25 December Wednesday

ബഷീറിന്റെ കാൽപ്പാടുകൾ - പുത്തലത്ത് ദിനേശൻ എഴുതുന്നു

പുത്തലത്ത് ദിനേശൻUpdated: Friday Oct 4, 2024

വൈക്കം മുഹമ്മദ് ബഷീർ - ഫോട്ടോ: പുനലൂർ രാജൻ

 

ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യസമരത്തിൽ പങ്കെ-ടുത്ത് അതിനോടൊപ്പം ജീവിക്കുകയായിരുന്നു ബഷീർ. ഗാന്ധിയുടേയും, മാർക്സിന്റേയുമെല്ലാം ആശയങ്ങളെ മനുഷ്യസ്നേഹപരമായ സമീപനത്തിലൂടെ കാണുകയാണ് അദ്ദേഹം ചെയ്തത്. താൻ ഭഗത് സിങ്ങിന്റെ ആരാധകനായിരുന്നുവെന്ന കാര്യവും അദ്ദേഹം മറച്ചുവെക്കുകയുണ്ടായില്ല...


പുത്തലത്ത് ദിനേശൻ

പുത്തലത്ത് ദിനേശൻ

മലയാള സാഹിത്യ ലോകത്ത് സവിശേഷ സാന്നിധ്യമായിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാം ചരമവാർഷികമാണ് കടന്നുപോയത്. ബഷീറിന്റെ ചിന്തകൾ രൂപപ്പെട്ടുവന്ന ചുറ്റുപാടുകളും, രാഷ്ട്രീയ പശ്ചാത്തലവും വെട്ടിമാറ്റിക്കൊണ്ടുള്ള ചർച്ചകളായിരുന്നു അദ്ദേഹത്തക്കുറിച്ച് പലപ്പോഴും ഉയർന്നുവന്നത്.

ഈ സാഹചര്യത്തിൽ ബഷീർ എന്ന എഴുത്തുകാരനെ രൂപപ്പെടുത്തിയെടുക്കുന്നതിന് ഇടയാക്കിയ രാഷ്ട്രീയ അന്തരീക്ഷവും, ആശയസംഹിതകളും ഓർമപ്പെടുത്താനാണ് ഇൗ കുറിപ്പിലൂടെ ശ്രമിക്കുന്നത്.

സാഹിത്യരംഗത്തും നവോത്ഥാന ചിന്തകൾ കടന്നുവന്ന ഘട്ടത്തിലാണ് ബഷീറിന്റെ ജീവിതകാലമെന്ന് കാണാം. അക്കാലഘട്ടങ്ങളിൽ കൊട്ടാരക്കെട്ടുകളിലും, തറവാടുകളിലും ജീവിച്ചിരുന്ന മനുഷ്യരുടെ ജീവിതമായിരുന്നു മലയാള സാഹിത്യത്തിൽ പൊതുവെ വിഷയീഭവിച്ചത്. മനുഷ്യരുടെ സാമൂഹ്യജീവിതത്തിൽ തൊഴിലാളികൾക്കും, അത്തരം വിഭാഗങ്ങൾക്കുമെല്ലാം സ്ഥാനമുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇടതുപക്ഷ സാഹിത്യ ചിന്തകൾ കടന്നുവരുന്നത്.

ജീവൽസാഹിത്യപ്രസ്ഥാനത്തിന്റെ സജീവമായ സാന്നിധ്യം ഇത്തരം ആശയഗതികളെ ഒരു പ്രസ്ഥാനമായിത്തന്നെ വളർത്തിക്കൊണ്ടുവന്നു. തകഴിയേയും, കേശവദേവിനേയും പോലുള്ളവരുടെ നോവലുകളിൽ തൊഴിലാളികളുടേയും, സാധാരണ മനുഷ്യന്റേയും ജീവിതങ്ങൾ വരച്ചുചേർക്കുന്നതിന് ഈ മുന്നേറ്റം സഹായകമായി.

