22 November Friday

ഉത്തരാധുനികതാ വിമർശത്തിന്റെ സൈദ്ധാന്തികൻ

രാധാകൃഷ്ണൻ ചെറുവല്ലിUpdated: Friday Oct 11, 2024

ഫ്രെഡ്രിക് ജെയിംസൺ

 

ഇടശ്ശേരിക്കവിതയിലെ അമ്മയെപ്പോലെയായിരുന്നു ഫ്രെഡ്രിക് ജെയിംസൺ. സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും തിരോധാനത്തോടെ മറുകണ്ടം ചാടിയ ‘ദുർബല മാർക്സിസ്റ്റുകളെ’പ്പോലെയായിരുന്നില്ല ജെയിംസൺ. ഉറച്ച മാർക്‌സിസ്റ്റ് നിലപാടുകൾ മൂലം ‘ഓൾഡ് സ്കൂൾ’ മാർക്‌സിസ്റ്റുകൾക്കൊപ്പം ജെയിംസണെ കെട്ടിയിടാൻ വ്യാപകമായ ശ്രമങ്ങൾ ഉണ്ടായി. ഉത്തരാധുനികതയെ പിൽക്കാല മുതലാളിത്തത്തിന്റെ സാംസ്കാരിക യുക്തി എന്നു വിളിക്കണമെങ്കിൽ ചെറിയ ചങ്കൂറ്റമൊന്നും പോര. കുറിക്കുകൊള്ളുന്ന വാക്കുകൾ ഉപയോഗിച്ച് മുതലാളിത്ത ധൈഷണികർ നിർമിച്ചെടുത്ത ആശയ സമുച്ചയങ്ങളെ ജെയിംസൺ പൊളിച്ചടുക്കി.
 

മാർക്സിസം അതിൽത്തന്നെ സമ്പൂർണമല്ല. സാമൂഹ്യ വികാസത്തിന്റെ നൈരന്തര്യത്തിലും തുടർച്ചകളിലും നിന്ന് പൂർണത തേടുന്ന സിദ്ധാന്തമാണത്. മാർക്സിനും എംഗൽസിനും ശേഷം ലെനിനും മാവോയും ‘സമതലങ്ങളിൽ ഗോപുരങ്ങൾ’ എന്നപോലെ ഉയർന്നുനിന്നു. തത്വചിന്തയുടെയും പ്രയോഗത്തിന്റെയും സമന്വയം സാധ്യമാക്കി അവർ മാഞ്ഞുപോയെങ്കിലും അവരുടെ ചിന്തകൾ പുനരുൽപ്പാദിപ്പിച്ചുകൊണ്ട് നിലനിൽക്കുന്നു.

ആ നിരയിലേക്ക് പുതിയ സൈദ്ധാന്തികർ ഉയർന്നുവന്നു. പരസ്പര വിയോജിപ്പുകൾക്കിടയിലും അവരുടെ ദർശനങ്ങൾ വിശാലമായ മാർക്സിസം‐ലെനിനിസം എന്ന പ്രയോഗത്തിന്റെ സിദ്ധാന്തത്തിൽ ഉൾച്ചേർന്നു. പുതിയ കാലഘട്ടത്തിലെ സൈദ്ധാന്തികരിൽ പ്രമുഖനായിരുന്നു ഫ്രെഡ്രിക്‌ ജെയിംസൺ (1934‐2024). മനുഷ്യന്റെ സാമൂഹ്യജീവിതത്തിൽനിന്ന് നിഷ്പന്നമായ ആശയ മണ്ഡലങ്ങളെ സിദ്ധാന്തവൽക്കരിച്ചും ചരിത്രവൽക്കരിച്ചും ഫ്രെഡ്രിക്‌ ജെയിംസൺ നിലകൊണ്ടു.

