23 December Monday

ആ വിധികൾ
 വിമർശിക്കപ്പെടുമ്പോൾ - അഡ്വ. വി എൻ 
ഹരിദാസ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

 

ഒരു ദശാബ്ദത്തിനുശേഷം സാമാന്യം ദീർഘമായ കാലയളവ് ഇന്ത്യയുടെ മുഖ്യന്യായാധിപനായി ഇരിക്കാൻ അവസരം ലഭിച്ച ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡി വൈ ചന്ദ്രചൂഡ് പരമോന്നത നീതിപീഠത്തിന്റെ പടിയിറങ്ങുമ്പോൾ പ്രശംസകൾക്കും അഭിനന്ദനങ്ങൾക്കും പകരം വിമർശങ്ങളും നിരാശ നിറഞ്ഞ പ്രതികരണങ്ങളുമാണ് കൂടുതലും എന്നത് ഖേദകരമായ വസ്തുതയാണ്. ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ മുഖ്യന്യായാധിപനായിരുന്ന വൈ വി ചന്ദ്രചൂഡിന്റെ മകനാണ് ഡി വൈ ചന്ദ്രചൂഡ്. അഭിഭാഷകൻ എന്ന നിലയിൽ സ്വപ്നതുല്യമായ വളർച്ചയായിരുന്നു ചന്ദ്രചൂഡിന്റേത്. നാൽപ്പത് വയസ്സാകുമ്പോഴേക്കും മുതിർന്ന അഭിഭാഷകനെന്ന പദവി ലഭിച്ചു. മുംബൈ ഹൈക്കോടതിയിൽ അഡീഷണൽ സോളിസിറ്റർ ജനറലായി നിയമിക്കപ്പെടുമ്പോൾ പ്രായം നാൽപ്പത് മാത്രം. 1998-ൽ ഹൈക്കോടതി ജഡ്‌ജിയായി. സുപ്രീംകോടതിയിൽ മുഖ്യ ന്യായാധിപ കാലയളവ് ഉൾപ്പെടെ എട്ടുവർഷമാണ് അദ്ദേഹത്തിന് ലഭിച്ചത്.

പുതിയ ലക്കം കാരവൻ മാസികയിൽ ചന്ദ്രചൂഡിനെക്കുറിച്ചുള്ള ലേഖനം ആരംഭിക്കുന്നത് അലഹബാദ് ഹൈക്കോടതിയിൽ മുഖ്യന്യായാധിപനായിരുന്ന സമയത്ത് അവിടത്തെ വാർഷികാഘോഷങ്ങളിൽനിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കിയ അദ്ദേഹത്തെ ഓർമിച്ചുകൊണ്ടാണ്. നീതിന്യായ സംവിധാനത്തിന്റെ നിഷ്‌പക്ഷത ഉയർത്തിപ്പിടിക്കാൻ ജാഗ്രത കാണിച്ചുവെന്ന്‌ സൂചിപ്പിക്കാനായിരുന്നു ഈ ആമുഖം.  സുപ്രീംകോടതിയിൽ വന്നതിനുശേഷം, സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ച പുട്ടസ്വാമി കേസിൽ വിധിന്യായം എഴുതിക്കൊണ്ട് വലിയ പ്രത്യാശയാണ് ജനാധിപത്യ ഭരണഘടനാവിശ്വാസികൾക്ക് അദ്ദേഹം നൽകിയത്. സ്വവർഗാനുരാഗം ക്രിമിനൽക്കുറ്റമാകുന്നത് റദ്ദാക്കിയ വിധിയിലൂടെയൊക്കെ ആ പ്രതീക്ഷ നിലനിർത്തുന്നതിനും സാധിച്ചു.

രണ്ടുവർഷത്തെ മുഖ്യന്യായാധിപ സേവനത്തിനുശേഷം പടിയിറങ്ങുമ്പോൾ പറഞ്ഞതിൽ പാതി പതിരായും  പ്രവൃത്തിയിൽ വരാതെയും പോയതാണ്  അനുഭവം. സമത്വത്തെക്കുറിച്ച്‌ വാചാലനായ ചന്ദ്രചൂഡിന് പതിനേഴ് പുതിയ ജഡ്ജിമാരെ സുപ്രീംകോടതിയിലേക്ക് ഉയർത്തിയപ്പോൾ ഒരു വനിതയെപ്പോലും നിയമിക്കാൻ കഴിഞ്ഞില്ല. സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട വൈവാഹിക ബന്ധങ്ങളിലെ ബലാത്സംഗം ഉൾപ്പെടെയുള്ള നിരവധി പ്രധാനപ്പെട്ട കേസുകൾ ലിസ്റ്റ് ചെയ്യാനോ സമയബന്ധിതമായി വിധിപറയാനോ  ഉത്സാഹം കാണിച്ചില്ല.

