വയനാട് ദുരന്തം ഏവരെയും വേദനിപ്പിക്കുന്ന സമയത്താണ് വീണ്ടുമൊരു ചിങ്ങം ഒന്ന് പിറക്കുന്നത്. കേരളീയരെ സംബന്ധിച്ച് ഏറ്റവും പ്രധാന മാസങ്ങളിലൊന്നാണ് ചിങ്ങം. തിരിമുറിയാതെ മഴപെയ്യുന്ന കർക്കടകത്തിന്റെ ദുരിതം മറക്കുന്ന മാസം. പുതിയ വർഷത്തിന്റെ തുടക്കമെന്നതു മാത്രമല്ല, കർഷകദിനംകൂടിയാണ് നമുക്ക് ചിങ്ങം ഒന്ന്. മണ്ണും മനുഷ്യനും പ്രകൃതിയും ചേർന്നൊരുക്കുന്ന താളം മുറിയാതിരുന്ന കാലത്തെക്കുറിച്ച് പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമൻ സംസാരിക്കുന്നു
. കേട്ടെഴുതിയത്: അരീക്കൽ വിഷ്‌ണു
ഏറെ സങ്കടമുള്ള ഈ സമയത്തും പ്രതീക്ഷയോടെയാണ് ഞാൻ ചിങ്ങത്തെ കാണുന്നത്. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ സാഹചര്യത്തിൽ ഇക്കൊല്ലം കർഷകദിനത്തിന് വലിയ ആഘോഷങ്ങളൊന്നുമില്ല. നമുക്ക് എളുപ്പത്തിൽ മറികടക്കാനാകാത്ത വലിയ ദുരന്തമാണ് ഇവിടെയുണ്ടായത്. എന്റെ വീട്ടിൽനിന്ന് ഏറെ ദൂരമില്ലാത്ത പ്രദേശത്താണ് ദുരന്തം നാശംവിതച്ചത്. എന്നിട്ടും ആ മനുഷ്യന്മാരുടെ സങ്കടം നേരിട്ടു കേൾക്കാൻ കരുത്തില്ലാത്തതിനാൽ ഞാൻ അവിടെ പോയില്ല. ആ വലിയ ദുരന്തത്തിൽനിന്ന് കരകയറാനുള്ള പ്രതീക്ഷയുടെ വിത്തുമുളപ്പിക്കാനും ഈ ചിങ്ങത്തിൽ നമുക്ക് കഴിയണം.
ഞാനടക്കമുള്ള വയനാട്ടിലെ ഭൂരിഭാഗം ആളുകളുടെയും പ്രധാന തൊഴിൽ കൃഷിയാണ്. കാലംതെറ്റിയെത്തുന്ന മഴയും കാലാവസ്ഥയിലെ മാറ്റവുമെല്ലാം നമ്മുടെ ജീവിതത്തെയും ബാധിച്ചിട്ടുണ്ട്. കൃഷിരീതികളിലും വിത്തുകളിലും കൃഷിചെയ്യുന്ന സമയത്തിലുമടക്കം നല്ല മാറ്റം ഉണ്ടായിട്ടുണ്ട്. പ്രകൃതിയിലും മണ്ണിലും നമ്മൾ ചെയ്യുന്ന പ്രവൃത്തികൾ കാലാവസ്ഥാ മാറ്റത്തിനും കാരണമാകുന്നുണ്ടാകാം. അതുകൊണ്ടുതന്നെ വയനാട്ടിലെ ദുരന്തത്തിന്റെ സാഹചര്യത്തിലുള്ള കർഷകദിനത്തിന് വലിയ പ്രത്യേകയുണ്ട്.
വയനാട്ടിലെ ഭൂമിയിൽ ഏറെയും കുന്നും മലകളുമാണ്. ആ പ്രദേശങ്ങളിലെ കൃഷിയും അനുബന്ധ പ്രവർത്തനങ്ങളുമൊക്കെ മണ്ണിന്റെ നിലനിൽപ്പിനെയും ബാധിക്കും. അതുകൊണ്ട് ഇവിടത്തെ പ്രദേശത്തിനനുസരിച്ച് ജീവിക്കാൻ നമ്മൾ ശ്രദ്ധിക്കണം. മരങ്ങൾ കൂടുതൽ വച്ചുപിടിപ്പിച്ചും പരമ്പരാഗത കൃഷിരീതികൾ തുടർന്നുമൊക്കെ നമുക്ക് മണ്ണിനെയും പ്രകൃതിയെയും സംരക്ഷിക്കാനാകും. അതൊക്കെയാണ് ഞാൻ ചെയ്യാൻ ശ്രമിക്കുന്നത്.
