23 December Monday

തമ്മിൽപ്പോര്‌ ‘മിഷൻ 25’

കെ ശ്രീകണ്ഠന്‍Updated: Tuesday Jul 30, 2024

പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും തമ്മിലുള്ള ഒളിയുദ്ധം വെറുമൊരു തർക്കമായി നിസ്സാരവൽക്കരിക്കാനാകില്ല. ഇരുവരും തമ്മിലുള്ള പാരസ്‌പര്യത്തിന്‌ അതിരുകളില്ലെന്ന്‌ കരുതിയ കോൺഗ്രസുകാർക്കും കാര്യങ്ങൾ കലങ്ങിത്തെളിഞ്ഞു വരികയാണ്‌.  ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത വിജയത്തോടെ മതിമറന്ന്‌ നീങ്ങിയ നേതൃത്വത്തിലെ അനൈക്യം എത്ര പെട്ടെന്നാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ മറനീക്കി പുറത്തുവന്നത്‌. ചിലർക്ക്‌ ഇത്‌ ഏറെ ആശ്ചര്യമായി തോന്നുമെങ്കിലും ഇപ്പോഴത്തെ പടയൊരുക്കത്തിൽ ഒളിഞ്ഞിരിക്കുന്ന അജൻഡ വിപുലമാണ്‌. കരുനീക്കങ്ങൾക്ക്‌ ചുക്കാൻ പിടിക്കുന്നവരിൽ ദേശീയതലത്തിലുള്ളവർവരെ ഉണ്ടെന്നതാണ്‌ യാഥാർഥ്യം. കെ സുധാകരനും വി ഡി സതീശനും തമ്മിലുള്ള ഏറ്റുമുട്ടലിൽ വീഴുന്നതും വാഴുന്നതും ആരായാലും ഗുണഭോക്‌തൃപ്പട്ടികയിൽ ഗണനീയസ്ഥാനം നോട്ടമിടുന്നത്‌ മറ്റു ചിലരാണ്‌.

വയനാട്‌ ബത്തേരിയിലെ ക്യാമ്പിലെ തീരുമാനങ്ങളുമായി ബന്ധപ്പെട്ടാണ്‌ പുതിയ വിവാദത്തിന്‌ വഴിതുറന്നത്‌. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും സന്നാഹങ്ങളുമാണ്‌ ബത്തേരിയിലെ ചർച്ചയിൽ ഇടംപിടിച്ചത്‌. ‘മിഷൻ 25’ എന്ന പേരിൽ ഇതിനുള്ള മാർഗരേഖ അവതരിപ്പിക്കാനുള്ള ചുമതല വി ഡി സതീശനായിരുന്നു. മിഷൻ 25 നൊപ്പം ‘പ്ലാൻ ബി’ കൂടി സതീശൻ ആസൂത്രണം ചെയ്‌തെന്നാണ്‌ കെ സുധാകരൻ ക്യാമ്പിന്റെ ആരോപണം. പ്രതിപക്ഷ നേതാവിനെതിരെ ഒരു വിഭാഗം കെപിസിസി ഭാരവാഹികൾ പരാതികളുമായി രംഗത്തുവന്നു. ഇത്‌ ചർച്ച ചെയ്യാൻ സതീശനെ ഒഴിവാക്കി കെപിസിസി പ്രസിഡന്റ്‌ പ്രത്യേക കെപിസിസി യോഗം വിളിച്ചു ചേർത്തു. ഓൺലൈനായി ചേർന്ന യോഗത്തിലും സതീശൻവിരുദ്ധർ ഒളികാമറയുമായി കടന്നുകൂടിയത്രെ. ചർച്ചയുടെ ഉള്ളടക്കം വള്ളിപുള്ളി വിടാതെ ചൂടോടെ മാധ്യമങ്ങൾക്ക്‌ ചോർത്തി. ചർച്ച ചോർത്തിയത്‌ അന്വേഷിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള അച്ചടക്കസമിതിയെ എഐസിസി നിയോഗിച്ചിരിക്കുകയാണ്‌.

