22 December Sunday

ചിതറിപ്പോയ സ്വപ്‌നങ്ങള്‍

ജെ ആർ അനി jraniattingal@gmail.comUpdated: Sunday Oct 6, 2024


തല ഒന്നനക്കാൻപോലും കഴിയുന്നില്ല. നടകളിൽ മാത്രം ശരീരം താങ്ങി അരികെയായിക്കാണുന്ന ആ നീർച്ചാലിലോട്ട് ഇഴഞ്ഞെത്തിക്കൊണ്ടിരിക്കുകയാണ്. വേദനയുടെ മൂർധന്യത്തിൽ കണ്ണ് തീരെ കാണാനാകുന്നില്ല. ശരീരമാസകലമിറ്റുന്ന സ്വന്തം ചോരയ്ക്ക് ഇത്രമേൽ രൂക്ഷഗന്ധമായിരുന്നോ? തൊണ്ടകൾ വരണ്ട് പൊട്ടുന്നതുപോലെ. അവസാന ശ്രമമെന്നോണം പാതിമുറിഞ്ഞ തുമ്പി ഇഴച്ചെത്തിച്ച് വറ്റി വരണ്ടുതുടങ്ങിയ തോട്ടിൽനിന്ന് ഒരിറക്ക് വെള്ളം വലിച്ചെടുക്കാൻ ശ്രമിച്ചു. അതിനും സാധിക്കാതായപ്പോൾ അവിടെത്തന്നെ കിടന്നു.
കണ്ണിന്റെ മുന്നിൽ തീ ഗോളങ്ങൾ മാതിരി ആ വെളിച്ചം ഇപ്പോഴും എരിയുകയാണ്. വല്ലാത്ത ഒരലർച്ചയോടെ എങ്ങുനിന്നെന്നില്ലാതെ തീ തുപ്പിയെത്തിയ ആ വലിയ യന്ത്രത്തിന്റെ മുന്നിൽ അവൻ പെട്ടുപോകുന്നതേ ഓർക്കാനാകുന്നുള്ളൂ. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിൽ  നിന്ന അവന്റെ കരച്ചിൽപോലും പിന്നീട് കേൾക്കാനായില്ല. സമാന്തര പാളങ്ങളിലൂടെ പാഞ്ഞെത്തിയ ആ യന്ത്രത്തിന്റെ കാതടപ്പിക്കുന്ന അലർച്ച അപ്പോഴേക്കും എന്നിലെ തിരിച്ചറിവുകളെ അപ്പാടെ മരവിപ്പിച്ചു കളഞ്ഞിരുന്നു. എന്റെ കുഞ്ഞ് ഉള്ളം കത്തിയെത്തിയ ഒരാന്തലോടെ ഞാനവനെ എത്തിപ്പിടിക്കാനാഞ്ഞത് മാത്രം ഓർമയുണ്ട്. അതിന് മുമ്പുതന്നെ ഇരുട്ടിലൂടെ ചുടുചോരത്തുള്ളികളായും തുടിപ്പ് നിലയ്ക്കാത്ത കുറേ മാംസക്കഷണങ്ങളായും അവൻ തന്റെ ദേഹത്തേക്ക്‌ ചിതറിത്തെറിക്കുകയായിരുന്നല്ലോ.

