ആഗോളതാപനത്തിന് കാരണമായ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടുവന്ന് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം ലഘൂകരിക്കാൻ ലക്ഷ്യമിടുന്ന സിഒപി 29 (കോൺഫറൻസ് ഓഫ് പാർടീസ്) അസർബൈജാന്റെ തലസ്ഥാനമായ ബാകുവിൽ ചേർന്ന് പിരിഞ്ഞു. ആഗോളതാപനം എല്ലാ സീമകളും ലംഘിക്കുന്ന അവസരത്തിലാണ്, യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് (UNFCC)–-ന്റെ ഭാഗമായി ഇരുനൂറോളം അംഗരാജ്യങ്ങൾ ഒത്തുചേർന്നത്. അംഗരാജ്യങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ പാഴ്‌വാക്കുകളാകുന്ന വേളയിലാണ് ഇത്തവണയും ഉച്ചകോടി ചേർന്നത് എന്നതാണ് വിരോധാഭാസം.
ഭൂമി അതിവേഗം ചൂടായിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ചൂടിയേറിയ 2023 നെ മറികടക്കുന്ന തരത്തിലാണ് ഈ വർഷം താപനില ഉയരുന്നത്. കൂടാതെ വ്യവസായ കാലഘട്ടത്തിനുമുമ്പുള്ള താപനിലയേ ക്കാൾ 1.5 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില ഉയരുന്ന ആദ്യവർഷം 2024 ആകാൻ സാധ്യതയുണ്ട്. 2023 നവംബർ 17ന് രേഖപ്പെടുത്തിയ താപനില ആദ്യമായി ആഗോളതാപനില വ്യാവസായിക കാലഘട്ടത്തിനുമുമ്പുള്ളതിനേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് കവിഞ്ഞു. എന്നാലും സിഒപി 29 പ്രതിനിധികൾ ഇപ്പോഴും പഴയ കാലാവസ്ഥാ മാനദണ്ഡങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ആഗോളതാപനം ഒന്നരഡിഗ്രിയിൽ പിടിച്ചുനിർത്തുക എന്നത് ദിവാസ്വപ്നമായി അവശേഷിക്കുന്നു.
ബ്രൗൺ സർവകലാശാലയുടെ കോസ്റ്റ് ഓഫ് വാർ പ്രോജക്ട് റിപ്പോർട്ട് പ്രകാരം യുദ്ധങ്ങൾ വഴി അന്തരീക്ഷത്തിലേക്ക് എത്തുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് പല രാജ്യങ്ങളുടെയും കാർബൺ ബഹിർഗമനത്തേക്കാൾ കൂടുതലാണ്. റഷ്യ–-ഉക്രയ്‌ൻ യുദ്ധവും ഗാസ സംഘർഷവും ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് മാത്രമല്ല പരിസ്ഥിതിക്കും വൻനാശമുണ്ടാക്കി. 10 കോടി മുതൽ 20 കോടി ടൺ കാർബൺ ഡയോക്സൈഡ് വായുവിലേക്ക് ഒഴുക്കിവിടുന്നതിന് വഴിയൊരുക്കുകയും ചെയ്‌തു. ഇത് നെതർലൻഡ്സ്, ഇറ്റലി, കുവൈത്ത് എന്നിവ ഉൾപ്പെടുന്ന നിരവധി രാജ്യങ്ങൾ പുറത്തുവിടുന്ന സംയുക്ത ബഹിർഗമനത്തെക്കാളും കൂടുതലാണ്. ലോകനേതാക്കൾ, ശാസ്ത്രജ്ഞർ, മറ്റ് നയരൂപീകരണ വിദഗ്ധർ, സ്വകാര്യമേഖലാ പ്രതിനിധികൾ, കാലാവസ്ഥാ പ്രവർത്തകർ എന്നിവർ സിഒപി 29ൽ പങ്കെടുത്തു. പ്രധാനമായും ചർച്ച ചെയ്തത് കാലാവസ്ഥാ ധനസഹായ സ്വരൂപണവും അതിന്റെ സുതാര്യ വിതരണത്തെയും കുറിച്ചായിരുന്നു.
