19 October Saturday

എന്തുകൊണ്ട് 
ഈ സർവ്വതല കടന്നാക്രമണം? ഡോ ടി എം തോമസ് ഐസക് എഴുതുന്നു

ഡോ. ടി എം തോമസ് ഐസക്Updated: Wednesday Oct 16, 2024

1991ലാണ് ആദ്യമായി കോലീബി സഖ്യം എന്ന പേരിൽ അവിശുദ്ധ ബന്ധം രൂപപ്പെട്ടത്. ബിജെപി നേതാവായിരുന്ന കെ ജി മാരാർ തന്നെ തന്റെ ആത്മകഥയിൽ ഇതിന്റെ അകം കഥകൾ തുറന്നു പറഞ്ഞിട്ടുണ്ട്. തെരഞ്ഞടുപ്പിൽ പരാജയം മണത്ത യുഡിഎഫ് നേതൃത്വം ബിജെപിയുമായി ഒരു രഹസ്യ ധാരണ ഉണ്ടാക്കി. അതനുസരിച്ചാണ് അന്ന് ബേപ്പൂർ നിയമസഭാ മണ്ഡലത്തിലും വടകര ലോക്‌സഭാ മണ്ഡലത്തിലും പൊതുസ്വതന്ത്രർ മൽസരിച്ചത്. ഡോ. തോമസ് ഐസക് എഴുതുന്നു.

ചരിത്രത്തിലൊരു കാലത്തും കേരളത്തിലെ ഏതെങ്കിലുമൊരു സർക്കാരിനെതിരായി ഇന്നത്തേതുപോലെ സർവ്വശക്തികളും ഒന്നിച്ചുനിന്ന് സർവ്വ തലങ്ങളിലും കടന്നാക്രമണം നടത്തുന്ന സ്ഥതി ഉണ്ടായിട്ടില്ല. വിമോചന സമരകാലത്തുപോലും നിലവിലുണ്ടായിരുന്ന 30 പത്രങ്ങളിൽ 4 എണ്ണം ഇടതുപക്ഷത്തോടൊപ്പമായിരുന്നു. ചിലത് നിഷ്പക്ഷത പാലിച്ചു. പക്ഷേ ഇന്ന് കേരളത്തിൽ ദേശാഭിമാനിയും ജനയുഗവും ഒഴികെ മുഴുവൻ പത്രങ്ങളും സർക്കാർ വിരുദ്ധമാണ്.

12 വാർത്താ ചാനലുകളിൽ കൈരളി ടി വി  മാത്രമാണ് സർക്കാരിനൊപ്പമുള്ളത്. പല പ്രമുഖ ഇൻ‍ഫ്ലുവൻ‍സേഴ്സിനെയും വിലയ്ക്കെടുത്തും ഫെയ്ക്ക് ഐഡികളിലൂടെ പ്രചാരണം നടത്തിയും വമ്പൻ‍ പി.ആർ. ടീമുകളെ നിയോഗിച്ചും സോഷ്യൽ മീഡിയയിലും വലതുപക്ഷം ആധിപത്യം പുലർത്തുകയാണ്. 1,60,000 കോടി രൂപയാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ ചെലവഴിച്ചത്. ഇതിൽ എത്രയോ തുച്ഛമായ തുക മാത്രമായിരിക്കും ഇടതുപക്ഷത്തിന്റേത്.


വിശാല കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണി


ഈ മാധ്യമ പ്രചാരണത്തിന്റെ പിന്നിൽ പുതിയൊരു വിശാല കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയ സഖ്യമാണ്. ഇതിന്റെയും തുടക്കം വിമോചന സമരത്തിൽത്തന്നെ. ആദ്യത്തെ കോൺഗ്രസ് – ലീഗ് – ആർഎസ്എസ് സഖ്യം രൂപം കൊണ്ടത് 1960ലെ തിരഞ്ഞെടുപ്പിലാണ്. പട്ടാമ്പിയിൽ ഇഎംഎസിനെ തോല്പിക്കുന്നതിനു വേണ്ടി അവിടുത്തെ ജനസംഘം സ്ഥാനാർത്ഥിയായ നിലമ്പൂർ കോവിലകത്തെ പ്രമാണി, വോട്ടെടുപ്പിന് മുമ്പ് കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പിന്മാറി.

