തിരുവനന്തപുരം> ഇടപ്പള്ളി പൊലീസ് സ്‌റ്റേഷന്‍ ആക്രമണ കേസില്‍ അറസ്റ്റ് ചെയ്യപ്പട്ട് നടുറോഡില്‍വെച്ച് എം.എം. ലോറന്‍സിനേയും സഖാക്കളേയും കൊടിയ മര്‍ദ്ദനത്തിന് ഇരയാക്കുന്നതിന് ജേഷ്ഠന്‍ നേരില്‍ സാക്ഷ്യം വഹിച്ചതായി പോഞ്ഞിക്കര റാഫി എഴുതിയതിയിട്ടുണ്ട്. ക്രൂരത കണ്ട് ജേഷ്ഠന്‍ അബ്രഹാം മാടമാക്കലിന് കണ്ണീരടക്കാന്‍ കഴിഞ്ഞില്ലെന്നാണ് പറയുന്നത്. റോഡിൽ തുടങ്ങി ജയിലിനകത്ത് വരെ രണ്ട് മാസക്കാലം കൊടിയ മർദ്ദനങ്ങൾക്ക് വിധേയമായി.
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്ന അടിസ്ഥാന വര്‍ഗ്ഗ സംഘാടനത്തിനെക്കുറിച്ചുള്ള രേഖയായിരുന്നു എം എം ലോറൻസിന്റെ ആത്മകഥ. ചൂഷിത വര്‍ഗ്ഗത്തിന്റെ മനുഷ്യാവകാശങ്ങള്‍ സ്ഥാപിക്കാനുള്ള മുന്നേറ്റങ്ങളായിരുന്നു ഓരോ ചുവടും. തൊഴിലാളി സംഘടനകള്‍ വ്യവസ്ഥാപിതമാകുന്നതിനു മുന്‍പുള്ള കാലഘട്ടത്തിലെ സഹനം എന്തായിരുന്നു എന്ന് വിവരിച്ചാണ് എം എം ലോറന്‍സ് പോരാട്ട ചരിത്രം രേഖപ്പെടുത്തുന്നത്. (ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍, എം.എം. ലോറന്‍സ് ആത്മകഥ, ഡി.സി. ബുക്‌സ്, 2023)
വ്യവസായ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് അവരില്‍ വര്‍ഗ്ഗബോധമുണര്‍ത്തി വിപ്ലവത്തിനു സന്നദ്ധമാക്കുന്ന പ്രത്യയശാസ്ത്രാടിസ്ഥാനത്തിലുള്ള യാന്ത്രികമായ പ്രവര്‍ത്തനമല്ല. ഓരോ ശ്വാസവും സമർപ്പിച്ചായിരുന്നു അന്നത്തെ ജീവിതം.പൊരുതിക്കയറിവന്നത് അത്രയും കഠനമായ വഴികളാണ്.
ഇടപ്പള്ളി പൊലീസ് സ്‌റ്റേഷന്‍ ആക്രമണം എം.എം. ലോറന്‍സിന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ അദ്ധ്യായമാണ്. ആത്മകഥയിലെ ആദ്യത്തെ മൂന്ന് അദ്ധ്യായങ്ങളിലൂടെയാണ് എം.എം. ലോറന്‍സ് ഇടപ്പള്ളി പൊലീസ് സ്‌റ്റേഷന്‍ ആക്രമണത്തിനുണ്ടായ സാഹചര്യവും സ്‌റ്റേഷന്‍ ആക്രമണ സംഭവവും വിവരിക്കുന്നത്. തുടര്‍ന്ന് ഒളിവില്‍ പോകേണ്ടിവന്നതും ഒറ്റുകൊടുക്കപ്പെട്ടതിനാല്‍ പൊലീസിനാല്‍ പിടിക്കപ്പെട്ടതും മാസങ്ങളോളം നീണ്ട പൊലീസിന്റെ കൊടുംക്രൂരമായ മര്‍ദ്ദനമുറകള്‍ക്ക് ഇരയായതും ഈ ഭാഗത്ത് പ്രതിപാദിക്കുന്നു.