ആഗോളതാപനത്തിന് ഏറ്റവും കൂടുതൽ കാരണമായ വികസിതരാജ്യങ്ങൾക്ക് ലോകജനതയെയും ഭൂമിയെയും ഈ പ്രതിസന്ധിയിലെത്തിച്ചതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല.
വ്യവസായ വിപ്ലവത്തിനുശേഷം ഓരോ രാജ്യവും ഗതാഗതത്തിനും വ്യവസായവളർച്ചയ്ക്കുമായി ഫോസിൽ ഇന്ധനങ്ങളിലേക്ക് മാറി. വികസിതരാജ്യങ്ങളെ പ്രതിധാനം ചെയ്യുന്ന ഗ്ലോബൽ നോർത്തിൽ ഉൾപ്പെടുന്ന വടക്കേ അമേരിക്കയും യൂറോപ്പും ചേർന്നാണ് വ്യാവസായിക വിപ്ലവത്തിനുശേഷം അന്തരീക്ഷത്തിൽ എത്തിച്ചേർന്ന ഹരിതഗൃഹവാതകങ്ങളുടെ 60 ശതമാനവും പുറത്തുവിട്ടത്. വികസിതരാജ്യങ്ങൾ കൂടുതൽ സമ്പന്നമായെങ്കിലും അതുവഴി ഉടലെടുത്ത അതിതീവ്ര കാലാവസ്ഥാ പ്രത്യാഘാതം കൂടുതൽ അനുഭവിക്കുന്നത് ഗ്ലോബൽ സൗത്തിൽ ഉൾപ്പെടുന്ന ദക്ഷിണേഷ്യയും ആഫ്രിക്കയും പസഫിക്കിലെ ദ്വീപ് സമൂഹങ്ങളുമാണ്.
ആഗോളതാപനം ദരിദ്രരാഷ്ട്രങ്ങളെയും തദ്ദേശീയ ജനവിഭാഗങ്ങളെയും വലിയ പ്രതിസന്ധിയിലാക്കി. ജനങ്ങളുടെ ജീവനും സ്വത്തിനും ജീവനോപാധികൾക്കുംവരെ ഭീഷണിയായി കാലാവസ്ഥാ പ്രതിസന്ധി. ഓരോ വർഷവും ഇത്തരം രാജ്യങ്ങൾക്ക് ഏകദേശം 50000 കോടി യുഎസ് ഡോളറാണ് നഷ്ടം. അതിതീവ്രകാലാവസ്ഥാമാറ്റം മൂലമുണ്ടാകുന്ന ദുരന്തങ്ങളിൽ ലക്ഷക്കണക്കിനുപേർ മരിക്കുന്നതും ഈ രാജ്യങ്ങളിലാണ്. ഇവിടെയാണ് കാലാവസ്ഥാവ്യതിയാനം ഉയർത്തുന്ന അസമത്വത്തെക്കുറിച്ച് കൂടുതൽ ചർച്ച വേണ്ടത്. ആഗോളതാപനത്തിന് ഏറ്റവും കൂടുതൽ കാരണമായ വികസിതരാജ്യങ്ങൾക്ക് ലോകജനതയെയും ഭൂമിയെയും ഈ പ്രതിസന്ധിയിലെത്തിച്ചതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല.