പിന്നെ ഇതുപോലൊരു സഖ്യം പ്രത്യക്ഷപ്പെടുന്നത് 1971ൽ പാലക്കാട് എകെജിയെ തോല്പിക്കാനാണ്. എകെജിക്കെതിരെ ഒരൊറ്റ എതിരാളി മാത്രമേ ഉണ്ടായുള്ളൂ. അത് പാലക്കാട് വിക്ടോറിയ കോളേജിലെ അധ്യാപകനായ ആർഎസ്എസ് പ്രചാരക് ആയിരുന്നു.

1991ലാണ് ആദ്യമായി കോലീബി സഖ്യം എന്ന പേരിൽ ഈ അവിശുദ്ധ ബന്ധം അരങ്ങേറിയത്. ബിജെപി നേതാവായിരുന്ന കെ ജി മാരാർ തന്നെ തന്റെ ആത്മകഥയിൽ ഇതിന്റെ അകം കഥകൾ തുറന്നു പറഞ്ഞിട്ടുണ്ട്. തെരഞ്ഞടുപ്പിൽ പരാജയം മണത്ത യുഡിഎഫ് നേതൃത്വം ബിജെപിയുമായി ഒരു രഹസ്യ ധാരണ ഉണ്ടാക്കി. അതനുസരിച്ചാണ് അന്ന് ബേപ്പൂർ നിയമസഭാ മണ്ഡലത്തിലും വടകര ലോക്‌സഭാ മണ്ഡലത്തിലും പൊതുസ്വതന്ത്രർ മൽസരിച്ചത്.

കേരളത്തിലാകെ യുഡിഎഫിനെ പിന്തുണയ്ക്കുന്നതിനു പ്രതിഫലമായി മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ ബിജെപി നേതാവ് കെ ജി മാരാർക്കെതിരെ ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തുകയും വോട്ടു മറിച്ചുനൽകി അദ്ദേഹത്തെ വിജയിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു രഹസ്യ ധാരണ. പക്ഷേ മഞ്ചേശ്വരത്ത് മാരാർ ജയിച്ചില്ല.

വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ പി ഉണ്ണികൃഷ്ണൻ‍ വിജയിച്ചു. ബേപ്പൂരിൽ ടി കെ ഹംസയും ജയിച്ചു. എന്നാൽ രാജീവ് ഗാന്ധിയുടെ വധത്തിന്റെ സഹതാപ തരംഗം എൽഡിഎഫിന് തിരിച്ചടിയായി.


അടിയന്തരാവസ്ഥയിൽ 
എന്തു സംഭവിച്ചു?

പിന്നീട് കേരള രാഷ്ട്രീയ ചരിത്രത്തിൽ കോലീബി സഖ്യം പലവട്ടം രംഗപ്രവേശം ചെയ്തിട്ടുണ്ട്. ഇതു മറച്ചുവെക്കാൻ‍ യുഡിഎഫ് നേതാക്കൾ പ്രയോഗിക്കുക, അടിയന്തരാവസ്ഥക്കാലത്തെ സമരത്തിലും ജനതാ പാർട്ടിയുമായി സിപിഐ എം ഉണ്ടാക്കിയ ധാരണയുടെ പേരിലാണ്. അന്ന് ജനസംഘം ജനതാ പാർട്ടിയിൽ ലയിച്ചുവല്ലോ. അങ്ങനെ പുതിയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ പഴയ ജനസംഘം, ആർഎസ്എസ് നേതാക്കളും ഉണ്ടായിരുന്നു.

പിന്നീട് ജനതാ പാർട്ടിക്കുള്ളിൽ ആർഎസ്എസും ആർഎസ്എസ് വിരുദ്ധരും തമ്മിൽ ചേരിതിരിവ് ഉണ്ടായപ്പോൾ ആർഎസ്എസിനെതിരെ ശക്തമായ നിലപാടാണ് സിപിഐ എം സ്വീകരിച്ചത്. ബിജെപിയുമായി ഒരു രാഷ്ട്രീയ ഒത്തുതീർപ്പിനും ഒരു കാലത്തും സിപിഐ എം നിലപാട് എടുത്തിട്ടില്ല.