ആറുതരം മഴയും അഞ്ചുതരം കാറ്റും വയനാട്ടിലുണ്ട്. അതിനനുസരിച്ചായിരുന്നു മുമ്പ് നമ്മളുടെ കൃഷിരീതി. ആറ് മഴയും കൃഷിക്ക് അനുയോജ്യമായിരുന്നു. ഇന്നത് ഏറെ മാറി. മുമ്പ് ഇടവപ്പാതിയിൽ കൃഷി തുടങ്ങുമായിരുന്നു. എന്നാൽ, ഇന്ന് ഇടവപ്പാതിയും മിഥുനവും കർക്കടകവും കഴിഞ്ഞ് ചിങ്ങത്തിൽ കൃഷി തുടങ്ങുന്ന രീതിയിലേക്ക് മാറി. എട്ടുമാസംമുതൽ പത്തുമാസംവരെ പ്രായമുള്ള നെൽവിത്തുകളായിരുന്നു മുമ്പ് കൃഷി ചെയ്‌തിരുന്നത്. പുതിയ കാലത്ത് മൂന്നുമാസം പ്രായമുള്ള നെൽവിത്തുകളാണ് ഉപയോഗിക്കുന്നത്.
കൃഷിക്കായി ഭൂമിയൊരുക്കുന്നതിലും വലിയ മാറ്റംവന്നിട്ടുണ്ട്. ഭൂമിയെയും ചെറുജീവികളെയും സംരക്ഷിക്കുന്ന തരത്തിൽ ആയിരുന്നു മുമ്പ് കൃഷിചെയ്‌തിരുന്നത്. കാളകളെ ഉപയോഗിച്ച് നിലമുഴുത് ചാണകവും ഇലകളുമെല്ലാം ഉപയോഗിച്ചായിരുന്നു നിലമൊരുക്കിയത്. ഇന്ന് ട്രാക്ടർ അടക്കമുള്ള യന്ത്രങ്ങളും രാസവളങ്ങളുമാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇത്തരത്തിൽ നമ്മുടെ കൃഷിരീതിയിലാകെ വലിയ മാറ്റങ്ങൾ സംഭവിച്ചു.
വലിയ ലാഭമുണ്ടോ കൃഷിയിൽനിന്ന് എന്നാണ് കാണാൻ വരുന്ന പലരും ചോദിക്കുന്നത്. ലാഭമുള്ളതിനാലല്ല കൃഷിചെയ്യുന്നത്. പരമ്പരാഗത കൃഷിരീതിയെ, മണ്ണിനെ സംരക്ഷിക്കാനാണ് ഞാൻ കൃഷിചെയ്യുന്നത്. 60 തരം വിത്തുകൾ ഞാൻ സംരക്ഷിച്ചുവരുന്നുണ്ട്. അവയൊക്കെ എല്ലാ വർഷവും കൃഷിയും ചെയ്യുന്നുണ്ട്. എന്നാൽ, നാടിന്റെ പട്ടിണി മാറ്റുന്ന ആ കർഷകർ മിക്കവരും പട്ടിണിക്കാരുമാണ്. മണ്ണിനെ അറിഞ്ഞ് അതിനെ സംരക്ഷിക്കാനുള്ള കൃഷിയാണ് വേണ്ടത്. അതേസമയം, കർഷകർക്ക് കൂടുതൽ സഹായങ്ങളും ലഭിക്കണം.
മണ്ണിനും മനുഷ്യനും വേണ്ടിയുള്ള കൃഷിയിലേക്ക് മടങ്ങണം എന്നുള്ളതാണ് ഈ കർഷകദിനം നമ്മളോട് ആവശ്യപ്പെടുന്നത്. മണ്ണിനെ സംരക്ഷിച്ചുകൊണ്ട് വയനാട്ടിലെ ഇപ്പോൾ നടന്ന ഈ ദുരന്തത്തെയും നമുക്ക് മറികടക്കേണ്ടതുണ്ട്. നമ്മുടെ ജീവിതത്തിൽ പണ്ടുകാലംമുതൽ പ്രതീക്ഷയുടെ പുതുപുലരിയാണ് ചിങ്ങം. എല്ലാ സങ്കടത്തിനും ഇടയിൽ ചിങ്ങം നമുക്ക് പ്രതീക്ഷ നൽകുന്നതും അതുകൊണ്ടാണ്. പുതിയ പ്രതീക്ഷകളോടെ നമുക്ക് ചിങ്ങത്തെ വരവേൽക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..