08 October Tuesday

എന്താണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇത്രകലിപ്പ് ? ഡോ. ടി.എം. തോമസ് ഐസക് എഴുതുന്നു

ഡോ. ടി.എം. തോമസ് ഐസക്Updated: Saturday Oct 5, 2024

തിരുവനന്തപുരത്തു നടന്ന ധനമന്ത്രിമാരുടെ കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

ഡോ. ടി.എം. തോമസ് ഐസക്

ഡോ. ടി.എം. തോമസ് ഐസക്

തിരുവനന്തപുരത്ത് നടന്ന ധനമന്ത്രിമാരുടെ കോൺക്ലേവിൽ പങ്കെടുത്ത അഞ്ച് സംസ്ഥാനങ്ങളിൽ നാലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ആയിരുന്നു. കോൺക്ലേവിൽ പങ്കെടുക്കാത്ത ആന്ധ്രാ പ്രദേശ് സർക്കാരും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. പക്ഷേ, മോദിയെ മണിയടിച്ച് കാര്യം നേടാമെന്നാണ് അവർ ചിന്തിക്കുന്നത്.


ഇടിയുന്ന നികുതി വിഹിതം


എന്തുകൊണ്ടാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇത്ര കലിപ്പിലായിരിക്കുന്നത്? ഓരോ ധനകാര്യ കമ്മീഷനും കഴിയുംതോറും ദക്ഷിണേന്ത്യയുടെ വിഹിതം കുറഞ്ഞുകുറഞ്ഞുവരികയാണ്. 10–ാം ധനകാര്യ കമ്മീഷന്റെ കാലത്ത് (1995–2000) ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വിഹിതം 24.3 ശതമാനം ആയിരുന്നു. 15–ാം ധനകാര്യ കമ്മീഷൻ ആയപ്പോഴേക്കും ഇത് 13.7 ശതമാനമായി താഴ്ന്നു.

താഴെ കൊടുത്തിരിക്കുന്ന കണക്കുകൾ നോക്കിയാൽ അനുക്രമമായ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 16–ാം ധനകാര്യ കമ്മീഷനും ഇതുപോലെ നമ്മുടെ വിഹിതം ഇടിയാൻ അനുവദിച്ചാൽ ഈ സംസ്ഥാന സർക്കാരുകൾ വലിയ ധനകാര്യ പ്രതിസന്ധിയിലാകും. (കേരളത്തിന്റെ വിഹിതമാണ് ബ്രാക്കറ്റിനുള്ളിൽ കൊടുത്തിരിക്കുന്നത്).

• 10–ാം ധനകാര്യ കമ്മീഷൻ – 1995––2000 –24.3% (3.9%)
• 11–ാം ധനകാര്യ കമ്മീഷൻ – 2000–2005 – 21% (3.1%)
• 12–ാം ധനകാര്യ കമ്മീഷൻ – 2005––2010 – 19.8% (2.7%)
• 13–ാം ധനകാര്യ കമ്മീഷൻ – 2010––2015 – 18.6% (2.3%)
• 14–ാം ധനകാര്യ കമ്മീഷൻ – 2015––2020 – 15.5% (2.5%)
• 15–ാം ധനകാര്യ കമ്മീഷൻ – 2020–2025 – 13.7% (1.9%)


ജനസംഖ്യയും പ്രതിശീർഷ വരുമാനവും  :
മുഖ്യമാനദണ്ഡങ്ങൾ


എന്തുകൊണ്ടാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വിഹിതം ഇങ്ങനെ തുടർച്ചയായി ഇടിയുന്നത്?

കേന്ദ്ര നികുതി വിഹിതം ധനകാര്യ കമ്മീഷനുകൾ പങ്കുവയ്ക്കുന്നത് മുഖ്യമായും രണ്ട് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. ഒന്ന്, ജനസംഖ്യ. രണ്ട്, പ്രതിശീർഷ വരുമാനം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രതിശീർഷ വരുമാനം ദേശീയ ശരാശരിയേക്കാൾ ഉയർന്നതാണെന്നു മാത്രമല്ല കൂടുതൽ വേഗതയിൽ വളർന്നുകൊണ്ടിരിക്കുകയുമാണ്.

1981ൽ ഇവയുടെ പ്രതിശീർഷ വരുമാനം ദേശീയ ശരാശരിയുടെ 80 ശതമാനമേ വരുമായിരുന്നുള്ളൂ. എന്നാൽ 2024ൽ ഈ തോത് 169 ശതമാനമായി ഉയർന്നിരിക്കുകയാണ്. ദേശീയ പ്രതിശീർഷ വരുമാനത്തിൽ നിന്ന് നമ്മുടെ അകലം വർദ്ധിക്കുംതോറും നമ്മുടെ വിഹിതം കുറയും.

conclave

conclave

അതോടൊപ്പം ജനപ്പെരുപ്പം ഏറ്റവും വേഗതയിൽ കുറയുന്നത് ദക്ഷിണേന്ത്യയിലാണ്. അങ്ങനെ ജനസംഖ്യാ വിഹിതം കുറയുന്നതും നികുതി വിഹിതം കുറയാൻ ഇടയാക്കുന്നു. 14–ാം ധനകാര്യ കമ്മീഷൻ വരെ 1971ലെ ജനസംഖ്യയെ അടിസ്ഥാനമാക്കിയായിരുന്നു നികുതി പങ്കുവച്ചിരുന്നത്.

