21 December Saturday

ഭരണപ്രതിസന്ധിയിൽ വീണ്ടും ഫ്രാൻസ്

വി ബി പരമേശ്വരൻUpdated: Saturday Dec 21, 2024

 

ഫ്രാൻസിൽ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ പുതിയ പ്രധാനമന്ത്രിയായി ഫ്രാൻസ്വാ ബയ്റൂവിനെ നിയമിച്ചെങ്കിലും രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. ബയ്റൂവിനും പാർലമെന്റിൽ ഭൂരിപക്ഷ പിന്തുണയില്ല. പാർലമെന്റിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയ ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ടിന് പ്രധാനമന്ത്രിസ്ഥാനം നൽകില്ലെന്ന മാക്രോണിന്റെ നിലപാടാണ് ഈ വർഷം നാലാമത്തെ പ്രധാനമന്ത്രിയെ (എലിസബത്ത് ബോൺ, ഗബ്രിയേൽ അട്ടൽ, മിഷേൽ ബാർണിയ, ഫ്രാൻസ്വ ബയ്റൂ) കണ്ടെത്താൻ അദ്ദേഹം നിർബന്ധിതനായത്.  ഫ്രാൻസിൽ ദീർഘകാലം ഭരണം നടത്തിയ മധ്യ വലതുപക്ഷ കക്ഷിയായ റിപ്പബ്ലിക്കൻ പാർടി നേതാവായ മിഷേൽബാർണിയ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം പുറത്താക്കിയ സാഹചര്യത്തിലാണ് വലതുപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് മൂവ്മെന്റിന്റെ നേതാവും പൗ നഗരത്തിന്റെ മുൻ മേയറുമായ ഫ്രാൻസ്വ ബയ്റൂവിനെ പുതിയ പ്രധാനമന്ത്രിയായി മാക്രോൺ നിയമിച്ചത്. നാലംഗ ഇടതുപക്ഷ സഖ്യത്തെ നയിക്കുന്ന മെലൻ ഷോണിന്റെ നേതൃത്വത്തിലുള്ള ‘ ഫ്രാൻസ് ഇൻ സൗമിസാ’ണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഈ പ്രമേയത്തെ പാർലമെന്റിലെ രണ്ടാമത്തെ കക്ഷിയും തീവ്രവലതുപക്ഷ പാർടിയുമായ മറീൻ ലീ പെന്നിന്റെ നാഷണൽ റാലി പിന്തുണച്ചതോടെയാണ് 577 അംഗ സഭയിൽ 331 വോട്ട് നേടി അവിശ്വാസ പ്രമേയം പാസായത്.

1958ൽ നിലവിൽ വന്ന അഞ്ചാം റിപ്പബ്ലിക്കിൽ രണ്ടാം തവണയാണ് അവിശ്വാസ പ്രമേയത്തിലൂടെ ഒരു സർക്കാർ പുറത്താകുന്നത്. മൂന്നുമാസംമാത്രം ഭരണം നടത്തിയ ബാർണിയ സർക്കാരാണ് ആധുനിക ഫ്രാൻസിലെ ഏറ്റവും ആയുസ്സ് കുറഞ്ഞ സർക്കാരും. അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ആദ്യ സർക്കാർ  ജോർജ് പോമ്പിഡുവിന്റേതാണ്. 1962ൽ. ഈ വർഷം ആദ്യം നടന്ന യൂറോപ്യൻ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് കക്ഷിയായ നാഷണൽ റാലി ഫ്രാൻസിൽ വൻമുന്നേറ്റം നടത്തിയതോടെ അവരെ തടയാനെന്ന പേരിലാണ് ഇമ്മാനുവൽ മാക്രോൺ ജൂണിൽ തെരഞ്ഞെടുപ്പ് നടത്തിയത്. ഫാസിസ്റ്റ് കക്ഷിയെ തടയാൻ ഇടതുപക്ഷം തന്റെ പിന്നിൽ അണിനിരക്കുമെന്നും അതിനാൽ അനായാസവിജയം നേടാനാകുമെന്നുമായിരുന്നു മാക്രോൺ പ്രതീക്ഷിച്ചത്. എന്നാൽ, നവ ഫാസിസ്റ്റ്‌ കക്ഷിയുടെ നയങ്ങൾ ഏറിയോ കുറഞ്ഞോ നടപ്പാക്കുകയും പെൻഷൻ പ്രായം വർധിപ്പിച്ചത് ഉൾപ്പെടെയുള്ള ഇടതുപക്ഷവിരുദ്ധ നയങ്ങൾ കൈക്കൊള്ളുകയും ചെയ്ത മാക്രോണിനെ പിന്തുണയ്‌ക്കുന്നതിന് പകരം എല്ലാ ഇടതുപക്ഷ കക്ഷികളും യോജിച്ച് ഒരു മുന്നണിക്ക് രൂപം നൽകുകയാണ് ചെയ്തത്. ഈ മുന്നണി ഏറ്റവും കൂടുതൽ സീറ്റ് നേടുകയും നവഫാസിസ്റ്റ് കക്ഷിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളുകയും ചെയ്തു. മാക്രോണിന്റെ കക്ഷിക്ക് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിയടയേണ്ടി വന്നു. ഇതോടെ തന്നെ പ്രസിഡന്റ്‌ സ്ഥാനത്ത് തുടരാനുള്ള അവകാശം മാക്രോണിന് നഷ്ടമായിരുന്നു. ഏറ്റവും വലിയ സഖ്യത്തിന്റെ നേതാവിനെ പ്രധാനമന്ത്രിയാകാൻ ക്ഷണിക്കാതെ സീറ്റു നിലയിൽ നാലാം സ്ഥാനത്തുള്ള കക്ഷിയുടെ നേതാവിനെ പ്രധാനമന്ത്രിയാക്കാനാണ് മാക്രോൺ തയ്യാറായത്. ആ പ്രധാനമന്ത്രിയാണ് ഡിസംബർ നാലിന് അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായത്.

