത്തെ പൈതൃക ഗ്രാമമായി പ്രഖ്യാപിക്കുകയുണ്ടായി. പകരംവയ്ക്കാനാകാത്ത സംഗീത വഴിയുടെയും വേറിട്ടുനിൽക്കുന്ന ചെമ്പൈ ശൈലിയുടെയും മാത്രമല്ല, മത–ജാതി പരിഗണനകളെ പടിക്കുപുറത്തുനിർത്തുന്ന പൈതൃകം കൂടിയാണ്‌ സംരക്ഷിക്കപ്പെടുന്നത്‌.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത്‌ (1894) ജനിച്ചു. ഇരുപതാംനൂറ്റാണ്ടിൽ മുക്കാൽഭാഗവും രാജ്യത്തിന്റെ പലഭാഗത്തും ഓടിനടന്ന്‌ കച്ചേരിനടത്തി ജനസാഗരങ്ങളെ കോൾമയിർക്കൊള്ളിച്ചു. ആ സപ്തസ്വര ചക്രവർത്തിയെ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമ്മൾ സജീവമായി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. വേർപിരിഞ്ഞിട്ട്‌ അരനൂറ്റാണ്ട് പിന്നിടുമ്പോഴും ആസ്വാദകരിൽ കോരിച്ചൊരിയുകയാണ്‌ അനശ്വരാലാപം !

അസുരവാദ്യമെന്ന്‌ വിശേഷണമുള്ള ചെണ്ടയിൽ വരെ പാട്ട്‌ വായിക്കുന്ന നാടാണ്‌ പാലക്കാട്‌, അത്രയ്ക്ക് നിലീനം സംഗീതബോധം. ശാസ്‌ത്രീയ സംഗീതം തഴച്ചുവളർന്നതിന്റെ സ്വാധീനം കൂടിയാണത്‌. ഒരുകാലത്ത്‌ തഞ്ചാവൂരിനും കുംഭകോണത്തിനും ഒപ്പം തലയുയർത്തിനിന്നു കാറ്റുപിടിക്കുന്ന കരിമ്പനകളുള്ള പാലക്കാട്‌.  അഞ്ച്‌ ശാസ്‌ത്രീയ സംഗീത സമ്പ്രദായങ്ങൾ ഇവിടെ ഉണ്ടായിരുന്നുവെന്ന്‌ ഇന്നുകേൾക്കുമ്പോൾ അത്ഭുതം തോന്നാം; തൊണ്ടിക്കുളം, മഞ്ഞപ്ര, എണ്ണപ്പാടം, കാവശ്ശേരി, വടക്കഞ്ചേരി!

അഞ്ചോ ആറോ നൂറ്റാണ്ടുകൾക്ക്‌ മുൻപ്‌ തമിഴ്‌നാട്ടിലെ ഈറോഡ്‌ ഭാഗത്തുനിന്ന്‌ കുടിയേറിയ ഭാഗവതർമാരുടെ പരമ്പരയുള്ള കുടുംബമാണ്‌ ചെമ്പൈയുടേത്‌. തന്റെ പൂർവികരായ അഞ്ച്‌ തലമുറയിൽപ്പെട്ടവരുടെ പേരുകൾ അദ്ദേഹം തന്നെ അഭിമുഖങ്ങളിലും മറ്റും പതിവായി പറഞ്ഞു പോരാറുണ്ട്‌. അച്ഛൻ അനന്തഭാഗവതരിൽനിന്ന്‌ മാത്രമാണ്‌ സംഗീത പഠനം. പക്ഷേ, ആ തലമുറകളിലൊന്നുമില്ലാത്തവിധം അസാമാന്യ പ്രതിഭാശേഷി കൊച്ചുന്നാളിലേ പ്രകടിപ്പിച്ചു. കുട്ടി വൈദ്യനാഥന്റെ വൈഭവം മഹാവിദുഷികളെല്ലാം അന്നേ തിരിച്ചറിഞ്ഞു. ഒരു കുടുംബ സുഹൃത്ത്‌ ചെമ്പൈയുടെ അച്ഛനോട്‌ പറഞ്ഞതിങ്ങനെ: ‘‘അനന്താ, സിംഹക്കുട്ടി ജനിച്ചയുടനെ ഓടാനും ചാടാനും തുടങ്ങും, തനിക്ക്‌ പിറന്നതും ഒരു സിംഹക്കുട്ടി തന്നെ.’’