ഇപ്പോൾ 2011ലെ ജനസംഖ്യയാണ് പരിഗണിക്കുന്നത്. ഈ സ്ഥിതിവിശേഷംമൂലം പങ്കുവയ്ക്കൽ ഫോർമുലയിൽ എന്തെല്ലാം മാറ്റംവരുത്തിയാലും ഓരോ കമ്മീഷൻ കഴിയുമ്പോഴും നമുക്ക് കിട്ടുന്ന വിഹിതം കുറഞ്ഞുവരുന്നു.

ദേശീയ വരുമാനത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വിഹിതം 1991ൽ 23.2 ശതമാനം ആയിരുന്നു. 2024ൽ ഈ തോത് 30.6 ശതമാനമായി ഉയർന്നു. കേന്ദ്രം പിരിക്കുന്ന നികുതിയുടെ ഒരു പ്രോക്സിയായി ദേശീയ വരുമാനത്തിൽ സംസ്ഥാനത്തിന്റെ വിഹിതം കണക്കാക്കാം. എങ്കിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ രാജ്യത്തെ വരുമാനത്തിനും നികുതിക്കും നൽകുന്ന സംഭാവനയുടെ പകുതിയേ കേന്ദ്ര നികുതിയുടെ പങ്കായി അവയ്ക്ക് ലഭിക്കുന്നുള്ളൂവെന്ന് പറയേണ്ടിവരും.


കർണാടക സർക്കാരിന്റെ പൊട്ടിത്തെറി


കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ സാധാരണഗതിയിൽ ഏറ്റവും സൗമ്യസ്വഭാവക്കാരനും ഡിപ്ലോമാറ്റിക്കുമാണ്. പക്ഷേ, തിരുവനന്തപുരത്ത് നടന്ന ധനമന്ത്രിമാരുടെ കോൺക്ലേവിൽ അദ്ദേഹം വികാരവിക്ഷോഭത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. 15–ാം ധനകാര്യ കമ്മീഷൻ വലിയ അന്യായമാണ് കർണാടകയോടു കാണിച്ചത്.

കർണാടകയുടെ നികുതി വിഹിതം 4.7 ശതമാനത്തിൽ നിന്ന് 3.7 ശതമാനമായി കുറച്ചു. കണക്കുകളിലെ കസർത്തുകളുടെ ഫലമായി റവന്യു കമ്മി ഗ്രാന്റും നിഷേധിക്കപ്പെട്ടു. അവസാനം കമ്മീഷൻ കർണാടകയുടെ ദയനീയാവസ്ഥ കണ്ട് 10,000 കോടി രൂപ സ്പെഷ്യൽ ഗ്രാന്റായി അനുവദിച്ചു. കേന്ദ്ര സർക്കാരാവട്ടെ ഈ സ്പെഷ്യൽ ഗ്രാന്റ് തള്ളിക്കളഞ്ഞു. പിന്നെ എങ്ങനെ ഗൗഡ ക്ഷോഭിക്കാതിരിക്കും?

കർണാടകയിൽ നിന്നും കേന്ദ്ര സർക്കാർ പിരിക്കുന്ന നികുതിയുടെ 15 ശതമാനമേ കേന്ദ്ര വിഹിതമായി സംസ്ഥാനത്തിന് തിരികെ കിട്ടുന്നുള്ളൂ. (കേരളത്തിന്റെ ഈ തോത് 40 ശതമാനത്തിലേറെയാണ്). ഗൗഡയുടെ നിർദ്ദേശം ഇതായിരുന്നു: ഓരോ സംസ്ഥാനത്തിനും അവിടുന്ന് കേന്ദ്രം പിരിക്കുന്ന നികുതിയുടെ 60 ശതമാനം തിരികെ നൽകണം. ബാക്കി 40 ശതമാനമേ പുനർവിന്യസിക്കാൻ പാടുള്ളൂ.


ഓരോ സംസ്ഥാനത്തിനും ഫ്ലോർ റേറ്റ്?


എനിക്ക് അതിനോട് പൂർണമായി യോജിക്കാൻ കഴിഞ്ഞില്ല. ഒരു സംസ്ഥാനത്തുനിന്നും പിരിക്കുന്ന നികുതിയിൽ ആ സംസ്ഥാനത്ത് കമ്പനികളുടെയും മറ്റും ആസ്ഥാനമായിരുന്നതുകൊണ്ട് നൽകുന്ന കോർപ്പറേറ്റ് ടാക്സും ഉൾപ്പെടും. അതുപോലെതന്നെ സേവനനികുതിയും. മഹാരാഷ്ട്രയ്ക്ക് അവിടുന്ന് പിരിക്കുന്ന നികുതിയുടെ 8 ശതമാനമേ തിരികെ നൽകുന്നുള്ളൂ.

60 ശതമാനം നികുതി നൽകിക്കഴിഞ്ഞാൽ പിന്നാക്ക സംസ്ഥാനങ്ങൾക്ക് നൽകുന്ന തുകയിൽ വലിയ വെട്ടിക്കുറവ് വേണ്ടിവരും. ഇത്തരമൊരു നിർദ്ദേശത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി എതിർത്തേക്കാം.

