15 November Friday

ഡിവൈഎഫ്ഐ, ഫൈറ്റ്‌ ഇൻ സ്‌ട്രീറ്റ് ; ഇന്ന് തെരുവുകൾ സമരഭൂമികളാകും

വി കെ സനോജ്Updated: Thursday Aug 15, 2024

 

സാമ്രാജ്യത്വത്തിനെതിരെ നൂറ്റാണ്ടുകൾ നീണ്ടുനിന്ന സമാനതകളില്ലാത്ത പോരാട്ടത്തിന്റെ ഫലമായാണ് നമ്മുടെ രാജ്യം രൂപംകൊണ്ടത്. ആ സമരത്തിൽ വിദ്യാർഥികളും യുവജനങ്ങളും വഹിച്ച പങ്ക് വലുതായിരുന്നു. ഭഗത് സിങ്ങും സുഖ്‌ദേവും രാജ്‌ഗുരുവുമെല്ലാം ആവേശം നൽകുന്ന പോരാളികൾ. എന്നാൽ, ദേശീയ പ്രസ്ഥാനം സ്വാതന്ത്ര്യസമരഘട്ടത്തിൽ ആഗ്രഹിച്ചതുപോലൊരു രാജ്യമായല്ല ഇന്ത്യ പിന്നീട് രൂപപ്പെട്ടത്. സ്വാതന്ത്ര്യംനേടി 77 വർഷം പിന്നിടുമ്പോഴും ലോകത്ത് ഏറ്റവും കൂടുതൽ പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയുമുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ നേരിടുന്ന കാലമാണ്‌ ഇത്. നിരന്തരമായ തൊഴിൽ നിഷേധംകൊണ്ട് രാജ്യത്തെ യുവത്വത്തെ നിരാശയിലേക്ക് തള്ളുകയാണ് ഭരണനേതൃത്വം.

രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ പിന്തുടരുന്ന സാമ്പത്തികനയങ്ങൾ പുതിയ തൊഴിൽ സൃഷ്ടിക്കാൻ പര്യാപ്തമല്ലെന്നു മാത്രമല്ല, നേരത്തേ ലഭ്യമായിരുന്ന തൊഴിലുകളും ഇല്ലാതാക്കുന്നതാണ്. കഴിഞ്ഞ ബജറ്റിൽപ്പോലും യുവതീയുവാക്കളുടെ തൊഴിൽ പ്രശ്നം പരിഹരിക്കുന്നതിന്‌ ഒരു നിർദേശവുമില്ല. ഈ സാഹചര്യത്തിലാണ്, പൂർണമായും മൂലധനവാഴ്ചയ്ക്ക് കീഴടങ്ങിക്കൊണ്ട് മോദി സർക്കാർ നടപ്പാക്കുന്ന യുവജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ സമരം നടത്താൻ ഡിവൈഎഫ്ഐ സജ്ജരാകുന്നത്. "തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ’ എന്ന മുദ്രാവാക്യമുയർത്തി  ഈ സ്വാതന്ത്ര്യ ദിനത്തിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ യൂണിറ്റ് കേന്ദ്രങ്ങളിൽ "ഫൈറ്റ് ഇൻ സ്ട്രീറ്റ്" നടത്തുകയാണ്‌.