ഇടപ്പള്ളി പൊലീസ് സ്‌റ്റേഷന്‍ ആക്രമണം അടിസ്ഥാന ജനവിഭാഗങ്ങളില്‍ കമ്യൂണിസ്റ്റുകാരോട് സൃഷ്ടിച്ച അനുഭാവവും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു ലഭിച്ച പിന്തുണയും ആ സംഭവത്തിന്റെ ചരിത്രപ്രാധാന്യവും അദ്ദേഹം വിവരിക്കുന്നു.
തന്റെ കൂടെ പ്രവര്‍ത്തിച്ച സഖാക്കളുടെ അനുഭവങ്ങള്‍ കൂടി പറഞ്ഞു കൊണ്ട് താനും അവരിൽ ഒരാൾ എന്ന നിലയ്ക്കാണ് അനുഭവങ്ങൾ പറയുന്നത്. താൻ മുന്നിൽ എന്നല്ല, ഒന്നിച്ചാണ്. എം.എം. ലോറന്‍സും സഖാക്കളും ജയിലറകളില്‍ അനുഭവിക്കേണ്ടിവന്ന കൊടുംയാതനകള്‍ വിവരണാതീതമാണ്. മനുഷ്യാവകാശ സങ്കല്പങ്ങൾ സങ്കൽപ്പത്തിലില്ലാത്ത കാലത്തെ കൊളോണിയല്‍ പോലീസിന്റെ അവശിഷ്ടങ്ങളാണ് സഖാക്കളെ തല്ലിച്ചതച്ചത്.
കമ്യൂണിസ്റ്റുകാരുടെ ധീരചരിത്രത്തിന്റെ അനുഭവം കൂടിയാണിത്. ഏതു കൊടിയ മര്‍ദ്ദനത്തിന് ഇരയാകുമ്പോഴും ഒറ്റിക്കൊടുക്കാതിരിക്കുകയും മാപ്പുപറയാതിരിക്കുകയും ചെയ്യുക എന്നത്.
'പറഞ്ഞാല്‍ തീരാത്ത മുഴുവന്‍ പറയാന്‍ മനസ്സനുവദിക്കാത്തത്ര മനുഷ്യത്വരഹിതമായ മര്‍ദ്ദനങ്ങളായിരുന്നു ഞങ്ങള്‍ നേരിട്ടത്. ഇതിനു മുന്‍പ് അവയില്‍ ചിലത് പലരും എഴുതിയിട്ടുണ്ട്. എല്ലാം പറയാന്‍ പറ്റുന്നില്ല; പാടില്ല. ഇത്രയൊക്കെ ക്രൂരമര്‍ദ്ദനങ്ങള്‍ ഏല്പിച്ചിട്ടും അഭിമാനത്തോടെ പറയട്ടെ, ഞങ്ങളില്‍ ഒരാള്‍ പോലും കേസില്‍ മാപ്പുസാക്ഷികളായില്ല. മറ്റൊരു സഖാവിനെ ഒറ്റിക്കൊടുത്തുമില്ല. മാപ്പു പറഞ്ഞുമില്ല.' എന്നാണ് അദ്ദേഹം വിവരിക്കുന്നത്.
കുനിച്ചുനിര്‍ത്തി നട്ടെല്ലിന്മേല്‍ മര്‍ദ്ദനം തുടരുമ്പോഴും ആ വേദനയെല്ലാം സഹിച്ചുക്കൊണ്ട് ഉണ്ടക്കണ്ണന്‍ മാങ്കോയില്‍ കൊച്ചുണ്ണി മേനോന്‍ എന്ന പൊലീസ് വൈതാളികനോട് എം.എം. ലോറന്‍സ് പറയുന്നത് 'അത് അങ്ങനെയൊന്നും പെട്ടെന്ന് ഒടിയില്ല' എന്നാണ്. വളയാത്ത നട്ടെല്ലിന്മേല്‍ കണ്ണില്‍ ചോരയില്ലാതെ കൊച്ചുണ്ണി പൊലീസ് ഇടിതുടര്‍ന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വളര്‍ന്നു. എം.എം. ലോറന്‍സ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട പേരായി.