ചന്ദ്രചൂഡ് ഏറ്റവും വലിയ വിമർശം ഏൽക്കേണ്ടിവരിക സംഘപരിവാർ മോദി ഭരണകൂടത്തിനോട് കാണിച്ച സൗമനസ്യത്തിന്റെയും അനുകൂല മനോഭാവത്തിന്റെയും പേരിലായിരിക്കും. ഭരണഘടനാവിരുദ്ധവും അടിസ്ഥാന നിയമതത്വങ്ങൾക്കുതന്നെ എതിരുമായിരുന്ന ബാബ്‌റി മസ്ജിദ് വിധിന്യായം ആരാണ് എഴുതിയത് എന്നത് ഇത്രകാലം സംശയാസ്‌പദമായിരുന്നു. കാരണം, അസാധാരണമായി ആ വിധിന്യായത്തിൽ എഴുതിയ ന്യായാധിപരുടെ ആരുടെയും പേര് ഉണ്ടായിരുന്നില്ല. എന്നാൽ, സമീപകാലത്ത് അയോധ്യ വിധിന്യായം എഴുതാൻ വിഗ്രഹത്തിന്റെ അനുഗ്രഹത്തിനായി ഞാൻ പ്രാർഥിച്ചു എന്ന പൊതു പ്രസ്താവനയോടെ ആ വിധിന്യായത്തിന്റെ കർതൃത്വം ഏറ്റെടുക്കുക മാത്രമല്ല, മറിച്ച്‌ ഒരു ന്യായാധിപന് ഉണ്ടായിരിക്കേണ്ട ബോധവും അദ്ദേഹത്തെ നയിക്കേണ്ട ബോധ്യവും ഭരണഘടനാ ധാർമികതയാണ് എങ്കിൽ, അതല്ല തന്നെ നയിച്ചത് എന്നുകൂടി പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. സ്വവർഗ ലൈംഗികത കുറ്റകരമല്ലെന്ന് പ്രഖ്യാപിക്കാൻ ധൈര്യം കാണിച്ചെങ്കിലും സ്വവർഗ വിവാഹത്തെ സാധൂകരിക്കാൻ അദ്ദേഹം തയ്യാറായില്ല. വിവാഹം എന്നതുതന്നെ ഭരണഘടനാ അവകാശമല്ല, അത് കേവലം നിയമപരമായ അവകാശം മാത്രമാണെന്ന സാങ്കേതികത്വത്തിലാണ് അദ്ദേഹം ഊന്നിയത്.

