നവകേരളസൃഷ്ടിക്ക് അമൂല്യ സംഭാവന നൽകിയ നേതാവ്, ജനങ്ങളുടെ മനസ്സറിഞ്ഞ് സമൂഹത്തിൽ ഇടപെട്ട കമ്യൂണിസ്റ്റ്, പ്രതിസന്ധികൾക്കു മുന്നിൽ തളരാതെ നാടിനെ നയിച്ച ഭരണാധികാരി എന്നീ നിലകളിൽ അത്യുന്നതങ്ങളിലാണ് സഖാവ് ഇ കെ നായനാരുടെ സ്ഥാനം. എല്ലാ പരിഗണനയ്‌ക്കും അതീതമായി കേരളീയന്റെ മനസ്സിൽ ഇടംനേടിയ ഇ കെ നായനാരുടെ നൂറാം ജന്മദിനമാണ് 2019 ഡിസംബർ ഒമ്പത്. കുട്ടിക്കാലത്തുതന്നെ ബാലസംഘത്തിലും തുടർന്ന് വിദ്യാർഥിരംഗത്തും സജീവമായി പ്രവർത്തിച്ച് പൊതുപ്രവർത്തനത്തിലേക്കുവന്ന സഖാവിന്റെ രാഷ്ട്രീയജീവിതം ആധുനിക കേരളചരിത്രത്തിന്റെ സുപ്രധാന ഭാഗമാണ്. ദേശീയപ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുമ്പോൾത്തന്നെ കർഷകപോരാട്ടങ്ങളുടെയും കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെയും സംഘാടകനും നേതാവുമായി നായനാർ ഉയർന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി ആയി പ്രവർത്തിച്ചത് നായനാർ ആണ്. കർഷകത്തൊഴിലാളി പെൻഷൻ, മാവേലി സ്റ്റോറുകൾ, സമ്പൂർണ സാക്ഷരത, ജനകീയാസൂത്രണം തുടങ്ങിയ കേരള വികസനത്തിലെ നാഴികക്കല്ലുകളായിമാറിയ പരിഷ്‌കാരങ്ങളുടെ അമരക്കാരനായും അദ്ദേഹം ഉണ്ടായിരുന്നു. 1957ലെ സർക്കാർ അടിത്തറയിട്ട വികസനപ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് സഖാവ് നൽകിയ സംഭാവന എടുത്തുപറയേണ്ടതാണ്.
കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ സജീവമായ പങ്ക് വഹിച്ച നായനാർ ജനകീയപ്രശ്‌നങ്ങളോട് പ്രതികരിക്കുന്ന പത്രാധിപരെന്ന നിലയിലും ശ്രദ്ധേയപ്രവർത്തനം കാഴ്ചവച്ചു. സാഹിത്യത്തെയും യാത്രാനുഭവങ്ങളെയും ജനജീവിതവുമായി കൂട്ടിച്ചേർക്കുന്നതിൽ കാണിച്ച അനിതരസാധാരണമായ സന്നദ്ധത എടുത്തുപറയേണ്ടതാണ്. പാർലമെന്റിതര പ്രവർത്തനങ്ങളിൽ എന്നപോലെ പാർലമെന്ററിരംഗത്തും ശ്രദ്ധേയമായ ഇടപെടൽ നടത്തി. ജനകീയപ്രശ്‌നങ്ങൾ പാർലമെന്ററിവേദികളിൽ അവതരിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു. ആരുമായി ഇടപഴകുമ്പോഴും തന്റെ കാഴ്ചപ്പാടുകളിൽനിന്ന് അണുവിട വ്യതിചലിക്കാതിരിക്കാൻ കാണിച്ച ശേഷിയും മാതൃകാപരമാണ്.
ജന്മിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരായി രൂപപ്പെട്ട ബഹുജനമുന്നേറ്റങ്ങളുടെ അടിത്തറയിൽനിന്നാണ് സഖാവിന്റെ വ്യക്തിത്വം രൂപപ്പെട്ടത്. ആദ്യം കോൺഗ്രസ്, പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി, അതിനുശേഷം കമ്യൂണിസ്റ്റ് പാർടി എന്നിങ്ങനെ വിപ്ലവകരമായ മുന്നേറ്റങ്ങളുടെ ഭാഗമായാണ് നായനാരുടെ രാഷ്ട്രീയ നിലപാടുകൾ വികസിച്ചത്.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് പ്രത്യക്ഷപ്പെട്ട ഇടത്– വലത് പ്രവണതകൾക്കെതിരായി സന്ധിയില്ലാതെ പൊരുതുന്നതിനും പാർടിയെ വിപ്ലവപന്ഥാവിലൂടെ മുന്നോട്ടുനയിക്കുന്നതിലും നായനാർ മുന്നിൽനിന്നു. പാർടി നിലപാടുകൾ ജനങ്ങളിൽ എത്തിക്കുന്നതിലും പാർടിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രശ്‌നങ്ങളെ വിശകലനംചെയ്‌ത് ലളിതമായി അവതരിപ്പിക്കുന്നതിലും കാണിച്ച മാതൃക അനുകരണീയമാണ്. അവതരണശൈലിയും അതിൽ ഉൾക്കൊള്ളിക്കുന്ന രാഷ്ട്രീയസമീപനവും നിഷ്‌കളങ്കമായ ഇടപെടലും നായനാരെ ജനങ്ങളുടെ കണ്ണിലുണ്ണിയാക്കി. ജനങ്ങളുടെ ദുഃഖങ്ങളിൽ ഒപ്പം കരയാനും സന്തോഷങ്ങളെ അതേപോലെ ഉൾക്കൊള്ളാനും കഴിയുന്നവിധമായിരുന്നു ഇടപെടൽ. മുഖംമൂടിയില്ലാത്ത ഈ സമീപനം ജനങ്ങളെ ഏറെ ആകർഷിച്ചു.
കേരളത്തിന്റെ ഏതു പ്രദേശവും അവിടങ്ങളിലെ സവിശേഷപ്രശ്‌നവും നായനാർക്ക് ഹൃദിസ്ഥമായിരുന്നു. സമരസംഘാടകനായും സമഗ്രപോരാളിയായും ജ്വലിച്ചുനിന്ന സഖാവിന്റെ ഇടപെടലുകൾ സർവരാലും അംഗീകരിക്കപ്പെട്ടു. രാഷ്ട്രീയ എതിരാളികളുടെപോലും ആദരവും അംഗീകാരവും പിടിച്ചുപറ്റാൻ കഴിയുന്നവിധം വിപുലീകരിക്കപ്പെട്ടതായിരുന്നു ആ വ്യക്തിത്വം. കേരളം അതിജീവനത്തിന്റെ പുതുവഴികൾ തേടുമ്പോൾ, മുന്നിൽ നടന്ന ഇ കെ നായനാരുടെ സ്‌മരണ വഴികാട്ടിയും കരുത്തും ആണ് എന്ന് നിസ്സംശയം പറയാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..