22 December Sunday

ചരിത്രത്തിന്റെ കാവലാൾ

എം വി നാരായണൻUpdated: Friday Oct 11, 2024

ഫ്രെഡ്രിക് ജെയിംസൺ - കടപ്പാട്‌: trotta.es

 

ഫ്രെഡ്രിക്  ജെയിംസണെ സംബന്ധിച്ചിടത്തോളം എല്ലാ സാംസ്‌കാരിക ഉൽപ്പന്നങ്ങളും സഹജമായിത്തന്നെ രാഷ്ട്രീയപരമാണ്, അവയിൽ നിർലീനമായി നിൽക്കുന്ന ചരിത്രപരവും പ്രത്യയശാസ്ത്രപരവുമായ സന്ദർഭങ്ങൾ അനാവരണം ചെയ്യുന്ന വായനകൾ അവ ആവശ്യപ്പെടുന്നു. സാഹിത്യവും കലയും പൂർണമായി സ്വതന്ത്രമോ കേവലമായി സൗന്ദര്യാത്മകമോ അല്ല, അവ നിർമിക്കപ്പെടുന്ന സാമൂഹിക, സാമ്പത്തിക, ചരിത്ര സന്ദർഭങ്ങളാൽ നിർണയിക്കപ്പെട്ടവയാണ്...


'ചരിത്രം വേദനിപ്പിക്കുന്ന ഒന്നാണ്. അത് അഭിലാഷത്തെ നിരസിക്കുകയും, വ്യക്തികൾക്കും കൂട്ടായ പ്രയോഗങ്ങൾക്കും ഉല്ലംഘിക്കാനാവാത്ത പരിധികൾ നിശ്ചയിക്കുകയും ചെയ്യുന്നു.’
 ‐ ഫ്രെഡ്രിക് ജെയിംസൺ (
The Political Unconscious)



ഇക്കഴിഞ്ഞ സെപ്‌തംബർ 22ന് ഫ്രെഡ്രിക് ജെയിംസൺ നമ്മെ വിട്ടുപിരിഞ്ഞു. സമകാലീന സാഹിത്യ സാംസ്‌കാരിക വിമർശന മണ്ഡലത്തിലെ ഒരതികായൻ എന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന ജെയിംസൺ ഇരുപത്‐ഇരുപത്തൊന്ന് നൂറ്റാണ്ടുകളിലെ മാർക്‌സിസ്റ്റ് ചിന്താസരണിയിലെ ഒരു സുപ്രധാന സാന്നിധ്യമായിരുന്നു.

സംസ്‌കാരം, സാഹിത്യം, പ്രത്യയശാസ്ത്രം, മുതലാളിത്ത വ്യവസ്ഥ, ഉത്തരാധുനികത എന്നിവയുടെയെല്ലാം വിശകലനത്തിന് അദ്ദേഹം രൂപീകരിച്ച സവിശേഷവും മൗലികവുമായ സൈദ്ധാന്തിക പദ്ധതികൾ രാഷ്ട്ര, ഭാഷാ അതിർത്തികളെ അപ്രസക്തമാക്കും വിധം ആഗോളതലത്തിൽത്തന്നെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ടെറി ഈഗിൾട്ടൻ

ടെറി ഈഗിൾട്ടൻ

മാർക്‌സിസ്റ്റ് ആശയങ്ങളോടും സമകാലിക സാംസ്‌കാരിക സാഹചര്യങ്ങളോടും ‐  പ്രത്യേകിച്ച് പിൽക്കാല മുതലാളിത്തത്തിന്റെ സാംസ്‌കാരിക പ്രയോഗങ്ങളോട് ‐ ഉള്ള ആഴത്തിലുള്ള പ്രതികരണങ്ങളാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികളെല്ലാം തന്നെ. 'നമ്മുടെ കാലത്തെ ഏറ്റവും മഹാനായ സാംസ്‌കാരിക വിമർശകൻ’ എന്നാണ് ടെറി ഈഗിൾട്ടൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ചരമക്കുറിപ്പുകൾ അധികപങ്കും നിരർത്ഥകങ്ങളും വൃഥാസ്തുതികളുടെ മേളകളുമായി മാറിയിരിക്കുന്ന ഇക്കാലത്ത്, അത്തരം ഒരു വ്യായാമത്തിന്‌ മുതിരാതെ, ഫ്രെഡ്രിക് ജെയിംസണിന്റെ ബൗദ്ധികമായ സംഭാവനകളുടെ ഹ്രസ്വമായ ഒരവലോകനമാണ് ഈ കുറിപ്പിൽ ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ടു നൂറ്റാണ്ടിൽ ലോകം കണ്ട ഏറ്റവും പ്രഗത്ഭരായ രാഷ്ട്രീയ‐സാംസ്‌കാരിക സൈദ്ധാന്തികരിൽ ഒരാളായ അദ്ദേഹത്തിന് അതാണ് ഏറ്റവും ഉചിതമായ അഭിവാദനം എന്ന വിശ്വാസത്തിൽ.

1934 ഏപ്രിൽ 14ന് അമേരിക്കയിലെ ക്ലീവ്ലാൻഡിൽ ജനിച്ച ഫ്രെഡ്രിക് റഫ് ജെയിംസൺ 1954ൽ ഹാവർഫോർഡ് കോളേജിൽ നിന്ന് ഫ്രഞ്ച് ഭാഷയിൽ ബിരുദം പൂർത്തിയാക്കി. തുടർന്ന് യൂറോപ്പിലേക്ക്‌ യാത്ര ചെയ്ത് മ്യൂണിക്ക്, ബെർലിൻ എന്നിവിടങ്ങളിലെ ഹ്രസ്വമായ പഠിപ്പിനിടെ ഘടനാവാദത്തിന്റെ ഉദയം ഉൾപ്പെടെ യൂറോപ്യൻ തത്വചിന്തയിലെ പുതിയ സംഭവവികാസങ്ങളെയും പാശ്ചാത്യ മാർക്‌സിസ്റ്റ് സിദ്ധാന്തത്തെയും അദ്ദേഹം പരിചയിച്ചു.

ഒരു വർഷത്തിനുശേഷം, യേൽ സർവകലാശാലയിൽ, പ്രശസ്ത സാഹിത്യ സൈദ്ധാന്തികൻ എറിക് ഔർബാക്കിന്റെ കീഴിൽ, ഫ്രഞ്ച് തത്വചിന്തകനായ ഴാൻ പോൾ സാർത്രെയെക്കുറിച്ച് ഗവേഷണം ആരംഭിക്കുകയും, 1959ൽ പിഎച്ച്ഡി പൂർത്തിയാക്കുകയും ചെയ്തു.

ഫ്രെഡ്രിക്  ജെയിംസൺ

ഫ്രെഡ്രിക് ജെയിംസൺ

1959 മുതൽ 1967 വരെ ഹാർവാർഡ് സർവകലാശാല, 1967 മുതൽ 1976 വരെ സാൻ ഡീഗോയിലെ കാലിഫോർണിയ സർവകലാശാല, 1976 മുതൽ 1983 വരെ യേൽ സർവകലാശാല, 1983 മുതൽ 1985 വരെ കാലിഫോർണിയ സർവകലാശാല എന്നിവിടങ്ങളിൽ അധ്യാപകനായിരുന്ന ശേഷം, 1985ൽ അദ്ദേഹം ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ സാഹിത്യത്തിന്റെയും റൊമാൻസ് സ്റ്റഡീസിന്റെയും പ്രൊഫസറായി ചേർന്നു.

ഡ്യൂക്കിൽ ലിറ്റററി സ്റ്റഡീസ് പ്രോഗ്രാം ആരംഭിക്കുകയും വില്യം എ ലെയ്ൻ പ്രൊഫസർ ഓഫ് കംപാരറ്റീവ് ലിറ്ററേച്ചർ ആയി സേവനം അനുഷ്ഠിക്കുകയും ചെയ്തു. 2013 മുതൽ മരണം വരെ നട്ട് ഷ്‌മിഡ് നീൽസൺ  (Knut Schmidt Nielsen)  ഡിസ്റ്റിംഗ്വിഷ്‌ഡ് പ്രൊഫസർ ഓഫ് കംപാരറ്റീവ് ലിറ്ററേച്ചർ ആയിരുന്നു.

ആറു പതിറ്റാണ്ടിലേറെ നീണ്ട ബൗദ്ധിക ജീവിതത്തിനിടയ്‌ക്ക് അദ്ദേഹം മുപ്പത്‌ പുസ്തകങ്ങളും നൂറുകണക്കിന് പ്രബന്ധങ്ങളും രചിച്ചു. മോഡേൺ ലാംഗ്വേജ് അസോസിയേഷൻ (MLA) 2012ൽ അതിന്റെ 'ലൈഫ് ടൈം അച്ചീവ്മെന്റ്‌ അവാർഡ്’ നൽകി അദ്ദേഹത്തെ ആദരിച്ചു.

ജെയിംസണിന്റെ വിമർശന രീതിശാസ്ത്രം ചരിത്രപരമായ ഭൗതികവാദവും സൂക്ഷ്മമായ പാഠവിശകലനവും തമ്മിലുള്ള സംയോജനത്തെയാണ് അടിസ്ഥാനപരമായി അവലംബിക്കുന്നത്. സാഹിത്യരൂപവും സാമൂഹിക ഉള്ളടക്കവും തമ്മിലുള്ള പരസ്പരബന്ധത്തിൽ ഊന്നിക്കൊണ്ട്, സാഹിത്യത്തിലെ സൗന്ദര്യാത്മക തെരഞ്ഞെടുപ്പുകൾ ചരിത്രപരമായ സാഹചര്യങ്ങളാലും പ്രത്യയശാസ്ത്രപരമായ പ്രേരണകളാലും നിർണയിക്കപ്പെട്ടവയാണെന്ന് അദ്ദേഹം വാദിക്കുന്നു.

സാഹിത്യസൃഷ്ടിയെ സ്വാധീനിക്കുന്ന വിപുലമായ സാമൂഹിക സാമ്പത്തിക ചോദനകളെ നിർദ്ധാരണം ചെയ്യുവാനായി, കൃതികളെ വൈരുധ്യാത്മക രീതിയിൽ സമീപിക്കേണ്ടതുണ്ടെന്നും, സാഹിത്യകൃതികളിലെ ആന്തരിക വൈരുധ്യങ്ങളും സംഘർഷങ്ങളും സാമൂഹികജീവിതത്തിന്റെ ആഴങ്ങളിൽ നിലകൊള്ളുന്ന ചരിത്രപരമായ യാഥാർത്ഥ്യങ്ങളുടെയും അനുഭവങ്ങളുടെയും അബോധപൂർവമായ ആവിഷ്‌കാരങ്ങളാണെന്നും അദ്ദേഹം പല കൃതികളുടെയും വായനകളിലൂടെ സ്ഥാപിക്കുന്നു.

പാഠങ്ങൾക്കുള്ളിലെ പിരിമുറുക്കങ്ങൾ അനാവരണം ചെയ്യാൻ മാത്രമല്ല, ചരിത്രപരമായ സാമൂഹികതയും വ്യക്തിഗതമായ ആത്മനിഷ്ഠതയും തമ്മിലുള്ള സംഘർഷഭൂമികകളായി അവയെ വായിക്കാനും ഈ വിശകലനരീതി  സഹായിക്കുന്നു.

കൂടാതെ, യാഥാസ്ഥിതിക സാമൂഹികശാസ്ത്ര സമീപനങ്ങളിൽനിന്നു തീർത്തും വ്യത്യസ്തമായി, യാഥാർത്ഥ്യത്തിന്റെ നിസ്സഹായമായ കേവലപ്രതിഫലനം എന്നതിലുപരിയായി, സാംസ്‌കാരികവും സാമൂഹികവുമായ അവസ്ഥകളും വികാസങ്ങളും രൂപപ്പെടുത്തുന്നതിൽ ചരിത്രത്തിന്റെ ദിശകളെ നിർണയിക്കുന്നതിൽ സജീവവും രചനാത്മകവുമായ പങ്കാളിയായി സാഹിത്യത്തെയും സംസ്‌കാരത്തെയും സ്ഥാനപ്പെടുത്താനും ഈ സമീപനം ഉപകരിക്കുന്നു.