വിവിധ സംസ്ഥാനങ്ങൾ തമ്മിൽ സാമ്പത്തിക സന്തുലനാവസ്ഥ കൈവരിക്കണമെന്നുള്ളത് ഇടതുപക്ഷ നിലപാടാണ്. അതുകൊണ്ട് മുന്നാക്ക സംസ്ഥാനങ്ങളിൽ നിന്ന് പിന്നാക്ക പ്രദേശങ്ങളിലേക്ക് വിഭവങ്ങൾ കൈമാറിയേ തീരൂ. പക്ഷേ, ചില സംസ്ഥാനങ്ങളുടെ നികുതി വിഹിതത്തിലുള്ള തുടർച്ചയായ തിരിച്ചടിക്കു വിരാമമിടുകയാണു വേണ്ടത്.ആ ഫ്ലോർ റേറ്റ് എത്ര ആയിരിക്കും? കഴിഞ്ഞ അഞ്ച് ധനകാര്യ കമ്മീഷനുകളിലെ അവാർഡുകളിലെ ഓരോ സംസ്ഥാനത്തിനും കിട്ടിയ നികുതിയുടെ ശരാശരിയെങ്കിലും ഉറപ്പുനൽകണം. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഉദാഹരണത്തിന് ഈ മാനദണ്ഡ പ്രകാരം കേരളത്തിന് 1.93 ശതമാനത്തിനു പകരം 2.49 ശതമാനം കിട്ടും.

അഞ്ച് അവാർഡുകൾ നീണ്ടുപോയെങ്കിൽ മൂന്ന് അവാർഡുകളുടെ ശരാശരിയാക്കണം. അങ്ങനെയാണെങ്കിലും 2.25 ശതമാനം കിട്ടും. കർണ്ണാടകയുടേത് 4.23 ശതമാനമായി ഉയരും. അതുപോലെ എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും.

മറ്റൊരു പോംവഴിയുണ്ട്. അതാണ് കർണാടകത്തിന്റെ മെമ്മോറാണ്ടത്തിൽ പറഞ്ഞിട്ടുള്ളത്. ജനസംഖ്യയും പ്രതിശീർഷ വരുമാനത്തിനും പുറത്ത് ദേശീയ വരുമാനത്തിൽ സംസ്ഥാനത്തിന്റെ വിഹിതവുംകൂടി പരിഗണിക്കണം. എങ്കിൽ ഇന്ന് തിരിച്ചടിയേറ്റുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളുടെ നില മെച്ചപ്പെടുത്താനാകും. കൂടുതൽ ചർച്ച ചെയ്യേണ്ട വിഷയമാണിത്.


ബീമാരു സംസ്ഥാനങ്ങൾക്കുള്ള – 
വിഹിതം വർദ്ധിച്ചിട്ടും വളർച്ച താഴേയ്ക്ക്


ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വിഹിതം വർദ്ധിപ്പിച്ചാൽ പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് തിരിച്ചടി ഉണ്ടാവില്ലേ? നികുതി വിഹിതം ഒരാൾക്ക് കുറയുമ്പോൾ മറ്റേതെങ്കിലും ഒരാൾക്ക് കൂടിയേ തീരൂ.

ആർക്കാണ് നഷ്ടമുണ്ടാവുക? ആർക്കാണ് മുൻ ധനകാര്യ കമ്മീഷൻ അവാർഡുകൾ വഴി നികുതി വിഹിതം വർദ്ധിച്ചത്?

ഏറ്റവും പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾ ബീഹാർ, മദ്ധ്യപ്രദേശ്, രാജസ്താൻ, ഉത്തർപ്രദേശ് എന്നിവയാണ്. ഇവയ്ക്കുള്ള വിളിപ്പേരാണ് ബീമാരൂ സംസ്ഥാനങ്ങൾ എന്നത്. ഈ സംസ്ഥാനങ്ങളെ വിഭജിച്ച് ഉണ്ടാക്കിയിട്ടുള്ള ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, ജാർഖണ്ഡ് എന്നിവയേയും ഇവരോടൊപ്പം തന്നെയാണ് പരിഗണിച്ചിട്ടുള്ളത്. അതുപോലെ തന്നെ ഒഡീഷയും ഇവരോടൊപ്പം ചേർത്തിട്ടുണ്ട്.

ഈ എട്ട് പിന്നാക്ക സംസ്ഥാനങ്ങളുടെ പ്രതിശീർഷ വരുമാനം 1991ൽ ദേശീയ വരുമാനത്തിന്റെ 62.8 ശതമാനം ആയിരുന്നു. ഇപ്പോൾ അത് 70 ശതമാനമാണ്. ഇത് മുഖ്യമായും ഒഡീഷ, രാജസ്താൻ, ഉത്തരാഖണ്ഡ് എന്നിവയുടെ വളർച്ചയിൽ നിന്നുണ്ടായ മെച്ചമാണ്. എങ്കിലും ദേശീയ വരുമാനത്തിൽ ഈ സംസ്ഥാനങ്ങളുടെ വിഹിതം ഈ കാലയളവിൽ 32.7 ശതമാനത്തിൽ നിന്ന് 27.7 ശതമാനമായി കുറഞ്ഞു.

അതേസമയം, 14–ാം ധനകാര്യ കമ്മീഷനിൽ അവരുടെ നികുതി വിഹിതം 49 ശതമാനം ആയിരുന്നത് ഇപ്പോൾ 54 ശതമാനമായി ഉയർന്നിട്ടുണ്ട്. ദേശീയ വരുമാനത്തിന്റെ 28 ശതമാനം മാത്രം സംഭാവന ചെയ്യുന്ന ബീമാരു സംസ്ഥാനങ്ങൾക്കാണ് നികുതി വരുമാനത്തിന്റെ 54 ശതമാനവും ലഭിക്കുന്നത്.

