22 December Sunday

ദുരിതാശ്വാസനിധി എന്ത്, എന്തിന് - പുത്തലത്ത് ദിനേശൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

 

കേരളം കണ്ട ഏറ്റവും ദാരുണമായ ദുരന്തമാണ് വയനാട് ജില്ലയിലെ മുണ്ടക്കൈ–- ചൂരൽമല പ്രദേശത്തുണ്ടായത്. ഇത്തരം പ്രകൃതി ദുരന്തങ്ങളെ മറികടക്കണമെങ്കിൽ മൂന്നുതരത്തിലുള്ള ഇടപെടൽ അനിവാര്യമാണ്. ഒന്നാമത്‌ രക്ഷാപ്രവർത്തനം. അത് കേന്ദ്ര–- സംസ്ഥാന സേനകളെയും ജനങ്ങളുടെ ശേഷിയെയും കൂട്ടിയോജിപ്പിച്ച്‌ മനുഷ്യസാധ്യമായവിധം നടപ്പാക്കാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞു.

രക്ഷപ്പെടുത്തിയവരുടെ ജീവിതത്തിന് സംരക്ഷണമൊരുക്കുകയെന്ന  രണ്ടാംഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. പുനരധിവാസം ഉൾപ്പെടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ ഇനിയും നടപ്പാക്കേണ്ടതുണ്ട്. ഇതിൽ ഇടപെടാനാകുക ജനാധിപത്യപരമായി പ്രവർത്തിക്കുന്ന നമ്മുടെ സർക്കാർ സംവിധാനത്തിനാണ്. കേരളത്തിന്റെ ഭരണയന്ത്രത്തെ ഇക്കാര്യത്തിൽ നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് സാധ്യമാകുമെന്ന് മുമ്പുണ്ടായ ദുരന്തങ്ങളുടെ കാലത്ത്‌ നാം മനസ്സിലാക്കിയിട്ടുള്ളതാണല്ലോ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിക്കുന്ന പണം ഉപയോഗപ്പെടുത്തി എങ്ങനെ ഇത്തരം പ്രവർത്തനങ്ങൾ നടത്താമെന്നതിനും മാതൃക സൃഷ്ടിച്ചിട്ടുണ്ട്.

പ്രകൃതിക്ഷോഭത്തിന്റെ ദുരിതങ്ങൾപേറുന്നവർ , മാരകരോഗം ബാധിച്ചവർ, അപകടംമൂലം ചികിത്സ തേടുന്നവർ, പ്രത്യേക സാഹചര്യങ്ങളിൽ മരിച്ചവരുടെ ആശ്രിതർ എന്നിവർക്കെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ആശ്വാസമായി മാറിയിട്ടുണ്ട്. ഇൻഷുറൻസില്ലാത്ത ചെറുകിട കച്ചവട സ്ഥാപനങ്ങൾക്കും  കടൽക്ഷോഭത്തിൽ മത്സ്യബന്ധന ഉപാധികൾ നഷ്ടപ്പെട്ടവർക്കുമെല്ലാം ഇത്‌ ആശ്വാസമായിട്ടുണ്ട്‌. ഒന്നാം പിണറായി സർക്കാർ അധികാരമേറ്റശേഷമാണ്,  മുൻ സർക്കാർ അനുവദിച്ച 37 ലക്ഷത്തോളം രൂപ ദുരിതാശ്വാസ നിധിയിൽ നിന്ന്‌ നൽകിയത്‌. ഓഖിയും പ്രളയവുമെല്ലാം അതിജീവിക്കാൻ നമുക്ക് കരുത്തായത്‌ ജനങ്ങളിൽനിന്ന്‌ ദുരിതാശ്വാസ നിധിയിൽ ലഭിച്ച പണവും അത്‌ ഫലപ്രദമായി ചെലവഴിച്ച സർക്കാരിന്റെ ഇടപെടലുമാണ്.

