22 December Sunday

എം എം ലോറന്‍സ്... ധീരവിപ്ലവകാരി, മാതൃകാ കമ്യൂണിസ്റ്റ്


പിണറായി വിജയൻUpdated: Sunday Sep 22, 2024

തൊണ്ണുറാം ജന്മദിനത്തിൽ എം എം ലോറൻസിനെ മുഖ്യമന്ത്രി 
പിണറായി വിജയൻ ആദരിക്കുന്നു

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തരായ നേതാക്കളുടെ നിരയിൽ സ്ഥാനമുള്ള ധീര വിപ്ലവകാരിയായിരുന്നു സ. എം എം ലോറൻസ്. സിപിഐ എമ്മിനും ഇടതുപക്ഷത്തിനും നമ്മുടെ ജനാധിപത്യപ്രസ്ഥാനത്തിനാകെയും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾക്കുവേണ്ടിയുള്ള ഉജ്വലപോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകിയ ചരിത്രമാണ്‌ സ. ലോറൻസിനുള്ളത്. അങ്ങേയറ്റം ത്യാഗപൂർണമായ, യാതനാനിർഭരമായ രാഷ്ട്രീയപ്രവർത്തനമായിരുന്നു അദ്ദേഹത്തിന്റേത് എന്നതിന് ഇടപ്പള്ളി സംഭവത്തിലെ ചരിത്രപരമായ അദ്ദേഹത്തിന്റെ പങ്കുതന്നെ തെളിവ്‌ തരുന്നു. നാടിനും ജനങ്ങൾക്കും വേണ്ടിയുള്ള പോരാട്ടജീവിതമായിരുന്നു അത്. ഇടതുപക്ഷ ജനാധിപത്യപ്രസ്ഥാനത്തെ സുപ്രധാന ഘട്ടത്തിൽ അദ്ദേഹം മാതൃകാപരമാംവിധം നയിച്ചു എന്നതും എടുത്തുപറയണം.

അനായാസമായ ഒന്നായിരുന്നില്ല സ. ലോറൻസിന്റെ രാഷ്ട്രീയജീവിതം. എതിർപ്പുകൾ നിരവധിയായിരുന്നു. അതിനെയൊക്കെ മറികടന്ന്‌, പലഘട്ടങ്ങളിലും വിപൽക്കരമായ അവസ്ഥകളിൽക്കൂടിയാണ് ആ ജീവിതം കടന്നുപോന്നത്. അതിൽ അദ്ദേഹം പലതും നഷ്ടപ്പെടുത്തിയിട്ടുണ്ട്; കുടുംബജീവിതവുമായി ബന്ധപ്പെട്ട സൗകര്യങ്ങൾപോലും. അങ്ങനെ പലതും നഷ്ടപ്പെടുത്താനുള്ള മനസ്സ് അദ്ദേഹത്തിനുണ്ടായി.

ജീവൻപോലും നഷ്ടപ്പെടാവുന്ന സാഹസികപ്രവൃത്തികളിൽ ഏർപ്പെടാനുള്ള ധീരത അദ്ദേഹത്തിനുണ്ടായി. അതൊക്കെ എന്തുകൊണ്ടുണ്ടായി? ഈ നാടിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും കരുതലുള്ളതുകൊണ്ടുണ്ടായി. എല്ലാ മനുഷ്യർക്കും തുല്യതയിൽ, സമഭാവനയോടെ കഴിയാനുതകുന്ന ഒരു സാമൂഹ്യാവസ്ഥ ഇവിടെ ഉണ്ടായിക്കാണണമെന്ന ആഗ്രഹംകൊണ്ടുണ്ടായി. അതിരില്ലാത്ത മനുഷ്യസ്നേഹമുള്ളവരിലേ അതുണ്ടാകൂ.
1940കളുടെ മധ്യത്തിലാണ് എം എം ലോറൻസ് കമ്യൂണിസ്റ്റ് പാർടിയിലേക്ക്‌ കടന്നുവരുന്നത്. സ്വാതന്ത്ര്യലബ്ധിക്കും മുമ്പുള്ള ഘട്ടം. ആ ഘട്ടത്തിൽ രാഷ്ട്രീയത്തിലേക്കിറങ്ങുക എന്നതിനർഥം, എന്തെങ്കിലും നേടുക എന്നതല്ല, ത്യാഗം സഹിക്കുക എന്നതുമാത്രമാണ്. പൊതുരാഷ്ട്രീയംതന്നെ അങ്ങനെയായിരിക്കെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെക്കുറിച്ച് പറയാനുണ്ടോ? തെരുവിൽ കിടന്ന് തല്ലുകൊള്ളാം; ചിലപ്പോൾ മരിക്കാം. ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ല. ആ കാലത്ത്‌ കമ്യൂണിസ്റ്റായ ആളാണ് സ. ലോറൻസ്. സ്ഥാനമാനങ്ങൾ ആഗ്രഹിച്ച് രാഷ്ട്രീയത്തിലേക്ക് വന്നയാളല്ല എന്നു ചുരുക്കം.

