ഫ്രെഡറിക് നീഷെയുടെ തത്വചിന്തകൾ വിശദീകരിക്കുന്നതിനിടയിൽ വിൽ ഡ്യുറാന്റ് ഒരിക്കൽ ഇങ്ങനെ എഴുതിയിട്ടുണ്ട്; തെരഞ്ഞെടുക്കലിന്റെയും സമരത്തിന്റെയും അതിജീവനത്തിന്റെയും പ്രക്രിയയിൽ എപ്പോഴും ഒഴിവാക്കാനാകാത്ത ഘടകമാണ് തിന്മ. ക്രൂരതയും തിന്മയും നിലനിൽക്കുമ്പോഴേ അതിനെ ഉല്ലംഘിക്കാനുള്ള കർമശേഷി മനുഷ്യരിൽ ഉൽപ്പാദിപ്പിക്കപ്പെടുകയുള്ളൂ. ഹിംസയുടെയും നിഷ്‌ഠുരതയുടെയും അപകടത്തിന്റെയും സമയത്തുമാത്രമേ നന്മയ്ക്കുവേണ്ടി മഹാവ്യക്തികൾ പ്രത്യക്ഷപ്പെടുകയുള്ളൂ. നീഷെയെപ്പോലുള്ളവരുടെ ക്രൗര്യാരാധനയെ വിശദമാക്കാനാണ് വിൽ ഡ്യുറാന്റ് ഇപ്രകാരം പറഞ്ഞതെങ്കിലും അതിൽ മനുഷ്യസംസ്‌കാരത്തെ സംബന്ധിച്ചുള്ള ഏറ്റവും പ്രാഥമികമായ ഒരു സത്യം അന്തർഭവിച്ചിരിക്കുന്നു. ക്രൗര്യവും തിന്മയും മനുഷ്യസ്വഭാവത്തിന്റെ അടിസ്ഥാന പ്രേരണകളാണെന്നും വിവേചനപൂർണമായ വിവേകവും ഇച്ഛാശക്തിയുമാണ് മനുഷ്യനെ മനുഷ്യത്വത്തിന്റെ ഉത്തമ സംസ്‌കാരത്തിൽ നയിക്കുന്നതെന്നുമുള്ള തിരിച്ചറിവാണത്. ഈ സത്യത്തെ സമചിത്തതയോടെ തിരിച്ചറിയുകയും മനുഷ്യന്റെ അബോധപൂർവമായ ഹിംസോന്മുഖതയെ നന്മനിറഞ്ഞ ഇച്ഛാശക്തികൊണ്ട് അതിലംഘിക്കുകയും ചെയ്ത മഹാനായ എഴുത്തുകാരനായിട്ടാണ് മലയാളത്തിന്റെ മഹാകവികളിൽ ഒരാളായ ഇടശ്ശേരി ഗോവിന്ദൻ നായരെ കണ്ടിട്ടുള്ളത്.