ഏത് സർക്കാർ അധികാരത്തിൽ വരുമ്പോഴും പാവപ്പെട്ടവർക്ക് അത്താണിയും സഹായിയുമായി നിലനിൽക്കുന്ന സർക്കാർ സംവിധാനമാണ് ദുരിതാശ്വാസ നിധി. ഈ സംവിധാനത്തെ ഓരോ കാലത്തും അധികാരത്തിൽ വന്ന സർക്കാരുകൾ കൂടുതൽ നവീകരിച്ച്‌ വികസിപ്പിച്ചു. 2016ൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതോടെ ഇത്‌ കൂടുതൽ ജനകീയമായി. അതിന്റെ ഭാഗമായി ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതുമുതൽ പണം അക്കൗണ്ടിൽ ലഭ്യമാകുന്നതുവരെയുള്ള ഒരുഘട്ടത്തിലും ഓഫീസുകളിലോ  ബന്ധപ്പെട്ട അധികാരികളുടെ മുന്നിലോ ചെന്നുനിൽക്കാതെ തന്നെ സഹായം ലഭിക്കുന്ന രീതിയുണ്ടായി. നിലവിൽ ഓൺലൈനായും അക്ഷയകേന്ദ്രങ്ങൾ,    ജനപ്രതിനിധികളുടെ ഓഫീസ്, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവ മുഖാന്തരവും അപേക്ഷ സമർപ്പിക്കാം. ഏറെ ജനകീയമായാണ്‌ ദുരിതാശ്വാസ നിധിയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌തിട്ടുള്ളത്‌.  


 

സിഎംഡിആർഎഫിനെ സംബന്ധിച്ച പരിഷ്കരിച്ച രീതി നിലവിൽ വന്നപ്പോൾ എല്ലാ എംഎൽഎമാർക്കും അവരുടെ പേഴ്സണൽ സ്റ്റാഫിനും ഇത് കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം നൽകി. അത്തരത്തിൽ ഏറ്റവും സുതാര്യമായുള്ള പ്രവർത്തനങ്ങളാണ് ആവിഷ്കരിച്ചത്. ഇതോടെ, ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് അവരുടെ അക്കൗണ്ടിൽ പണമെത്തുന്ന സ്ഥിതിയുണ്ടായി. ദുരന്തമനുഭവിക്കുന്നവരെ കൂടുതൽ ദുരിതത്തിലാക്കി, മാധ്യമങ്ങളിലൂടെ കൊട്ടിഘോഷിച്ച്‌ മഹാമേളകൾ നടത്തുന്നതിനു പകരം അർഹരായവർക്ക്‌ സാന്ത്വനമായി പണം എത്തിക്കാനാണ്‌ സർക്കാർ ശ്രമിച്ചതെന്ന്‌ അർഥം. ഡോക്കറ്റ് നമ്പർ ഉപയോഗിച്ച്, അപേക്ഷ ഓരോ ഘട്ടത്തിലും എത്തിച്ചേരുന്നയിടം ആർക്കും മനസ്സിലാക്കാനാകും.

കഴിഞ്ഞ ഏഴര വർഷത്തിനിടയിൽ 7687 കോടി രൂപയാണ് നൽകിയത്. കൂടാതെ അപേക്ഷകരുടെ വരുമാനപരിധി ഒരുലക്ഷമെന്നത്‌ രണ്ടുലക്ഷമായി വർധിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട്‌ നിയമസഭയിൽ ഉയർന്നുവരുന്ന ചർച്ചകൾ കണക്കിലെടുത്ത് സംവിധാനത്തെ ശക്തിപ്പെടുത്തുന്ന നടപടിയാണ് സ്വീകരിക്കുന്നത്. നിയമസഭയിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ നവീകരണം സർക്കാർ വരുത്തിക്കൊണ്ടിരിക്കുന്നു. ഉദാഹരണമായി പറഞ്ഞാൽ, 15–-ാം നിയമസഭയിലെ എട്ടാം സമ്മേളനത്തിൽ പി ഉബൈദുള്ള, എം ഷംസുദ്ദീൻ തുടങ്ങിയ നാല്‌ എംഎൽഎമാർ ഒരു ചോദ്യം ഉന്നയിക്കുകയുണ്ടായി (നക്ഷത്ര ചിഹ്നമിട്ട ചോദ്യം, നമ്പർ 463). മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്‌  ധനസഹായം തട്ടിയെടുക്കുന്നതിന്‌ ഉദ്യോഗസ്ഥരും ഏജന്റുമാരും ഡോക്ടർമാരുമടങ്ങിയ സംഘം സംസ്ഥാനത്ത് വ്യാപകമായി പ്രവർത്തിക്കുന്നതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടോ? എങ്കിൽ വിശദാംശം അറിയിക്കാമോ? ഇതായിരുന്നു ചോദ്യം. ഈ ചോദ്യത്തിന്റെകൂടി അടിസ്ഥാനത്തിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു ആപ് തന്നെ സർക്കാർ തയ്യാറാക്കി.

