26 December Thursday

രോഗശയ്യയിലും ചോരാത്ത പോരാട്ടവീര്യം - എളമരം കരീം എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 6, 2023

സംസ്ഥാനത്തെ മുതിർന്ന ട്രേഡ്‌ യൂണിയൻ നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ ഓർമകളിലേക്ക്‌ വിടവാങ്ങിയിരിക്കുന്നു. അസുഖബാധിതനായി ഏതാനും ആഴ്‌ചകളായി ചികിത്സയിലായിരുന്നു. വളരെ പെട്ടെന്നാണ്‌ അദ്ദേഹം രോഗബാധിതനായത്‌. പ്രമേഹം കുറെക്കാലമായി ബാധിച്ചിട്ടുണ്ടെങ്കിലും മരുന്നും ജീവിതക്രമവുംകൊണ്ട്‌ അതിനെ നിയന്ത്രിച്ചു പോരുകയായിരുന്നു. രണ്ടു മാസംമുമ്പാണ്‌ ചില ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങിയത്‌. അപ്പോഴും അതൊന്നും വകവയ്‌ക്കാതെ സഖാവ്‌ കർമനിരതനായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്നുള്ള ചികിത്സ അദ്ദേഹത്തിന്‌ ആശ്വാസം നൽകിയിരുന്നു. അതിന്റെ ആത്മവിശ്വാസത്തിൽ സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിൽ അദ്ദേഹം പതിവുപോലെ  എപ്പോഴും തിരക്കിലായിരുന്നു. കുറച്ചു കാലമായി താമസവും സിഐടിയു ഓഫീസിലായിരുന്നു. ആനന്ദൻ ഓഫീസിലുള്ള സമയത്തെല്ലാം ധാരാളം തൊഴിലാളികൾ അദ്ദേഹത്തെ കാണാൻ എത്തുമായിരുന്നു.
സിപിഐ എം സെക്രട്ടറിയറ്റിൽ ഞാൻ അംഗമായ കാലംതൊട്ട്‌ ആനന്ദനുമായി പാർടി കേന്ദ്രത്തിലും സഹകരിച്ച്‌ പ്രവർത്തിച്ചു. രാഷ്‌ട്രീയ സംഘടനാ കാര്യങ്ങളിൽ വളരെ യോജിപ്പോടെ പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ജീവിതകാലം മുഴുവൻ താൻ പ്രവർത്തിച്ച പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്‌ത്രത്തിലും നയങ്ങളിലും ഉറച്ച നിലപാടുകാരനാണ്‌ സഖാവ്‌. തൊഴിലാളിവർഗത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത എടുത്തു പറയത്തക്കതാണ്‌.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സയുടെ ഭാഗമായി വിദഗ്‌ധാഭിപ്രായം ആരായുന്നതിനായി ആനന്ദനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ കൊണ്ടുപോയി. മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട്‌ എല്ലാ ഏർപ്പാടും ചെയ്‌തു. അപ്പോളോ ആശുപത്രിയിലെ പരിശോധനയ്‌ക്കുശേഷം, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നിർദേശിച്ച ചികിത്സ തുടർന്നാൽ മതിയെന്നായിരുന്നു അവരുടെ ഉപദേശം. അതനുസരിച്ച്‌ തിരിച്ചുവന്ന്‌ ചികിത്സ തുടർന്നു. ചികിത്സാ സൗകര്യത്തിനായി മെഡിക്കൽ കോളേജിനടുത്തുള്ള ആനന്ദന്റെ സുഹൃത്തിന്റെ ഫ്‌ളാറ്റിൽ താമസമാക്കി. അവിടത്തെ അന്തരീക്ഷവും ചികിത്സയും സഖാവിന്‌ വലിയ ആശ്വാസവും ആത്മവിശ്വാസവും നൽകി.
ഈ ദിവസങ്ങളിലെല്ലാം ഞാൻ ഇടയ്‌ക്കിടെ സഖാവിനെ കാണാൻ ചെല്ലുമായിരുന്നു. സിഐടിയു ഓഫീസിലെ സ്റ്റാഫുകളായ അജിത്‌കുമാർ, അനൂപ്‌ എന്നിവർ സഖാവിനോടൊപ്പം ഉണ്ടാകുമായിരുന്നു. ബിവറേജസ്‌ കോർപറേഷനിലെ ജീവനക്കാരനായ ഭക്‌തികുമാർ ചികിത്സ ആരംഭിച്ചതുമുതൽ ആനന്ദന്റെ കൂടെത്തന്നെയാണ്‌. ഞാൻ തലസ്ഥാനത്തില്ലാത്ത എല്ലാ ദിവസവും ആനന്ദന്റെ വിവരം ഭക്‌തികുമാർ എന്നെ അറിയിക്കുമായിരുന്നു. ടെലിഫോണിൽ സംസാരിക്കാൻ സൗകര്യവും ചെയ്‌തു. ഒരിക്കൽ ഞാൻ കാണാൻ ചെന്നപ്പോൾ സഖാവ്‌ എന്തോ എഴുതുകയായിരുന്നു. മുഖത്ത്‌ നല്ല ആശ്വാസം കണ്ടു. ചില ഓർമക്കുറിപ്പുകൾ എഴുതുകയാണെന്ന്‌ എന്നോടു പറഞ്ഞു. ഞാൻ അതിനെ പ്രോത്സാഹിപ്പിച്ചു. ആ കുറിപ്പുകൾ ‘സിഐടിയു സന്ദേശ’ത്തിൽ പ്രസിദ്ധീകരിച്ചു. അടിയന്തരാവസ്ഥയിലെ അനുഭവം വിശദീകരിച്ച ആ കുറിപ്പ്‌ ആരെയും ആവേശം കൊള്ളിക്കും.

