08 October Tuesday

കോൺക്ലേവിന്റെ പ്രസക്തി

പിണറായി വിജയൻUpdated: Saturday Oct 5, 2024

തിരുവനന്തപുരത്തു നടന്ന ധനമന്ത്രിമാരുടെ കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

പ്രവർത്തനമാരംഭിച്ച 16–ാം ധനകാര്യ കമ്മീഷന് മുമ്പാകെ ഉയർത്തിക്കാട്ടേണ്ട വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ഇവിടെ യോഗം ചേരുന്നത്. 15–ാം ധനകാര്യ കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസിന്റെ ചില തർക്കവിഷയങ്ങളിൽ പൊതുവായ നിലപാട് സ്വീകരിക്കുന്നതിനായി ഏഴു വർഷം മുമ്പ് ഇതേ വേദിയിൽ സമാനമായ ഒരു കോൺക്ലേവ് നടന്നിരുന്നു.

അന്നു സ്വീകരിച്ച പൊതു നിലപാട് ബഹുമാനപ്പെട്ട രാഷ്ട്രപതിക്ക് ഒരു മെമ്മോറാണ്ടമായി സമർപ്പിച്ചെങ്കിലും 15–ാം ധനകാര്യ കമ്മീഷൻ ശുപാർശകൾ പുറപ്പെടുവിച്ചപ്പോൾ ആ നിർദേശങ്ങൾ പലതും അവഗണിക്കപ്പെടുകയാണുണ്ടായത്. ആ സാഹചര്യത്തിലാണ് വീണ്ടും സമാനമായ മറ്റൊരു കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

ഈ തവണ, 16–ാം ധനകമ്മീഷന്റെ ടേംസ് ഓഫ് റഫറൻസ് ഭരണഘടനയുടെ 280–ാം അനുച്ഛേദത്തിൽ നിർദേശിച്ചിരിക്കുന്നതിലേക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കേന്ദ്രസർക്കാർ 16–ാം ധനകമ്മീഷന്റെ ടേംസ് ഓഫ് റഫറൻസ് രൂപീകരിക്കാനുള്ള നിർദ്ദേശങ്ങൾ തേടിയപ്പോൾ, കേരളം മുന്നോട്ടുവച്ച ആവശ്യമാണ് ഇത് എന്ന് ഈ അവസരത്തിൽ അഭിമാനത്തോടെ ഞാൻ ഓർക്കുന്നു.

കേന്ദ്രം ശേഖരിക്കുന്ന നികുതി വരുമാനത്തിന്റെ ഒരു വിഹിതം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്നതിനും ഗ്രാന്റുകൾ വിതരണം ചെയ്യുന്നതിനും ഒരു മദ്ധ്യസ്ഥനായി പ്രവർത്തിക്കാൻ ഭരണഘടനാപരമായ ചുമതലയുള്ള ധനകാര്യ കമ്മീഷനിൽ നിന്നും അതിന്റെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്ന നടപടികൾ ഉണ്ടാകാൻ പാടില്ല.

മേൽപ്പറഞ്ഞ രണ്ടും കൂടാതെ, നികുതികൾ സംസ്ഥാനങ്ങൾക്കിടയിൽ എങ്ങനെ വിതരണം ചെയ്യണമെന്ന് ശുപാർശ ചെയ്യാൻ ധനകാര്യ കമ്മീഷനുകൾക്ക് വളരെ പ്രധാനപ്പെട്ട ചുമതലയുണ്ട്. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ആളോഹരി വരുമാനവും വികസന സൂചകങ്ങളും വ്യാപകമായി വ്യത്യാസപ്പെടുന്നത് സൂക്ഷ്മമായി പരിഗണിച്ചുവേണം ഇതു നിർവ്വഹിക്കാൻ.

കേന്ദ്രം ശേഖരിക്കുന്ന അറ്റ വരുമാനത്തിന്റെ ഒരു നിശ്ചിത വിഹിതം ധനകാര്യ കമ്മീഷനുകൾ സംസ്ഥാനങ്ങൾക്ക് ശുപാർശ ചെയ്യുന്നു. ഇത് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 270, സംസ്ഥാനങ്ങളുമായി പങ്കിടാവുന്ന നികുതികളുടെ ഡിവിസിബിൾ പൂളിൽ നിന്ന് കേന്ദ്രം ശേഖരിക്കുന്ന സർചാർജുകളും സെസുകളും ഒഴിവാക്കുന്നു.

