പണിയിലും കൂലിയിലും കേരളത്തിന്റെ സ്ഥാനം എന്തായിരിക്കും. കൂടുതൽ പേർ അസംഘടിത മേഖലകളിലേക്ക് എത്തിപ്പെടുകയാണോ. കേരളത്തിലെ കൂലിനിരക്ക് എങ്ങനെയാണ്. പോയ മാസങ്ങളിൽ പുറത്തുവന്ന ചില പ്രധാന പഠനങ്ങൾ കേരളത്തിൽ നടക്കുന്ന നിശ്ശബ്ദമായ ഒരു മാറ്റത്തെ അളന്നു പറയുന്നുണ്ട്. അതിന്റെ പ്രധാന വശങ്ങളിലേക്ക് നോക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. അതേസമയം ഇത്ര പ്രധാനപ്പെട്ട പഠനങ്ങൾ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾക്ക് മുഖ്യവാർത്തയല്ല. എന്നാൽ ഈ മാറ്റങ്ങളുടെ രാഷ്ട്രീയ അപകടം മനോരമയ്‌ക്കു കൃത്യമായി മണത്തിട്ടുണ്ട്. മലയാള മനോരമയുടെ ‘പണി കിട്ടിയ ജീവിതങ്ങൾ’ എന്ന പരമ്പരയുടെ പ്രകോപനമിതാണ്.
ചില മേഖലകളിലെ വേതന സേവന വ്യവസ്ഥകളുടെ പോരായ്മകൾ പതിവു മസാലക്കൂട്ടുകളോടെ എഴുതിയും വരച്ചും പൊലിപ്പിക്കാനാണ് സംഘടിതമായി മനോരമ ശ്രമിക്കുന്നത്. അത് ഒടുവിൽ നോക്കാം. കേരളത്തിലെ തൊഴിൽ മേഖലയിൽ ഉണ്ടാകുന്ന ഗുണപരമായ മാറ്റങ്ങൾ എന്തൊക്കെ എന്നതാണ് ആദ്യം.
സ്വയം തൊഴിൽ, ശമ്പളത്തൊഴിൽ,
കാഷ്വൽ തൊഴിൽ
ആകെ തൊഴിലുകളിൽ ഇവയുടെ ചേരുവയുടെ പ്രാധാന്യം എന്താണ്. കൂടുതൽ പേർ കാഷ്വൽ തൊഴിലാളികളായി മാറുന്ന സ്ഥിതി പരിതാപകരമായ തൊഴിൽ സുരക്ഷയാണ് കാണിക്കുക. ശമ്പളത്തൊഴിലുകളിൽ പണിയെടുക്കുന്നവരുടെ അളവു വർധിക്കുന്നത് കൂടുതൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷത്തെ അടയാളപ്പെടുത്തുന്നതുമാണ്. 2018-–-2019 മുതൽ 2023-–-2024 വരെ കേരളത്തിലെ തൊഴിൽ മേഖലയിൽ വന്ന മാറ്റമാണ് ലേഖനത്തിനൊപ്പം കൊടുത്തിട്ടുള്ള ബാർ ചാർട്ട് കാണിക്കുന്നത്. മൂന്നു ബാറുകളിൽ ആദ്യത്തേത് സ്വയം തൊഴിലുകൾ ചെയ്യുന്നവരുടെ ശതമാനം. രണ്ടാമത്തേത് ശമ്പളത്തൊഴിലുകൾ ചെയ്യുന്നവരുടെ ശതമാനം. മൂന്നാമത്തേത് കാഷ്വൽ തൊഴിലാളികളുടെ ശതമാനവും. 2018–--2019ൽ ശമ്പളത്തൊഴിലുകൾ ചെയ്തിരുന്നവർ 32.7 ശതമാനമായിരുന്നു. അത് 2023-–-2024 ൽ 38.9 ശതമാനമായികൂടി. വർധന 6.2 ശതമാനമാണ്. ഇതേ കാലത്ത് രാജ്യത്തെ മൊത്തം സ്ഥിതി എന്താണ്. ശമ്പളത്തൊഴിലുകൾ ചെയ്യുന്നവർ 2 ശതമാനം കണ്ട് ഇടിഞ്ഞു.
