ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം മുകളിൽ കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നു ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.
കൃത്യമായ കണക്കുകൾ ലഭ്യമല്ലായെന്നു പറയേണ്ടതില്ലല്ലോ. പ്രൊഫ. ആഗ്നസ് മാഡിസൺ തയ്യാറാക്കിയ മതിപ്പുകണക്കുകൾ പൊതുവിൽ പണ്ഡിതലോകം അംഗീകരിക്കുന്നുണ്ട്.
ഒന്നാം സഹസ്രാബ്ദം ആരംഭിക്കുമ്പോൾ ലോക ഉല്പാദനത്തിന്റെ 70 ശതമാനത്തിലേറെ ഇന്ത്യയിലും ചൈനയിലുമായിരുന്നു. രണ്ട് രാജ്യങ്ങളുടെയും വിഹിതം ഏതാണ്ട് തുല്യമായിരുന്നു. കൊളോണിയൽ യുഗം ആരംഭിക്കുന്ന 1800 ഓടെ ആദ്യം ഇന്ത്യയുടെയും പിന്നീട് ചൈനയുടെയും വിഹിതം കുറയാൻ തുടങ്ങി.
1950 ആയപ്പോഴേക്കും ലോക ഉല്പാദനത്തിന്റെ 10 ശതമാനത്തോളമേ രണ്ടു രാജ്യങ്ങൾക്കും കൂടി ഉണ്ടായുള്ളൂ. രണ്ടുകൂട്ടർക്കും ഏതാണ്ട് തുല്യം. ഇതിനു സമാന്തരമായി ജപ്പാൻ, റഷ്യ, ജർമനി, ഇറ്റലി, സ്പെയിൻ, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളുടെ വിഹിതം വർദ്ധിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അമേരിക്കയുടെ വിഹിതവും ഉയരാൻ തുടങ്ങി. 1950ൽ അമേരിക്ക ആയിരുന്നു ഏറ്റവും വലിയ സമ്പദ്ഘടന.
സ്വാതന്ത്ര്യാനന്തരകാലത്ത് എന്തു സംഭവിച്ചു?
1980 വരെ ചൈനയുടെയും ഇന്ത്യയുടെയും ആഗോള ഉല്പാദനത്തിലെ വിഹിതം ഏതാണ്ട് മാറ്റമില്ലാതെ തുടർന്നു. പിന്നീട് ചൈനയുടെ വിഹിതം അടിക്കടി വർദ്ധിക്കാൻ തുടങ്ങി. 2017ൽ ആഗോള ഉല്പാദനത്തിൽ ചൈനയുടെ വിഹിതം ഏതാണ്ട് 18 ശതമാനം ആയിരുന്നു. പുതിയ സഹസ്രാബ്ദത്തിൽ ഇന്ത്യയുടെ വിഹിതവും പതുക്കെയാണെങ്കിലും ഉയർന്നു തുടങ്ങി.
എങ്കിലും ഇന്ത്യയുടെ വിഹിതം 3.6 ശതമാനമായിരുന്നു. അങ്ങനെ സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ. എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടനയ്ക്ക് ഇന്ത്യൻ സമ്പദ്ഘടനയുടെ അഞ്ചിരട്ടി വലുപ്പമുണ്ട്.
എന്നുമുതലാണ് ചൈനയുടെ വളർച്ച ഇന്ത്യയെ മറികടക്കാൻ തുടങ്ങിയത്?
ചിത്രം 2 ൽ കാണുന്നതുപോലെ 1960ൽ ചൈനയുടെ പ്രതിശീർഷ വരുമാനം 89.5 ഡോളറും ഇന്ത്യയുടേത് 82.2 ഡോളറും ആയിരുന്നു. 1980 വരെ ഇതു വളരെ പതുക്കെയാണ് ഉയർന്നുവന്നുകൊണ്ടിരുന്നത്.
ഏതാണ്ട് ഒപ്പത്തിനൊപ്പം. എന്നാൽ അതിനുശേഷം ചൈനയുടെ പ്രതിശീർഷ വരുമാനം കുതിച്ചുയരാൻ തുടങ്ങി. 2018ൽ ചൈനയുടെ പ്രതിശീർഷ വരുമാനം 9,771 ഡോളർ ആയപ്പോൾ ഇന്ത്യയുടേത് 2,010 ഡോളർ ആയിരുന്നു. ചൈനയുടെ പ്രതിശീർഷ വരുമാനത്തിന്റെ ഏതാണ്ട് അഞ്ചിലൊന്ന് മാത്രമേയുള്ളൂ ഇന്ത്യയുടേത്.
1950–1980 വരെയുള്ള കാലത്തെ വികസനത്തിന്റെ ആദ്യ ഘട്ടമെന്നു വിശേഷിപ്പിക്കാം. രണ്ടു രാജ്യങ്ങളും ഇറക്കുമതിയെ നിയന്ത്രിച്ച് ആഭ്യന്തര ഉല്പാദനം വർദ്ധിപ്പിക്കാനാണ് ശ്രദ്ധിച്ചത്. ചൈനയുടെ വ്യവസായ മേഖല മുഖ്യമായും പൊതുമേഖലയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
ചെറുകിട മേഖലയിൽ മാത്രമാണ് സ്വകാര്യ സംരംഭങ്ങൾ അപൂർവ്വമായി ഉണ്ടായിരുന്നത്. ഇന്ത്യയാവട്ടെ സമ്മിശ്ര സമ്പദ് വ്യവസ്ഥയെയാണ് ആശ്രയിച്ചത്. എങ്കിലും ഇന്ത്യയിലും പൊതുമേഖലയും ആസൂത്രണവും ഉണ്ടായിരുന്നു.