തോട്ടിത്തൊഴിലാളികൾക്ക് വേണ്ടി ആദ്യത്തെ ശബ്ദം
'അന്നു ഞങ്ങള്‍ സംഘടിപ്പിച്ച തോട്ടിത്തൊഴിലാളികളുടെ ആദ്യ പ്രകടനം അന്നേവരെ നഗരം കാണാത്ത ഉശിരന്‍ പ്രകടനമായിരുന്നു. നിശ്ശബ്ദമായി പണിയെടുത്തിരുന്ന തോട്ടിത്തൊഴിലാളികള്‍ക്കു ശബ്ദം ഉണ്ടെന്നും അവരില്‍ അഭൂതപൂര്‍വ്വമായ ഐക്യമുണ്ടെന്നും നഗരം അറിയുന്നത് അതോടെയാണ് എന്ന് ആത്മകഥയിൽ അദ്ദേഹം പറയുന്നു. തൊഴിലാളികളും അവരെ നയിച്ചവരും തളര്‍ന്ന ശരീരമായിരുന്നെങ്കിലും ആവേശഭരിതരായിരുന്നു.
പ്രകടനം വിളംബരം ചെയ്തത് മറ്റൊന്നുമല്ല തങ്ങളും മനുഷ്യരാണെന്ന യാഥാര്‍ത്ഥ്യമാണ്. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു തൊഴിലാളി വിഭാഗം ഇന്നും രാജ്യത്ത് നിലവിലുണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. അവർക്ക് വേണ്ടിയുള്ള ആദ്യത്തെ ശബ്ദമായിരുന്നു അത്.
ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ 22 മാസം തടവിലായിരുന്നു എംഎം ലോറന്‍സ്. ഇതിൽ രണ്ട് മാസവും കൊടിയ മർദ്ദനത്തിന് വിധേയമായി.
സഹോദരനും സ്വാതന്ത്ര്യ സമര സേനാനിയുമായ എബ്രഹാം മാടമാക്കലാണ് ഇടതുരാഷ്ട്രീയത്തിന്റെ ആദ്യപാഠങ്ങള്‍ എം എം ലോറന്‍സിന് പകര്‍ന്നു നല്‍കുന്നത്. പതിനൊന്നാം വയസില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതിയ കാറല്‍ മാര്‍ക്‌സിനെ കുറിച്ചുള്ള പുസ്തകം എബ്രഹാം ലോറന്‍സിന് നല്‍കി. മാര്‍ക്‌സിനെ അടുത്തറിയുന്നത് ഈ പുസ്തക വായനയിലൂടെയാണ്. പതിനെട്ടാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി.
ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം
1950 മാര്‍ച്ച് 9ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യവ്യാപക റെയില്‍വെ പണിമുടക്ക് പ്രഖ്യാപിച്ചു. പണിമുടക്ക് ആലോചന യോഗം കഴിഞ്ഞ് മടങ്ങിയ എന്‍ കെ മാധവന്‍, വറീതുകുട്ടി എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഫെബ്രുവരി 27ന് കൊച്ചി പോണേക്കരയില്‍ കൂടിയ കമ്യൂണിസ്റ്റ് പാര്‍ട്ടി രഹസ്യയോഗം എന്ത് വിലകൊടുത്തും നേതാക്കളെ ഇടപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നിന്ന് മോചിപ്പിക്കാന്‍ തീരുമാനിച്ചു.
എം എം ലോറന്സ്ട അടക്കമുള്ള പതിനേഴ് പേരടങ്ങുന്ന ആക്ഷന്‍ കമ്മറ്റിക്കായിരുന്നു പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റെ ചുമതല. പിറ്റേന്ന്, അതായത് ഫെബ്രുവരി 28ന് രാത്രി പത്തുമണിയോടെ കമ്യൂണിസ്റ്റ് സംഘം ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു. സ്റ്റേഷന് നേർക്ക് എറിഞ്ഞ കൈബോംബ് പൊട്ടിയില്ല. ബാക്കിയുണ്ടായിരുന്ന ആയുധങ്ങള്‍ രണ്ട് വാക്കത്തിയും കുറച്ചു വടികളും മാത്രമായിരുന്നു. തുടർന്ന് നടന്ന ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു. നേതാക്കളെ മോചിപ്പിക്കാൻ കഴിഞ്ഞില്ല.