ഒന്ന് നിലവിളിക്കാൻ പോലുമാകാതെ തകർന്ന ശരീരവും മരവിച്ച കാഴ്ചയും അതിലേറെ തളർന്ന മനസ്സുമായി എത്രനേരം കിടന്നുവെന്നും ഓർമയില്ല. ശകാരിച്ചിട്ടും ആവർത്തിച്ച് തുമ്പി കൊണ്ട് വിലക്കിയിട്ടും വാശിയെന്നോണം അവൻ അക്കണ്ട കയറ്റമൊക്കെ ഓടിക്കയറുകയായിരുന്നു. ചതുപ്പ് മൂടിയ പുൽമേടുകളും ചോലക്കാടുകളും അവയ്ക്കിടയ്ക്ക് തെളിഞ്ഞുനിന്ന കരിമ്പാറക്കൂട്ടങ്ങളും അവന്റെ കുസൃതി നിറഞ്ഞ ബാല്യത്തിന് വല്ലാത്ത കൗതുകമായി തോന്നിയിരിക്കണം. അഭിമാനത്തോടെയാണ് താനും അവനോടൊപ്പം വേഗച്ചുവടുകൾ വച്ചിരുന്നത് എന്നതും സത്യം. ലക്ഷണമൊത്ത കുട്ടിക്കൊമ്പന്റെ പെറ്റമ്മ എന്ന നിലയിൽ തെല്ലൊന്ന് അഹങ്കരിച്ചു പോയില്ലേയെന്ന് ഒരു നോവ് മനസ്സിൽ ബാക്കി നിൽക്കുന്നു.
പൂത്തുലഞ്ഞ ഇല്ലിക്കൂട്ടങ്ങളിലെ നോവിക്കുന്ന മുള്ളുകൾക്കിടയിൽ മധുരമിറ്റുന്ന തേനടകൾ ഉണ്ടെന്നും ഈച്ചകളെ ആട്ടിപ്പായിച്ചാൽ അതൊക്കെ എടുത്ത് കഴിക്കാമെന്നും അവിടെ പോയിവന്ന കൂട്ടത്തിലെ പിടികളിലാരോ അവനോട് പറഞ്ഞ് കൊടുത്തിരുന്നു. അവന് കഷ്ടി നാലര വയസ്സ് വരും. കൂട്ടത്തിന്റെ അലംഘിതമായ നിയമാവലി മാത്രം അനുസരിക്കേണ്ടവരാണെന്ന് തങ്ങളെന്ന് പലവുരു അവനോട് പറഞ്ഞതുമാണ്. തീരുമാനം എന്നും തലമൂത്ത പിടികളുടേത്‌ മാത്രമാണ്. അലംഘനീയവും! കൂട്ടം എപ്പോഴും പ്രാധാന്യം കൽപ്പിക്കുന്നത് വർഗം നിലനിറുത്താനായി പിറക്കുന്നവരെന്ന് കരുതുന്ന കുട്ടിക്കൊമ്പന്മാർക്കാണ്. പത്തു വയസ്സ് കഴിയുമ്പോഴേക്കും അവരുടെ കുഞ്ഞൻ മോണകൾക്കുള്ളിൽ ഗരിമയുടെ ആണടയാളങ്ങൾ ഉയിരെടുത്തു തുടങ്ങിയാൽപ്പിന്നെ കൂട്ടത്തിലെ പിടികൾക്കൊക്കെ വല്ലാത്ത ആവേശമാണ്. കുഞ്ഞുങ്ങൾക്കിടയിലും നീണ്ടുനിൽക്കുന്ന അതിരില്ലാത്ത സന്തോഷത്തിന്റെ നാളുകളാണ് പിന്നെ. ഒപ്പം അമ്മായിമാർക്ക് ഒടുങ്ങാത്ത ആധിയും തുടങ്ങുകയായി! എന്നിരുന്നാലും കുട്ടിക്കൊമ്പൻമാർ തലയെടുത്ത് തുടങ്ങിയാൽ സ്നേഹവാത്സല്യങ്ങൾ കോരിച്ചൊരിഞ്ഞിരുന്ന അതേ ആയമാർ തന്നെ അവരെ നിഷ്കരുണം പുറന്തള്ളും. ദിഗ്വിജയത്തോടെയാണ് പിന്നീടവർ കൂട്ടത്തിലേക്ക് മടങ്ങേണ്ടത് എന്നുമാത്രം.