2009 ലെ കോപ്പൻഹേഗൻ കാലാവസ്ഥാ സമ്മേളനത്തിലാണ് വികസിതരാജ്യങ്ങൾ അവികസിതരാജ്യങ്ങൾക്ക് നൽകേണ്ട സഞ്ചിതനിധിയെക്കുറിച്ചുള്ള ചർച്ചയ്‌ക്ക് തുടക്കംകുറിച്ചത്. 2020 ഓടുകൂടി ഇത് 10,000 കോടി ഡോളറായി ഉയർത്തുവാനും പിന്നീട് ചേർന്ന ഉച്ചകോടികളിൽ ധാരണയായി. എന്നാൽ, ഈ ലക്ഷ്യം കൈവരിച്ചത് രണ്ടുവർഷത്തിനുശേഷം 2022ൽ മാത്രമാണ്. അപ്പോഴേക്കും അതിതീവ്ര കാലാവസ്ഥാവ്യതിയാനം വരുത്തിവയ്‌ക്കുന്ന നാശനഷ്ടങ്ങളുടെ കണക്ക് ലക്ഷംകോടി ഡോളറിലേക്ക് എത്തി. 10,000ഡോളർ തുച്ഛവും അപര്യാപ്തവുമായാണ് അവികസിതരാജ്യങ്ങൾ പരിഗണിക്കുന്നത്. ഈ അവസരത്തിലാണ് ഇന്ത്യയും സമാനചിന്താഗതിയുള്ള അറേബ്യ പോലുള്ള രാജ്യങ്ങളും കുറഞ്ഞപക്ഷം ഒരു ലക്ഷം കോടി ഡോളറായെങ്കിലും സഹായം വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്.
ഓക്സ്ഫോം ഇന്റർനാഷണലിന്റെ കാലാവസ്ഥാനീതിയുടെ നേതാവായ സഫ അൽജിയുസി സിഒപി 29 ലെ കാലാവസ്ഥാ ധനസഹായ കരടുരേഖയെക്കുറിച്ച് "ലജ്ജാകരമായ നേതൃത്വപരാജയം’എന്നാണ് വിശേഷിപ്പിച്ചത്.
എന്നാൽ വികസിതരാജ്യങ്ങൾ ഇത് പൂർണമായി നിരസിക്കുക മാത്രമല്ല, 20,000 കോടി മുതൽ 25000 കോടി യുഎസ് ഡോളർ വരെ നൽകാമെന്ന നിലപാടിലുമാണ്.
ഇത്തരം സാമ്പത്തികവിഷയങ്ങൾ കൂടുതൽ ചർച്ച ചെയ്യപ്പെട്ട സിഒപി 29 സമ്മേളനത്തെ പൊതുവേ "ഫിനാൻസ് സിഒപി 29 ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു ലക്ഷം കോടി മുതൽ രണ്ട്ലക്ഷം കോടി ഡോളർ വരെ സാമ്പത്തിക സമാഹരണം ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് കാലാവസ്ഥാ പ്രതിസന്ധി തരണം ചെയ്യുവാനുള്ള ക്ലൈമറ്റ് ഫിനാൻസ് ആക്ഷൻ ഫണ്ട് (CFAF) സ്വരൂപിക്കുന്നതിന് ന്യൂ കലക്ടീവ് ക്വാണ്ടിഫൈഡ് ഗോൾ (NCQG) എന്ന പുതിയ ആശയം സിഒപി 29 മുന്നോട്ടു വയ്‌ക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളായ പാർശ്വവൽക്കരിക്കപ്പെട്ട, തദ്ദേശീയ ജനവിഭാഗങ്ങൾക്കും ഉപജീവനത്തിനായി പ്രകൃതിയെ ആശ്രയിക്കുന്ന സമൂഹങ്ങൾക്കും കാലാവസ്ഥാ പ്രത്യാഘാതം രൂക്ഷമായി അനുഭവിക്കുന്ന പ്രാദേശിക ഭരണകൂടങ്ങൾക്കും സഞ്ചിതനിധി നേരിട്ട് എത്തുന്നത് ഉറപ്പാക്കുന്ന തരത്തിലുള്ള ഒരു പ്രഖ്യാപനവും ഇതിൽ കാണുന്നില്ല. ഓക്സ്ഫോം ഇന്റർനാഷണലിന്റെ കാലാവസ്ഥാനീതിയുടെ നേതാവായ സഫ അൽജിയുസി സിഒപി 29 ലെ കാലാവസ്ഥാ ധനസഹായ കരടുരേഖയെക്കുറിച്ച് "ലജ്ജാകരമായ നേതൃത്വപരാജയം’എന്നാണ് വിശേഷിപ്പിച്ചത്. മുകളിൽനിന്ന് കെട്ടിയേൽപ്പിക്കുന്ന, "സ്വീകരിക്കുക അല്ലെങ്കിൽ ഉപേക്ഷിക്കുക’ എന്ന മുൻകാലസമീപനം തന്നെയാണ് സിഒപി 29 ലും നിഴലിച്ചത്. പെട്രോളിയം ഉൽപ്പന്നങ്ങൾ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലാണ് കഴിഞ്ഞ മൂന്ന് സിഒപി 29 ഉം അരങ്ങേറിയത് എന്നത് യാദൃച്‌ഛികമല്ല. അതോടൊപ്പം ഏറ്റവും കൂടുതൽ മലിനീകരണം നടത്തുന്ന രാജ്യങ്ങൾ സിഒപി 29 ൽ നിന്ന് വിട്ടുനിന്നു. ഡോണൾഡ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുന്നത് സമഗ്രവും സുസ്ഥിരവുമായ കാലാവസ്ഥാ പ്രവർത്തനങ്ങളുടെ ഭാവിക്ക് നല്ലതല്ല.