തകഴിയുടെ രണ്ടിടങ്ങഴിയിൽ കർഷകത്തൊലാളിയായ ചാത്തൻ പുലയനും, ചെമ്മീനിൽ കറുത്തമ്മയും പരീക്കുട്ടിയും, കേശവദേവിന്റെ ഓടയിൽനിന്ന് എന്ന നോവലിൽ റിക്ഷാക്കാരൻ പപ്പുവുമെല്ലാം സാഹിത്യലോകത്ത് എത്തിച്ചേരുന്നത് പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങൾ വളർത്തിക്കൊണ്ടുവന്ന ആശയങ്ങളുടെ പശ്ചാത്തലത്തിലാണ്. ഇത്തരം സാമൂഹ്യമായ ഇടപെടലുകളാണ് മലയാള സാഹിത്യത്തിലെ സൗന്ദര്യ സങ്കൽപങ്ങളെ മാറ്റിമറിക്കുന്നതിന് അടിത്തറയിട്ടത്.

ഇതിനെ ഒന്നുകൂടി വികസിപ്പിച്ച്‌ സമൂഹത്തിന്റെ പുറമ്പോക്കുകളിൽ മാറ്റിനിർത്തപ്പെട്ട ജനതയുടെ ജീവിതത്തെ സാഹിത്യമണ്ഡലത്തിൽ സ്ഥാപിക്കുകയായിരുന്നു വൈക്കം മുഹമ്മദ് ബഷീർ ചെയ്‌തത്‌. മണ്ടൻ മുത്തപ്പയും, മുച്ചീട്ട് കളിക്കാരനും, ആൺവേശ്യയുമെല്ലാം നമ്മുടെ സാഹിത്യ ലോകത്തിന്റെ ഭാഗമാകുന്നത് ബഷീറിന്റെ തൂലികയിലൂടെയാണ് എന്ന് കാണാം.

ഇവർക്കെല്ലാം അവരുടേതായ ജീവിതവും, ലോകവും ഉണ്ടെന്ന്‌ മലയാളിയെ ഓർമപ്പെടുത്തുകയാണ് ബഷീർ ചെയ്തത്.

വൈക്കം മുഹമ്മദ് ബഷീർ          ഫോട്ടോ: പുനലൂർ രാജൻ

വൈക്കം മുഹമ്മദ് ബഷീർ ഫോട്ടോ: പുനലൂർ രാജൻ

മുഹമ്മദ് ബഷീറിൽ ഇത്തരം ചിന്തകൾ രൂപം കൊള്ളുന്നതിന്‌ ഇടയാക്കിയതിൽ, അദ്ദേഹം ജനിച്ച മണ്ണും അതോടൊപ്പം നവോത്ഥാനത്തിന്റേയും, ദേശീയ പ്രസ്ഥാനത്തിന്റേയും, കർഷക ‐ തൊഴിലാളി പ്രസ്ഥാനത്തിന്റേയും ആശയഗതികളും സജീവ പങ്കാളിത്തം വഹിച്ചിരുന്നുവെന്ന് കാണാം.

കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന്റെ ചരിത്രത്തിൽ സവിശേഷമായ സ്ഥാനം നേടിയ വൈക്കം എന്ന തന്റെ നാടിന്റെ പേര് തന്നെയാണ് ബഷീർ സ്വീകരിച്ചിരുന്നത്. വൈക്കം സത്യഗ്രഹ സമരത്തിന്റെ സമയത്താണ് ഗാന്ധിജിയെ ബഷീർ കാണുന്നത്. അത് സംബന്ധിച്ച് അദ്ദേഹം ഇങ്ങനെ എഴുതുന്നുണ്ട്.