‘ഉത്തരാധുനികത അഥവാ പിൽക്കാല മുതലാളിത്തത്തിന്റെ സാംസ്കാരിക യുക്തി’  (Post Modernism or the Cultural Logic of Late Capitalism) എന്ന 1991ൽ പ്രസിദ്ധീകൃതമായ പുസ്തകമാണ് ജെയിംസണെ ലോകശ്രദ്ധയിലേക്കുയർത്തിയത്. അതിനുമുമ്പെ, 1981ൽ  (The Political Unconscious Narrative as Socially Symbolic Act) അഥവാ ‘രാഷ്ട്രീയ അബോധം’ എന്ന പുസ്തകം ധൈഷണിക മണ്ഡലത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഫ്രാങ്ക്ഫർട്ട് സ്കൂൾ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന പാശ്ചാത്യ മാർക്സിസത്തിന്റെയും നവ ഇടതുപക്ഷ ധാരയുടെയും സ്വാധീനവും മെക്കാർത്തിയിസത്തിന്റെ അനുഭവങ്ങളുമാണ്  ജെയിംസണിന്റെ രാഷ്ട്രീയ നിലപാടുകളെ ബലപ്പെടുത്തിയത് എന്നുപറയാം.

“കാറ്റിൽ ചുഴലിയായിച്ചെന്നൂ പൂതം
കുറ്റിക്കണക്കങ്ങു നിന്നാളമ്മ”

‐ഇടശ്ശേരി

ഇടശ്ശേരി

ഇടശ്ശേരി

ഇടശ്ശേരിക്കവിതയിലെ അമ്മയെപ്പോലെയായിരുന്നു ഫ്രെഡ്രിക്  ജെയിംസൺ. സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും തിരോധാനത്തോടെ മറുകണ്ടം ചാടിയ ‘ദുർബല മാർക്സിസ്റ്റുകളെ’പ്പോലെയായിരുന്നില്ലജെയിംസൺ. ഉറച്ച മാർക്‌സിസ്റ്റ് നിലപാടുകൾ മൂലം ‘ഓൾഡ് സ്കൂൾ’ മാർക്‌സിസ്റ്റുകൾക്കൊപ്പംജെയിംസണെ കെട്ടിയിടാൻ വ്യാപകമായ ശ്രമങ്ങൾ ഉണ്ടായി.

ഉത്തരാധുനികതയെ പിൽക്കാല മുതലാളിത്തത്തിന്റെ സാംസ്കാരിക യുക്തി എന്നു വിളിക്കണമെങ്കിൽ ചെറിയ ചങ്കൂറ്റമൊന്നും പോര. കുറിക്കുകൊള്ളുന്ന വാക്കുകൾ ഉപയോഗിച്ച് മുതലാളിത്ത ധൈഷണികർ നിർമിച്ചെടുത്ത ആശയ സമുച്ചയങ്ങളെ ജെയിംസൺ പൊളിച്ചടുക്കി.

ഇംഗ്ലീഷ് ഭാഷയിൽ സാഹിത്യ വിമർശം നടത്തുന്നവരിൽ ജെയിംസണിന്റെ സ്ഥാനം അവിതർക്കിതമാണ്.

ഏണസ്റ്റ് മാൻഡേൽ

ഏണസ്റ്റ് മാൻഡേൽ

എല്ലായ്‌പ്പോഴും എന്തിനെയും ചരിത്രവൽക്കരിക്കണമെന്നും ചരിത്രത്തെ കേവലമായ കാലഘട്ടങ്ങളായി തിരിക്കരുതെന്നും അദ്ദേഹം വാദിച്ചു.

ട്രോട്സ്കിയോട്‌ ചേർന്നുനിൽക്കുന്ന ബെൽജിയൻ ചിന്തകനായ ഏണസ്റ്റ് മാൻഡേൽ (Earnest Mandel) 1972ൽ എഴുതിയ പുസ്തകത്തിന്റെ പേര് ‘പിൽക്കാല മുതലാളിത്തം’ (Late Capitalism) എന്നായിരുന്നു. ഈ പരികൽപ്പനയെ ജെയിംസൺ വിശദീകരിക്കുകയും വികസിപ്പിക്കുകയും ചെയ്തു.

