22 December Sunday

പുകയുന്ന പശ്ചിമേഷ്യ

ഡോ. പി ജെ വിൻസെന്റ്‌Updated: Thursday Oct 3, 2024

 

ഇസ്രയേൽ ഗാസയിൽ നടത്തിവരുന്ന ആക്രമണം പശ്ചിമേഷ്യയെ ആകെ ഗ്രസിക്കുന്ന മാനങ്ങളിലേക്ക് വളർന്നുകഴിഞ്ഞു. 2007 മുതൽ ഗാസ നിയന്ത്രിക്കുന്ന ഹമാസും  ഇസ്രയേലും തമ്മിലുള്ള നിരന്തരസംഘർഷത്തിന്റെ  തുടർച്ചയായിരുന്നു 2023 ഒക്ടോബർ ഏഴിലെ ഹമാസിന്റെ ഇസ്രായേൽ അതിർത്തി കടന്നുള്ള ആക്രമണം. ഈ സംഘർഷത്തിൽ ആയിരത്തി ഇരുനൂറോളം പേർ കൊല്ലപ്പെട്ടു. 250പേരെ ഹമാസ് ബന്ദികളാക്കി. ഇതേത്തുടർന്ന് ഹമാസിനെ തുടച്ചുനീക്കുക, എല്ലാ ബന്ദികളെയും മോചിപ്പിക്കുക എന്നീ  ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചുകൊണ്ട്  ഇസ്രയേൽ ഗാസയുദ്ധം ആരംഭിച്ചു. എല്ലാ യുദ്ധനീതിയും ലംഘിച്ചുകൊണ്ടുള്ള ആക്രമണത്തിൽ ഗാസ പൂർണമായി തകർന്നു. അവിടത്തെ  ഭൗതികജീവിതസൗകര്യങ്ങളെല്ലാം നിരന്തരമായ ബോംബിങ്ങിൽ തകർന്നടിഞ്ഞു. ഇതിനകംതന്നെ നാൽപ്പതിനായിരത്തിലധികം പേർ കൊല്ലപ്പെട്ടു. ഗാസ ഏറെക്കുറെ മനുഷ്യവാസം സാധ്യമല്ലാത്ത വിധത്തിൽ തകർക്കപ്പെട്ടു. ആക്രമണത്തിൽനിന്ന് രക്ഷനേടാൻ 23 ലക്ഷം വരുന്ന ഗാസനിവാസികൾ പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ സംഘർഷമാണ് ഇസ്രയേലിന്റെ ലബനൻ ആക്രമണത്തിലേക്കും ഇപ്പോൾ ഇറാന്റെ ഇടപെടലിലേക്കും  നയിച്ചിരിക്കുന്നത്.  ഇറാനും സഖ്യശക്തികളും ഹമാസ് അടക്കമുള്ള പലസ്‌തീൻ വിമോചന പ്രസ്ഥാനങ്ങൾക്ക്  എല്ലാവിധ സഹായവും നൽകിവരുന്നുണ്ട്. ഇറാന്റെ  സൈനികവിഭാഗമായ ഇറാനിയൻ റവല്യൂഷണറി ഗാർഡ് കോർപ്സ് ആണ് ഹമാസിന്‌ പരിശീലനവും ആയുധങ്ങളും നൽകുന്നത്. ഈ സാഹചര്യത്തിൽ ഒക്ടോബർ ഏഴിനു ശേഷമുള്ള ഗാസയുദ്ധവും അതിന്റെ തുടർച്ചയായി ഇസ്രയേൽ ലബനിൽ നടത്തിക്കൊണ്ടിരിക്കുന്ന സായുധ ആക്രമണങ്ങളും വിജയിക്കണമെങ്കിൽ ഇറാനെ നിർവീര്യമാക്കേണ്ടിവരും. ഇസ്രയേൽ ഈ ലക്ഷ്യത്തോടെ നീക്കം നടത്തുന്നത്‌ അമേരിക്കയുടെ ഉറച്ച പിന്തുണയിലാണ്‌. ഏറ്റവും ആധുനികമായ യുദ്ധോപകരണങ്ങളും ആയുധങ്ങളും അമേരിക്ക നൽകുന്നു.