''തുറന്ന കാറിൽ ചിരിച്ചുകൊണ്ട് ഗാന്ധിജി. തിരക്കിനിടെ തുളച്ചുകയറി ഞാൻ കാറിന്റെ അടുത്തെത്തി. ഞാൻ ഗാന്ധിജിയെ തൊട്ടു. എന്നെ നോക്കി ഗാന്ധിജി ചിരിച്ചു. ഞാൻ സ്ഥിരമായി ഖദർ ധരിച്ചുവരുന്നു. രാജഭക്തനായ ഹെഡ് മാസ്റ്റർ എന്നെ തല്ലി. ഞാൻ ഖദർ ഉപേക്ഷിച്ചില്ല''.

ഇത്തരത്തിൽ വൈക്കം സത്യഗ്രഹം മുന്നോട്ടുവച്ച സാമൂഹ്യ നവോത്ഥാന ആശയങ്ങളും, ദേശീയ പ്രസ്ഥാനത്തിനോടുള്ള അടുപ്പവും അതിനോട് ചേർന്നുള്ള പ്രവർത്തനങ്ങളും ബഷീറിലെ ആശയ ലോകത്തെ ഏറെ സ്വാധീനിച്ച ഒന്നാണെന്ന് പിൽക്കാല കൃതികൾ വായിച്ചാൽ മനസ്സിലാകും. ഗാന്ധിയൻ ആശയങ്ങളുടെ സ്വാധീനത്തിൽ ജീവിച്ച ബഷീർ താൻ പഠിച്ച സ്കൂളിൽ നിന്നുള്ള എതിർപ്പിനെ തുടർന്ന് നാട് വിട്ട് കോഴിക്കോട് എത്തിച്ചേരുകയും ചെയ്യുന്നു.

വൈക്കത്ത് നിന്ന് കോഴിക്കോട് എത്തുന്ന ബഷീർ, അൽ അമീൻ പത്രത്തിലെ നാട്ടുകാരനായ സെയ്ദ് മുഹമ്മദിനെ കാണാനാണ്   പോയത്. ആ അനുഭവത്തെ ബഷീർ ഇങ്ങനെ കുറിക്കുന്നുണ്ട്. ''അദ്ദേഹം അവിടെയില്ല. സന്ധ്യയായപ്പോൾ കോലായിയിൽ ചുരുണ്ടുകിടന്നു. ആ സമയത്ത് ഒരാൾ ടോർച്ചുമായി വന്ന് ആരാ പുറത്ത് കിടക്കുന്നതെന്ന് ചോദിച്ചു. ഞാൻ ഇവിടുത്തുകാരനാണ് എന്ന് പറഞ്ഞാൽ അറിയില്ല. എന്നാലും പറയൂ. അദ്ദേഹം ചോദിച്ചു ‐ ഊണ് കഴിച്ചോ. ഇല്ല. ഒന്നും പറയാതെ ഊണ് കഴിച്ചു. ലോഡ്ജിൽ പായയും തലയണയുമായി ഉറങ്ങുമ്പോൾ ഞാൻ മനസ്സിലാക്കി. അതാണ് മുഹമ്മദ് അബ്ദുറഹ്‌മാൻ''.

സ്വാതന്ത്ര്യപ്രസ്ഥാനം കൊടുമ്പിരികൊണ്ട കോഴിക്കോട് എത്തിയ ബഷീറിനെ ഏറെ സ്വാധീനിച്ച വ്യക്തിയായിരുന്നു മുഹമ്മദ് അബ്ദുറഹ്‌മാൻ. അദ്ദേഹത്തിന്റെ രാഷ്ട്രീയ ചിന്തകളും, കാഴ്ചപ്പാടുകളും ബഷീറിന്റെ ജീവിതത്തിന്റെ ഭാഗമായി.

സ്വാതന്ത്ര്യപ്രസ്ഥാനം കൊടുമ്പിരികൊണ്ട കോഴിക്കോട് എത്തിയ ബഷീറിനെ ഏറെ സ്വാധീനിച്ച വ്യക്തിയായിരുന്നു മുഹമ്മദ് അബ്ദുറഹ്‌മാൻ. അദ്ദേഹത്തിന്റെ രാഷ്ട്രീയ ചിന്തകളും, കാഴ്ചപ്പാടുകളും ബഷീറിന്റെ ജീവിതത്തിന്റെ ഭാഗമായി.

