26 December Thursday

സഹകരണമേഖല ; തകരില്ല ഈ വിശ്വാസ്യത

എൻ കെ രാമചന്ദ്രൻUpdated: Thursday Oct 12, 2023

കേരളത്തിലെ സഹകരണമേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെയും സംഘപരിവാറിന്റെയും പരിശ്രമങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. സംസ്ഥാനത്തെ സമ്പദ്ഘടനയിൽ നിർണായക സ്വാധീനമുള്ളതാണ് സഹകരണ സ്ഥാപനങ്ങൾ. ജനങ്ങളുടെ സ്ഥാപനങ്ങളെന്ന നിലയിൽ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും സർക്കാരിനും ജനങ്ങൾക്കുമൊപ്പം ഈ മേഖല ഉണ്ടാകുമെന്ന് തെളിയിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന കേന്ദ്ര സർക്കാരിന്റെ കണ്ണിലെ കരടായി ഈ മേഖല മാറി. 2016ലെ നോട്ട് നിരോധന ഘട്ടത്തിൽ കേരളത്തിലെ സഹകരണമേഖലയിൽ മുഴുവൻ കള്ളപ്പണമാണെന്ന വലിയ പ്രചാരണം നൽകി ഇഡിയും ഇൻകംടാക്സ് ഡിപ്പാർട്ട്‌മെന്റും സഹകരണസ്ഥാപനങ്ങളിൽ  കയറിയിറങ്ങിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അതിനുശേഷമാണ് റിസർവ്‌ ബാങ്കിനെ ഉപയോഗിച്ചുള്ള നീക്കം ഉണ്ടായത്. സഹകരണ സ്ഥാപനങ്ങൾ ചെക്ക് ഉപയോഗിക്കാൻ പാടില്ലെന്നും ബാങ്ക്, ബാങ്കർ, ബാങ്കിങ്‌ എന്ന പേര് ഉപയോഗിക്കാൻ പാടില്ലെന്നും നിക്ഷേപങ്ങൾക്ക് കേന്ദ്ര സർക്കാർ ഗ്യാരന്റി ഇല്ലെന്നും പരസ്യം നൽകി. സഹകരണമേഖലയിലെ നിക്ഷേപത്തിൽ  കണ്ണുവച്ച കോർപറേറ്റുകളുടെ താൽപ്പര്യാർഥം ഒരു കൂട്ടം മാധ്യമങ്ങൾ അത് ഏറ്റുപിടിച്ചു. കേരളത്തിലെ സഹകരണ നിക്ഷേപത്തിന് രണ്ടു ലക്ഷം രൂപവരെ സർക്കാർ ഗ്യാരന്റി നൽകുന്നത്‌ മറച്ചുവച്ചായിരുന്നു ഈ നീക്കം. കഴിഞ്ഞ ജൂലൈയിൽ അത്‌ അഞ്ചു ലക്ഷമാക്കി.

സ്ഥാപനങ്ങളുടെ വിശ്വാസം തകർക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് ഇപ്പോൾ ഇഡിയെ മുന്നിൽ നിർത്തിയുള്ള നീക്കം. ഇതിലൂടെ 75 ശതമാനത്തോളം സ്ഥാപനങ്ങളിൽ നേതൃത്വം നൽകുന്ന ഇടതുപക്ഷ പ്രസ്ഥാനത്തെയും നേതാക്കളെയും ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് താറടിച്ചു കാണിക്കാനുള്ള ഗൂഢലക്ഷ്യവും തിരിച്ചറിയണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി സ്വർണക്കടത്തിന്റെ പേരിൽ  ഇഡി നടത്തിയ നാടകം ജനങ്ങൾ മറന്നിട്ടില്ല. സഹകരണവകുപ്പ് നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയത് 272 സ്ഥാപനത്തിലാണ്. ഇതിൽ ഭരണനേതൃത്വം 202 എണ്ണം യുഡിഎഫും 63 എണ്ണം എൽഡിഎഫും ഏഴ്‌ എണ്ണം ബിജെപിയുമാണ്.