ഗാസയുദ്ധത്തിൽ ഹമാസിന് പിന്തുണ പ്രഖ്യാപിച്ച്‌ ഇറാൻ സഖ്യശക്തികളായ ഹൂതികൾ ചെങ്കടലിൽ നിരന്തരമായ ആക്രമണം നടത്തുകയുണ്ടായി. ഹിസ്ബുള്ള തെക്കൻ ലബനനിൽനിന്ന് ഉത്തര ഇസ്രയേലിലേക്ക്  മിസൈൽ ആക്രമണങ്ങൾ നടത്തി. ഇതേത്തുടർന്ന് ഈ മേഖലയിലുള്ള ഇസ്രയേലിന്റെ കുടിയേറ്റ കേന്ദ്രങ്ങളിൽനിന്ന് അറുപതിനായിരത്തിലധികം താമസക്കാർക്ക് കുടിയൊഴിഞ്ഞു പോകേണ്ടിവന്നു. അവരെ തിരിച്ച് എത്തിക്കുകയെന്ന ലക്ഷ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഇപ്പോൾ ഇസ്രയേൽ തെക്കൻലബനനിലേക്ക് ആക്രമണം വ്യാപിപ്പിച്ചത്. നിലവിലെ സംഘർഷം ലബനൻ– -ഇസ്രയേൽ യുദ്ധമായി വികസിച്ചു കഴിഞ്ഞു.


 

ദക്ഷിണ ലബനൻ കേന്ദ്രീകരിച്ചാണ് ഹിസ്ബുള്ള ശക്തമായ ഒരു സൈനിക ശക്തിയായി മാറിയത്‌. 1982ൽ ലബനൻ –-ഇസ്രയേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഒരു പ്രതിരോധ പ്രസ്ഥാനമെന്ന നിലയിൽ ഹിസ്‌ബുള്ള ഇറാന്റെ സഹായത്തോടുകൂടി രൂപീകൃതമാകുകയും, പടിപടിയായി ശക്തമായ  സായുധ സംഘമായി മാറുകയും ചെയ്തത്. നിലവിൽ ഒരു ലക്ഷത്തിലധികം പേർ ഹിസ്‌ബുള്ളയിൽ അംഗങ്ങളാണ്. അതിൽ മുപ്പതിനായിരത്തിലധികം പേർക്ക് സൈനിക ഗ്രേഡിലുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്. ഇസ്രയേലിനെ നേരിട്ട്‌ ആക്രമിക്കാൻ സാധിക്കുന്ന നിരവധി  റോക്കറ്റ്‌ ലോഞ്ചിങ്‌ കേന്ദ്രങ്ങൾ ഹിസ്‌ബുള്ളയ്‌ക്കുണ്ട്‌. അതോടൊപ്പം ഒരു കരശക്‌തി എന്ന നിലയിലും അവർ സുസംഘടിതരാണ്. ഇറാനിയൻ റവല്യൂഷണറി ഗാർഡ് കോർപ്‌സ്‌ നേരിട്ട് പരിശീലനം നടത്തി വളർത്തിക്കൊണ്ടുവന്ന ഷിയാ സംഘടനയാണ് ഹിസ്‌ബുള്ള. അവരുടെ പരമോന്നതനേതാവ്  ഹസൻ നസറള്ളയെ ഇസ്രയേൽ കൊലപ്പെടുത്തി. അത് ഹിസ്‌ബുള്ളയെ സംബന്ധിച്ചിടത്തോളം അഭിമാനത്തിനേറ്റ വലിയ ക്ഷതമാണ്‌. അതോടൊപ്പം ഹമാസിന്റെ നേതാവ്‌ ഇസ്‌മയിൽ ഹനിയയെ ടെഹ്‌റാനിൽ മൊസാദ്‌ കൊലപ്പെടുത്തിയിരുന്നു. അതിന്‌ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ അന്നേ പ്രഖ്യാപിച്ചിരുന്നു.

സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ എംബസി ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർത്തിരുന്നു. ഇതിനു പ്രതികാരമായി 2024 ഏപ്രിൽ 13ന്‌ നൂറുകണക്കിന്‌ മിസൈലുകൾ ഇറാൻ  ഇസ്രയേലിലേക്ക്‌ അയച്ചു. ഇസ്രയേൽ പ്രതിരോധിച്ചതിനാൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായില്ല. അതിനെ ഇറാൻ വിശേഷിപ്പിച്ചത് പ്രതീകാത്മകമായ ആക്രമണം എന്നാണ്. കാരണം ഒരു എംബസി ആക്രമിക്കുകയെന്നാൽ രാജ്യത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. അത്തരത്തിലൊരു ആക്രമണം നടന്ന പശ്ചാത്തലത്തിൽ സ്വതന്ത്ര പരമാധികാരരാഷ്ട്രം എന്ന നിലയിൽ പ്രതികരിക്കാതിരിക്കാൻ സാധിക്കില്ലെന്നാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി അന്ന്‌ പറഞ്ഞത്‌. പിന്നീട്‌ ഇറാൻ ഇസ്രയേലിനോട്‌ നേരിട്ട്‌ ഏറ്റുമുട്ടുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഇസ്രയേൽ ദക്ഷിണ ലബനനിൽ ആക്രമണം കടുപ്പിച്ചതോടെയാണ്‌ വീണ്ടും ഇറാന്റെ ഇടപെടൽ. ഇതിനിടെ ലബനനിൽ ഹിസ്‌ബുള്ളയുടെ  പേജറുകളും വാക്കിടോക്കിയും ബയോമെട്രിക് ഉപകരണങ്ങളെല്ലാം പൊട്ടിത്തെറിച്ച്‌ നിരവധിപേർ കൊല്ലപ്പെട്ടു. ഇത്‌ ഇസ്രയേൽ നടത്തിയ കൃത്യതയാർന്ന സാങ്കേതിക യുദ്ധമായിരുന്നു. ഇതിന്റെ തുടർച്ചയായി ഇസ്രയേൽ സേന ലബനനിലേക്ക് നേരിട്ട്‌ പ്രവേശിക്കുന്ന സാഹചര്യവും ഉണ്ടായി.


 

ഇതോടെയാണ് ഇറാന്റെ ശക്‌തമായ പ്രതികരണം ഉണ്ടാകുന്നത്‌. കഴിഞ്ഞ ദിവസം നൂറ്റിഎൺപതിലധികം ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ ഇസ്രയേലിലേക്ക്‌ അയച്ചത്‌. പ്രധാനമായും ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലെ മൊസാദ്‌ ആസ്ഥാനം, സൈനികകേന്ദ്രങ്ങൾ എന്നിവ ലക്ഷ്യം വച്ചായിരുന്നു ഈ ആക്രമണം. ഇസ്രയേലിന്റെ ശക്തമായ മിസൈൽ പ്രതിരോധസംവിധാനം  അതിൽ ബഹുഭൂരിപക്ഷവും നിർവീര്യമാക്കി. തിരിച്ചടി ഉണ്ടാകുമെന്ന്‌ ഇസ്രയേൽ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തിൽ വിപുലമായ യുദ്ധസാധ്യത പശ്‌ചിമേഷ്യയിൽ തെളിഞ്ഞുവരുന്നുണ്ട്‌. ഇതോടൊപ്പം ലോകത്തിന്റെ  വിവിധഭാഗങ്ങളിൽ ഇസ്രയേൽ പൗരന്മാരും എംബസികളും ആക്രമിക്കപ്പെടുന്നതിന്റെ സൂചനയുമുണ്ട്. സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ക് ഹോമിലെ ഇസ്രയേൽ എംബസിയിൽ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗുരുതര സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്ന്‌ വ്യക്‌തം.