ഇന്നു തിരിഞ്ഞു നോക്കുമ്പോൾ ഭാവി വളർച്ചയെ ഗണ്യമായി സ്വാധീനിച്ച മൂന്ന് വ്യത്യാസങ്ങൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയും ചൈനയും തമ്മിൽ കാണാനാകും.
ഭൂപരിഷ്കരണവും വികേന്ദ്രീകരണവും
ഒന്ന്, ചൈന സമഗ്രമായ ഭൂപരിഷ്കരണം നടപ്പാക്കി. കൃഷിഭൂമിയിൽ നല്ലപങ്കും കമ്യൂൺ അടിസ്ഥാനത്തിലായി. ഇന്ത്യയിലാവട്ടെ ഭൂപരിഷ്കരണം വാചകമടിയുടെ അപ്പുറം പോയില്ല. 1978 മുതൽ പരിഷ്കാരങ്ങളുടെ ഭാഗമായി ചൈനയിൽ ഭൂമി പൊതുസ്വത്തായി തുടർന്നപ്പോൾത്തന്നെ സ്വന്തമായി കൃഷി ചെയ്യുന്ന കൃഷിക്കാരെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. ഭൂപരിഷ്കരണത്തിന്റെ അടിത്തറയിൽ നിന്നാണ് ഈ സ്വതന്ത്ര കൃഷിക്കാർ വളർന്നു വന്നത്.
1960കളുടെ മദ്ധ്യത്തിൽ രണ്ട് രാജ്യങ്ങളും നെൽകൃഷിയിൽ പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താൻ തുടങ്ങി. 1965ൽ ഇന്ത്യയിലെ ഉല്പാദനക്ഷമത ഹെക്ടറിന് 1,000 കിലോഗ്രാമും ചൈനയുടേത് 1,500 കിലോഗ്രാമും ആയിരുന്നു.
ചിത്രം 3 ൽ കാണാവുന്നതുപോലെ ചൈനയുടെ ഉല്പാദനക്ഷമത ഇന്ത്യയേക്കാൾ വളരെ വേഗത്തിൽ ഉയർന്നു. 2015ൽ ഇന്ത്യയുടെ ഉല്പാദനക്ഷമത 3,100 കിലോഗ്രാമും ചൈനയുടേത് 6,200 കിലോഗ്രാമും ആയിരുന്നു. ഈ വർദ്ധിച്ച ഉല്പാദനക്ഷമതയ്ക്ക് ഒരു പ്രധാനപ്പെട്ട കാരണം ചൈനയിലെ സവിശേഷമായ ഭൂ ഉടമ ബന്ധമാണ്.
രണ്ട്, ചൈനയിൽ അധികാരവികേന്ദ്രീകരണം വളരെ ഫലപ്രദമായി നടപ്പിലാക്കി. കമ്യൂണുകൾക്കും നഗരസഭകൾക്കും വളരെ വിപുലമായ അധികാരങ്ങളുണ്ട്. പരിഷ്കാരങ്ങളുടെ ആദ്യഘട്ടത്തിൽ ചൈനയെ മുന്നോട്ടു നയിച്ചതിൽ ഒരു സുപ്രധാന ഘടകം ഇവയുടെ ആഭിമുഖ്യത്തിലുള്ള ടൗൺ ആൻഡ് കൺട്രി എന്റർപ്രൈസസ് എന്ന ചെറുകിട വ്യവസായ സമുച്ചയങ്ങളായിരുന്നു. എന്നാൽ ഇന്ത്യയിൽ ഇന്നും അധികാരവികേന്ദ്രീകരണം ഫലപ്രദമല്ല.
വിദ്യാഭ്യാസവും ആരോഗ്യവും
മൂന്ന്, ഇന്ത്യയും ചൈനയും തമ്മിൽ താരതമ്യ പഠനങ്ങൾ നടത്തിയിട്ടുള്ള എല്ലാ പണ്ഡിതരും ഏകകണ്ഠമായി അഭിപ്രായപ്പെടുന്ന കാര്യമാണ് സ്വതന്ത്ര ഇന്ത്യ വിദ്യാഭ്യാസത്തെയും ആരോഗ്യത്തെയും അവഗണിച്ചൂവെന്നുള്ളത്. പഞ്ചവത്സര പദ്ധതികളിൽ ഈ മേഖലകൾക്ക് വേണ്ടത്ര ഊന്നൽ വന്നില്ല. ഇന്നും ഇന്ത്യയിൽ വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾക്ക് ചെലവഴിക്കുന്ന പണം ജിഡിപിയുടെ ശതമാനമായി കണക്കാക്കിയാൽ ലോക ശരാശരിയേക്കാൾ താഴെയാണ്.
ചൈനയിലാവട്ടെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെന്നപോലെ വലിയ ഊന്നലാണ് മാനവവിഭവശേഷിയുടെ വികസനത്തിനു നൽകിയത്. ചൈനീസ് വിപ്ലവത്തിന്റെ പ്രഥമ നേട്ടങ്ങളിലൊന്ന് ജനസാമാന്യത്തിന് വിദ്യാഭ്യാസവും ആരോഗ്യവും ഉറപ്പു നൽകിയെന്നുള്ളതാണ്. സാമ്പത്തിക പരിഷ്കാരങ്ങൾക്കു ശേഷവും സർക്കാരിന്റെ ആരോഗ്യ ചെലവ് ദേശീയ വരുമാനത്തിന്റെ ശതമാനത്തിൽ ഗണ്യമായി ഉയർന്നു.
