23 December Monday

‘എന്റെ ഭൂമി' പുതിയൊരു കേരള മാതൃക - റവന്യുമന്ത്രി കെ രാജൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

റവന്യു-സര്‍വെ- രജിസ്ട്രേഷന്‍ സംയോജിത ഡിജിറ്റല്‍ പോര്‍ട്ടല്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ കേരളം പുതിയൊരു ചരിത്രം കൂടി രചിക്കുന്നു.  ഭൂമി തര്‍ക്കങ്ങളില്ലാത്ത നാടായി മലയാളക്കരയെ മാറ്റുന്നതിന് റവന്യു വകുപ്പിന്റെ ജനകീയമായ ചുവടുവയ്പ്.  ഭൂവിവര ഡിജിറ്റല്‍ സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാകും. ഡിജിറ്റല്‍ റീ സര്‍വെയിലൂടെ ഭൂമിയുടെ കൈവശം കൃത്യവും സുതാര്യവുമായി അളന്ന് രേഖപ്പെടുത്തി, തര്‍ക്കമില്ലാത്ത സുരക്ഷിത ഡിജിറ്റല്‍ രേഖയാകുന്നു.

വില്ലേജുകൾ വഴി ഭൂമി സംബന്ധമായ സേവനങ്ങൾ റവന്യൂ വകുപ്പിന്റെ ‘റെലിസ്' എന്ന പോർട്ടലിലൂടെയാണ് നൽകിവരുന്നത്. ‘റെലിസ്',  ഭൂമി കൈമാറ്റങ്ങൾക്ക് സഹായകരമായി രജിസ്ട്രേഷൻ വകുപ്പിന്റെ ‘പേൾ', ഡിജിറ്റൽ റീസർവേ ഭൂവിവരങ്ങൾ അടങ്ങിയ സർവേ വിഭാഗത്തിന്റെ ‘ഇ മാപ്പ്‌സ്' എന്നീ മൂന്ന് പോർട്ടലുകളും സംയോജിപ്പിച്ച് ‘എന്റെ ഭൂമി' എന്ന പേരിൽ ഓൺലൈൻ സംവിധാനം നിലവിൽ വരികയാണ്. കേരളം നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമത്തിന്റെ തുടർച്ചയും കൂട്ടിച്ചേർക്കലുമാണ് ‘ഡിജിറ്റൽ റീ സർവേയും' ‘എന്റെ ഭൂമി' എന്ന സംയോജിത പോർട്ടലും.

1970 ജനുവരി ഒന്നിന് നിലവിൽ വന്ന സമഗ്ര ഭൂപരിഷ്‌കരണ നിയമംപോലെ കേരളത്തിന്റെ മറ്റൊരു ചരിത്രമാണ് 2023ൽ രണ്ടാം എൽഡിഎഫ് സർക്കാർ ആരംഭിച്ച ഡിജിറ്റൽ ലാൻഡ് സർവേ. ഇതൊരു രണ്ടാം ഭൂപരിഷ്‌കരണമാണ്. എല്ലാവർക്കും ഭൂമി ഉണ്ടാകണമെന്നും അവയ്ക്ക് കൃത്യമായ രേഖകൾ ഉണ്ടാകണമെന്നുമുള്ള ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത ലക്ഷ്യത്തിലൂന്നി പദ്ധതികൾ തയ്യാറാക്കിയാണ് ഈ മുന്നേറ്റം. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി റവന്യു വകുപ്പ് ഏറ്റെടുത്ത ഏറ്റവും ശക്തമായ തീരുമാനമാണ് ഡിജിറ്റൽ റീ സർവേ.


 

1966ലാണ് കേരളത്തിൽ റീ സർവേ നടപടികൾ ആരംഭിക്കുന്നത്. ആകെയുള്ള 1666 വില്ലേജുകളിൽ 921 എണ്ണത്തിൽ മാത്രമാണ് റീ സർവേ പൂർത്തിയാക്കിയത്. ‘എന്റെ ഭൂമി’ എന്ന പോർട്ടലിലൂടെ മുഴുവൻ ഭൂമിയുടെയും ഡിജിറ്റൽ രേഖ പ്രസിദ്ധീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. 2022 നവംബർ ഒന്നിന് ആരംഭിച്ചെങ്കിലും സാങ്കേതിക ഉപകരണങ്ങളുടെ ലഭ്യത, ജീവനക്കാരുടെ നിയമനം എന്നിവ സാധ്യമാക്കുന്നതിനെടുത്ത കാലതാമസം തുടക്കത്തിൽ തടസ്സങ്ങളുണ്ടാക്കി. 2023ൽ ആണ് എല്ലാ സംവിധാനങ്ങളോടെയുമുള്ള സർവേ ആരംഭിച്ചത്. 212 വില്ലേജുകളിലെ 35.5 ലക്ഷം ലാൻഡ് പാർസലുകളിലായി 4.87 ലക്ഷം ഹെക്ടർ സർവേ ഡിജിറ്റലായി പൂർത്തിയാക്കി, വിജ്ഞാപനം പുറപ്പെടുവിച്ചു.

ഭൂമി കൈമാറ്റം, രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള ടെംപ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷൻ, ഓട്ടോ മ്യൂട്ടേഷൻ, ലൊക്കേഷൻ സ്‌കെച്ച്, ബാധ്യതാ സർട്ടിഫിക്കറ്റ്, നികുതി അടവ്, തരംമാറ്റം, ന്യായവില നിർണയം തുടങ്ങിയ നിരവധി സേവനങ്ങൾ എല്ലാം ഒറ്റ പോർട്ടലിലൂടെ ലഭ്യമാകും. വില്ലേജ് ഓഫീസ്, സർവേ ഓഫീസ്, രജിസ്ട്രേഷൻ ഓഫീസ് എന്നിവിടങ്ങളിൽനിന്ന് വ്യത്യസ്തമായി ലഭ്യമാക്കേണ്ടിയിരുന്ന സേവനങ്ങളാണ് ഈ വിധം വിരൽത്തുമ്പിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top