സമരസഹനങ്ങളുടേതായ വഴിയിലൂടെയല്ലാതെയും സ. ലോറൻസിന്‌ സഞ്ചരിക്കാമായിരുന്നു. ക്രൈസ്തവകുടുംബത്തിലാണ് ജനിച്ചത്. സഭയുടെ ആഗ്രഹപ്രകാരം പ്രവർത്തിക്കുന്ന ഒരാളായി ജീവിക്കാമായിരുന്നു. യാഥാസ്ഥിതികസമൂഹത്തിലാണ് വളർന്നുവന്നത്. സ്ഥിതവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതും ഒന്നിനെയും ചോദ്യം ചെയ്യാതെ അംഗീകരിക്കുന്നതുമായ വ്യവസ്ഥാസംരക്ഷകനായി ജീവിക്കാമായിരുന്നു. ആ വഴിക്കായിരുന്നു ജീവിതമെങ്കിൽ യാതനാനുഭവങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു. പല സുഭിക്ഷതകളും ഉണ്ടാകുമായിരുന്നുതാനും. എന്നാൽ, ആ വഴികളൊന്നുമല്ല ലോറൻസ് തെരഞ്ഞെടുത്തത്.

യാഥാസ്ഥിതിക കുടുംബാംഗമാണെങ്കിലും അച്ഛൻ മാത്യു യുക്തിവാദിയായിരുന്നു; ജ്യേഷ്ഠൻ എബ്രഹാം മാടമാക്കൽ സാമൂഹ്യപ്രവർത്തകനും കവിയും പുരോഗമനവാദിയും. ഇവരുടെ സ്വാധീനം വലിയ ഒരളവിൽ ലോറൻസിന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ പങ്കുവഹിച്ചിരിക്കാം. ആ സ്വാധീനമൊക്കെ ഉണ്ടെങ്കിൽപ്പോലും സ്വന്തമായ തീരുമാനമില്ലെങ്കിൽ ലോറൻസ് പുരോഗമനപക്ഷത്ത്, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പക്ഷത്ത് വരില്ലായിരുന്നു. കമ്യൂണിസ്റ്റ് പാർടിയിൽത്തന്നെ ലോറൻസ് എത്തിയതിനുപിന്നിലുള്ളത് അദ്ദേഹത്തിൽ ചെറുപ്പത്തിലേ തുടിച്ചുനിന്ന അടങ്ങാത്ത മനുഷ്യസ്നേഹത്തിന്റെ മൂല്യങ്ങളാണ്. പലതും നഷ്ടപ്പെടുമെന്നും ഒരുപാട് സഹിക്കേണ്ടിവരുമെന്നും തിരിച്ചറിഞ്ഞുതന്നെയാണ് സഹനത്തിന്റെയും യാതനയുടെയും പാത അദ്ദേഹം തെരഞ്ഞെടുത്തത്. വിഖ്യാതമായ ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ അറസ്റ്റ്‌, തുടർന്നുണ്ടായ ഭീകരമർദനം, 22 മാസത്തെ ജയിൽവാസം, ഒളിവുജീവിതം, അറുപതുകളിലും അടിയന്തരാവസ്ഥക്കാലത്തുമുണ്ടായ നീണ്ട ജയിൽവാസങ്ങൾ... അങ്ങനെ നീളുന്നു ആ യാതനാനുഭവങ്ങളുടെ നിര.