പുതിയ പങ്കുവയ്ക്കൽ ഫോർമുല അംഗീകരിക്കപ്പെട്ടാൽ ഇവയുടെ വിഹിതം കുറച്ച് കുറയുമെങ്കിലും അവയുടെ ദേശീയ വരുമാന വിഹിതത്തേക്കാൾ ഗണ്യമായ തുക ഇവയ്ക്ക് തുടർന്നും കിട്ടുമെന്ന് ഉറപ്പാണ്.


മറ്റു സംസ്ഥാനങ്ങളിൽ 
എന്ത് സംഭവിക്കുന്നു?


ബാക്കിയുള്ള സംസ്ഥാനങ്ങളിൽ മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന എന്നിവ കൂടുതൽ വേഗതയിൽ വളരുന്ന സംസ്ഥാനങ്ങളാണ്. അതേസമയം പഞ്ചാബ്, പശ്ചിമ ബംഗാൾ, ആസാം എന്നിവയുടെ വളർച്ച മന്ദീഭവിച്ചുകൊണ്ടിരിക്കുകയാണ്.

ഇവയുടെ നികുതി വിഹിതം മൊത്തത്തിൽ എടുത്താൽ 1995–2000ത്തിൽ 23 ശതമാനം ആയിരുന്നത് ഇപ്പോഴും ഏതാണ്ട് ആ തോതിൽ തന്നെയാണ് നിൽക്കുന്നത്.

അപ്പോൾ പിന്നെ ഒരു ചോദ്യം. ഇവരുടെ നികുതി വിഹിതവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ നികുതി വിഹിതവും ചേർത്താൽ 100 ശതമാനം ആകില്ല. മിച്ചം നികുതി വിഹിതം എവിടെപ്പോയി? വടക്കുകിഴക്കൻ മേഖലയിലെ സ്പെഷ്യൽ കാറ്റഗറി സംസ്ഥാനങ്ങൾക്കും സിക്കിം, ഗോവ, ഹിമാചൽ പ്രദേശ്, ജമ്മു&കശ്മീർ എന്നീ സംസ്ഥാനങ്ങൾക്കുമാണ് ഈ മിച്ചം പോയത്.

10–ാം ധനകാര്യ കമ്മീഷന്റെ കാലത്ത് ഇവരുടെ വിഹിതം 3.6 ശതമാനം ആയിരുന്നു. 14ാം ധനകാര്യ കമ്മീഷൻ ആയപ്പോഴേക്കും 7.5 ശതമാനമായി. 15–ാം ധനകാര്യ കമ്മീഷന്റെ കാലത്ത് ജമ്മു&കശ്മീർ കേന്ദ്രഭരണപ്രദേശമായി മാറിയിട്ടും ഇവരുടെ വിഹിതം 6.6 ശതമാനം വരുമായിരുന്നു. ഇവയ്ക്കും കുറച്ച് കുറവുവരും.

എന്നാൽ കേന്ദ്ര നികുതി വിഹിതം 42 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്തുകയാണെങ്കിൽ ഇവയ്ക്കെല്ലാം ലഭിക്കുന്ന തുകയിൽ ഗണ്യമായ വർദ്ധനവ് ഉറപ്പുവരുത്താനാകും. ഇത്തരമൊരു യോജിപ്പിൽ എല്ലാവർക്കുംകൂടി എത്തിച്ചേരാനാകുമോ? ഇതാണ് ചോദ്യം.


വായ്പാ പരിധി 
വെട്ടിച്ചുരുക്കലിൽ നിന്ന് 
രക്ഷപ്പെട്ട കഥ


സംസ്ഥാനങ്ങളുടെ വായ്പാ പരിധി 3 ശതമാനത്തിൽ നിന്ന് 1.75 ശതമാനമായി വെട്ടിച്ചുരുക്കാൻ അണിയറയിൽ നീക്കം. 15–ാം ധനകാര്യ കമ്മീഷൻ കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയർത്തി നിശ്ചയിച്ചു. ഈ വർദ്ധന കേന്ദ്രം കേരളത്തിനു നിഷേധിച്ചു.

കിഫ്ബി 2016 മുതൽ എടുത്ത വായ്പകൾ നമ്മുടെ സാധാരണഗതിയിലുള്ള വായ്പയിൽ നിന്ന് വെട്ടിക്കുറച്ചപ്പോൾ നമുക്ക് ഏതാണ്ട് 2 ശതമാനമേ വായ്പയെടുക്കാൻ കഴിഞ്ഞുള്ളൂ. അതാണ് ഇന്നത്തെ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് മുഖ്യകാരണം. അപ്പോൾ ഔദ്യോഗിക വായ്പാ പരിധിതന്നെ 1.75 ശതമാനമായാലോ?

2003ൽ പാസാക്കിയ ധന ഉത്തരവാദിത്വ നിയമമാണ് വായ്പയ്ക്ക് ദേശീയ വരുമാനത്തിന്റെ 3 ശതമാനമെന്ന പരിധി കല്പിച്ചത്. സംസ്ഥാനങ്ങളെല്ലാം ഇന്ന് ഈ പരിധിക്കുള്ളിൽ നിന്നേ വായ്പയെടുക്കുന്നുള്ളൂ. എന്നാൽ കേന്ദ്ര സർക്കാരാവട്ടെ, ഒരിക്കലും ഈ നിബന്ധന പാലിച്ചിട്ടില്ല. നടപ്പു ബജറ്റിലും 4.9 ശതമാനമാണ് കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി.