ഏത്‌ കൃതിയും രാഗവും ഉച്ചസ്ഥായിയെന്നോ കീഴ്‌സ്ഥായിയെന്നോ നോക്കാതെ അനായാസമായി പാടാനുള്ള കഴിവ്‌, അദ്വിതീയമായ താളബോധം, വൈകാരിക ഭാവവും ഭാവുകത്വ പരിലസിതവുമായ ആലാപനം, കത്തിരിപോലെ മറ്റാർക്കും പറ്റാത്ത സവിശേഷതയാർന്ന ശൈലികൾ, മൈക്ക്‌ ഇല്ലാതെ തന്നെ അയ്യായിരം പേർ ഇരിക്കുന്ന സദസ്സിനെ മറികടക്കുന്ന വൻനാദം... ചെമ്പൈയുടെ പാട്ടിനെക്കുറിച്ച്‌ വിശേഷണങ്ങൾക്ക്‌ അന്തമില്ല. ജീവചരിത്രകാരനായ വി ജയിൻ എഴുതിയതുപോലെ സമ്പൂർണ സംഗീതജ്ഞൻ എന്നപോലെ തന്നെ സമ്പൂർണ മനുഷ്യനും ആയിരുന്നു ചെമ്പൈ.

സമ്രാട്ട്‌

ലോകോത്തര സംഗീതജ്ഞർ ഒത്തുചേർന്ന കൽക്കത്ത സംഗീത സദസ്സിൽ ചെമ്പൈക്ക്‌ കിട്ടിയ അംഗീകാരം ഏറെ പ്രശസ്തമാണ്‌. അത്‌ പൂമുള്ളി വിവരിച്ചത്‌ ഇങ്ങനെ: ‘‘വല്യ സദസ്സാണ്‌. ഇന്ത്യയിലെ സകല സംഗീതജ്ഞരും പങ്കെടുക്കുന്നു. ഫയാസ്‌ഖാനും മറ്റുമുണ്ട്‌, ഭാഗവതരോട്‌ കെടപിടിക്കണ ആളാണ്‌ ശാരീരത്തില്‌. സദസ്സില്‌ രബീന്ദ്രനാഥ്‌ ടാഗോർ, അബനീന്ദ്രനാഥ്‌ ടാഗോർ അങ്ങിനെള്ളതായിട്ടുള്ള ജ്ഞാനസന്മാരും വിദ്വാന്മാരും ഒക്കെണ്ട്‌. ഇദ്ദേഹത്തിന്റെ പാട്ട്‌ പകുതിയായപ്പോ, ടാഗോറ്‌ എഴുന്നേറ്റ്‌ നിന്നു. എന്നിട്ട്‌ പറഞ്ഞു: ‘ഇദ്ദേഹമാണ്‌ സംഗീത സമ്രാട്ട്‌.’ അപ്പൊ, ഭാഗവതര്‌ വേദിയിലിരുന്ന്‌ കണ്ണീര്‌ തൊടയ്ക്കായിരുന്നു.’’ഇതേ കൽക്കത്തയിൽനിന്ന്‌ ജീവനും കൊണ്ട്‌ രക്ഷപ്പെട്ട കഥ ചെമ്പൈ തന്നെ പത്രപ്രവർത്തകരോട്‌ പലപ്പോഴും പറഞ്ഞിട്ടുണ്ട്‌. രണ്ടാംലോക മഹായുദ്ധകാലത്ത്‌ 1941 ൽ ജപ്പാൻകാർ കൽക്കത്തയിൽ ബോംബിട്ടു. അന്ന്‌ വാഹനമൊന്നും കിട്ടാതെ കുഴഞ്ഞപ്പോൾ മാതൃഭൂമി എംഡിയായിരുന്ന വി എം നായരാണ്‌ ലോറിയിൽ റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ചത്‌.