ഈ ചരിത്ര കാലഘട്ടത്തെ വിളിക്കാൻ പിൽക്കാല മുതലാളിത്തം എന്നതിനേക്കാൾ മെച്ചപ്പെട്ട മറ്റൊരു പേരില്ലെന്നു പറഞ്ഞ് മാൻഡേലിന്റെ വാദത്തെ സാധൂകരിക്കുകയായിരുന്നു ജെയിംസൺ ചെയ്തത്. ‘പിൽക്കാലം’ എന്ന വാക്കിന്‌ മാൻഡേലിന്റെ വ്യാഖ്യാനമനുസരിച്ച് 'അടുത്ത കാലത്ത്' എന്ന അർത്ഥമാണുള്ളത്. കാലഹരണപ്പെട്ട എന്ന അർത്ഥംകൂടി ആ വാക്കിനുണ്ടെന്ന് ജെയിംസൺ പറയുന്നു.

ജെയിംസൺ ഇതുപറഞ്ഞ കാലത്ത് ‘ഉത്തരാധുനികത അഥവാ പിൽക്കാല മുതലാളിത്തത്തിന്റെ സാംസ്കാരിക യുക്തി’ എന്ന പുസ്തകം എഴുതുമെന്ന് ആരു ചിന്തിക്കാനാണ്?

‘പിൽക്കാല മുതലാളിത്തം’ എന്ന  പേര്‌ സ്വീകരിക്കാൻ പല കാരണങ്ങളാണ്. രണ്ടാം ലോക യുദ്ധത്തോടെ മൂന്നാംലോക രാജ്യങ്ങളിലെയും ഫ്യൂഡൽ ബന്ധങ്ങൾ ശേഷിച്ച യൂറോപ്പിലെയും മുതലാളിത്ത പൂർവ കൃഷി തുടച്ചുമാറ്റപ്പെടുകയും സംസ്കാരം പൂർണമായും കച്ചവടവൽക്കരിക്കപ്പെടുകയും ചെയ്തു. പഴയ കുടുംബ സങ്കൽപ്പങ്ങളുടെ ഭൂതാവിഷ്ട മാതൃകകൾ വൻതോതിൽ മനുഷ്യരാശിയുടെ അബോധത്തിലേക്ക് കയറ്റിവിടപ്പെടുകയുണ്ടായി.

‘പിൽക്കാല മുതലാളിത്തം’ വാസ്തവത്തിൽ വിട്ടുവീഴ്ചകളില്ലാതെ മുന്നേറിയ മുതലാളിത്തത്തിന്റെ അസ്തമയമായിരുന്നില്ല, ഉദയമായിരുന്നു. ഈ പ്രക്രിയക്കിടയിൽ ആന്തരികവും ബാഹ്യവുമായ പൂർവ സാമൂഹ്യഘടന നിലനിന്ന രാജ്യങ്ങളിൽ ആധുനിക മുതലാളിത്തം കടന്നുകയറി. പല രാജ്യങ്ങളും സാമ്രാജ്യത്വ കോളനികളായി മാറ്റപ്പെട്ടു. ഇത്തരം ചിന്തകൾ വഴി മാർക്സിസത്തിന് പുതുമയേകാൻ ജെയിംസണ്‌ കഴിഞ്ഞു.

‘പിൽക്കാല മുതലാളിത്തം’ വാസ്തവത്തിൽ വിട്ടുവീഴ്ചകളില്ലാതെ മുന്നേറിയ മുതലാളിത്തത്തിന്റെ അസ്തമയമായിരുന്നില്ല, ഉദയമായിരുന്നു. ഈ പ്രക്രിയക്കിടയിൽ ആന്തരികവും ബാഹ്യവുമായ പൂർവ സാമൂഹ്യഘടന നിലനിന്ന രാജ്യങ്ങളിൽ ആധുനിക മുതലാളിത്തം കടന്നുകയറി. പല രാജ്യങ്ങളും സാമ്രാജ്യത്വ കോളനികളായി മാറ്റപ്പെട്ടു. ഇത്തരം ചിന്തകൾ വഴി മാർക്സിസത്തിന് പുതുമയേകാൻ ജെയിംസണ്‌ കഴിഞ്ഞു.

ആധുനികത, ഉത്തരാധുനികത, അതിന്റെ മൂലധന ബന്ധം, സാംസ്കാരിക സവിശേഷതകൾ എല്ലാം ജെയിംസണിന്റെ അന്വേഷണ വിഷയങ്ങളായിരുന്നു. A Singular Modernity എന്ന പുസ്തകത്തിലൂടെ ആധുനികത മുന്നോട്ടുവയ്ക്കുന്ന അരാഷ്ട്രീയതയുടെ രാഷ്ട്രീയം അദ്ദേഹം തുറന്നുകാട്ടി.