മുഹമ്മദ് അബ്ദുറഹ്‌മാൻ

മുഹമ്മദ് അബ്ദുറഹ്‌മാൻ

മുഹമ്മദ് അബ്ദുറഹ്‌മാനെപ്പോലെ ബഷീറും മതവിശ്വാസിയായിരുന്നു. അതേസമയം അതിന്റെ പരിഷ്കരണത്തിന്റെ പക്ഷത്ത് നിലകൊണ്ടു. ഇടതുപക്ഷവുമായി ഐക്യപ്പെട്ട് മുന്നോട്ടുപോകുന്ന മുഹമ്മദ് അബ്ദുറഹ്‌മാന്റെ ജീവിതശൈലി തന്നെയാണ് ബഷീറിനുമുണ്ടായത്.

മതത്തെ രാഷ്ട്രീയ അധികാരത്തിൽ നിന്ന് മാറ്റിനിർത്തി കാണുന്ന സൂഫി വിശ്വാസത്തിന്റെ ധാരകളും ബഷീറിന്റെ ജീവിതവീക്ഷണത്തെ ഏറെ സ്വാധീനിച്ചിരുന്നു. ഫരീദുദ്ദീൻ അത്താർ എന്ന സൂഫിയെ സംബന്ധിച്ച ഒരു ലേഖനം തന്നെ ബഷീർ പിന്നീടെഴുതുന്നുണ്ട്.

കമ്യൂണിസ്റ്റ് നേതാക്കളുമായുള്ള ബഷീറിന്റെ ബന്ധവും അദ്ദേഹത്തിന്റെ എഴുത്തിൽ പ്രതിഫലിച്ചിരുന്നു. കമ്യൂണിസ്റ്റ് ഡെൻ എന്ന കഥയിൽ  എറണാകുളത്തെ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച്  ഇങ്ങനെ എഴുതുന്നുണ്ട്: ''ഒമ്പത്, പത്ത് വർഷക്കാലത്തെ അഖിലഭാരത സഞ്ചാരം കഴിഞ്ഞിട്ടാണ് ഞാൻ എറണാകുളത്ത് വന്നിരിക്കുന്നത്. അതിന് മുമ്പ് ഒന്ന് രണ്ട് പ്രാവശ്യം ജയിലിൽ കിടന്നിട്ടുണ്ട്.

പി കൃഷ്ണപിള്ള

പി കൃഷ്ണപിള്ള

രണ്ടാമത്തെ ജയിൽവാസത്തോടെ സർദാർ ഭഗത് സിങ്ങായി എന്റെ നേതാവ്. ജയിലിൽ വച്ചാണോ പി കൃഷ്ണപിള്ളയുമായി പരിചയപ്പെടുന്നത്? ശരിക്ക് ഓർക്കാൻ കഴിയുന്നില്ല. എറണാകുളത്തുവച്ച് ഏതായാലും പരിചയമായി. ഞങ്ങൾ ഒരുമാതിരി സ്നേഹിതന്മാരായിരുന്നു. ഒരുമിച്ച് കാപ്പി കുടിച്ചിട്ടുണ്ട്. ഒരേ മുറിയിൽ കിടന്നുറങ്ങിയിട്ടുണ്ട്. കാര്യമായ വർത്തമാനങ്ങളും പറഞ്ഞിട്ടുണ്ട്. കൃഷ്ണപിള്ള ആരെയും വകവെക്കുന്ന കൂട്ടത്തിലായിരുന്നില്ല. നല്ല ബുദ്ധിയും, തന്റേടവും ഉണ്ടായിരുന്നു''.

