22 December Sunday

ധനക്കമ്മി കുറയ്ക്കാൻ
 ചെലവ് വെട്ടി - സന്തോഷ് ടി വർഗീസ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024

 

സാമ്പത്തികവളർച്ച നിരക്ക് കുറയുമെന്ന് ആശങ്കപ്പെടുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം കൈവരിച്ച 8.2 ശതമാനം വളർച്ച നിരക്ക്  നടപ്പുസാമ്പത്തിക വർഷത്തിൽ  6.5  ശതമാനത്തിലേക്കുവരെ കുറയാം. തൊഴിലില്ലായ്മാ നിരക്ക് 9.2 ശതമാനമെന്ന നിലയിൽ ഉയർന്നുനിൽക്കുകയും ചെയ്യുന്നു. ഇവ രണ്ടുമാണ് ബജറ്റ്  കൈകാര്യം ചെയ്യേണ്ടിയിരുന്ന മുഖ്യ പ്രശ്നങ്ങൾ.

എന്നാൽ, ഇതിനുനേരെ മുഖംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് ബജറ്റ് പ്രഖ്യാപനങ്ങളിൽ കാണുന്നത്. മുൻകാലങ്ങളിലേതുപോലെ ആകർഷകമായ പേരുകളിൽ വിവിധ പദ്ധതികളും പരിപാടികളും മുന്നോട്ടു വയ്ക്കുന്നുണ്ടെങ്കിലും അവയെല്ലാം ഒന്നിച്ച് സമ്പദ്‌വ്യവസ്ഥയിൽ സൃഷ്ടിക്കാൻ ഇടയുള്ള പ്രഭാവം വിലയിരുത്തണമെങ്കിൽ ബജറ്റ് വിഭാവനം ചെയ്യുന്ന മൊത്തം ചെലവു പരിശോധിക്കണം. 48.2 ലക്ഷം കോടി രൂപയുടെ മൊത്തം ചെലവാണ് മുന്നോട്ടുവയ്ക്കുന്നത്. ജിഡിപിയുടെ 14.77 ശതമാനം  മാത്രമാണ്‌ ഇത്. സമ്പദ്‌വ്യവസ്ഥയിൽ ബജറ്റിന്റെ ഫലമായി സംഭവിക്കുന്ന സ്വാധീനത്തിന്റെയും പ്രഭാവത്തിന്റെയും (മാക്രോ ഇക്കണോമിക് ഇംപാക്ട്) ചുരുക്കസൂചകമാണ് ചെലവിന്റെ ഈ അനുപാതം. എന്നാൽ, ഉയർന്ന വളർച്ച നിരക്ക് രേഖപ്പെടുത്തിയ കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ഇത് 15.04 ശതമാനം ആയിരുന്നു. അതായത് വളർച്ച നിരക്ക് ഒന്നര ശതമാനത്തിലേറെ കുറയുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽപ്പോലും അതിനെ മറികടക്കാനായി സർക്കാരിന്റെ ഇടപെടൽശേഷി  വർധിപ്പിക്കുന്നതിനു പകരം വെട്ടിക്കുറയ്ക്കുകയാണ്.