ലോക്കപ്പിന്റെ താക്കോല്‍ തലേന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ വീട്ടില്‍ കൊണ്ടുപോയതോടെയാണ് മോചിപ്പിക്കല്‍ നടക്കാതെ പോയത്. സ്റ്റേഷനില്‍ ഉണ്ടായിരുന്ന രണ്ട് തോക്കുകളും കൈവശപ്പെടുത്തി സംഘം മടങ്ങി. നേതാക്കളും പ്രവര്ത്തകരും ഒളിവില്‍ പോയി. തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ലോറൻസ് അടക്കമുള്ളവര്‍ പിടിയിലായി. പൊലീസ് മർദ്ദനത്തിൽ ഗുരുതര പരുക്കേറ്റ കെ യു ദാസ് എന്ന പാർട്ടി പ്രവർത്തകന് ചികിത്സ നൽകാത്തതിനെ തുടർന്ന് രക്തസാക്ഷിയായി. ആക്ഷനില്‍ പങ്കെടുക്കാത്തവരടക്കം 33 പേരെ പൊലീസ് കേസില്‍ പ്രതി ചേര്ത്തു.
ആത്മകഥയിൽ ആ സംഭവം വിവരിക്കുന്നുണ്ട് അദ്ദേഹം...
കേസില്‍ ഒന്നാം പ്രതിയായിരുന്ന കെ.സി മാത്യുവും, ഞാനും ഉൾപ്പെടെ പലരും ഒളിവില്‍ പ്രവർത്തനം തുടരുന്ന കാലത്തായിരുന്നു സ്റ്റേഷന്‍ ആക്രമണവും നടന്നത്. കെ.സി മാത്യു തന്നെയായിരുന്നു ആക്രമണത്തിന്റെ നേതാവും ഒന്നാം പ്രതിയും. ഒളിവിലായിരുന്ന ഞങ്ങളെ പിടിക്കാന്‍ കഠിന യജ്ഞത്തിലായി പോലീസ്.
ആ ഘട്ടത്തില്‍ എന്റെ നാടായ മുളവുകാട് കരയില്‍ ഏത് വീട്ടില്‍ ചെന്നാലും എന്നെ ഇറക്കി വിടുമായിരുന്നില്ല. അതിനിടെ ആണ് ഇരുനൂറോളം പൊലീസുകാര്‍ ഒരു രാത്രിയില്‍ മുളവുകാടിന്റെ തെക്കേ അറ്റം പോഞ്ഞിക്കര മുതല്‍ വടക്കോട്ട് കോമ്പിങ് സെര്ച്ച് നടത്തിയത്. (ഏഴ് കിലോമീറ്ററോളം നീണ്ടു കിടക്കുന്ന വീതി കുറഞ്ഞ ദ്വീപ് ആണ് എന്റെ വീടിരിക്കുന്ന മുളവുകാട്.
കോമ്പിങ് തുടങ്ങിയതോടെ ആ വിവരം ഞാന്‍ അറിഞ്ഞു. എങ്ങനെയും ആ കരയില്‍ നിന്നും രക്ഷപ്പെടണം എന്ന് ഞാന്‍ തീരുമാനിച്ചു. തോമസിനോട് വീടിന് അടുത്ത് പുഴയില്‍ അടുപ്പിച്ചിരുന്ന വഞ്ചിയില്‍ കയറ്റി എത്രയും വേഗം പനമ്പുകാട് എത്തിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. (പനമ്പുകാട് പലപ്പോഴും ഞാന്‍ ഒളിവില്‍ ഇരിക്കുന്ന സ്ഥലമായിരുന്നു.)
