03 December Tuesday

നാണം മറയ്‌ക്കാൻ സെൽഫി

സാജന്‍ എവുജിന്‍Updated: Tuesday Oct 17, 2023

ഡൽഹിയിൽ എവിടെ തിരിഞ്ഞാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രംവച്ച ബോർഡുകളാണ്‌. മെട്രോസ്‌റ്റേഷനുകളിലും ട്രെയിനുകൾക്കുള്ളിലുംവരെ. ഓരോ സ്‌റ്റേഷനിലും യാത്രക്കാരുടെ കണ്ണുകൾ ഏറ്റവും എളുപ്പത്തിൽ എത്തുന്ന ഇടങ്ങളിൽ മോദിയുടെ ചിത്രങ്ങൾ വച്ചിരിക്കുന്നു. നഗരവീഥികളുടെ ഓരങ്ങളിലും സ്ഥിതി വ്യത്യസ്‌തമല്ല. ജി20 സമ്മേളനത്തോടെ രാജ്യതലസ്ഥാനം മോദിയുടെ വർണചിത്രബോർഡുകളാൽ നിറഞ്ഞു. പൊതുഖജനാവിലെ പണമെടുത്താണ്‌ ഈ പ്രചാരണമാമാങ്കം.

ഇതിനു തുടർച്ചയായി, രാജ്യമെങ്ങും മോദിയുടെ ചിത്രമുള്ള ത്രീഡി ടാബ്ലോ ബൂത്തുകൾ സ്ഥാപിക്കാൻ പ്രതിരോധ വകുപ്പ്‌ അക്കൗണ്ട്‌സ്‌ ഡയറക്ടർ ജനറൽ ഉത്തരവിട്ടിരിക്കുന്നു. സെൽഫി പോയിന്റുകൾ എന്ന ഓമനപ്പേരിൽ ഇത്തരം 822 കേന്ദ്രം ഒരുക്കാനാണ്‌ നിർദേശം. പൊതുജനങ്ങൾ ഇവിടെയെത്തി സെൽഫിയെടുത്ത്‌ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കണമെന്നതാണ്‌ സർക്കാർ ലക്ഷ്യം. മോദിസർക്കാരിന്റെ ‘പ്രവർത്തനമികവ്‌’  പ്രമേയമാക്കിയാണ്‌ സെൽഫി പോയിന്റുകൾ ഒരുക്കേണ്ടതെന്നും നിർദേശമുണ്ട്‌. തെരഞ്ഞെടുപ്പ്‌ കാലം ആഗതമായിരിക്കെ സെൽഫി പോയിന്റുകളുടെ രാഷ്‌ട്രീയലക്ഷ്യം വ്യക്തം.

ബിജെപിയുടെ രാഷ്‌ട്രീയ പ്രചാരണത്തിനായി പ്രതിരോധവകുപ്പിനെ ഉപയോഗിക്കുകയാണെന്ന ഗുരുതരമായ ആക്ഷേപം ഇതേപ്പറ്റി ഉയർന്നിട്ടുണ്ട്‌. പ്രതിരോധസേനാ വിഭാഗങ്ങൾക്കും എൻസിസി അടക്കമുള്ള ഏജൻസികൾക്കും ക്വോട്ട നിശ്‌ചയിച്ചാണ്‌ ബൂത്തുകളുടെ പട്ടിക. ജനങ്ങൾ കൂട്ടത്തോടെ എത്തുന്ന മാർക്കറ്റുകൾമുതൽ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽവരെ സെൽഫി പോയിന്റ്‌ സ്ഥാപിക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌ അധ്യക്ഷനായ യോഗത്തിലാണ്‌ ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്‌. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത എന്നീ വിഷയങ്ങളിൽ പ്രതിരോധസേനകൾ പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതിൽ അപാകമില്ല. എന്നാൽ ഉജ്വല യോജന, വാക്‌സിൻ, യോഗ, ജല മിഷൻ, പെൻഷൻ, ക്ലീൻഇന്ത്യ തുടങ്ങിയ പരിപാടികളാണ്‌ ഈ ബൂത്തുകളുടെ രൂപകൽപ്പനയിൽ പ്രമേയമാക്കേണ്ടതെന്ന്‌ നിഷ്‌കർഷിക്കുന്നു. ചുരുക്കത്തിൽ ബിജെപിയുടെ രാഷ്‌ട്രീയ പ്രചാരണത്തിന്‌ പ്രതിരോധവകുപ്പിനെ ഉപയോഗിക്കുകയാണ്‌.