അങ്ങനെയുള്ള ഒരവസരത്തിൽ തന്നെയായിരുന്നു എന്റെ കുഞ്ഞിന്റെ പിറവിയും. യൗവനത്തിളപ്പിന്റെ അപരിമേയമായ ആനന്ദത്തിൽ പരിലസിച്ചിരുന്ന കാലം! ആദ്യം ഋതുമതിയായപ്പോൾപോലും കൂട്ടത്തിലെ നായകന്റെ മുമ്പിൽപ്പെടാതെ തലമുതിർന്ന പിടികളുടെ സംരക്ഷണയിൽ മറഞ്ഞിരുന്ന നാളുകൾ. ഒക്കെയും ആ വിജിഗീഷുവിന്റെ അനിഷേധ്യതയ്‌ക്കു മുമ്പിൽ നിറഞ്ഞ മനസ്സോടെ അടിയറവ് വയ്ക്കുകയായിരുന്നു. ആദ്യമായി തന്നെ കീഴടക്കിയ കരുത്തൻ കരുതലായി എന്നും കൂടെയുണ്ടാകുമെന്ന് വിശ്വസിച്ചിരുന്ന മഹാശക്തിശാലി. തലയെടുപ്പുള്ള കൊമ്പൻ. ശരിക്കും അവന്റെ ചരിത്രം പൂർണമായി അറിയുന്നത് പിന്നെയും ഏറെ വൈകിയാണ്. അങ്ങകലെയുള്ള മനുഷ്യരുടെ തടങ്കൽപ്പാളയത്തിൽ നിന്നും രക്ഷപ്പെട്ടെത്തിയതായിരുന്നു അവനെന്നും. വർഷങ്ങൾക്കുമുമ്പ് അവന്റെ തലയെടുപ്പിൽ ഭ്രമിച്ചുവശായി കാട്ടിനുള്ളിലെ ആനത്താരകളുടെ അരികിൽ തീർത്ത ചതിക്കുഴികളിലൊന്നിൽ അവരവനെ ചതിച്ച് വീഴ്ത്തുകയായായിരുന്നുവത്രേ. തീറ്റയ്ക്കായി കാട്ടിലേക്കു കൊണ്ടുപോയപ്പോൾ വീണുകിട്ടിയ അവസരങ്ങളിലൊന്നിൽ അവൻ തന്റെ വിശ്വരൂപം പുറത്തെടുക്കുക തന്നെ ചെയ്തു! അധീശത്വത്തിന്റെ ചെങ്കോലുമായി നടന്നിരുന്ന രണ്ടുപേരെ അരിപ്പൂച്ചെടികളും ആനത്തൊട്ടാവാടികളും നിറഞ്ഞ അടിക്കാടുകൾക്കിടയിലേക്ക്‌ നിഷ്കരുണം ചീന്തി വലിച്ചെറിഞ്ഞിട്ടാണ് അവൻ തിരികെ കാടുകയറിയത്.

നെടുനാളത്തെ അലച്ചിലിനുശേഷം സഹ്യന്റെ അതേ ചൂരും ചൂടുമായിത്തന്നെ അടിവാരങ്ങളിലെ ഇരുണ്ട ഇല്ലിക്കാടുകൾ വകഞ്ഞെത്തിയ അവൻ ഒൻപതടിക്കുമേലുയരത്തിലെ തലയെടുപ്പിൽ മുറം പോലത്തെ ചെവികൾ വിടർത്തി ഒരു നാൾ കൂട്ടത്തിന്റെ വഴി മുടക്കി നിന്നു. അമ്പത് റാത്തലിനു മുകളിൽ ഭാരം വരുന്ന കൂർത്തുമൂർത്ത കൊമ്പുകളുമായി കരിവീട്ടിത്തൂണുകൾക്കൊപ്പം  ഉറച്ചുനിന്നിരുന്ന ചെമ്മണ്ണിൽക്കുളിച്ച ആ മഹാകായനെ നേർക്കുനേർ കാൺകെ, ആ കനൽക്കണ്ണുകളിൽ നേരിട്ടൊന്ന് നോക്കാൻപോലും ഭയപ്പെട്ട് ഒരു പോരാട്ടത്തിനുപോലും കാത്തുനിൽക്കാതെ അന്ന് കൂട്ടത്തെ നയിച്ചിരുന്ന കൊമ്പൻ ഭയന്ന് ഓടുകയായിരുന്നു! ശരീരം ചുരുക്കിയും ഒരു വെടിയുണ്ടയുടെ ആവേഗത്തിൽ കുതിച്ചും പാഞ്ഞെത്തിയ അവൻ ആ ഭീരുവിന്റെ വാൽ കടിച്ച് മുറിച്ച് നിലത്തിട്ടു. ഭീമാകാരനായ ഒരു ഉരഗത്തെ അനുസ്മരിപ്പിച്ച അവന്റെ നെടുങ്കൻ തുമ്പിയുടെ മരണാശ്ളേഷത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട തലവന്റെ ജീവനുവേണ്ടിയുള്ള കരച്ചിൽ കേവലം വനരോദനങ്ങളായി. എന്നിട്ടും അടങ്ങാത്ത ക്രോധാവേശത്തിൽ അവൻ കരുത്തുറ്റ മാംസപേശികൾ എഴുന്ന് നില്ക്കുന്ന തുമ്പി ചുരുട്ടി നിലത്തടിച്ചു.