പക്ഷേ, ഒരുകാര്യം ഇവിടെ ഓർമ്മപ്പെടുത്തേണ്ടതുണ്ട്. ഇന്നത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അടിയന്തരാവസ്ഥക്കാലത്ത് എവിടെയായിരുന്നു? അദ്ദേഹം അന്ന് യുവജനതയുടെ നേതാവായിരുന്നു. അതെ, ജനസംഘം കൂടി ലയിച്ചു രൂപീകരിക്കപ്പെട്ട ജനതാ പാർട്ടിയുടെ വക്താവ്.

ഇതേ ജനതാ പാർട്ടിയുടെ സ്ഥാനാർത്ഥിയായി സുധാകരൻ 1980ലും 1982ലും ഇടക്കാട് മണ്ഡലത്തിൽ നിന്ന് മത്സരിച്ചു തോൽക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല 1980ൽ ഇതേ ജനതാ പാർട്ടി കോൺഗ്രസിന്റെ സഖ്യകക്ഷിയുമായിരുന്നു.


218 രക്തസാക്ഷികൾ

1970കളുടെ ഉത്തരാർദ്ധമായപ്പോഴേക്കും സിപിഐ എം കേരള രാഷ്ട്രീയത്തിലെ മേധാശക്തിയായി. 1950കളിലെ പോലെ സിപിഐ എമ്മിനെ നേരിടുന്നതിനുള്ള കായികശേഷി പിന്തിരിപ്പന്മാർക്കും കോൺഗ്രസിനും ഇല്ലാതായി. ഈ ദൗർബല്യം പരിഹരിച്ചുകൊടുക്കാനുള്ള ദൗത്യമാണ് ആർഎസ്എസ് കുറുമുന്നണി സേന ഏറ്റെടുത്തത്.

കണ്ണൂരിലെ ഗണേഷ് ബീഡി സമരത്തിനെതിരെയാണ് ഇത്തരത്തിൽ ആർഎസ്എസ് നടത്തിയ ഒരു പ്രധാനപ്പെട്ട കടന്നാക്രമണവും കൊലപാതകവും. അന്നു മുതൽ ഇന്നുവരെ ഈ ഫാസിസ്റ്റ് ശക്തികളെ രാഷ്ട്രീയമായും കായികമായും നേരിട്ട ശക്തി സിപിഐ എമ്മാണ്.

218 പേരാണ് രക്തസാക്ഷികളായത്. ഈ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയെയാണ് ഇന്ന് ആർഎസ്എസുമായി രഹസ്യ ധാരണയുണ്ടെന്ന് വരുത്താൻ‍ കോൺഗ്രസും ലീഗും മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.


ബിജെപിയുടെ വളർച്ച

സമീപകാലത്ത് കേരള രാഷ്ട്രീയത്തിൽ ഉണ്ടായിട്ടുള്ള ഒരു ആശങ്കാജനകമായ പ്രവണത ബിജെപി അടിക്കടി ശക്തിപ്രാപിച്ചു വരുന്നതും കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് അവർ ഉയർത്തുന്ന ഭീഷണിയുമാണ്. കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിലിരിക്കുന്നു എന്നുള്ളതാണ് ഈ വളർച്ചയുടെ അടിസ്ഥാന ഘടകം.

ജാതി സംഘടനകളെ ആസ്പദമാക്കിയുള്ള സോഷ്യൽ എഞ്ചിനീയറിങ്ങും ആരാധനാലയങ്ങളെ കേന്ദ്രീകരിച്ചുള്ള ഭക്തിരാഷ്ട്രീയവും ഫലപ്രദമായി അവർ ഉപയോഗിച്ചു. ശബരിമല കലാപം മുതൽ തൃശൂർ പൂരം കലക്കൽ വരെ അവർ സുവർണാവസരങ്ങളാക്കി.

2019വരെ പൊതുവിൽ പറഞ്ഞാൽ യുഡിഎഫിന്റെ അണികളിൽ നിന്നാണ് ബിജെപി വോട്ടർമാരെ ആകർഷിച്ചത്. എന്നാൽ ശബരിമല സമരം മുതൽ ഇടതുപക്ഷ അണികളെയും ഒരു പരിധിവരെ വർഗീയമായി സ്വാധീനിക്കുന്നതിൽ അവർ വിജയിച്ചിട്ടുണ്ട്.