വി ഡി സതീശൻ കെപിസിസി അധ്യക്ഷന്റെ അധികാരത്തിൽ കൈകടത്തുന്നെന്നാണ്‌ കെ സുധാകരന്റെയും കൂട്ടരുടെയും പരാതി. ഇതിനുള്ള തെളിവുകളും ഇവരുടെ പക്കലുണ്ടത്രെ. തന്റെ അധികാരം കവരാൻ ആര്‌ ശ്രമിച്ചാലും അത്‌ ചെറുക്കാൻ തനിക്ക്‌ കെൽപ്പുണ്ടെന്ന്‌ കെ സുധാകരൻ പറയുമ്പോഴും ‘വടംവലി’ വെല്ലുവിളിയായി മുന്നിലുണ്ടെന്ന്‌ അദ്ദേഹത്തിന്‌ ബോധ്യവുമാണ്‌. വി ഡി സതീശനെ ഒഴിവാക്കി സുധാകരൻ വിളിച്ചുകൂട്ടിയ യോഗത്തിനെതിരെ എഐസിസി ഒരു വാക്കും ഉരിയാടാത്തതിന്റെ പൊരുളാണ്‌ കേരളത്തിലെ കോൺഗ്രസ്‌ നേതാക്കളിൽ പലർക്കും പിടികിട്ടാത്തത്‌. ഇതിനിടെ സുധാകരനൊപ്പം നിൽക്കണോ മറുകണ്ടം ചാടണോ എന്ന ആശങ്കയും പലരും രഹസ്യമായി പങ്കുവയ്‌ക്കുന്നുമുണ്ട്‌. സ്വന്തം വീട്ടിലെ ‘കൂടോത്രം’ കണ്ടെത്തി രാജ്‌മോഹൻ ഉണ്ണിത്താന്റെ മേൽനോട്ടത്തിൽ പ്രതിക്രിയ ചെയ്‌തതോടെ കെ സുധാകരൻ കരുത്തനായെന്ന്‌ കരുതുന്നവരും അതല്ല വി ഡി സതീശനാണ്‌ പുതിയ അധികാരകേന്ദ്രമെന്ന്‌ വിശ്വസിക്കുന്നവരും കോൺഗ്രസിലുണ്ട്‌. ഇരുവർക്കും മേലെ അദൃശ്യനായി യുദ്ധം നയിക്കുന്ന എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്‌ കുടപിടിക്കുന്നവരും ഏറിവരികയാണ്‌. ഇന്നത്തെ സാഹചര്യത്തിൽ കെ സി വേണുഗോപാലിനെ എതിർക്കാനുള്ള ശേഷി സുധാകരനോ സതീശനോ ഇല്ലെന്ന്‌ ചുരുങ്ങിയപക്ഷം എ കെ ആന്റണിക്കും എം എം ഹസ്സനും അറിയാം. അതാണ്‌ സതീശനെതിരെ യോഗം വിളിച്ച നടപടി ശരിയായില്ലെന്ന്‌ യുഡിഎഫ്‌ കൺവീനർകൂടിയായ ഹസൻ മനസ്സ്‌ തുറന്നത്‌.