ഇത്തരമൊരു തീരുമാനത്തിനു പിന്നിലുള്ള പ്രധാന കാരണം ധനക്കമ്മി (ഫിസ്കൽ ഡെഫിസിറ്റ്) അഞ്ചുശതമാനത്തിൽ താഴെയായി പിടിച്ചുനിർത്തുക എന്നതാണ്. ധനക്കമ്മി കുറയ്ക്കുക എന്നത് ആഗോള ധനമൂലധത്തിന്റെയും നവഉദാര സാമ്പത്തിക നയത്തിന്റെയും സ്വാധീനത്താലാണ്. അതുകൊണ്ടാണ് 2021-ലെ ബജറ്റിൽ പ്രഖ്യാപിച്ച ട്രഷറി ശാക്തീകരണ (ഫിസ്കൽ കൺസോളിഡേഷൻ) പാത വിട്ടുവീഴ്ചയില്ലാതെ പിന്തുടരുകയാണ് ലക്ഷ്യമെന്ന് ബജറ്റ് പ്രസംഗത്തിൽ എടുത്തുപറഞ്ഞത്. എന്നാൽ, "ധനക്കമ്മി’ പ്രതിനിധാനം ചെയ്യുന്നത് സമ്പദ്‌വ്യവസ്ഥയിൽ സർക്കാർ നടത്തുന്ന "ഇടപെടലുകളുടെ അളവിനെയാണ്’. വ്യത്യസ്ത വീക്ഷണം വച്ചുപുലർത്തുന്ന സാമ്പത്തിക ശാസ്ത്രജ്ഞർ പോലും പരക്കെ അംഗീകരിക്കുന്ന കാര്യമാണ്‌ ഇത്.  അത്തരത്തിലുള്ള ഇടപെടൽ വർധിക്കുമ്പോൾ പലിശനിരക്ക് ഉയരാനും പണപ്പെരുപ്പം ഉണ്ടാകാനും ഓഹരി നിക്ഷേപം അടക്കമുള്ള ആസ്തികളുടെ മൂല്യം കുറയാനുമുള്ള സാധ്യതയുണ്ടെന്ന ആശങ്കയാണ് നിയോ ലിബറലിസം ഉന്നയിക്കുന്നത്.
സർക്കാരിന്റെ പ്രവർത്തനവും ഇടപെടൽ ശേഷിയും കുറയ്ക്കണമെന്ന് നേരിട്ട് ആവശ്യപ്പെട്ടാൽ ഉണ്ടാകാനിടയുള്ള എതിർപ്പിനെ ഭയപ്പെട്ടിട്ടാണ് ധനകമ്മി കുറയ്ക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നത്. ഈ ലക്ഷ്യം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള നിയോ ലിബറൽ സമീപനത്തിന്റെ ഓമനപ്പേരാണ് ട്രഷറി ശാക്തീകരണം (ഫിസ്കൽ കൺസോളിഡേഷൻ).  സർക്കാരിന്റെ ഇടപെടൽ ശേഷിയെ പരിമിതപ്പെടുത്തുകയും ദുർബലപ്പെടുത്തുകയുമാണ് ലക്ഷ്യം. വിളിപ്പേര് ശാക്തീകരണവും. അതുകൊണ്ടുതന്നെ ഇതൊരു സത്യാനന്തര ആശയംകൂടിയായി മാറുന്നു.

 

ഈ സമീപനത്തിന്റെ ഫലമായി കഴിഞ്ഞ വർഷത്തിൽ 5.6 ശതമാനം ആയിരുന്ന ധനക്കമ്മി ഈവർഷം 4.9 ശതമാനത്തിലേക്ക് കുറച്ചുകൊണ്ടുവന്നിട്ടുണ്ട്. ഇത് കൈവരിക്കുന്നതിനുവേണ്ടിയാണ് ചെലവു വെട്ടിക്കുറച്ചത്. പൊതുചെലവ്  എന്നത് സർക്കാരിന്റെ ഇടപെടൽ ശേഷിയുടെ അളവ് ആയതിനാൽ എത്രയാണോ കുറയുന്നത് അത്രകണ്ട് സർക്കാരിന്റെ  സാന്നിധ്യവും പ്രവർത്തന പരിധിയും കുറയും. ചുരുക്കിപ്പറഞ്ഞാൽ ശാക്തീകരണമെന്നപേരിൽ ട്രഷറിയെ ദുർബലപ്പെടുത്തുന്ന (ഫിസ്കൽ വീക്കനിങ്‌) സത്യാനന്തര ലക്ഷ്യമാണ് ബജറ്റ് പിന്തുടരുന്നത്. എന്നാൽ, നിയോ ലിബറൽ ശക്തികളുടെ ഈറ്റില്ലമായ വികസിത മുതലാളിത്ത രാജ്യങ്ങളിൽപ്പോലും സമ്പദ്‌വ്യവസ്ഥയുടെ താൽപ്പര്യം മുൻനിർത്തി  സഹചര്യങ്ങൾക്കനുസരിച്ച്  മറ്റു സമീപനങ്ങൾ സ്വീകരിക്കാറുണ്ട്. അമേരിക്കയിലെ ധന കമ്മി എട്ടുശതമാനത്തിനു മുകളിലും യുകെയിലേത്  ആറു ശതമാനത്തിനടുത്തുമാണ് (2023-ൽ) എന്ന വസ്തുത സാമ്പത്തിക സർവേ തന്നെ രേഖപ്പെടുത്തുന്നുണ്ട് (പേജ് 8). മാത്രമല്ല, ധന കമ്മി വർധിക്കുകയും ചെയ്തിരിക്കുന്നു. പക്ഷേ, അതിന്റെ ചുവടുപിടിച്ച് ധീരമായി മുന്നോട്ടുപോകാൻ ബജറ്റിന് കഴിയുന്നില്ല. രാജ്യത്തിനുമേൽ ധനമൂലധനം ചെലുത്തുന്ന സ്വാധീനത്തിന്റെ ആഴവും പരപ്പുമാണ് ഇത് വ്യക്തമാക്കുന്നത്.