ഇതിന് തടയിടാനുള്ള തിരുത്തലുകളും നിലപാടുകളുമാണ് സിപിഐ എം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ ഒരു പ്രധാന വശം. ഇന്ന് ലീഗും കോൺഗ്രസും നടത്തിക്കൊണ്ടിരിക്കുന്ന ദുഷ്പ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നുകാണിക്കുന്നതിനാണ് ഇത്രയും എഴുതിയത്.


ജമാഅത്തെ ഇസ്ലാമിയും 
എസ്‌ഡിപിഐയും

കേരള രാഷ്ട്രീയത്തിലുണ്ടായ മറ്റൊരു സുപ്രധാന പ്രവണത മുസ്ലീം സമുദായത്തിൽ ജമാഅത്തെ ഇസ്ലാമിക്കും എ സ് ഡി പി ഐക്കും ഉണ്ടായിട്ടുള്ള വർദ്ധിച്ച സ്വാധീനമാണ്. ഇവ ആർഎസ്എസിനെ പോലെ മതരാഷ്ട്ര വാദത്തെ അടിസ്ഥാനമാക്കിയുള്ള സംഘടനകളാണ്. ഇസ്ലാമിക ഭരണകൂടത്തിനു കീഴിൽ മാത്രമേ യഥാർത്ഥ മുസ്ലീമായി ജീവിക്കാനാകൂ എന്നതാണ് അവരുടെ കാഴ്ചപ്പാട്.

മതനിരപേക്ഷതയെ അനിസ്ലാമികമായിട്ടാണ് അവർ കാണുന്നത്. ഇതിൽ നിന്നു വ്യത്യസ്തമായി മതനിരപേക്ഷ ചട്ടക്കൂടിനുള്ളിൽ ഇസ്ലാം മതാനുഷ്ഠാനചര്യകളോടെ ജീവനക്കാനാകുമെന്നാണ് സുന്നികളും മറ്റും കരുതുന്നത്. എന്നാൽ രാഷ്ട്രീയ വിജയത്തിന് എസ് ഡി പി ഐയെയും ജമാ അത്തെ ഇസ്ലാമിയെയും ആശ്രയിക്കാൻ‍ ലീഗ് നിർബന്ധിതരാണ്. അങ്ങനെ ഇന്നത്തെ യുഡിഎഫ് രാഷ്ട്രീയത്തിന്റെ അവിഭാജ്യ ഘടകങ്ങളായി ഈ രണ്ട് മുസ്ലീം തീവ്രവാദ സംഘടനകളും മാറിയിരിക്കുന്നു.

അതേസമയം വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാട് സിപിഐ എമ്മിന്റെ സ്വീകാര്യതയും വർദ്ധിപ്പിച്ചിട്ടുണ്ട്. മുസ്ലീം സമുദായ സംഘടനാ നേതാക്കളോടുള്ള തുറന്ന സമീപനവും തെരഞ്ഞെടുപ്പുകളിൽ മുസ്ലീം മേഖലകളിൽ സർവ്വ സമ്മതരായ സ്വതന്ത്രരെ മത്സരിപ്പിക്കുന്ന രീതിയുമെല്ലാം പാർട്ടിയുടെ സ്വാധീനം ന്യൂനപക്ഷങ്ങൾക്കിടയിൽ വർദ്ധിപ്പിക്കുന്നതിന് ഇടയാക്കി. ഇതിന് തടയിടുക എന്നുള്ളതാണ് ഈ രണ്ട് തീവ്രവാദ സംഘടനകളുടെയും ലക്ഷ്യം.


ബിജെപിയും 
ജമാഅത്തെ ഇസ്ലാമിയും

ഇന്ത്യാ വിഭജന കാലത്ത് ഹിന്ദുരാഷ്ട്ര സങ്കല്പത്തെ പിന്താങ്ങിയവരാണ് ജമാഅത്തെ ഇസ്ലാമി. തങ്ങൾക്ക് പാകിസ്ഥാൻ വേണമെന്നത് മാത്രമായിരുന്നു അവരുടെ ശാഠ്യം. ആർഎസ്എസിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും കാഴ്ചപ്പാടുകളെ തള്ളിക്കളഞ്ഞ്, മതനിരപേക്ഷതയാണ് സ്വതന്ത്ര ഇന്ത്യ സ്വീകരിച്ചത്.

