‘‘മാർക്സിനെയും എംഗൽസിനെയും ഒരിക്കലും രണ്ടായി കാണാനാകില്ല. രണ്ടുപേരുടെയും ജീവിതവും പ്രവൃത്തിയും വളരെയേറെ പരസ്‌പരബന്ധിതമായിരുന്നു. അവരിൽ ഒരൊറ്റ ജീവനാണ് കുടികൊള്ളുന്നതെന്നു തോന്നുമാറ് അവരുടെ ജീവിതങ്ങൾ അത്ര ഗാഢമായി പരസ്‌പരം ബന്ധിക്കപ്പെട്ടിരുന്നു. സോഷ്യലിസം ‘ഒരു സങ്കൽപ്പസ്വർഗമെന്ന നിലയിൽനിന്ന് ശാസ്‌ത്രമായി’ വളർന്നതിന്റെ ചരിത്രം എഴുതിയതുകൊണ്ടു മാത്രമായില്ല, മുഴുവൻ തൊഴിലാളി പ്രസ്ഥാനത്തിന്റെയും അരനൂറ്റാണ്ടിന്റെ ചരിത്രംകൂടി എഴുതേണ്ടിവരും. കാരണം അവർ കേവലം ആശയരംഗത്തെ നേതാക്കന്മാരും മീമാംസകരും മാത്രമായിരുന്നില്ല, ദൈനംദിന ജീവിതത്തിൽനിന്നെല്ലാം അകന്നുമാറി ഏകാന്തതയിൽ കഴിഞ്ഞുകൂടിയ ദാർശനികരുമായിരുന്നില്ല അവർ. എപ്പോഴും പോരാട്ടത്തിന്റെ മുൻനിരയിൽത്തന്നെ നിലയുറപ്പിച്ച പടയാളികളായിരുന്നു. ഒരേസമയത്ത് വിപ്ലവത്തിന്റെ പട്ടാളക്കാരും സൈന്യാധിപന്മാരുമായിരുന്നു അവർ’’ എംഗൽസിനെക്കുറിച്ചുള്ള കുറിപ്പിൽ മാർക്‌സിന്റെ മകൾ എലിയനോർ മാർക്‌സിന്റെ വാക്കുകളാണിത്. യവനപുരാണത്തിൽ ദമോനും പിഥിയാസും തമ്മിലുണ്ടായിരുന്ന സൗഹൃദംപോലെതന്നെ ഐതിഹാസികമായിരുന്നു മാർക്‌സും എംഗൽസും തമ്മിലുള്ള ബന്ധം.
മാനവരാശി-യുടെ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്‌ഘാടകരിൽ പ്രമുഖനായ ഫ്രഡറിക് എംഗൽസിന്റെ 127–-ാം ചരമവാർഷികദിനമാണ് ഇന്ന്. മാർക്സ് എംഗൽസ് ദ്വയം വളർത്തിയെടു-ത്ത ശാസ്ത്രീയ സോഷ്യലിസമെന്ന സിദ്ധാന്തമാണ് എല്ലാ പ്രതിസന്ധികൾക്കുമുള്ള ഉത്തരമെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് ഇത്തവണ എംഗൽസിന്റെ ചരമദിനം കടന്നുവരുന്നത്. സോഷ്യലിസ്‌റ്റ് പാതയിലൂടെയുള്ള മുന്നേറ്റമാണ് അടുത്തിടെ കൊളംബിയ, ചിലി, അർജന്റീന, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളിൽ നാം കണ്ടത് എന്നത് ഈ വേളയിൽ പ്രത്യേകം ഓർക്കണം. പഴയ പ്രഷ്യയിലെ റൈൻ സംസ്ഥാനത്തിൽ ബാർമൻ എന്ന തുണിവ്യാപാര കേന്ദ്രത്തിൽ വ്യവസായികളുടെ കുടുംബത്തിലാണ് 1820 നവംബർ 28ന് ഫ്രഡറിക് എംഗൽസിന്റെ ജനനം. വലിയ ബൂർഷ്വയും കടുത്ത മതവിശ്വാസിയുമായിരുന്ന പിതാവിന്റെ പേരും ഫ്രഡറിക് എംഗൽസ് എന്നായിരുന്നു. അമ്മ എലിസബത്ത് പുസ്‌തകവായനയിൽ അതീവതൽപ്പരയായിരുന്നു.
