25 September Wednesday

ഇസ്രയേലിന്റെ മരണവ്യാപാരം

ഡോ. ജോസഫ് ആന്റണിUpdated: Wednesday Sep 25, 2024

 

പശ്ചിമേഷ്യ വറചട്ടിയിൽനിന്ന്‌ എരിതീയിലേക്ക് വീഴുകയാണ്. നാൽപ്പത്തൊന്നായിരത്തിലധികം പലസ്തീൻകാരെ കൊന്നൊടുക്കിയ ഇസ്രയേൽ–- പലസ്തീൻ യുദ്ധം ഒരുവർഷം തികയാൻ പോകവേയാണ് ഇസ്രയേൽ, അയൽരാജ്യമായ ലബനനിൽ യുദ്ധമുഖം തുറന്നിരിക്കുന്നത്. ഒരു അന്താരാഷ്ട്രനിയമവും തങ്ങൾക്ക് ബാധകമല്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ചുകൊണ്ടാണ് ഇസ്രയേലിന്റെ നരനായാട്ട്. തങ്ങൾ യുദ്ധത്തിന്റെ ദിശ മാറ്റുകയാണെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ്  പ്രഖ്യാപിച്ചതിനുപിന്നാലെ നടത്തിയ പേജർ –-വോക്കിടോക്കി സ്‌ഫോടനങ്ങളിൽ ലബനനിൽ മുപ്പത്തേഴുപേരെ വധിക്കുകയും മൂവായിരത്തോളംപേരെ പരിക്കേൽപ്പിക്കുകയും ചെയ്തു.  (അതിൽ 370 പേരുടെ നില അതീവ ഗുരുതരമാണ്). ജനങ്ങൾ വാർത്താവിനിമയത്തിനായി നിത്യേന ഉപയോഗിക്കുന്ന സാങ്കേതിക ഉപകരണങ്ങളെ ആയുധവൽക്കരിച്ചുകൊണ്ടാണ് ലബനനിൽ, ഇസ്രയേൽ നരഹത്യ ആരംഭിച്ചത്. 

ലോകരാഷ്ട്രങ്ങൾ ഇരുരാജ്യങ്ങളോടും യുദ്ധത്തിൽനിന്ന്‌ പിന്മാറണമെന്ന് ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് തിങ്കളാഴ്ച ഇസ്രയേൽ ലബനനിൽ ഭീകരമായ വ്യോമാക്രമണം നടത്തിയത്. രാവിലെ മുതൽ യുദ്ധവിമാനങ്ങൾ ആയിരത്തിമുന്നൂറിലധികം ലക്ഷ്യകേന്ദ്രങ്ങളിലേക്ക് 1400ലധികം ബോംബുകളാണ് പ്രയോഗിച്ചത്, ഒപ്പം മറ്റ് ആയുധങ്ങളും. ഹിസ്ബുള്ളയുടെ അധീനമേഖലകളിൽ നടത്തിയ ആക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളും ആരോഗ്യപ്രവർത്തകരുമടക്കം അഞ്ഞൂറിലേറെപ്പേരെയാണ് കൊന്നൊടുക്കിയത്. അതിനുപുറമെ, ‘ഓപ്പറേഷൻ നോർത്തേൺ ആരോസ്’ എന്നു പേരിട്ട സൈനിക നടപടിയിൽ 1645 പേർക്ക്‌ പരിക്കേറ്റു. ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണ്. ലക്ഷ്യം നേടുന്നതുവരെ ആക്രമണം തുടരുമെന്ന് യോവ് ഗാലഗാലന്റിന്റെ  വീഡിയോ സന്ദേശത്തിലൂടെയുള്ള പ്രഖ്യാപനം, യുദ്ധം കൂടുതൽ രൂക്ഷമാകുമെന്നും നീണ്ടുനിൽക്കുമെന്നുമാണ് സൂചിപ്പിക്കുന്നത്. വീടുകൾ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ലബനൻ ജനതയോടു നടത്തിയ വീഡിയോ സന്ദേശവും കൂടുതൽ രൂക്ഷമായ സൈനിക ഇടപെടലിന് അവർ തയ്യാറെടുത്തെന്ന സൂചനയാണ് നൽകുന്നത്.


 