സാഹിത്യനിരൂപണവും സാമൂഹികസിദ്ധാന്തവും തമ്മിലുള്ള അകലങ്ങളും അന്തരങ്ങളും നികത്തുന്നതിലും, രീതിശാസ്ത്രപരമായും രാഷ്ട്രീയപരമായും കൃത്യതയാർന്ന ഒരു പഠനമേഖലയായി സംസ്‌കാരപഠനത്തെ പരിവർത്തിപ്പിക്കുന്നതിലും ജെയിംസണിന്റെ കൃതികൾ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്.

സാഹിത്യനിരൂപണവും സാമൂഹികസിദ്ധാന്തവും തമ്മിലുള്ള അകലങ്ങളും അന്തരങ്ങളും നികത്തുന്നതിലും, രീതിശാസ്ത്രപരമായും രാഷ്ട്രീയപരമായും കൃത്യതയാർന്ന ഒരു പഠനമേഖലയായി സംസ്‌കാരപഠനത്തെ പരിവർത്തിപ്പിക്കുന്നതിലും ജെയിംസണിന്റെ കൃതികൾ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്.

സാംസ്‌കാരിക പ്രതിഭാസങ്ങളെ അവയുടെ സാമ്പത്തിക, രാഷ്ട്രീയ സന്ദർഭങ്ങളുടെ വെളിച്ചത്തിൽ പരിഗണിക്കേണ്ടുന്നതിന്റെ പ്രാധാന്യം ഉറപ്പിക്കുമ്പോൾ തന്നെ, പ്രത്യയശാസ്ത്രപരമായ സമരത്തിന്റെ അതിപ്രധാനമായ ഒരു ആവിഷ്‌കാരസ്ഥലിയെന്ന നിലയിൽ സംസ്‌കാരത്തെ ഒരേസമയം സൂക്ഷ്മവും സമഗ്രവുമായി മനസ്സിലാക്കേണ്ടുന്നതിന്റെ ആവശ്യകതയും അദ്ദേഹം സമർത്ഥിക്കുന്നു.

സംസ്‌കാരത്തിനുള്ളിൽ പ്രത്യയശാസ്ത്രം പ്രവർത്തിക്കുന്നത് എങ്ങനെയെന്നും, സാഹിത്യ പാഠങ്ങളും സാംസ്‌കാരിക പ്രയോഗങ്ങളും പ്രബലമായ പ്രത്യയശാസ്ത്രങ്ങളെ പ്രതിഫലിപ്പിക്കുകയും അതേ സമയം അവയോട്‌ സംഘർഷത്തിൽ ഏർപ്പെടുകയും ചെയ്യുന്ന രീതികൾ എന്തൊക്കെയെന്നും, മനസ്സിലാക്കാൻ ഉതകുന്ന ഒരു സൈദ്ധാന്തിക ചട്ടക്കൂട് രൂപീകരിക്കാനുള്ള ശ്രമങ്ങളിലൂടെ, വ്യക്തികൾ /സാമൂഹികജീവികൾ എന്ന നിലയിൽ നാം ഉൾപ്പെടുന്ന സാംസ്‌കാരിക പ്രയോഗങ്ങളോടും പ്രതിഭാസങ്ങളോടും വിമർശനാത്മകമായി ഇടപെടാനുള്ള സാധ്യതകളാണ്  അദ്ദേഹം തുറന്നത്.

ആഗോളവൽക്കരണത്തിന്റെ പശ്ചാത്തലത്തിൽ, ആഗോള മുതലാളിത്തം സാംസ്‌കാരിക ഉൽപ്പാദനത്തെയും സ്വത്വത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ ജെയിംസണിന്റെ കൃതികളുടെ ഒരു പ്രധാന ഭാഗമാണ്.

ആഗോളവൽക്കരണത്തിന്റെ പശ്ചാത്തലത്തിൽ, ആഗോള മുതലാളിത്തം സാംസ്‌കാരിക ഉൽപ്പാദനത്തെയും സ്വത്വത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ ജെയിംസണിന്റെ കൃതികളുടെ ഒരു പ്രധാന ഭാഗമാണ്. ആഗോള സാമ്പത്തിക സാഹചര്യങ്ങളുടെ സമ്മർദത്തിൽ, സാംസ്‌കാരികരൂപങ്ങൾ പലപ്പോഴും പ്രാദേശിക വ്യത്യാസങ്ങളെ മറയ്ക്കുകയും മായ്ക്കുകയും ചെയ്യുന്ന ഏകീകരണത്തിനും, ബാഹ്യമായി വ്യത്യാസങ്ങളുടെ പ്രതീതി ജനിപ്പിക്കുമ്പോഴും ഏകശിലാസ്വഭാവമുള്ള ഒരാഗോള സംസ്‌കാരത്തിന്റെ സംസ്ഥാപനത്തിനും കാരണമാകുന്നു എന്നുള്ള ജെയിംസണിന്റെ നിരീക്ഷണം ഇന്ന് എത്ര പ്രാധാന്യമർഹിക്കുന്നു എന്നത് ഏതൊരു സംസ്‌കാരപഠിതാവിനും വ്യക്തമാണ്.

സംസ്‌കാരം, പ്രത്യയശാസ്ത്രം, മുതലാളിത്തം എന്നിവയുടെ നിഗൂഢമായ കൂട്ടുകെട്ടുകളെ വിശകലനം ചെയ്യാനുതകുന്ന നിഷ്‌കൃഷ്ടമായ സങ്കൽപ്പനോപാധികൾ വികസിപ്പിക്കുക വഴി, മാർക്‌സിസ്റ്റ് സാഹിത്യ സാംസ്‌കാരിക സിദ്ധാന്തത്തിന് ഫ്രെഡ്രിക് ജെയിംസൺ നൽകിയ സംഭാവനകൾ നിരവധിയെങ്കിലും അദ്ദേഹം മുന്നോട്ടുവച്ച മൂന്ന് അന്യോന്യം ബന്ധപ്പെട്ട, എന്നാൽ സവിശേഷമായ, സൈദ്ധാന്തികാവബോധങ്ങൾ പ്രത്യേക ശ്രദ്ധയർഹിക്കുന്നു.

എല്ലാ സാംസ്‌കാരിക വസ്തുക്കളുടെയും അടിത്തട്ടിൽ സാമൂഹിക സാമ്പത്തികാവസ്ഥകളുടെ ഒരു 'രാഷ്ട്രീയപരമായ അബോധം’ പ്രവർത്തിക്കുന്നു എന്നും, സാഹിത്യകൃതികളുടെ രൂപം അവയുടെ ഉള്ളടക്കത്തെ നിക്ഷേപിക്കാനുള്ള ഒരു നിഷ്പക്ഷ പാത്രമല്ല, മറിച്ച് 'സാമൂഹികമായ ഒരു പ്രതീകാത്മക പ്രവൃത്തിയാണ്’ എന്നും, ഉത്തരാധുനികത അടിസ്ഥാനപരമായി 'പിൽക്കാല മുതലാളിത്തത്തിന്റെ സാംസ്‌കാരിക യുക്തിയാണ്’ എന്നുമുള്ള താത്വികാവബോധങ്ങൾ സമകാലിക സാഹിത്യത്തെയും സംസ്‌കാരത്തെയും മനസ്സിലാക്കുന്നതിനുള്ള മാർക്‌സിയൻ ഉദ്യമങ്ങൾക്കു നൽകിയ തുറസ്സുകൾ ചെറുതല്ല.

രാഷ്ട്രീയപരമായ അബോധം


'പ്രതീകാത്മക ഉൽപ്പാദനത്തിൽ നിക്ഷേപിക്കപ്പെടുകയോ, അതിൽ അന്തർഭവിക്കുകയോ ചെയ്യുന്ന ഒന്നല്ല പ്രത്യയശാസ്ത്രം; മറിച്ച്, സൗന്ദര്യാത്മക പ്രവൃത്തി തന്നെ പ്രത്യയശാസ്ത്രപരമാണ്, സൗന്ദര്യാത്മകമോ ആഖ്യാനപരമോ ആയ ഒരു രൂപത്തിന്റെ ഉൽപാദനം സ്വന്തം നിലയ്‌ക്കു തന്നെ പ്രത്യയശാസ്ത്രപരമാണ്; അതിന്റെ കർമമാകട്ടെ പരിഹരിക്കാനാകാത്ത സാമൂഹിക വൈരുധ്യങ്ങൾക്ക് സാങ്കൽപ്പികമോ രൂപപരമോ ആയ 'പരിഹാരങ്ങൾ’  കണ്ടുപിടിക്കുക എന്നതാണ്.’

ഫ്രെഡ്രിക് ജെയിംസൺ (The Political Unconscious)
 

ജെയിംസണെ സംബന്ധിച്ചിടത്തോളം എല്ലാ സാംസ്‌കാരിക ഉൽപ്പന്നങ്ങളും സഹജമായിത്തന്നെ രാഷ്ട്രീയപരമാണ്, അവയിൽ നിർലീനമായി നിൽക്കുന്ന ചരിത്രപരവും പ്രത്യയശാസ്ത്രപരവുമായ സന്ദർഭങ്ങൾ അനാവരണം ചെയ്യുന്ന വായനകൾ അവ ആവശ്യപ്പെടുന്നു. സാഹിത്യവും കലയും പൂർണമായി സ്വതന്ത്രമോ കേവലമായി സൗന്ദര്യാത്മകമോ അല്ല, അവ നിർമിക്കപ്പെടുന്ന സാമൂഹിക, സാമ്പത്തിക, ചരിത്ര സന്ദർഭങ്ങളാൽ നിർണയിക്കപ്പെട്ടവയാണ്.

ഇതിനർഥം, അരാഷ്ട്രീയമെന്നോ രാഷ്ട്രീയവിരുദ്ധമെന്നോ തോന്നിപ്പിക്കുന്ന കൃതികൾ പോലും പ്രത്യയശാസ്ത്രപരവും സാമൂഹികവുമായ വൈരുധ്യങ്ങളെ സംബോധന ചെയ്യുകയും അവയോട് സങ്കീർണമായ 'വിലപേശലുകളിൽ’ ഏർപ്പെടുകയും ചെയ്യുന്നു എന്നാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ,

സാഹിത്യവും കലയും പ്രത്യയശാസ്ത്ര സംഘർഷങ്ങളാൽ ആലേഖനം ചെയ്യപ്പെട്ട സ്ഥലികളാണ്. പുറമേക്ക് ദൃശ്യമല്ലെങ്കിലും, അവയുടെ അടിത്തട്ടിൽ, അല്ലെങ്കിൽ 'അബോധത്തിൽ’, ഈ സംഘർഷങ്ങൾ പതിയിരിക്കുന്നു, അവയുടെ സ്വഭാവവും സ്വത്വവും നിരന്തരം നിർണയിച്ചുകൊണ്ട്.

സാഹിത്യവും കലയും പ്രത്യയശാസ്ത്ര സംഘർഷങ്ങളാൽ ആലേഖനം ചെയ്യപ്പെട്ട സ്ഥലികളാണ്. പുറമേക്ക് ദൃശ്യമല്ലെങ്കിലും, അവയുടെ അടിത്തട്ടിൽ, അല്ലെങ്കിൽ 'അബോധത്തിൽ’, ഈ സംഘർഷങ്ങൾ പതിയിരിക്കുന്നു, അവയുടെ സ്വഭാവവും സ്വത്വവും നിരന്തരം നിർണയിച്ചുകൊണ്ട്.