വാർഷിക അവധിക്ക്‌ നാട്ടിൽ പോകുന്ന സൈനികർ ‘രാഷ്‌ട്രനിർമാണത്തിന് സാമൂഹ്യസേവനപ്രവർത്തനങ്ങളിൽ’ വ്യാപൃതരാകണമെന്ന്‌ കരസേന നിർദേശിച്ചതായി ഈയിടെ റിപ്പോർട്ട്‌ വന്നു. സ്വച്ഛ്‌ ഭാരത്‌ മിഷൻ, ആയുഷ്‌മാൻ ഭാരത്‌, എൻപിഎസ്‌, അടൽ പെൻഷൻ യോജന, ഗരീബ്‌ കല്യാൺ റോസ്‌ഗാർ യോജന തുടങ്ങിയ പദ്ധതികളെക്കുറിച്ച്‌ സൈനികർ നാട്ടുകാരുമായി സംസാരിക്കണമത്രെ. ജീവൻ പണയംവച്ച്‌ രാജ്യത്തിന്റെ അതിർത്തി കാത്തുസൂക്ഷിക്കുന്നവരെ എല്ലാവിഭാഗം ജനങ്ങളും ആദരവോടെയാണ്‌ കാണുന്നത്‌.  ഇതിൽനിന്ന്‌ രാഷ്‌ട്രീയ മുതലെടുപ്പ്‌ നടത്താനാണ്‌  ‘അവധിക്കാല സേവന’ നിർദേശം.

ഭരണഘടനാപരമായ എല്ലാ ഏജൻസികളെയും മോദിസർക്കാർ രാഷ്‌ട്രീയ ആയുധമാക്കി. തെരഞ്ഞെടുപ്പ്‌ കാലമായതോടെ കേന്ദ്ര അന്വേഷണ ഏജൻസികൾ നെട്ടോട്ടത്തിലാണ്‌. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇഡി ഉഴുതുമറിക്കുന്നു. സർക്കാരിനെ ജനാധിപത്യപരമായി വിമർശിക്കുന്നവരെ ഭീകരവിരുദ്ധ  നിയമങ്ങളിൽ കുടുക്കുന്നു. സിഎജി റിപ്പോർട്ടുകൾ മോദിഭരണത്തിലെ അഴിമതികൾ പുറത്തുകൊണ്ടുവന്നതോടെ ഓഡിറ്റ്‌ തന്നെ നിർത്തിവയ്‌ക്കാൻ ഉത്തരവായി. മോദിയുടെയും അമിത്‌ ഷായുടെയും വിശ്വസ്‌തനാണ്‌ നിലവിലെ സിഎജിയെങ്കിലും കണ്ണുവെട്ടിച്ച്‌ റിപ്പോർട്ടുകൾ പുറത്തുവന്നു. ഓഡിറ്റർമാർ ഇനി ഓഫീസിനു പുറത്തിറങ്ങരുതെന്നാണ്‌ കൽപ്പന. അകത്തിരുന്ന്‌ കണക്കുകൾ ഒത്തുനോക്കിയാൽ മതി.   ഇതൊക്കെ ചെയ്യുന്നുണ്ടെങ്കിലും മോദിക്കും ബിജെപിക്കും ആത്മവിശ്വാസമില്ല. പ്രധാനമന്ത്രിയുടെ ജനപ്രീതി ഇടിഞ്ഞതായി ബിജെപിക്ക്‌ ബോധ്യമായിട്ടുണ്ട്‌. മോദി നേരിട്ട്‌ പ്രചാരണം നയിച്ച നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെട്ടു. മണിപ്പുർ കലാപം വരുത്തിയ പ്രതിച്ഛായ നഷ്ടം ബിജെപിയെ വേട്ടയാടുന്നു.  ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാർ എന്ന മുദ്രാവാക്യം ഇനി ഉയർത്താൻ കഴിയില്ല. മണിപ്പുർ പ്രശ്‌നത്തിന്‌ പരിഹാരം കാണുന്നതിനെക്കുറിച്ച്‌ ചിന്തിക്കാനോ സമയം ചെലവിടാനോ പ്രധാനമന്ത്രി തയ്യാറല്ല. അഞ്ചു മാസം പിന്നിടുമ്പോഴും പതിനായിരക്കണക്കിന്‌ മണിപ്പുരികൾ അഭയാർഥിജീവിതത്തിന്റെ നെരിപ്പോടിലാണ്‌.

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യക്ക്‌ താഴെ ആരുമില്ലെന്ന സ്ഥിതിയാണ്‌. മാധ്യമസ്വാതന്ത്ര്യ സൂചികയിലും കൂപ്പുകുത്തി. ഇന്റർനെറ്റ്‌ നിരോധനത്തിൽ ലോകത്ത്‌ ഏറ്റവും മുന്നിൽ. വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലും ലിംഗസമത്വത്തിലും വളരെ മോശം നിലയിൽ.
ഈ അപമാനമെല്ലാം ഒഴുക്കിക്കളയാൻ സെൽഫിപ്രളയം വഴി കഴിയുമെന്നാണ്‌ മോദിയും കൂട്ടരും കരുതുന്നത്‌. സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന ഈ സെൽഫികളുടെ എണ്ണമെടുക്കാനും കേന്ദ്രം സംവിധാനം ഒരുക്കുന്നുണ്ട്‌. സെൽഫി ബൂത്തുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിലാണ്‌ നടക്കുന്നത്‌. ഒമ്പത്‌ കേന്ദ്രം ആദ്യപടിയായി കണ്ടെത്തി. വരുംനാളുകളിൽ ഗോദിമാധ്യമങ്ങളിൽ സെൽഫിക്കഥകളും നിറയും. ഇന്ത്യക്കാരുടെ സർവപ്രശ്‌നങ്ങൾക്കും ഒറ്റമൂലിയായി സെൽഫിപോയിന്റുകൾ എന്നതാകും വർണന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top