ആകാശവാണി അഭിമുഖത്തിൽ ഒരിക്കൽ ഉറൂബ്‌ ചെമ്പൈയോട്‌ ചോദിച്ചു, പാടലും പാട്ട്‌ പഠിപ്പിക്കലുമല്ലാതെ മറ്റെന്തെങ്കിലും ജീവിതത്തിൽ ചെയ്തിട്ടുണ്ടോ ?
‘‘ഉണ്ട്‌, മദിരാശിയിലുള്ള ലളിതാദാസരുടെ ( ടി ജി കൃഷ്ണയ്യർ) നൂറിലധികം കൃതികൾ ചിട്ടപ്പെടുത്തി, പാടി!’’ അതെ, സംഗീതമല്ലാതെ മറ്റൊന്നും മനസ്സിൽ കൊണ്ടുനടക്കാത്ത മനുഷ്യൻ! ദാസരുടെ കൃതി ‘‘പാവനഗുരു പവന പുരേശ ധീശമാശ്രയേ...’’ എല്ലാ വേദികളിലും പാടി പ്രശസ്തമാക്കിയത്‌ ചെമ്പൈ ആണ്‌. ലളിതാദാസർ തന്റെ മദിരാശിയിലെ ഭവനം തന്നെ ചെമ്പൈക്ക്‌ എഴുതി നൽകി. അവിടെ അദ്ദേഹം സംഗീത സ്കൂൾ തുടങ്ങി. പ്രിയ ശിഷ്യൻ യേശുദാസ്‌ ഗുരുനാഥനുള്ള സ്മരണാഞ്ജലിയായി പാടാറുള്ളതും ‘‘പാവന ഗുരു...’’ തന്നെ. ഗുരുനാഥന്റെ നിഷ്കളങ്ക ഭാവം കാണിക്കാനായി ആ ശബ്ദത്തിൽ ‘‘നന്നായി പാടണം ട്ട്വോ’’ എന്നൊക്കെ അനുകരിക്കാറുണ്ട്‌ യേശുദാസ്‌. പക്ഷേ, കച്ചേരി കഴിഞ്ഞ്‌ ചില ആസ്വാദകർ വന്ന്‌ ‘ചെമ്പൈയെ പോലെ പാടീട്ടോ’ എന്ന്‌ വാഴ്‌ത്തുമ്പോൾ ഒരു ഭാഗത്ത്‌ സന്തോഷിക്കുമെങ്കിലും മറുഭാഗത്ത്‌ വിഷമിക്കാറാണ്‌ പതിവെന്ന്‌ യേശുദാസ്‌ പറഞ്ഞിട്ടുണ്ട്‌; കാരണം, ചെമ്പൈയെപ്പോലെ പാടുകയെന്നത്‌ ആർക്ക്‌ സാധിക്കാൻ!

റെയിൽവേ സ്‌റ്റേഷനിലെ ഏലാദി


ഊണിലും ഉറക്കത്തിലും ചെമ്പൈയ്ക്ക്‌ പാട്ടിന്‌ അപ്പുറം മറ്റൊന്നില്ല. റെയിൽവേ സ്‌റ്റേഷനിൽ പോലും സമയം കിട്ടിയാൽ പഠിപ്പിക്കാറുള്ള കഥ ശിഷ്യരായ ജയവിജയന്മാർ ഓർമിക്കാറുണ്ട്‌: ‘‘കച്ചേരി കഴിഞ്ഞ്‌ മദിരാശിയിലേക്ക്‌ (ചെന്നൈ) മടങ്ങാനായി ഗുരുനാഥനൊപ്പം ഞങ്ങൾ തഞ്ചാവൂർ റെയിൽവേ സ്‌റ്റേഷനിലെത്തി. ട്രെയിൻ രണ്ട്‌ മണിക്കൂർ വൈകുമെന്ന്‌ അറിയിപ്പ്‌ വന്നു. ഉടനെ ഒരു കോസടി വിരിച്ച്‌ അദ്ദേഹം അതിലിരുന്ന്‌, ഞങ്ങളോട്‌ തയ്യാറാകാൻ പറഞ്ഞു. എന്തിന്‌? പാട്ട്‌ പഠിക്കാൻ!