പാര്‍ട്ടി നിരോധിക്കപ്പെട്ട കാലഘട്ടം ആയതിനാല്‍, കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായും അവരെ സഹായിക്കുന്നവര്‍ക്കെതിരെയും പോലീസിന് എന്തും ചെയ്യാമെന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. വലിയ ജന്മികള്‍ക്ക് ആരോടെങ്കിലും വിരോധം ഉണ്ടെങ്കില്‍ അവരെ കമ്മ്യൂണിസ്റ്റ് മുദ്ര കുത്തി പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച്, ഭീകരമായി മര്‍ദ്ദിക്കുന്ന നിരവധി സംഭവങ്ങള്‍ അക്കാലത്ത് ഉണ്ടായിട്ടുണ്ട്. പോലീസുകാരും അവരുടെ ഏജന്റുമാരും കമ്മ്യൂണിസ്റ്റുകാരെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവങ്ങളും ഉണ്ട്.
എറണാകുളത്തും ഒളിവിലിരിക്കാന്‍ ബുദ്ധിമുട്ടായിത്തുടങ്ങി. ബോംബെയിലേക്ക് പോകാന്‍ ഞാന്‍ തീരുമാനിച്ചു. കുറച്ചു കാലം അവിടെ നിന്നിട്ട് തിരിച്ചു വരാം എന്നാണ് ഉദ്ദേശിച്ചത്. ബോംബെയില്‍ ടാറ്റ കമ്പനിയില്‍ ജോലി ചെയ്യുന്ന ആല്‍ഫ്രഡിന്റെ അടുത്തേക്ക് പോകാനാണ് തീരുമാനിച്ചത്. എന്റെ അടുപ്പക്കാരായ മറ്റ് ചിലയാളുകളും ബോംബെയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. രണ്ടുമൂന്ന് ഷര്‍ട്ടും പാന്റുമൊക്കെ തൈക്കാന്‍ ടെയ്‌ലര്‍ ജോക്കി അച്ചയെ (വി.കെ.ആര്‍. അയ്യര്‍ ടെക്‌സ്‌റ്റൈല്‍ കടയില്‍ തയിക്കാന്‍ ഇരിക്കുന്നയാളാണ്. എന്റെ അയല്‍പക്കകാരനുമാണ്.) ഏല്‍പ്പിച്ചു.
അതിനിടെ, കെ.സി മാത്യുവിനെ കണ്ടുമുട്ടാന്‍ ഇടയായി. എന്റെ പദ്ധതി മാത്യുവിനോട് പറഞ്ഞു. ഇപ്പോള്‍ ബോംബെയ്‌ക്കൊന്നും പോകണ്ടെന്നും, മാത്യുവിന്റെ അമ്മയുടെ വീട്ടില്‍ (കോലഞ്ചേരിയില്‍) തല്‍ക്കാലം താമസിക്കാന്‍ ഉള്ള ഏര്‍പ്പാട് ചെയ്യാം എന്നും മാത്യു പറഞ്ഞു. മാത്യുവിന് എറണാകുളത്തു തന്നെ ഒരു ഷെല്‍ട്ടര്‍ (ഒളിയിടം) ഒരുപക്ഷേ ലഭിച്ചേക്കും എന്നും, അതു ലഭിച്ചില്ലെങ്കില്‍ മാത്യുവും എന്റെ കൂടെ കോലഞ്ചേരിയിലേക്ക് വരാം എന്നും പറഞ്ഞു.
മാത്യുവിന് ഷെല്‍ട്ടര്‍ കിട്ടിയാല്‍ ടെക് സംവിധാനത്തിലെ ആളുടെ കൈവശം, എനിക്ക് കോലഞ്ചേരിയില്‍ എത്താന്‍ വേണ്ടുന്ന വിവരങ്ങള്‍ അടങ്ങിയ കത്ത് കൊടുത്തു വിടാം എന്നും മാത്യു അറിയിച്ചു. മാത്യുവും ഞാനും തമ്മില്‍ സംസാരിക്കുമ്പോള്‍ ടെക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നയാള്‍ കൂടെയുണ്ട്.(നിരോധിത പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് വേണ്ടി 'ടെക്' എന്ന രഹസ്യ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഒരു സമാന്തര പോസ്റ്റല്‍ സര്‍വീസ് പോലെ ആയിരുന്നു അത്.) സംസാരത്തിനു ശേഷം മാത്യുവിന് ഒപ്പം അയാള്‍ പോയി. എന്നാല്‍, ബോംബെയ്‌ക്കോ കോലഞ്ചേരിക്കോ പോകാനുള്ള തീരുമാനമൊന്നും പ്രാവര്‍ത്തികമാക്കാനായില്ല.!