ആഗോള കാലാവസ്ഥാ ദുരന്തത്തിൽനിന്ന് മനുഷ്യരാശിയെയും ജീവജാലങ്ങളെയും നമ്മുടെ ഗ്രഹത്തെയും രക്ഷിക്കുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്ന് പറയുന്നത് ഒരു അടിവരയിടലാണ്. ഫോസിൽ ഇന്ധനങ്ങളിൽ അധിഷ്ഠിതമായ മുതലാളിത്തത്തിന്റെ വളർച്ചയാണ് ആഗോളതാപനത്തിന്റെ പ്രധാനകാരണം. അതിനാൽ ഫോസിൽ ഇന്ധനങ്ങളിൽ അധിഷ്ഠിതമായ മുതലാളിത്ത ആഭ്യന്തര ഉൽപ്പാദന - വളർച്ചയെ കടുത്ത രീതിയിൽ പരിഷ്കരിക്കുക എന്നുള്ളതാണ് ഏകമാർഗം. അതുകൊണ്ട് കാലാവസ്ഥാ പ്രവർത്തകർക്ക് മുന്നിൽ ഇരട്ടവെല്ലുവിളിയുണ്ട്. ഒരേസമയം മുതലാളിത്തത്തെ നവീകരിക്കുവാൻ ശ്രമിക്കുമ്പോൾത്തന്നെ കാലാവസ്ഥാ വ്യതിയാനത്തിന്റെ അനീതിക്കെതിരെ പോരാടുകയും വേണം. മുതലാളിത്തത്തിന്റെ ആത്യന്തികമായ അന്ത്യത്തിനായി കാത്തിരിക്കാനുള്ള സമയം നമുക്കില്ല. കാലാവസ്ഥാ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ച എല്ലാ പൗരന്മാരും പ്രാദേശിക ഭരണകൂടങ്ങളിൽനിന്ന് കാലാവസ്ഥാ അനുരൂപീകരണ നടപടികൾ ആവശ്യപ്പെടണം. ഒരേസമയം താഴെത്തട്ടിലുള്ള തന്ത്രങ്ങളും പ്രക്ഷോഭപരിപാടികളും സ്വീകരിക്കണം.
നവഉദാരവാദവും കാലാവസ്ഥാ പ്രതിസന്ധിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മുതലാളിത്തം പ്രകൃതി വിഭവങ്ങളെ ചരക്കാക്കി മാറ്റുകയും തൊഴിലാളികളുടെ ഉപജീവനമാർഗത്തിനും പരിസ്ഥിതിക്കും മുകളിൽ ഹ്രസ്വകാല ലാഭം ഉണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. പ്രകൃതി വിഭവങ്ങൾ പരിധികളില്ലാതെ ഉപയോഗിക്കുന്നതിന് നിയന്ത്രണം വേണം. ആസൂത്രണം ചെയ്ത 1.3 ലക്ഷം കോടി ഡോളറിന്റെ 55 ശതമാനവും കടത്തിന്റെ രൂപത്തിലാക്കാൻ നിർദേശിച്ചത് ദുർബല രാജ്യങ്ങൾക്ക് അനുകൂലമായ വാർത്തയല്ല. വികസ്വര രാജ്യങ്ങൾ സിഒപി 29 സാമ്പത്തിക ചർച്ചകളിൽ വായ്പയല്ല, പൊതു ഗ്രാൻഡുകളാണ് ആവശ്യപ്പെടുന്നത്.