2019ൽ ചൈന ജിഡിപിയുടെ അഞ്ചു ശതമാനം ആരോഗ്യ മേഖലയ്ക്കായി ചെലവഴിച്ചു. അതേസമയം ഇന്ത്യയിൽ ഈ തോത് മൂന്നു ശതമാനം മാത്രമായിരുന്നു. വിദ്യാഭ്യാസ മേഖലയിലും സ്ഥിതിവിശേഷം ഇതു തന്നെയാണ്. 2023ൽ ചൈന ജിഡിപിയുടെ 6.13 ശതമാനം വിദ്യാഭ്യാസത്തിനായി ചെലവഴിച്ചപ്പോൾ ഇന്ത്യ 4.6 ശതമാനമേ ചെലവഴിച്ചുള്ളൂ.
സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലുമാണ് ഇന്ത്യയുടെ പിന്നാക്കാവസ്ഥ ഏറ്റവും അധികം പ്രതിഫലിച്ചു കാണുന്നത്. ഇതാവട്ടെ വികസനത്തിന് വലിയ വിലങ്ങുതടിയുമായി മാറി.
മനുഷ്യവിഭവശേഷി മെച്ചപ്പെട്ടതിന്റെ ഗുണം ചൈനയുടെ സാമ്പത്തികക്കുതിപ്പിൽ പ്രതിഫലിച്ചുകാണാം. വിദ്യാസമ്പന്നരായ ജനങ്ങളുടെ നൈപുണി പോഷിപ്പിക്കുന്നതിനും പുതിയ സാങ്കേതികവിദ്യകൾക്ക് അവരെ പര്യാപ്തരാക്കുന്നതിനും കഴിയും. ചൈനയ്ക്ക് തങ്ങളുടെ അതിവേഗത്തിൽ വികസിച്ച തൊഴിൽസേനയെ സാമ്പത്തികമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞു.
അതേസമയം, ഇന്ത്യയ്ക്ക് ഇപ്രകാരം ജനസംഖ്യാ വളർച്ചയുടെ നേട്ടം (population dividend) ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. ഇന്നും ഇന്ത്യയിലെ ദ്രുതഗതിയിലുള്ള വ്യവസായ വളർച്ചയ്ക്കൊരു തടസ്സം തൊഴിൽസേനയുടെ വിദ്യാഭ്യാസ, ആരോഗ്യ പിന്നാക്കാവസ്ഥയാണ്.
പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങൾ
1978 മുതൽ ചൈനയും 1980കളിൽ ഇന്ത്യയും കയറ്റുമതിയോന്മുഖ വികസനതന്ത്രത്തിലേക്ക് നീങ്ങി. ഇന്ത്യ ആ ദശാബ്ദത്തിന്റെ അവസാനം വലിയ വിദേശനാണയ പ്രതിസന്ധിയിൽ എത്തുകയും ഐഎംഎഫിന്റെ നിർദ്ദേശപ്രകാരമുള്ള ആഗോളവൽക്കരണ പരിഷ്കാരങ്ങൾ സ്വീകരിക്കാൻ നിർബന്ധിതമാവുകയും ചെയ്തു.
ചൈനയാവട്ടെ ഒരു ഘട്ടത്തിലും വിദേശ സമ്മർദ്ദത്തിന് കീഴ്‌വഴങ്ങിയല്ല പരിഷ്കാരങ്ങൾക്ക് രൂപം നൽകിയത്. തങ്ങളുടെ രാജ്യത്തിന് ആഗോളസമ്പദ്ഘടനയിൽ നിന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കാനും ദ്രുതഗതിയിലുള്ള വളർച്ച ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികളാണ് അവർ സ്വീകരിച്ചത്.
ദെങ് സിയാവോപിങ്ങിന്റെ കാലത്ത് 1978ലാണ് പരിഷ്കാരങ്ങൾ ആരംഭിച്ചത്. കാർഷിക മേഖലയിൽ ഭൂഉടമസ്ഥത സർക്കാരിൽത്തന്നെ നിലനിർത്തിക്കൊണ്ട് സ്വതന്ത്ര കൃഷിക്കാരെ പ്രോത്സാഹിപ്പിച്ചു. ടൗൺ ആൻഡ് കൺട്രി എന്റർപ്രൈസസ് എന്ന പേരിൽ ഓരോ പ്രദേശത്തും ചെറുകിട വ്യവസായ സമുച്ചയങ്ങൾ വളർത്തി. കിഴക്കൻ തീരപ്രദേശത്ത് സ്വതന്ത്ര വാണിജ്യ മേഖലകൾ സൃഷ്ടിച്ചുകൊണ്ട് വിദേശമൂലധനം ആകർഷിച്ചു.
വിദേശ ചൈനീസ് മൂലധനത്തിന് പ്രത്യേക പ്രാധാന്യം നൽകി. ചൈനീസ് സ്വകാര്യ കുത്തകകൾ രൂപം കൊള്ളാൻ അനുവദിച്ചു. എന്നാൽ പൊതുമേഖല തന്നെയാണ് വ്യവസായപശ്ചാത്തല മേഖലയിൽ മേധാവിത്വം പുലർത്തിയത്. ഉൾപ്രദേശ നഗരങ്ങളുമായി ബന്ധപ്പെടുത്തി പശ്ചാത്തലസൗകര്യങ്ങൾ വികസിച്ചതോടെ പുതിയ വ്യവസായ മേഖലകൾ ഉൾപ്രദേശത്തും വന്നു. കമ്പോളത്തിന് കൂടുതൽ പ്രാധാന്യമായി.
ചൈന നടപ്പാക്കിയ സാമ്പത്തിക പരിഷ്കാര നയങ്ങൾ പല പുരോഗമന ചിന്താഗതിക്കാരിലും ഒട്ടേറെ ആശയക്കുഴപ്പം സൃഷ്ടിക്കുകയുണ്ടായി. ചൈനയിൽ ചെയ്ത കാര്യങ്ങളാണ് ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നാണ് ഇവിടുത്തെ ഭരണവർഗങ്ങൾ അവകാശപ്പെടുന്നത്. ഈ പശ്ചാത്തലത്തിൽ സാമ്പത്തിക പരിഷ്കാരങ്ങളിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ചില അടിസ്ഥാന വ്യത്യാസങ്ങൾ ഇനി പരിശോധിക്കാം.