അന്ന്, വനാന്തരങ്ങൾ അടക്കി വാണിരുന്ന നാളുകളിലൊന്നും അത്തരത്തിലൊരു അപായം അവൻപോലും മനസ്സിൽ കണ്ടിരുന്നില്ല എന്നെനിക്കുറപ്പാണ്. ചതിയുടെ കഴുകൻ കണ്ണുകളുമായി കൊമ്പന്മാരെ തിരഞ്ഞ് അവരെത്തുമെന്നും ആരും നിനച്ചിരുന്നില്ല. പതിയിരിക്കുന്ന കുള്ളന്മാരായ ഇരുകാലികൾ ഉന്നം പിടിച്ച് തീക്കുഴലുകൾക്കുള്ളിലെ ക്രൂരമായ മരണം നേരിട്ടേല്ക്കാനുള്ള അവസരംപോലും നൽകാതെ അവനെയും കീഴടക്കി. മസ്തകം തുളഞ്ഞ് കയറിയ ചുട്ടുപഴുത്ത ലോഹക്കട്ടകളുമായി വിറകൊള്ളുന്ന നടകളിൽ ഭാരിച്ച ദേഹം താങ്ങി അവർക്കു മുന്നിൽ അവൻ മുട്ടുകുത്തി. വാരിയെല്ലുകൾ കൂട്ടത്തോടെ ഒടിഞ്ഞ് നുറുങ്ങി അവന്റെ നെഞ്ചകം തുളച്ചു! ആ ഇരിപ്പിൽനിന്ന് പിന്നീടവൻ എണീറ്റതേയില്ല.


അപരാജിതനായിത്തന്നെ അവനന്നോളം കാടകം വാണു. എന്നാൽ ഇടനെഞ്ചിൽ താൻ താലോലിച്ചിരുന്ന മോഹങ്ങളെല്ലാം അവനൊപ്പം മണ്ണ് കപ്പുകയായിരുന്നു. വെട്ടിപ്പൊളിച്ച് കൊമ്പുകൾ കടപുഴക്കിയെടുത്ത മസ്തകവുമായി ഒഴുകിയിറങ്ങിയ ചോര കട്ടിപിടിച്ച് അവന്റെ ഭീമൻശരീരം ഏറെ നാൾ ഈറക്കാട്ടിനുള്ളിലെ കാട്ടുചോലയ്ക്കരികിൽ പുഴുക്കളരിച്ച് കിടന്നു. ഇരപിടിയന്മാരും ശവം തീനികളും മറ്റനേകം ക്ഷുദ്രജീവികളും അഴുകിയ മാംസം കടിച്ചുവലിച്ചു. പലർക്കായി അവന്റെ സ്ഥൂലശരീരം നെടുനാളുകൾ അമൃതേത്തൊരുക്കി. കാട്ടുപൊന്തകളിൽ ചിതറിത്തെറിച്ചുപോയ ദന്തങ്ങളും ചെരുപ്പുകളും അസ്ഥിക്കഷണങ്ങളുമായും വളമണ്ണിൽ ഒഴുകിപ്പരന്ന കൊഴുപ്പിന്റെ ചാലുകളായും അന്തരീക്ഷത്തിൽ ഒഴുകിപ്പരന്ന മരണത്തിന്റെ മടുപ്പിക്കുന്ന ഗന്ധമായും പിന്നെയും കുറേ നാളുകൾ അവന്റെ അധീശത്വം ബാക്കി നിന്നു. ചീഞ്ഞ മാംസത്തിൽ പുളച്ചിരുന്ന അനേക സഹസ്രം പുഴുക്കളും ഈച്ചകളും കാലാന്തരത്തിൽ വണ്ടുകളായും ശലഭങ്ങളായും രൂപാന്തരം പ്രാപിച്ച് പുതുജീവിതങ്ങളിലേക്കു ചിറകടിച്ച് പറന്നുപോയി. കാലം പോകെ കൂട്ടത്തിലെല്ലാപേരുടെയും ഓർമകളിൽനിന്ന് എന്നേയ്ക്കുമായി അവനും മാഞ്ഞുപോയി.