കെഎസ്‌ആർടിസിയുടെ സാമ്പത്തികപ്രതിസന്ധി കാരണം പലപ്പോഴും പ്രശ്‌നങ്ങളുണ്ടാകും. കഴിഞ്ഞ കുറെ മാസങ്ങളായി അത്തരം പ്രശ്‌നങ്ങളിൽ നിരന്തരം ഏർപ്പെടുകയായിരുന്നു സഖാവ്‌. ഞങ്ങൾ തമ്മിൽ കണ്ടുമുട്ടുമ്പോഴെല്ലാം ആ പ്രശ്‌നം സംസാരിക്കും. ഇടയ്‌ക്കിടെ ജീവനക്കാരുടെ സമരത്തോടൊപ്പം ചേരും

ഞാൻ സഖാവിനെ കാണാൻ ചെല്ലുമ്പോഴൊക്കെ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ സംബന്ധിച്ചാണ്‌ എന്നോട്‌ സംസാരിക്കുക. വ്യക്തിപരമായതോ കുടുംബകാര്യങ്ങളോ ആ കമ്യൂണിസ്റ്റ്‌ പോരാളിക്ക്‌ പറയാനുണ്ടായിരുന്നില്ല. അഥവാ പറഞ്ഞില്ല. എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയ വ്യക്തിത്വം.
കെഎസ്‌ആർടിസി ജീവനക്കാരുടെ സംഘടനയുടെ പ്രസിഡന്റായിരുന്നു സഖാവ്‌. കെഎസ്‌ആർടിസിയുടെ സാമ്പത്തികപ്രതിസന്ധി കാരണം പലപ്പോഴും പ്രശ്‌നങ്ങളുണ്ടാകും. കഴിഞ്ഞ കുറെ മാസങ്ങളായി അത്തരം പ്രശ്‌നങ്ങളിൽ നിരന്തരം ഏർപ്പെടുകയായിരുന്നു സഖാവ്‌. ഞങ്ങൾ തമ്മിൽ കണ്ടുമുട്ടുമ്പോഴെല്ലാം ആ പ്രശ്‌നം സംസാരിക്കും. ഇടയ്‌ക്കിടെ ജീവനക്കാരുടെ സമരത്തോടൊപ്പം ചേരും. മന്ത്രിയെയും ഉദ്യോഗസ്ഥന്മാരെയും നിരന്തരം ബന്ധപ്പെടും. ആനന്ദന്റെ അചഞ്ചലമായ തൊഴിലാളിവർഗക്കൂറ്‌ സമാനതകൾ അധികമില്ലാത്തതാണ്‌.