ഇങ്ങനെയൊരു സാഹചര്യത്തിൽ, 'സാഹിത്യത്തെയോ സംസ്‌കാരത്തെയോ സംബന്ധിക്കുന്ന സാമ്പ്രദായിക സാമൂഹ്യശാസ്ത്രം ഒരു കൃതിയിലെ വർഗപരമായ താൽപ്പര്യങ്ങളോ മൂല്യങ്ങളോ കണ്ടെത്തുക എന്ന ദൗത്യത്തിലേക്ക് വിനയത്തോടെ സ്വയം പരിമിതപ്പെടുത്തുകയും, ഒരു സാംസ്‌കാരികോൽപ്പന്നം എങ്ങനെ അതിന്റെ സാമൂഹിക പശ്ചാത്തലത്തെ 'പ്രതിഫലിപ്പിക്കുന്നു’ എന്ന് വ്യക്തമാക്കുന്നതോടെ സ്വന്തം ജോലി തീർന്നു എന്നു കരുതുകയും, ചെയ്യുന്ന സാമ്പ്രദായിക സാമൂഹ്യശാസ്ത്രം  തീർത്തും അസ്വീകാര്യമാണ്  (The Political Unconscious).

മറിച്ച്, പാഠങ്ങളെ അവയുടെ പ്രത്യയശാസ്ത്രപരമായ ആന്തരികമുദ്രണങ്ങൾക്കായി വിശകലനം ചെയ്യുന്നതിലൂടെ, അധികാരത്തിന്റെയും വർഗസമരത്തിന്റെയും സാമൂഹികബന്ധങ്ങളുടെയും മറഞ്ഞിരിക്കുന്ന അംശങ്ങളെ അവയിൽ കണ്ടെത്താനാകും.

'രാഷ്ട്രീയപരമായ അബോധം’ ഇവിടെ ആഴത്തിലുള്ള വിശകലനത്തിനായുള്ള ഒരു സൈദ്ധാന്തിക മാതൃകയാണ്, അത് സാംസ്‌കാരിക പാഠങ്ങളുടെ നിർമാണത്തിൽ ഗുപ്തമാക്കപ്പെട്ടതും, പലപ്പോഴും അടിച്ചമർത്തപ്പെട്ടതുമായ, ചരിത്രപരവും പ്രത്യയശാസ്ത്രപരവുമായ സമസ്യകളെ അനാവരണം ചെയ്യാൻ സഹായിക്കുന്നു.

അതേസമയം, മാർക്‌സിസ്റ്റ് ചരിത്രരചന, മനോവിശ്ലേഷണം, ഘടനാവാദം, ചിഹ്നശാസ്ത്രം എന്നിവ സമന്വയിപ്പിച്ച്, വളരെ വിസ്തൃതവും അന്തർവൈജ്ഞാനികവുമായ ഒരു സമീപനം കൈകൊള്ളുന്നതിലൂടെ തീർത്തും വ്യത്യസ്തങ്ങളായ പാഠങ്ങളെയും ചരിത്ര സന്ദർഭങ്ങളെയും വിശകലനം ചെയ്യുവാനുള്ള ബഹുമുഖമായ ഒരു വിമർശന പദ്ധതിയായി അത് വികസിക്കുകയും ചെയ്യുന്നു.

ഫ്രെഡ്രിക്‌ ജെയിംസൺ. പഴയകാല ചിത്രം

ഫ്രെഡ്രിക്‌ ജെയിംസൺ. പഴയകാല ചിത്രം

ഫ്രോയിഡിന്റെ മനഃശാസ്ത്ര സിദ്ധാന്തങ്ങളിൽനിന്നും വ്യക്തിയുടെ 'അബോധം’(unconscious), മനഃശാസ്ത്രപരമായ 'അടിച്ചമർത്തൽ’ (repression) എന്നീ സങ്കൽപ്പനങ്ങൾ സ്വീകരിച്ച്, അവയെ വിപുലമായ സാമൂഹികരാഷ്ട്രീയ പരിസരത്തിൽ ജെയിംസൺ പുനർരൂപകൽപന ചെയ്യുന്നു.

വ്യക്തിയുടെ മനസ്സ് ആഘാതപൂർണവും സാമൂഹികമായി സ്വീകാര്യമല്ലാത്തതുമായ അനുഭവങ്ങളെയും വികാരങ്ങളെയും തൃഷ്ണകളെയും അടിച്ചമർത്തുന്നതുപോലെ, കൃതികൾ ചില ചരിത്രപരവും പ്രത്യയശാസ്ത്രപരവുമായ യാഥാർത്ഥ്യങ്ങളെ അടിച്ചമർത്തുന്നു.

ഈ അടിച്ചമർത്തപ്പെട്ട ഘടകങ്ങൾ, വ്യക്തിയുടെ സ്വപ്നങ്ങളിലും നാക്കുപിഴകളിലുമൊക്കെ അറിയാതെ അവതരിക്കുന്ന പോലെ, കൃതിയുടെ ആഖ്യാനഘടനയിലോ, ബിംബങ്ങളിലോ, ഇതിവൃത്തത്തിലോ ഒക്കെ സ്ഥാനഭ്രംശം വരുത്തിയ നിലയിലോ പ്രതീകാത്മകമായി രൂപമാറ്റം വരുത്തിയ നിലയിലോ അവതരിക്കുന്നു.

മറ്റൊരു വിധം പറഞ്ഞാൽ, കൃതിയുടെ അബോധത്തിൽ മറഞ്ഞിരിക്കുന്ന പ്രത്യയശാസ്ത്ര സംഘർഷങ്ങൾ, പ്രത്യക്ഷേണ അവയുടെ ആവിഷ്‌കാരങ്ങൾ എന്നു തോന്നിപ്പിക്കാത്ത വിധം, പ്രതീകാത്മകമായോ അന്യാപദേശമായോ ബാഹ്യരൂപത്തിൽ ആവിഷ്‌കരിക്കപ്പെടുന്നു.

ഒരു പാഠത്തിന്റെ രാഷ്ട്രീയപരമായ അബോധം നിർദ്ധാരണം ചെയ്യുന്നതിന് മൂന്നു തലങ്ങളിലായി പ്രവർത്തിക്കുന്ന ഒരു വ്യാഖ്യാന പദ്ധതി ജെയിംസൺ നിർദേശിക്കുന്നുണ്ട്. വ്യത്യസ്തങ്ങളെങ്കിലും പരസ്പരബന്ധിതങ്ങളായ ഈ മൂന്നു തലങ്ങൾ പാഠവും അതിന്റെ സാമൂഹികചരിത്ര പരിസരവുമായുള്ള ബന്ധത്തെ ആഴത്തിലും സമഗ്രതയിലും മനസ്സിലാക്കാനുള്ള മാർഗങ്ങൾ തുറക്കുന്നു.

രാഷ്ട്രീയ വ്യാഖ്യാനത്തിന്റെ ആദ്യ തലത്തിൽ, രാഷ്ട്രീയപരമോ സാമൂഹികമോ ആയ ഒരു പ്രത്യേക സംഘർഷത്തിന്റെ പ്രതീകാത്മക പരിഹാരമായി പാഠത്തെ മനസ്സിലാക്കുന്നു. സാമൂഹിക വ്യാഖ്യാനത്തിന്റേതായ രണ്ടാം തലത്തിൽ, പാഠം വർഗസമരവുമായി ബന്ധപ്പെടുത്തി വായിക്കപ്പെടുന്നു.

വ്യത്യസ്ത സാമൂഹിക കൂട്ടങ്ങൾ, വർഗങ്ങൾ, താൽപ്പര്യങ്ങൾ എന്നിവ തമ്മിലുള്ള വൈരുധ്യങ്ങൾക്ക് മാധ്യസ്ഥം വഹിക്കുകയും അവയ്‌ക്ക് സാങ്കൽപ്പികമായ പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന ഒന്നായി ആഖ്യാനം വിശകലനം ചെയ്യപ്പെടുന്നു. സാംസ്‌കാരിക വ്യവഹാരങ്ങളിൽ വർഗവൈരുധ്യങ്ങൾ എങ്ങനെ പ്രതിനിധീകരിക്കപ്പെടുന്നു, അല്ലെങ്കിൽ അടിച്ചമർത്തപ്പെടുന്നു, എന്നതിനെ ഈ തലം സംബോധന ചെയ്യുന്നു.

ചരിത്രപരമായ വ്യാഖ്യാനത്തിന്റേതായ ഏറ്റവും ആഴമേറിയ മൂന്നാമത്തെ തലത്തിൽ, പാഠത്തിന്റെ നിർമിതിയിൽ നിർണായക പങ്ക്‌ വഹിച്ച വിശാലമായ ചരിത്ര പ്രക്രിയകളിൽ ഫ്യൂഡലിസം, മുതലാളിത്തം, സോഷ്യലിസം എന്നിങ്ങനെയുള്ള  സാമൂഹിക സാമ്പത്തികക്രമങ്ങളിൽ ശ്രദ്ധയൂന്നുന്നു.

ഇവിടെ, സവിശേഷമായ ഒരു ഉൽപ്പാദനരീതിയുടെയും, അതിന്റെ ഘടനാപരമായ പരിമിതികളുടെയും, ഫലമായുണ്ടാകുന്ന ചരിത്രപരമായ വൈരുധ്യങ്ങളുടെ ഒരു ഉൽപ്പന്നമായാണ് പാഠത്തെ കാണുന്നത്.

ഇതിൽ ശ്രദ്ധേയമായ കാര്യം, ചരിത്രത്തെയാണ് ജെയിംസൺ വിമർശനത്തിന്റെ 'ആത്യന്തിക ചക്രവാളം’ ആയി പരിഗണിക്കുന്നത് എന്നതാണ്. മാർക്‌സിസ്റ്റ് കാഴ്ചപ്പാടിൽ, വർഗസമരത്തിന്റെ ചലനാത്മക പ്രക്രിയയായ ചരിത്രം, അടിച്ചമർത്തപ്പെടുകയോ മറച്ചുവയ്‌ക്കപ്പെടുകയോ ചെയ്താലും, സാഹിത്യ സാംസ്‌കാരിക രൂപങ്ങളിൽ എപ്പോഴും സന്നിഹിതമാണ്.

സാംസ്‌കാരിക വസ്തുക്കളെല്ലാം തന്നെ ചരിത്രശക്തികളാൽ രൂപീകരിക്കപ്പെടുമ്പോഴും, തിരിച്ച് ആ ശക്തികളെ സംബന്ധിക്കുന്ന ധാരണകൾ രൂപപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെ സാംസ്‌കാരിക വസ്തുക്കൾ ചരിത്രനിർമാണ പ്രക്രിയയിൽ ഭാഗമാകുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് 'എപ്പോഴും ചരിത്രവൽക്കരിക്കുക!’ എന്ന ജെയിംസണിന്റെ നിർദേശം കേവലമായ ഒരു മുദ്രാവാക്യമല്ല, വിമർശനത്തിന്റെ ഏറ്റവും കാതലായ ദൗത്യമാണ് എന്നു വ്യക്തമാകുന്നത്.

ഹെഗൽ

ഹെഗൽ

കാൾ മാർക്‌സ്‌

കാൾ മാർക്‌സ്‌

ആ ചരിത്രവൽക്കരണം സാധ്യമാകുന്നത് പാഠങ്ങളുടെ രാഷ്ട്രീയപരമായ അബോധത്തെ തുറന്നെടുക്കുന്നതിലൂടെയാണ്, അതിൽ ഗുപ്തമായി നിലകൊള്ളുന്ന സാംസ്‌കാരിക ഉത്പാദനത്തെ നിർണയിക്കുന്ന ചരിത്രപ്രക്രിയകളെയും വൈരുധ്യങ്ങളെയും വെളിപ്പെടുത്തുന്നതിലൂടെയും, അതുവഴി പാഠങ്ങൾക്കുള്ളിലെ ചരിത്രം വായിച്ചെടുക്കുന്നതിലൂടെയുമാണ്.