തന്റെ ജീവിതത്തെ സ്വാധീനിച്ച രാഷ്ട്രീയ ആശയങ്ങളെയും, നേതാക്കളെയും ഇതിൽ അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. കെ സി ജോർജ്, കെ ദാമോദരൻ, പി ടി പുന്നൂസ്, എം എൻ ഗോവിന്ദൻ നായർ, എൻ ശ്രീകണ്ഠൻ നായർ, ആർ സുഗതൻ, ഉണ്ണിരാജ, ഇ എം എസ്, ടി വി തോമസ് തുടങ്ങിയവരെല്ലാം പരാമർശ വിധേയരാകുന്നുണ്ട്. കാൽപ്പാട് എന്ന ബഷീറിന്റെ കഥ കൃഷ്ണപിള്ളയെ കണ്ടുകൊണ്ടുള്ള ഒന്നാണ്. സാഹിത്യകാരനും, രാഷ്ട്രീയക്കാരനും തമ്മിലുള്ള സംഭാഷണം എന്ന രീതിയിലാണ് ഇത് അവതരിപ്പിക്കുന്നത്.

സർ സി പി യുടെ ഭരണത്തിനെതിരായി ലേഖനമെഴുതിയതിന്റെ പേരിൽ ബഷീർ അറസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. 1938 ൽ അദ്ദേഹം എഴുതിയ ധർമ്മരാജ്യം എന്ന കൃതിയുടെ അടിസ്ഥാനത്തിലാണിതുണ്ടാകുന്നത്. തന്റെ നാടിനെ ഇന്നത്തെ ഭരണാധികാരികൾ തകർത്തിരിക്കുന്നു എന്ന കാര്യമാണ് ഇതിൽ ബഷീർ പ്രതിപാദിക്കുന്നത്.

അദ്ദേഹം ഇങ്ങനെ എഴുതുന്നു:  ''മനുഷ്യന്റെ ജീവിത സ്വാതന്ത്ര്യം അവന്റെ ജന്മാവകാശമാണെന്ന് നേരിൽ കാണിച്ചുകൊടുത്ത എന്റെ നാട്ടിൽ എന്തൊരു അടിമത്തം, എന്തൊരു സ്വേച്ഛാകർമം. സത്യത്തിന്റെ വെളിച്ചത്തിൽ എത്ര നഗ്നം എന്റെ നാട്. അതിന്റെ സ്ഥാനം എത്ര താഴ്ന്നത്. എത്ര ഭയങ്കരമാണ്. എത്ര താഴ്ന്നതാണ് എന്റെ സ്ഥാനം...''

ഇത്തരത്തിൽ തിരുവിതാംകൂറിലെ ഭരണത്തെ വിമർശിക്കുന്നതിനും ബഷീർ സന്നദ്ധനാകുന്നുണ്ട്. മാർക്സിന്റെ ചിന്തകളേയും ജീവിതത്തേയും ബഷീർ എങ്ങനെ കാണുന്നുവെന്നതിന്റെ ഉദാഹരണമാണ് മാർക്സിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ എഴുത്ത്.

''കരിപോലുള്ള താടിയും, മീശയും വളർത്തി കീറിപ്പറഞ്ഞ വസ്ത്രവുമായി നടക്കുന്ന മാർക്സിനെ അടുത്ത സ്നേഹിതന്മാർ മോഹർ (നീഗ്രോ) എന്ന് വിളിച്ചിരുന്നു. എന്നാൽ ലണ്ടൻ തെരുവിൽ അലഞ്ഞുനടന്ന അനാഥരായ ബാലികാ‐ബാലകന്മാർക്ക് അദ്ദേഹമെന്നും 'ഡാഡീ മാർക്സ്' തന്നെയായിരുന്നു. വൃത്തിഹീനമായ തെരുവിലെ തെണ്ടിപ്പിള്ളേരുമായി കളിച്ചു രസിക്കുന്നതിന് അദ്ദേഹം സദാസന്നദ്ധനായിരുന്നു. സാമ്രാജ്യത്വ ശക്തികളുടെ മുന്നിൽ മുട്ടുകുത്താത്ത ആ ഉഗ്രഹൃദയം ലണ്ടൻ തെരുവിൽ നിസ്സഹായരായി അലഞ്ഞു തിരിയുന്ന യാചക പരിശകളുടെ മുന്നിൽ മുട്ടുകുത്തി കണ്ണീർ വാർക്കുമായിരുന്നു''.