വ്യവസായവൽക്കരണം
ഒന്ന്, ചൈന വ്യവസായവൽക്കരണത്തിനാണ് ഊന്നൽ നൽകിയത്. അതേസമയം ഇന്ത്യ സേവനമേഖലയിലാണ് കൂടുതൽ വളർച്ച നേടിയത്. ആഗോളവൽക്കരണ കാലത്ത് വ്യവസായവളർച്ചയിൽ ചൈനയും ഇന്ത്യയും തമ്മിലുള്ള അജഗജാന്തരം ചിത്രം (4) ൽ കൃത്യമായി കാണാം. 1995ൽ ആഗോളവ്യവസായ ഉല്പാദനത്തിൽ ചൈനയുടെ വിഹിതം അഞ്ചു ശതമാനവും ഇന്ത്യയുടേത് ഒരു ശതമാനവും ആയിരുന്നു.
2003ൽ ചൈനയുടേത് 10 ശതമാനവും ഇന്ത്യയുടേത് രണ്ടു ശതമാനവും. 2008 ആയപ്പോഴേക്കും ചൈനയുടെ വിഹിതം 18 ശതമാനമായി കുതിച്ചുയർന്നു. ഇന്ത്യ പതുക്കെ നാലു ശതമാനത്തിലേക്ക് ഉയർന്നു. പിന്നീട് താഴേക്ക് പോന്നു. 2020ൽ ഇന്ത്യയുടെ ആഗോള വ്യവസായ വിഹിതം കേവലം മൂന്നു ശതമാനം മാത്രമായി.
അതേസമയം ലോക വ്യവസായ ഉല്പാദനത്തിന്റെ 35 ശതമാനവും ഇന്ന് ചൈനയിലാണ്.
ചിത്രം 4 നെക്കുറിച്ച് ഒന്ന് ജാഗ്രതപ്പെടുത്തിക്കൊള്ളട്ടെ. ചൈനയും ഇന്ത്യയും തമ്മിൽ ഇത്ര വ്യത്യാസമുള്ളതുകൊണ്ട് സാധാരണഗതിയിൽ ഒരു ആക്സിസുള്ള ഗ്രാഫിൽ രണ്ടു രാജ്യങ്ങളെയും താരതമ്യപ്പെടുത്തുക പ്രയാസമാണ്.
അതുകൊണ്ട് ചൈനയുടെ ആഗോളവിഹിതം ഇടതുവശത്തുള്ള ആക്സിസിലും ഇന്ത്യയുടേത് വലതുവശത്തുള്ള ആക്സിസിലുമാണ് കൊടുത്തിട്ടുള്ളത്. ഒരിക്കൽ ബ്രിട്ടൺ ലോകത്തിന്റെ വർക്ക്ഷോപ്പായതുപോലെ ചൈനയാണ് ഇന്ന് ലോകത്തിന്റെ വർക്ക്ഷോപ്പ്.
ചൈനയുടെ വ്യവസായവൽക്കരണത്തിന്റെ മുഖ്യചാലകശക്തി കയറ്റുമതി ആയിരുന്നു. യഥാർത്ഥത്തിൽ 1948ൽ ഇന്ത്യയുടെ വ്യവസായ ഉല്പന്ന കയറ്റുമതി ചൈനയുടെ ഏതാണ്ട് ഇരട്ടി വരുമായിരുന്നു. എന്നാൽ ചൈനയുടെ പുതിയ വികസനതന്ത്രത്തിന്റെ അടിസ്ഥാനത്തിൽ ഇതാകെ മാറി.
ചിത്രം 5 ൽ കാണാവുന്നതുപോലെ 1995ൽ ജിഡിപിയുടെ ഏതാണ്ട് 11 ശതമാനം ആയിരുന്നു ചൈനയുടെ കയറ്റുമതി. എന്നാൽ 2006 ആയപ്പോഴേക്കും അത് 20 ശതമാനമായി ഉയർന്നു. ഇന്ത്യയുടെ കയറ്റുമതി ചൈനയെ മറികടക്കുന്നത് സോഫ്ട് വെയറിലും ഫാർമസ്യൂട്ടിക്കലിലും മാത്രമാണ്. ഇവിടെയും ഹാർഡ് വെയറിനും അടിസ്ഥാന രാസപദാർത്ഥങ്ങൾക്കും ഇന്ത്യയ്ക്ക് ചൈനയെ ആശ്രയിക്കേണ്ടിവരുന്നു.
പക്ഷേ, ചിത്രം 5 മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാണിക്കുന്നുണ്ട്. കയറ്റുമതിയുടെ പ്രാധാന്യം 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനുശേഷം കുറഞ്ഞുവരികയാണ്. ഇന്നും ചൈന തന്നെയാണ് ലോകത്തെ ഏറ്റവും വലിയ വ്യവസായ കയറ്റുമതി രാജ്യം. പക്ഷേ, ചൈനയുടെ ജിഡിപിയുടെ 15 ശതമാനത്തിൽ താഴെയാണ് ഇപ്പോൾ കയറ്റുമതി. അവിടുത്തെ ആഭ്യന്തര ഡിമാൻഡ് വ്യവസായ വളർച്ചയുടെ ഒരു പ്രധാനപ്പെട്ട ഘടകമായി മാറിക്കഴിഞ്ഞു.