രാഷ്ട്രീയപരമായ അബോധത്തെ അവലംബിച്ചുള്ള വിമർശനത്തിൽ ജെയിംസൺ മുന്നോട്ടുവയ്ക്കുന്ന സുപ്രധാനമായ ഒരു സങ്കേതം വൈരുധ്യാത്മക വ്യാഖ്യാനമാണ്. ഹെഗേലിയൻ, മാർക്‌സിസ്റ്റ് ചിന്തകളിലെ വൈരുധ്യാത്മക രീതി ഉൾക്കൊണ്ട്, ഒരു പാഠത്തിനുള്ളിൽ വിരുദ്ധമോ വിഘടിതമോ ആയി നിൽക്കുന്ന ഘടകങ്ങളുടെ അനുരഞ്ജനസമന്വയങ്ങളിലൂടെ അവയേക്കാൾ ഉയർന്നതും കൂടുതൽ സമഗ്രവുമായ ഒരു തലത്തിലുള്ള ധാരണയിലേക്ക് പാഠാർഥത്തെ ആനയിക്കുന്നു.

ബൽസാക്ക്‌

ബൽസാക്ക്‌

ജോസഫ്‌  കോൺറാഡ്‌

ജോസഫ്‌ കോൺറാഡ്‌

ജെയിംസണെ സംബന്ധിച്ചിടത്തോളം, രാഷ്ട്രീയപരമായ അബോധത്തെ വൈരുധ്യാത്മക വിശകലനത്തിന് വിധേയമാക്കുന്നതിലൂടെ, ഒരു നിശ്ചിത ചരിത്രനിമിഷത്തെ സവിശേഷമാക്കുന്ന സാമൂഹിക ബന്ധങ്ങൾ, സമ്പ്രദായങ്ങൾ, ഘടനകൾ എന്നിവ ചേർന്നു തീർക്കുന്ന സാമൂഹിക സമഗ്രതയെ ഒരു പാഠം എങ്ങനെ പ്രതിഫലിപ്പിക്കുന്നു, എങ്ങനെ അതിൽ ഇടപെടുന്നു, അല്ലെങ്കിൽ എങ്ങനെ അതിനെ വികലമാക്കുന്നു എന്നെല്ലാം തുറന്നെടുക്കാനുള്ള സാധ്യതയാണ് ലഭിക്കുന്നത്.

രാഷ്ട്രീയപരമായ അബോധം എന്ന സങ്കൽപ്പനത്തെ ആശ്രയിച്ചുകൊണ്ട് ഓണോറെ ഡി ബൽസാക്കിന്റെ Old Goriot, ജോസഫ് കോൺറാഡിന്റെ Lord Jim എന്നീ നോവലുകളെക്കുറിച്ചുള്ള ജെയിംസണിന്റെ വിമർശനങ്ങൾ വളരെ ശ്രദ്ധേയങ്ങളാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ ആദ്യദശകങ്ങളിലെ ഫ്രഞ്ച് സമൂഹത്തിന്റെ വൈരുധ്യങ്ങളെ സംബോധന ചെയ്യുന്ന ഒരു പ്രതീകാത്മക കൃതിയായി ജെയിംസൺ Old Goriot നെ വ്യാഖ്യാനിക്കുന്നു.

വർഗപരവും സാമ്പത്തികവുമായ അധികാരവ്യവസ്ഥകളാൽ അടിച്ചമർത്തപ്പെട്ട ഈ വൈരുധ്യങ്ങൾ ഗോറിയോവിന്റെ കഥാപാത്രത്തിലും പെൺമക്കളുമായുള്ള അയാളുടെ ബന്ധത്തിലും പ്രതീകാത്മകമായി അവതരിപ്പിക്കപ്പെടുന്നതായി ജെയിംസൺ കണ്ടെത്തുന്നു. അതേസമയം, കൊളോണിയലിസത്തിന്റെ വൈരുധ്യങ്ങളെയും അത് സൃഷ്ടിക്കുന്ന ധാർമിക പ്രതിസന്ധികളെയും അവതരിപ്പിക്കുന്ന ആഖ്യാനമായി ജെയിംസൺൺ Lord Jim നെ വായിക്കുന്നു.

നോവൽ പാഠത്തിന്റെ സങ്കീർണമായ ആഖ്യാനഘടനയും അതിൽ പ്രത്യക്ഷപ്പെടുന്ന അന്യോന്യം പൊരുത്തപ്പെടാത്ത വീക്ഷണങ്ങളും കൊളോണിയൽ ഭരണത്തിന്റെ ശിഥിലവും വൈരുധ്യാത്മകവുമായ അനുഭവത്തെ പ്രതിഫലിപ്പിക്കുന്ന രൂപപരമായ തന്ത്രങ്ങളായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.


സാഹിത്യപരമായ രൂപം എന്ന പ്രതീകാത്മക പ്രയോഗം


'സാഹിത്യപരമോ ദാർശനികമോ ആയ ഒരു പ്രതിഭാസത്തിന്റെ മൂർത്തമായ ഒരു വിവരണത്തിന്  അത് ശരിക്കും പൂർണമാകണമെങ്കിൽ ഓരോ വാക്യത്തിന്റെയും രൂപത്തെ ഗ്രഹിക്കാനും, അവയുടെ ഉത്ഭവത്തെയും രൂപീകരണത്തെയും കുറിച്ച് ഒരു  വിശദീകരണം നൽകാനും ആത്യന്തികമായ ബാധ്യതയുണ്ട്.’

ഫ്രെഡ്രിക് ജെയിംസൺ (Marxism and Form)

 

 

സാഹിത്യകൃതികളുടെ രൂപത്തെ സംബന്ധിക്കുന്ന ജെയിംസണിന്റെ വീക്ഷണം ആഖ്യാനം, ജനുസ്സ് (genre), പാഠത്തിനകത്തെ ചരിത്ര ചിത്രീകരണം എന്നിവയെക്കുറിച്ച് അദ്ദേഹം രൂപപ്പെടുത്തിയ ആശയങ്ങളുമായി സങ്കീർണമായി ബന്ധപ്പെട്ടിരിക്കുന്നു.

സാഹിത്യരൂപത്തെ അദ്ദേഹം കാണുന്നത് ഉള്ളടക്കത്തെ നിക്ഷേപിക്കുവാനുള്ള ഒരു നിഷ്പക്ഷ പാത്രമായിട്ടല്ല, മറിച്ച് അതിന്റെ ചരിത്രപരമായ സന്ദർഭത്തിലെ വൈരുധ്യങ്ങളും സങ്കീർണതകളും ഉൾക്കൊള്ളുന്ന ഒരു സാമൂഹിക പ്രതീകാത്മക പ്രയോഗമായിട്ടാണ്.

സാംസ്‌കാരികരൂപങ്ങളും സാമൂഹികഘടനകളും തമ്മിലുള്ള പരസ്പരബന്ധത്തെ ഊന്നിപ്പറയുന്ന മാർക്‌സിസ്റ്റ് സാംസ്‌കാരിക സിദ്ധാന്തത്തിലാണ് സാഹിത്യരൂപത്തെ സംബന്ധിക്കുന്ന അദ്ദേഹത്തിന്റെ ധാരണകൾ അടിസ്ഥാനപരമായി നിലയുറപ്പിക്കുന്നത്.

എന്നാൽ, മാർക്‌സിസ്റ്റ് സാഹിത്യസിദ്ധാന്തത്തോടൊപ്പം, ഉത്തരാധുനിക സിദ്ധാന്തം, വിമർശനാത്മക സാംസ്‌കാരിക വിശകലനം എന്നിവയെ കൂടി യോജിപ്പിക്കുന്നതോടെ, ഒരു അന്തർവൈജ്ഞാനിക പദ്ധതിയായി അദ്ദേഹത്തിന്റെ രൂപവിമർശനം വികസിക്കുന്നു.

സാംസ്‌കാരിക ആവിഷ്‌കാരങ്ങൾക്കും അവയുടെ ചരിത്രപരമായ സന്ദർഭങ്ങൾക്കും ഇടയിലുള്ള ഒരു മാധ്യസ്ഥതയായി ജെയിംസൺ രൂപത്തെ സങ്കൽപ്പിക്കുന്നു. ഓരോ സാഹിത്യകൃതിയും അതിന്റെ കാലത്തെ സാംസ്‌കാരിക ഉൽപ്പാദനക്രമവും അതിന് അടിസ്ഥാനമായി വർത്തിക്കുന്ന സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളും തമ്മിലുള്ള സങ്കീർണമായ വൈരുധ്യാത്മക ബന്ധത്തിന്റെ ഉൽപ്പന്നമാണ്.

അതേസമയം, ഓരോ കൃതിയും അതിന്റെ ചരിത്ര സന്ദർഭത്തിലെ അടിച്ചമർത്തപ്പെട്ടതും പരിഹരിക്കപ്പെടാത്തതുമായ വൈരുധ്യങ്ങളെ വെളിപ്പെടുത്തുന്ന രാഷ്ട്രീയപരമായ അബോധത്തിന്റെ നിർമിതി കൂടിയാണ്. ഈ അബോധം ആഖ്യാനത്തിന്റെ രൂപത്തിലൂടെയാണ് പ്രകടിപ്പിക്കപ്പെടുന്നത്.

ആ നിലയ്ക്ക്, ഓരോ സാഹിത്യകൃതിയുടെയും ഘടന അതിന്റെ ശൈലീപരവും ആഖ്യാനപരവുമായ ഘടകങ്ങൾ ഉൾപ്പെടെ അതിന്റെ കാലത്തെ സാമൂഹിക രാഷ്ട്രീയ വൈരുധ്യങ്ങളുടെ പ്രത്യയശാസ്ത്രപരമായ ആവിഷ്‌കാരമായി മാറുന്നു. ഇങ്ങനെ ഉരുത്തിരിയുന്ന ആഖ്യാനരൂപങ്ങൾ അവയുടെ ഉൽപ്പാദന സന്ദർഭത്തിലെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥകളെ സ്വാഭാവികവൽക്കരിക്കാനും അവയിലെ അസമത്വങ്ങളെയും വൈപരീത്യങ്ങളെയും മറയ്ക്കാനും സഹായിക്കുന്ന പ്രത്യയശാസ്ത്ര നിർമിതികളായിത്തീരുന്നു.

അങ്ങനെ, സാമൂഹിക യാഥാർത്ഥ്യത്തെ ഒരേസമയം പ്രതിനിധീകരിക്കുകയും വികലമാക്കുകയും, അതുവഴി വർഗസമരത്തിലേക്കും സാമൂഹിക വൈരുധ്യങ്ങളിലേക്കും വിരൽചൂണ്ടുകയും, എന്നാൽ പ്രത്യയശാസ്ത്ര പിരിമുറുക്കങ്ങളെ ഒരു പ്രച്ഛന്നഭാഷയിലേക്ക് പരിവർത്തിപ്പിക്കുകയും, ചെയ്യുന്ന ചരിത്രപരമായ സാന്നിധ്യമായിത്തീരുന്നു രൂപം.

അതേസമയം, ജെയിംസണിന്റെ സിദ്ധാന്തത്തിൽ, സാഹിത്യപരമോ സാംസ്‌കാരികമോ ആയ ഒരു പാഠം അതിന്റെ സാമൂഹികചരിത്ര പശ്ചാത്തലത്തിൽ അന്തർലീനമായ വൈരുധ്യങ്ങളെ അപൂർണമായെങ്കിലും പരിഹരിക്കാൻ ശ്രമിക്കുന്ന ഒരു 'പ്രതീകാത്മക പ്രയോഗം’ കൂടിയാണ്.

