26 December Thursday

ഐതിഹാസികപോരാട്ടത്തിനൊരുങ്ങി കർഷകരും തൊഴിലാളികളും

എളമരം കരീംUpdated: Monday Nov 25, 2024

ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ, രാജ്യത്തെ തൊഴിലാളികളെയും കർഷകരെയും കോർപറേറ്റുകളുടെ നിർദയചൂഷണത്തിന് വിധേയരാക്കുകയാണ്. മിനിമം വേതനംപോലും നിഷേധിക്കപ്പെടുന്ന തൊഴിലാളികളെ വ്യാപകമായ കരാർവൽക്കരണം, തൊഴിൽനിയമങ്ങളുടെ നഗ്നമായ ലംഘനം, നിർബന്ധിത കുടിയേറ്റം തുടങ്ങിയ യാതനകളിലേക്ക് തള്ളിവിടുന്നു. ഉൽപ്പന്നങ്ങൾക്ക് ന്യായവില നൽകാതെ കർഷകരെയും കോർപറേറ്റുകളുടെ കൊള്ളയ്‌ക്ക് വിധേയമാക്കുന്നു.  കാർഷികമേഖല, വനങ്ങൾ, ധാതുവിഭവങ്ങൾ തുടങ്ങിയവയെയും കോർപറേറ്റുകൾക്ക് അധീനപ്പെടുത്താൻ സർക്കാർ കൂട്ടുനിൽക്കുന്നു. ഈ നയങ്ങൾക്കെതിരെ നവംബർ 26ന് രാജ്യത്തെ തൊഴിലാളികളും കർഷകരും ഒറ്റക്കെട്ടായി രാജ്യവ്യാപകപ്രക്ഷോഭത്തിനിറങ്ങുകയാണ്. ട്രേഡ് യൂണിയൻ സംയുക്തസമിതിയും സംയുക്ത കിസാൻ മോർച്ചയും ഒരുമിച്ചാണ് ചരിത്രപ്രധാനമായ ഈ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‌തത്.

രാജ്യത്തെ ഭരണവർഗ രാഷ്ട്രീയപാർടികൾ ഭരണത്തിലും പ്രതിപക്ഷത്തുമുള്ളവർ അന്തർദേശീയ മൂലധനശക്തികളുടെ പാവകളായാണ് പ്രവർത്തിക്കുന്നത്. ഇവർക്കെതിരെ തൊഴിലാളി- കർഷക പ്രസ്ഥാനങ്ങൾ നിരന്തരസമരത്തിലാണ്. ശക്തമായ തൊഴിലാളി- കർഷക ഐക്യമാണ് സമീപകാലത്ത് രൂപംകൊണ്ടത്. മോദി സർക്കാർ നയങ്ങളോടുള്ള അധ്വാനിക്കുന്ന വർഗങ്ങളുടെ രോഷമാണ്‌ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി നൽകിയത്‌. ഹരിയാനയിൽ അവർക്ക് ഭൂരിപക്ഷം നേടാനായെങ്കിലും പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലഭിച്ച 46.36 ശതമാനം വോട്ടുകൾ 39.9 ശതമാനമായി കുറഞ്ഞു. ജനങ്ങളുടെ രോഷം പ്രകടമാക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ. ജനവികാരം തെല്ലും മാനിക്കാതെ കോർപറേറ്റ് അനുകൂല നയങ്ങൾ വാശിയോടെ നടപ്പാക്കുമെന്ന പ്രഖ്യാപനമാണ് നിലവിലെ കേന്ദ്രസർക്കാർ ആദ്യ ബജറ്റിലൂടെ വ്യക്തമാക്കിയത്.

