കോവിഡ് പ്രതിരോധത്തിനും ചികിത്സയ്‌ക്കുമുള്ള നടപടികൾ സ്വീകരിക്കുന്നതോടൊപ്പം ഗവേഷണങ്ങളും നടത്തേണ്ടതുണ്ട്. രോഗസ്വഭാവം പഠിച്ച് നടപ്പാക്കേണ്ട ആരോഗ്യനയസമീപനങ്ങൾ രൂപീകരിക്കാൻ പല പഠനങ്ങളും വേണ്ടിവരും. ദീർഘകാലാടിസ്ഥാനത്തിൽ കോവിഡ് ചികിത്സയ്‌ക്കാവശ്യമായ ആന്റി വൈറലുകളും രോഗം തടയാനാവശ്യമായ വാക്സിനുകളും കണ്ടെത്താൻ ഗവേഷണങ്ങളും ആരംഭിക്കേണ്ടതായിട്ടുണ്ട്. ഇതിനുള്ള പ്രാരംഭ നടപടികൾ കേരളത്തിൽ ആരംഭിച്ചിട്ടുണ്ട്.
സാംക്രമികരോഗപഠനം
കോവിഡ് രോഗവുമായി ബന്ധപ്പെട്ട് ഇതുവരെ ശേഖരിക്കാൻ കഴിഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തുന്ന സാംക്രമികരോഗപഠനം ഇപ്പോൾത്തന്നെ നടത്തേണ്ടതുണ്ട്. രോഗികളെയും അവർ ബന്ധപ്പെട്ടവരെയും സംബന്ധിച്ചുള്ള വിവരങ്ങളുടെയും അപകടഘടകങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രധാനമായും ഈ പഠനം. രോഗവ്യാപനത്തിന്റെ ഗതി നിശ്ചയിച്ച് ഉചിതമായ കരുതൽ നടപടികൾ ആവിഷ്കരിക്കാൻ സാംക്രമികരോഗ പഠനത്തിലൂടെ കഴിയും.
സീറോ പ്രിവലൻസ് പഠനം
വിദേശത്തുനിന്ന് രോഗമായി ചിലർ കേരളത്തിലെത്തിയതായിരുന്നു രോഗവ്യാപനത്തിന്റെ ആദ്യഘട്ടം. രണ്ടാം ഘട്ടത്തിൽ അടുത്തിടപഴകിയവരിലേക്ക് പകർന്നു. രോഗം സമൂഹത്തിൽ പടരുകയാണ് രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടം. ഇത് സംഭവിച്ചിട്ടുണ്ടോ എന്ന് നിശ്ചയിക്കുന്നതിനുവേണ്ടിയാണ് സീറോ പ്രിവലൻസ് പഠനം നടത്തുന്നത്. ആരോഗ്യപ്രവർത്തകർ, രോഗികളുമായി ബന്ധപ്പെട്ട മറ്റുള്ളവർ, ശ്വാസകോശ അണുബാധയുള്ളവർ, നിരീക്ഷണത്തിന് വിധേയമാക്കപ്പെട്ടവർ എന്നിവരിൽ ആന്റിബോഡി ടെസ്റ്റ് നടത്തിയാണ് സീറോ പ്രിവലൻസ് പഠനം നടത്തുക. മെഡിക്കൽ കോളേജിലെ പകർച്ചവ്യാധി നിയന്ത്രണത്തിനുള്ള പിഇഐഡി സെൽ, സാമൂഹ്യാരോഗ്യവിഭാഗം എന്നിവയുടെ സഹകരണത്തോടെയാണ് ഈ പഠനം. സാംക്രമിക രോഗപഠനത്തിനും സീറോ പ്രിവലൻസ് പഠനത്തിനുമായുള്ള മാർഗനിർദേശങ്ങൾ അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസസ് സ്റ്റഡീസ്, ചെന്നൈയിൽ ഐസിഎംആറിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധരാണ് തയ്യാറാക്കിയിട്ടുള്ളത്.
കൺവലസെന്റ് സിറം ചികിത്സ
കോവിഡ് രോഗം ബാധിച്ച് മുക്തിനേടിയവരുടെ രക്തത്തിലുള്ള ആന്റി ബോഡി ഉപയോഗിച്ച് ചികിത്സ നടത്തുന്ന രീതിയാണിത്. രോഗമുക്തനായ ആളുടെ രക്തം പ്ലാസ്മാ ഫെറസിസ് യന്ത്രത്തിലൂടെ കടത്തിവിട്ട് ആന്റി ബോഡിയുള്ള പ്ലാസ്മ വേർതിരിച്ചെടുത്ത് സൂക്ഷിക്കും, ഇതാണ് രോഗികൾക്ക് നൽകുക. പ്ലാസ്മാ ഫെറസിസിനുള്ള സൗകര്യം മെഡിക്കൽ കോളേജുകളിലെ ബ്ലഡ് ബാങ്കുകളിലും മലബാർ ക്യാൻസർ സെന്റർ തുടങ്ങിയ സ്ഥാപനങ്ങളിലും ലഭ്യമാണ്. പ്ലാസ്മ സ്വീകരിക്കുന്നയാളിന്റെയും നൽകുന്നയാളിന്റെയും രക്തഗ്രൂപ്പുകൾ ഒന്നായിരിക്കേണ്ടതുണ്ട്. എബി പോസിറ്റീവ് രക്തഗ്രൂപ്പുള്ളവരിൽനിന്ന് മറ്റ് ഗ്രൂപ്പുകാർക്കും പ്ലാസ്മ നൽകാനാകും. കൺവലസെന്റ് പ്ലാസ്മാ തെറാപ്പി, ആന്റിബോഡി ചികിത്സയെന്നും ഈ ചികിത്സാരീതിയെ വിളിക്കാറുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ചികിത്സിക്കുന്നതിനായി കൺവലന്റ് സിറം നൽകിവരുന്നതായാണ് അറിയാൻ കഴിഞ്ഞത്.