ഓരോ വർഷവും രണ്ടുകോടി തൊഴിലവസരം ലഭ്യമാക്കുമെന്നു പറഞ്ഞ്‌ 2014ൽ അധികാരത്തിൽ വന്ന നരേന്ദ്ര മോദിയുടെ ഭരണത്തിൽ തൊഴിലില്ലായ്മയുടെ തോത് വർധിക്കുകയാണ് ചെയ്തത്. കേന്ദ്ര സർക്കാരിനെ താങ്ങിനിർത്തുന്ന പ്രാദേശിക പാർടികൾ ഭരിക്കുന്ന ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി ഫണ്ടുകൾ അനുവദിച്ച ബജറ്റ് കേരളംപോലെ ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ പരാമർശിച്ചുപോലുമില്ല. സിഎംഐഇ (സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി)യുടെ കണക്കനുസരിച്ച് 2024 ജൂണിൽ രാജ്യത്തെ തൊഴിലില്ലായ്മാനിരക്ക് 9.2 ശതമാനമാണ്. 40 ശതമാനം ബിരുദധാരികൾ തൊഴിൽരഹിതരാണ്. ജോലി ചെയ്യുന്നവരിൽ 20.9 ശതമാനംപേർക്കു മാത്രമാണ് സ്ഥിരവരുമാനം. ഇങ്ങനെയൊരു രാജ്യത്ത് യുവത പ്രതീക്ഷയോടെ കേന്ദ്ര ബജറ്റിനെ കാത്തിരിക്കുമ്പോൾ അവരെ വഞ്ചിക്കുകയും കരാർതൊഴിൽ അടിമകളാക്കുകയും ചെയ്യുകയാണ് കേന്ദ്രം. യുവജനങ്ങളെ കോർപറേറ്റുകൾക്ക് അടിമപ്പെടുത്തുന്ന നയമാണ് അപ്രന്റിസ് എന്നുപേരിട്ട് ബജറ്റിലൂടെ കൊണ്ടുവരുന്നത്.  ശമ്പളമില്ലാതെ കോർപറേറ്റുകൾക്ക്‌ കരാർ അടിമകളെ സൃഷ്ടിച്ചുകൊടുക്കുന്ന റിക്രൂട്ടിങ് ഏജൻസിയായി കേന്ദ്രം മാറി.
അഞ്ചുവർഷത്തിനുള്ളിൽ ഒരുകോടി യുവജനങ്ങൾക്ക് 500 കമ്പനിയിൽ ഇന്റേൺഷിപ് രൂപത്തിലുള്ള ജോലി ഒരുവർഷത്തേക്ക്‌ ലഭിക്കുമെന്നാണ് പ്രഖ്യാപനം. ഈ പദ്ധതിവഴി മാസം 5000 രൂപ മാത്രമാണ് വിദ്യാസമ്പന്നരായ യുവജനങ്ങൾക്ക്‌ ലഭിക്കുക. കമ്പനികളെ സംബന്ധിച്ച് ഏറ്റവും ലാഭകരമായ ഒരു സർക്കാർ സ്‌പോൺസേർഡ് കൊള്ള. യുവജനങ്ങളെ പറ്റിക്കുന്ന മറ്റൊരു അഗ്നിവീറാണ് ഈ അപ്രന്റിസ് പദ്ധതി.


 

യുവജനങ്ങൾക്കിടയിലെ നൈപുണ്യവികസനം ബജറ്റിൽ കൊട്ടിഘോഷിച്ച് തൊഴിലില്ലായ്മയുടെ നീറുന്ന  പ്രശ്‌നത്തിൽനിന്നും ഒളിച്ചോടുകയാണ് കേന്ദ്രം. പ്രഖ്യാപിച്ച പദ്ധതിയൊന്നും പുതുതായി തൊഴിൽ സൃഷ്ടിക്കാൻ പര്യാപ്തമല്ലെന്നു മാത്രമല്ല, ജനങ്ങളുടെ നികുതിപ്പണം കോർപറേറ്റുകൾക്ക് വഴിമാറ്റി കൊടുക്കുന്നതിനുള്ള അവസരം നൽകുന്നതുമാണ്. പുതിയ തൊഴിലവസരം സൃഷ്ടിക്കുന്നനിലയിൽ  സമ്പദ്‌വ്യവസ്ഥ വിപുലീകരിക്കാതെ തൊഴിലില്ലായ്മാ പ്രശ്നം പരിഹരിക്കാനാകില്ല. സിഎംഐഇ കണക്കുപ്രകാരം 2022ൽ ഗ്രാമീണമേഖലയിൽ ആറു ശതമാനവും നഗരമേഖലയിൽ 8.3 ശതമാനവുമാണ് തൊഴിലില്ലായ്മ.

