22 December Sunday
ഇന്ന്‌ 
ശിശുദിനം

ദുരിതമേൽക്കാത്ത ബാല്യം

ജി എൽ അരുൺഗോപിUpdated: Thursday Nov 14, 2024

 

രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രാധാന്യമർഹിക്കുന്ന ദിവസമാണ് നവംബർ 14. ഭാവിയുടെ സമഗ്രതയെ അന്വേഷിക്കുന്ന ദിനംകൂടിയാണത്. കുട്ടികളുടെ ക്ഷേമത്തിനും അവരുടെ സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസത്തിലും പ്രതിഭാവിലാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ഉത്സവ ദിനമാണ് ചാച്ചാ നെഹ്റുവിന്റെ ജന്മദിനമായ ശിശുദിനം. ബഹുസ്വര സംസ്‌കാരത്തിലൂന്നിയ നാടിന്റെ പാരമ്പര്യത്തിന്റെ ഓർമപ്പെടുത്തലും വീണ്ടെടുപ്പുമായി അത് മാറുന്നു. ലോകത്താകെ 220 കോടി കുട്ടികളാണ് ഇന്നുള്ളത്.  ഇന്ത്യയിലെ 49 കോടി കുട്ടികളുടെ ജീവിതം അവർ ആഗ്രഹിക്കുംവിധം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്കാരവും ഉള്ള ഉത്തമപൗരരായി വളരാനുമുള്ള അവസരങ്ങളും സാഹചര്യങ്ങളുമാണ് ഓരോ ശിശുദിനവും പ്രദാനം ചെയ്യുന്നത്. കുട്ടികളുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും ഒന്നുചേരാൻ കഴിയുമെന്ന വിളംബരം കൂടിയാകണം ഇത്തവണത്തെ ശിശുദിനം. അതിന്റെ മൂല്യം ഉയർത്തിപ്പിടിച്ച് മലയാളസമൂഹം മുന്നോട്ടു വയ്ക്കുന്ന ഒന്നാണ് ‘ബാലസൗഹൃദകേരളം’ എന്ന 2024 ലെ ശിശുദിനസന്ദേശം. അതിലൂടെ ദുരിതമേൽക്കാത്ത ബാല്യത്തിനായി വിശ്വമാകെയുള്ള കുട്ടികളെ പൂക്കളും ഹൃദയവുമായി സ്നേഹിച്ച ചാച്ചാ നെഹ്റു എന്നും നമുക്ക് പ്രിയപ്പെട്ടതായി ഓർമയിലും പ്രവൃത്തിയിലും തുടിച്ചുനിൽക്കുന്നു.

പരിരക്ഷയില്ലാതെ, നിരാശ്രയരായി തീരുന്ന കുഞ്ഞുങ്ങൾക്ക് നല്ല രീതിയിൽ വളർന്നു വലുതാകാനുള്ള മാർഗദർശനങ്ങൾ നൽകുകയും അതിനനുസൃതമായ സാഹചര്യങ്ങൾ സൃഷ്ടിച്ചെടുക്കുകയും ചെയ്യേണ്ടത് മുതിർന്ന തലമുറയുടെ കർത്തവ്യമാണ്. വളരെക്കാലത്തെ നിരന്തരശ്രദ്ധയും ശുശ്രൂഷയും കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നും ലഭിച്ചാലേ കുട്ടികൾക്ക് സ്വാശ്രയത്വം നേടാൻ കഴിയുകയുള്ളൂ. ദീർഘവും സങ്കീർണവുമായ ഒരു ജീവിതത്തിനു വേണ്ട തയ്യാറെടുപ്പാണ് ശൈശവ കാലഘട്ടം. ഈ ദശയിലുണ്ടാകാവുന്ന വീഴ്ചകളും നോട്ടക്കുറവുകളും ചിലപ്പോൾ ജീവിതാവസാനംവരെ പിന്തുടരുന്ന പരാധീനതകളായി തീർന്നേക്കാം. കുട്ടികളുടെ ആരോഗ്യസംരക്ഷണം, ശുദ്ധജലലഭ്യത, മതിയായ പോഷകാഹാരം, സാർവത്രിക വിദ്യാഭ്യാസം, സ്വഭാവരൂപീകരണം, ഭാവിസംവിധാനം എന്നീ കാര്യങ്ങളിൽ പ്രത്യേക കരുതലും പദ്ധതിയും ആവശ്യമാണ്.

കുട്ടികളിലെ ഭക്ഷ്യദാരിദ്ര്യം സംബന്ധിച്ച് യൂണിസെഫ് ഈയിടെ നടത്തിയ പഠനങ്ങൾപ്രകാരം ലോകത്ത് നാലിലൊന്ന് കുട്ടികളും പട്ടിണി അനുഭവിക്കുന്നു. കോടിക്കണക്കിന് കുട്ടികൾക്ക് അവരുടെ വളർച്ചയ്‌ക്കാവശ്യമായ പോഷകാഹാരം ലഭിക്കുന്നില്ല. ഈ കുട്ടികളിൽ അഞ്ചിൽ നാലും മുലപ്പാലോ ധാന്യാഹാരമോ കൊണ്ടുമാത്രം ജീവിക്കുന്നവരാണ്. പത്ത് ശതമാനം കുട്ടികൾക്ക് മാത്രമാണ് പഴങ്ങളും പച്ചക്കറികളും ലഭ്യമാകുന്നത്. മത്സ്യ–-മാംസാഹാരം ലഭിക്കുന്നത് വെറും അഞ്ചുശതമാനമാണ്. പട്ടിണിയിൽ കഴിയുന്ന കുട്ടികൾക്ക് പോഷകാഹാരക്കുറവുമൂലം അവരുടെ മസ്തിഷ്കവികാസം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.


