1852 നവംബർ 18. ശീതകാല ദിനങ്ങളിലൊന്ന്. മധ്യലണ്ടൻ വെസ്റ്റ്‌മിൻസ്റ്റ്‌ർ സിറ്റിയിലെ ( വെസ്റ്റ്‌മിൻസ്റ്റ്‌ർ ആബി) ട്രഫൾഗാർ സ്‌ക്വയറും പരിസരപ്രദേശങ്ങളുമാകെ നിലയ്‌ക്കാത്ത ജനപ്രവാഹം. പ്രധാനമന്ത്രിയായിരുന്ന വെല്ലിങ്‌ടൺ പ്രഭുവിന്റെ സംസ്‌കാര ഘോഷയാത്ര മണിക്കൂറുകളോളം നീണ്ടു. കാൾ മാർക്സിന്റെ മക്കളായ ജെന്നിയെയും ലോറയെയും ഇരുകൈയിലുംപിടിച്ച് തിരക്കിനെ ഭേദിച്ച് റോഡ് മുറിച്ചുകടക്കാനുള്ള ഫ്രെഡറിക് എംഗൽസിന്റെ കഠിനശ്രമം. ജനം ഒഴുകുകയാണ്. തിരക്കിൽപ്പെട്ട് കുട്ടികൾ കൈവിട്ടുപോയി. വിഷമത്തോടെ എംഗൽസ് കുട്ടികളെ തെരയുന്നുണ്ട്. പതിവുപോലെ മാർക്‌സിന്റെ വീട്ടിലെത്തി കുട്ടികളെയുംകൂട്ടി മാർക്കറ്റിൽ കറങ്ങാൻ ഇറങ്ങിയതാണ്. എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ തെരുവോരത്തെ ഒരുകടയുടെ ഭാഗത്തുനിന്ന് ‘ലൈബ്രറീ’ എന്ന വിളികേട്ടു. കുഞ്ഞുങ്ങളുടെ ഒരേ സ്വരത്തിലുള്ള വിളികേട്ട സ്ഥലത്തെത്തി വാത്സല്യത്തോടെ അവരെയും ചേർത്തുപിടിച്ച് വീട്ടിലേക്ക് നടന്നു.
ശരീരവും നിഴലുംപോലെയായിരുന്നു എംഗൽസും മാർക്‌സും. എംഗൽസ് മാർക്‌സിന്റെ വീട്ടിലെത്തുമ്പോൾ കുട്ടികൾക്ക് അത്യാഹ്ലാദമാണ്. ഒട്ടേറെ കഥകൾ പറഞ്ഞുകൊടുക്കും. കുട്ടികൾ എംഗൽസിനെ കുസൃതിയോടെ വിളിച്ചിരുന്നത് ലൈബ്രറീ എന്നാണ്. ഒരു കുടുംബസുഹൃത്ത് എങ്ങനെ ആയിരിക്കണമെന്നും മാനവസ്‌നേഹം എത്രത്തോളം ഉദാത്തമായിരിക്കണമെന്നും എംഗൽസ് തന്റെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു.
മാനവചരിത്രത്തിന്റെ വികാസനിയമങ്ങൾ കണ്ടുപിടിക്കുകയും അതിലൂടെ ഭൂമണ്ഡലമാകെയുള്ള നിസ്വവർഗത്തിന് മോചനവീഥി ഒരുക്കാൻ സൈദ്ധാന്തികമായും പ്രായോഗികമായും അത്യധ്വാനിക്കുകയുംചെയ്ത മഹാനായ ഫ്രെഡറിക് എംഗൽസിന്റെ 129–-ാം ചരമവാർഷിക ദിനമാണ് ഇന്ന്. കാൾ മാർക്സിനെയും എംഗൽസിനെയും ചരിത്രം ഒന്നിപ്പിച്ച സമയംമുതൽ ഇരുവരും ആയുഷ്‌കാലത്തെ പ്രവർത്തനം പൊതുലക്ഷ്യത്തിനുവേണ്ടി ഉഴിഞ്ഞുവച്ചു. മാനവരാശിയെ പീഡിപ്പിക്കുന്ന തിന്മകളിൽനിന്ന് തൊഴിലാളിവർഗത്തെ മോചിപ്പിക്കാൻ വർഗസമരമാണ് പോരുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.