ശമ്പളത്തൊഴിലുകൾ ചെയ്യുന്നവരുടെ ദേശീയ ശരാശരി 23.2 ശതമാനം മാത്രമാണ്. രാജ്യത്ത് പൊതുവിൽ തൊഴിലിന്റെ അസംഘടിത സ്വഭാവം ഉയരുമ്പോൾ കേരളം കൈവരിക്കുന്ന ഈ നേട്ടത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. സ്വയം തൊഴിലുകളുടെ ചേരുവ 38.6 ശതമാനത്തിൽനിന്നും 40.5 ശതമാനമായി ഉയരുകയും ചെയ്തു. അതേ സമയം കാഷ്വൽ തൊഴിലുകൾ 28.7 ശതമാനത്തിൽനിന്നും 20.6 ശതമാനമായി കുറഞ്ഞു. 8.1 ശതമാനത്തിന്റെ ഗണ്യമായ കുറവാണ് ഇവിടെ രേഖപ്പെടുത്തുന്നത്. അതിൽ 6.2 ശതമാനവും സ്ഥിരം ശമ്പളത്തൊഴിലുകളായിട്ടാണ് മാറിയത്. ഇതൊന്നും കേരളത്തിന്റെ കണക്കുകളല്ല. കേന്ദ്ര സർക്കാരിന്റെ കണക്കുകൾ ആധാരമാക്കി India Ratings and Research എന്ന ഗവേഷണ സ്ഥാപനം നടത്തിയ വിശകലനത്തിലെ കണക്കുകളാണിവ. എന്നാൽ വേതനം എങ്ങനെയാണ്. അതും പഠനം പറയുന്നുണ്ട്. ദേശീയ ശരാശരിയുടെ 1.29 മടങ്ങ് ഉയർന്നതാണ് കേരളത്തിലെ സംഘടിത മേഖലയിലെ വേതനം. ദിവസ വേതന നിരക്കുകളിലും കേരളം ബഹുദൂരം മുന്നിലാണ്. കാർഷിക മേഖലയിലെ ദിവസ വേതനം കേരളത്തിൽ 807 രൂപയും ദേശീയ ശരാശരി 372 രൂപയുമാണ്. രണ്ടാം സ്ഥാനത്തുള്ള ജമ്മു കശ്മീരിലെ കാർഷിക തൊഴിൽ വേതനം 566 രൂപയാണ് എന്നത് കാണണം. നിർമാണ മേഖലയിൽ കേരളത്തിന്റെ ദിവസവേതന നിരക്ക് 893 രൂപയും ദേശീയ ശരാശരി 417 രൂപയുമാണ്. ഇതര മേഖലകളിലെ ദിവസവേതനം കേരളത്തിൽ 735 രൂപയും ദേശീയ ശരാശരി 371 രൂപയുമാണ്. റിസർവ് ബാങ്കിന്റെ ഇപ്പോൾ പുറത്തു വന്ന HAND BOOK OF STATISTICS ON INDIAN STATES ലാണ് ഈ കണക്കുകളുള്ളത്. പണിയെടുക്കുന്നവരുടെ അവകാശം കേരളം ആർജിച്ച സഞ്ചിതമായ സമ്പത്താണ്. ഇതാർക്കും മറയ്ക്കാനാകില്ല.
2018-–-2019 മുതൽ 2023-–-2024 വരെ കേരളത്തിലെ തൊഴിൽ മേഖലയിലുണ്ടായ മാറ്റമാണ് ബാർ ചാർട്ട് കാണിക്കുന്നത്.
മൂന്നു ബാറുകളിൽ ആദ്യത്തേത് സ്വയം തൊഴിലുകൾ
ചെയ്യുന്നവരുടെ ശതമാനം. രണ്ടാമത്തേത് ശമ്പളത്തൊഴിലുകൾ ചെയ്യുന്നവരുടെ ശതമാനം. മൂന്നാമത്തേത് കാഷ്വൽ തൊഴിലാളികളുടെ ശതമാനം. 2018–--2019ൽ ശമ്പളത്തൊഴിലുകൾ ചെയ്തിരുന്നവർ 32.7 ശതമാനമായിരുന്നു. അത് 2023-–-2024 ൽ 38.9 ശതമാനമായികൂടി. വർധന 6.2 ശതമാനം. ഇതേകാലത്ത് രാജ്യത്തെ മൊത്തം ശമ്പളത്തൊഴിൽ
2 ശതമാനം ഇടിഞ്ഞു. ശമ്പളത്തൊഴിലിന്റെ ദേശീയ ശരാശരി
23.2 ശതമാനം മാത്രം
മാറുന്ന വ്യവസായ അന്തരീക്ഷം