ഇടപ്പള്ളി സംഭവംതന്നെ മനുഷ്യത്വപൂർണമായ മനസ്സുണ്ടായതുകൊണ്ടാണ്. പൊലീസ് പിടിച്ചുകൊണ്ടുപോയവരിൽ ഒരാൾ മർദനമേറ്റു മരിച്ചു എന്നു കേട്ട് മറ്റുള്ളവരെയെങ്കിലും രക്ഷിക്കണമെന്നു കരുതിയാണ് ലോറൻസുംമറ്റും അവിടേക്ക്‌ പോയത്. തിരു-കൊച്ചിയിൽ പറവൂർ ടി കെ നാരായണപിള്ളയുടെ വാഴ്ചയുള്ള ഘട്ടത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് കൂറുപുലർത്തിയ പൊലീസുകാർ ഇടപ്പള്ളി സംഭവത്തിനുമുമ്പും ആ ഘട്ടത്തിലും പിന്നീടുമായി എത്ര തൊഴിലാളിപ്രവർത്തകരെയാണ് മർദിച്ചുകൊന്നത്. എത്രപേരെയാണ് ജീവച്ഛവങ്ങളാക്കിയത്. കെ യു ദാസിനെയും എം വി ജോസഫിനെയുംപോലുള്ളവരെമുതൽ പാലിയം സമരസേനാനി എ ജി വേലായുധനെവരെ കൊന്നു. അത്തരമൊരു കനത്ത ഭീകരവാഴ്ചയെയാണ് എ സി മാത്യു ലീഡറും എം എം ലോറൻസ് ഡെപ്യൂട്ടി ലീഡറുമായി നിന്ന് എതിരിട്ടത്. അന്ന് ലോറൻസിനെയും  മാത്യുവിനെയും രാമവർമത്തമ്പുരാനെയും കാളക്കയർകൊണ്ട് കൂട്ടിക്കെട്ടി കഷ്ടിച്ചുള്ള വസ്ത്രംമാത്രം ധരിപ്പിച്ച് നടുവിന് തൊഴിച്ചും തോക്കിൻപാത്തികൊണ്ട് ഇടിച്ചുമാണ് പൊതുനിരത്തിലൂടെ മണിക്കൂറുകളോളം പൊലീസ് നടത്തിച്ചത്. വെള്ളം ചോദിച്ചപ്പോൾ മൂത്രം കൊടുത്തു. തുപ്പിയപ്പോൾ വീണ്ടും മർദിച്ചു.

പൊതുസമൂഹവുമായി ഗാഢബന്ധം പുലർത്തിയാണ് ലോറൻസ് എന്നും നിന്നത്. ജ്യേഷ്ഠന്റെ സുഹൃത്ത് എന്നനിലയിൽ സ. പി കൃഷ്ണപിള്ള വീട് സന്ദർശിച്ചിരുന്നത്‌, പ്രസംഗം കേൾക്കാൻ പോകൽ, സ്വദേശാഭിമാനി എഴുതിയ മാർക്സിന്റെ ജീവചരിത്രം വായിക്കൽ, സഹോദരൻ അയ്യപ്പന്റെ നിലപാടുകൾ തുടങ്ങിയവയൊക്കെ ആ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു. നഗരസഭയിലേക്കുമുതൽ പാർലമെന്റിലേക്കുവരെ മത്സരിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുക്കപ്പെട്ടത് അപൂർവമാണ്. ഒരിക്കൽ നഗരസഭയിലേക്ക്, മറ്റൊരിക്കൽ ഇടുക്കിയിൽനിന്നു പാർലമെന്റിലേക്ക്. തെരഞ്ഞെടുക്കപ്പെട്ട രണ്ടുഘട്ടങ്ങളിലും സഭാവേദികളെ സമരസന്ദേശങ്ങൾ പ്രതിഫലിക്കുന്ന ഇടംകൂടിയാക്കി മാറ്റാൻ ശ്രദ്ധിച്ചു. സാംസ്കാരികരംഗത്തും വ്യാപകമായ ബന്ധങ്ങളുണ്ടായി ലോറൻസിന്. പി ജെ ആന്റണി, ശങ്കരാടി, തിലകൻ തുടങ്ങിയവരുമായുള്ള ബന്ധവും അവരെ കമ്യൂണിസ്റ്റ് പാർടിയുമായി ഇണക്കിനിർത്താൻ നടത്തിയ ഇടപെടലുകളും എടുത്തുപറയേണ്ടതാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനം റിവിഷനിസത്തെയും ഇടതുപക്ഷ തീവ്രവാദത്തെയും നേരിട്ടപ്പോൾ ആശയരംഗത്തും പ്രായോഗികരംഗത്തും ശക്തമായിത്തന്നെ പോരാടി.