മാർക്സിനെ സമൂഹത്തിന്റെ പുറമ്പോക്കുകളിൽ തള്ളിമാറ്റപ്പെടുന്ന ജനതയുടെ സുഹൃത്തെന്ന നിലയിലാണ് ബഷീർ കണ്ടിരുന്നത്. ബഷീറും ഇത്തരം കഥാപാത്രങ്ങളെക്കുറിച്ചായിരുന്നല്ലോ എഴുതിയത്.

മാർക്സിനെ സമൂഹത്തിന്റെ പുറമ്പോക്കുകളിൽ തള്ളിമാറ്റപ്പെടുന്ന ജനതയുടെ സുഹൃത്തെന്ന നിലയിലാണ് ബഷീർ കണ്ടിരുന്നത്. ബഷീറും ഇത്തരം കഥാപാത്രങ്ങളെക്കുറിച്ചായിരുന്നല്ലോ എഴുതിയത്.

മാർക്സിന്റെ ചിന്തകളെക്കുറിച്ച് ബഷീർ ഇങ്ങനെ എഴുതി:

കാറൽ മാർക്സ്

കാറൽ മാർക്സ്

''ഭൗതികവാദിയായ ഒരു നിരീശ്വരനായിരുന്നു കാറൽ മാർക്സ്. അദ്ദേഹത്തിന്റെ ചിന്തകൾ ഈ ലോകത്തിൽത്തന്നെ ഒതുങ്ങി നിന്നു. ജീവിതവുമായി ബന്ധപ്പെടാത്ത പ്രശ്നങ്ങളെപ്പറ്റിയോ, ഗഹനങ്ങളായ ഇതര ചിന്തകളെപ്പറ്റിയോ ചർച്ച ചെയ്യുവാൻ മാർക്സ് ഇഷ്ടപ്പെട്ടിരുന്നില്ല.

അങ്ങനെയുള്ള മഹാചിന്തകന്മാരെ, തത്വചിന്തകന്മാരെ താത്വികചിന്തകന്മാരെന്ന് പറഞ്ഞ് അദ്ദേഹം പരിഹസിച്ചിരുന്നു. അവരുടെ അഭിപ്രായങ്ങളും, ആദർശങ്ങളുമെല്ലാം തലകുത്തിനിർത്തി സ്വീകരിച്ചാൽ മാത്രമേ ലോകോപകാരപ്രദമായിത്തീരുകയുള്ളൂവെന്ന് അദ്ദേഹം പറയുക പതിവായിരുന്നു''.

ഇവിടെ മാർക്സിന്റെ പ്രസിദ്ധമായ ആശയമായ, 'ഇതുവരെയുള്ള തത്വചിന്തകന്മാർ ലോകത്തെ വ്യാഖ്യാനിച്ചിട്ടേയുള്ളൂ; അതിനെ മാറ്റിമറിക്കുകയാണ് വേണ്ടത്' എന്ന ആശയത്തെ തന്റേതായ ഭാഷയിൽ അവതരിപ്പിക്കുകയാണ് ബഷീർ ചെയ്യുന്നത്. ഇതോടൊപ്പം തന്നെ മാർക്സ്, ഏംഗൽസ് സൗഹൃദത്തേയും അദ്ദേഹം വിലയിരുത്തുന്നുണ്ട്.