നമ്മുടെ ഭാഷയിൽ ഇച്ഛാശക്തിയെ സർഗബലമാക്കി മാറ്റിയ എഴുത്തുകാരിൽ മുൻനിരയിൽ നിൽക്കുന്ന കവിയാണ് ഇടശ്ശേരി. എല്ലാ അർഥത്തിലും വിവേകപൂർണമായ ഇച്ഛാശക്തിയുടെ കവിയായിരുന്നു അദ്ദേഹം. ഇടശ്ശേരി നമ്മെ വിട്ടുപിരിഞ്ഞിട്ട് അരനൂറ്റാണ്ട് തികയുകയാണ്. 1974 ഒക്ടോബർ 16ന് ആണ് അദ്ദേഹം അന്തരിച്ചത്. ഈ അരനൂറ്റാണ്ടിനുള്ളിൽ മനുഷ്യസ്വഭാവം കൂടുതൽ ഹിംസോന്മുഖമാകുകയും ക്രൗര്യം നിറഞ്ഞൊരു നവ ഫാസിസം നമ്മുടെ സാംസ്‌കാരിക പരിസരങ്ങളെ ഇരുട്ടിലാഴ്‌ത്തിത്തുടങ്ങുകയും ചെയ്യുന്നു. ഈ സമകാലിക സാഹചര്യങ്ങളിൽ കൂടുതൽ ജാഗ്രതയോടെ പുനർ വായിക്കപ്പെടേണ്ട കവിയാണ് ഇടശ്ശേരി. 20–-ാം നൂറ്റാണ്ടിലെ മനുഷ്യനെ അവന്റെ സമസ്‌ത ശക്തി ദൗർബല്യങ്ങളോടുംകൂടി ദർശിച്ച കവിയായിരുന്നു അദ്ദേഹം. പ്രപഞ്ചക്രിയയിലെ നന്മതിന്മകളുടെ സ്വരസംഘാതത്തെ മുഴുവൻ തന്റെ സൃഷ്‌ട്യുന്മുഖതയുടെ സ്വരമാക്കിമാറ്റിയ ശക്തനായ മനുഷ്യൻ ഇടശ്ശേരി കവിതകളിൽ എന്നും ഉയർന്നുനിന്നു. സൗന്ദര്യാരാധന എന്ന കവിതയിൽ ആ മനുഷ്യസൗന്ദര്യത്തെ അദ്ദേഹം ഇപ്രകാരം നിർവചിച്ചിട്ടുണ്ട്.
മർത്ത്യൻ സുന്ദരനാണു, കാരണമുയിർ–-
ക്കൊള്ളും വികാരങ്ങൾ തൻ
നൃത്യത്തിന്നു മുതിർക്കുവാൻ സ്വയമണി–- -
ഞ്ഞിട്ടോരരങ്ങാണവൻ
അത്യന്തം കമനീയമേ, മഹിതമാ–- -
യാലും മറിച്ചാകിലും
തൽഭാവങ്ങള,പൂർണമാണളവു
കോലെന്നുള്ള കാലം വരെ
ആപേക്ഷിക സിദ്ധാന്തത്തെ സൗന്ദര്യമാക്കി മാറ്റിക്കൊണ്ടുള്ള ഇത്തരമൊരു മനുഷ്യദർശനം ഈ നൂറ്റാണ്ടിൽ നമ്മുടെ ഭാഷയിലുണ്ടായ ഏറ്റവും മൗലികമായ സൗന്ദര്യദർശനങ്ങളിൽ ഒന്നാണ്. ഇടശ്ശേരിയുടെ സൗന്ദര്യം മനുഷ്യനിലെ മനുഷ്യത്വത്തിൽ ഊന്നിയതായിരുന്നു. അതൊരു പ്രബുദ്ധതയുടെ സത്യദർശനംകൂടിയാണ്. ഒരർഥത്തിൽ ഒരു ബുദ്ധൻ ഇടശ്ശേരിയിൽ എന്നുമുണ്ടായിരുന്നു. ‘ബുദ്ധനും നരിയും ഞാനും’ എന്ന കവിതയിൽ തികഞ്ഞ ഗാന്ധിയനായിരുന്നിട്ടും ഒരു നാടകീയ പ്രതിസന്ധിയിൽ അദ്ദേഹം അഹിംസാ മൂർത്തിയായ ബുദ്ധന്റെ പ്രതിമയെടുത്ത് നരിയെ തലയ്ക്കടിച്ച് കൊല്ലുകയും മനുഷ്യനെ രക്ഷിക്കുകയും ചെയ്യുന്നുണ്ട്.