മോദി–- അമിത് ഷാ നേതൃത്വത്തിൽ സമഗ്രാധിപത്യവും വ്യക്തിസ്വാതന്ത്ര്യ നിഷേധവും മൗലികാവകാശ ധ്വംസനങ്ങളും നിർബാധം അരങ്ങേറിയപ്പോൾ അതിനെ തടയിടാനുള്ള ഒരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല, അവരെ സഹായിക്കുന്ന നീക്കങ്ങളാണ് ചന്ദ്രചൂഡിൽനിന്ന് ഉണ്ടായത്. ഏറ്റവും കൂടുതൽ കളങ്കിതമായത് ജസ്റ്റിസ് ലോയയുടെ അസ്വാഭാവിക മരണത്തിൽ അന്വേഷണ ആവശ്യം നിരസിച്ചുകൊണ്ടുള്ള മുഖ്യന്യായാധിപനാകുന്നതിന് മുമ്പുതന്നെ അദ്ദേഹം പുറപ്പെടുവിച്ച വിധിയാണ്. ‘മാസ്റ്റർ ഓഫ് ദ റോസ്‌റ്റർ' എന്ന  നിലയിൽ ഏതൊക്കെ കേസുകൾ ഏതൊക്കെ ന്യായാധിപർ കേൾക്കണമെന്ന് നിശ്ചയിക്കാനുള്ള സമ്പൂർണ അധികാരം മുഖ്യന്യായാധിപനാണ്. മോദി– -അമിത് ഷാ ഭരണത്തിന്റെ സ്വേച്ഛാധിപത്യ അന്യായ തടങ്കൽ നടപടികൾ, അതിൽ പെട്ടുപോയവരുടെ ജാമ്യഹർജികൾ എന്നിവയെല്ലാം പലപ്പോഴും പരിഗണനയ്‌ക്ക് വന്നത് മോദിയോടും അമിത് ഷായോടും പരസ്യമായി അനുഭാവം പ്രകടിപ്പിച്ചിട്ടുള്ള ന്യായാധിപർക്കു മുമ്പിലാണ്. മോദിയെ ഹീറോ ആയി വിശേഷിപ്പിച്ചിട്ടുള്ള എം ആർ ഷായാണ് യുഎപിഎ കേസുകളിലെ ജാമ്യഹർജികൾ പലതും കേട്ടത്. സായിബാബയ്‌ക്ക് ജാമ്യം അനുവദിച്ചത് സ്റ്റേ ചെയ്യാൻ അവധിദിനമായ ശനിയാഴ്ച എം ആർ ഷാ പ്രത്യേക സിറ്റിങ്‌ തന്നെ നടത്തി. ഭീമ കൊറേഗാവ് കേസുകളെല്ലാം ജസ്റ്റിസ് ബേല ത്രിവേദിയുടെ ബെഞ്ചിനാണ് അനുവദിച്ചത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിക്കെ അദ്ദേഹത്തിന്റെ ലോ സെക്രട്ടറിയായിരുന്നു ബേല ത്രിവേദി എന്നറിയുമ്പോഴാണ് ഈ കേസുകൾ അലോട്ട്‌ ചെയ്യൽ കേവലം യാദൃച്ഛികമാണോ എന്ന സംശയം ഉയരുക.

ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിബദ്ധത ബാബ്‌റി മസ്‌ജിദ്‌ വിധിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയിൽനിന്നുതന്നെ തെളിഞ്ഞു. ജമ്മു കശ്‌മീരിന് സവിശേഷപദവി അനുവദിച്ചുകൊണ്ടുള്ള അനുച്ഛേദം 370 റദ്ദാക്കിയത് ശരിവച്ച്  ഫെഡറലിസം എന്ന അടിസ്ഥാന ഭരണഘടനാമൂല്യത്തെ തന്നെയാണ് നിഷേധിച്ചത്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് പോകുന്നതിനു മുമ്പ്‌ ഏറ്റവും അവസാനം പുറപ്പെടുവിച്ച, എല്ലാ സ്വകാര്യസ്വത്തും പൊതുലക്ഷ്യത്തിനായി ഏറ്റെടുക്കാൻ കഴിയില്ലെന്ന പ്രോപ്പർട്ടി ഓണേഴ്‌സ് അസോസിയേഷൻ–- മഹാരാഷ്ട്ര സംസ്ഥാനം എന്ന കേസിലെ വിധിന്യായം. സോഷ്യലിസം എന്ന ഇന്ത്യൻ ഭരണഘടനയിലെ അടിസ്ഥാനമൂല്യത്തിന്റെ നിഷേധമാണ് എന്നത് മാത്രമല്ല, അതിനോടുള്ള തന്റെ അസഹിഷ്ണുതയും പുച്ഛവും മറയില്ലാതെ പ്രകടിപ്പിക്കാൻ വിധിന്യായത്തെ അദ്ദേഹം ഉപകരണമാക്കി. ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഉൾപ്പെടെയുള്ള മുൻകാല ന്യായാധിപർക്ക് എതിരെയുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ സഹന്യായാധിപരുടെതന്നെ രൂക്ഷ വിമർശത്തിന് വിധേയമായതു കൊണ്ടാകാം അവസാനം സുപ്രീംകോടതി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തപ്പോൾ ആ ഭാഗം ഒഴിവാക്കിയത്. അപ്പോഴും സോഷ്യലിസം എന്ന സങ്കൽപ്പത്തോടുള്ള എതിർപ്പ് അതുപോലെ തുടർന്നു. ജസ്റ്റിസ് ലോയ വധത്തിലെ അന്വേഷണാവശ്യം നിരസിച്ചത്, ബാബ്‌റി മസ്‌ജിദ്‌,  അനുച്ഛേദം 370 ജമ്മു കശ്മീർ, ജ്ഞാൻവാപി പള്ളിയിലെ ഹിന്ദു അവകാശവാദം തുടരാൻ അനുവദിച്ചത് എന്ന് തുടങ്ങിയുള്ള വിധിന്യായങ്ങൾമുതൽ പ്രധാനമന്ത്രിയോടൊത്തുള്ള മാധ്യമ കാമറകൾ സാക്ഷിയാക്കിയുള്ള പൂജ വരെ കാണിക്കുന്നത് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വലതുപക്ഷ ഹിന്ദുത്വ ആഭിമുഖ്യമോ കേന്ദ്രഭരണത്തോടുള്ള പരസ്യമായ പ്രതിജ്ഞാബദ്ധതയോ ആണ്. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ താൽപ്പര്യത്തിൽ അനാച്ഛാദനം ചെയ്ത പുതിയ നീതിദേവതയുടെ പ്രതിമ സവർണവനിതയാണെന്ന വിമർശം ഉയർന്നു കഴിഞ്ഞു. പ്രോപ്പർട്ടി ഓണേഴ്‌സ് അസോസിയേഷൻ കേസിൽ അദ്ദേഹം പ്രകടിപ്പിച്ച സോഷ്യലിസംപോലുള്ള ഭരണഘടനാ സങ്കൽപ്പനങ്ങളോടുള്ള അവമതിപ്പും അദ്ദേഹത്തിന്റെ കാലത്ത് കൂടെയുള്ള ന്യായാധിപരിൽ മൂന്നിൽ ഒന്നും ബ്രാഹ്മണരാണ് എന്നുകൂടി അറിയുമ്പോഴാണ് നീതിന്യായ സ്ഥാപനങ്ങളിലെ വർഗതാൽപ്പര്യങ്ങൾ അന്വേഷിക്കാൻ നിർബന്ധിതരാകുക.