നികുതിവരുമാനം കൂട്ടി അതിന്റെ അടിസ്ഥാനത്തിൽ ചെലവ് വർധിപ്പിച്ച് സർക്കാരിന്റെ  ഇടപെടൽ ശേഷി കൂട്ടാമല്ലോ എന്ന് നവ ഉദാരവാദക്കാർ ഉന്നയിക്കുന്നുണ്ട്.എന്നാൽ, അതിനുള്ള ഒരു ശ്രമവും ബജറ്റിൽ കാണുന്നില്ല. കഴിഞ്ഞവർഷം ജിഡിപിയുടെ 7.88 ശതമാനം ആയിരുന്നു കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം. 7.92 ശതമാനമെന്ന നിലയിലേക്കുള്ള നേരിയ വർധന മാത്രമേ  ബജറ്റ് വിഭാവനം ചെയ്യുന്നുള്ളൂ. ഇതിന് മറ്റൊരു കാരണം കൂടിയുണ്ട്. നികുതി ഇതര വരുമാനത്തിൽ വലിയ വർധന ഇപ്രാവശ്യം സംഭവിച്ചിട്ടുണ്ട്. അതിനു കാരണമായത് ലോട്ടറി പോലെ ലഭിച്ച റിസർവ്  ബാങ്കിന്റെ  ലാഭവിഹിതമായ 2.11 ലക്ഷം കോടിയാണ്. അതിസമ്പന്നരുടെമേൽ അധിക നികുതി ചുമത്തണമെന്ന ആവശ്യം ശക്തമാകുമ്പോഴും അത് അവഗണിക്കാൻ സർക്കാരിന് കഴിയുന്നത് ഈ വരുമാനംകൊണ്ടുകൂടിയാണ്. അതുകൊണ്ടുതന്നെ നികുതിയിതര വിഭാഗത്തിൽ ഉണ്ടാകുന്ന റവന്യു വർധന രാജ്യത്തെ ഫെഡറൽ സംവിധാനങ്ങൾക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. കേന്ദ്രത്തിന്റെ നികുതിയിതര വരുമാനം ധന കമീഷന്റെ പരിധിയിൽ വരികയോ സംസ്ഥാനങ്ങളുമായി വീതംവയ്ക്കുകയോ ചെയ്യേണ്ടതില്ലല്ലോ. മാത്രവുമല്ല, അതിന്റെ ബലത്തിൽ നികുതി വരുമാനം വർധിപ്പിക്കാതെ സർക്കാരിന്റെ ഇടപെടൽ ശേഷി വെട്ടിച്ചുരുക്കിമാത്രം ധന കമ്മി കുറച്ചുനിർത്താനും കഴിയും. ഒരു വെടിക്ക് രണ്ടു പക്ഷി എന്നനിലയിലാണ് കാര്യങ്ങൾ.  ചുരുക്കിപ്പറഞ്ഞാൽ യാഥാസ്ഥിതിക ധന സമീപനത്തിന്റെ നിറഞ്ഞ സ്വാധീനമാണ് ബജറ്റ് പ്രഖ്യാപനങ്ങളിൽ നിഴലിക്കുന്നത്.


 