ഈ പ്രതീകാത്മക പ്രവൃത്തി യാഥാർത്ഥ്യത്തിന്റെ നേരിട്ടുള്ളതോ ബോധപൂർവമായതോ ആയ പ്രതിഫലനമല്ല, പ്രത്യക്ഷമായി പ്രസ്താവിക്കാൻ കഴിയാത്തത് പരോക്ഷമായി പ്രകടിപ്പിക്കുന്ന, സ്ഥാനഭ്രംശം സംഭവിച്ച പ്രതിനിധാനമാണ്. രൂപത്തിന്റെ തലത്തിൽ നിർവഹിക്കപ്പെടുന്ന ഈ പരിഹാരങ്ങളിലൂടെ, യഥാർത്ഥ ലോക വൈരുധ്യങ്ങൾക്കും സംഘർഷങ്ങൾക്കും താൽക്കാലികവും പ്രതീകാത്മകവുമായ ഒരു പരിഹാരം വാഗ്ദാനം ചെയ്യപ്പെടുന്നു.

ആ നിലയ്ക്ക്, ഒരു സാഹിത്യരൂപത്തെ അതിന്റെ സാമൂഹികചരിത്ര സന്ദർഭവുമായി പൊരുത്തപ്പെടാനോ ചെറുക്കാനോ പ്രയാസപ്പെടുന്ന ഒരു പ്രത്യേക പ്രത്യയശാസ്ത്ര നിലപാടിന്റെ പ്രതിനിധാനമായിക്കൂടി കാണാവുന്നതാണ്. ഇവിടെയാണ് സാഹിത്യജനുസ്സുകളെ  (genre) സംബന്ധിക്കുന്ന ജെയിംസണിന്റെ ചിന്ത അത്യന്തം പ്രസക്തമാകുന്നത്.

രൂപത്തെയും ചരിത്രത്തെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന വിശകലന സംവർഗമായാണ് സാഹിത്യജനുസ്സിനെ ജെയിംസൺ കാണുന്നത്. ജനുസ്സുകൾ കേവലം രൂപപരമോ സൗന്ദര്യാത്മകമോ ആയ സങ്കേതങ്ങൾ മാത്രമല്ല, മറിച്ച് ചരിത്രപരമായ മാറ്റങ്ങൾക്കും പരിവർത്തനങ്ങൾക്കും വിധേയമായി രൂപപ്പെടുന്നവയാണവ.

രൂപത്തെയും ചരിത്രത്തെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന വിശകലന സംവർഗമായാണ് സാഹിത്യജനുസ്സിനെ ജെയിംസൺ കാണുന്നത്. ജനുസ്സുകൾ കേവലം രൂപപരമോ സൗന്ദര്യാത്മകമോ ആയ സങ്കേതങ്ങൾ മാത്രമല്ല, മറിച്ച് ചരിത്രപരമായ മാറ്റങ്ങൾക്കും പരിവർത്തനങ്ങൾക്കും വിധേയമായി രൂപപ്പെടുന്നവയാണവ.

ഉൽപ്പാദന രീതിയിലും സാമൂഹിക ബന്ധങ്ങളിലുമുള്ള മാറ്റങ്ങളെ അടിസ്ഥാനമാക്കി സാഹിത്യജനുസ്സുകളും രചനാവിഭാഗങ്ങളും എങ്ങനെ ഘട്ടംഘട്ടമായി ഉയർന്നുവരുന്നു, പരിണമിക്കുന്നു, ക്ഷയിക്കുന്നു എന്ന് അദ്ദേഹം കണ്ടെത്തുന്നു.

നോവൽ, നോവലിന്റെ ഉപവർഗങ്ങൾ, റൊമാൻസ്, റിയലിസം, മോഡേണിസം എന്നിങ്ങനെയുള്ള ജനുസ്സുകളും വിഭാഗങ്ങളും കേവലം കലാപരമായ വികാസങ്ങളോ തെരഞ്ഞെടുപ്പുകളോ അല്ല, മറിച്ച് അവയുടെ സവിശേഷമായ സാമൂഹികസന്ദർഭവും ചരിത്രനിമിഷവും രൂപപ്പെടുത്തിയ രൂപങ്ങളാണ് അവയോരോന്നും.

അതതു കാലത്തെ ഉൽപ്പാദന രീതികളോടും ചരിത്രപരമായ വികാസഘട്ടങ്ങളോടും അവ ഒത്തുപോകുന്നു. ഉദാഹരണത്തിന്, ബൂർഷ്വാ സമൂഹത്തിന്റെ ഉദയകാലത്ത് ഉയർന്നുവന്ന റിയലിസ്‌റ്റിക്‌ നോവൽ അന്നത്തെ സാമൂഹ്യക്രമത്തിന്റെ മൂല്യങ്ങളെയും വൈരുധ്യങ്ങളെയും എങ്ങനെ പ്രതിഫലിപ്പിക്കുന്നുവെന്നും,

19, 20 നൂറ്റാണ്ടുകളിൽ റിയലിസത്തിൽനിന്ന് ആധുനികതയിലേക്കുള്ള ചുവടുമാറ്റം മുതലാളിത്ത വ്യവസ്ഥയിലെ മാറ്റങ്ങളുമായും, അവയുമായി ബന്ധപ്പെട്ട സാമൂഹിക അന്യവൽക്കരണത്തിന്റെ പ്രകരണങ്ങളുമായും, എങ്ങനെ ഒത്തുപോകുന്നുവെന്നും, ഉത്തരാധുനിക രൂപങ്ങൾ പിൽക്കാല മുതലാളിത്തവുമായി ബന്ധപ്പെട്ട അന്യവൽക്കരണത്തെയും ശിഥിലീകരണത്തെയും എങ്ങനെ സ്വാംശീകരിക്കുന്നുവെന്നും ജെയിംസൺ ദൃഷ്ടാന്തങ്ങളോടെ വിശദീകരിക്കുന്നു.

 

ഉത്തരാധുനികത അഥവാ,  പിൽക്കാല മുതലാളിത്തത്തിന്റെ സാംസ്‌കാരിക യുക്തി


'ചരിത്രപരമായി എങ്ങനെ ചിന്തിക്കണമെന്നു മറന്നുപോയ ഒരു കാലഘട്ടത്തിൽ വർത്തമാനകാലത്തെ ചരിത്രപരമായി ചിന്തിക്കാനുള്ള ശ്രമമായി ഉത്തരാധുനികത എന്ന ആശയത്തെ മനസ്സിലാക്കുന്നതാണ്, ആദ്യ ചുവടായി, ഏറ്റവും സുരക്ഷിതം.’

 ‐ ഫ്രെഡ്രിക് ജെയിംസൺ (Postmodernism Or the Cultural Logic of Late Capitalism)

 

ഉത്തരാധുനികത കേവലം കലാപരമോ ബൗദ്ധികമോ ആയ ഒരു പ്രസ്ഥാനമല്ല എന്നും, മറിച്ച് പിൽക്കാല മുതലാളിത്തത്തിലേക്കുള്ള ചുവടുമാറ്റത്തിൽ അവതരിച്ച വിശാലമായ സാമ്പത്തിക സാമൂഹിക പരിവർത്തനങ്ങളുടെ പ്രതിഫലനമാണെന്നും മേലുദ്ധരിച്ച കൃതിയിൽ ജെയിംസൺ അസന്ദിഗ്‌ധമായി വാദിക്കുന്നു.

ആഗോളവൽക്കരണം, സാമ്പത്തികവൽക്കരണം, മൾട്ടിനാഷണൽ കോർപറേഷനുകളുടെ ആധിപത്യം എന്നിവയാൽ സവിശേഷമായ മുതലാളിത്തത്തിന്റെ ഒരു വികസിതഘട്ടത്തെയാണ് ഏൺസ്റ്റ് മാൻഡൽ 'പിൽക്കാല മുതലാളിത്തം’എന്ന സംജ്ഞകൊണ്ട്‌ സൂചിപ്പിക്കുന്നത്.

ഉൽപ്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും പുതിയ രീതികൾ, ടെക്‌നോളജിയുടെ അതിരറ്റ വികാസം, വിവര സാങ്കേതിക വിദ്യയുടെ അതിപ്രസരം, സംസ്‌കാരത്തിന്റെ കമ്പോളവൽക്കരണം, ഉയർന്നതും താഴ്‌ന്നതുമായ കലകൾ തമ്മിലുള്ള പരമ്പരാഗത അതിർത്തികൾ ഇല്ലാതാകൽ എന്നിവയെല്ലാം ഈ ഘട്ടത്തെ അടയാളപ്പെടുത്തുന്നു.

ഈ പുതിയ സാമ്പത്തിക വ്യവസ്ഥയുമായി ബന്ധപ്പെട്ട അവസ്ഥകളോടുള്ള സാംസ്‌കാരിക പ്രതികരണമായാണ് ഉത്തരാധുനികതയെ ജെയിംസൺ കാണുന്നത്. പിൽക്കാല മുതലാളിത്തത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ അവസ്ഥകൾക്ക് പ്രതിഫലനവും ആവിഷ്‌കാരവുമേകുക എന്ന യുക്തിയാണ് ആത്യന്തികമായി ഉത്തരാധുനിക സംസ്‌കാരത്തെ ചലിപ്പിക്കുന്നത്.

ഏണസ്റ്റ് മാൻഡേൽ

ഏണസ്റ്റ് മാൻഡേൽ

കലയുമായി തീർത്തും ഉപരിപ്ലവമായ ഇടപഴകലുകളിലേക്കും, യഥാർത്ഥ ചരിത്രബോധത്തിന്റെ അഭാവത്തിലേക്കും, സംസ്‌കാരത്തെ പൂർണമായി വാണിജ്യവൽക്കരിക്കുന്നതിലേക്കും നയിക്കുന്ന ഈ യുക്തി സത്തയേക്കാൾ ശൈലിക്കും, പൊരുളിനേക്കാൾ പൊലിമയ്ക്കും, മുൻഗണന നൽകുന്ന ഒരു സാംസ്‌കാരിക ക്രമത്തിൽ കലാശിക്കുന്നു. ഇത് ഗൗരവമായ സാമൂഹികരാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് വ്യക്തികളെ കൂടുതൽ കൂടുതൽ അകറ്റിനിർത്തുന്നു.

അതിനാൽ, ഉത്തരാധുനികത ആധുനികതയിൽ നിന്നുള്ള ഒരു ഇടവേളയല്ല, മറിച്ച് മുതലാളിത്തത്തിലെ തന്നെ ചരിത്രപരമായ മാറ്റത്തിന്റെ സാംസ്‌കാരിക പ്രകടനമാണ്. ജെയിംസണിന്റെ ഉത്തരാധുനികതാ സങ്കൽപ്പനത്തിൽ മാർക്‌സിസ്റ്റ് സിദ്ധാന്തം, സാംസ്‌കാരിക വിമർശനം, ചരിത്രപരമായ വിശകലനം എന്നിവ സമന്വയിക്കുന്നു.

സമകാലിക സമൂഹത്തിന്റെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെ ഉത്തരാധുനികതയുടെ സാംസ്‌കാരികരൂപങ്ങൾ എങ്ങനെ പ്രതിഫലിപ്പിക്കുകയും, അതേസമയം അവ്യക്തമാക്കുകയും ചെയ്യുന്നു, എന്നതിനെക്കുറിച്ചുള്ള സമഗ്രമായ വിമർശനമായി അതു മാറുന്നു.

ഫ്രെഡ്രിക്‌ ജെയിംസൺ

ഫ്രെഡ്രിക്‌ ജെയിംസൺ

ഉത്തരാധുനികതയെക്കുറിച്ചുള്ള ജെയിംസണിന്റെ കേന്ദ്ര വിമർശനങ്ങളിലൊന്ന് ചരിത്രബോധത്തിന്റെ തകർച്ചയാണ്. 'ചരിത്രപരതയുടെ ക്ഷയം’ എന്ന് അദ്ദേഹം അതിനെ വിളിക്കുന്നു. ആധുനികോത്തര സംസ്‌കാരത്തിൽ, ചരിത്രപരമായ പരാമർശങ്ങൾ അവയുടെ യഥാർത്ഥ സന്ദർഭങ്ങളിൽ നിന്നും അർഥങ്ങളിൽ നിന്ന് പിഴുതുമാറ്റപ്പെടുന്നു. ഇത് ഒരുതരം ചരിത്രപരമായ സ്മൃതിഭ്രംശത്തിന് കാരണമാകുന്നു.