ഇന്ദിര ഭരണകാലത്ത് ഹേബിയസ് കോർപസ് കേസിൽ ഇന്ദിരയ്‌ക്ക് അനുകൂലമായി വിധി എഴുതിയ അച്ഛൻ ചന്ദ്രചൂഡ്, ‘ഇതാണ് നിയമം നീതി’ എന്ന് പറയാനുള്ള ജസ്റ്റിസ് എച്ച്‌ ആർ ഖന്നയുടെ ആർജവം ഞങ്ങൾക്ക് ഇല്ലാതെ പോയെന്ന് പിന്നീട് കുമ്പസാരിച്ചിട്ടുണ്ട്. അതിന്റെ വില എച്ച്‌ ആർ ഖന്നയ്ക്ക് ചീഫ്ജസ്റ്റിസ് സ്ഥാനം നഷ്ടപ്പെട്ടതാണെങ്കിൽ വൈ ബി ചന്ദ്രചൂഡിന് ഏഴു വർഷത്തെ സുദീർഘമായ ചീഫ് ജസ്റ്റിസ് സ്ഥാനം ലഭിച്ചതായിരുന്നു. "എന്നെക്കുറിച്ച്‌ ഔദ്യോഗികമായും അനൗദ്യോഗികമായും നിങ്ങൾ ഇനിയും കേൾക്കും' എന്ന് ഡി വൈ ചന്ദ്രചൂഡ് പറയുന്നുണ്ട് മുംബൈ ഹൈക്കോടതിയിലെ ഒരു ചടങ്ങിൽ.  എന്താണ് രണ്ടു വർഷത്തെ സേവനത്തിന്റെ വിലയെന്ന് താമസിയാതെതന്നെ നമുക്ക് അറിയാൻ സാധിക്കും. കോടതികളും ഈ സമൂഹത്തിന്റെ ഭാഗമാണ് അവയും വർഗതാൽപ്പര്യത്തിൽനിന്ന് മുക്തമല്ലെന്ന് മാർക്സിയൻ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തിയതിനാണ് ഇ എം എസിനെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചത്. ഇ എം എസിന്റെ വർഗ വിശകലനം എത്രമാത്രം ശരിയാണെന്ന് കാലം ചെല്ലുംതോറും കൂടുതൽ കൂടുതൽ വെളിവാകുന്നു.

(കേരള ഹൈക്കോടതിയിലെ അഭിഭാഷകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top