ഇതോടെ മാക്രോൺ രാജിവച്ച് പുതിയ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ശക്തമായി. ഫ്രാൻസിനെ രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരതയിലേക്കും കൂട്ടക്കുഴപ്പത്തിലേക്കും തള്ളിയിട്ട മാക്രോണിന് ഒരു നിമിഷം അധികാരത്തിൽ തുടരാനുള്ള അവകാശമില്ലെന്നാണ് ഇടതുപക്ഷ മുന്നണിക്ക് നേതൃത്വം നൽകുന്ന മിലൻ ഷോണിന്റെ നിലപാട്. മാക്രോൺ രാജിവച്ച് പുറത്തുപോകണമെന്ന് ഫ്രാൻസ് ഇൻ സൗമിസിന്റെ പാർലമെന്ററി പാർടി നേതാവ് മതിൽഡേ പാനോത് അർഥശങ്കയ്‌ക്കിടയില്ലാത്ത വിധം പറഞ്ഞു. വൻ ജനകീയ പ്രതിഷേധമുയർത്തിയ പെൻഷൻ പരിഷ്‌കരണം പാസാക്കിയപോലെ ധനബില്ലും പാർലമെന്റിൽ ചർച്ച ചെയ്യാതെ ഭരണഘടനയിലെ 49.3 വകുപ്പ് പ്രസിഡന്റിന്‌ നൽകുന്ന പ്രത്യേക അവകാശത്തിലൂടെ പാസാക്കിയെടുക്കാനുള്ള മിഷേൽ ബാർണിയ സർക്കാരിന്റെ നീക്കമാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ഇടതുപക്ഷത്തെ നിർബന്ധിച്ചത്. അവിശ്വാസ പ്രമേയം പാസായതോടെ ബാർണിയ സർക്കാരിന്റേതുമാത്രമല്ല മാക്രോണിന്റെ പ്രസിഡൻസിയുടെയും  മരണമണിയാണ് മുഴങ്ങിയത്.