മാർക്സിനെക്കുറിച്ചുള്ള ബഷീറിന്റെ എഴുത്ത് അവസാനിക്കുന്നത് മാർക്സിനെ വിലയിരുത്തിക്കൊണ്ട് എയിൻ എന്ന കവിയുടെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ്: ''എനിക്കറിയാവുന്നതിലേക്ക് ഏറ്റവും നിർമ്മല ഹൃദയനും, ശാന്തസ്വഭാവിയും, ധീരോദാത്തനുമായ ഒരതുല്യ മനുഷ്യനാണ് കാറൽ മാർക്സ്''. ബഷീറിന്റെ ചിന്തകളെ രൂപപ്പെടുത്തിയ ഇത്തരം കാര്യങ്ങൾ പലപ്പോഴും മറച്ചുവെക്കപ്പെടുകയാണ് ചെയ്തിട്ടുള്ളത്.

മഹാത്മാ ഗാന്ധി

മഹാത്മാ ഗാന്ധി

ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് അതിനോടൊപ്പം ജീവിക്കുകയായിരുന്നു ബഷീർ. ഗാന്ധിയുടേയും, മാർക്സിന്റേയുമെല്ലാം ആശയങ്ങളെ മനുഷ്യസ്നേഹപരമായ സമീപനത്തിലൂടെ കാണുകയാണ് അദ്ദേഹം ചെയ്തത്. താൻ ഭഗത് സിങ്ങിന്റെ ആരാധകനായിരുന്നുവെന്ന കാര്യവും അദ്ദേഹം മറച്ചുവെക്കുകയുണ്ടായില്ല.

സ്വാതന്ത്ര്യ സമര സേനാനി കൂടിയായിരുന്ന ബഷീർ ഉപ്പ് സത്യഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു. അതിനാൽതന്നെ സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം തന്റെ ജീവിതത്തെ മറ്റൊരു രീതിയിൽ രൂപപ്പെടുത്താനാണ് ശ്രമിച്ചത് എന്ന കാര്യം ബഷീർ തന്നെ വ്യക്തമാക്കുന്നുണ്ട്.

''ഇന്ത്യ സ്വതന്ത്രയായി. ഞാൻ രാഷ്ട്രീയം വിട്ട് ജീവിക്കണമല്ലോ. എനിക്ക് ഒരുപാട് അനുഭവങ്ങളുണ്ട്. അതിൽ ചിലത് ഞാൻ കഥയാക്കി. അങ്ങനെ എഴുത്തുകാരനായി. എന്റെ മുന്നിൽ ഇരുട്ടും വെളിച്ചവും ഇടകലർന്ന മുസ്ലീം സമുദായമുണ്ടായിരുന്നു. അതിനെക്കുറിച്ച് എഴുതി''.

തന്റെ പിൽക്കാല കൃതികൾ എങ്ങനെ രൂപപ്പെട്ടു വന്നുവെന്ന്‌ വ്യക്തമാക്കുകയാണ് ഇവിടെ ബഷീർ ചെയ്യുന്നത്. ചുറ്റുപാടുമുള്ള ലോകത്തെ അദ്ദേഹം തന്റെ എഴുത്തിന് വിധേയമാക്കി. സമൂഹത്തിന്റെ പൊതുധാരയിൽനിന്ന് മാറ്റിനിർത്തപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതത്തെക്കുറിച്ച് അദ്ദേഹം എഴുതി. ഈ ഭൂമി  മനുഷ്യരെപ്പോലെ തന്നെ ഇവിടുത്തെ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണെന്നായിരുന്നു ബഷീർ ചിന്തിച്ചിരുന്നത്.

പ്രേമലേഖനത്തിൽ വ്യത്യസ്ത മതവിശ്വാസികൾ തമ്മിലുള്ള പ്രണയത്തിന്റെ ലോകം ബഷീർ തുറന്നുവച്ചു. മജീദിനേയും, സുഹറയേയും പരിചയപ്പെടുത്തിയ ബാല്യകാലസഖി മലയാളിക്ക് മറക്കാനാവാത്ത ഒരു പ്രണയാനുഭവമായിരുന്നു.