സാമാന്യനീതിയുടെ ഭാഗമായി ധനസഹായം ലഭിക്കേണ്ട ചില കാര്യങ്ങൾക്ക് തടസ്സമുണ്ടായപ്പോൾ ജനകീയ താൽപ്പര്യം കണക്കിലെടുത്ത് അവ നവീകരിക്കുകയുംചെയ്തു. ചാലക്കമ്പോളത്തിൽ 2014ൽ ഉണ്ടായ   തീപിടിത്തത്തിലെ നഷ്ടം പരിഹരിച്ച് 76 ലക്ഷം രൂപയാണ് അവിടെ ദുരിതം അനുഭവിച്ച ജനതയ്ക്ക് ലഭ്യമാക്കിയത്. വീടുകൾക്ക് തീപിടിച്ചാലും നഷ്ടപരിഹാരം നൽകാനുള്ള നിയമമുണ്ടാക്കിയതും ഇക്കാലത്താണ്. തീപിടിത്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പരമാവധി നാലുലക്ഷം രൂപയും കടൽക്ഷോഭത്തിൽ ജീവനോപാധികൾ നഷ്ടപ്പെടുന്നവർക്ക് രണ്ടുലക്ഷം രൂപ വീതവും അനുവദിക്കുന്നതിനും ഈ സർക്കാരാണ് തീരുമാനിച്ചത്. അപകടങ്ങളിൽ മരിക്കുന്നവരുടെ ആശ്രിതർക്ക് ധനസഹായം ഒരുലക്ഷം രൂപയായി വർധിപ്പിച്ചു. അർബുദം, വൃക്ക രോഗങ്ങൾക്ക് ചികിത്സയിലുള്ളവർക്ക് ഒരു തവണ ധനസഹായം ലഭിച്ചാലും രണ്ടുവർഷത്തിനുശേഷം വീണ്ടും അനുവദിക്കാനും അനുമതി നൽകി.

കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസ നിധിയിൽ ലഭിച്ചത് 4970.52 കോടി രൂപയാണ്. അന്ന്‌ തകർന്ന പ്രാദേശിക റോഡുകളുടെ നവീകരണത്തിനടക്കം  5640.62 കോടി രൂപ പ്രളയ ദുരിതാശ്വാസത്തിനും പുനരുദ്ധാരണത്തിനുമായി സർക്കാർ ചെലവഴിച്ചുകഴിഞ്ഞു. ഇതിനുപുറമെ പ്രളയത്തിൽ ജീവനോപാധി നഷ്ടപ്പെട്ടവർക്ക് ഉജ്ജീവന എന്നപേരിൽ വായ്പാപദ്ധതിയും ആവിഷ്കരിച്ചു. അതായത്, പ്രളയദുരിതാശ്വാസ പ്രവർത്തനത്തിനായി ലഭിച്ച തുകയേക്കാൾ കൂടുതലാണ് സർക്കാർ ചെലവഴിച്ചത്. അതുകൊണ്ടാണ് ഒരു തുകയും പാഴായിപ്പോകില്ലെന്ന്‌ സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്നത്‌.

ഓഖി ദുരിതാശ്വാസ പ്രവർത്തനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിച്ചത് 108 കോടി രൂപ. ചെലവഴിച്ചതാകട്ടെ 119.34 കോടിയും.  നമ്മൾ നേരിട്ട മറ്റൊരു ദുരന്തമായിരുന്നല്ലോ കോവിഡ്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇതിന്റെ ഭാഗമായി ലഭിച്ചത് 1058.21 കോടി രൂപയാണ്. എന്നാൽ, ദുരിതാശ്വാസ നിധിയിൽനിന്ന്‌ ചെലവാക്കിയത്‌ 1129.74 കോടി രൂപയാണ്. 59 പേർ മരിക്കുകയും 37 വീട്‌ മണ്ണിനടിയിലാകുകയും 18 ദിവസത്തെ തിരച്ചിലിനൊടുവിൽ 48 മൃതദേഹങ്ങൾ കണ്ടെടുക്കുകയുംചെയ്ത 2019 ആഗസ്ത് എട്ടിലെ കവളപ്പാറ ദുരന്തത്തിന്റെ പുനരധിവാസത്തിന് നേതൃത്വം നൽകിയത്‌ സർക്കാരാണ്. ഇത്തരത്തിൽ സർക്കാർ മുൻകൈയെടുത്ത്‌ നടത്തിയ പ്രവർത്തനങ്ങളാണ് അവിടെ പുനരധിവാസം സാധ്യമാക്കിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഓരോ ബജറ്റിലും തുക നീക്കിവയ്‌ക്കാറുണ്ട്. 2016–-17 മുതൽ 2023–-24 വരെയുള്ള സാമ്പത്തികവർഷം 1700 കോടി രൂപ നീക്കിവച്ചു. ഇത്തരം തുകകൂടി ഉപയോഗിച്ചാണ് ദുരിതാശ്വാസ നിധിയിൽനിന്ന്‌ സഹായം നൽകുന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ 984.84 കോടി രൂപ ചികിത്സാസഹായമായി നൽകി. രണ്ടാം പിണറായി സർക്കാർ 2023 നവംബർവരെ 800.29 കോടി രൂപ അനുവദിച്ചു.