ചൈനയിലെ വൻനിക്ഷേപ വർദ്ധന
രണ്ട്, ഒരു സമ്പദ്ഘടന എത്രവേഗം വളരുമെന്നുള്ളത് നിർണയിക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകം രാജ്യത്തിലെ ഉല്പാദനത്തിന്റെ എത്ര ശതമാനം വീണ്ടും ഉല്പാദനം വർദ്ധിപ്പിക്കുന്നതിനുവേണ്ടി നിക്ഷേപിക്കപ്പെടുന്നു എന്നുള്ളതാണ്. ചൈന ഇക്കാര്യത്തിൽ ഇന്ത്യയെ നിഷ്പ്രഭമാക്കി. കഴിഞ്ഞ നാലു പതിറ്റാണ്ടായി ചൈനയുടെ മൂലധനനിക്ഷേപം ജിഡിപിയുടെ 42–47 ശതമാനമാണ്.
അതേസമയം, ഇന്ത്യയുടെ മൂലധനനിക്ഷേപം ഏതാണ്ട് 32 ശതമാനം മാത്രമാണ്. ഇത്തരത്തിൽ വലിയ മൂലധനനിക്ഷേപം നടത്തിയതിന്റെ ഫലമായി ഇന്ത്യയെ അപേക്ഷിച്ച് ചൈന പശ്ചാത്തലസൗകര്യങ്ങളിൽ വളരെ മുന്നിലാണ്. ചിത്രം 6 ൽ ഇത് സംബന്ധിച്ചുള്ള താരതമ്യ കണക്ക് നൽകിയിരിക്കുന്നു.
യാത്രാചരക്ക് കടത്ത് സൗകര്യങ്ങളുടെ കാര്യത്തിൽ ചൈന ഇന്ത്യയേക്കാൾ എത്രയോ കാതം മുന്നിലാണ്. ഇന്ത്യയിൽ 4,901 കിലോമീറ്റർ എക്സ്പ്രസ് ഹൈവേയേയുള്ളൂ. ചൈനയിലാവട്ടെ ഇവയുടെ ദൈർഘ്യം 1.61 ലക്ഷം കിലോമീറ്ററാണ്. ഇന്ത്യയുടെ റെയിൽവേ ട്രാക്ക് 65,808 കിലോമീറ്റർ ആയിരിക്കുമ്പോൾ ചൈനയുടേത് 1.54 ലക്ഷം കിലോമീറ്ററാണ്.
ചൈനയിൽ പ്രധാന നഗരങ്ങളെയെല്ലാം ബന്ധിപ്പിച്ചുകൊണ്ട് ബുള്ളറ്റ് ട്രെയിൻ സംവിധാനം വന്നു. ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിനുകൾ ഇനിയും ഓടിത്തുടങ്ങിയിട്ടില്ല. ഇന്ത്യയിലെ മേജർ പോർട്ടുകളുടെ എണ്ണം 13 ഉം, ചൈനയുടേത് 34 ഉം ആണ്.
വ്യവസായവൽക്കരണത്തിന്റെ മറ്റൊരു ധനസൂചിക വൈദ്യുതി ഉല്പാദനമാണ്. ഇന്ത്യയിലെ ആകെ വൈദ്യുതി ഉല്പാദന ശേഷി 416 ജി വാട്സാണ്. ചൈനയിലേത് 2,380 ജി വാട്സും.
ചൈനയിലെ മികച്ച പശ്ചാത്തലസൗകര്യങ്ങളാണ് ചൈനയുടെ മത്സരശേഷിയുടെ പിന്നിലെ രഹസ്യം. പ്രത്യക്ഷ സബ്‌സിഡികൾ ഡബ്ല്യുറ്റിഒ നിബന്ധനകളിൽ ഒതുങ്ങി നിൽക്കുമ്പോൾ പശ്ചാത്തലസൗകര്യങ്ങളിൽ ചൈന നടത്തിയിട്ടുള്ള അതിഭീമമായ മുതൽമുടക്ക് പരോക്ഷമായ സബ്‌സിഡി പിന്തുണയായി പ്രവർത്തിക്കുന്നു.
പ്രത്യക്ഷ വിദേശനിക്ഷേപവും
പോർട്ട്ഫോളിയോ നിക്ഷേപവും
മൂന്ന്, ചൈനയുടെ മൂലധനനിക്ഷേപ തോത് ഇത്രമാത്രം ഉയർന്നിരിക്കുന്നതിനു പിന്നിൽ വിദേശനിക്ഷേപം ഒരു പ്രധാനപ്പെട്ട പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യയും സമീപകാലത്തായി വലിയ തോതിൽ വിദേശനിക്ഷേപം ആകർഷിക്കുന്നുണ്ട്. എന്നാൽ രണ്ടു രാജ്യങ്ങളെയും തമ്മിൽ താരമ്യപ്പെടുത്തിയാൽ അടിസ്ഥാനപരമായ അന്തരമുണ്ട്. ചൈനയിലെ നിക്ഷേപം പ്രത്യക്ഷ മൂലധനനിക്ഷേപമാണ്.
പ്രത്യക്ഷ മൂലധനനിക്ഷേപം എന്നാൽ ഫാക്ടറികളിലുള്ള നേരിട്ടുള്ള നിക്ഷേപമാണ്. 1990ൽ ഏതാണ്ട് 400 കോടി ഡോളറായിരുന്ന പ്രത്യക്ഷ വിദേശനിക്ഷേപ വരവ് 2004 ആയപ്പോഴേക്കും 7,000 കോടി ഡോളറായി ഉയർന്നു. എന്നാൽ ചിത്രം 7 ൽ കാണാവുന്നതുപോലെ
ഇന്ത്യയിലേക്കുള്ള പ്രത്യക്ഷ വിദേശമൂലധന നിക്ഷേപം 1995 വരെ നാമമാത്രമായിരുന്നു. പിന്നീട് ഉയരാൻ തുടങ്ങിയെങ്കിലും 2004ലും 500 കോടി ഡോളറേ ആയുള്ളു.