2006ലെ ഇസ്രയേൽ–- ലബനൻ യുദ്ധത്തിനുശേഷം കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ലബനന്റെ തെക്കുഭാഗം കേന്ദ്രീകരിച്ച് ഹസൻ നസ്രള്ള എന്ന നേതാവിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഷിയാ മുസ്ലിം വിഭാഗമായ ഹിസ്‌ബുള്ള പടുത്തുയർത്തിയ സൈനിക സംവിധാനത്തെ മുഴുവൻ ഇസ്രയേലിന്റെ പ്രതിരോധസേന തകർത്തെന്നാണ് ആക്രമണത്തിനുശേഷം യോവ് ഗാലന്റ്  അവകാശപ്പെട്ടത്. നിലവിൽ ലബനനിലെ തെക്ക്, കിഴക്ക് ഭാഗങ്ങളും തലസ്ഥാന നഗരമായ ബെയ്റൂട്ടിന്റെ തെക്കൻ മേഖലയുമാണ് ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളായി ഇസ്രയേൽ കണക്കാക്കുന്നത്. ആ മേഖലയിൽനിന്ന് ബെയ്‌റൂട്ട്‌ ലക്ഷ്യമാക്കി ജനങ്ങൾ വൻതോതിൽ പലായനം ചെയ്യുന്നതിനിടെയാണ് വ്യാപകമായ ആക്രമണം. ലബനന്റെയും സിറിയയുടെയും അതിർത്തി പ്രദേശമായ ബെക്കാ താഴ്‌വരയിലെ (1982ൽ ഹിസ്ബുള്ള സംഘടന രൂപീകൃതമായത് ഇവിടെ വച്ചാണ്) ജനവാസകേന്ദ്രങ്ങളെയും ഇസ്രയേൽ വെറുതെ വിട്ടില്ല.

കഴിഞ്ഞ ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രയേൽ–- ഹമാസ് യുദ്ധത്തെതുടർന്ന്, ഹിസ്‌ബുള്ളയും ഇസ്രയേലും തമ്മിൽ സംഘർഷം രൂക്ഷമായപ്പോൾ ഏകദേശം ഒരു ലക്ഷത്തോളം ലബനൻകാർ ദക്ഷിണ ലബനൻ വിട്ടുപോകേണ്ടി വന്നു. അറുപതിനായിരത്തോളം ഇസ്രയേലി പൗരന്മാരും വടക്കൻ ഇസ്രയേൽ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറിയിട്ടുണ്ട്. അവരെ തിരിച്ചു കൊണ്ടുവരാനും ഹിസ്‌ബുള്ളയെ നിർവീര്യമാക്കാനുമാണ് പേജർ –-വോക്കിടോക്കി സ്ഫോടനത്തിലാരംഭിച്ച് വ്യോമാക്രമണത്തിലെത്തി നിൽക്കുന്ന ഇസ്രയേൽ ആക്രമണം. തിരിച്ചടിയെന്നോണം ഇസ്രയേലിന്റെ വടക്കുഭാഗത്ത് ഗലീലിയിലെ ഇസ്രയേൽ സൈനിക പോസ്റ്റുകളിലേക്ക് റോക്കറ്റ്‌ ആക്രമണം നടത്തിയതായി ഹിസ്‌ബുള്ള അവകാശപ്പെട്ടു. നൂറ്റമ്പതിൽപ്പരം റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളുമാണ് പ്രയോ​ഗിച്ചത്.

2006ലെ മുപ്പത്തിനാലു ദിവസം നീണ്ടുനിന്ന ഇസ്രയേൽ–- ഹിസ്‌ബുള്ള യുദ്ധത്തിനുശേഷം ആദ്യമായാണ് ഇത്രയുംപേരുടെ മരണത്തിനിടയാക്കിയ സംഘർഷം ഉടലെടുക്കുന്നത്. ആ യുദ്ധത്തിലും ഹിസ്‌ബുള്ളയ്ക്ക് ആയിരത്തിമുന്നൂറോളം പേരെ നഷ്ടപ്പെട്ടെങ്കിൽ, മരിച്ച ഇസ്രയേലുകാർ 165 ആയിരുന്നു. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലും ഹമാസും തമ്മിൽ സംഘർഷം ആരംഭിച്ചതിനുശേഷം, സമാന്തരമായി ഇസ്രയേലും ഹിസ്‌ബുള്ളയും തമ്മിലും മിസൈലാക്രമണം നടക്കുന്നുണ്ടായിരുന്നു. അത്തരം ആക്രമണങ്ങളിൽ ഹിസ്‌ബുള്ളയുടെ 600 സൈനികരും 100 പൗരന്മാരും മരിച്ചു. ഇവിടെ ഓർക്കേണ്ട ഒരു കാര്യം, യാസർ അറാഫത്തിന്റെ നേതൃത്വത്തിലുള്ള പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ പുറത്താക്കാൻ 1982 സെപ്തംബറിൽ ഇസ്രയേൽ സേന നടത്തിയ സാബ്രഷാറ്റില കൂട്ടക്കൊലയാണ് ഹിസ്‌ബുള്ളയ്ക്ക് ജന്മം നൽകിയത്. ആ സംഘർഷത്തിൽ മൂവായിരത്തോളം പൗരന്മാരാണ് കൊല്ലപ്പെട്ടത്.