2017ൽ കേന്ദ്ര സർക്കാർ എൻ.കെ. സിങ്ങിന്റെ അധ്യക്ഷതയിൽ ധനഉത്തരവാദിത്വ നിയമത്തെ അവലോകനം ചെയ്യുന്നതിന് ഒരു റിവ്യൂ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ ഇവയായിരുന്നു:

• കടവും ദേശീയ വരുമാനവും തമ്മിലുള്ള തോത് കേന്ദ്രത്തിന്റേത് 40 ശതമാനമായും സംസ്ഥാനത്തിന്റേത് 20 ശതമാനമായും കുറയ്ക്കണം.

• ധനക്കമ്മി ആകട്ടെ കേന്ദ്രത്തിന്റേത് ദേശീയ വരുമാനത്തിന്റെ 2.5 ശതമാനവും സംസ്ഥാനത്തിന്റേത് 1.7 ശതമാനവുമായി താഴ്ത്തണം.

ഈ എൻ.കെ. സിങ്ങിനെ തന്നെയാണ് 15–ാം ധനകാര്യ കമ്മീഷന്റെ അധ്യക്ഷനായി നിശ്ചയിച്ചത്. തന്റെ റിപ്പോർട്ട് അടിച്ചേൽപ്പിക്കാനുള്ള ദൗത്യവുമായിട്ടാണ് അദ്ദേഹം പുതിയ ചുമതല ഏറ്റെടുത്തത്. പക്ഷേ, കോവിഡ് മഹാമാരി സംസ്ഥാനങ്ങളെ രക്ഷിച്ചു.

ആഗോള സമ്പദ്ഘടന രൂക്ഷമായ മാന്ദ്യത്തിൽ അമർന്നപ്പോൾ ലോകമെമ്പാടും സർക്കാരുകൾ ധനക്കമ്മി ഉയർത്തി മാന്ദ്യത്തെ നേരിടാൻ ശ്രമിച്ചു. ഇന്ത്യയും ഇതു തന്നെയാണ് ചെയ്തത്. അങ്ങനെ റിവ്യൂ കമ്മിറ്റിയുടെ ശുപാർശ മാറ്റിവയ്ക്കേണ്ടി വന്നു.


വായ്പ വെട്ടിച്ചുരുക്കൽ – തുടർക്കഥ


ഇതിനിടയിൽ മറ്റൊരു സംഭവമുണ്ടായി. കോവിഡുമൂലം വരുമാനം കുറഞ്ഞപ്പോൾ സമ്പാദ്യവും ഇടിഞ്ഞു. കുടുംബങ്ങളുടെ സമ്പാദ്യത്തിലാണ് ഏറ്റവും വലിയ ഇടിവുണ്ടായത്. രാജ്യത്തെ സമ്പാദ്യമാണല്ലോ സർക്കാരും സ്വകാര്യ നിക്ഷേപകരും സാധാരണക്കാരും വായ്പയായി വീതിച്ചെടുക്കുന്നത്.

പുതിയ സാഹചര്യത്തിൽ സർക്കാരിന്റെ വായ്പ പണ്ടത്തേതുപോലെ 3 ശതമാനമായി തുടർന്നാൽ സ്വകാര്യ നിക്ഷേപകർക്ക് വേണ്ടത്ര വായ്പ കിട്ടില്ലയെന്ന വാദം മുതലാളിമാരും അവരുടെ വിദഗ്ധരും ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്.

16–ാം ധനകാര്യ കമ്മീഷന്റെ ചെയർമാൻ അരവിന്ദ് പനഗരിയ തികഞ്ഞ ധനയാഥാസ്ഥിതികനാണ്. കേരളത്തിന്റെ വികസന മാതൃകയെ അടച്ചാക്ഷേപിച്ചിട്ടുള്ള ഒരു വ്യക്തിയാണ്. ഗുജറാത്ത് മോഡലിന്റെ വക്താവാണ്. സാമ്പത്തിക വളർച്ച ഉണ്ടായാൽ അതിന്റെ നേട്ടം കിനിഞ്ഞിറങ്ങി എല്ലാവർക്കും ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം.

അതിനു പകരം സർക്കാർ ഇടപെട്ട് വരുമാനം എല്ലാവർക്കും പുനർവിതരണം ചെയ്യാൻ തുനിഞ്ഞാൽ അത് വളർച്ചയെ പ്രതികൂലമായി ബാധിക്കും എന്നുമാണ് അദ്ദേഹത്തിന്റെ വാദം.

ഇത്തരമൊരു കാഴ്ചപ്പാടുള്ള ഒരാളെ ധനകാര്യ കമ്മീഷന്റെ ചെയർമാനാക്കി നിശ്ചയിച്ചത് കൃത്യമായ ലക്ഷ്യത്തോടെയാണ്. വിവാദങ്ങൾ ഒഴിവാക്കാനായി 16–ാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിൽ ഭരണഘടനാ വകുപ്പ് അതേപടി ചേർക്കുകയല്ലാതെ മറ്റു നിർദ്ദേശങ്ങളൊന്നും ഉൾക്കൊള്ളിച്ചില്ല. പക്ഷേ, വലിയ അപകടം സംസ്ഥാനങ്ങളെ തുറിച്ചുനോക്കുകയാണ്.


ഒരേ തൊപ്പി എല്ലാവർക്കും ചേരില്ല


ഓരോ സംസ്ഥാനത്തിനും ഇഷ്ടംപോലെ വായ്പയെടുക്കാൻ അനുവദിച്ചാൽ രാജ്യം കടക്കെണിയിൽ ആകില്ലേ? അതുകൊണ്ട് വായ്പയെടുക്കുന്നതിന് നിയന്ത്രണങ്ങൾ അനിവാര്യമല്ലേ? ഇങ്ങനെയൊക്കെയാണ് ചില ശുദ്ധാത്മാക്കൾ ചോദിക്കുക.