അതേസമയം ഇന്ത്യയിലേക്കുവന്ന വിദേശമൂലധന നിക്ഷേപത്തിന്റെ നല്ലപങ്കും സ്റ്റോക്ക് മാർക്കറ്റിൽ ഓഹരികൾ വാങ്ങുന്നതിനും വിൽക്കുന്നതിനും ഊഹക്കച്ചവടത്തിനും വന്ന ഫിനാൻസ് മൂലധനമാണ്. ചൈനയാവട്ടെ ഇത്തരം മൂലധനമൊഴുക്കിനെ പ്രോത്സാഹിപ്പിക്കുന്നില്ല.
ഇന്ത്യയിലേക്കുള്ള വിദേശമൂലധന ഒഴുക്ക് തുടർന്നുള്ള വർഷങ്ങളിൽ ഗണ്യമായി ഉയർന്നു. 2020കളിൽ അത് 8,000 കോടി ഡോളർ കടന്നു. പക്ഷേ, മുൻകാലത്തെന്നപോലെ പോർട്ട്ഫോളിയോ മൂലധനമൊഴുക്കിനാണ് പ്രാമുഖ്യം. ഇവ ഹ്രസ്വകാല നിക്ഷേപമാണ്. എപ്പോൾ വേണമെങ്കിലും തിരികെ പോകാം.
ഇന്ത്യയിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ വിദേശനിക്ഷേപകർ 2021 മാർച്ച് മാസത്തിൽ 28,100 കോടി ഡോളർ നിക്ഷേപിച്ചിരുന്നു. ഇവയുടെ വിപണിമൂല്യം 60,700 കോടി ഡോളറാണ്. ഇത്രയും വലിയ തുക പെട്ടെന്ന് പിൻവലിക്കപ്പെട്ടാൽ അത് വിദേശനാണയ പ്രതിസന്ധിക്ക് ഇടയാക്കും. ചൈനയ്ക്ക് ഇങ്ങനെയൊരു അവസ്ഥ വരില്ല. ഈ വിശകലനം ചർച്ചയെ വിദേശവിനിമയ ശേഖരത്തിലേക്ക് നയിക്കുന്നു.
വിദേശവിനിമയശേഖരം എങ്ങനെ?
നാല്, ലോകത്ത് ഏറ്റവും ഉയർന്ന വിദേശവിനിമയശേഖരമുള്ള രാജ്യം ചൈനയാണ്. 2022ൽ ചൈനയുടെ വിദേശവിനിമയശേഖരം 3.2 ലക്ഷം കോടി ഡോളർ ആയിരുന്നു. ചിത്രം 8 നോക്കുക
ഇന്ത്യയുടേത് 60,000 കോടി ഡോളറും.
ഇന്ത്യയുടെ വിദേശവിനിമയശേഖരവും ചൈനയുടെ വിദേശവിനിമയശേഖരവും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം വലുപ്പം മാത്രമല്ല, അത് നേടിയ മാർഗവും വ്യത്യസ്തമായിരുന്നു. ചൈനയുടെ വിദേശവിനിമയശേഖരം കയറ്റുമതി മിച്ചത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ടതാണ്.
ഇതിന് ചെറിയൊരു വിശദീകരണം ആവശ്യമുണ്ട്. കയറ്റുമതി ചെയ്യുമ്പോൾ നമുക്ക് വിദേശനാണയം ലഭിക്കുന്നു. ഇറക്കുമതി ചെയ്യുമ്പോൾ വിദേശനാണയം ചെലവാകുന്നു.
തുടർച്ചയായി ഇന്ത്യയുടെ കയറ്റുമതിയേക്കാൾ കൂടുതലാണ് ഇറക്കുമതി. അഥവാ നമ്മുടെ വിദേശവ്യാപാരം തുടർച്ചയായി കമ്മിയിലാണ്.
വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാർ അയക്കുന്ന റെമിറ്റൻസ് വരുമാനത്തിൽ നിന്നാണ് ഈ കമ്മി നികത്തിക്കൊണ്ടിരിക്കുന്നത്. എന്നിട്ടുപോലും വായ്പയെടുത്താലേ ഓരോ വർഷത്തെയും വിദേശനാണയ ചെലവിന് പൂർണ്ണമായും പണം കണ്ടെത്താനാകൂ എന്നതാണ് സ്ഥിതി. അപ്പോൾ പിന്നെ ഇന്ത്യയുടെ വിദേശനാണയശേഖരം എങ്ങനെ സൃഷ്ടിക്കപ്പെട്ടു?
വിദേശമൂലധനനിക്ഷേപം പ്രത്യേകിച്ച് പോർട്ട്ഫോളിയോ മൂലധനനിക്ഷേപമാണ് ഇതിലേക്ക് സംഭാവന ചെയ്തിട്ടുള്ളത്. ഇതിന്റെ അപകടം നേരത്തെ സൂചിപ്പിച്ചു കഴിഞ്ഞു. ചൈനയുടെ വിദേശവിനിമയശേഖരമാകട്ടെ വ്യാപാരമിച്ചത്തിലൂടെ നേടിയിട്ടുള്ളതാണ്.
ഇന്ത്യയിലെ സാമ്പത്തികനയങ്ങളുടെ ഒരു പ്രധാനപ്പെട്ട ലക്ഷ്യം വിദേശ ഫിനാൻസ് മൂലധനത്തെ പ്രീതിപ്പെടുത്തുകയെന്നതാണ്. അവരുടെ നിക്ഷേപങ്ങൾ ഉറപ്പുവരുത്തിക്കൊണ്ടേ ഓഹരി കമ്പോളത്തിലെ വിലകൾ ഉയർത്തി നിർത്താനാകൂ: വിദേശ വിനിമയശേഖരം നിലനിർത്താനാകൂ.