1820 നവംബർ 28ന് ജർമനിയിലെ ബാർമെൻ പട്ടണത്തിൽ ധനിക തുണിവ്യവസായിയുടെ കുടുംബത്തിലാണ് എംഗൽസ് ജനിച്ചത്. അച്ഛന്റെ പേരും ഫ്രെഡറിക് എംഗൽസ് എന്നുതന്നെ. അമ്മ എലിസബത്ത്. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനുമുമ്പ് അച്ഛന്റെ നിർബന്ധത്തിനുവഴങ്ങി അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ജോലിക്കുചേർന്നു. ജർമൻ തത്വജ്ഞാനിയായ ഹെഗലിന്റെ അനുയായികളുടെ "യുവ ഹെഗലിയൻ ക്ലബ്ബിൽ' ചേർന്ന് അവരുടെ ഇടയിൽ ശ്രദ്ധേയനായി. ചെറുപ്പത്തിൽത്തന്നെ അസാമാന്യ കഴിവുകൾ പ്രകടിപ്പിച്ച എംഗൽസ് കലയിലും സംഗീതത്തിലും തത്വചിന്തയിലും ഭാഷാപഠനത്തിലും കവിത–കാർട്ടൂൺ രചനയിലും മികവുപുലർത്തി. വാൾപ്പയറ്റും കുതിരസവാരിയും നീന്തലും ഇഷ്ടപ്പെട്ട വിനോദങ്ങൾ. ജീവിതത്തിലുടനീളം കായിക വിനോദങ്ങളിലും വ്യായാമത്തിലും ഏർപ്പെട്ടു. ചെറുപ്പത്തിൽത്തന്നെ ‘ജർമൻ ടെലിഗ്രാഫ്' പത്രത്തിൽ മൂർച്ചയുള്ള ആശയങ്ങൾ ഉൾക്കൊള്ളുന്ന ലേഖനപരമ്പര എഴുതി.
1841ൽ സൈനികസേവനത്തിനു ചേർന്നു. ഒഴിവുസമയത്ത് ബർലിൻ സർവകലാശാലയിൽ പാർട്ട്ടൈം വിദ്യാർഥിയാകുകയും തത്വശാസ്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ജർമൻ സർക്കാരിന്റെ പിന്തിരിപ്പൻ പ്രവർത്തനങ്ങൾക്കെതിരെ ആ മൂർച്ചയേറിയ തൂലിക ചലിച്ചുകൊണ്ടിരുന്നു.1842ൽ സൈനികസേവനം പൂർത്തിയാക്കി ബർലിനിൽ തിരിച്ചെത്തിയപ്പോൾ മാഞ്ചസ്റ്ററിലെ "എർമെൻ ആൻഡ് എംഗൽസ്'തുണിമില്ലിൽ വാണിജ്യപരിശീലനം നടത്തുന്നതിനുവേണ്ടി ഇംഗ്ലണ്ടിലേക്കു പോകാൻ അച്ഛൻ നിർബന്ധിച്ചു. വ്യവസായ മുതലാളിത്തരാജ്യമായി മാറിക്കൊണ്ടിരുന്ന ഇംഗ്ലണ്ടിലെയും കാർഷിക രാജ്യമായിരുന്ന ജർമനിയിലെയും സ്ഥിതിഗതി അദ്ദേഹം വിശദമായി പഠിച്ചു. "ഇംഗ്ലണ്ടിലെ തൊഴിലാളിവർഗത്തിന്റെ സ്ഥിതി' എന്ന ലേഖനം പ്രസിദ്ധീകരിച്ചു.
എംഗൽസിനോട് ഒരാൾ ചോദിച്ചു. ‘‘ഇംഗ്ലണ്ടിൽ ഭരണം നടത്തുന്നത് ആരാണ്?'' ‘സ്വത്താണ്' ഭരിക്കുന്നത് എന്നായിരുന്നു മറുപടി. അദ്ദേഹം ചാർട്ടിസ്റ്റ് യോഗങ്ങളിലും സമ്മേളനങ്ങളിലും സന്നിഹിതനായി. പത്രങ്ങളിൽ ലേഖനങ്ങൾ എഴുതി. ആ പ്രസ്ഥാനത്തിലെ ഇടതുപക്ഷനേതാക്കന്മാരുമായി ഉറ്റബന്ധം പുലർത്തി. സാങ്കൽപ്പിക സോഷ്യലിസ്റ്റായ റോബർട്ട് ഓവന്റെ അനുയായികളുമായും പരിചയപ്പെട്ടു. ‘ദി ന്യൂ മോറൽ വേൾഡ്'എന്ന പത്രത്തിൽ ലേഖനങ്ങൾ എഴുതി.