അതിന്റെ  പ്രതിഫലനം ബജറ്റിലെ ഓരോ നിർദേശത്തിലും പ്രഖ്യാപനങ്ങളിലും കാണാൻ കഴിയും. മൂലധനച്ചെലവിൽ മുമ്പെങ്ങുമില്ലാത്ത നിലയിലുള്ള വലിയ വർധന നടത്തിയിരിക്കുന്നു എന്നാണ് പ്രഖ്യാപനം. ഏതാണ്ട് 15 ലക്ഷം കോടിയാണ് അതിനായി മാറ്റിവച്ചിരിക്കുന്നത്. എന്നാൽ, പൊതുമേഖല മൊത്തത്തിൽ നടത്തുന്ന മൂലധനച്ചെലവ് വിലയിരുത്തുമ്പോൾ വർധനയൊന്നും കാണാനില്ല. കേന്ദ്ര ബജറ്റിലൂടെ നടത്തുന്ന മൂലധനച്ചെലവിനോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങൾ ഈ ഇനത്തിൽ നടത്തുന്ന ചെലവുകൂടി ചേർക്കുമ്പോഴാണ് മൊത്തത്തിലുള്ള മൂലധനച്ചെലവ് കണക്കുകൂട്ടാൻ കഴിയുന്നത്. അങ്ങനെ നോക്കുമ്പോൾ പൊതുമേഖല നടത്തുന്ന മൂലധനച്ചെലവ് ജിഡിപിയുടെ 5.73 ശതമാനംമാത്രമാണ്. എന്നാൽ, 2019–-20ൽ ഇത് 5.78 ശതമാനമായിരുന്നു. അതായത് ബജറ്റ് വഴിയുള്ള മൂലധനച്ചെലവ് വർധിക്കുമ്പോൾ മറുവശത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ നടത്തുന്ന മൂലധന നിക്ഷേപം കുറയുകയാണ്. അന്തിമമായി നോക്കുമ്പോൾ മൊത്തം മൂലധനച്ചെലവ് വർധിക്കുന്നില്ലെന്ന് മാത്രമല്ല, നേരിയ തോതിൽ കുറയുകയും ചെയ്യുകയാണ്.

തൊഴിലില്ലായ്മാ നിരക്ക് ഉയർന്ന നിലയിലാണെന്ന് അംഗീകരിക്കുന്നില്ലെങ്കിലും യാഥാർഥ്യം കാണാതെ പോകാൻ കഴിയാത്തതുകൊണ്ടാണ് തൊഴിൽ സൃഷ്ടിക്കായി പ്രധാനമന്ത്രിയുടെ പേരിൽ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. സംഘടിതമേഖലയിൽ സൃഷ്ടിക്കപ്പെടുന്ന ഓരോ തൊഴിലവസരത്തിനും 3000 രൂപ നൽകുമെന്നാണ് പ്രഖ്യാപനം. 50 ലക്ഷംപേർക്ക് രണ്ടുവർഷത്തേക്ക് പ്രയോജനം ചെയ്യുന്ന പദ്ധതിക്കുവേണ്ടി 36,000 കോടി മാറ്റിവയ്‌ക്കേണ്ടിവരും. ഒരുവശത്ത് സബ്സിഡികൾ ഉൽപ്പാദനപരമല്ലെന്ന പൊതുനിലപാട് പ്രഖ്യാപിച്ച് ഭക്ഷ്യ, വളം സബ്സിഡികൾ പോലും വെട്ടിക്കുറയ്ക്കുമ്പോഴാണ് സ്വകാര്യമേഖലയ്ക്ക് ഒരുമടിയുമില്ലാതെ തൊഴിൽ സൃഷ്ടിയുടെ പേരിൽ സബ്സിഡി വാരിക്കോരി നൽകുന്നത്.

സബ്സിഡിയായി 3000 രൂപ ലഭിക്കുമ്പോൾ സംരംഭകരെ സംബന്ധിച്ച് ഫലത്തിൽ തൊഴിലാളിക്ക് നൽകേണ്ട കൂലിയുടെ കാര്യത്തിൽ കുറവ് സംഭവിക്കും. കൂലി കുറയുമ്പോൾ തൊഴിൽ സൃഷ്ടി വർധിക്കുമെന്ന ക്ലാസിക്കൽ സാമ്പത്തിക ശാസ്ത്രത്തിന്റെ കാലഹരണപ്പെട്ട വിലയിരുത്തലാണ് ധന മന്ത്രിയെ സ്വാധീനിക്കുന്നതെന്ന് വ്യക്തമാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി സമ്പദ്‌വ്യവസ്ഥയിലെ ബിസിനസ് സാഹചര്യം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള പൊതുചെലവ് ചെയ്യലാണ് സർക്കാർ ഏറ്റെടുക്കേണ്ടിയിരുന്നത്. എന്നാൽ, അതിനൊന്നും ശ്രമിക്കാതെ എങ്ങനെയും ധന കമ്മി കുറച്ചുകൊണ്ടു വരികയെന്ന നിയോലിബറൽ ലക്ഷ്യംമാത്രമാണ് കേന്ദ്ര ബജറ്റിൽ ദൃശ്യമാകുന്നത്.

(ലേഖകൻ എറണാകുളം മഹാരാജാസ് കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗം അധ്യക്ഷനാണ്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top