26 December Thursday

നേരിന്റെ ശബ്ദം നിറയട്ടെ നാടെങ്ങും

കെ വിUpdated: Tuesday Oct 15, 2024

വാർത്താ വിസ്ഫോടനമെന്ന വ്യാജപ്രതീതി പരത്തി ഉറഞ്ഞുതുള്ളുന്ന നുണക്കോമരങ്ങൾക്ക് നടുവിലിറങ്ങി നേര് വിളിച്ചുപറയൽ വലിയൊരു രാഷ്ട്രീയദൗത്യമാണ്. നവ സാങ്കേതികവിദ്യയുടെ നാനാവിധ സാധ്യതകളിൽ വലവിരിച്ച് മാധ്യമ മേഖലയെ അടക്കിവാഴുകയാണ് അതിസമ്പന്ന കുത്തക വ്യവസായികളും വലതുപക്ഷ രാഷ്ട്രീയ ലോബികളും. പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനും അട്ടിമറിക്കാനും അരാഷ്ട്രീയ അഭിരുചികൾ രൂപപ്പെടുത്താനും വളരെ ആസൂത്രിതമായി മുഖ്യധാരാ മാധ്യമങ്ങൾ ആഞ്ഞുപിടിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി ഈ നാടും ജനങ്ങളും കൈവരിച്ച  പുരോഗതിയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം നിറവേറ്റിയ ത്യാഗോജ്വലമായ പങ്കിനെ ഇകഴ്ത്തിക്കാട്ടാൻ ബഹുമുഖമായ അടവുകൾ അവർ പയറ്റുന്നു. ഒപ്പം, അന്വേഷണത്തിന്റെയും പ്രതിരോധത്തിന്റെയും  കാലം കഴിഞ്ഞു എന്ന നിസ്സംഗത പുതുതലമുറയിൽ കുത്തിവയ്‌ക്കാനും  വിദഗ്ധവഴികൾ തേടുന്നു. അനുദിനം ആധിപത്യം വ്യാപിപ്പിക്കുന്ന ഈ പിന്തിരിപ്പൻ മാധ്യമ കൂട്ടുകെട്ടിനെതിരെയുള്ള ചെറുത്തുനിൽപ്പാണ് ദേശാഭിമാനി നടത്തിപ്പോരുന്നത്. ഇതിന്റെ ഭാഗമാണ് പത്രപ്രചാര വർധനയ്ക്കുള്ള സംഘടിത പ്രവർത്തനവും.

മലയാള മാധ്യമരംഗത്ത് രാഷ്ട്രീയമായും സാംസ്കാരികമായും ഗുണപരമായ തിളക്കമാർന്ന മാറ്റങ്ങളുടെ കാഹളം മുഴക്കിയ സാധാരണക്കാരുടെ പത്രമാണ് ദേശാഭിമാനി. ഉപരിവർഗത്തിൽപ്പെട്ടവർക്ക് ഇഷ്ടപ്പെട്ടതുമാത്രം  ദിനപത്രങ്ങളിൽ അച്ചടിച്ചുവന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തിൽ. ചരമവാർത്തകൾപോലും "പൗരപ്രമുഖരു’ടേതേ അന്ന് വർത്തമാനപത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നുള്ളൂ. ആ പഴഞ്ചൻ രീതി തിരുത്തി സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുടെ വികാരവിചാരങ്ങളും ഒപ്പിയെടുത്ത് വായനക്കാർക്ക് സമർപ്പിച്ചുതുടങ്ങിയ ആദ്യ വാർത്താമാധ്യമമാണ് ദേശാഭിമാനി. അടിച്ചമർത്തപ്പെട്ടവർക്കും അധഃസ്ഥിതർക്കും  നിവർന്നുനിൽക്കാൻ കരുത്തുപകർന്ന്, ശബ്ദമില്ലാത്തവരുടെ ശബ്ദമായി സമൂഹമനസ്സിൽ ഇടം നേടിയ ജനകീയ ജിഹ്വ. ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭഘട്ടത്തിൽ  1942ൽ ആഴ്ചപ്പതിപ്പായാണ് കോഴിക്കോട്ടുനിന്ന് ദേശാഭിമാനി പ്രസിദ്ധീകരണം ആരംഭിച്ചത്; ദിനപത്രമാക്കിയത് 1946 ജനുവരി 18നും.

കഴിഞ്ഞ എട്ടു പതിറ്റാണ്ടിനിടയ്ക്ക് മലയാളമണ്ണ് കൈവരിച്ച എല്ലാ നല്ല പരിവർത്തനങ്ങൾക്കും നേട്ടങ്ങൾക്കും പ്രചോദനമായി നിലകൊണ്ട ചാരിതാർഥ്യമാണ് ദേശാഭിമാനിയുടെ തിളങ്ങുന്ന ബാലൻസ് ഷീറ്റ്. മറ്റു പത്രങ്ങളുടെ കണ്ണിൽപ്പെടാത്തവർക്കും ശ്രദ്ധേയ മേൽവിലാസമുണ്ടാക്കിക്കൊടുത്ത, അരികിൽത്തള്ളപ്പെട്ടവരെ ചേർത്തുപിടിച്ച, ചരമക്കോളത്തിലും വിവാഹപംക്തിയിലും അവർക്കും പ്രവേശനം അനുവദിച്ച ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഓർക്കാൻ ഒട്ടേറെയുണ്ട്; ഒപ്പം അഭിമാനിക്കാനും. ചുമട്ടുകാരെയും  കൂലിപ്പണിക്കാരെയും ലേഖനങ്ങളിൽ മാത്രമല്ല, പതിവുകാർട്ടൂണുകളിലടക്കം നിരന്തരം അവഹേളിച്ചുപോന്ന ബൂർഷ്വാ മാധ്യമശൈലിയെ ശക്തമായെതിർത്ത് പിന്തള്ളിയാണ് ദേശാഭിമാനി വളർന്നുവലുതായത്.