കഴിഞ്ഞ ദശകത്തിൽ, സർചാർജുകളും സെസുകളും വർദ്ധിച്ചുവരുന്ന പ്രവണത കാണിക്കുന്നു; ഇപ്പോൾ അത് കേന്ദ്രത്തിന്റെ മൊത്ത നികുതി വരുമാനത്തിന്റെ അഞ്ചിലൊന്ന് വരും. അതിന്റെ നേരിട്ടുള്ള അനന്തരഫലമാണ് നികുതികളുടെ ഡിവിസിബിൾ പൂളിന്റെ ചുരുങ്ങൽ. കേന്ദ്രം പിരിച്ചെടുത്ത നികുതികളുടെ അറ്റവരുമാനത്തിന്റെ ഉയർന്ന വിഹിതം ശുപാർശ ചെയ്ത സമയത്താണ് സർചാർജുകളുടെയും സെസുകളുടെയും വിഹിതം വർധിപ്പിക്കാൻ ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തത് എന്നോർക്കണം. ഈ വിഷയം ധനകാര്യ കമ്മീഷന്റെ പരിധിയ്ക്ക് പുറത്തുള്ളതായി കണക്കാക്കാമെങ്കിലും, ആർട്ടിക്കിൾ 270ലെ വ്യവസ്ഥകൾ അനുസരിച്ച്, 16–ാം കമ്മീഷൻ ഈ പ്രവണത പരിഗണിക്കേണ്ടതാണ്.

നികുതി അധികാരങ്ങളും ചെലവും തമ്മിലുള്ള അസന്തുലിതാവസ്ഥ കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്ന നികുതിയുടെ മുൻവിഹിതം അറ്റാദായത്തിന്റെ 50 ശതമാനമായി ഉയർത്തണമെന്ന് 15–ാം ധനകാര്യ കമ്മീഷനു നൽകിയ മെമ്മോറാണ്ടത്തിൽ കേരളം ആവശ്യപ്പെട്ടിരുന്നു. മറ്റു പല സംസ്ഥാനങ്ങളും നേരത്തെയുള്ള ധനകാര്യ കമ്മീഷനുകൾക്ക് മുമ്പാകെ ഈ ആവശ്യം ഉന്നയിച്ചിരുന്നു.

കേന്ദ്രം പിരിച്ചെടുക്കുന്ന നികുതിയിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ വിഹിതം നൽകണമെന്ന ആവശ്യം തുടർച്ചയായി സംസ്ഥാനങ്ങൾ ഉന്നയിക്കുകയാണ്. ഇക്കാര്യം രാജ്യത്തെ സാമ്പത്തിക ശാസ്ത്രജ്ഞർ കാര്യമായി പഠിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യേണ്ടതാണ്. സാമ്പത്തിക അസന്തുലിതാവസ്ഥ വർധിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്ന നികുതിയുടെ വിഹിതം വർധിപ്പിക്കണമെന്ന ആവശ്യം 16–ാം ധനകാര്യ കമ്മീഷനുമുമ്പാകെ ഫലപ്രദമായി അവതരിപ്പിക്കാൻ ഇത് സംസ്ഥാനങ്ങളെ സഹായിക്കും.

സംസ്ഥാനങ്ങൾക്കിടയിലുള്ള നികുതി വിതരണ വിഷയവും ഉചിതമായ പരിഗണന ആവശ്യമാണ്. 1976ലെ ദേശീയ ജനസംഖ്യാ നയത്തിന്റെ ലക്ഷ്യങ്ങൾ നേടിയെടുത്ത സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും ആളോഹരി വരുമാനം കുറഞ്ഞതും ഉയർന്ന ജനസംഖ്യയും ഉള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും സന്തുലിതമായി പരിഗണിക്കേണ്ട ഉത്തരവാദിത്വം പതിനാറാം ധനകാര്യ കമ്മീഷനുണ്ട്. തുടർച്ചയായി കുറയുന്ന നികുതി ഓഹരികൾ ആദ്യത്തെ വിഭാഗം സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ട്.