വായ്പകൾ തിരിച്ച് ഈടാക്കാനുള്ള നിയമാനുസൃതമായ സംവിധാനങ്ങൾ നിലവിലുണ്ട്. അതുകൊണ്ടുതന്നെ നിക്ഷേപകരുടെ പണം നഷ്ടപ്പെടുമെന്ന പ്രചാരണത്തിന് ഒരു അടിസ്ഥാനവുമില്ല. ഏതൊരു സ്ഥാപനത്തിലും തെറ്റായ പ്രവണത നടന്നാൽ അതാതിടത്ത് പരിശോധിച്ച് നടപടി സ്വീകരിക്കും.
കേരളത്തിലെ സഹകരണമേഖലയിൽ രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്. ഈ നിക്ഷേപം മൾട്ടിസ്റ്റേറ്റ് സഹകരണ സ്ഥാപനങ്ങളിലേക്ക് വഴിതിരിച്ചുവിടാനുള്ള ഗൂഢ ശ്രമങ്ങളും ഇപ്പോഴത്തെ റെയ്ഡിനു പിന്നിലുണ്ട്. 12 ശതമാനം പലിശവരെയാണ് ഓഫർ ചെയ്യുന്നത്. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കീഴിലെ സെൻട്രൽ രജിസ്ട്രാർ ഓഫ് കോ–- ഓപ്പറേറ്റീവ്‌ സൊസൈറ്റീസിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൾട്ടിസ്റ്റേറ്റ് സഹകരണ സ്ഥാപനങ്ങൾക്കുമേൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന് കേന്ദ്ര കൃഷിമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിക്ഷേപങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ ഗ്യാരന്റി ഇല്ലെന്ന് കേന്ദ്ര സഹകരണമന്ത്രിയും സംസ്ഥാന സർക്കാരിന്റെ ഓഡിറ്റോ നിക്ഷേപത്തിന് ഗ്യാരന്റിയോ ഇല്ലെന്ന് സംസ്ഥാന സർക്കാരും വ്യക്തമാക്കിയിട്ടുള്ളതാണ്. രാജ്യത്ത് 1500ലധികം മൾട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 71 മൾട്ടിസ്റ്റേറ്റ് സംഘത്തിന്റെ പ്രവർത്തനം ക്രമക്കേടുകൾ കാരണം അവസാനിപ്പിച്ചതായും 4000 കോടിയുടെ നഷ്ടം നിക്ഷേപകർക്ക് ഉണ്ടായിട്ടുണ്ടെന്നും കേന്ദ്ര സഹകരണമന്ത്രി പാർലമെന്റിൽ പ്രഖ്യാപിച്ചു. ഇതൊന്നും കേരളത്തിലെ മാധ്യമങ്ങൾക്ക് വാർത്തയേ ആയില്ല. അവിടെയൊന്നും ഇഡിയുടെ അന്വേഷണം നടന്നതായും അറിയില്ല. രാജ്യത്തെ ധനസ്ഥാപനങ്ങളിൽ പതിനായിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. ഇവിടെയൊന്നും ഇഡിയും റെയ്ഡും ഇല്ല. പൊതുമേഖലാ ബാങ്കുകളിലും വാണിജ്യ ബാങ്കുകളിലും കുടിശ്ശിക വർധിച്ചതിന്റെയും ക്രമക്കേടിന്റെയും അഴിമതിയുടെയും ഭാഗമായി തകർച്ച നേരിടുന്ന അതീവ ഗൗരവതരമായ വിവരങ്ങൾ പുറത്തുവരുമ്പോൾ അതൊന്നുംതന്നെ ആരെയും ആശങ്കപ്പെടുത്തുകയും വേവലാതിപ്പെടുത്തുകയും ചെയ്യുന്നില്ല. സഹകരണ ബാങ്കുകൾക്കെതിരെ നടക്കുന്ന കള്ളപ്രചാരണങ്ങൾക്ക് പിന്നിലുള്ള അജൻഡ എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കും.

രാഷ്ട്രീയ ലാഭത്തിനായി സഹകരണമേഖലയുടെ സാമ്പത്തിക അടിത്തറയും സ്വയംപര്യാപ്തതയും തകർക്കുന്നതിനുള്ള പരിശ്രമങ്ങൾ നടക്കുന്നു. എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നതിന്റെ അസഹിഷ്ണതമൂലം യുഡിഎഫ് നേതൃത്വവും അവർക്കൊപ്പം ഒരു വിഭാഗം മാധ്യമങ്ങളും സഹകരണമേഖലയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.

കേരളത്തിൽ ലക്ഷക്കണക്കിന് ആളുകളാണ് സഹകരണമേഖലയിൽ ജോലി ചെയ്യുന്നത്.  ഉപജീവനമാർഗത്തിനായി പ്രത്യക്ഷമായും പരോക്ഷമായും വലിയ ജനവിഭാഗം സഹകരണമേഖലയെ ആശ്രയിക്കുന്നുണ്ട്. കേരളത്തിലെ സഹകരണ നിക്ഷേപത്തിന് സർക്കാർ ഗ്യാരന്റി പ്രഖ്യാപിച്ചിട്ടുണ്ട്. നിക്ഷേപ ഗ്യാരന്റി ബോർഡ് വഴി അത് ഉറപ്പാക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ സഹകരണമേഖലയെ തകർക്കാൻ ഇഡിയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന നീക്കത്തെ കക്ഷിരാഷ്ട്രീയത്തിനതീതമായി ചെറുത്തു തോൽപ്പിക്കണം.

(കെസിഇയു ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top