ഈ ശമ്പളത്തൊഴിലുകൾ എവിടെനിന്നും വന്നു എന്നതും ഈ റിപ്പോർട്ട് പറയുന്നുണ്ട്. കാർഷികേതര തൊഴിലുകളിൽ സ്വകാര്യ മേഖലയുടെയും പൊതുമേഖലയുടെയും പങ്ക് ഉയർന്നു. ഇതാണ് ഗണ്യമായ ഈ മാറ്റത്തിനാധാരം. ഇവിടെ രണ്ടു കാര്യങ്ങൾ പ്രസക്തമാണ്. സംരംഭങ്ങൾക്കും നിക്ഷേപങ്ങൾക്കും അനുഗുണമായ ഒരു അന്തരീക്ഷം കേരളത്തിൽ ഉയർന്നിട്ടുണ്ട് . യൂണിയൻ സർക്കാരിന്റെ വിവിധ ഏജൻസികൾ നടത്തിയിട്ടുള്ള വിവിധ റാങ്കിങ്ങുകളും പഠന റിപ്പോർട്ടുകളും ഇതിനോടു ചേർത്തു കാണണം. കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയമാണ് നിക്ഷേപ സൗഹൃദ അന്തരീക്ഷം (ease of doing business ranking) റാങ്ക് ചെയ്യുന്നത്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ 2024 ൽ കേരളമാണ് ഒന്നാംസ്ഥാനത്ത്. വെള്ളം, വൈദ്യുതി, വിവര വിനിമയ ശൃംഖല എന്നിവയുടെ ത്വരിത ഗതിയിലുള്ള ലഭ്യതയാണ് ഈ നേട്ടത്തിന് ഒരു പ്രധാന കാരണം. കഴിഞ്ഞ എട്ടു കൊല്ലമായി പശ്ചാത്തല സൗകര്യ നിർമാണത്തിൽ കേരളം കിഫ്ബി വഴിയും മറ്റും നടത്തുന്ന മുതൽമുടക്ക് എങ്ങനെയാണ് കേരളത്തെ മാറ്റുന്നത് എന്നതിന്റെ തെളിവുകൂടിയാണിത്. നികുതി സൗഹൃദ അന്തരീക്ഷം, സേവന ലഭ്യതയുടെ കാര്യക്ഷമത എന്നിവയൊക്കെ ചേർന്നാണ് കേരളത്തിന് ഈ നേട്ടം കൊണ്ടുവന്നത്. ചെറുകിട സൂക്ഷ്മ സംരംഭങ്ങളുടെ വളർച്ചയും ദേശീയതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടിരുന്നു. മറ്റൊരു പ്രസക്തമായ കാര്യം ഏഷ്യയിലെ തന്നെ മികച്ചതായി മാറിയ കേരളത്തിന്റെ സ്റ്റാർട്ടപ് ഇക്കോ സിസ്റ്റമാണ്. സ്വയം തൊഴിലുകളിൽ വരുന്ന ഉയർച്ച ഇവയുടെ ഫലമാണ്. പശ്ചാത്തല സൗകര്യ സൃഷ്‌ടിയും വ്യവസായ സൗഹൃദ അന്തരീക്ഷവും മികച്ച സ്റ്റാർട്ടപ് ഇക്കോ സിസ്റ്റവും എല്ലാം മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷമായി രൂപാന്തരപ്പെടുന്ന ചിത്രമാണ് ഈ പഠനം നൽകുന്നത്. സംസ്ഥാന പൊതുമേഖലയുടെ തൊഴിൽ സാധ്യതയും ഉയർന്നു എന്നതാണ് റിപ്പോർട്ട് തെളിയിക്കുന്നത്. തൊഴിൽ ക്ഷമതയിൽ കേരളം രാജ്യത്തെ ആദ്യ അഞ്ചു സംസ്ഥാനങ്ങളിൽ ഉൾപ്പെടും എന്ന India Skills Report 2025 പഠനത്തിന്റെ നിഗമനവും ഏറെ പ്രാധാന്യമുള്ളതാണ്. തൊഴിൽ മേഖലയിലെ ഗുണപരമായ പരിവർത്തനം കൂടുതൽ ശക്തിപ്പെടുമെന്നാണ് ഇതിന്റെ പൊരുൾ വിജ്ഞാന കേരളം പദ്ധതി ഉന്നം വയ്ക്കുന്നതും ഇതാണ്.