റിയലിസം മുന്നോട്ടു വച്ചിരുന്ന സാമൂഹ്യ യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള പിൻമാറ്റവും സ്വന്തം ഉള്ളിലേക്കു ചുരുങ്ങലും മനോവിജ്ഞാനത്തെ ഉപകരണമാക്കിയുള്ള ആഖ്യാനവും കലയുടെ നൈസർഗികതയിലുള്ള അമിതമായ ഊന്നലും ആധുനികതയുടെ മുഖമുദ്രകളായിരുന്നു.

ഈ വാദങ്ങളൊന്നും വിശ്വാസയോഗ്യമായി ജെയിംസൺ കണ്ടില്ല. ആധുനികത മുന്നോട്ടുവച്ച ഭാവുകത്വസവിശേഷതയെ അംഗീകരിക്കുമ്പോൾത്തന്നെ അതൊരു മുതലാളിത്ത ഉൽപ്പന്നമാണെന്ന്‌ തുറന്നുപറയാൻ അദ്ദേഹം മടിച്ചുനിന്നില്ല. അതിനാലാണ് ആധുനികതയ്ക്കു ബദൽ സോഷ്യലിസം മാത്രമാണെന്ന വാദം ജെയിംസൺ മുന്നോട്ടുവച്ചത്.

‘തൊഴിലാളികളും മൂലധനവും’ എന്ന ബെറ്റ്‌മാന്റെ ചിത്രം -  കടപ്പാട്‌: gettyimages

‘തൊഴിലാളികളും മൂലധനവും’ എന്ന ബെറ്റ്‌മാന്റെ ചിത്രം - കടപ്പാട്‌: gettyimages

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ ആരംഭിക്കുകയും രണ്ടാം ലോക യുദ്ധത്തോടെ അവസാനിക്കുകയും ചെയ്ത യൂറോപ്യൻ ആധുനികവൽക്കരണത്തോടുള്ള പ്രതികരണമായാണ് ആധുനികതയെ കാണേണ്ടത് എന്ന് ജെയിംസൺ വാദിച്ചു.

പുരുഷകേന്ദ്രീകൃത്വം, സ്വേച്ഛാധിപത്യം, അമർത്തിവയ്ക്കൽ, വിരക്തിവാദം തുടങ്ങിയവയെല്ലാമായിരുന്നു ആധുനികതയുടെ മുഖമുദ്രയെങ്കിൽ ഇവയോടെല്ലാമുള്ള അസംതൃപ്തിയും അവജ്ഞയുമായിരുന്നു ഉത്തരാധുനികതാ വാദത്തിന്റെ ആദ്യനാളുകളിൽ പ്രകടമായത്‌. എങ്കിലും പിൽക്കാല മുതലാളിത്ത കാലത്ത് ഇതെല്ലാം മടങ്ങിവരുന്നതായി ജെയിംസൺ നിരീക്ഷിച്ചു.

ആഗോള മുതലാളിത്തവും സാഹിത്യവും തമ്മിലുള്ള ബന്ധത്തെ ജെയിംസൺ എടുത്തുകാട്ടി. മുതലാളിത്തത്തിന്റെ സാമ്പത്തിക അടിത്തറയുടെ സ്വാധീനം മറ്റു കലാരൂപങ്ങൾക്കുമേൽ എന്നപോലെ സാഹിത്യത്തിനുമേലുമുണ്ടെന്ന് ജെയിംസൺ പറഞ്ഞു. ആഗോളവൽക്കരണ സന്ദർഭത്തിൽ അതിന്റെ അർത്ഥം, ആഗോളമുതലാളിത്തത്തിൽ അന്തർലീനമായ സാമ്പത്തികാസമത്വവും അധികാരബലതന്ത്രവും സാഹിത്യത്തിലും പ്രതിഫലിക്കും എന്നാണ്.