‘അരിയില്ല, തുണിയില്ല
ദുരിതമാണെന്നാലും
നരിതിന്നാൽ നന്നോ
മനുഷ്യന്മാരെ’
എന്ന് കവി ചോദിക്കുന്നു. തണുപ്പുകൊണ്ട് മരവിച്ച് മരിക്കാറായ ഒരു ജീവൻമരണ പ്രതിസന്ധിയിൽ ബുദ്ധന്റെ ദാരുവിഗ്രഹം കത്തിച്ച് സ്വജീവൻ രക്ഷിച്ച പഴയ സെൻ ബുദ്ധ കഥയിലെ ബുദ്ധഭിക്ഷുവിനെ ഈ കവിത ഓർമിപ്പിക്കുന്നുണ്ട്. മരത്തിലെ ബുദ്ധനും ശിലയിലെ ബുദ്ധനും നശിച്ചുപോകുമെന്ന് ആ ബുദ്ധഭിക്ഷുവിനെപ്പോലെ ഇടശ്ശേരിയും തിരിച്ചറിയുന്നു. ബാക്കി നിൽക്കേണ്ടത് ചരിത്രത്തിലെ ബുദ്ധന്റെ നൈതികതയാണ്.
‘ബിംബിസാരന്റെ ഇടയൻ’ എന്ന കവിതയിൽ ഈ ബുദ്ധദർശനം കുറേക്കൂടി അഗാധമായ ദർശന വ്യാപ്‌തി കൈവരിക്കുന്നുണ്ട്. മൃഗബലി തടഞ്ഞ പ്രവാചക ബുദ്ധനോട് ബലിക്ക് തെളിച്ചുകൊണ്ടുപോകുന്ന ആടുകൾ ഇങ്ങനെ പറയുന്നു;
‘ശരിക്കുമാര്യമഹർഷേ താങ്കളെ
യറിവോരീയജയൂഥങ്ങൾ
അവയിൽപ്പക്ഷേ തങ്ങുന്നീലാ–-
കൃതജ്ഞതാ വചനോപായം’
ദൈവമില്ലാത്ത ധർമം മനുഷ്യസമുദായത്തിന് സമ്മാനിച്ച പ്രവാചകനാണ് ഗൗതമബുദ്ധൻ. ബുദ്ധന്റെ ആത്മീയത സനാതനത്വത്തെ ചോദ്യംചെയ്യുന്നു. കേവല ഭൗതികത മനുഷ്യന്റെ നൈതിക സമസ്യകൾ പൂരിപ്പിക്കുന്നില്ലെന്ന് ഇടശ്ശേരിയും തിരിച്ചറിയുന്നു. മതാത്മകമായ ആത്മീയത മനുഷ്യന്റെ വിശപ്പുകളെ ശമിപ്പിക്കുന്നില്ലെന്നും. അസാധാരണവും ധീരവുമായ ഈ സമനിലയിലാണ് ഇടശ്ശേരിയുടെ ഇച്ഛാശക്തി കവിതയിൽ പ്രവർത്തിച്ചത്.
തന്റെ ആത്മീയതയുടെ അർഥാന്തരങ്ങളെക്കുറിച്ച് അദ്ദേഹം ഒരിക്കൽ ഇപ്രകാരം തുറന്നെഴുതിയിട്ടുണ്ട്. ‘ഞാൻ ഒരു ഈശ്വര വിശ്വാസിയാണ്. എങ്കിലും എന്നെ എന്നും അലട്ടിക്കൊണ്ടിരിക്കുന്ന വിശപ്പിനെയും സ്‌നേഹശൂന്യതയെയും പ്രതിപാദിക്കേണ്ടിവരുമ്പോൾ ആസ്‌തിക്യ സഹജമായ വിനയവും തത്വശാസ്ത്രങ്ങളുടെ നേർക്കുണ്ടാകേണ്ട ബഹുമാനവും എന്നെ വേർപിരിയാറുണ്ട്. ഇതുകാരണം ഗാന്ധിയെ പിടിച്ച് ആണയിടാറുള്ള കവിയുടെ പല കവിതകളിലും ഗാന്ധിസത്തെ ധിക്കരിക്കുന്നതോ ആസ്‌തികതയെത്തന്നെ ചോദ്യം ചെയ്യുന്നതോ ആയ ആശയഗതികൾ ചിതറിക്കിടക്കുന്നതായി കാണാം.‘ചകിരിക്കുഴികൾ’ എന്ന കവിതയിൽ കവി എഴുതുന്നു; ‘ഇക്കയർ നെയ്യും സോദരിമാരുടെ ദുഃഖം പാടി നടപ്പൂ ഞാൻ’. പണിയെടുത്തു പൊറുക്കുന്ന മനുഷ്യരുടെ വിശപ്പും ദുഃഖവും അനാഥത്വവും ആലംബഹീനതയുമായിരുന്നു എന്നും ഇടശ്ശേരിക്ക് പ്രമേയം.