ചരിത്രപരമായ ആഴത്തിന്റെ ഈ നഷ്ടം പോസ്റ്റ്മോഡേൺ കലയുടെയും സാഹിത്യത്തിന്റെയും രൂപപരമായ സവിശേഷതകളിൽ പ്രതിഫലിക്കുന്നു, അവിടെ ആഖ്യാനങ്ങൾ ശ്ലഥവും തുടർച്ചയറ്റതും യുക്തിയുക്തമായ ചരിത്രസന്ദർഭങ്ങളില്ലാത്തവയുമായി തീരുന്നു. ഈ അവസ്ഥയെ 'ആഴമില്ലായ്മ’ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്; അതിൽ സാംസ്‌കാരിക ഉൽപ്പന്നങ്ങൾക്ക് ആധുനിക കൃതികൾക്കുള്ള അഗാധതയും സങ്കീർണതയും ഗൗരവവും ഇല്ലാതെ പോകുന്നു.

ഉത്തരാധുനികത അർഥത്തിന്റെയും മൂല്യത്തിന്റെയും പരമ്പരാഗത ശ്രേണികളെ ഇല്ലാതാക്കി എല്ലാത്തിനേയും ഒരേ പരപ്പിലേക്ക് ചുരുക്കുന്നു. ഇത് കേവലം ഉപരിതലാനുഭവങ്ങളുടെ ഒരു സംസ്‌കാരത്തെ സൃഷ്ടിക്കുന്നു.

ഈ ആഴമില്ലായ്മ, ഉത്തരാധുനിക വാസ്തുവിദ്യയിൽ പ്രത്യേകിച്ചൊരു മാനദണ്ഡമോ ഉൾച്ചേർച്ചയോ കൂടാതെ തീർത്തും വ്യത്യസ്തമായ ശൈലികളുടെ ആകസ്മികമായ വിളക്കിച്ചേർക്കലിലേക്ക് നയിക്കുമ്പോൾ, ഉത്തരാധുനിക സാഹിത്യത്തിൽ സമഗ്രമായ യാതൊരു ലക്ഷ്യവും കൂടാതെ സ്വയംപരാമർശവും വിരോധാഭാസവും അവയ്ക്ക്‌ വേണ്ടിത്തന്നെയായി ഉപയോഗിക്കുന്നതിലേക്ക് എത്തുന്നു.

ആധുനികാനന്തര സംസ്‌കാരത്തിൽ വ്യാപകമായി പ്രത്യക്ഷപ്പെടുന്ന ഗൃഹാതുരത്വം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ചരിത്രപരതയുടെ  ലക്ഷണമായി ജെയിംസൺ തിരിച്ചറിയുന്നു. ഈ ഗൃഹാതുരത്വം ഭൂതകാലവുമായുള്ള യഥാർത്ഥ ഇടപഴകലല്ല, മറിച്ച് അതിന്റെ ശൈലീകൃതമായ, കമ്പോളവൽക്കരിക്കപ്പെട്ട പതിപ്പാണ്.

ആധുനികാനന്തര സംസ്‌കാരത്തിൽ വ്യാപകമായി പ്രത്യക്ഷപ്പെടുന്ന ഗൃഹാതുരത്വം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ചരിത്രപരതയുടെ  ലക്ഷണമായി ജെയിംസൺ തിരിച്ചറിയുന്നു. ഈ ഗൃഹാതുരത്വം ഭൂതകാലവുമായുള്ള യഥാർത്ഥ ഇടപഴകലല്ല, മറിച്ച് അതിന്റെ ശൈലീകൃതമായ, കമ്പോളവൽക്കരിക്കപ്പെട്ട പതിപ്പാണ്.

'സ്റ്റാർ വാഴ്സ്’ പോലുള്ള സിനിമകളോ മുൻകാലഘട്ടങ്ങളുടെ ശൈലി ആവർത്തിക്കുന്ന നോവലുകളോ ചരിത്രം മനസ്സിലാക്കാനോ വിമർശിക്കാനോ അല്ല ശ്രമിക്കുന്നത്, പകരം ഒരിക്കലും നിലവിലുണ്ടായിട്ടില്ലാത്ത ഒരു നഷ്ടകാലത്തിന്റെ വ്യാജബോധം ഉളവാക്കാനാണ്. ഈ 'നൊസ്റ്റാൾജിയാ മോഡ്’ ആധുനികാനന്തര അവസ്ഥയുടെ ലക്ഷണമാണ്.

അതിൽ ഭൂതകാലത്തെ അഭിമുഖീകരിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല, പകരം അതിനെ അനന്തമായി പുനർവിനിയോഗിക്കുകയും ചരക്കുകളാക്കുകയും ചെയ്യുന്നു. തൽഫലമായി, ഉത്തരാധുനിക സംസ്‌കാരത്തിലെ ചരിത്രപരമായ പരാമർശങ്ങൾ യഥാർത്ഥവും ആധികാരികവുമായ ചരിത്രബോധത്തിൽ നിന്ന് വേർപെടുത്തപ്പെടുന്നു. ഇത് ചരിത്രവുമായി അർഥവത്തായ ഇടപഴകലിനു പകരം ചരിത്രത്തിന്റെ ഒരു വൃഥാ വ്യാജ അനുകരണത്തിലേക്ക് നയിക്കുന്നു.

ഉത്തരാധുനികതയുടെ പൊതു ശൈലീവിശേഷം വിശദീകരിക്കാൻ ജെയിംസൺ 'പാസ്റ്റിഷ്’ (pastiche) എന്ന ആശയം അവതരിപ്പിക്കുന്നു. ശൈലികളുടെ അടിസ്ഥാന മൂല്യങ്ങളോടോ അർഥങ്ങളോടോ യാതൊരു പ്രതിബദ്ധതയുമില്ലാതെ, വിവിധ ശൈലികളുടെ അനുകരണവും കൂട്ടിത്തുന്നലുമാണ് പാസ്റ്റിഷ്.

പാരഡി അതിന്റെ ലക്ഷ്യമായതെന്തോ അതിനെ പരിഹാസ്യമാക്കി വിമർശിക്കുകയോ അട്ടിമറിക്കുകയോ ചെയ്യുന്നുവെങ്കിൽ, പാസ്റ്റിഷിൽ അത്തരം യാതൊരു പരിഹാസവുമില്ല. വിമർശനപരമായ അകലമോ രാഷ്ട്രീയ അഭിമുഖീകരണമോ ഇല്ലാത്ത ശൂന്യവും നിഷ്‌പക്ഷവുമായ ഒരു വ്യായാമമാണ് അത്. പാസ്റ്റിഷിന്റെ വ്യാപനം പ്രതിഫലിപ്പിക്കുന്നത് ആധുനികാനന്തര സംസ്‌കാരത്തിലെ ഗുരുതരമായ  ഒരു പ്രതിസന്ധിയെയാണ്.

ശൈലിയുടെ കമ്പോളവൽക്കരണത്തിലൂടെ മൗലികതയെയും ആധികാരികതയെയും കുറിച്ചുള്ള പരമ്പരാഗത സങ്കൽപ്പങ്ങളെല്ലാം അസാധ്യമായതിന്റെ സൂചനയായി അത്‌ നിൽക്കുന്നു. ശൈലീപരമായ സമഗ്രതയുടെ ഈ തകർച്ച, ചരിത്രപരമായ പ്രാധാന്യമോ പ്രത്യയശാസ്ത്രപരമായ വിമർശനമോ ഇല്ലാത്ത വിധത്തിൽ, ഭൂതകാലഘടനകളെ തുടർച്ചയായി പുനരുപയോഗിക്കുകയും പുനർവിന്യസിക്കുകയും ചെയ്യുന്ന ഒരു സംസ്‌കാരത്തിൽ കലാശിക്കുന്നു.

റോബർട്ട്‌  വെൻചൂരി

റോബർട്ട്‌ വെൻചൂരി

ഉത്തരാധുനികതയുടെ ഈ സൗന്ദര്യാത്മക യുക്തിക്ക് പ്രധാന ഉദാഹരണമായി ജെയിംസൺ സ്വീകരിക്കുന്നത് വാസ്തുവിദ്യയെയാണ്. ചരിത്രപരമായ ശൈലികളും ഘടകങ്ങളും പ്രായോഗിക മൂല്യത്തേക്കാൾ ബാഹ്യചമയങ്ങൾ എന്ന രീതിയിൽ കടം കൊള്ളുകയും സംയോജിപ്പിക്കുകയും ചെയ്യുന്ന റോബർട്ട് വെൻചുരി, ഫിലിപ്പ് ജോൺസൺ തുടങ്ങിയ വാസ്തുശിൽപ്പികളുടെ നിർമാണങ്ങളെ വിശകലനം ചെയ്ത്, ചരിത്രപരമായ പാരമ്പര്യങ്ങളെക്കുറിച്ച് വ്യക്തമായ യാതൊരു പരാമർശവുമില്ലാത്ത ഈ കൃത്രിമമിശ്രിതങ്ങൾ ഉത്തരാധുനിക സംസ്‌കാരത്തിന്റെ ആഴമില്ലാത്ത പാസ്റ്റിഷ് സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു എന്നദ്ദേഹം വാദിക്കുന്നു.

റോബർട്ട്‌ വെൻചുരി  രൂപകൽപ്പന ചെയ്‌ത വാസ്‌തുരൂപം - കടപ്പാട്‌: reclaimedflooringco.com

റോബർട്ട്‌ വെൻചുരി രൂപകൽപ്പന ചെയ്‌ത വാസ്‌തുരൂപം - കടപ്പാട്‌: reclaimedflooringco.com

ഉത്തരാധുനിക കാലത്തെ കർതൃത്വത്തെ വിശദീകരിക്കാൻ, ലാകാനിയൻ മനോവിശ്ലേഷണത്തെ അടിസ്ഥാനമാക്കി, 'സ്‌കിറ്റ്സോഫ്രീനിയ’ എന്ന പദം ജെയിംസൺ ആലങ്കാരികമായി ഉപയോഗിക്കുന്നു.

ചിന്ത, വികാരം, പെരുമാറ്റം എന്നിവ തമ്മിലുള്ള അന്യോന്യ ബന്ധത്തിലെ തകർച്ചയുടെ ഫലമായി തെറ്റായ ധാരണകളിലേക്കും അനുചിതമായ പ്രവർത്തനങ്ങളിലേക്കും നയിക്കുന്ന, യാഥാർത്ഥ്യത്തിൽ നിന്നും വ്യക്തിപരമായ ബന്ധങ്ങളിൽ നിന്നും ഭ്രമകൽപ്പനകളിലേക്കും വ്യാമോഹത്തിലേക്കും പിൻവാങ്ങുന്ന, ഒരു മാനസികാവസ്ഥ ഉത്തരാധുനികതയിൽ സാമൂഹികമായി തന്നെ നിലനിൽക്കുന്നു എന്ന സൂചനയാണ് ഇതിലൂടെ അദ്ദേഹം നൽകുന്നത്.