ബ്രിട്ടീഷ് ആധിപത്യനാളുകളിലെന്നപോലെ, തുടർന്നും പല അവസരങ്ങളിൽ ദേശാഭിമാനി പുറത്തിറക്കുന്നത് തടയാൻ ഭരണകൂടത്തിന്റെ നിന്ദ്യമായ നടപടികളുണ്ടായി; പത്രം കണ്ടുകെട്ടാനുള്ള കൽപ്പനയും കനത്ത പിഴയുമടക്കം. കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ  ജനപിന്തുണയോടെ അതിനെയൊക്കെ അതിജീവിക്കുകയായിരുന്നു. 1975–-77ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വേച്ഛാനുസരണം അടിച്ചേൽപ്പിച്ച അടിയന്തരാവസ്ഥയെ അതിനിശിതമായി പത്രം എതിർത്തു. അന്ന് മറ്റൊരു പത്രത്തിനുമില്ലാത്തത്ര കഠിനമായ സെൻസറിങ്ങാണ്  ദേശാഭിമാനി നേരിടേണ്ടിവന്നത്.

നാടിനൊപ്പം; നേരിനൊപ്പം എന്ന പ്രഖ്യാപിതനിലപാടിൽ ഊന്നിനിന്നാണ്  ദേശാഭിമാനി എക്കാലവും പ്രവർത്തിച്ചുപോന്നത്. രാജ്യചരിത്രത്തിലെ  എല്ലാ സുപ്രധാന സന്ദർഭങ്ങളിലും നിർണായക ഇടപെടലിലൂടെ ജനങ്ങളെ രാഷ്ട്രീയമായി ബോധവൽക്കരിക്കുന്നതിൽ   സഹമാധ്യമങ്ങളേക്കാൾ എന്നും  മുന്നിലായിരുന്നു. അതിനീചമായ ജനാധിപത്യക്കുരുതിക്ക്  ഇന്ത്യയാകെ സാക്ഷ്യംവഹിച്ച കോൺഗ്രസ് ഭരണത്തിലെ ആഭ്യന്തര അടിയന്തരാവസ്ഥ, ഭരണഘടന ഉറപ്പുനൽകുന്ന മതനിരപേക്ഷതയുടെ അടിക്കല്ലിളക്കി വർഗീയധ്രുവീകരണത്തിലേക്ക് നയിക്കാൻ സംഘപരിവാർ ആസൂത്രിതമായി നടപ്പാക്കിയ ബാബ്റി മസ്‌ജിദ് തകർക്കൽ, ഗുജറാത്തിലെ മതന്യൂനപക്ഷ കൂട്ടക്കശാപ്പ്, പുത്തൻ സാമ്പത്തിക നയത്തിന്റെ മറവിൽ രാജ്യസമ്പത്ത് കൊള്ളയടിക്കാൻ വിദേശകുത്തകകൾക്കും വൻകിട കോർപറേറ്റുകൾക്കും ഒത്താശചെയ്ത നരസിംഹറാവു മുതൽ നരേന്ദ്രമോദി വരെയുള്ള പ്രധാനമന്ത്രിമാരുടെ  ദല്ലാൾപ്പണി എന്നിവയ്ക്കെതിരെ ദേശാഭിമാനി സ്വീകരിച്ച സമീപനവും പ്രശംസനീയമാണ്.

സർവരംഗങ്ങളിലും രാജ്യത്തിനാകെ മാതൃകയായി മുന്നേറുന്ന കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിന്റെ കർമപരിപാടികൾക്ക് ജനപിന്തുണ ഉറപ്പാക്കാൻ  ദേശാഭിമാനി സദാ ജാഗ്രതയോടെ ഇടപെടുന്നുണ്ട്.  അർഹതപ്പെട്ട സഹായംപോലും നിഷേധിച്ച് സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നയത്തിനെതിരെ ജനങ്ങളെ സമരസജ്ജരാക്കാനും പത്രം നന്നായി ശ്രദ്ധിക്കുന്നു. മുഖ്യധാരാ വാർത്താ മാധ്യമങ്ങൾ മിക്കവയും പിന്തിരിപ്പൻ - യാഥാസ്ഥിതിക ശക്തികളെ അന്ധമായി അനുകൂലിക്കുന്ന പ്രത്യേക സാഹചര്യമാണ്  നിലവിലുള്ളത്. സംസ്ഥാനതലത്തിൽ പത്രപ്രചാരത്തിൽ മൂന്നാം സ്ഥാനമുണ്ടെങ്കിലും  മറുചേരിക്ക്  വലിയൊരു വിഭാഗം ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ സാധിക്കുന്നുണ്ടെന്നത് കാണാതിരുന്നുകൂടാ.  അതുകൊണ്ടുതന്നെയാണ് പത്രപ്രചാരം ഇനിയും വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ  വീണ്ടും സജീവമാക്കുന്നത്. അതോടൊപ്പം, സമ്പൂർണ വാർത്താ പത്രമെന്ന നിലയ്ക്ക് ദേശാഭിമാനിയെ കൂടുതൽ മികവുറ്റതാക്കാനുമുള്ള നിരന്തര പരിശ്രമത്തിലാണ് അതിന്റെ അണിയറ പ്രവർത്തകർ.

(മുതിർന്ന മാധ്യമപ്രവർത്തകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top