നെല്ലുകുത്തുകാരി പാറുവിന്റെ കഥയിൽ നെല്ലുകുത്തു യന്ത്രം കൊണ്ടുവന്ന് സ്ഥാപിച്ച മുതലാളി അസുന്ദരനായിത്തീരുന്നു. തന്നെ വഴിയിൽ തടഞ്ഞുനിർത്തി പേടിപ്പിച്ച വികൃതസ്വരൂപിയായ മനുഷ്യൻ സുന്ദരനും ആയിത്തീരുന്നു. ആ ഭയപ്പെടുത്തുന്ന അസുന്ദരന്റെ കൈകളിലേക്കാണ് പാറു അവസാനം തളർന്നുവീഴുന്നത്. സൗന്ദര്യത്തെയും അസൗന്ദര്യത്തെയും സംബന്ധിക്കുന്ന ഇത്തരം കുറേ സമസ്യകൾ ഇടശ്ശേരി കവിതകളിൽ ഉടനീളം കാണാം.
‘ഇടയ്ക്ക് കണ്ണീരുപ്പു പുരട്ടാതെന്തിനു ജീവിത പലഹാരം’ എന്ന് കണ്ണീരിന്റെ സൗന്ദര്യത്തെ പുണർന്നുനിന്നപ്പോഴും കവി പതിത ലക്ഷങ്ങളുടെ വിമോചനത്തിനും നവലോക സൃഷ്ടിക്കുംവേണ്ടി കൂട്ടുകൃഷി ചെയ്യാനിറങ്ങി. ‘കൂട്ടുകൃഷി’ ഇടശ്ശേരിയുടെ പ്രഖ്യാതമായ നാടകമാണ്. ശ്രീധരൻ നായരും അബൂബക്കറും ഒരുമിച്ച് ഇടവരമ്പുകൾ കൊത്തിയകറ്റി കൂട്ടുകൃഷി ചെയ്തപ്പോൾ നല്ല വിളവുണ്ടായി. അതിനിടയിൽ അബൂബക്കറിന്റെ മകളുടെ ഹൃദയത്തിലേക്ക് ശ്രീധരൻനായരുടെ അനുജൻ സുകുമാരൻ വിത്തെറിഞ്ഞു. നാടകാന്ത്യത്തിൽ അബൂബക്കർ ചോദിക്കുന്നുണ്ട് ‘പടച്ച തമ്പുരാനേ ഇനിയിപ്പോ ഇതിനെന്താ ഒരു ബജ്ജി’. അത് പ്രണയത്തിന്റെ പുതിയ കൂട്ടുകൃഷിയെക്കുറിച്ചുള്ള സങ്കൽപ്പമാണ്. ‘ലൗജിഹാദുകൾ’ വന്ന് മലയാളിയെ ഇരുട്ടിലാഴ്‌ത്തുന്ന കാലത്ത് ആ സ്വപ്‌നത്തിനും ആത്മഗതത്തിനും കൂടുതൽ പുതിയ അർഥങ്ങൾ നമുക്ക് കാണാൻ സാധിക്കും. ഗ്രാമീണ കർഷകന്റെ പരിപക്വമായ നീതിബോധവും ഇച്ഛാബലവും ഇടശേരിയുടെ ദർശനങ്ങൾക്ക് ഊടും പാവും നെയ്‌തു. ‘ഇസ്ലാമിലെ വന്മല’ എന്ന കവിതയുടെ അവസാനം ഇങ്ങനെ എഴുതുന്നുണ്ട്;
‘മാപ്പിളേ നീയെന്നലവിയെങ്കിൽ
തോളിൽക്കയ്യിട്ടു നടന്നുകൊള്ളു
കാഫിറെന്നെന്നെ വിളിച്ചു കൊള്ളു
കാതുകുത്താതെ കഴിഞ്ഞു കൊള്ളു
നൂറു ശതമാനം മുസ്ലീം ധർമ്മ–- -
ക്കൂറും പെരുമയും വെച്ചു പോറ്റൂ
നമ്മൾക്കു മുമ്പോട്ടു മുമ്പോട്ടു പോയ്
നന്മയോ തിന്മയോ നേടാമൊപ്പം
കുറുംപൊരുത്തവുമൊത്ത നമ്മൾ
തോളിൽക്കയ്യിട്ടേ നടന്നുകൂടൂ
മതങ്ങൾക്കപ്പുറത്തേക്ക് മനുഷ്യനെ കാണാനുള്ള ഈ വലിയ വിവേകം ഇടശ്ശേരിയുടെ മിക്ക കവിതകളിലും നമുക്ക് കാണാൻ സാധിക്കും.