 

ഭരണഘടനാനുസൃതമായി നിലനിൽക്കുന്ന ഭരണകൂടമല്ല വാസ്തവത്തിൽ ഇസ്രയേൽ രാഷ്ട്രത്തിന്റെ ചുക്കാൻ പിടിക്കുന്നത്. സൈനികവ്യവസായ സമുച്ചയവും സയണിസ്റ്റ് തീവ്രവാദസംഘങ്ങളും ചാരസംഘടനകളും ഒന്നിക്കുന്ന ‘ഡീപ് സ്റ്റേറ്റ്’ ആണ് ഇസ്രയേൽ രാഷ്ട്രീയത്തെ നയിക്കുന്നത്. അതിന്റെ മുന്നണിപ്പോരാളികൾമാത്രമാണ് ബെന്യാമിൻ നെതന്യാഹു നയിക്കുന്ന തീവ്രദേശീയ വംശീയ മുഖമുള്ള മന്ത്രിസഭ. പാട്രിക് ടൈലർ രചിച്ച ‘ഫോർട്രെസ്‌ ഇസ്രയേൽ' എന്ന കൃതി ഐഡിഎഫ് അഥവാ ഇസ്രയേൽ പ്രതിരോധസേന എപ്രകാരമാണ് രാഷ്‌ട്രീയത്തെ നിയന്ത്രിക്കുന്നതെന്ന്‌ നിരവധി ഉദാഹരണങ്ങൾ നിരത്തി വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞദിവസം ലബനനിൽ നടത്തിയ പേജർ –-വോക്കിടോക്കി സ്ഫോടനങ്ങൾ, ഇസ്രയേൽ ഏർപ്പെട്ടിരിക്കുന്ന മറ്റൊരു മനുഷ്യവിരുദ്ധതയുടെ മുഖം വെളിവാക്കുന്നതാണ്. ഭീകരതയ്‌ക്കെതിരായെന്ന നാട്യത്തിൽ വാസ്തവത്തിൽ നടക്കുന്നത് ജനങ്ങളെ വധിക്കുന്നതിനും  ആക്രമിക്കുന്നതിനും സ്വകാര്യതയിലേക്ക് കടന്നുകയറുന്നതിനും ചാരപ്രവർത്തനത്തിനും മറ്റുമുള്ള പുതിയ ആയുധങ്ങളുടെയും സാങ്കേതിക ഉപകരണങ്ങളുടെയും പരീക്ഷണമാണ്. ഇസ്രയേലിലെ സൈനികവ്യവസായ സമുച്ചയത്തിന്റെ പരീക്ഷണശാലയാണ് പലസ്തീനെന്ന് ആന്റണി ലോവെൻസ്റ്റീൻ എന്ന ഓസ്‌ട്രേലിയൻ– -ജർമൻ എഴുത്തുകാരന്റെ ‘ദ പലസ്തീൻ ലബോറട്ടറി' എന്ന ഗ്രന്ഥം വിശദീകരിക്കുന്നു. മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ഗ്രന്ഥങ്ങൾക്ക് നൽകുന്ന അന്താരാഷ്ട്ര പുരസ്കാരമായ ‘മൂർ പ്രൈസ് ’ അവാർഡിനായി 2023ൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട പുസ്തകമാണ് ‘ദ പലസ്തീൻ ലബോറട്ടറി.' ഇത്തരം ആയുധങ്ങൾ ഇന്ന് ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിൽ ഒന്നാംസ്ഥാനത്താണ് ഇസ്രയേൽ. ഇന്ത്യയിൽ പെഗാസസുമായി ബന്ധമുള്ള വിവാദം ഏവർക്കും അറിവുള്ളതാണല്ലോ.

ഇസ്രയേലിന് ശക്തമായ തിരിച്ചടി നൽകാൻ ശേഷിയുള്ളവരാണ് ഹിസ്‌ബുള്ളയെന്ന് നിരവധി തവണ തെളിയിച്ചിട്ടുണ്ട്. അതിനാൽ, ഗാസയ്ക്കുപുറമെ, ലബനനിൽക്കൂടി സംഘർഷം വിതയ്ക്കാനുള്ള ഇസ്രയേൽ നീക്കം പശ്ചിമേഷ്യയെ മാത്രമല്ല, മറ്റുള്ള രാജ്യങ്ങളെക്കൂടി പ്രതിസന്ധിയിലാക്കിയേക്കാം. ഈ സംഭവവികാസങ്ങൾ ഇപ്പോൾത്തന്നെ ഇസ്രയേലിനെതിരെ പടയൊരുക്കം നടത്തുന്ന ഇറാനെക്കൂടി ക്ഷണിച്ചു വരുത്തിയേക്കാം. ഗാസയിൽ വംശഹത്യ നടത്തുന്നെന്ന ആരോപണത്തിന്റെപേരിൽ അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയുടെ നടപടി നേരിടുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി യോവ് ഗാലന്റുമാണ് വീണ്ടുമൊരു വംശഹത്യക്ക്‌ നേതൃത്വം കൊടുക്കുന്നത്. സാങ്കേതികവിദ്യയെ ആയുധവൽക്കരിച്ചും പരമാധികാര രാജ്യങ്ങളിൽ കടന്നുകയറി പ്രമുഖ വ്യക്തികളെ വധിച്ചും വിനാശകരമായ രാഷ്ട്രീയം പിന്തുടരുന്ന ഇസ്രയേൽ ലോക സമാധാനത്തിനുതന്നെ ഭീഷണിയാണ്.

(കേരള സർവകലാശാല പൊളിറ്റിക്‌സ്‌ വിഭാഗം 
മുൻമേധാവിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top