വർധിച്ചുവരുന്ന രാജി ആവശ്യമാണ് മാക്രോണിനെ വെട്ടിലാക്കുന്നത്. 2022ലാണ് മാക്രോൺ രണ്ടാമതും പ്രസിഡന്റാകുന്നത്. അതായത് 2027 വരെ അധികാരത്തിൽ തുടരാം, നിലവിൽ രാജിവച്ചാൽ തിരിച്ചുവരാൻ കഴിയുമെന്നതിന് ഒരുറപ്പും ഇല്ല. അതിനാൽ തനിക്ക് ഫ്രഞ്ച് ജനത നൽകിയത് അഞ്ചു വർഷത്തേക്കുള്ള ജനവിധിയാണെന്നും അതുവരെ അധികാരത്തിൽ തുടരുമെന്നും മാക്രോൺ വ്യക്തമാക്കി. മറ്റുള്ളവരുടെ ഉത്തരവാദിത്വമില്ലായ്മയുടെ പാപഭാരം ചുമലിലേൽക്കേണ്ട ആവശ്യമൊന്നും തനിക്കില്ലെന്ന് അവിശ്വാസപ്രമേയം കൊണ്ടുവന്നവരെ പരോക്ഷമായി കുറ്റപ്പെടുത്തി മാക്രോൺ പറഞ്ഞു. എന്നാൽ, ഫ്രഞ്ച് ദിനപത്രമായ ലാ ഫിഗാരോ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ 52 ശതമാനം ജനങ്ങളും അവിശ്വാസ പ്രമേയം കൊണ്ടുവന്നത് നല്ല കാര്യമായാണ് വിലയിരുത്തിയത്. ഇടതുപക്ഷ ആഭിമുഖ്യമുള്ള ലിബറേഷൻ ദിനപത്രം നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ 62 ശതമാനം പേരും മാക്രോൺ രാജിവച്ച് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തെ പിന്തുണച്ചു. കഴിഞ്ഞ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മാക്രോണിന് വോട്ട് ചെയ്ത 27 ശതമാനം പേരും ഇതേ അഭിപ്രായം പങ്കുവച്ചു. ഇത് വ്യക്തമാക്കുന്നത് മാക്രോണിന്റെ ജനപിന്തുണയിൽ വൻ ഇടിവ് സംഭവിച്ചിരിക്കുന്നു എന്നാണ്.

മാക്രോണിന്റെ നയങ്ങളെ നഖശിഖാന്തം എതിർക്കുന്ന ശക്തമായ പ്രതിപക്ഷമായി ഇടതു സഖ്യം മുന്നോട്ടുവരുന്നത് ഫ്രാൻസിലെ വലതുപക്ഷ കക്ഷികളെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തുന്നത്. 6000 കോടി യൂറോയുടെ ചെലവുചുരുക്കലും നികുതി വർധനയും ശുപാർശ ചെയ്യുന്ന ധനബില്ലിനെതിരെ ശക്തമായ നിലപാടാണ് ഇടതുപക്ഷം കൈക്കൊണ്ടത്. മാക്രോൺ സർക്കാരിനെതിരായ പ്രതിപക്ഷം നവഫാസിസ്റ്റുകളല്ല, ഇടതുപക്ഷമാണെന്ന ആഖ്യാനമാണ് സൃഷ്ടിക്കപ്പെടുന്നത്. മാക്രോണിന്റെ രാജി ആവശ്യപ്പെടാൻ മരീൻ ലീ പെൻ തയ്യാറായില്ലെന്ന് മാത്രമല്ല, ബാർണിയ സർക്കാരിനെ താങ്ങിനിർത്താൻ അവസാന നിമിഷംവരെയും അവർ ചർച്ച നടത്തുകയും ചെയ്തു. 2027ൽ നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുമോ എന്ന സംശയവും ലെ പെന്നിനെ അലട്ടുന്നുണ്ട്. യൂറോപ്യൻ പാർലമെന്റ്‌ അംഗമായിരിക്കെ അനധികൃതമായി പാർടി കേഡർമാരെ സ്റ്റാഫായി നിയമിച്ച് വൻതോതിൽ വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ ശിക്ഷിക്കപ്പെട്ടാൽ ലീ  പെന്നിന് മത്സരിക്കാനാകില്ല. അങ്ങനെ വന്നാൽ ഇതുപക്ഷ സഖ്യത്തിന് വിജയ സാധ്യത തള്ളിക്കളയാനാകില്ല, അത് എങ്ങനെയും തടയാനാണ് മാക്രോണിന്റെ ശ്രമം. നവഫാസിസ്റ്റുകൾ അധികാരമേറിയാലും സാരമില്ല ഇടതുപക്ഷം വരരുതെന്നാണ് മാക്രോണിന്റെ നിലപാട്.