കടമെടുക്കുന്നതിന് ഒരു നിയന്ത്രണവും പാടില്ല എന്നല്ല വാദം. പക്ഷേ, കടത്തിന്റെ പരിധികൾ യാന്ത്രികമായി നിശ്ചിക്കാൻ കഴിയുന്ന ഒന്നല്ല. കോവിഡുകാലത്ത് എല്ലാ രാജ്യങ്ങളും കടമെടുപ്പ് പരിധികളെല്ലാം ലംഘിച്ച് വായ്പയെടുത്ത് സർക്കാർ ചെലവ് ഉയർത്തിയില്ലേ? കോവിഡ് കഴിഞ്ഞപ്പോൾ വായ്പയെടുക്കുന്നത് കുറച്ചു കൊണ്ടുവന്നു. എത്ര വായ്പയെടുക്കണമെന്നത് പൊതു സാമ്പത്തികസ്ഥിതികളെ ആശ്രയിച്ച് തീരുമാനമെടുക്കേണ്ട ഒരു കാര്യമാണ്.

അതുപോലെ തന്നെ എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ നിരക്കിൽ ധനക്കമ്മിയും റവന്യുക്കമ്മിയും നിശ്ചയിക്കുന്നത് ശരിയല്ല. ഒരേ തൊപ്പി എല്ലാവർക്കും ചേരില്ല. ഇന്ത്യയിലെ സംസ്ഥാനങ്ങൾ വ്യത്യസ്ത വികസനപാതയിലൂടെയാണ് വളരുന്നത്. അവയുടെ ആവശ്യങ്ങളും വ്യത്യസ്തമാണ്.


ബീമാരു സംസ്ഥാനങ്ങൾ മുന്നേറാൻ എന്തുവേണം?

 

ഉദാഹരണത്തിന് ബീഹാർ, മദ്ധ്യപ്രദേശ്, രാജസ്താൻ, യുപി തുടങ്ങിയ ബീമാരു സംസ്ഥാനങ്ങൾ എടുത്തുനോക്കൂ. 1961ൽ ദേശീയ വരുമാനത്തിന്റെ 32.9 ശതമാനം ഈ സംസ്ഥാനങ്ങളിൽ നിന്നായിരുന്നു. എന്നാൽ ഇപ്പോൾ അവയുടെ വിഹിതം 27.7 ശതമാനം മാത്രമാണ്.

1961ൽ ഇവയുടെ പ്രതിശീർഷ വരുമാനം ദേശീയനിരക്കിന്റെ 80 ശതമാനം വരുമായിരുന്നു. എന്നാൽ ഇപ്പോൾ 70 ശതമാനമേ വരൂ. ഇവയ്ക്ക് കൂടുതൽ പണം കൊടുക്കാത്തതുകൊണ്ടല്ല. 15–ാം ധനകാര്യ കമ്മീഷൻ കേന്ദ്ര നികുതി വിഹിതത്തിന്റെ 50 ശതമാനവും ഇവർക്കാണ് നൽകുന്നത്.

ഇത്രയും വലിയ വിഹിതം ലഭിച്ചിട്ടും സാമ്പത്തിക വളർച്ചയിൽ ഇവയ്ക്ക് എന്തുകൊണ്ട് മുന്നേറാൻ കഴിയുന്നില്ല? ഈ സംസ്ഥാനങ്ങളിൽ വലിയൊരു യന്ത്ര ഫാക്ടറി സ്ഥാപിച്ചെന്നിരിക്കട്ടെ. ഈ ഫാക്ടറിയുടെ യന്ത്രസാമഗ്രികളും അസംസ്കൃത വസ്തുക്കളും പുറത്തുനിന്നായിരിക്കും വരിക. ജീവനക്കാരിൽ സിംഹപങ്കും അന്യസംസ്ഥാനക്കാർ ആയിരിക്കും.

അതുകൊണ്ട് മുതൽമുടക്കിന്റെ അനുരണനങ്ങൾ പ്രാദേശിക സമ്പദ്ഘടനയിൽ വളരെ പരിമിതമായിരിക്കും. അവ പുറത്തോട്ട് ഒഴുകിപ്പോകും. ഈ സംസ്ഥാനങ്ങളിലെയെല്ലാം ക്രെഡിറ്റ് ഡെപ്പോസിറ്റ് തോത് താഴ്ന്നതാകും. സമ്പാദ്യം പോലും പുറത്തേക്ക് ഒഴുകുകയാണ്.

ഈയൊരു സാഹചര്യത്തിൽ ഈ സംസ്ഥാനങ്ങളുടെ ഉചിതമായ വികസന നയം എന്തായിരിക്കും? ഇത്തരത്തിൽ നിക്ഷേപം പൊടുന്നനെ പുറത്തേക്കു പോകാത്ത മാനവവികസന മേഖലയിൽ വേണം ഇടപെടൽ. കേരളവും തമിഴ്നാടും ചെയ്തതുപോലെ വിദ്യാഭ്യാസ, ആരോഗ്യ സുരക്ഷാ മേഖലകളിൽ വലിയ തോതിൽ പണം മുടക്കണം. ഇത് ചെയ്യണമെന്നുണ്ടെങ്കിൽ റവന്യു കമ്മി പൂജ്യം ആക്കാൻ നിർബന്ധിക്കരുത്.