ആധുനിക സാഹിത്യത്തിന്റെ പ്രായേണ ഏകീകൃതവും ഉൾച്ചേർച്ചയുള്ളതുമായ ആത്മസങ്കൽപ്പത്തിന്‌ വിപരീതമായി, ഉത്തരാധുനിക സ്വത്വം തീർത്തും വികേന്ദ്രീകൃതവും ശിഥിലവുമാണ്. ഇത് പിൽക്കാല മുതലാളിത്തത്തിന് കീഴിലുള്ള സാമൂഹിക യാഥാർത്ഥ്യത്തിന്റെ ശിഥിലീകരണത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

ആധുനിക സാഹിത്യത്തിന്റെ പ്രായേണ ഏകീകൃതവും ഉൾച്ചേർച്ചയുള്ളതുമായ ആത്മസങ്കൽപ്പത്തിന്‌ വിപരീതമായി, ഉത്തരാധുനിക സ്വത്വം തീർത്തും വികേന്ദ്രീകൃതവും ശിഥിലവുമാണ്. ഇത് പിൽക്കാല മുതലാളിത്തത്തിന് കീഴിലുള്ള സാമൂഹിക യാഥാർത്ഥ്യത്തിന്റെ ശിഥിലീകരണത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

ഫിലിപ്പ്‌ ജോൺസൺ രൂപകൽപ്പന ചെയ്‌ത ഗ്ലാസ്‌ ഹൗസ്‌

ഫിലിപ്പ്‌ ജോൺസൺ രൂപകൽപ്പന ചെയ്‌ത ഗ്ലാസ്‌ ഹൗസ്‌

ഈ സ്‌കിറ്റ്സോഫ്രീനിക് അവസ്ഥ ഉത്തരാധുനിക കൃതികളിൽ രേഖീയതയെ ലംഘിക്കുന്ന ആഖ്യാനങ്ങളായും, ശിഥിലമായ കാഴ്ചപ്പാടുകളായും, കാലത്തുടർച്ചയിലെ വിഘാതങ്ങളായുമെല്ലാം പ്രകടിതമാകുന്നു. അതേസമയം, ഈ അവസ്ഥ ഉയർന്ന സംസ്‌കാരവും ബഹുജനസംസ്‌കാരവും തമ്മിലുള്ള വ്യത്യാസത്തിന്റെ തകർച്ചയുമായി കൂടി ബന്ധപ്പെട്ടിരിക്കുന്നു.

മുമ്പ് വ്യത്യസ്തങ്ങളായി നിലനിന്നിരുന്ന സാംസ്‌കാരിക രൂപങ്ങൾ വ്യവസ്ഥയോ ക്രമമോ ഇല്ലാത്ത രീതിയിൽ വിളക്കിച്ചേർക്കപ്പെടുന്നു. തൽഫലമായി, ആധുനികാനന്തരസ്വത്വം സുസ്ഥിരമായ അർഥങ്ങളോ സമഗ്രതയോ ദിശാബോധമോ ഇല്ലാത്ത അനേകം സാംസ്‌കാരിക രൂപങ്ങളുടെ ഭ്രമാത്മകമായ ഒരു നിരയിൽ പെട്ടുഴലുന്നു.

ഉത്തരാധുനികതയിൽ, സംസ്‌കാരം അഭൂതപൂർവമായ അളവിൽ ചരക്കുവൽക്കരിക്കപ്പെട്ടിരിക്കുന്നുവെന്ന് ജെയിംസൺ വാദിക്കുന്നു. 'ഇന്നു സംഭവിച്ചിരിക്കുന്നതെന്തെന്നാൽ, സൗന്ദര്യാത്മക ഉൽപ്പാദനം പൊതുവെ ചരക്ക് ഉൽപ്പാദനവുമായി സമന്വയിക്കപ്പെട്ടിരിക്കുന്നു. കൂടുതൽ കൂടുതൽ പുതുമയുള്ളതായി തോന്നുന്ന ചരക്കുകളുടെ (വസ്ത്രങ്ങൾ മുതൽ വിമാനങ്ങൾ വരെ) പുതിയ പുതിയ തരംഗങ്ങൾ, എക്കാലത്തെയും വലിയ വിറ്റുവരവ് നിരക്കിൽ, ഉൽപ്പാദിപ്പിക്കുവാനുള്ള തീവ്രമായ സാമ്പത്തിക ത്വര, ഇപ്പോൾ സൗന്ദര്യാത്മക മേഖലയിലേക്കും കടന്നുകയറി, അതിൽ നിരന്തരമായ നവീകരണത്തിനും പരീക്ഷണത്തിനുമുള്ള ശ്രമങ്ങളെ ഘടനാപരമായ ഒരനിവാര്യതയാക്കിത്തീർത്തിരിക്കുന്നു’(Postmodernism Or the Cultural Logic of Late Capitalism) മറ്റേതൊരു ചരക്കിനെയും പോലെ തന്നെയാണ് സാംസ്‌കാരിക ഉൽപ്പന്നങ്ങളും ഉൽപ്പാദിപ്പിക്കപ്പെടുകയും ഉപഭോഗം ചെയ്യപ്പെടുകയും ചെയ്യുന്നത് എന്നത് ദൈനംദിന ജീവിതത്തിന്റെ സൗന്ദര്യവൽക്കരണത്തിലേക്ക് നയിക്കുന്നു.

കല, വാസ്തുവിദ്യ, സാഹിത്യം, രാഷ്ട്രീയം എന്നിവ പോലും അവയുടെ വിമർശനാത്മകമോ പരിവർത്തനപരമോ ആയ കഴിവുകൾ നഷ്ടപ്പെട്ട് ഉപഭോഗവസ്തുക്കളായി മാറുന്നു. സാംസ്‌കാരിക ഉൽപ്പന്നങ്ങൾ അവയുടെ ഉപയോഗത്തിനോ പ്രതീകാത്മക മൂല്യത്തിനോ വേണ്ടി മാത്രമല്ല നിർമിക്കപ്പെടുന്നതും സ്വീകരിക്കപ്പെടുന്നതും.

അതിലുപരിയായി, ഉൽപ്പാദനത്തിന്റെയും ശേഖരണത്തിന്റെയും സാമ്പത്തിക പ്രക്രിയകളുമായി കൂട്ടിയിണക്കപ്പെടുന്നതിനാൽ, ഈ ഉൽപ്പന്നങ്ങൾ സംസ്‌കാരവും സാമ്പത്തികവ്യവസ്ഥയും തമ്മിലുള്ള അതിരുകൾ മായ്ച്ചു കളയുന്നതിലേക്കുകൂടി നയിക്കുന്നു.

ചുരുക്കത്തിൽ സംസ്‌കാരം പൂർണമായും സാമ്പത്തികവ്യവഹാരത്തിന്റെ ഭാഗമായിത്തീരുന്നു. അതേസമയം, ലോകത്തിന്റെ സൗന്ദര്യവൽക്കരണം എന്നത് അർഥമാക്കുന്നത് ജീവിതത്തിന്റെ ഏറ്റവും ലൗകികമായ വശങ്ങൾ പോലും ശൈലീപരമായ പരിഗണനകളാൽ നിറഞ്ഞിരിക്കുന്നു എന്നാണ്. ഇത് ചരിത്രപരമായ യാഥാർത്ഥ്യവുമായുള്ള അർഥവത്തായ ബന്ധത്തിൽനിന്ന് സംസ്‌കാരത്തെ കൂടുതൽ അകറ്റിനിർത്തുന്നു.

ആഗോള മുതലാളിത്തത്തിന്റെ അതിവിസ്തൃതവും ദുർഗ്രഹവുമായ ശൃംഖലകൾ ഉത്തേജിപ്പിക്കുന്ന വിസ്മയത്തിന്റെയും ദിശാബോധമില്ലായ്മയുടെയും അനുഭവം വിവരിക്കാൻ ജെയിംസൺ 'ആധുനികാനന്തര ഉദാത്തത’ എന്ന ആശയം അവതരിപ്പിക്കുന്നുണ്ട്.

പ്രകൃതിയുമായോ പ്രപഞ്ചവുമായോ ബന്ധപ്പെട്ട ആധുനിക ജീവിതത്തിലെ ഉദാത്തതയ്‌ക്ക്‌ വിപരീതമായി, ബഹുരാഷ്ട്ര കോർപറേഷനുകൾ, സാമ്പത്തിക വിപണികൾ, നിർമിത ബുദ്ധി എന്നിവ പോലെയുള്ള മനുഷ്യധാരണയേയും ഗ്രഹണശേഷിയേയും കവിയുന്ന സാങ്കേതിക, സാമ്പത്തിക സംവിധാനങ്ങളുമായി ആധുനികാനന്തര ഉദാത്തത ബന്ധപ്പെട്ടിരിക്കുന്നു.

പ്രകൃതിയുമായോ പ്രപഞ്ചവുമായോ ബന്ധപ്പെട്ട ആധുനിക ജീവിതത്തിലെ ഉദാത്തതയ്‌ക്ക്‌ വിപരീതമായി, ബഹുരാഷ്ട്ര കോർപറേഷനുകൾ, സാമ്പത്തിക വിപണികൾ, നിർമിത ബുദ്ധി എന്നിവ പോലെയുള്ള മനുഷ്യധാരണയേയും ഗ്രഹണശേഷിയേയും കവിയുന്ന സാങ്കേതിക, സാമ്പത്തിക സംവിധാനങ്ങളുമായി ആധുനികാനന്തര ഉദാത്തത ബന്ധപ്പെട്ടിരിക്കുന്നു.

ഇവ നൽകുന്ന വിഭ്രാമകമായ അനുഭവങ്ങൾ പക്ഷെ  ഈ സംവിധാനങ്ങളെക്കുറിച്ച് ആഴത്തിലുള്ള മനസ്സിലാക്കലിലേക്കോ വൈദഗ്ധ്യത്തിലേക്കോ നയിക്കുന്നില്ല. പകരം, വ്യക്തികൾ അവരുടെ നിയന്ത്രണത്തിനോ ധാരണയ്‌ക്കോ അതീതമായി പ്രവർത്തിക്കുന്ന ഈ സങ്കീർണസംവിധാനങ്ങളെ അഭിമുഖീകരിക്കാൻ കഴിയാതെ കടുത്ത ഒറ്റപ്പെടലും നിസ്സഹായതയും അനുഭവിക്കുന്നു.

ഉത്തരാധുനികതയുടെ മറ്റൊരു പ്രധാന സവിശേഷതയായി ജെയിംസൺ കണ്ടെത്തുന്നത് പ്രാതിനിധ്യത്തിന്റെ പ്രതിസന്ധിയാണ്. യാഥാർത്ഥ്യത്തെ പ്രതിനിധീകരിക്കുവാൻ സാഹിത്യമോ കലയോ തത്വചിന്തയോ അവലംബിച്ചിരുന്ന പരമ്പരാഗത രീതികൾ ഉത്തരാധുനിക സംസ്‌കാരത്തിലെ ശിഥിലീകരണവും വ്യതിരിക്തസ്വരങ്ങളുടെ ആധിക്യവും ദുർബലപ്പെടുത്തുന്നു.

ആഖ്യാന സമഗ്രതയുടെ തകർച്ച, ബിംബങ്ങളുടെയും ചിഹ്നങ്ങളുടെയും പ്രളയസമാനമായ വ്യാപനം, ചരിത്രപരമായ ആഴം നഷ്ടപ്പെടൽ, എന്നിവയെല്ലാം പ്രാതിനിധ്യം തന്നെ പ്രശ്നപൂരിതമായ ഒരു സാഹചര്യത്തിന് കാരണമാകുന്നു.

പ്രാതിനിധ്യത്തിന്റെ ഈ പ്രതിസന്ധി ഉത്തരാധുനിക സാഹിത്യത്തിൽ രേഖീയാഖ്യാനങ്ങളോടുള്ള വിരക്തിയായും, യുക്തിയുക്തമായ കഥാപാത്ര വികാസത്തിന്റെ അഭാവമായും, അതീതാഖ്യാനങ്ങളായും, സ്വയംസൂചനാപരതയായും പ്രത്യക്ഷപ്പെടുമ്പോൾ  വിഷ്വൽ ആർട്ടിലും വാസ്തുവിദ്യയിലും മറ്റും അർഥോൽപ്പാദനത്തെ കുഴയ്ക്കുകയും, പലപ്പോഴും അസാധ്യമാക്കുകയും ചെയ്യുന്ന ഉപരിതലങ്ങളുടെയും കാമ്പില്ലാത്ത പ്രതീതികളുടെയും കളികളായി അവതരിക്കുന്നു.