അന്നേദിവസം, സന്ധ്യയായപ്പോള്‍ ഞാന്‍ ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും എറണാകുളം ജെട്ടിയില്‍ ബോട്ടിറങ്ങി, ഹോസ്പിറ്റല്‍ റോഡിന് മുന്നിലൂടെ (ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ പാര്‍ക്കിന് [ഇപ്പോഴത്തെ സുഭാഷ് പാര്‍ക്] അകത്തു കൂടി ഹോസ്പിറ്റല്‍ റോഡിലേക്കുള്ള വഴിയിലൂടെയാണ് യാത്ര.) ടി.ഡി റോഡില്‍ നിന്നും കെ.ടി.സി ഹോസ്റ്റലിലേക്കുള്ള ഇടവഴിയിലേക്ക് കയറി. (എറണാകുളം കാനന്‍ ഷെഡ് റോഡ് അവസാനിക്കുന്നത് ടി.ഡി റോഡിലാണ്. അവിടെനിന്ന് അല്പം തെക്കോട്ട് മാറി, ടി.ഡി റോഡില്‍ നിന്നും പടിഞ്ഞാറേക്ക് പോകുന്ന ഇടവഴിയില്‍ കേരള ട്യൂട്ടോറിയല്‍ കോളേജിന്റെ ഹോസ്റ്റല്‍ ഉണ്ടായിരുന്നു. അവിടെയുള്ള ചിലരെ കെ.സി മാത്യു എനിക്ക് പരിചയപ്പെടുത്തി തന്നിരുന്നു.)
വരുന്ന വഴിയില്‍ പതിവില്ലാത്ത വിധത്തില്‍, നല്ല ഉയരവും കരുത്തും ഉള്ള ചിലര്‍ പലയിടത്തായി നില്‍ക്കുന്നത് ഞാന്‍ കണ്ടു. ഹോസ്റ്റലിനെ ലക്ഷ്യമാക്കിയാണ് ഞാന്‍ പോയത്. മാത്യു അവിടെ എത്തും എന്ന പ്രതീക്ഷയില്‍ ആണ് ഞാന്‍ അവിടെ എത്തിയത്.
പിന്നീട് അവിടെ വെച്ചാണ് എം എം ലോറൻസ് പൊലീസ് പിടിയിലാവുന്നത്. പൊലീസുകാർ കാശ് കൊടുത്ത് ഒരാളെ വശത്താക്കി വിവരം ചോർത്തുകയായിരുന്നു. ആ സംഭവവും അദ്ദേഹം വിവരിക്കുന്നുണ്ട്.
ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ ഞൊടിയിടയില്‍ എവിടെനിന്നോ കുറച്ചു പേര്‍ ഓടി വന്ന് എന്റെ മുടിയില്‍ കുത്തിപ്പിടിച്ച് ഒരു റിവോള്‍വര്‍ എന്റെ തലയ്ക്കു നേരെ ചൂണ്ടി.
ഞങ്ങളെ പിടികൂടുന്നത് വരെ പുക വലിക്കില്ല എന്ന് പറഞ്ഞു മേശപ്പുറത്തു സിഗരറ്റു കുറ്റിയും വെച്ചു കാത്തിരിക്കുകയായിരുന്നു ജില്ലാ പോലീസ് മേധാവി. ഇപ്പോള്‍ ഷണ്മുഖം റോഡില്‍ എ.ആര്‍ ക്യാമ്പ് ഇരിക്കുന്ന ഭാഗത്താണ് അന്ന് ജില്ലാ പോലിസ് മേധാവി ഓഫിസ്.