ജമാഅത്തെ ഇസ്ലാമിക്കാർക്ക് ബിജെപിയോട് അയിത്തമൊന്നുമില്ല. 2023ൽ ബിജെപി നേതാക്കളുമായി ദേശീയതലത്തിൽ അവർ നടത്തിയ ചർച്ചകളുടെ ലക്ഷ്യമെന്തെന്ന് ഇതുവരെ അവർ വിശദീകരിച്ചിട്ടില്ല. ബിജെപിയുടെ പിന്തുണയോടെ മത്സരിച്ച ജമാഅത്തെ ഇസ്ലാമി സ്വതന്ത്രനെയാണ് കാശ്മീരിൽ ഇപ്പോൾ സിപിഐ എം നേതാവ് മഹമ്മദ് യൂസഫ് തരിഗാമി തോൽപ്പിച്ചത്.

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെയാണ് എന്നല്ല സിപിഐ എമ്മിന്റെ വാദം. ജമാഅത്തെ ഇസ്ലാമി എത്ര ശ്രമിച്ചാലും ഇന്ത്യയിൽ അവരുടെ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ‍ കഴിയില്ല. പക്ഷേ, ആർഎസ്എസ് അവരുടെ ഹിന്ദു രാഷ്ട്രം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. അതിന് അവർ കരുവാക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ മതഭ്രാന്തിനെയാണ്.

കേരളം പോലൊരു സംസ്ഥാനത്ത് ഇവരുടെ വർഗീയ വാദത്തെ എതിർത്തുകൊണ്ടല്ലാതെ ബി.ജെ.പി.യുടെ വർദ്ധിക്കുന്ന സ്വാധീനത്തിനെ പ്രതിരോധിക്കാനാവില്ല. അങ്ങനെ പഴയ കോലീബി സഖ്യത്തോടൊപ്പം സിപിഐ എമ്മിനെതിരായി ഇസ്ലാമിക വർഗീയ വാദികളും ചേർന്നിരിക്കുകയാണ്.


ഇടതുപക്ഷം ഒരു ബദൽശക്തി


എന്തുകൊണ്ടാണ് ഇതുപോലൊരു കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയമാധ്യമ കൂട്ടുകെട്ട്? ശക്തികേന്ദ്രങ്ങളായ ബംഗാളിലും ത്രിപുരയിലും സ്വാധീനം ക്ഷയിച്ചെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷം ഒരു ബദലായി ഉയർന്നുനിൽക്കുകയാണ്.

ബിജെപി യെ അധികാരഭ്രഷ്ടമാക്കുന്നതിനു വേണ്ടി ഇന്ത്യ മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുമ്പോഴും ബി.ജെ.പി.യുടെയും കോൺഗ്രസിന്റെയും നവലിബറൽ നയങ്ങൾക്കെതിരായി ശക്തമായ പ്രചാരണവും പ്രക്ഷോഭവും ഇടതുപക്ഷം സംഘടിപ്പിക്കുന്നുണ്ട്.

ഇത് കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിലും ലേബർ കോഡിനെതിരായ സമരത്തിലും പൊതുമേഖലാ സംരക്ഷണ പ്രസ്ഥാനത്തിലും യുവാക്കളുടെയും വിദ്യാർത്ഥികളുടെയും സ്ത്രീകളുടെയും ദുർബല വിഭാഗങ്ങളുടെയും അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങളിലും കാണാം.

ഇന്ത്യാ മുന്നണിയെ ഉറച്ച മതനിരപേക്ഷ നിലപാട് സ്വീകരിപ്പിക്കുന്നതിലും ഇടതുപക്ഷം സ്വാധീനം ചെലുത്തുന്നുണ്ട്. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് രാമക്ഷേത്ര ഉദ്ഘാടനത്തിൽ സന്നിഹിതരാകുന്നതിന് സംഘപരിവാർ രാഷ്ട്രീയപാർട്ടികൾക്കു നൽകിയ ക്ഷണം തള്ളിക്കളഞ്ഞത്. ആദ്യം, കോൺഗ്രസും മറ്റു പല പാർട്ടികളും ഈ ക്ഷണം സ്വീകരിക്കാൻ തയ്യാറായിരുന്നു. സിപിഐ എമ്മിന്റെ ഉറച്ചനിലപാടാണ് മറിച്ചുള്ള തീരുമാനത്തിലേക്ക് അവരെ എത്തിച്ചത്.