പ്രവാചക തുല്യമായി ക്രാന്തദർശിത്വത്തോടെ എഴുതിയ കവിതയാണ് ‘കുറ്റിപ്പുറം പാലം’. നിർമിച്ചശേഷം പാലത്തിന്റെ മുകളിൽനിന്ന് കവി പറയുന്നു;
‘ഇരുപത്തി മൂന്നോളം ലക്ഷമിപ്പോൾ
ചെലവാക്കി നിർമിച്ച പാലത്തിന്മേൽ
അഭിമാനപൂർവം ഞാനേറി നിൽപ്പാ–- -
ണടിയിലെ ശോഷിച്ച പേരാർ നോക്കി’
ആ ശോഷിച്ച പേരാറെന്ന ദർശനത്തിൽനിന്ന് കവിയൊരു പുതിയ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്നുണ്ട്. എല്ലാ അർഥത്തിലും ഇച്ഛാബലത്തിന്റെ കവിയായിരുന്നു ഇടശ്ശേരി. നഗരവേഗങ്ങളും വർഗീയ വിഷങ്ങളും നമ്മുടെ ജീവിതപ്രവാഹങ്ങളെ മുഴുവൻ അഴുക്കുചാലാക്കി മാറ്റുംമുമ്പ് ഇച്ഛാശക്തിയുടെ ഇടശ്ശേരി പാലത്തിന്മേൽനിന്ന് ഒരിക്കൽക്കൂടി ജീവിതവേഗങ്ങളെ നമുക്ക് നോക്കിക്കാണേണ്ടതുണ്ട്. നമ്മുടെ സംസ്‌കാര പ്രവാഹമായ താഴ്‌നദിയിലെ ഓളവും ഒഴുക്കും നിലയ്ക്കുന്നത് വരാനിരിക്കുന്ന ഒരു മഹാവിപത്തിന്റെ സൂക്ഷ്‌മമായ സൂചനയും മുന്നറിയിപ്പുമാണെന്ന് കവി നമ്മെ ഓർമപ്പെടുത്തി. എന്നിട്ടും ഇച്ഛാബലം കൈവിട്ടതുമില്ല. മനുഷ്യൻ ഇതിനെയും അതിജീവിക്കുമെന്ന് ഓർമപ്പെടുത്തി. മനുഷ്യനായിരുന്നു എന്നും ഇടശ്ശേരിയുടെ പ്രമേയം. അവൻ തോൽക്കാത്ത മനുഷ്യനാണ്. പ്രതിസന്ധികളെ നേരിടാൻ കഴിവുള്ളവനാണ്. മാനവികതയാണ് യഥാർഥത്തിൽ മനുഷ്യൻ സമ്മാനിക്കുന്ന ഉദാത്തമായ അനുഭവം. നന്മനിറഞ്ഞ നവമാനവികതയിൽ പുതിയലോക സൃഷ്‌ടിക്കുള്ള ഇച്ഛാശക്തി 50–-ാം ചരമവാർഷികത്തിലും ഇടശ്ശേരി നമുക്ക് നൽകുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..