ഒരുപതിറ്റാണ്ടിലധികം കാലം എം എം ലോറൻസ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കൺവീനറായിരുന്നു എന്ന് എല്ലാവർക്കുമറിയാം. മുന്നണിയുടെ അടിത്തറ വിപുലമാക്കുന്നതിനും വലതുമുന്നണിയിലെ പഴുതുകൾ ഉപയോഗിച്ച് എൽഡിഎഫിന്റെ ശക്തിയും സ്വീകാര്യതയും വർധിപ്പിക്കുന്നതിനും അദ്ദേഹം നിരന്തരം ശ്രമിച്ചു.  ഘടകകക്ഷികളുടെ പരസ്പരബന്ധം സുദൃഢമാക്കുന്നതിനും മുന്നണിയെ ഒറ്റമനസ്സാക്കി മുമ്പോട്ടുകൊണ്ടുപോകുന്നതിനും ഫലപ്രദമാംവിധം യത്നിച്ചു. പത്രപ്രവർത്തനരംഗത്തും അദ്ദേഹം ഉണ്ടായിട്ടുണ്ട്. ദീർഘമായ ഒരു ട്രേഡ് യൂണിയൻ പ്രവർത്തനകാലവുമുണ്ട് ലോറൻസിന്‌. സിഐടിയു എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറിയായിരുന്ന ലോറൻസ്, അഖിലേന്ത്യ സെക്രട്ടറിവരെയായി ഉയർന്നു. തൊഴിലാളിവർഗ താൽപ്പര്യങ്ങൾ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളിലൂടെ മുമ്പോട്ടുകൊണ്ടുപോകുന്നതിന്റെ മാതൃകകൾ ആ ട്രേഡ് യൂണിയൻ ജീവിതത്തിലുണ്ട്. അതും പഠിക്കപ്പെടേണ്ടതുണ്ട്.
ഏഴരപ്പതിറ്റാണ്ടിലേറെ പാർടി അംഗമായിരിക്കുക, താഴെത്തലത്തിലും ഏറ്റവും ഉയർന്ന തലത്തിലും പ്രവർത്തിക്കുക, ഇത്ര വിപുലമായ അനുഭവപശ്ചാത്തലമുള്ളവർ ചുരുക്കമാണ്‌.  എം എം ലോറൻസിന്റെ രാഷ്ട്രീയജീവിതത്തിലെ എടുത്തുപറയേണ്ട വളരെ പ്രധാനപ്പെട്ട ഒരുവശം, അദ്ദേഹം പുലർത്തിയ പാർടി അച്ചടക്കത്തിന്റെ ദാർഢ്യമാണ്. പാർടി നിലപാടിനുമേൽ തന്റെ നിലപാടാണ് ശരിയെന്ന് ഒരിക്കലും വാദിച്ചില്ല. പാർടി അംഗം പാർടി തീരുമാനങ്ങൾക്ക് വിധേയനായി നിൽക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ലോറൻസ് സ്വന്തം ജീവിതംകൊണ്ട് അടിവരയിട്ടു.
ഒരുഘട്ടത്തിൽ പാർടി കേന്ദ്ര കമ്മിറ്റിയിൽനിന്ന്‌ നീക്കുകയുണ്ടായി ലോറൻസിനെ. അദ്ദേഹത്തെ പിന്നീട് ഉൾപ്പെടുത്തിയത് എറണാകുളം ഏരിയ കമ്മിറ്റിയിലാണ്. കഴിഞ്ഞദിവസംവരെ കേന്ദ്ര കമ്മിറ്റിയിലും സ്റ്റേറ്റ് സെക്രട്ടറിയറ്റിലുമൊക്കെ പ്രവർത്തിച്ച താൻ ഏരിയ കമ്മിറ്റിയിലിരിക്കുകയോ എന്ന് അദ്ദേഹം ഒരിക്കലും ചിന്തിച്ചില്ല. കൃത്യമായ അച്ചടക്കത്തോടെ ഏരിയ കമ്മിറ്റിയിൽ പ്രവർത്തിച്ചു. ജനക്കൂട്ടത്തിനിടയിൽ പോയിരുന്ന്‌ പ്രസംഗങ്ങൾ കേട്ടു. ഏതു പാർടി അംഗവും മാതൃകയാക്കേണ്ടതാണ് ആ അച്ചടക്കബോധം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top