23 December Monday

ഹർജി തള്ളി സുപ്രീംകോടതി; ഇലക്‌ടറൽ ബോണ്ട്‌ റദ്ദാക്കിയ വിധി 
പുനഃപരിശോധിക്കില്ല

സ്വന്തം ലേഖകൻUpdated: Sunday Oct 6, 2024

ന്യൂഡൽഹി
ഇലക്‌ടറൽ ബോണ്ട്‌ പദ്ധതി ഭരണഘടനാവിരുദ്ധമാണെന്ന്‌ കണ്ടെത്തി റദ്ദാക്കിയ ഭരണഘടനാബെഞ്ചിന്റെ സുപ്രധാനവിധി പുനഃപരിശോധിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ചാണ്‌ അഡ്വ. മാത്യൂസ്‌ നെടുമ്പാറ ഉൾപ്പടെയുള്ളവർ നൽകിയ പുനഃപരിശോധനാഹർജി ചേംബറിൽ പരിഗണിച്ച്‌ തള്ളിയത്‌. ഇലക്‌ടറൽ ബോണ്ടിലൂടെ ഒരുരൂപ പോലും സംഭാവന വേണ്ടെന്ന്‌ പ്രഖ്യാപിച്ച സിപിഐ എം ഉൾപ്പടെയുള്ള കക്ഷികൾ നൽകിയ ഹർജിയിലായിരുന്നു ഫെബ്രുവരി 15ന്‌ സുപ്രീംകോടതിയുടെ നിർണായകവിധി.


   രാഷ്ട്രീയപാർടികൾക്ക്‌ എവിടെ നിന്നെല്ലാമാണ്‌ പണം ലഭിക്കുന്നതെന്ന കാര്യം അറിയാൻ പൗരൻമാർക്ക്‌ അവകാശമുണ്ടെന്ന്‌ ചൂണ്ടിക്കാണിച്ചായിരുന്നു ഉത്തരവ്‌. ബോണ്ട്‌ നൽകിയവരുടെയും വാങ്ങിയവരുടെയും വിശദാംശങ്ങൾ പുറത്തുവിടാൻ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയ്‌ക്ക്‌ നിർദേശവും നൽകി. കോർപറേറ്റുകളിൽ നിന്നും അജ്ഞാതമായ രീതിയിൽ പണം സമാഹരിക്കുന്ന ഇലക്‌ടറൽ ബോണ്ട്‌ പദ്ധതി സുപ്രീംകോടതി റദ്ദാക്കിയത്‌ ബിജെപിക്കും കേന്ദ്രസർക്കാരിനും കനത്ത തിരിച്ചടിയായിരുന്നു. 

സുപ്രീംകോടതിയുടെ ഇടപെടൽ പാർലമെന്റിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന്‌ ആരോപിച്ചാണ്‌ മാത്യൂസ്‌ നെടുമ്പാറ ഉൾപ്പടെയുള്ളവർ പുനഃപരിശോധനാഹർജി നൽകിയത്‌. ഉത്തരവിൽ നിയമപരമായി ഒരു പിശകും ഇല്ലാത്ത സാഹചര്യത്തിൽ ഹർജി തള്ളുകയാണെന്ന്‌ സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top