കേരള സർക്കാരിന്റെ 
ബദൽ നയങ്ങൾ


മേൽപ്പറഞ്ഞ സമരങ്ങളിൽ പ്രതിരോധിക്കുന്ന നവലിബറൽ നയങ്ങൾക്ക് ബദലായ ജനകീയ നയങ്ങളാണ് കേരള സർക്കാർ നടപ്പാക്കാൻ‍ ശ്രമിക്കുന്നത്. ചില ഉദാഹരണങ്ങൾ ഇതാ:

കേന്ദ്ര സർക്കാർ പൊതുമേഖല വിറ്റുതുലയ്ക്കുന്നു. കേരളം പൊതുമേഖലയെ സംരക്ഷിച്ച് ലാഭകരമാക്കുന്നു.

കേന്ദ്രം പൊതു വിദ്യാഭ്യാസത്തെ സ്വകാര്യവൽക്കരിക്കുന്നു. കേരളത്തിലെ പൊതു വിദ്യാഭ്യാസം ഇന്ത്യയിലെ നമ്പർ 1 ആയി തുടരുന്നു.

കേന്ദ്രം പൊതു ആരോഗ്യമേഖലയിൽ നിന്നു പിൻമാറുന്നു. കേരളത്തിൽ കേന്ദ്രത്തിന്റെ ഇൻഷ്വറൻസ് പോലും പൊതു ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താനുതകുന്ന രീതിയിലാണ് നടപ്പാക്കുന്നത്.

വൈദ്യുതിയും കുടിവെള്ളവും സ്വകാര്യവൽക്കരിക്കലാണ് കേന്ദ്ര നയം. അവ പൊതുമേഖലയിൽ മെച്ചപ്പെടുത്താനാണ് കേരളം ശ്രമിക്കുന്നത്.

കാർഷിക മേഖലയിൽ കേന്ദ്രനയം കോർപ്പറേറ്റ് കരാർ കൃഷിയാണ്. കേരളം ജനകീയ കൂട്ടായ്മകളുടെ അടിസ്ഥാനത്തിൽ കൃഷി അഭിവൃദ്ധിപ്പെടുത്താൻ ശ്രമിക്കുന്നു.


കേന്ദ്രം അധികാര വികേന്ദ്രീകരണത്തോട് മുഖംതിരിഞ്ഞു നിൽക്കുന്നു. കേരളം തുടർച്ചയായി അധികാര വികേന്ദ്രീകരണത്തിൽ ഒന്നാം സ്ഥാനത്താണ്.
കേന്ദ്ര സർക്കാർ സബ്‌സിഡികളും ആനുകൂല്യങ്ങളും കുറയ്ക്കുന്നു. കേരള സർക്കാർ ഇവയിൽ റെക്കോർഡ് വർദ്ധന സൃഷ്ടിച്ചു.


കേരള വികസന മാതൃക


ഫെഡറൽ സംവിധാനത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടേ മേൽപ്പറഞ്ഞവയെല്ലാം ചെയ്യാനാവൂ എന്നതാണ് യാഥാർത്ഥ്യം. പക്ഷേ, ഇതിനകം ഭൂപരിഷ്കരണവും കൂട്ടായ വിലപേശലിലൂടെ ഉയർന്ന സേവന – വേതന വ്യവസ്ഥകളും വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളിലെ ഇടപെടലുകളും മറ്റ് ഏത് സംസ്ഥാനത്തെക്കാളും മെച്ചപ്പെട്ട ജീവിതം കേരളത്തിലെ സാധാരണക്കാർക്ക് ഉറപ്പുവരുത്തിയിട്ടുണ്ട്.

നവലിബറൽ നയങ്ങൾ പുനർവിതരണത്തിന്റെ പ്രാധാന്യത്തെ തള്ളിക്കളയുന്നു. ജിഡിപി വേഗത്തിലുയർന്നാൽ അതിന്റെ നേട്ടം എല്ലാവർക്കും സ്വാഭാവികമായി കിനിഞ്ഞിറങ്ങി ലഭിക്കും എന്നാണ് അതിന്റെ വക്താക്കൾ പറയുന്നത്. പക്ഷേ ഇന്ത്യയിൽ അത് സംഭവിക്കുന്നില്ല എന്നാണ് എല്ലാ കണക്കുകളും വിരൽചൂണ്ടുന്നത്.