എന്നാൽ ചൈനയുടെ പ്രശ്നം തികച്ചും വ്യത്യസ്തമാണ്. ഡോളർ നാണയത്തിലുള്ള വിനിമയശേഖരം ഇങ്ങനെ തുടർച്ചയായി വർദ്ധിക്കുന്നതിൽ ഒരു അപകടം ഒളിച്ചിരിപ്പുണ്ട്. അമേരിക്ക ചൈനയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തുകയോ റഷ്യയുടെ കാര്യത്തിൽ ചെയ്തതുപോലെ ചൈനീസ് വിദേശനാണയ അക്കൗണ്ടുകൾ മരവിപ്പിക്കുകയോ ചെയ്താൽ അത് ചൈനയ്ക്ക് വലിയ തിരിച്ചടിയാകും.
അതുകൊണ്ട് രണ്ടു കാര്യങ്ങളാണ് ചൈന ചെയ്തുകൊണ്ടിരിക്കുന്നത്. ഒന്ന്, മറ്റു രാജ്യങ്ങളുമായി ഉഭയകക്ഷി കരാർ വഴി പ്രാദേശിക നാണയങ്ങളിൽ കച്ചവടം നടത്തുക. രണ്ട്, ഈ ഭീമാകാരമായ ഡോളർ ശേഖരം റോഡ് ബെൽറ്റ് പദ്ധതി പോലെയുള്ള നിർമ്മാണ പ്രവൃത്തികൾ മറ്റു രാജ്യങ്ങളിൽ നടത്തി ആസ്തികളാക്കി മാറ്റുക. ഇന്ത്യ നേരിടുന്നതുപോലെ വിദേശവിനിമയ പ്രതിസന്ധിയുടെ കരിനിഴൽ ചൈനയ്ക്കുമേൽ ഇല്ല.
ആഗോളവൽക്കരണ കാലത്തിനു മുമ്പും പിമ്പും ചൈനയും ഇന്ത്യയും പിന്തുടർന്ന നയങ്ങളിൽ അടിസ്ഥാനപരമായ പല അന്തരങ്ങളുമുണ്ട്. ഇവ എങ്ങനെ ജനങ്ങളുടെ ക്ഷേമത്തിൽ പ്രതിഫലിച്ചുവെന്നതാണ് ഇനി പരിശോധിക്കാനുള്ളത്.
അസമത്വം: ചൈനയിലും ഇന്ത്യയിലും
ഒന്ന്, ആഗോളവൽക്കരണകാലം ലോകം മുഴുവനും അസമത്വം വർദ്ധിച്ചു. ചൈനയ്ക്കും ഇതിൽ നിന്ന് മാറിനിൽക്കാനായില്ല. ചിത്രം 9 ൽ ഇന്ത്യയിലെയും ചൈനയിലെയും ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആളുകളുടെ വരുമാന വിഹിതത്തിലെ വർദ്ധന താരതമ്യപ്പെടുത്തിയിരിക്കുന്നു. 1984ൽ തന്നെ ഇന്ത്യയിലെ പണക്കാരുടെ വിഹിതം ചൈനയെ അപേക്ഷിച്ച് കുറച്ച് ഉയർന്നതാണ്.
ചൈനയിൽ ഒരു ശതമാനം സമ്പന്നരുടെ വരുമാന വിഹിതം അഞ്ചു ശതമാനം ആയിരിക്കുമ്പോൾ ഇന്ത്യയിൽ ഇത് ഏതാണ്ട് എട്ടു ശതമാനം ആയിരുന്നു. 2016 ആയപ്പോൾ ചൈനയിൽ സമ്പന്നരുടെ വിഹിതം 13 ശതമാനമായി ഉയർന്നു. ഇന്ത്യയുടേതാവട്ടെ 22 ശതമാനമായി വളർന്നു.
ചിത്രം 10 ൽ ഏറ്റവും സമ്പന്നരായ 10 ശതമാനം കുടുംബങ്ങളുടെ വരുമാന വിഹിതത്തെയാണ് താരതമ്യപ്പെടുത്തിയിട്ടുള്ളത്. 1984ൽ ചൈനയിൽ ഇത് ഏതാണ്ട് 30 ശതമാനവും ഇന്ത്യയിൽ 35 ശതമാനവുമായിരുന്നു. 2016 ആയപ്പോഴേക്കും ഏറ്റവും സമ്പന്നരായ 10 ശതമാനം കുടുംബങ്ങളുടെ വരുമാന വിഹിതം ഇന്ത്യയിൽ 57 ശതമാനമായി ഉയർന്നു. ചൈനയിലാവട്ടെ ഈ തോത് 40 ശതമാനത്തിൽ താഴെയായി തുടർന്നു.
ചുരുക്കത്തിൽ ചൈനയിൽ അസമത്വം വർദ്ധിച്ചെങ്കിലും ഇന്ത്യയുടെ അത്രയും മോശമല്ല. യഥാർത്ഥത്തിൽ ബ്രിക്‌സ് രാജ്യങ്ങളിൽ ഏറ്റവും താഴ്ന്ന അസമത്വം ചൈനയിലാണ്. മാത്രമല്ല അസമത്വം കൂടുതൽ വർദ്ധിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ചൈന രാഷ്ട്രീയമായി തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
എല്ലാവർക്കും തൊഴിൽ:
ചൈനയുടെയും ഇന്ത്യയുടെയും അനുഭവങ്ങൾ
രണ്ട്, ഇന്ത്യൻ സമ്പദ്ഘടനയുടെ ഏറ്റവും വലിയ ദൗർബല്യം തൊഴിലെടുക്കാൻ ശേഷിയുള്ളവരിൽ പകുതിപ്പേർക്ക് തൊഴിൽ നൽകാനേ കഴിയുന്നുള്ളൂ എന്നതാണ്. ചൈനയിൽ ഈ തോത് 71 ശതമാനമാണ്. അപ്പോൾ ബാക്കി 29 ശതമാനമോ? അവരിൽ നല്ലപങ്ക് പഠനത്തിലും മറ്റും ഏർപ്പെടുന്നവരാണ്.