ഈ ഘട്ടത്തിലാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിയമന നിരോധന നടപടികളുടെ ദ്രോഹം വിലയിരുത്തേണ്ടത്. റെയിൽവേ അടക്കം ഒട്ടുമിക്ക കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും ലക്ഷക്കണക്കിന് ഒഴിവുകൾ നികത്താതെ മാറ്റിവച്ചിരിക്കുന്നു. അഗ്‌നിവീർ പദ്ധതി കൊണ്ടുവന്ന് സൈനികമേഖലയിൽപ്പോലും തൊഴിലുകൾ കരാർവൽക്കരിച്ചു. 2021-–-22-ൽ രാജ്യത്തെ സൈന്യത്തിന്റെ മൂന്ന് വിഭാഗത്തിലേക്കും ഒറ്റ നിയമനംപോലും നടത്തിയില്ല. സേനയിലെല്ലാംകൂടി 1,97,139 തസ്തിക ഒഴിഞ്ഞുകിടപ്പുണ്ട്‌. ഇത്തരത്തിലൊരു സാഹചര്യം മുമ്പ് കേൾക്കാത്തതാണ്. അർധസൈനിക വിഭാഗത്തിലുള്ള ലക്ഷക്കണക്കിന് ഒഴിവുകൾക്ക് പുറമേയാണ്‌ ഇത്. കേന്ദ്ര സർക്കാരിന്റെ മറ്റ് പൊതുവകുപ്പുകളിലെ ഒഴിവിന്റെ എണ്ണവും ഞെട്ടിക്കുന്നതാണ്. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ അറിയിച്ചത് 2018 മാർച്ച് ഒന്നിലെ കണക്കുപ്രകാരംമാത്രം 6.83 ലക്ഷം ഒഴിവുണ്ടെന്നാണ്. സ്റ്റാഫ് സെലക്‌ഷൻ കമീഷൻ, യുപിഎസ്‌സി എന്നീ റിക്രൂട്ട്മെന്റ്‌ ഏജൻസികളെ അപ്രസക്തമാക്കി. ദേശീയതലത്തിലുള്ള പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യതയും തകർന്നിരിക്കുന്നു. സിവിൽ സർവീസിന്റെ വിശ്വാസ്യതയ്ക്കും മങ്ങലേറ്റു.  രാജ്യത്ത് പബ്ലിക് സർവീസ് കമീഷൻ മുഖേന ഏറ്റവുമധികം നിയമനം നടത്തുന്ന സംസ്ഥാനം കേരളമാണ്. 2021 മെയ് 21 മുതൽ 2024 മെയ്‌ 31 വരെ 88,852 ഉദ്യോഗാർഥികൾക്ക് നിയമന ശുപാർശ നൽകിയിട്ടുണ്ട്.

സ്വാതന്ത്ര്യസമരഘട്ടത്തിൽ ദേശീയ പ്രസ്ഥാനം മുന്നോട്ടുവച്ച സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തെയും രാഷ്ട്ര സങ്കൽപ്പത്തെയും ഉയർത്തിപ്പിടിച്ച്, നമ്മുടെ സ്വതന്ത്ര്യത്തെ അതിന്റെ പ്രായോഗികമായ ഉള്ളടക്കത്തിൽ അർഥപൂർണമാക്കുന്നതിനുള്ള സമരം തുടരേണ്ടതുണ്ടെന്നാണ് നിലവിലുള്ള സാഹചര്യം പറയുന്നത്. ശക്തമായ പോരാട്ടങ്ങളിലൂടെ മോദി സർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ യുവതയുടെ സമര മുന്നേറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്. സൈന്യത്തിലെ കരാർവൽക്കരണം ലക്ഷ്യംവച്ചു നടപ്പാക്കിയ അഗ്നിപഥ് സ്കീമിനെതിരെ ഉത്തരേന്ത്യയിൽ വലിയ സമരങ്ങളാണ് നടന്നത്. "തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ’ ഈ സ്വാതന്ത്ര്യദിനത്തിൽ യൂണിറ്റ് കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ‘ഫൈറ്റ്‌ ഇൻ സ്‌ട്രീറ്റി’ലൂടെ കേരളീയ യുവത്വവും ഉജ്വലമായൊരു സമരചരിത്രം രചിക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top