മധ്യലിബറൽ രാഷ്ട്രീയത്തിന്റെ നായകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന മാക്രോൺ ഇടതുപക്ഷത്തെ തകർക്കാനും നവഫാസിസ്റ്റുകളുമായി സന്ധി ചെയ്യാനുമാണ് തയ്യാറാകുന്നത്. ലീ പെൻ മുന്നോട്ടു വച്ച പല നയങ്ങളും അംഗീകരിച്ചും സർക്കാരിനെ  നിലനിർത്താൻ ബാർണിയ സർക്കാർ ശ്രമിച്ചത് ഈ നയത്തിന്റെ ഭാഗമായാണ്. അത് പരാജയപ്പെട്ടപ്പോൾ ഇടതുപക്ഷ സഖ്യത്തിൽ വിള്ളൽ ഉണ്ടാക്കാനായി ശ്രമം. ദീർഘകാലം ഭരണത്തിലിരുന്ന സോഷ്യലിസ്റ്റ് പാർടിയെ ഇടതുപക്ഷ സഖ്യത്തിൽനിന്ന്‌ അടർത്തിമാറ്റാനാണ് മാക്രോണും ബാർണിയയും കരുക്കൾ നീക്കിയത്. ഫ്രാൻസിൽ നിയോലിബറൽ സാമ്പത്തികനയം ആവേശത്തോടെ നടപ്പാക്കിയ സോഷ്യലിസ്റ്റ് പ്രധാനമന്ത്രി ഫ്രാൻസ്വ ഓളന്ദിനെയാണ് അവർ ലക്ഷ്യമിട്ടത്. ഇടതുസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായ ലൂസി കാസെറ്റ്സിനെ അംഗീകരിക്കാൻ കഴിയില്ലെന്ന ഓളന്ദിന്റെ  പ്രസ്താവന സഖ്യം തകരുമെന്നതിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെട്ടു. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചാൽ ബാർണിയ സർക്കാരിൽ ചേരാൻപോലും തയ്യാറാണെന്ന് സോഷ്യലിസ്റ്റ് പാർടി സെക്രട്ടറി ഒലിവർ ഫൊറെ പറയുകയുണ്ടായി. സോഷ്യലിസ്റ്റ് പാർടിയുടെ ചാഞ്ചാട്ട സമീപനത്തിനെതിരെ ഇടതു സഖ്യത്തിലെ മറ്റു കക്ഷികൾ രംഗത്തു വന്നതോടെയാണ് ബാർണിയ സർക്കാരിനെതിരെ വോട്ട് ചെയ്യാൻ സോഷ്യലിസ്റ്റ് പാർടി തയ്യാറായത്. നവഫാസിസത്തെ വളർത്തുന്നതിൽ മധ്യ വലതുപക്ഷത്തിന്നും മധ്യ ഇടതുപക്ഷത്തിനും ഒരുപോലെ പങ്കുണ്ടെന്ന നിരീക്ഷണങ്ങൾ ശരിയാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് സോഷ്യലിസ്റ്റ് പാർടിയുടെയും മാക്രോണിന്റെയും സമീപനങ്ങൾ. അയൽരാജ്യമായ ജർമനിയിലും ഫ്രാൻസിലും ഒരുപോലെ രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുകയാണ്. നിയോലിബറൽ നയത്തിന്റെ വക്താക്കളായ ഫ്രീ ഡെമോക്രാറ്റിക് പാർടി പിന്തുണ പിൻവലിച്ചതിനെ തുടർന്ന് ജർമനിയിൽ ഒലാഫ് ഷോൾസിന്റെ നേതൃത്വത്തിലുള്ള സോഷ്യൽ ഡെമോക്രാറ്റിക് പാർടി സഖ്യ സർക്കാർ നിലംപൊത്തി. യൂറോപ്യൻ സമ്പദ്‌വ്യവസ്ഥയുടെ എൻജിനായി അറിയപ്പെടുന്ന ജർമനി സാമ്പത്തികമാന്ദ്യത്തിലൂടെ കടന്നുപോകുമ്പോഴാണ് രാഷ്ട്രീയപ്രതിസന്ധിയും ഉണ്ടായിട്ടുള്ളത്. ഫ്രാൻസിൽ ബജറ്റ് പാസാക്കാൻപോലും കഴിഞ്ഞിട്ടില്ല. യൂറോപ്യൻ യൂണിയനിലെ രണ്ട് പ്രബല സാമ്പത്തികശക്തികളിലെ രാഷ്ട്രീയപ്രതിസന്ധി യൂറോപ്പിനെ സാമ്പത്തികപ്രതിസന്ധിയിലേക്ക് നയിക്കുമോ എന്ന ആശങ്ക പടരുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top