15 വയസിനും 65 വയസിനും ഇടയിൽ പ്രായമുള്ളവരുടെ എത്ര ശതമാനം പേർ തൊഴിലെടുക്കുന്നു എന്നതിനെയാണ് തൊഴിൽ പങ്കാളിത്ത നിരക്കെന്ന് ഐഎൽഒ വിളിക്കുന്നത്. ചൈനയിലെ തൊഴിൽ പങ്കാളിത്ത നിരക്ക് ദശാബ്ദങ്ങളായി ഇന്ത്യയുടെ ഇരട്ടിയാണ്. ചിത്രം 11 ൽ ഇന്ത്യയിലെയും ചൈനയിലെയും തൊഴിൽ പങ്കാളിത്ത നിരക്ക് താരതമ്യപ്പെടുത്തിയിരിക്കുന്നു.
പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്തത്തിൽ ചൈനയും ഇന്ത്യയും തമ്മിൽ വലിയ വ്യത്യാസമില്ല. അത് ചൈനയിൽ 80.5 ഉം ഇന്ത്യയിൽ 76.5 ഉം ശതമാനം വീതമാണ്. എന്നാൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം പരിഗണിക്കുമ്പോൾ സ്ഥിതിയാകെ മാറും. ചൈനയിൽ 70.8 ഉം ഇന്ത്യയിൽ 24.6 ഉം ശതമാനം വീതമാണ്.
മറ്റു വാക്കുകളിൽ പറഞ്ഞാൽ ചൈനയിലെ സ്ത്രീ തൊഴിൽസേന ഇന്ത്യയുടേതിന്റെ മൂന്നു മടങ്ങ് വരും. അതുകൊണ്ട് മൊത്തം തൊഴിൽസേന എടുത്താൽ ജനസംഖ്യ തുല്യമാണെങ്കിലും തൊഴിലെടുക്കുന്നവരുടെ എണ്ണം ചൈനയിൽ ഇന്ത്യയുടേതിന്റെ ഒന്നരമടങ്ങ് ഉയർന്നതാണ്.
ചൈനയിലും താഴ്ന്ന തൊഴിലില്ലായ്മയുണ്ട്. പക്ഷേ, അത് ഘടനാപരമല്ല. ജോലി ലഭിക്കുന്നതിനുവേണ്ടിവരുന്ന താല്ക്കാലിക കാത്തിരിപ്പ് സമയംകൊണ്ട് ഉണ്ടാകുന്നതാണ്.
എല്ലാവർക്കും ക്ഷേമം – ഇന്ത്യയും ചൈനയും
മൂന്ന്, അതിദാരിദ്ര്യം പൂർണമായും ഇല്ലായ്മ ചെയ്തതാണ് 75 വർഷക്കാലത്തിനിടയിലെ ഏറ്റവും വലിയ നേട്ടമായി ചൈന തന്നെ അവകാശപ്പെടുന്നത്. ഇന്ത്യയ്ക്ക് അങ്ങനെയൊന്ന് അവകാശപ്പെടാനാവില്ല. മാനവവികസന സൂചികകളിലെല്ലാം ചൈന ഇന്ത്യയേക്കാൾ ഏറെ മുകളിലാണെന്ന് പട്ടിക 1 ലെ കണക്കുകൾ സൂചിപ്പിക്കുന്നു.
കൊളോണിയൽ യുഗം കഴിഞ്ഞപ്പോൾ വിദ്യാഭ്യാസ, ആരോഗ്യാദി അടിസ്ഥാന ആവശ്യങ്ങളിലെല്ലാം ചൈനയും ഇന്ത്യയും വളരെ പിന്നിലായിരുന്നു. വലിയൊരു പരിധിവരെ ഇന്ത്യയായിരുന്നു ചൈനയേക്കാൾ മുന്നിട്ടു നിന്നിരുന്നത്. എന്നാൽ ഇന്ന് ചൈന ഇന്ത്യയെ മറികടന്ന് മുന്നോട്ടുപോയി. ഈ പ്രയാണത്തിന്റെ ഒരു ചിത്രം പട്ടിക 2 ൽ നിന്നു ലഭിക്കും.
പട്ടിക 2 ൽ 1950നും 2000ത്തിനും ഇടയ്ക്ക് മാനവവികസന സൂചികയിൽ ഇന്ത്യയുടേയും ചൈനയുടേയും സ്കോറുകളെയാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്. 1950ൽ ചൈനയിലെയും ഇന്ത്യയിലെയും സ്കോർ ഏതാണ്ട് ഒരുപോലെ 0.160 ആയിരുന്നു. എന്നാൽ ഒരു ദശാബ്ദം കഴിഞ്ഞപ്പോഴേക്കും ചൈനയുടെ സ്കോർ ഇന്ത്യയെ അപേക്ഷിച്ച് ഏതാണ്ട് 25 ശതമാനം ഉയർന്നു.
1970കൾ ആയപ്പോഴും ഈ തോത് 60 ശതമാനം ഉയർന്നതായി. 2000മാണ്ടിൽ ചൈനയുടെ സ്കോർ 0.726. ഇന്ത്യയുടേത് 0.577ഉം ആയിരുന്നു. ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ച മാത്രമല്ല ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതവുംകൂടി ഉറപ്പുവരുത്താൻ ചൈനയ്ക്ക് കഴിഞ്ഞു.
ചിന്ത വാരികയിൽ നിന്ന്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..