‘ഏലാ നീ ദയ റാഡു...’ ത്യാഗരാജ കൃതി ചെമ്പൈ കൈമെയ്‌ മറന്ന്‌ പാടാൻ തുടങ്ങി. ഉച്ചസ്ഥായിയിൽ ആണ്‌ അതിന്റെ തുടക്കം തന്നെ. നിമിഷങ്ങൾക്കുള്ളിൽ തഞ്ചാവൂർ റെയിൽവേ സ്‌റ്റേഷനിലുണ്ടായിരുന്ന ജനം മുഴുവൻ വട്ടം കൂടി. പലർക്കും ആളെ മനസ്സിലായിരുന്നു. ആദ്യമൊന്ന്‌ പരിഭ്രമിച്ചെങ്കിലും പിന്നാലെ ഞങ്ങളും പാടി. ആ കൃതി മുഴുവൻ പഠിപ്പിച്ചിട്ടാണ്‌ അവിടുന്ന്‌ വണ്ടി കയറിയത്‌. ’’

മലയാള ഭാഷയോടും ജനിച്ച നാടിനോടും ചെമ്പൈ കാണിച്ച അതിയായ താൽപ്പര്യവും എടുത്ത്‌ പറയേണ്ടത്‌. പരമാവധി മലയാളത്തിൽ സംസാരിക്കാൻ ശ്രമിച്ചിരുന്നുവെന്ന്‌ മാത്രമല്ല, മലയാളത്തിലുള്ള കൃതികളും പതിവായി പാടി. ‘കരുണ ചെയ്‌വാനെന്തു താമസം...’ എന്ന ഇരയിമ്മൻ തമ്പിയുടെ കൃതി ലോകപ്രശസ്തമാക്കിയതും അദ്ദേഹമാണ്‌. മലയാള നിരൂപകനായിരുന്ന പ്രൊഫ. എസ്‌ ഗുപ്തൻ നായരാണ്‌ ഈ കൃതി പരിചയപ്പെടുത്തിയതും അത്‌ ശ്രീരാഗത്തിൽനിന്ന്‌ യദുകുല കാംബോജിയിലേക്ക്‌ മാറ്റണമെന്ന നിർദേശം വച്ചതും. താൻ അത്‌ ഭയഭക്തി ബഹുമാനത്തോടെ പാടി പറഞ്ഞുകൊടുത്തപ്പോൾ മഹാഗായകൻ സാകൂതം കേട്ടിരുന്നുവെന്നത്‌ തന്നെ അതഭുതപ്പെടുത്തിയെന്ന്‌ ഗുപ്തൻനായർ പറഞ്ഞിട്ടുണ്ട്‌.

1954 ൽ ചെമ്പൈയുടെ ശബ്ദം നിലച്ചതും തിരിച്ചുകിട്ടിയതും അറിയാത്തവരുണ്ടാകില്ല. പുതിയ തലമുറയ്ക്ക്‌ അതറിയാൻ എസ്‌ രമേശൻ നായർ ഒരു പാട്ട്‌ തന്നെ എഴുതിയിട്ടുണ്ട്‌: ‘ചെമ്പൈയ്ക്ക്‌ നാദം നിലച്ചപ്പോൾ പണ്ട്‌...’ എന്നാൽ, ഈ സംഭവത്തിലെ യാദൃശ്ചികതയും ചികിത്സയും ചെമ്പൈ ഒരു റേഡിയോ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്‌. തന്റെ സങ്കടം ഗുരുവായൂരിൽ നിന്ന്‌ പറയുമ്പോൾ പിന്നിൽ നിന്നിരുന്ന വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി അത്‌ കേട്ടു.  ‘‘ഞാനൊന്ന്‌ നോക്കട്ടെ’’ എന്ന്‌ അദ്ദേഹം ചോദിച്ചു. പൂമുള്ളിയിൽ വച്ച്‌ ചികിത്സയും തുടങ്ങി. വൈദ്യമഠത്തിന്റെ സൂക്ഷ്‌മമായ ചികിത്സയും മരുന്നും വഴി ശബ്ദം തിരിച്ചുകിട്ടി. അവിടെ വച്ച്‌ തന്നെ ഒരു കച്ചേരിയും നടത്തി. ആയുർവേദത്തിലെ ചികിത്സാമഞ്ജരിയിലെ ഒരു യോഗം എടുത്ത്‌ ചേരുവയിലും മാത്രകളിലും ചില മാറ്റങ്ങൾ വരുത്തിയാണ്‌ വൈദ്യമഠം മരുന്ന്‌ ഉണ്ടാക്കിയത്‌. ചെമ്പൈയുടെ ശബ്ദം തിരിച്ചുകിട്ടിയതോടെ, ആ മരുന്നും പ്രശസ്തമായി ‘വിഎൻബി ( വൈദ്യ നാഥ ഭാഗവതർ ) ചൂർണം’ എന്ന പേരും വീണു!