ബാർമനിലെ നഗരവിദ്യാലയത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പഠനംസംബന്ധിച്ച് മകനെപ്പറ്റി പരാതികളൊന്നും പിതാവ് ഫ്രഡറിക്കിനുണ്ടായിരുന്നില്ലെങ്കിലും അയാളുടെ ചോദ്യങ്ങൾ മതവിശ്വാസത്തെയും അനുഷ്‌ഠാനങ്ങളെയും ലക്ഷ്യംവയ്‌ക്കുന്നുവെന്നത് അദ്ദേഹത്തെ അസ്വസ്ഥനാക്കി. തന്റെ നാട്ടിലെ വ്യവസായികൾ അനുദിനം തടിച്ചുകൊഴുക്കുന്നതും അവിടെ പണിയെടുക്കുന്ന ബാലവേലക്കാർ ഉൾപ്പെടെയുള്ളവരുടെ ദുരിതാവസ്ഥയും സമ്പന്നകുടുംബത്തിൽ പിറന്ന ഹൃദയാലുവായ ബാലനെ അലട്ടാൻ തുടങ്ങി. ഇത് എഴുത്തുകളിലൂടെയും കുറിപ്പുകളിലൂടെയും പുറത്തുവന്നു. 18 വയസ്സുള്ള എംഗൽസ് ഫാക്ടറി തൊഴിലാളികൾ ജീവിക്കുന്നതെങ്ങനെയെന്നു പഠിച്ചു. തൊഴിലാളികൾക്കിടയിൽ കടുത്ത ദാരിദ്ര്യമായിരുന്നു. പലതരം രോഗങ്ങളും അവരെ ബാധിച്ചിരുന്നു. ചെറുപ്പത്തിൽത്തന്നെ ‘ജർമൻ ടെലിഗ്രാഫ്' പത്രത്തിൽ മൂർച്ചയുള്ള ആശയങ്ങൾ ഉൾക്കൊള്ളുന്ന ലേഖനപരമ്പര എഴുതി.
ബിസിനസ് പഠനത്തിനുശേഷം 1844ൽ ജർമനിയിലേക്കുള്ള യാത്രയിൽ പാരീസിൽ മാർക്സിന്റെകൂടെ 10 ദിവസം താമസിച്ചു. ഈ കൂടിക്കാഴ്ചയെപ്പറ്റി ലെനിൻ ഇപ്രകാരം എഴുതി. ‘‘സൗഹൃദത്തിന്റെ ഹൃദയസ്പർശകമായ ദൃഷ്ടാന്തങ്ങൾ വിവരിക്കുന്ന പല ഐതിഹ്യങ്ങളുമുണ്ട്. അവയെ എല്ലാം അതിശയിപ്പിക്കുന്ന തരത്തിൽ അന്യോന്യം ബന്ധം പുലർത്തിപ്പോന്ന രണ്ട് പണ്ഡിതന്മാരും പോരാളികളുമാണ് തങ്ങളുടെ ശാസ്ത്രം സൃഷ്ടിച്ചതെന്ന് ലോകതൊഴിലാളിവർഗത്തിന് പറയാൻ കഴിയും.'' 1845-–-46ൽ മാർക്സും എംഗൽസും ചേർന്ന് ‘വിശുദ്ധ കുടുംബം', ‘ജർമൻ പ്രത്യയശാസ്ത്രം' എന്നീ കൃതികൾ രചിച്ചു.1847ൽ പുരോഗമനവാദികളായ "ലീഗ് ഓഫ് ദ ജസ്റ്റി' (നീതിമാന്മാരുടെ സഖ്യം)ന്റെ ലണ്ടനിൽ നടന്ന കോൺഗ്രസിൽ പങ്കെടുത്തു. ‘നീതിമാന്മാരുടെ സഖ്യ'മാണ് പിന്നീട് "കമ്യൂണിസ്റ്റ് ലീഗ്'ആയി മാറിയത്. 1847ൽ ലണ്ടനിൽ ചേർന്ന കമ്യൂണിസ്റ്റ് ലീഗിന്റെ രണ്ടാം കോൺഗ്രസ് മാർക്സിനെയും എംഗൽസിനെയും അതിന്റെ പരിപാടി രേഖ തയ്യാറാക്കാൻ ചുമതലപ്പെടുത്തി. അവർ പരിപാടി തയ്യാറാക്കി. അതാണ് വിശ്വവിഖ്യാതമായ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. മാർക്സിന്റെ പിതാവിന്റെ സ്വത്ത് വിറ്റുകിട്ടിയ പണംകൊണ്ട് പാർടിയുടെ മുഖപത്രം തുടങ്ങി. ഈ പത്രത്തിന്റെ സഹപത്രാധിപരായിരുന്നു എംഗൽസ്. ഇരുപത് ഭാഷ വശമായിരുന്നു എംഗൽസിന്.