അതും കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞപ്പോഴാണ് തന്റെ അടിവയറിൽ ജീവന്റെ സ്പന്ദനങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയത്. നൊമ്പരപ്പെടുത്തുന്ന ഓർമകളുമായി അവന്റെ ശേഷിപ്പ് എന്നിൽത്തുടിച്ചു. യാമങ്ങളോളം നീണ്ട് വേദനയുടെ അറുതിയിൽ പൂർണ ചന്ദ്രനെ സാക്ഷിയാക്കി കളകളാരവത്തോടെയൊഴുകുന്ന കാട്ടരുവിയുടെ ഓരത്ത് ആനക്കൂട്ടത്തിന്റെ സംരക്ഷണയിലാണവൻ പിറന്നു വീണത്. എന്റെ മകൻ! എന്നാലപ്പോൾ കാടകത്തെ വൃക്ഷത്തലപ്പുകളിലെമ്പാടും നിന്നുയർന്ന ചീവിടുകളുടെ നിലയ്ക്കാത്ത കരച്ചിലുകളും ദൂരെ ഗിരി ഗഹ്വരങ്ങളിൽ നിന്നും ഉയർന്നുകേട്ട കുറുനരികളുടെ ഓരിയിടലും അപശകുനങ്ങളായി തോന്നിയിരുന്നില്ല. തീരെ പ്രതീക്ഷിക്കാത്ത അവസരത്തിൽ എവിടെ നിന്നെന്നറിയാതെ അവിടേയ്ക്ക് ഓടിയെത്തിയ ഒരു കൂട്ടം കാട്ടുനായ്ക്കൾ മറുപിള്ളയ്ക്കായി തമ്മിൽ കടിപിടി കൂടുന്നതും  കണ്ടു. പാളങ്ങളിലൂടെ ആ ഭീകര ശകടം യമദൂതനെപ്പോലെ വീണ്ടും നിറുത്തില്ലാതെ പായുന്ന ശബ്ദമാണ് ഞാനിപ്പോൾ കേൾക്കുന്നത്. ഭൂമിയിലെ ഏറ്റവും ശക്തരെന്ന് അഭിമാനിക്കുന്ന ഒരു വംശ പരമ്പര അശനിപാതം കണക്കെ പാഞ്ഞെത്തുന്ന ഈ ശത്രുവിനു മുന്നിൽ എത്രയോ നിസ്സാരമാണെന്ന സത്യം അതെന്നെ ഓർമിപ്പിക്കുന്നു.


എന്തൊക്കെയോ ശബ്ദങ്ങൾ ഇപ്പോൾ തുടർന്ന് കേൾക്കുന്നുണ്ട്. അത്രമേൽ പരിചയിച്ചിട്ടില്ലെങ്കിലും മനുഷ്യരെന്ന ഇരുകാലികളുടെ ഒച്ചയാണതെന്ന് തോന്നുന്നു. വരണ്ടുണങ്ങിയ എന്റെ തുമ്പിയിലേക്ക്‌ ആരോ വലിയൊരു കുഴലിട്ട് ജീവജലം ഇറ്റിക്കുന്നു. അടങ്ങാത്ത ആർത്തിയോടെ ഞാനത് വലിച്ചു കുടിക്കുവാൻ ശ്രമിച്ചു. ഇല്ല, അറ്റ് രണ്ട് കഷണങ്ങളായ തുമ്പിയുടെ മരവിപ്പിലൂടെ അത് പുറത്തേക്കുതന്നെ ഒഴുകിയിറങ്ങുകയാണിപ്പോൾ. പണ്ടൊക്കെ കൊടിയ വേനലുകളിൽ പൊടിമണ്ണിൽ പൊതിഞ്ഞ ദേഹം തണുപ്പിക്കാനായി വരണ്ട അരുവികളിലെ ചെറുകുഴികളിൽനിന്ന് ഊറ്റുവെള്ളമെത്തിയെടുക്കുമ്പോൾ എഴുപതംഗുലത്തോളം വരുന്ന എന്റെ തുമ്പിയുടെ അറ്റത്തെ നാക്ക് കൊണ്ടടച്ചാൽ ഒറ്റത്തുള്ളിപോലും ചോരുമായിരുന്നില്ല. നോവോർമകളുടെ തള്ളിച്ചയിൽ എനിക്ക് ശ്വാസം മുട്ടുന്നതുപോലെ. ഇത്തിരിക്കാഴ്ചയുടെമേൽ ആരോ മൂടുപടം വലിച്ചിടുന്നു. ശ്വാസം വലിക്കാൻ ബുദ്ധിമുട്ടുള്ളതുപോലെ. മുന്നിലിപ്പോൾ ഇരുട്ടാണ്...കട്ട പിടിച്ച ഇരുട്ട് മാത്രം! ഞാൻ കണ്ണുകൾ ചേർത്തടച്ചു.
(സമർപ്പണം:- വാളയാറിലെ റെയിൽവേ ട്രാക്കുകളിൽ ആവർത്തിച്ചുണ്ടാകുന്ന ട്രെയിൻ അപകടങ്ങളിൽ ചരിയുന്ന സഹ്യന്റെ മക്കൾക്ക്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top