വായ്പയായി എടുക്കുന്ന പണവും ഈ മേഖലകളിൽ മുതൽമുടക്കാനുള്ള അനുവാദം നൽകണം. ഇന്നിപ്പോൾ കോവിഡ് കാലത്തുപോലും കടപ്പേടിമൂലം ഈ സംസ്ഥാനങ്ങൾ വായ്പ പൂർണമായും എടുത്തില്ല. എടുത്ത വായ്പയിൽ സിംഹപങ്കും റവന്യുക്കമ്മി പേടിമൂലം ട്രഷറിയിൽ ചെലവാക്കാതെ സൂക്ഷിക്കുകയാണ് ചെയ്തത്. കോവിഡ് കാലത്ത് 3,00,000 കോടി രൂപ ചെലവാക്കാതെ സംസ്ഥാനങ്ങൾ സൂക്ഷിച്ചൂവെന്നത് ഞെട്ടിപ്പിക്കുതാണ്.


കേരളത്തിന്റെ വ്യത്യസ്ത 
വികസനപാത


കേരളത്തിന്റെ സ്ഥിതി ഇതിനു നേർവിപരീതമാണ്. സാമൂഹ്യക്ഷേമ മേഖലയിൽ ഉയർന്ന നിലയാണ്. പശ്ചാത്തലസൗകര്യങ്ങളിൽ ഏറ്റവും പിന്നാക്കമാണ്. അടിയന്തരമായി ഈ പിന്നാക്കാവസ്ഥ മറികടക്കണം. അതിനുള്ള മാർഗം കേരളത്തെ കൂടുതൽ വായ്പയെടുത്ത് പശ്ചാത്തല സൗകര്യങ്ങളിൽ മുതൽമുടക്കുന്നതിന് അനുവദിക്കുകയാണ്.

എന്നാൽ കേന്ദ്രം ഇപ്പോൾ ചെയ്യുന്നതോ പൊതുമേഖലാ സ്ഥാപനത്തിലൂടെ വായ്പയെടുത്ത് പശ്ചാത്തലസൗകര്യസൃഷ്ടി നടത്തിയതിന് കേരളത്തെ ശിക്ഷിക്കാൻ ഇറങ്ങിയിരിക്കുകയാണ്. അതേസമയം കേന്ദ്ര സർക്കാർ ഇഷ്ടംപോലെ വായ്പയെടുക്കുന്നു. ബജറ്റിനു പുറത്തും വായ്പയെടുക്കുന്നു. ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം.

ഇനി സാമ്പത്തിക വളർച്ചയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളോ? അവ പശ്ചാത്തലസൗകര്യ പിന്നാക്കാവസ്ഥ മറികടന്നു കഴിഞ്ഞു. വലിയ തോതിൽ റെയിൽവേ, ദേശീയപാത, തുറമുഖ നിക്ഷേപങ്ങൾ എല്ലാം അവർക്കുണ്ട്. അവർക്ക് ഇല്ലാത്തത് സാമൂഹ്യക്ഷേമ മേഖലകളുടെ പുരോഗമനമാണ്. ഇവർക്കും റവന്യുക്കമ്മിയിൽ ഇളവ് അനുവദിച്ചേ തീരൂ.


വൈവിധ്യത്തെ 
അംഗീകരിക്കാത്ത ബിജെപി


ഇതൊക്കെ ചർച്ച ചെയ്യുന്നതിനാണ് അന്തർസംസ്ഥാന കൗൺസിൽ വേണ്ടത്. ഈ ഭരണഘടനാ സ്ഥാപനം ഇന്ന് പ്രവർത്തിക്കുന്നില്ല. കേന്ദ്രം ഏകപക്ഷീയമായി എല്ലാ കാര്യങ്ങളും തീരുമാനിക്കുകയാണ്. ഈ സ്ഥിതി അവസാനിപ്പിക്കണം. അതിനൊരു മാർഗം ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങളുടെ വ്യത്യസ്ത വികസനപാത അംഗീകരിക്കുകയാണ്. അവരുമായി ചർച്ച ചെയ്ത് ഉചിതമായ ധനദൃഢീകരണ (fiscal stabilization) തന്ത്രം ആവിഷ്കരിക്കുകയാണ് വേണ്ടത്.

പക്ഷേ, ഇതൊന്നുമല്ല നടക്കുന്നത്. കാരണം ബിജെപി ഇന്ത്യയിലെ വൈവിധ്യത്തെ അംഗീകരിക്കാത്ത പാർട്ടിയാണ്. രാഷ്ട്രത്തിനുള്ളിലെ എല്ലാം ഒരുപോലെ ആകണമെന്നാണ് അവരുടെ ശാഠ്യം. ഈ നിലപാടിനെ എതിർത്തു തോൽപ്പിച്ചുകൊണ്ടേ സംസ്ഥാനങ്ങളുടെ വികസനം ഉറപ്പുവരുത്താനാകൂ.

പ്രധാനമന്ത്രി ആയതുമുതൽ സംസ്ഥാന സർക്കാരുകൾക്ക് കൂച്ചുവിലങ്ങിടാനുള്ള പരിശ്രമത്തിലാണ് മോദി. കേന്ദ്ര നികുതി വിഹിതം 42 ശതമാനം ആക്കാനുള്ള 14–ാം ധനകാര്യ കമ്മീഷൻ തീരുമാനത്തെ അവരെക്കൊണ്ട് തിരുത്തിക്കാൻ മോദി സർക്കാർ വിഫലശ്രമം നടത്തി.