മനോരമ മറയ്ക്കുന്നതെന്ത്
മലയാള മനോരമ ചൂണ്ടിക്കാട്ടിയ മേഖലകളിൽ തന്നെ കേരളം എങ്ങനെ ഗുണപരമായി വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതു നോക്കാം. പരാധീനതകൾ ചൂണ്ടിക്കാട്ടിയ തൊഴിൽ മേഖലകളിൽ മഹാഭൂരിപക്ഷം പേരും ഉൾക്കൊള്ളുന്നത് ആശ, അങ്കണവാടി, സ്കൂൾ ഉച്ചഭക്ഷണ തൊഴിലാളികൾ, സമഗ്ര ശിക്ഷാ അഭിയാൻ സ്പെഷ്യൽ ടീച്ചേഴ്‌സ് എന്നിങ്ങനെ യൂണിയൻ സർക്കാരിന്റെ സ്കീം തൊഴിലുകളിലാണ്. സംസ്ഥാന സർക്കാരിന്റെ ദിവസ വേതന/ കരാർ മേഖലകളിലെ പരാധീനതയും പരമ്പരയിലുണ്ട്. വർധിച്ച ഔത്സുക്യംമൂലമാകണം ഗിഗ് വർക്കേഴ്‌സിന്റെ പ്രശ്നങ്ങളും പരമ്പരയുടെ ഭാഗമാണ്. അവ അഭിസംബോധന ചെയ്യപ്പെടേണ്ടതു തന്നെയാണ്. എന്നാൽ ഈ മേഖല തികച്ചും വ്യത്യസ്തമായ ഒരു തൊഴിൽ ഇക്കോ വ്യൂഹമാണ് എന്നതു മനസ്സിലാക്കി മാത്രമേ ഇടപെടൽ സാധ്യമാകൂ.
കേന്ദ്ര സർക്കാരിന്റെ വിവിധ സ്കീം തൊഴിലുകളിൽ രാജ്യത്താകമാനം ഒരു കോടി തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇവരിൽ 98 ശതമാനവും സ്ത്രീകളാണ്. ഇവർ തൊഴിലാളികളാണ് എന്നു തന്നെ യൂണിയൻ സർക്കാർ അംഗീകരിക്കുന്നില്ല. അവകാശങ്ങൾ നിഷേധിക്കാൻ ഈ വിഭാഗത്തെ സന്നദ്ധ സേവകർ എന്നാണ് വിശേഷിപ്പിക്കുക. യൂണിയൻ സർക്കാരിന്റെ മുൻനിര സ്കീമുകളായ ഐസിഡിഎസ്, സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി, ദേശീയ ആരോഗ്യ മിഷൻ, സമഗ്ര ശിക്ഷാ അഭിയാൻ തുടങ്ങിയവയൊക്കെ തുലോം കുറഞ്ഞ വേതനത്തിൽ പണിയെടുക്കുന്ന തൊഴിലാളികളെ ചൂഷണം ചെയ്താണ് നടത്തുന്നത്. ആശാ വർക്കർമാരുടെ പ്രതിഫലം കേന്ദ്ര സർക്കാർ നൽകുന്നത് രണ്ടായിരം രൂപ മാത്രമാണ്. കേരളം ഏഴായിരം രൂപ അധികമായി കൊടുക്കുന്നു. അങ്കണവാടി വർക്കർമാർക്ക് 4500 രൂപയും ഹെൽപ്പർമാർക്ക് 2250 രൂപയുമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. കേരളം 8500 രൂപയും 6750 രൂപയും അധികമായി നൽകുകയാണ്. സ്കൂൾ പാചക തൊഴിലാളികളുടെ കേന്ദ്ര മാനദണ്ഡപ്രകാരമുള്ള വേതനം പ്രതിമാസം ആയിരം രൂപയാണ്. കേരളം 600 മുതൽ 675 രൂപ വരെയാണ് പ്രതിദിനം കൊടുക്കുന്നത്. ഇങ്ങനെ യൂണിയൻ സർക്കാരിന്റെ പ്രധാന പദ്ധതികൾക്കു വേണ്ടി വരുന്ന വേതന ചെലവിനത്തിൽ സംസ്ഥാനം വലിയ ബാധ്യത വഹിക്കുന്നതാണ് സ്ഥിതി. ഈ നിരക്കുകൾ യൂണിയൻ സർക്കാർ ഗണ്യമായി ഉയർത്തണം എന്നു പറയാൻ മനോരമയ്ക്ക് അത്ര ശബ്ദം പോര. അല്ലെങ്കിൽ അതു മറച്ച് അതിന്റെ തട്ടും സംസ്ഥാനത്തിനിരിക്കട്ടെ എന്ന ഇംഗീതമാണ് മനോരമ പുലർത്തുന്നത്. കേരളത്തിൽ വളർന്നു വരുന്ന തൊഴിൽസൗഹൃദ അന്തരീക്ഷത്തെ പുകമറയിലാക്കുക എന്ന ക്വട്ടേഷനാണ് പ്രധാനമായും മലയാള മനോരമയുടെ പരമ്പരയുടെ ഉന്നം.
(കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ
ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ
സ്‌റ്റഡീസിൽ സ്വതന്ത്ര ഗവേഷകനാണ് ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..