12 December Thursday

കരുത്തോടെ കർഷകർ

സാജൻ എവുജിൻUpdated: Tuesday Dec 10, 2024

ഡൽഹി കേന്ദ്രീകരിച്ച്‌ 1980കളിൽ നടന്ന കർഷക സമരങ്ങളും ഇപ്പോൾ നടക്കുന്ന പ്രക്ഷാേഭങ്ങളും തമ്മിൽ വ്യത്യാസമുണ്ട്‌. അന്നത്തെ സമരങ്ങൾ  മിക്കവാറും ധനിക കർഷകരുടെയും ഭൂഉടമകളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ സംഘടിപ്പിച്ചവയായിരുന്നു. പൊതുസംഭരണവും സബ്സിഡി ഏർപ്പെടുത്തിയുള്ള പൊതുവിതരണ സമ്പ്രദായവും  തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക്‌   വിലയിടിയാൻ കാരണമാകുമെന്ന്‌ അവർ  വാദിച്ചിരുന്നു. അന്ന് സമരം സംഘടിപ്പിച്ച പല സംഘടനകളും സ്വതന്ത്ര വിപണിയുടെ വക്താക്കളായിരുന്നു


ബിസിനസ്‌ മാസിക ഫോർച്യൂൺ ഇന്ത്യയുടെ റിപ്പോർട്ട്പ്രകാരം രാജ്യത്തെ 185 അതിസമ്പന്നരുടെ മൊത്തം ആസ്‌തി 99.86 ലക്ഷം കോടി രൂപയാണ്‌. 2024 മാർച്ചിലെ കണക്കനുസരിച്ച്‌ ഇന്ത്യയുടെ മൊത്തം ആഭ്യന്തരവരുമാനം (ജിഡിപി) 295.36 ലക്ഷം കോടി രൂപയും. അതായത്‌, രാജ്യത്തിന്റെ ജിഡിപിയുടെ 33.81 ശതമാനവും കൈയാളുന്നത്‌ ഈ 185 പേരാണ്‌. ഇവരിൽ തന്നെ ഏറ്റവും മുകളിലുള്ളവർക്കാണ്‌ വരുമാനത്തിലും ആസ്‌തിയിലും വൻ കുതിപ്പെന്നും രാജ്യത്തെ സ്വത്ത്‌ വിതരണത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.  127 രാജ്യം അടങ്ങുന്ന ആഗോള പട്ടിണിസൂചികയിൽ ഇന്ത്യയുടെ സ്ഥാനം 105–-ാമതുമാണ്‌.  കഴിഞ്ഞ മൂന്ന്‌ ദശകത്തിൽ മൂന്ന്‌ ലക്ഷത്തിൽപ്പരം കർഷകരാണ്‌ രാജ്യത്ത്‌ കടക്കെണിയിൽ കുടുങ്ങി ജീവനൊടുക്കിയത്‌.   കർഷകരുടെ വരുമാനം അഞ്ച്‌ വർഷത്തിനുള്ളിൽ ഇരട്ടിയാക്കുമെന്ന്‌ നരേന്ദ്രമോദിയുടെ രണ്ടാം സർക്കാർ 2017ൽ പ്രഖ്യാപിച്ചിരുന്നു. വിലക്കയറ്റം പൊറുതിമുട്ടിക്കുമ്പോഴും കർഷകരുടെ യഥാർഥ വരുമാനത്തിൽ കുറവുണ്ടാകുന്നുവെന്നതാണ്‌  യാഥാർഥ്യം.

കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്ന താങ്ങുവിലയൊന്നും കർഷകർക്ക്‌ ആശ്വാസമാകുന്നില്ല. വിളകൾക്ക്‌ സ്വാമിനാഥൻ കമീഷൻ ശുപാർശചെയ്‌ത ഫോർമുല പ്രകാരം ആദായകരമായ മിനിമം താങ്ങുവില വാഗ്‌ദാനം ചെയ്‌താണ്‌ 2014ൽ ബിജെപി കേവലഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നത്‌. ഭരണം കൈയിൽ കിട്ടിയപ്പോൾ ഈ വാക്ക്‌ വിഴുങ്ങുകയും കാർഷികമേഖല കോർപറേറ്റുവൽക്കരിക്കാൻ തിരക്കിട്ട നീക്കം തുടങ്ങുകയും ചെയ്‌തു. മോദിയുടെ ഒന്നും രണ്ടും സർക്കാരുകളുടെ കാലത്ത്‌ ഉജ്വല കർഷകപ്രക്ഷോഭങ്ങൾക്ക്‌ ഇതു വഴിതെളിച്ചു. 2020ൽ കോവിഡിന്റെ മറവിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന്‌ കാർഷികനിയമത്തിനെതിരായ കർഷകപ്രക്ഷോഭം സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ ബഹുജനമുന്നേറ്റമായി മാറി. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ കേവലഭൂരിപക്ഷം നഷ്ടപ്പെട്ടതിൽ പ്രധാന പങ്ക്‌ വഹിച്ചത്‌ കർഷകപ്രക്ഷോഭം ഉയർത്തിയ ആവേശവും, നൽകിയ സന്ദേശവുമാണ്‌. ബിജെപിക്കും ഇക്കാര്യം ബോധ്യമായെന്ന്‌ ഉറപ്പാണ്‌.  ഹരിയാനയിലും മഹാരാഷ്‌ട്രയിലും ഈയിടെ നടന്ന  നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക്‌ മുന്നോടിയായി ബിജെപി–-ബിജെപി മുന്നണി- സർക്കാരുകൾ നടപ്പാക്കിയ ചില ആനുകൂല്യവിതരണ പദ്ധതികൾ ഇതിനു തെളിവാണ്‌. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പാണ്‌ പിഎം–-കിസാൻ സമ്മാൻ നിധിയുടെ 18–-ാം ഗഡുവിതരണത്തിന്റെ ഉദ്‌ഘാടനം പ്രധാനമന്ത്രി മഹാരാഷ്‌ട്രയിൽ നിർവഹിച്ചത്‌.


 

അതേസമയം, വിളകൾക്ക്‌ ആദായകരമായ എംഎസ്‌പി എന്ന ആവശ്യം നടപ്പാക്കാൻ മോദിസർക്കാർ തയ്യാറല്ല. കാർഷിക മേഖലയുടെ കോർപറേറ്റുവൽക്കരണത്തിന്‌ തടസ്സമാണ്‌  എംഎസ്‌പി സമ്പ്രദായം. കർഷകർ കടക്കെണിയിൽനിന്ന്‌ മോചിതരാകാനും കാർഷികമേഖലയുടെയും രാജ്യത്തിന്റെയും പുരോഗതിക്കും എംഎസ്‌പി കാരണമാകുമെങ്കിലും കോർപറേറ്റുകൾ നടത്തുന്ന ചൂഷണത്തിന്‌ തടയിടാൻ ഇത്‌ വഴിയൊരുക്കും. മോദിസർക്കാരിന്റെ കോർപറേറ്റ്‌പ്രീണനത്തിന്‌ എതിരായി രാജ്യത്ത്‌ കർഷകപ്രക്ഷോഭങ്ങൾ തുടരുന്നത്‌ ഈ സാഹചര്യത്തിലാണ്‌. പഞ്ചാബിൽനിന്ന്‌ കർഷകർ ഡൽഹിയിലേക്ക്‌ മാർച്ച്‌ ചെയ്യുകയാണ്‌.  പ്രക്ഷാേഭകരെ ഹരിയാനയിലെ ബിജെപി സർക്കാർ ബലംപ്രയോഗിച്ച്‌ തടയാൻ ശ്രമിക്കുന്നു. വാണിജ്യആവശ്യങ്ങൾക്കായി ഏറ്റെടുത്ത ഭൂമിക്ക്‌ ന്യായവില ആവശ്യപ്പെട്ട്‌ ഗ്രേറ്റർ നോയിഡയിലെ കർഷകർ ദീർഘകാലമായി പ്രക്ഷോഭത്തിലാണ്‌. കർഷകനേതാക്കളെ ജയിലിൽ അടച്ച്‌ സമരം തകർക്കാനാണ്‌ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ്‌ സർക്കാരിന്റെ നീക്കം.