'പോലീസ് എന്നെ ജീവനോടെ വിടാന്‍ പോകുന്നില്ല' എന്ന ചിന്തയാണ് അപ്പോള്‍ എനിക്കുണ്ടായത്. ഏതായാലും, 'കൊല്ലപ്പെടും' എന്ന് ഞാന്‍ ഉറപ്പിച്ചു.. ജൂലിയസ് ഫ്യുചിക്കിന്റെ ജീവിതം എന്റെ മനസില്‍ ഉണ്ട്. (ഹിറ്റ്‌ലറുടെ കാലഘട്ടത്തില്‍ ജര്‍മനിയില്‍ പീഡനത്തിന് ഇരയാക്കപ്പെട്ട കമ്മ്യൂണിസ്റ്റുകാരനായ ജൂലിയസ് ഫ്യുച്ചിക്കിന്റെ ജീവചരിത്രം ഞാന്‍ ചെറുപ്പത്തിലേ വായിച്ചിട്ടുണ്ട്) ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ആദര്‍ശത്തില്‍ ഉറച്ചുകൊണ്ട് ശത്രുവിന്റെ മുന്നില്‍ കീഴടങ്ങാതെ എത്രമാത്രം തന്റേടിയാകണം എന്നതിന്റെ മാതൃകയായിരുന്നു അദ്ദേഹം.
ഇതിനിടയിൽ ചെറിയാൻ എന്ന പൊലീസുകാരൻ ഉപദേശിയുടെ വേഷത്തിൽ എത്തുന്നുണ്ട്.
ഉറച്ച ക്രിസ്തുമത വിശ്വാസിയുടെ നിലപാടില്‍ നിന്നുകൊണ്ട് അയാള്‍ നിര്‍ത്താതെ സംസാരിക്കാന്‍ തുടങ്ങി. ഉപദേശം മൂത്തപ്പോള്‍ എനിക്കു ദേഷ്യം വന്നു.
'വലിയ ഉപദേശം ഒന്നും വേണ്ട.., ക്രിസ്തുവിന്റെ ആദര്‍ശമനുസരിച്ചുള്ള കാര്യങ്ങള്‍ ആണല്ലോ എന്നെ അവിടെ കൊണ്ടുപോയി നിങ്ങള്‍ ചെയ്യാന്‍ പോകുന്നത്..'
എന്ന് ഞാന്‍ പറഞ്ഞു. അതോടെ ചെറിയാന്‍ ഒന്നും മിണ്ടാതെയായി. നേരിടാൻ പോകുന്ന ക്രൂരതയും പീഡനവും സഖാവ് മനസിൽ ഉറപ്പിച്ച് കണ്ടിരുന്നു.
വഴിനീളെ ആളുകൾ കാണെ മർദ്ദിച്ചു. അടുത്ത ഘട്ട സ്റ്റേഷനിലായിരുന്നു അതിൽ ഒരു ഭാഗം ഇങ്ങനെയാണ് വിവരിക്കുന്നത്.
ലോക്കപ്പ് മുറിയില്‍ ഇരുത്തി ചൂരല്‍ കൊണ്ടുവന്ന് പോലീസുകാരന്‍ ഉള്ളംകാലിന് അടിച്ചുകൊണ്ടിരുന്നു. കാല് മാറ്റാതിരിക്കാന്‍ ഒരാള്‍ കാലില്‍ ബലമായി ചവിട്ടി നിന്നു. അസഹനീയമായ വേദനയാണതിന്. അടിയുടെയും ഇടിയുടെയും ഫലമായി ഇടയ്ക്ക് ബോധക്ഷയം ഉണ്ടായി. മര്‍ദ്ദനത്തിന്റെ ഫലമായി ഞാന്‍ പരവേശനായി. 'കുടിക്കാന്‍ വെള്ളം' ചോദിച്ചു. ഒരു ബക്കറ്റില്‍ കൊണ്ടുവന്ന് ചൊരിഞ്ഞു. ചൊരിഞ്ഞത് 'മൂത്രം' ആയിരുന്നു. വെള്ളത്തിനു വേണ്ടി ഏറെ പരവശനായ അവസ്ഥയില്‍ ഞാനത് കുടിക്കേണ്ടിവന്നു...