ഈയൊരു പശ്ചാത്തലത്തിലാണ് കേരളം വേറിട്ടുനിൽക്കുന്നത്. കേരളം ഇന്ത്യയ്ക്ക് നൽകുന്ന സന്ദേശം ഇതാണ്: ഉചിതമായ രാഷ്ട്രീയ നയങ്ങളുണ്ടെങ്കിൽ ഇന്നത്തെ വ്യവസ്ഥയ്ക്കുള്ളിൽത്തന്നെ ഇന്ത്യയിലെ എല്ലാ പൗരർക്കും വിദ്യാഭ്യാസവും ആരോഗ്യവും ഭക്ഷണവും പാർപ്പിടവും സുരക്ഷയും ഉറപ്പുനൽകാനാകും.


നവകേരള നിർമാണം


മേൽപ്പറഞ്ഞവ ഭരണവർഗങ്ങളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. അതുകൊണ്ട് അവർ എടുത്തുകാണിക്കുക ഈ ക്ഷേമ നേട്ടങ്ങളെല്ലാം ഉണ്ടെങ്കിലും കേരളത്തിലെ തൊഴിലില്ലായ്മ രാജ്യത്തെ ഏറ്റവും ഉയർന്നതാണ് എന്ന വസ്തുതയാണ്.

ഇത് പരിഹരിക്കാൻ‍ ഇടതുപക്ഷത്തിന് ഒരു പരിപാടിയില്ല എന്നതാണ് അവരുടെ ഏറ്റവും വലിയ ആക്ഷേപം. ഇതിനൊരു പരിഹാരം കണ്ടെത്തി നവകേരളം സൃഷ്ടിക്കാനാണ് ഇന്നത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ശ്രമിക്കുന്നത്.

ഇതിനായി കേരളത്തെ വിജ്ഞാന സമ്പദ് ഘടനയായി പരിവർത്തിപ്പിക്കണം. കൂടുതൽ സ്വകാര്യ നിക്ഷേപത്തെ നമുക്ക് അനുയോജ്യമായ മേഖലകളിലേക്ക് ആകർഷിക്കാനാകണം. ഇതിന് സാധിക്കണമെങ്കിൽ പശ്ചാത്തല സൗകര്യങ്ങളിലുള്ള പിന്നാക്കാവസ്ഥ മറികടക്കണം. അതേസമയം നിലവിലുള്ള സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ക്ഷേമത്തിലും സുരക്ഷയിലും ഒരു കുറവും വരുത്താനും പാടില്ല.

മേൽപ്പറഞ്ഞൊരു വികസന തന്ത്രം വിജയകരമായി നടപ്പാക്കാൻ‍ ആരംഭിച്ചു എന്നതാണ് ഒന്നാം പിണറായി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടം. അതാണ് തുടർഭരണം കേരളത്തിലെ ജനങ്ങൾ നൽകിയതിന്റെ ഒരു പ്രധാന കാരണം. ഇത് ഇനി തുടരാൻ‍ രാഷ്ട്രീയ പ്രതിയോഗികൾ അനുവദിക്കില്ല.

ഇതിന്റെ ഭാഗമായിട്ടാണ് കേന്ദ്ര സർക്കാരും യുഡിഎഫും ചേർന്ന് പശ്ചാത്തല സൗകര്യ വികസനം സൃഷ്ടിക്കാൻ‍ നാം രൂപീകരിച്ച കിഫ്‌ബി യെ അട്ടിമറിക്കാൻ‍ ശ്രമിക്കുന്നത്. ക്ഷേമ പ്രവർത്തനങ്ങൾക്ക് തടയിടാൻ‍ വേണ്ടി കേരളത്തിന്റെ വായ്പകൾ വെട്ടിക്കുറച്ചും ഗ്രാന്റുകൾ തടഞ്ഞുവെച്ചും കേന്ദ്രസർക്കാർ ധനപ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ഈ നടപടികൾക്കെല്ലാം കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ സഖ്യത്തിന്റെ പിന്തുണയുമുണ്ട്. കേരള ഭരണം സ്തംഭിപ്പിക്കുന്നതിനുവേണ്ടി ഗവർണറുടെ കുതന്ത്രങ്ങൾക്കെല്ലാം ഇവരുടെ പിന്തുണയുണ്ട്.