ആഗോള മൂലധനത്തിന്റെ മേൽക്കോയ്മയും സാഹിത്യത്തിലെ ഉത്തരാധുനികതയുടെ ആവിർഭാവവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന്  ജെയിംസൺ നിരീക്ഷിക്കുന്നു. ഉത്തരാധുനികത കലയുടെ ചരിത്രപരമായ ഗാംഭീര്യത്തെ, അഥവാ ആഴത്തെ ചോർത്തിക്കളയുന്നു. കലാനുകരണങ്ങൾ സാർവത്രികമാകുന്നു, പാരമ്പര്യമൂല്യങ്ങളെ വിലകെടുത്തുന്നു.

“ആധുനികവൽക്കരണ പ്രക്രിയ പൂർത്തിയാവുകയും പ്രകൃതി നാശോൻമുഖമാവുകയും ഭൂതകാലത്തിന്റെ ഏകശിലാരൂപിയായ സാംസ്കാരിക പാരമ്പര്യവും ആത്മനിഷ്ഠതയും പോയിക്കഴിയുമ്പോൾ എന്താണോ ശേഷിക്കുന്നത് അതാണ് ഉത്തരാധുനികത” ‐ ജെയിംസൺ നിരീക്ഷിച്ചു.

ഉത്തരാധുനികത അഥവാ പിൽക്കാല മുതലാളിത്തത്തിന്റെ സാംസ്കാരിക യുക്തി എന്ന പുസ്തകത്തിൽ ജെയിംസൺ വാദിച്ചത്, ഉത്തരാധുനിക സാഹിത്യം ശിഥിലീകരിക്കപ്പെട്ടതും ക്രമരഹിതവുമായ പിൽക്കാല മുതലാളിത്തത്തിന്റെ പ്രതിഫലനവുമാണെന്നാണ്. ചരിത്രാഖ്യാനത്തിൽ നിന്നുള്ള വേർതിരിയലും ഉപരിതലസ്പർശിയായ സൗന്ദര്യശാസ്ത്രത്തിന്റെ മേലുള്ള ഊന്നലുമാണ് ഉത്തരാധുനികത എന്ന ഉറച്ച നിലപാടാണ് ജെയിംസണിന്റെ വിമർശത്തിന്റെ കാതൽ.

വൈവിധ്യങ്ങളായ സാഹിത്യപാരമ്പര്യങ്ങളെയും സാംസ്കാരികാനുഭവങ്ങളെയും ആഗോളമുതലാളിത്തം എന്ന കുടക്കീഴിൽ സമീകരിച്ചു എന്ന വിമർശം ജെയിംസണ്‌ നേരെ ഉയർന്നിരുന്നു. എന്നാൽ ഈ വാദം ജെയിംസണിന്റെ യുക്തിക്ക്‌ കീഴിൽ നിലനിൽക്കുന്നില്ല. സംസ്‌കാരത്തിന്റെ വ്യാപനവും സമീകരണവും ഒരു യാഥാർത്ഥ്യമാണ്. അമേരിക്കൻ പോപ്പ്‌ സംസ്കാരം സാർവജനീനമാക്കപ്പെടുന്ന ഉദാഹരണം നോക്കുക.

ഹോളിവുഡ് സിനിമകളും ഫാസ്റ്റ് ഫുഡ് ചെയിനുകളും ജനപ്രിയ സംഗീതവും ലോകത്തിന്റെ മുക്കിലും മൂലയിലും എത്തിക്കഴിഞ്ഞു. ഇതുമൂലം പ്രാദേശിക സംസ്കൃതികൾ പലപ്പോഴും അരികുവൽക്കരിക്കപ്പെട്ടു. സാംസ്കാരിക വിമർശകനായ എഡ്വാർഡ് സെയ്ദ് നിരീക്ഷിച്ചതുപോലെ, “സാമ്രാജ്യത്വം സാംസ്കാരിക വൈവിധ്യങ്ങളെയും സ്വത്വങ്ങളെയും ലോകതലത്തിൽ ഏകോപിപ്പിച്ചു. ഇതിന്റെ ഏറ്റവും വലിയ ദുര്യോഗം ഓരോ വിഭാഗവും അവരിൽ മാത്രം വിശ്വസിക്കാൻ തുടങ്ങി.