ബജറ്റിൽ പ്രഖ്യാപിച്ച ഡിജിറ്റൽ അഗ്രികൾച്ചറൽ മിഷൻ  (ഡിഎഎം) കാർഷികമേഖല കോർപറേറ്റുകൾക്ക് അധീനപ്പെടുത്താൻ സഹായിക്കുന്ന പദ്ധതിയാണ്. കൃഷിരീതികളെത്തന്നെ മാറ്റിമറിക്കാനാണ് സർക്കാർ നീക്കം. ഭക്ഷ്യധാന്യകൃഷിക്കുള്ള ഊന്നൽ മാറ്റി നാണ്യവിളകൾക്ക് പ്രാമുഖ്യം നൽകുന്നത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും. ഈ ലക്ഷ്യം വച്ച് പാർലമെന്റിൽ പാസാക്കിയെടുത്ത വിവാദ കാർഷിക നിയമങ്ങൾ കർഷകസമരത്തെ തുടർന്ന് പിൻവലിക്കേണ്ടിവന്നു. എന്നാൽ, അതിൽ നിർദേശിച്ച കോർപറേറ്റ് അനുകൂലനയം പിൻവാതിലിലൂടെ നടപ്പാക്കാനാണ് ശ്രമം. കാർഷിക ഉൽപ്പന്ന സംസ്കരണമേഖല, മൂല്യവർധിതപരിപാടികൾ, കാർഷികോൽപ്പന്ന സംഭരണം, വിപണനം എന്നീ മേഖലകളിൽ കേന്ദ്രം ലക്ഷ്യംവയ്‌ക്കുന്ന പരിഷ്കാരങ്ങൾ ഭക്ഷ്യസുരക്ഷ അവതാളത്തിലാക്കും. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നിർദേശിച്ചപ്രകാരമുള്ള സംഭരണവില നിശ്ചയിക്കുന്ന നിയമനിർമാണത്തിന് ഇതുവരെ കേന്ദ്രസർക്കാർ സന്നദ്ധമായിട്ടില്ല.

2014ൽ ബിജെപി നൽകിയ വാഗ്ദാനം കാറ്റിൽപ്പറത്തി. തൊഴിൽ മേഖലയിൽ, സംഘടിത വ്യവസായങ്ങളിൽ സ്ഥിരം ജോലിക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഫാക്ടറികളിൽ കരാറടിസ്ഥാനത്തിൽ തൊഴിലാളികളെ നിയമിക്കുന്നു. വേതനവും മറ്റാനുകൂല്യങ്ങളും നൽകാതെ കടുത്ത ചൂഷണമാണ് നടക്കുന്നത് . ഇന്ത്യയിലെ കോർപറേറ്റ് കമ്പനികളിലെല്ലാം ഈ അവസ്ഥയാണ്. പുതിയ ലേബർകോഡിൽ, ‘നിശ്ചിതകാല തൊഴിൽ’ എന്ന വ്യവസ്ഥ കൊണ്ടുവന്നത് സ്ഥിരംജോലി ഇല്ലാതാക്കാനാണ്. പൊതുമേഖലയിലും കരാറടിസ്ഥാനത്തിലുള്ള നിയമനം വർധിക്കുന്നു. റെയിൽവേയിൽ നാല് ലക്ഷത്തിലധികം കരാർ തൊഴിലാളികളാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡ് കോർപറേഷനിൽ മഹാഭൂരിപക്ഷവും കരാർ തൊഴിലാളികളാണ്‌.