പിന്നീട് സംസ്ഥാനവുമായി പങ്കുവയ്ക്കേണ്ടതില്ലാത്ത സെസും സർചാർജ്ജും വഴി നികുതി സമാഹരിച്ച് സംസ്ഥാനങ്ങളെ പറ്റിച്ചു. ഫലത്തിൽ ഇപ്പോൾ കേന്ദ്ര നികുതിയുടെ 42 ശതമാനമല്ല, 32 ശതമാനമാണ് യഥാർത്ഥത്തിൽ നൽകുന്നത്.

15–ാം ധനകാര്യ കമ്മീഷനോട് മോദി കല്പിച്ചത് ഇവയൊക്കെയായിരുന്നു:

• സംസ്ഥാന നികുതി 42 ശതമാനത്തിൽ നിന്നും താഴ്ത്തുക.

• റവന്യു ഡെഫിസിറ്റ് ഗ്രാന്റ് നൽകുന്ന സമ്പ്രദായം അവസാനിപ്പിക്കുക.

• സംസ്ഥാന ധന നയങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന രീതിയിൽ ഗ്രാന്റുകൾക്കും വായ്പകൾക്കും നിബന്ധന ഏർപ്പെടുത്തുക.

നേരത്തെ പറഞ്ഞതുപോലെ കോവിഡും പ്രതിഷേധവും കൊണ്ട് ഈ അജൻഡ നടപ്പാക്കാൻ കഴിഞ്ഞില്ല. ഇതിൽ നിന്നും മോദി പാഠം പഠിച്ചു. അതുകൊണ്ട് 16–ാം ധനകാര്യ കമ്മീഷന് പരിഗണനാ വിഷയങ്ങൾ പ്രത്യേകിച്ച് ഒന്നും നൽകിയില്ല. ബന്ധപ്പെട്ട ഭരണഘടനാ വകുപ്പുകൾ അതേപോലെ ഉദ്ധരിച്ചു ചേർത്തു. അതുകൊണ്ട് 16–ാം ധനകാര്യ കമ്മീഷനെതിരെ ഒരു പ്രതിഷേധവും ഉണ്ടായില്ല.


കൗശലക്കാരനായ പനഗരിയ


കമ്മീഷൻ ചെയർമാൻ അരവിന്ദ് പനഗരിയ കൗശലക്കാരനാണ്. അതിവേഗത്തിൽ ഓരോ സംസ്ഥാനവുമായുള്ള ചർച്ചകൾ തീർത്തുകൊണ്ടിരിക്കുകയാണ്. പക്ഷേ, പുറത്തുവന്നുകൊണ്ടിരിക്കുന്ന രഹസ്യങ്ങൾ സംസ്ഥാന താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഏവരെയും ആശങ്കപ്പെടുത്തുന്നതാണ്. അദ്ദേഹം ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത് ഇവയൊക്കെയാണ്.

14–ാം ധനകാര്യ കമ്മീഷൻ 42 ശതമാനം അനുവദിച്ചതിന്റെ പിന്നിലെ കണക്ക് കൂട്ടലുകൾ എന്തായിരുന്നു? ഈ ഉയർന്ന വിഹിതമല്ലേ കേന്ദ്ര സർക്കാരിന്റെ റവന്യു കമ്മിക്ക് കാരണം? സംസ്ഥാന വിഹിതം വെട്ടിക്കുറയ്ക്കാനാണ് നീക്കം.

ദേശീയ കുടുംബ സമ്പാദ്യ നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതിനെക്കുറിച്ച് പല പ്രമുഖരും ഇപ്പോൾ എഴുതുന്നുണ്ട്. ദേശീയ സമ്പാദ്യം കുറയുമ്പോൾ പണ്ടത്തെപ്പോലെ സംസ്ഥാന സർക്കാർ വായ്പ എടുത്താൽ സ്വകാര്യമേഖലയ്ക്ക് വായ്പയെടുക്കാൻ സമ്പാദ്യം ഉണ്ടാവില്ലപോലും. അതുകൊണ്ട് സംസ്ഥാന സർക്കാരുകളുടെ വായ്പാ പരിധി വെട്ടിക്കുറയ്ക്കണമത്രേ.

സംസ്ഥാനങ്ങൾ ഉറക്കമുണർന്ന് ഒരുമിച്ച് നീങ്ങിയില്ലെങ്കിൽ ലഭിക്കുന്ന തിരിച്ചടിയിൽ നിന്നും കരകയറാനാകില്ല. ഒരുപക്ഷേ, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വലിയ തിരിച്ചടി നേരിട്ടാൽ കോവിഡ് വന്നതുകൊണ്ട് സംസ്ഥാനങ്ങൾ രക്ഷപ്പെട്ടതുപോലെ ഇത്തവണയും സംഭവിച്ചേക്കാം.

കേരള സർക്കാർ സംഘടിപ്പിച്ച ധനമന്ത്രിമാരുടെ സമ്മേളനം നല്ലൊരു തുടക്കമാണ്. അടുത്തതായി തങ്ങളും ഇതുപോലൊരു സമ്മേളനം ബംഗ്ലൂരുവിൽ വിളിച്ചുചേർക്കുമെന്ന് കർണാടക മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പ്രസ്താവിച്ചിട്ടുണ്ട്. അതുകൊണ്ട് തിരുവനന്തപുരം സമ്മേളനത്തിന് ഒരു തുടർച്ചയുണ്ടാകുമെന്ന് നമുക്ക് ഉറപ്പിക്കാം.

 

 ചിന്ത വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top