കേരളത്തിന്റെ ഉദാഹരണം നോക്കിയാൽ, നികുതിയിൽ നമ്മുടെ വിഹിതം 11–ാം ധനകാര്യ കമ്മീഷനിൽ 3.05 ശതമാനമായിരുന്നത് 15–ാം ധനകാര്യ കമ്മീഷന്റെ സമയത്ത് 1.92 ശതമാനമായി കുറഞ്ഞു. മറ്റു സംസ്ഥാനങ്ങൾക്കും സമാനമായ അനുഭവമുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, ജനസംഖ്യാ സൂചകങ്ങൾ എന്നിവ കൈവരിക്കുന്നതിന് കൂടുതൽ പരിശ്രമിച്ച സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾക്ക് അർഹമായ പരിഗണന നൽകുന്നതിനു പകരം അവരുടെ നികുതി ഓഹരി കുറയുന്നത് ദോഷകരമായ പ്രവണതയാണ്.

16–ാം ധനകാര്യ കമ്മീഷൻ നികുതി വിതരണത്തിനുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കുമ്പോൾ ആവശ്യമുള്ള സംസ്ഥാനങ്ങൾക്ക് ഗ്രാന്റുകൾ വിതരണം ചെയ്യുന്നതിന് ആർട്ടിക്കിൾ 275 ലെ ഭരണഘടനാ വ്യവസ്ഥകൾ ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ട്. 16–ാം ധനകാര്യ കമ്മീഷനു മുമ്പാകെ ഈ വിഷയം അവതരിപ്പിക്കുന്നതിന് ഇവിടെയുള്ള വിദഗ്ധർ അവരുടെ വിലപ്പെട്ട ഉപദേശം ഞങ്ങൾക്ക് നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

സംസ്ഥാനങ്ങൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ഭരണഘടനാപരമായി അനുവദിച്ചിട്ടുള്ള വിഷയങ്ങളിൽ അവരുടെ ചുമതലകൾ ദേശീയതാല്പര്യങ്ങളോടൊപ്പം പ്രാദേശിക പ്രത്യേകതകൾ കൂടി കണക്കിലെടുത്ത് നിർവ്വഹിക്കാനുള്ള സാഹചര്യം ശക്തമാകണം. അതിനാവശ്യമായ ഫണ്ടുകൾ അനാവശ്യമായ ഉപാധികളില്ലാതെ അവർക്ക് ലഭ്യമാകേണ്ടതുമാണ്.

കേന്ദ്രസംസ്ഥാന ബന്ധങ്ങളിലെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുന്നതിനും മാറ്റങ്ങൾ കൊണ്ടുവരുന്നതിനും മുൻകാലങ്ങളിൽ സംസ്ഥാനങ്ങൾ നടത്തിയ പോരാട്ടം ഇക്കാര്യത്തിൽ നമുക്ക് ഊർജ്ജം പകരും. തമിഴ്നാട്ടിലെ എം. കരുണാനിധിയുടെ സർക്കാർ നിയോഗിച്ച രാജമന്നാർ കമ്മിറ്റി, ജ്യോതി ബസുവിന്റെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാളിലെ ഇടതുമുന്നണി സർക്കാർ 1977ൽ സമർപ്പിച്ച മെമ്മോറാണ്ടം, 1983ലെ മുഖ്യമന്ത്രിമാരുടെ കോൺക്ലേവിൽ ഉന്നയിച്ച ആവശ്യങ്ങൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്.

ഫെഡറൽ രാഷ്ട്രീയ വ്യവസ്ഥ നിരവധി വെല്ലുവിളികൾ അഭിമുഖീകരിക്കുകയും പല സംസ്ഥാനങ്ങളും തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ നടപ്പിലാക്കാൻ നിയമപരമായ നടപടി സ്വീകരിക്കാൻ നിർബന്ധിതരാകുകയും ചെയ്ത സാഹചര്യത്തിൽ ഈ കോൺക്ലേവിന്റെ പ്രസക്തി വർദ്ധിക്കുന്നു. ലോകത്തിനു തന്നെ മാതൃകയായ ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ സഹായകമായ നിർദ്ദേശങ്ങൾ ഈ കോൺക്ലേവിൽ നിന്നും ഉയർന്നു വരുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.

 

 ചിന്ത വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top