ഫ്രെഡ്രിക് ജെയിംസൺ

ഫ്രെഡ്രിക് ജെയിംസൺ

അത് വെള്ളക്കാരോ കറുത്തവരോ പാശ്ചാത്യരോ പൗരസ്ത്യരോ ആയിക്കോട്ടെ.” ഇത് സംസ്കാരങ്ങളുടെ വൈവിധ്യത്തെ ഏകശിലാരൂപമാക്കുന്നു. ഇതിനു പിന്നിലെ സ്വാധീനശക്തി സാമ്രാജ്യത്വവും ആഗോളവൽക്കരണവുമാണ്. ഇത് ലോകം മുഴുവൻ നിലനിൽക്കുന്ന സാംസ്കാരികമായ യാഥാർത്ഥ്യങ്ങളെ മായ്ച്ചുകളയുകയും സ്വത്വം സംബന്ധിച്ച വ്യാജാവബോധം സൃഷ്ടിക്കുകയും ചെയ്തു.

ഇവിടെ, ജെയിംസൺ ഊന്നുന്നത് സാമ്പത്തികനിർണയവാദം മേൽക്കോയ്മയുള്ള ആഗോള ആഖ്യാനങ്ങളെ ചെറുക്കാനുള്ള എഴുത്തുകാരുടെയും മറ്റു കലാകാരൻമാരുടെയും ശക്തിയെ ചേർത്തിക്കളയുമെന്നാണ്. ആഗോളമുതലാളിത്തത്തെ പലപ്പോഴും ചെറുത്തുനിന്ന സാഹിത്യമണ്ഡലം അരികുവൽകൃത ജനങ്ങളുടെ ശബ്ദമായി മാറിയിട്ടുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ ഉത്തരാധുനികത അഥവാ പിൽക്കാല മുതലാളിത്തത്തിന്റെ സാംസ്കാരിക യുക്തി എന്ന ജെയിംസൺ സിദ്ധാന്തം കറകളഞ്ഞ മാർക്സിയൻ സാഹിത്യ വിമർശമാണ്. സാഹിത്യത്തിന്റെ ആഗോളവൽക്കരണത്തെ വിലയിരുത്താനുള്ള ശക്തമായൊരു ചട്ടക്കൂടാണത്.

ഫ്രെഡ്രിക് ജെയിംസൺ പോയ്‌മറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ സംഭാവനകൾ ലോകത്തെമ്പാടുമുള്ള മുതലാളിത്ത വിമർശകർക്ക് കരുത്തായി നിലനിൽക്കും. അദ്ദേഹത്തിന്റെ ‘രാഷ്ട്രീയ അബോധം’ എന്ന പരികൽപ്പന ഫ്രോയിഡിന്റെയും യുങ്ങിന്റെയും ‘സഞ്ചിത അബോധം’ എന്ന സങ്കൽപ്പനത്തിന്റെ രാഷ്ട്രീയ രൂപമാണ്.

ദൈനംദിന രാഷ്ട്രീയ വ്യവഹാരങ്ങളെ നിയന്ത്രിച്ചുകൊണ്ട് മനുഷ്യ സമൂഹങ്ങൾക്ക് എളുപ്പത്തിൽ സ്വാധീനിക്കാനാവാത്ത ഒരു ‘സഞ്ചിത രാഷ്ട്രീയ അബോധം’ നിലനിൽക്കുന്നുവെന്നും നാമറിയാതെ, എടുക്കുന്നതിൽ കൂടുതൽ അതിലേക്ക് കൊടുത്തുകൊണ്ടിരിക്കുന്നു എന്നതും കൂടുതൽ വിശകലനം അർഹിക്കുന്നു.

Reference

1. Postmodernism or, The Cultural Logic, of late capitalism, Fredric
Jameson, ABS publishers.
2. Utopia or Bust,Benjamin Kunkel, Verso London
3. ഫ്രഡറിക്- ജയിംസൺ, സുധാകരൻ സി ബി, ചിന്ത പബ്ലിഷേഴ്-സ്-
4. Fredric Jameson’s Marxist, Literary Critique, Assessing the
Globalization of, Literature – Aruna kumari .S, Cosmos Multidisciplinary
E Journal.
5. The years of Jameson -Bill Brown


ദേശാഭിമാനി വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top