എൻഡോസൾഫാൻ ദുരിതബാധിതർക്ക് 57 കോടി രൂപയുടെ ധനസഹായവും ദുരിതാശ്വാസ നിധിയിൽനിന്ന്‌ നൽകിയിട്ടുണ്ട്. ചില പ്രത്യേക പ്രശ്നങ്ങളിലും ഇത്തരം സഹായം ദുരിതാശ്വാസ നിധിയിൽനിന്ന്‌ നൽകിയിട്ടുണ്ട്‌. ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സിനിമാ നടൻ തിലകന്റെ ചികിത്സയ്ക്കായി 10.44 ലക്ഷം, അട്ടപ്പാടിയിൽ മരിച്ച മധുവിന്റെ അമ്മയ്‌ക്ക്‌ 10 ലക്ഷം, കോട്ടയത്തെ കെവിന്റെ കുടുംബത്തിന് 10 ലക്ഷം, സൈനിക സേവനത്തിനിടയിൽ മരിച്ച ശ്രീജിത് എൻ ജെയുടെ കുടുംബത്തിന് 10 ലക്ഷം എന്നിങ്ങനെ സഹായങ്ങൾ ലഭ്യമാക്കി.  ഇതുപോലെ, 2018 ഫെബ്രുവരിയിൽ ചെങ്ങന്നൂർ മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായർക്കും  2017 ജൂലൈയിൽ ഉഴവൂർ വിജയനും മരണശേഷം കുടുംബത്തിന് പണം നൽകി . ഇതിന് പ്രളയത്തിന്റെ ഫണ്ടുമായി ഒരുബന്ധവുമില്ല. കാരണം പ്രളയമുണ്ടാകുന്നത് 2018 ആഗസ്‌തിലാണ്‌.

ബജറ്റിലൂടെയും ജനങ്ങളുടെ സംഭാവനകളിലൂടെയും ലഭിക്കുന്ന തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വരുമാനം. ഇതിന്റെ പ്രത്യേകത ഇത് സിഎജി ഓഡിറ്റിങ്ങിനും വിവരാവകാശപരിധിയിലും വരുന്നതാണ് എന്നതാണ്‌. മാത്രമല്ല, കണക്കുകൾ നിയമസഭയിൽ അവതരിപ്പിക്കും. വെബ്സൈറ്റിലൂടെ ആർക്കും ലഭ്യമാകും. സർക്കാർ തുക അനുവദിക്കുന്നതാകട്ടെ വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുമാണ്. അതിനാൽ ഒരുതരത്തിലുമുള്ള വിവേചനത്തിനും ഇവിടെ സ്ഥാനമില്ല. ജനങ്ങൾ നൽകുന്ന പണവും ബജറ്റ് പിന്തുണയും ഉപയോഗപ്പെടുത്തിയാണ് ദുരിതാശ്വാസ നിധി പ്രവർത്തിക്കുന്നതെന്ന്‌ ചുരുക്കം. മറ്റ് പൊതുവായ കാര്യങ്ങൾക്കുള്ള തുക ബജറ്റിലെ പണംകൊണ്ടാണ് നിർവഹിക്കുന്നതെന്നും വ്യക്തം. അതുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പുനരധിവാസ പ്രവർത്തനങ്ങൾക്ക് ആശ്രയിക്കാവുന്ന ഏറ്റവും മികച്ച സംവിധാനമാണെന്ന് നിസ്സംശയം പറയാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top