കരാർജോലിക്കാർക്ക് നിയമം അനുശാസിക്കുന്ന ഒരാനുകൂല്യവും ലഭിക്കുന്നില്ല. ന്യായമായ വേതനം, ഇഎസ്ഐ– -പിഎഫ് ആനുകൂല്യങ്ങൾ, ഗ്രാറ്റുവിറ്റി, പെൻഷൻ തുടങ്ങിയവയെല്ലാം നിഷേധിക്കപ്പെടുന്നു. ട്രേഡ് യൂണിയൻ രൂപീകരണംപോലും അനുവദിക്കുന്നില്ല. ഈയിടെ, ചെന്നൈയിലെ സാംസങ് കമ്പനിയിൽ തൊഴിലാളികൾ യൂണിയൻ രൂപീകരിച്ചപ്പോൾ അംഗീകാരം നൽകാൻ മാനേജ്മെന്റും സംസ്ഥാനസർക്കാരും സന്നദ്ധമായില്ല. തുടർന്ന്, പണിമുടക്ക് നടത്തേണ്ടിവന്നു. സർക്കാർ– പൊതുമേഖലാ സ്ഥാപനങ്ങളിൽ കരാർ നിയമനം സാമൂഹ്യനീതിയുടെ നിഷേധമാണ്. സംവരണാനുകൂല്യം നഷ്ടപ്പെടും. ഭരണഘടനാ വ്യവസ്ഥയുടെ നഗ്നമായ ലംഘനമാണിത്‌.

വ്യാപകമായ കരാർവൽക്കരണവും ട്രേഡ് യൂണിയൻ രൂപീകരണം നിഷേധിക്കലും സ്വകാര്യമേഖലയിൽ സമ്പത്ത് കുത്തകകളുടെ കൈയിൽ കേന്ദ്രീകരിക്കാനിടയാക്കുന്നു.  പൊതുസമ്പത്ത് കൊള്ളയടിച്ചും അധ്വാനിക്കുന്ന വർഗത്തെ ചൂഷണം ചെയ്തും സമ്പത്ത് വാരിക്കൂട്ടാൻ കോർപറേറ്റുകൾക്ക് മോദി സർക്കാർ കൂട്ടുനിൽക്കുന്നു. ഇതിനു പകരമായി, കോടിക്കണക്കിന് പണം ഇലക്ടറൽ ബോണ്ടുകൾ വഴിയായും കോഴയായും കോർപറേറ്റുകൾ നൽകുന്നു. ബാങ്കുകളിൽനിന്ന് കോർപറേറ്റുകൾ എടുക്കുന്ന വായ്പ കിട്ടാക്കടമാക്കുകയും ഒടുവിൽ കേന്ദ്രം എഴുതിത്തള്ളുകയും ചെയ്യുന്നു. കേന്ദ്രസർക്കാരിന്റെ ഈ നയങ്ങൾ ജനജീവിതം താറുമാറാക്കുന്നു. ചുരുങ്ങിയ വരുമാനംകൊണ്ട് ക്ലേശിച്ച് ജീവിക്കുകയാണവർ. ലോകത്ത് ഏറ്റവും കൂടുതൽ ദാരിദ്ര്യം നിലനിൽക്കുന്ന രാജ്യമായി ഇന്ത്യ മാറി. തൊഴിലില്ലായ്മ രൂക്ഷമായി.

ഇതാണ് മോദിയുടെ ‘വികസിതഭാരതം’ ഈ സാഹചര്യത്തിലാണ്, കേന്ദ്രനയങ്ങൾക്കെതിരെ തൊഴിലാളി കർഷക സംയുക്ത സമിതി സമരത്തിനാഹ്വാനം നൽകിയത്. തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കാർഷിക ഉൽപ്പന്നങ്ങൾക്ക് സ്വാമിനാഥൻ കമീഷൻ ശുപാർശ പ്രകാരമുള്ള സംഭരണവില നിശ്ചയിക്കുകയും സംഭരണം ശക്തിപ്പെടുത്തുകയും ചെയ്യുക, തൊഴിൽ മേഖലയിലെ കരാർവൽക്കരണം അവസാനിപ്പിക്കുക, ദേശീയ മിനിമംവേതനം പ്രതിമാസം 26,000 രൂപയായി നിശ്ചയിക്കുക, വിരമിക്കുന്ന തൊഴിലാളികൾക്ക്‌ പ്രതിമാസം 10,000 രൂപവീതം പെൻഷൻ നൽകുക, സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, സ്കീം വർക്കേഴ്സ്, കർഷകത്തൊഴിലാളികൾ എന്നിവർക്കെല്ലാം സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് ഈ സമരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top