 

സ്വീകരണവും വിമർശനങ്ങളും


ജെയിംസണിന്റെ സിദ്ധാന്തങ്ങൾ സാഹിത്യസാംസ്‌കാരിക വിമർശനത്തിൽ വലിയ തോതിലുള്ള സ്വാധീനം ചെലുത്തിയപ്പോഴും, അവ വിവാദങ്ങൾക്കും കടുത്ത വിമർശനങ്ങൾക്കും കൂടി വഴിവച്ചു. സാർവത്രിക സാധുത അവകാശപ്പെടുന്ന ഒരു മാർക്‌സിസ്റ്റ് ചട്ടക്കൂടിനെയാണ് അദ്ദേഹം പ്രധാനമായും ആശ്രയിക്കുന്നത് എന്നതിനാൽ, സാഹിത്യകൃതികളുടെ വായനയെ അമിതമായ സാമ്പത്തിക നിർണയവാദത്തിന്റെ രീതികളിലേക്ക് ചുരുക്കുകയും സങ്കീർണമായ സൗന്ദര്യാത്മക അനുഭവങ്ങളെ സാമ്പത്തിക സാഹചര്യങ്ങളുടെ പ്രതിഫലനങ്ങളായി മാത്രം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ചില വിമർശകർ നിരീക്ഷിച്ചിട്ടുണ്ട്.

സാംസ്‌കാരിക ആവിഷ്‌കാരങ്ങളെ പ്രത്യയശാസ്ത്രപരവും സാമ്പത്തികവുമായ ഘടനകളുടെ പ്രതിഫലനമായി കാണുന്നതിന്റെ ഫലമായി, വ്യക്തിഗത കർതൃത്വത്തിന്റെയോ പാഠപരമായ പ്രതിരോധത്തിന്റെയോ സാധ്യതകൾ വേണ്ടപോലെ കാണാതെ പോകുന്നു.

ഈ ഘടനാപരമായ സമീപനം മൂലം കഥാപാത്രങ്ങളും രചയിതാക്കളും വായനക്കാരും എങ്ങനെ അവരുടെ സ്വന്തം പ്രതിരോധരൂപങ്ങൾ കണ്ടെത്തുന്നുവെന്നും, ഈ വലിയ ഘടനകളിൽ നിന്ന് സ്വതന്ത്രമായ അർഥങ്ങൾ സൃഷ്ടിക്കുന്നുവെന്നും, വിമർശനത്തിന്റെ കാഴ്ചവട്ടത്തിൽ നിന്ന് അപ്രത്യക്ഷമാകുന്നു.

അതേ സമയം, രാഷ്ട്രീയപരമായ അബോധത്തിൽ ജെയിംസൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ട്, അനുഭവപരമായ തെളിവുകളേക്കാൾ വ്യാഖ്യാനപരമായ വിശകലനത്തെ ആശ്രയിക്കാനും, സങ്കീർണമായ സാംസ്‌കാരിക കൃതികളെ ഒരൊറ്റ പ്രത്യയശാസ്ത്രസന്ദേശമായി കുറച്ചു കാണുവാനുമുള്ള പ്രവണതയുണ്ടാകാം എന്ന് ചില വിമർശകർ ചൂണ്ടിക്കാട്ടുന്നു.

അബോധത്തിലുള്ള ഗുപ്തമായ രാഷ്ട്രീയ അർഥങ്ങൾ, അവ അബോധത്തിലായതുകൊണ്ടു തന്നെ, കൃത്യമായി തിരിച്ചറിയാൻ കഴിയുമോ എന്നും ചില വിമർശകർ സംശയം ഉന്നയിക്കുന്നു.

ശക്തമായ മറ്റൊരു വിയോജിപ്പ്, ജെയിംസണിന്റെ പ്രകടമായ യൂറോകേന്ദ്രിത സമീപനത്തോടാണ്. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ ഒരു സമ്പൂർണ വ്യാഖ്യാന ചട്ടക്കൂട് ലക്ഷ്യമിടുന്നുണ്ടെങ്കിലും, പാശ്ചാത്യ സാഹിത്യരൂപങ്ങളിലുള്ള അദ്ദേഹത്തിന്റെ അമിതശ്രദ്ധയും പരിചയവും പാശ്ചാത്യേതര പാരമ്പര്യങ്ങളെയും അദ്ദേഹത്തിന്റെ ചരിത്രവിവരണവുമായി പൊരുത്തപ്പെടാത്ത ഇതര സമൂഹങ്ങളെയും സാംസ്‌കാരിക ആവിഷ്‌കാരരൂപങ്ങളെയും അവഗണിക്കുന്നതിലേക്കു നയിക്കുന്നു എന്ന വിമർശനം ഉയർന്നിട്ടുണ്ട്.

അതോടൊപ്പം ലിംഗഭേദം, വംശം, മറ്റു തരങ്ങളിലുള്ള സ്വത്വബോധങ്ങൾ എന്നിവയെ വേണ്ടത്ര പരിഗണിക്കാൻ  അദ്ദേഹത്തിന്റെ ശക്തമായ മാർക്‌സിസ്റ്റ് ചട്ടക്കൂട് അനുവദിക്കുന്നില്ല എന്നും, ഈ ഒഴിവാക്കൽ മൂലം സമകാലിക സാമൂഹിക സംഘർഷങ്ങളെ കൂടുതൽ നീതിപൂർവകമായും പരസ്പരബന്ധിതമായും സംബോധന ചെയ്യുവാൻ അദ്ദേഹത്തിനു കഴിയാതെ പോയി എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഫ്രെഡ്രിക്  ജെയിംസൺ

ഫ്രെഡ്രിക് ജെയിംസൺ

ഉത്തരാധുനികതയെക്കുറിച്ചുള്ള ജെയിംസണിന്റെ വിശകലനം നിഷേധാത്മകവും അശുഭാപ്തികരവുമാണെന്ന് പല വിമർശകരും വാദിക്കുന്നു. സാമ്പത്തികസാമൂഹിക സാഹചര്യങ്ങളുടെ പ്രതിഫലനങ്ങളായി മാത്രം ഉത്തരാധുനിക സംസ്‌കാരികാവിഷ്‌കാരങ്ങളെ ന്യൂനീകരിച്ചു കാണുന്നതിനാൽ, ഉത്തരാധുനികതയ്‌ക്കുള്ളിലെ പ്രതിരോധ സാധ്യതകളെ വേണ്ടുംവണ്ണം ദർശിക്കാൻ അദ്ദേഹത്തിന്‌ കഴിയാതെ പോകുന്നു.

മാത്രമല്ല, ബൃഹദാഖ്യാനങ്ങളോടും സമഗ്രസിദ്ധാന്തങ്ങളോടും ഉള്ള അദ്ദേഹത്തിന്റെ പക്ഷപാതിത്വം വ്യക്തിഗത പരിശ്രമങ്ങളുടെയും പ്രാദേശിക സാംസ്‌കാരിക സന്ദർഭങ്ങളുടെയും, ചെറിയ ആഖ്യാനങ്ങളുടെയും സൂക്ഷ്മതകളെ പിന്തുടരാൻ അദ്ദേഹത്തെ അനുവദിക്കുന്നില്ല എന്നും ഉത്തരാധുനികപക്ഷത്തുള്ള ചില വിമർശകർ നിരീക്ഷിച്ചിട്ടുണ്ട്.

ഈ വിമർശനങ്ങൾ നിൽക്കുമ്പോൾത്തന്നെ, രാഷ്ട്രീയപരമായ അബോധത്തെക്കുറിച്ചുള്ള ജെയിംസണിന്റെ ആശയം, സാംസ്‌കാരിക പാഠങ്ങളുടെ പ്രത്യയശാസ്ത്ര മാനങ്ങൾ വ്യാഖ്യാനിക്കുന്നതിന് ശക്തമായ ഒരു ചട്ടക്കൂട് പ്രദാനം ചെയ്യുന്നു എന്നതിനാൽ, സാഹിത്യ സാംസ്‌കാരിക പഠനങ്ങളിൽ അതിയായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

വിശാലമായ സാമൂഹികസാമ്പത്തിക സമഗ്രതയുടെ ഭാഗമായി സാംസ്‌കാരിക ഉൽപ്പാദനം മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിക്കൊണ്ട് സംസ്‌കാരം, പ്രത്യയശാസ്ത്രം, ചരിത്രം എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചിന്തിക്കാനുള്ള പുതിയ വഴികൾ അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ തുറന്നു.

സാഹിത്യരൂപത്തെക്കുറിച്ചുള്ള ജെയിംസണിന്റെ വിശകലനം മാർക്‌സിസ്റ്റ് സാഹിത്യ വിമർശനത്തിന്റെ മൂലക്കല്ലായി ഇന്നും തുടരുന്നു, സാംസ്‌കാരിക ഉൽപ്പാദനത്തിന്റെ ചരിത്രപരമായ ചലനാത്മകതയും ആഖ്യാനരൂപങ്ങളുടെ പ്രത്യയശാസ്ത്രപരമായ അടിത്തറയും മനസ്സിലാക്കുന്നതിന് സൂക്ഷ്മവും സമഗ്രവുമായ ഒരു ചട്ടക്കൂട് അത്‌ നൽകുന്നു.

സാഹിത്യം, ചരിത്രം, സാമൂഹിക സിദ്ധാന്തം എന്നിവ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളിൽ താൽപ്പര്യമുള്ളവർക്ക് അദ്ദേഹത്തിന്റെ കൃതികൾ എന്നും വിലപ്പെട്ട വിഭവമാണ്.

ഉത്തരാധുനികതയുടെ സാംസ്‌കാരികവും സൗന്ദര്യാത്മകവും പ്രത്യയശാസ്ത്രപരവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സമഗ്രവും ചരിത്രപരവുമായ ചിന്തയ്‌ക്ക് തുടക്കം കുറിച്ച ശ്രമം എന്ന നിലയ്‌ക്ക്, ഉത്തരാധുനികതയുടെ വിമർശനങ്ങളിൽ ജെയിംസണിന്റെ കൃതി ഒരു അടിസ്ഥാന പാഠമായി തുടരുന്നു. ആഗോളവൽക്കരിക്കപ്പെട്ട ഒരു ലോകത്തിൽ, സംസ്‌കാരം, രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം എന്നിവയുടെ കൂടിക്കുഴയലുകളെക്കുറിച്ച് വിമർശനാത്മകമായി ചിന്തിക്കാൻ അത് നമ്മെ പ്രേരിപ്പിക്കുന്നു.

വിശാലമായ ചരിത്ര പരിവർത്തനങ്ങൾക്ക് സാംസ്‌കാരിക രൂപങ്ങൾ എങ്ങനെ മധ്യസ്ഥത വഹിക്കുന്നുവെന്ന പരിഗണന അദ്ദേഹം വിമർശനത്തിന്റെ കേന്ദ്രതാൽപ്പര്യങ്ങളിൽ ഒന്നാക്കി മാറ്റി. തന്റെ വൈരുധ്യാത്മക സമീപനത്തിലൂടെ, കലാപരമായ ആവിഷ്‌കാരത്തെ രൂപപ്പെടുത്തുന്ന സാമൂഹിക സാമ്പത്തിക ശക്തികളെക്കുറിച്ചുള്ള വിമർശനാത്മക അന്വേഷണത്തിന് ജെയിംസൺ നൽകിയ അവബോധങ്ങൾ മാർക്‌സിസ്റ്റ് വിമർശനത്തിലും സംസ്‌കാരപഠനത്തിലും ഏർപ്പെട്ടിരിക്കുന്ന ഏതൊരാൾക്കും അദ്ദേഹത്തിന്റെ കൃതികൾ അനിവാര്യമാക്കുന്നു.

 

ദേശാഭിമാനി വാരികയിൽ നിന്ന്


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top