ഫോട്ടോ: പുനലൂർ രാജൻ

ഫോട്ടോ: പുനലൂർ രാജൻ

നാരായണിയും, എഴുത്തുകാരനും തമ്മിൽ മതിലുകൾക്ക് ഇരുവശത്തുനിന്നുള്ള പ്രണയത്തെക്കുറിച്ച് അദ്ദേഹം എഴുതി. അതിലൂടെ മനുഷ്യന്റെ പാരതന്ത്ര്യത്തെക്കുറിച്ചുള്ള ചിന്തകളിലേക്ക്‌ അദ്ദേഹം നമ്മെ കൈപിടിച്ചുകൊണ്ടുപോയി.

സമൂഹത്തിന്റെ പൊതുധാരയിൽനിന്നു മാറ്റപ്പെട്ട മനുഷ്യരുടെ ശബ്ദമാണ് ശബ്ദങ്ങൾ എന്ന കൃതിയിലൂടെ ബഷീർ അവതരിപ്പിച്ചത്. മുച്ചീട്ടുകളിക്കാരന്റെ മകളിലും, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് എന്ന കൃതിയിലും നമ്മുടെ നാട്ടിലെ സാധാരണ മനുഷ്യരുടെ ജീവിതത്തിലൂടെ വലിയ സത്യങ്ങളെ അദ്ദഹം തുറന്നുകാട്ടി. വിശ്വവിഖ്യാതമായ മൂക്ക് സമകാലീന ലോകവുമായി ഏറെ സംവദിക്കുന്നതാണ്.

ഇല്ലാക്കഥകൾ പെരുപ്പിച്ച് ആൾദൈവങ്ങളെ സൃഷ്ടിക്കുന്ന പുതിയ ലോകത്തിലെ പ്രവണതകളെക്കൂടി അത് ചൂണ്ടിക്കാണിക്കുന്നുണ്ട്.
മലയാള സാഹിത്യലോകത്ത് ഏറെ മുന്നിൽ നടന്നവയായിരുന്നു ബഷീറിന്റെ കൃതികൾ.

നവോത്ഥാന പ്രസ്ഥാനത്തിന്റേയും, ദേശീയ പ്രസ്ഥാനത്തിന്റേയും, തൊഴിലാളി‐കർഷക പ്രസ്ഥാനങ്ങളുടേയും ലോകത്ത് നിന്ന് ഊർജ്ജം വലിച്ചെടുത്തുകൊണ്ടാണ് അദ്ദേഹം തന്റെ ജീവിതവീക്ഷണത്തെ രൂപപ്പെടുത്തിയത്. നിസ്വരായ മനുഷ്യരുടേയും, ജീവജാലങ്ങളുടേയും ജീവിതത്തെ ബഷീർ നമുക്ക് മുന്നിൽ അവതരിപ്പിച്ചു. അവരിലൂടെ ഈ ലോകം എല്ലാ മനുഷ്യരുടേതുമാണെന്നും അദ്ദേഹം ഓർമപ്പെടുത്തി.

ഒന്നുകൂടി കടന്ന് മനുഷ്യർക്ക് മാത്രമല്ല, ജീവജാലങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ് ഭൂമിയെന്നും ഓർമിപ്പിച്ചു. ഇതിലൂടെ പാരിസ്ഥിതിക രാഷ്ട്രീയത്തെ കൂടി തന്റെ കൃതികളിൽ രേഖപ്പെടുത്തുകയായിരുന്നു ബഷീർ. അതിലൂടെ തനിക്ക് മാത്രം കഴിയാവുന്ന ഒരു പാത വെട്ടിയെടുക്കുകയായിരുന്നു വൈക്കം മുഹമ്മദ് ബഷീർ എന്ന എഴുത്തുകാരൻ ചെയ്തത്.

ആ പാതയിലൂടെ നിസ്സഹായരായ മനുഷ്യരുടേയും, ഭൂമിയിൽ അവകാശം നഷ്ടപ്പെട്ട ജീവജാലങ്ങളുടേയും ലോകത്തെ നമുക്ക് മുന്നിൽ തുറന്നുവെക്കുകയും ചെയ്‌തു.

 

ദേശാഭിമാനി വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top