മര്‍ദ്ദനമെല്ലാം കഴിഞ്ഞ് എന്നെ ലോക്കപ്പ് മുറിയില്‍ പൂര്‍ണ്ണ നഗ്‌നനാക്കി കിടത്തി. എഴുന്നേല്‍ക്കാനാകാത്ത വിധം ലോക്കപ്പ് മുറിയിലെ സിമന്റ് തറയില്‍ കിടക്കുകയായിരുന്നു. വെളിച്ചം ഇല്ലായിരുന്നു. ആരോ ലോകപ്പിന്റെ അഴിയിട്ട വാതിലില്‍ നിന്ന് എന്റെ പേരെടുത്ത് വിളിച്ചു.
'ലോറന്‍സേ...'
എന്ന്..
രണ്ടോ മൂന്നോ തവണ വിളിച്ചു. ഞെരുങ്ങിയാണ് വിളി കേട്ടത്.
'കിടന്ന കിടപ്പ് കിടക്കരുത്... എങ്ങനെ എങ്കിലും എഴുന്നേല്‍ക്കാന്‍ നോക്കണം.. ചുമരില്‍ പിടിച്ചോ മറ്റോ എഴുന്നേറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടക്കണം.. അവിടെ കിടന്നു പോയാല്‍ പിന്നെയവിടെന്നു എഴുന്നേല്‍ക്കില്ല.. (മരിച്ചുപോകും)'.
'ജീവിക്കണം' എന്ന ആശ ഉണ്ടായതിനാല്‍, അത് കേട്ടു കഴിഞ്ഞപ്പോള്‍ വളരെ പ്രയാസപ്പെട്ട് ഒരു കണക്കിന് ഞാന്‍ പതിയെ ചുമരില്‍ പിടിച്ചു എഴുന്നേറ്റു. ശേഷം അയാള്‍ പറഞ്ഞതനുസരിച്ച് ലോക്കപ്പില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഏതോ ഒരു പോലീസുകാരന്‍ ആയിരിക്കണം എന്നോടത് പറഞ്ഞത്. വെളിച്ചം തീരെ ഇല്ലാതിരുന്ന അവിടെ വന്ന് ആരാണത് പറഞ്ഞതെന്ന് എനിക്കിന്നും വ്യക്തമല്ല..!
അവിടെയും ഉണ്ടായിരുന്ന തന്റെ സമരപോരാട്ടങ്ങളെ വിലമതിച്ചവർ എന്ന് സഖാവ് തിരിച്ചറിയുന്നുണ്ട്.
ഇടപ്പള്ളി കേസില്‍ പ്രതിയായിരുന്ന കാലത്ത് ഏതാണ്ട് രണ്ടുവര്‍ഷത്തോളം ആലുവ സബ് ജയിലിലും, പറവൂര്‍ സബ് ജയിലിലും, പെരുമ്പാവൂര്‍ സബ് ജയിലിലും, എറണാകുളം സബ് ജയിലിലും, മട്ടാഞ്ചേരി സബ് ജയിലിലുമായി കിടന്നു. ഏറിയ കാലവും ആലുവ സബ് ജയിലില്‍ ആയിരുന്നു കിടന്നത്. അറസ്റ്റിലായതിനു ശേഷം ഒരുമാസത്തിലധികം കഠിന മര്‍ദ്ദനമാണ് പൊലീസുകാര്‍ പ്രയോഗിച്ചത്.
എനിക്കും മാത്യുവിനും മുന്‍പ് അറസ്റ്റിലായവര്‍ അതിനേക്കാള്‍ കൂടുതല്‍ കാലം മര്‍ദ്ദനം ഏറ്റു. രണ്ടു പേർ മര്‍ദ്ദനം ഏറ്റ് കൊല്ലപ്പെട്ടു. മര്‍ദ്ദനം കണ്ട് സഹിക്കാന്‍ കഴിയാതെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ജോലി രാജി വെച്ചു പോയ സംഭവവും ഉണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..