കേരളത്തിലെ സർവകലാശാലാ വേദികളിൽ ഒരു കാലത്തും സ്ഥാനമില്ലാതിരുന്ന ബിജെ പി നേതാക്കളെ അവരോധിക്കുന്നതിൽ യുഡിഎഫിന് എതിർപ്പില്ല. ഗവർണർക്ക് തുടർ നിയമനം നൽകണമെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ‍ ആവശ്യപ്പെടുകയുമുണ്ടായി.


പുരോഗമന കേരളത്തിന്റെ 
ആഗോള പ്രസക്തി


ബിജെപി നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ കടന്നാക്രമണങ്ങളെ പ്രതിരോധിച്ചുകൊണ്ട് മതനിരപേക്ഷ കേരളത്തെ ശക്തിപ്പെടുത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ഇതിലെ വിജയം ദേശീയതലത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉയിർത്തെഴുന്നേല്പിന് വഴിതെളിക്കും.

നമ്മുടെ അയൽ രാജ്യങ്ങളായ നേപ്പാളിലും ശ്രീലങ്കയിലും ഇടതുപക്ഷമാണ് ഇന്ന് ഭരിക്കുന്നത്. ഇവരടക്കം ചൈനയും വിയറ്റ്നാമും കൊറിയയും ലാവോസും കണക്കിലെടുത്താൽ ഏഷ്യൻ‍ ഭൂഖണ്ഡത്തിലെ ജനസംഖ്യയുടെ മുപ്പത്തിയഞ്ച് ശതമാനം ഇടതുപക്ഷത്തോടൊപ്പമാണ്.

ഇന്നത്തെ സങ്കീർണമായ ലോക സാഹചര്യത്തിൽ എങ്ങനെയാണ് പുരോഗമനത്തിന്റെയും തുല്യതയുടെയും സുസ്ഥിരതയുടെയും പതാക ഉയർത്തിപ്പിടിക്കാൻ‍ കഴിയുക എന്നത് വലിയ പരീക്ഷണമാണ്. കേരളവും അതിൽ പങ്കാളിയാവുകയാണ്. അതാണ് കേരളത്തിന്റെ പ്രാധാന്യം.

ഇതിന് തടസ്സം നിൽക്കുന്നത് പിന്തിരിപ്പൻ‍ മഴവിൽ സഖ്യം മാത്രമല്ല, നമ്മുടെ ദൗർബല്യങ്ങളും തെറ്റുകളും മുതലെടുത്തുകൊണ്ടാണ് അവർ നിറംപിടിപ്പിച്ച നുണകൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത്. അതുകൊണ്ട് തെറ്റുകൾ തിരുത്തിയേ തീരൂ. അതിനാവശ്യമായ വിമർശനത്തിന്റെയും സ്വയംവിമർശനത്തിന്റെയും വേദി കൂടിയായിത്തീരണം പാർട്ടി സമ്മേളനങ്ങൾ.

പക്ഷേ, ഒരു കാര്യം മറക്കാൻ‍ പാടില്ല. നമ്മുടെ നാട്ടിലെ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും വേണ്ടിയുള്ള പോരാട്ടത്തിൽ അവരോടൊപ്പം നിൽക്കുന്ന വേളയിലാണ് ഈ ദൗർബല്യങ്ങൾ ഉണ്ടായിട്ടുള്ളത്. മറ്റു പാർട്ടികളെപ്പോലെ ഇവിടുത്തെ കുത്തകകൾക്കും ജന്മിമാർക്കും സാമ്രാജ്യത്വത്തിനും പാദസേവ ചെയ്യുമ്പോഴല്ല ഇവയുണ്ടായിട്ടുള്ളത്. ഇത് ജനങ്ങൾ തിരിച്ചറിയും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടന്ന് നമ്മൾ മുന്നോട്ടു പോകുകതന്നെ ചെയ്യും.


 ചിന്ത വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top