‘‘എംഗൽസ് ഒരിക്കലും പൊറുക്കാത്ത ഒന്നുണ്ട്: വഞ്ചന. അവനവനോടും വിശേഷിച്ച് പാർടിയോടും വഞ്ചന കാട്ടുന്നവർ എംഗൽസിൽനിന്ന് ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടതില്ല. അവ അക്ഷന്തവ്യമായ അപരാധമായിട്ടാണ് അദ്ദേഹം കണ്ടിരുന്നത്’’–- എലിയനോർ തുടർന്നെഴുതി. തന്റെ കൃത്യാന്തര ബാഹുല്യത്തിനിടയിലും സുഹൃത്തുക്കൾക്കുവേണ്ടി എംഗൽസ് എപ്പോഴും സമയം കണ്ടെത്തിയിരുന്നുവെന്നും വേണ്ടപ്പോഴെല്ലാം അവർക്ക് ഉപദേശവും സഹായവും നൽകി. അപാരമായ പാണ്ഡിത്യവും സ്വാധീനശക്തിയും അദ്ദേഹത്തെ ഒരിക്കലും ഗർവിഷ്‌ഠനാക്കിയില്ല. മാർക്സിനെയും കുടുംബത്തെയും സഹായിക്കുന്നതിൽ എംഗൽസ് ജാഗരൂകനായിരുന്നു. മാർക്സും സഹധർമിണിയും മക്കളും പട്ടിണികൊണ്ടും രോഗംകൊണ്ടും കഷ്ടപ്പാടുകൾ അനുഭവിക്കുമ്പോഴൊക്കെ എംഗൽസിന്റെ സഹായം എത്തി. 1883 മാർച്ച് 14ന് മാർക്സ് നിര്യാതനായി. മാർച്ച് 17ന് ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിൽ സംസ്കാരം നടന്നു. ആ വേളയിൽ എംഗൽസായിരുന്നു ചരമപ്രസംഗം നടത്തിയത്. ‘മൂലധന'ത്തിന്റെ ഒന്നാം വാല്യം’ മാർക്സിന്റെ ജീവിതകാലത്തുതന്നെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞെങ്കിലും രണ്ടും മൂന്നും വാല്യം മാർക്സിന്റെ മരണശേഷം എംഗൽസാണ് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചത്. 1895 ആഗസ്ത് അഞ്ചിന് എംഗൽസ് അന്തരിച്ചു.
‘‘മാർക്‌സിന്റെ ജീവിതകാലത്ത് ഞാനൊരു രണ്ടാം ഫിഡിൽ ആയിരുന്നു. ഞാനതിൽ പ്രാഗൽഭ്യം നേടിയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. മാർക്‌സിനെപ്പോലൊരു ഒന്നാം ഫിഡിൽ കിട്ടിയതിൽ ഞാൻ അതീവ സന്തുഷ്‌ടനാണ്’’ എന്ന് എംഗൽസ് കുറിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ ‘‘രണ്ടാം ഫിഡിൽ’’ ആണെന്നു തോന്നുമാറ് അതേ വിനയവും ലാളിത്യവുമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ മുഖമുദ്ര.
ഈ പ്രത്യയശാസ്ത്രം യുഗയുഗാന്തരങ്ങളോളം നിലനിൽക്കുമെന്ന എംഗൽസിന്റെ പ്രവചനം അസ്ഥാനത്തല്ല. 125 വർഷത്തിനിടയ്ക്ക് മാർക്സിസം എന്ന ചലനാത്മകമായ പ്രത്യയശാസ്ത്രം സ്വാധീനിക്കാത്ത ഒരു മേഖലയുമില്ല. സാമ്രാജ്യത്വ ഭരണകൂടങ്ങളും കോർപറേറ്റ് കോടീശ്വരന്മാരും പ്രചാരകരും കൂടുതൽ കുഴപ്പങ്ങളിലേക്ക് പതിച്ചുകൊണ്ടിരിക്കുന്നു. തങ്ങളെ ബാധിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികപ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മുതലാളിത്തം പിടിവള്ളി തേടി അലയുന്നതും എംഗൽസ് ദിനത്തിൽ നമുക്ക് വിസ്‌മരിക്കാനാകില്ല.
മാർക്‌സ് എംഗൽസ് ആശയങ്ങൾക്ക് ലഭിച്ച പ്രശസ്‌തി ലോകത്തിൽ മറ്റൊരു പ്രത്യയശാസ്‌ത്രത്തിനും ലഭിച്ചിട്ടില്ല. ഇത്രയും വിമർശമേറ്റുവാങ്ങിയിട്ടുള്ള തത്വശാസ്‌ത്രവുമില്ല. ദരിദ്രനോടും പാവങ്ങളോടുമുള്ള പ്രതിബദ്ധതയാണ് ഈ ആശയങ്ങളുടെ കാതൽ. എതിരാളികൾ ഈ തത്വശാസ്‌ത്രത്തെയും അതിന്റെ പ്രോദ്‌ഘാടകരെയും അപഹസിച്ചിട്ടുള്ളത് വിവരണാതീതമാണ്. ആ ജനുസിൽപ്പെട്ട ഒരാളിന്റെ ജൽപ്പനമാണ് കഴിഞ്ഞദിവസവും നാം കേട്ടത്. മഹാമനീഷികളായ മാർക്‌സിനെയും എംഗൽസിനെയും അപഹസിക്കുകവഴി ഈ വിമർശകരുടെ സ്ഥാനം കൂപമണ്ഡൂകങ്ങൾക്കൊപ്പമാണെന്ന് അവർ തന്നെ തെളിയിച്ചിരിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..