ഇത്രയൊക്കെ അംഗീകാരങ്ങളും ശിഷ്യഗണങ്ങളും സദസ്സുകളും സമ്പത്തും കൈവന്നെങ്കിലും ലാളിത്യം കൈവിടാനോ പണം കൂട്ടിവയ്ക്കാനോ അദ്ദേഹം ശ്രമിച്ചില്ല. ആരിൽ നിന്നും നിർബന്ധപൂർവം ഫീസ്‌ വാങ്ങിയില്ലെന്നും പണംനൽകാൻ ശേഷിയില്ലാത്തവരെ സൗജന്യമായി പാട്ട്‌ പഠിപ്പിച്ചിരുന്നുവെന്നും ശിഷ്യർ സ്മരിക്കുന്നു.
പന്ത്രണ്ടാം വയസ്സിൽ ഗുരുവായൂരിൽ ആദ്യമായി അച്ഛൻ കൊണ്ടുപോയി പാടിച്ചപ്പോൾ അസാമാന്യ ആലാപനം കണ്ട്‌ ഒരു ആരാധകൻ 115 രൂപ സമ്മാനം നൽകി. കന്നഡ സിനിമയിൽ പാടി അഭിനയിച്ചതിന്‌ നൂറിലധികം പവൻ ആണ്‌ കൊടുത്തത്‌. ലളിതാദാസർ മദിരാശിയിലെ കണ്ണായ സ്ഥലത്ത്‌ ഒരു വീടാണ്‌ കൊടുത്തത്‌. ഈ സമ്പത്തെല്ലാം ക്ഷേത്രങ്ങളിലേക്കും ആവശ്യക്കാർക്കും മറ്റും സഹായമായി നൽകിയും സംഗീത പഠനകേന്ദ്രങ്ങളാക്കിയും നാടിന്‌ തന്നെ സമർപ്പിക്കുകയാണ്‌ ചെമ്പൈ ചെയ്തത്‌.

‘ആയിരം ആള്‌ വന്ത മാതിരി’

താനാണ്‌ വലിയ ആളെന്ന ഭാവമില്ല, മറ്റുള്ളവരെ തിരിച്ചറിയാനും ആദരിക്കാനും മടിയുമില്ല. ഡോ. ബാലമുരളീകൃഷ്ണയെ ഉപചാരപൂർവം കാൽത്തളയണിഞ്ഞ്‌ ആദരിക്കാൻ മഹാനായ ഒരാൾ വേണമെന്ന്‌ ആന്ധ്രയിൽ നിന്നെത്തിയ സംഘാടകർ ആഗ്രഹം പ്രകടിച്ചപ്പോൾ അതും ഏറ്റു. അവിടെ പോയി താഴെയിരുന്ന്‌ കാലിൽ തള അണിയിച്ചു. ‘ലോകത്ത്‌ മറ്റാരെങ്കിലും ഇത്‌ ചെയ്യുമോ എന്ന്‌ തനിക്കറിയില്ല’ എന്നാണ്‌ ബാലമുരളീകൃഷ്ണ തന്നെ പറഞ്ഞത്‌.
പത്മഭൂഷൺ ലഭിച്ചതിനെ തുടർന്ന്‌ പാലക്കാട്‌ നടന്ന സ്വീകരണത്തിൽ സമൂഹത്തിന്റെ നാനാതുറകളിലുളളവരുടെ കൊടുമ്പിരിക്കൊണ്ട വരവേൽപ്പ്‌. ഹാരമണിയിക്കലും സമ്മാനങ്ങൾ നൽകലുമായി തിരക്കോട്‌ തിരക്ക്‌. ഇതിനിടയിൽക്കൂടി ദൂരെ നിന്ന്‌ ഒരാൾ വരുന്നത്‌ ചെമ്പൈ ശ്രദ്ധിച്ചു. സാക്ഷാൽ എ കെ ജി. ചെമ്പൈ ഇറങ്ങിച്ചെന്ന്‌ എ കെ ജി യെ സ്വീകരിച്ചു. എന്നിട്ട്‌ പറഞ്ഞു: ‘‘ആയിരം ആള്‌ വന്ത മാതിരി!’’