ഔഷധ പരീക്ഷണങ്ങൾ
നിരവധി മരുന്നുകൾ കോവിഡ് ചികിത്സയ്‌ക്കായി പരീക്ഷിച്ചുവരുന്നുണ്ട്. ഇതിലേറ്റവും പ്രധാനപ്പെട്ടത് ക്യൂബയിൽനിന്നുള്ള ഇന്റർഫെറോൺ ആൽഫയാണ്. നെബുലൈസേഷൻ മാർഗത്തിൽ ശ്വാസകോശത്തിലേക്കാണ് ഈ മരുന്ന് നൽകുക. സോളിഡാരിറ്റി ട്രയൽ എന്ന പേരിൽ ലോകാരോഗ്യ സംഘടന ഇന്റർഫെറോൺ ബീറ്റ ഇഞ്ചക്‌ഷനും മറ്റ് ചില രോഗങ്ങൾക്ക് നൽകിവരുന്ന ചില ആന്റി വൈറലുകളും പരീക്ഷിച്ചുവരുന്നു. ലോകാരോഗ്യ സംഘടനയുടെ സോളിഡാരിറ്റി പരീക്ഷണത്തിൽ ചേരാനും ക്യൂബൻ മരുന്ന് പരീക്ഷിക്കാനും കേരള ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പ് അനുമതിക്കായി സമർപ്പിച്ച മുകളിൽ സൂചിപ്പിച്ച പഠനങ്ങൾക്ക് ഐസിഎംആർ അനുമതി നൽകി. കോവിഡ് നിയന്ത്രണത്തിനുള്ള നിർദേശങ്ങൾ നൽകാനായി രൂപീകരിച്ചിട്ടുള്ള വിദഗ്‌ധസമിതിയാണ് പഠനങ്ങൾക്കുള്ള രൂപരേഖ തയ്യാറാക്കി നൽകിയിട്ടുള്ളത്.
ജനിതക സ്വീക്വൻസിങ്
കോവിഡിന് കാരണമായ സാർസ് കൊറോണ–2 വൈറസിന്റെ ഘടന നിർധാരണം ചെയ്യാനാണ് ജനറ്റിക് സ്വീക്വൻസിലൂടെ ശ്രമിക്കുന്നത്. രോഗംവന്നവഴി പഠിക്കുന്നതിനും കോവിഡിനെതിരായ വാക്സിനും മരുന്നുകളും നിർമിക്കാനും ജനിതകപഠനം ആവശ്യമാണ്. കൊറോണ വൈറസിന്റെ ഘടനയിൽ നേരിയ മാറ്റങ്ങൾ രോഗവ്യാപനത്തിനിടെ സംഭവിച്ചുകൊണ്ടിരിക്കും. പല സ്ഥലങ്ങളിലായി വൈറസിന്റെ ജനിതകഘടന മനസ്സിലാക്കി ജീൻ ബാങ്ക് എന്ന പൊതു ജനിതക ഡേറ്റബേസിൽ പ്രസിദ്ധീകരിക്കും. ഈ വിവരം വിവിധ ഗവേഷക സ്ഥാപനങ്ങൾക്ക് പ്രയോജനപ്പെടുത്താം. കേരളത്തിൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ജനിതക സ്വീക്വൻസിങ് ആരംഭിച്ചിട്ടുണ്ട്.
ആന്റിജൻ പഠനം
കൊറോണ വൈറസിന്റെ പ്രതലത്തിലുള്ള പ്രോട്ടീൻ തന്തുക്കളുടെ ഘടന പഠിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇങ്ങനെ കിട്ടുന്ന വിവരങ്ങൾ പ്രയോജനപ്പെടുത്തി അന്റിജൻ ടെസ്റ്റിങ് സാങ്കേതികവിദ്യ ആവിഷ്കരിക്കാനാകും. കേരളത്തിൽ ശ്രീ ചിത്ര തിരുനാൾ മെഡിക്കൾ സെന്റർ, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്നീ സ്ഥാപനങ്ങൾ ആന്റിജൻ പഠനത്തിൽ താൽപ്പര്യം കാട്ടിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..