മിഷൻ 2025 രേഖ അവതരിപ്പിക്കാൻ സതീശനെ ചുമതലപ്പെടുത്തിയതിനു പിന്നിൽ ദുരുദ്ദേശ്യമുണ്ടോ എന്നാണ്‌ ഇപ്പോൾ ഉയരുന്ന ചോദ്യം. രേഖ നടപ്പാക്കാനുള്ള  സംഘത്തെ നിയോഗിക്കുക മാത്രമല്ല, അതിന്റെ ഏകോപന ചുമതലയും സതീശന്‌ നൽകി. തിരുവനന്തപുരം അടക്കമുള്ള നഗരസഭകളുടെ തെരഞ്ഞെടുപ്പ്‌ മേൽനോട്ടച്ചുമതലയും വീതം വച്ചു. ജില്ലകളിൽ തെരഞ്ഞെടുപ്പ്‌ ചുമതല നൽകിയ നേതാക്കളെ കോർത്തിണക്കി പ്രതിപക്ഷ നേതാവിന്റെ ഓഫീസ്‌ കരുക്കൾ നീക്കി. വാട്‌സാപ്‌ ഗ്രൂപ്പ്‌, സർക്കുലറുകൾ എന്നു വേണ്ട പ്രതിപക്ഷ നേതാവിന്റെ ഓഫീസ്‌ സമാന്തര ഇന്ദിരാഭവനായി മാറി. ബത്തേരിയിൽ സതീശനും അനുയായികളും രൂപം നൽകിയ ‘പ്ലാൻ ബി’ ആണ്‌ അരങ്ങേറിയതെന്ന്‌ ഇതോടെ തെളിഞ്ഞു. ജില്ലകൾതോറുമുള്ള കെപിസിസി ഭാരവാഹികളും അംഗങ്ങളും കളത്തിന്‌ പുറത്തായതോടെ കെ സുധാകരൻ കലിതുള്ളി. ഇന്ദിരാഭവൻ നോക്കുകുത്തിയായതറിഞ്ഞ കെ സി വേണുഗോപാലും അപകടം മണത്തു. കെപിസിസി ജനറൽ സെക്രട്ടറിമാരടക്കം സതീശന്റെ നീക്കത്തിനെതിരെ പരാതിയുമായി രംഗത്തുവന്നതും സുധാകരൻ ഓൺലൈൻ യോഗം വിളിച്ച്‌ ചർച്ച നടത്തിയതും ഈ പശ്ചാത്തലത്തിലാണ്‌.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വത്തെ അമ്പരപ്പിക്കുന്നതായിരുന്നു. ആ വിജയം നൽകിയപ്പോഴും ജനം അതിന്‌ മറുപടിയും കരുതിവച്ചിരുന്നെന്ന്‌ പിന്നാലെ വന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ തെളിയിച്ചു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ വിജയവും കോൺഗ്രസിന്‌ നൽകുന്ന മുന്നറിയിപ്പ്‌ ഗൗരവത്തോടെ നേതൃത്വം പരിഗണിക്കുന്നില്ലെന്ന്‌ പരാതിപ്പെടുന്ന നേതാക്കളുടെ എണ്ണം ഏറുകയാണ്‌. ഇന്നത്തെ സംഘടനാശേഷി ഇനിയുള്ള തെരഞ്ഞെടുപ്പുകളെ നേരിടാൻ പര്യാപ്‌തമല്ലെന്ന വികാരമാണ്‌ മുതിർന്ന നേതാക്കൾക്കുള്ളത്‌. ബൂത്ത്‌ തലംമുതൽ ജില്ലകൾവരെ ദുർബല നേതൃത്വത്തിന്റെ നിയന്ത്രണത്തിലാണ്‌. ബ്ലോക്ക്‌, മണ്ഡലം ഭാരവാഹികളുടെ വീതംവയ്‌പിൽ ഉയർന്ന പരാതികൾ ഇപ്പോഴും അടിത്തട്ടിൽ സജീവം‌. പേമെന്റ്‌ ഭാരവാഹികളെ അംഗീകരിക്കാതെ മുന്നോട്ടുപോകുന്ന കമ്മിറ്റികളും സംസ്ഥാന വ്യാപകമായുണ്ട്‌. ഇതൊന്നും പരിശോധിക്കാതെ കോൺഗ്രസ്‌ പാഠം പഠിച്ച്‌ ആകെ മാറിപ്പോയെന്ന്‌ അവകാശപ്പെടുന്നത്‌ ചില മാധ്യമങ്ങൾ മാത്രമാണ്‌.

ബത്തേരി  ക്യാമ്പിനു പിന്നിലെ ചാലകശക്തിയായത്‌ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലായിരുന്നു. വയനാട്‌ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്ക്‌ വഴി തുറക്കുക മാത്രമായിരുന്നില്ല കെ സിയുടെ മനോഗതം. ദേശീയ നേതൃപദവിയിൽ നിൽക്കുമ്പോൾത്തന്നെ നിയമസഭയിലേക്ക്‌ മടങ്ങിവരിക എന്നതാണ്‌ വേണുഗോപാലിന്റെ മനസ്സിലിരിപ്പ്‌. തദ്ദേശ തെരഞ്ഞെടുപ്പിലൂടെ നിയമസഭാ തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടാൻ വഴിതുറക്കുമോയെന്നാണ്‌ നോട്ടം. ബത്തേരി ക്യാമ്പിൽനിന്ന്‌ വിട്ടുനിന്ന കെ മുരളീധരന്‌ ഇക്കാര്യം ബോധ്യമായിട്ടുണ്ട്‌. തൃശൂരിലെ തോൽവിക്കുശേഷം ഇടഞ്ഞുനിൽക്കുന്ന മുരളീധരനെതിരെ രൂക്ഷവിമർശമാണ്‌ ഉയർന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top