 

കുട്ടികളുടെ വിശപ്പും പോഷകാഹാരക്കുറവും ആരോഗ്യവും അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണനിരക്കും പ്രധാന അളവു കോലായി നിരീക്ഷിക്കുന്ന ആഗോള പട്ടിണി സൂചികയിൽ 105–-ാം സ്ഥാനത്താണ് ഇന്ത്യ. പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നു.ആകെ 127 രാജ്യങ്ങളാണ് പട്ടികയിൽ ഉള്ളത്. രാജ്യത്തെ 5 വയസ്സിനു താഴെയുള്ള 35.5  ശതമാനം പേർക്കും വളർച്ചാ മുരടിപ്പുണ്ട്. 2.9 ശതമാനം പേരും 5 വയസ്സിനു മുമ്പ്‌ മരിക്കുന്നു. 2023ൽ ഇന്ത്യയിലെ ശിശുക്കളുടെ പോഷകാഹാരക്കുറവ് 18.7 ശതമാനമാണ്. 15നും 24നും ഇടയിലുള്ള പെൺകുട്ടികളിൽ ശരിയായ പോഷണം ലഭിക്കാത്തവർ 58.1 ശതമാനം ആണ്. സ്‌കൂൾ പ്രായത്തിലുള്ള കോടിക്കണക്കിനു കുഞ്ഞുങ്ങൾ സ്‌കൂളിൽ പോകുന്നില്ല. പകുതിയോളം കുഞ്ഞുങ്ങൾ പ്രൈമറി വിദ്യാഭ്യാസം പൂർത്തീകരിക്കുന്നില്ലയെന്നതും ആശങ്ക ജനിപ്പിക്കുന്നതാണ്.

കേരളം ശിശുക്ഷേമ ഭദ്രവും ശിശുസൗഹൃദവും സർഗാത്മകതയെന്ന ശിശുസ്വാതന്ത്ര്യവും ഉറപ്പു വരുത്തിയ സംസ്ഥാനമാകുകയെന്ന പൂർണതയിലേക്ക് വളരുകയാണ്. ഇവിടെ 100 ശതമാനം കുട്ടികളും സ്കൂളിൽ ചേരുന്നു. ഒരു  കിലോമീറ്റർ ചുറ്റളവിൽ ഒരു പ്രൈമറി വിദ്യാലയവും ഒരു പഞ്ചായത്തിൽ ഒന്നോ അതിലധികമോ ഹയർ സെക്കൻഡറി സ്‌കൂളുകളുമുള്ളതിനാൽ 10 മുതൽ 12–-ാം ക്ലാസുവരെ എല്ലാവർക്കും പ്രാഥമികപഠനം പ്രാപ്തമാണ്.


 

കുറഞ്ഞ ശിശുമരണ നിരക്കിന്റെ കാര്യത്തിൽ കേരളം വികസിത രാജ്യങ്ങൾക്കൊപ്പമാണ്. 1000ൽ നാല്. പോഷകാഹാരത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. അങ്കണവാടികൾ മുഖാന്തരം കുട്ടികൾക്ക് പോഷകസമൃദ്ധമായ ആഹാരമെത്തിക്കുന്നുണ്ട്. 18 വയസ്സു വരെയുള്ളവർക്ക് സൗജന്യചികിത്സ ലഭ്യമാണ്. നാടിന്റെ കനവുകളാണ് കുഞ്ഞുങ്ങൾ എന്ന ധാരണയിൽ കേരളം നൽകുന്ന കരുതലും വാത്സല്യവും മാതൃകാപരമാണ്. എന്നാൽ ചില മാറ്റങ്ങൾ അനിവാര്യമാണ്. കുട്ടിക്കും അവകാശങ്ങൾ ഉണ്ട് എന്ന് രക്ഷിതാക്കളും സമൂഹവും തിരിച്ചറിയേണ്ടതുണ്ട്. സ്വതന്ത്ര വ്യക്തി എന്ന നിലയിൽ അഭിപ്രായങ്ങളും ഇഷ്ടാനിഷ്ടങ്ങളും മാനിക്കപ്പെടണം. മാതൃഭാഷയിൽ പഠിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം. സർവസമഭാവനയും ജനാധിപത്യ സംസ്‌കാരവുമുള്ള പുതുതലമുറ വളർന്നു വരാൻ രക്ഷിതാക്കൾ പങ്ക് വഹിക്കണം. കേരളത്തെ ശിശുസൗഹൃദ ഇടമായി നിലനിർത്തുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. കേരള സർക്കാരിന്റെ  ഈ യത്ന സാക്ഷാൽക്കാരത്തിന് സംസ്ഥാന ശിശുക്ഷേമ സമിതി  കുട്ടികളുടെ  രണ്ടാം  മാതൃത്വമായി ഇടപെടുകയാണ്. ആ സംസ്‌കൃതി  സാമൂഹ്യകടമയായി തീരുന്ന സാർവത്രികതയിലേക്ക്‌ ഈ ശിശുദിനത്തെ മാറ്റിയെടുക്കാം.

(സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top