ഈ സംഘർഷം യുദ്ധമായി വികസിക്കുന്നത്‌ പശ്‌ചിമേഷ്യയെ മാത്രമല്ല, ലോകത്തെ മൊത്തത്തിൽ ബാധിക്കുന്ന മാനങ്ങളിലേക്ക് വളരുമെന്ന കാര്യത്തിൽ സംശയമില്ല. പശ്ചിമേഷ്യയിൽ ഇറാന്റെ നേതൃത്വത്തിൽ ഒരു ഷിയാസഖ്യശൃംഖല ഉണ്ട്. ഇറാനും ഹൂതികളും ഹമാസും ഹിസ്‌ബുള്ളയുമെല്ലാം ചേർന്ന വിപുലമായ ഒരു മുന്നണിയെ ആയിരിക്കും ഇസ്രയേലിന്‌ നേരിടേണ്ടി വരിക. മാത്രമല്ല, ശക്തമായ സൈന്യമാണ് ഇറാനുള്ളത്. അവർക്ക് വിപുലമായ മിസൈൽ  സംവിധാനമുണ്ട്. മാത്രവുമല്ല അമേരിക്കയുടെ ഏറ്റവും കടുത്ത വിമർശകനും മേഖലയിലെ അവരുടെ ശത്രുവുമാണ് ഇറാൻ. അതുകൊണ്ട് ഇസ്രയേൽ–- ഇറാൻ സംഘർഷത്തിൽ അമേരിക്ക ഇടപെടുമെന്ന കാര്യത്തിൽ സംശയമില്ല. അമേരിക്കയും ഇസ്രയേലും ചേർന്ന ഒരു മുന്നണി ആയിരിക്കും സ്വാഭാവികമായിട്ടും ഇറാനെ ആക്രമിക്കുക. അത്തരമൊരു ആക്രമണത്തിലേക്ക് നീങ്ങിയാൽ തീർച്ചയായിട്ടും പശ്ചിമേഷ്യ പൂർണമായി യുദ്ധത്തിൽ മുങ്ങും. മാത്രമല്ല ഇറാന്റെ എണ്ണ ശുദ്ധീകരണശാലകളും എണ്ണക്കിണറുകളും അവർ ലക്ഷ്യംവയ്‌ക്കും. മേഖലയിലെ എണ്ണവിതരണ സംവിധാനം പ്രതിസന്ധിയിലാകും. ഇത് ആഗോളതലത്തിൽ എണ്ണവിതരണത്തെ  ബാധിക്കും. എണ്ണവില കൂടും. ആഗോള സമ്പദ്‌വ്യവസ്ഥയെപ്പോലും പ്രതികൂലമായി ബാധിക്കുന്ന മാനങ്ങളിലേക്ക് വളരും. ഉക്രയ്‌ൻ–- റഷ്യ യുദ്ധത്തിൽ റഷ്യക്ക്‌ ആയുധങ്ങളും മിസൈലുകളും ഇറാൻ നൽകുന്നുണ്ട്. പക്ഷേ, ഇസ്രയേൽ– -ഇറാൻ യുദ്ധത്തിൽ റഷ്യ സൈനികമായി ഇടപെടാനുള്ള സാധ്യത കുറവാണ്. ചൈനയും സൈനിക ഇടപെടൽ നടത്താനുള്ള സാഹചര്യം ഇല്ല. കാരണം, അത്തരത്തിലുള്ള സഖ്യഉടമ്പടികളും സൈനിക കരാറുകളും ചൈനയും ഇറാനും തമ്മിലില്ല.

അമേരിക്കയുടെയും മറ്റു പാശ്‌ചാത്യ ശക്‌തികളുടെയും യുദ്ധക്കൊതിയാണ്‌ പശ്‌ചിമേഷ്യയിൽ എക്കാലവും ചോരപ്പുഴ ഒഴുക്കിയത്‌. എണ്ണ ഉൽപ്പാദക രാജ്യങ്ങളിലാണ്‌ അമേരിക്കയുടെ കണ്ണ്‌. ഇറാഖിന്റെയും മറ്റും കാര്യത്തിൽ സ്വീകരിച്ചതുപോലെ കൃത്യമായ പദ്ധതികളോടെയാണ്‌ അമേരിക്ക പശ്‌ചിമേഷ്യയിൽ ഇടപെടുന്നത്‌. മേഖലയിലെ അവരുടെ മുഖ്യശത്രു ഇറാനാണ്‌. അമേരിക്കയും ഇസ്രയേലും പശ്‌ചിമേഷ്യയിൽ ഇറാനെതിരെ അണിനിരന്നാൽ  പ്രത്യാഘാതം ഗുരുതരമായിരിക്കും. ആയിരക്കണക്കിന് നിരപരാധികളായ മനുഷ്യർ കൊല്ലപ്പെടാനിടയുണ്ട്‌. സ്വന്തം മണ്ണും രാജ്യവും നഷ്‌ടമായി അഭയാർഥികളായി മാറുന്ന അവർ ലോകത്തിന്റെ കണ്ണീരായി മാറും. ഗാസയുദ്ധം അയൽരാജ്യങ്ങളിലേക്കുകൂടി വ്യാപിക്കുന്ന അവസ്ഥ ഉണ്ടായാൽ അത്‌ അവസാനിപ്പിക്കാനുള്ള ഇടപെടൽ ആഗോള സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകണം. പക്ഷേ, ഐക്യരാഷ്‌ട്രസംഘടന ഉൾപ്പടെ നടത്തുന്ന അത്തരം ശ്രമങ്ങൾക്കൊന്നും ഇസ്രയേൽ വഴങ്ങില്ല. അമേരിക്കയുടെ പിന്തുണയാണ് ഇത്തരത്തിലൊരു നിലപാട് എടുക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. പശ്‌ചിമേഷ്യയിൽ സംഘർഷത്തിന്റെ തുടർച്ചകൾ ഉണ്ടാകുന്നത് സമാധാനം ആഗ്രഹിക്കുന്ന സകല മനുഷ്യരെയും ആശങ്കപ്പെടുത്തുന്നു.

(കോഴിക്കോട്‌ മീഞ്ചന്ത ഗവ. കോളേജിൽ ചരിത്രവിഭാഗം മേധാവിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top