നിർഭാഗ്യവശാൽ സിഒപി 29 മുൻ സമ്മേളനങ്ങളെപോലെ നിരാശയിൽത്തന്നെയാണ് അവസാനിച്ചത്. ആഗോള കാലാവസ്ഥാ ഉച്ചകോടികളിൽ രാഷ്ട്രങ്ങൾ നൽകുന്ന പ്രതിജ്ഞകൾ സ്വമേധയാ ഉള്ളതും നിയമപരമായി ഒരുവിധ സാധ്യതയില്ലാത്തതുമാണ്. കഴിഞ്ഞ സമ്മേളനത്തിൽ ഫോസിൽ ഇന്ധനങ്ങളിൽനിന്ന് മാറുമെന്നു രാജ്യങ്ങൾ വാഗ്ദാനം ചെയ്തിരുന്നു, എന്നാൽ സംഭവിച്ചത് മറിച്ചാണ്. 2024 ലും ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് വർധിച്ചുകൊണ്ടേയിരുന്നു. ഏറ്റവും കൂടുതൽ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളിയ വികസിത രാജ്യങ്ങളെയും കോർപറേറ്റുകളെയും ഉത്തരവാദിത്വത്തിൽനിന്നും ഒളിച്ചോടാൻ അനുവദിക്കാതെ സാമ്പത്തിക സംഭാവന ഉറപ്പാക്കണം. നീതി, തുല്യത, സുതാര്യത എന്നീ അടിസ്ഥാനതത്വങ്ങളിൽ ഊന്നി സർക്കാരുകളെയും കോർപറേറ്റുകളെയും പ്രവർത്തിപ്പിക്കാനുള്ള കൂട്ടായ ഇച്ഛാശക്തിയെ ആശ്രയിച്ചായിരിക്കും സിഒപി 29 ന്റെ വിജയം.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുവാനുള്ള വലിയ മുന്നേറ്റങ്ങൾക്കും പ്രതീക്ഷകൾക്കും സിഒപി 29 വക നൽകുന്നില്ല. അടുത്തവർഷം ബ്രസീലിൽ ചേരുന്ന സിഒപി 30ന് ഒരുക്കങ്ങൾ ആരംഭിച്ചു. ജൈവവൈവിധ്യവും പൊരുത്തപ്പെടലുകളും കാലാവസ്ഥാ വ്യതിയാനവും സമന്വയിപ്പിക്കുന്ന അജൻഡ അവതരിപ്പിക്കാൻ ആതിഥേയ രാജ്യം പദ്ധതിയിടുന്നു. ആഗോളതാപനത്തിൽനിന്ന് നമ്മുടെ ഗ്രഹത്തെയും ജീവജാലങ്ങളെയും സമൂഹത്തെയും രക്ഷിക്കാൻ ഒരുപാട് പ്രവർത്തനങ്ങൾ ചെയ്യണം. പ്രാദേശികസമൂഹങ്ങളിൽനിന്നുള്ള വലിയ സമ്മർദമില്ലാതെ ഇത് സംഭവിക്കുമെന്ന് കരുതാൻ വകയില്ല.
(കുസാറ്റിലെ അഡ്വാൻസ്‌ഡ് സെന്റർ ഫോർ
അറ്റ്‌മോസ്‌ഫെറിക് റഡാർ റിസർച്ചിന്റെ
ഡയറക്‌ടറാണ് ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..