ചികിത്സ തുടരുമ്പോഴും ഓർമക്കുറിപ്പുകൾ എഴുതുന്നത്‌ തുടർന്നു. ഒരിക്കൽ അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച്‌ സിഐടിയു ഓഫീസിൽനിന്ന്‌ ഒരാളിനെ എഴുതാൻ വേണ്ടി അയച്ചു. ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യം എഴുതിക്കിട്ടിയാൽ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്‌ അത്‌ വലിയ മുതൽക്കൂട്ടാകുമെന്ന്‌ ഞാൻ കരുതി.


 

പരമ്പരാഗത മേഖലയിലെ ദരിദ്ര തൊഴിലാളികൾക്കായി വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടം നയിച്ച നേതാവാണ്‌ ആനത്തലവട്ടം ആനന്ദൻ. നിലവിൽ കയർത്തൊഴിലാളികളുടെ സംഘടനയുടെ പ്രസിഡന്റാണ്‌. കേരളത്തിലെ കയർമേഖലയെ നവീകരിക്കാനും നിലനിർത്താനും അദ്ദേഹം വലിയ പങ്കുവഹിച്ചു. കയർത്തൊഴിലാളികളുടെ വിശ്വസ്‌ത സഖാവും സംരക്ഷകനുമായിരുന്നു ആനന്ദൻ.

1996 മുതൽ 2001 വരെ നിയമസഭയിൽ ആനന്ദനുമൊന്നിച്ച്‌ പ്രവർത്തിക്കാൻ അവസരം ലഭിച്ചു. നിയമസഭാ വേദിയെയും അദ്ദേഹം ഉപയോഗിച്ചത്‌ തൊഴിലാളികൾക്കുവേണ്ടി ശബ്‌ദമുയർത്താനാണ്‌. തുച്ഛമായ വേതനം ലഭിക്കുന്ന സ്‌കീം വർക്കേഴ്‌സ്‌, അസംഘടിത മേഖലയിലെ പാവങ്ങൾ എന്നിവരുടെയെല്ലാം പ്രശ്‌നങ്ങൾ വരുമ്പോൾ ആനന്ദന്റെ വികാരം പ്രകടമാകും. സർക്കാർ കമ്മിറ്റികളിലും ടിയു സംഘടനയിലും അദ്ദേഹം അത്തരം പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി വീറോടെ വാദിക്കും. പൊതുപ്രസംഗത്തിലും തൊഴിലാളികളുടെ പ്രശ്‌നങ്ങളാണ്‌ ആനന്ദന്റെ ഇഷ്ടവിഷയം.

വെള്ള ഖദർവസ്‌ത്രംമാത്രം ധരിക്കുന്ന ആനന്ദന്റെ ജീവിതം വളരെ ലളിതമാണ്‌. എല്ലാവരോടും സൗഹൃദം പുലർത്തുന്ന ആനന്ദന്‌ വിപുലമായ സൗഹൃദവലയമുണ്ട്‌. സിഐടിയു അംഗങ്ങളായ തൊഴിലാളികൾ വലിയ സ്‌നേഹത്തോടെയും ബഹുമാനത്തോടെയുംകൂടിയാണ്‌ കണ്ടത്‌. അതുകൊണ്ടുതന്നെ ചികിത്സയിലിരിക്കുമ്പോൾ ആ മഹാവിപ്ലവകാരി മറ്റുള്ളവരെക്കുറിച്ചുമാത്രം ഓർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top