ഡൽഹി കേന്ദ്രീകരിച്ച്‌ 1980കളിൽ നടന്ന കർഷക സമരങ്ങളും ഇപ്പോൾ നടക്കുന്ന പ്രക്ഷാേഭങ്ങളും തമ്മിൽ വ്യത്യാസമുണ്ട്‌. അന്നത്തെ സമരങ്ങൾ  മിക്കവാറും ധനിക കർഷകരുടെയും ഭൂഉടമകളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ സംഘടിപ്പിച്ചവയായിരുന്നു. പൊതുസംഭരണവും സബ്സിഡി ഏർപ്പെടുത്തിയുള്ള പൊതുവിതരണ സമ്പ്രദായവും  തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക്‌   വിലയിടിയുവാൻ കാരണമാകുമെന്ന്‌ അവർ  വാദിച്ചിരുന്നു. അന്ന് സമരം സംഘടിപ്പിച്ച പല സംഘടനകളും സ്വതന്ത്ര വിപണിയുടെ വക്താക്കളായിരുന്നു. സർക്കാർ സംഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തി അരക്ഷിതാവസ്ഥയിൽനിന്ന്‌ കർഷകരെ കരകയറ്റണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ഇപ്പോഴത്തെ പ്രക്ഷോഭങ്ങൾ.

രാജ്യത്തെ കർഷകരിൽ 70 ശതമാനത്തിനും ഒരേക്കറിൽ താഴെമാത്രമാണ് സ്വന്തം ഭൂമിയെന്ന്‌ ദേശീയ സ്ഥിതിവിവരക്കണക്ക്‌ ഓഫീസിന്റെ സർവേയിൽ കണ്ടെത്തിയിട്ടുണ്ട്‌.  10 ഏക്കറിൽ കൂടുതൽ ഭൂമിയുള്ളത്‌ 0.4 ശതമാനം കർഷകകുടുംബങ്ങൾക്ക്‌ മാത്രം.  ധനിക കർഷകർ മാത്രമാണ്‌  പ്രക്ഷോഭങ്ങളിൽ  അണിനിരക്കുന്നതെങ്കിൽ ഇത്ര വിപുലമായ പങ്കാളിത്തവും ത്യാഗസന്നദ്ധതയും ദർശിക്കാനാകുമായിരുന്നില്ല.  കാർഷികവൃത്തിയിൽനിന്നും ജീവിതമാർഗം  കണ്ടെത്തുന്ന എല്ലാ വിഭാഗം ജനങ്ങളും ഈ സമരങ്ങളുടെ ഭാഗമാണ്‌.  സാധാരണക്കാർക്കും ദരിദ്രർക്കും  ദീർഘ സമരങ്ങളുടെ ഭാഗമാകുകയെന്നത് അങ്ങേയറ്റം ബുദ്ധിമുട്ടാണ്. ഏറ്റവും ദരിദ്രർ പലപ്പോഴും  അന്നത്തിനുള്ള വക അന്നന്നത്തെ അധ്വാനത്തിൽനിന്ന്‌ കണ്ടെത്തുന്നവരാണ്.  ഇവരെല്ലാം പ്രക്ഷോഭങ്ങളിൽ പങ്കുചേരുന്നത്‌ ഇവർ ഉയർത്തുന്ന അടിസ്ഥാനപരമായ ആവശ്യങ്ങളുടെ  പ്രസക്തിയാണ്‌ വിളിച്ചോതുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top