സി ആർ ഓമനക്കുട്ടൻ എഴുതിയ ചെമ്പൈ അനുഭവം ഇങ്ങനെ: ‘‘ഒന്നുറങ്ങിയെണീറ്റ്‌ ഒരു മണിയായപ്പോൾ ചെമ്പൈയുടെ പാട്ടു കേൾക്കാൻ ഞാൻ ചെന്നു. സ്വാമി ലയിച്ചിരുന്ന് സ്വയം മറന്ന് പാടുകയാണ്‌. നാദബ്രഹ്മരൂപം. ചെറിയ പറമ്പാണ്‌. ഒരരികിൽ പൊക്കിക്കെട്ടിയ സ്റ്റേജ്‌. അതിനു പിന്നിൽ നിന്നും മിനുട്ട്‌ തോറും മൂന്ന് കതിന പൊട്ടുന്നു. സ്വാമി കണ്ണും കാതും പൂട്ടി പാടുന്നു. -‘കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണ!’ കച്ചേരി തീർന്നപ്പോൾ ജനം പറമ്പിൽ നിറഞ്ഞു തുളുമ്പി. എന്തു ചെമ്പൈ, എന്തു വൈദ്യം ? സാംബന്റെ കഥയാണു വേണ്ടത്‌. സാംബശിവൻ സ്റ്റേജിൽ പ്രത്യക്ഷപ്പെട്ടു. ഹസ്തതാഡനം. സാംബൻ വലതു കൈയുയർത്തി അത്‌ തടഞ്ഞു. എന്നിട്ട്‌ കനപ്പെട്ട സ്വരത്തിൽ പറഞ്ഞു. ഇതിന്റെ സംഘാടകർ ആരാണെങ്കിലും അയാൾ ഉടൻ ഈ വേദിയിൽ വരണം. അയാൾ വന്ന് ഒരുറപ്പു ഉറക്കെ പ്രഖ്യാപിച്ചാലേ ഞാൻ കഥ പറയൂ. ഇല്ലെങ്കിൽ അഡ്വാൻസ്‌ തുക തിരിച്ചുതന്നിട്ട്‌ തിരിച്ചു പോകും! ജനം കല്ലേറേറ്റ കടന്നൽക്കൂടായി. സാംബൻ തുടർന്നു: ഞാൻ അര മണിക്കൂർ മുമ്പിങ്ങെത്തി.അത്രയും നേരമെങ്കിലും ആ ദേവഗാനം കേൾക്കാനുള്ള കൊതിയോടെ. ശ്രീ ചെമ്പൈ വൈദ്യനാഥ ഭാഗവതർ അനശ്വര കലാകാരനാണ്‌. ഗന്ധർവഗായകനാണ്‌. മഹാനായ സംഗീത പ്രതിഭയാണ്‌. ഈ സാഗരത്തിനു മുന്നിൽ ഒരു തുള്ളി പോലുമല്ല ഞാൻ. ഒരു പാവം. തീരെ എളിയ കലാകാരൻ. ചെമ്പൈ സ്വാമി പാടുമ്പോൾ കതിന പൊട്ടിച്ചവന്റെ കരണമടിച്ചു പൊളിക്കണം. ഞാൻ കഥ പറയുമ്പോൾ കതിന പൊട്ടാൻ പാടില്ല! ഒരോലപ്പടക്കം പൊട്ടാൻ പാടില്ല! സംഘാടകർ ഓടിക്കിതച്ചെത്തി. സ്റ്റേജിൽ കയറി ചെമ്പൈയോട്‌ മാപ്പു പറഞ്ഞു.’’ ( ബിമൽ മിത്ര: സാംബശിവനിലൂടെ, ഗുരുദത്തിലൂടെ).
അതായിരുന്നു ചെമ്പൈ!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top