ബിസിനസ് പഠനത്തിനുശേഷം 1844ൽ ജർമനിയിലേക്കുള്ള യാത്രയിൽ പാരീസിൽ മാർക്സിന്റെകൂടെ 10 ദിവസം താമസിച്ചു. ഈ കൂടിക്കാഴ്ചയെപ്പറ്റി ലെനിൻ ഇപ്രകാരം എഴുതി: ‘‘സൗഹൃദത്തിന്റെ ഹൃദയസ്പർശിയായ ദൃഷ്ടാന്തങ്ങൾ വിവരിക്കുന്ന പല ഐതിഹ്യങ്ങളുമുണ്ട്. അവയെ എല്ലാം അതിശയിപ്പിക്കുന്ന തരത്തിൽ അന്യോന്യം ബന്ധം പുലർത്തിപ്പോന്ന രണ്ട് പണ്ഡിതന്മാരും പോരാളികളുമാണ് തങ്ങളുടെ ശാസ്ത്രം സൃഷ്ടിച്ചതെന്ന് ലോക തൊഴിലാളിവർഗത്തിന് പറയാൻ കഴിയും.'' 1845-–-46ൽ മാർക്സും എംഗൽസും ചേർന്ന് ‘വിശുദ്ധ കുടുംബം', ‘ജർമൻ പ്രത്യയശാസ്ത്രം' എന്നീ കൃതികൾ രചിച്ചു.1847ൽ പുരോഗമനവാദികളുടെ ‘ലീഗ് ഓഫ് ദ ജസ്റ്റി' (നീതിമാന്മാരുടെ സഖ്യം)ന്റെ ലണ്ടനിൽ നടന്ന കോൺഗ്രസിൽ പങ്കെടുത്തു. ‘നീതിമാന്മാരുടെ സഖ്യ'മാണ് പിന്നീട് "കമ്യൂണിസ്റ്റ് ലീഗ്'ആയി മാറിയത്. 1847ൽ ലണ്ടനിൽ ചേർന്ന കമ്യൂണിസ്റ്റ് ലീഗിന്റെ രണ്ടാം കോൺഗ്രസ് മാർക്സിനെയും എംഗൽസിനെയും അതിന്റെ പരിപാടി രേഖ തയ്യാറാക്കാൻ ചുമതലപ്പെടുത്തി. അവർ പരിപാടി തയ്യാറാക്കി. അതാണ് വിഖ്യാതമായ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. മാർക്സിന്റെ അച്ഛന്റെ സ്വത്ത് വിറ്റുകിട്ടിയ പണംകൊണ്ട് പാർടിയുടെ മുഖപത്രം തുടങ്ങി. ഈ പത്രത്തിന്റെ സഹപത്രാധിപരായിരുന്നു എംഗൽസ്. 20 ഭാഷ വശമായിരുന്നു എംഗൽസിന്.
മാർക്സിനെയും കുടുംബത്തെയും സഹായിക്കുന്നതിൽ എംഗൽസ് ജാഗരൂകനായിരുന്നു. മാർക്സും ഭാര്യയും മക്കളും പട്ടിണികൊണ്ടും രോഗംകൊണ്ടും കഷ്ടപ്പാടുകൾ അനുഭവിക്കുമ്പോഴൊക്കെ എംഗൽസിന്റെ സഹായം എത്തി. 1883 മാർച്ച് 14ന് മാർക്സ് നിര്യാതനായി. മാർച്ച് 17നു ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിൽ സംസ്കാരം നടന്നു. ആ വേളയിൽ എംഗൽസായിരുന്നു ചരമപ്രസംഗം നടത്തിയത്.
‘മൂലധന'ത്തിന്റെ ഒന്നാം വാല്യം’ മാർക്സിന്റെ ജീവിതകാലത്തുതന്നെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞെങ്കിലും രണ്ടും മൂന്നും വാല്യം മാർക്സിന്റെ മരണശേഷം എംഗൽസാണ് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചത്.ഈ പ്രത്യയശാസ്ത്രം യുഗയുഗാന്തരങ്ങളോളം നിലനിൽക്കുമെന്ന എംഗൽസിന്റെ പ്രവചനം അസ്ഥാനത്തല്ല.1895 ആഗസ്ത് അഞ്ചിന് എംഗൽസ് അന്തരിച്ചു.
ഭൂമിയിലെ എല്ലാ വിഭവങ്ങളും ഭാവിതലമുറയ്‌ക്ക് കൂടിയുള്ളതാണെന്ന് മാർക്‌സും പ്രകൃതിക്കുമേലുള്ള ഏതൊരു പ്രയോഗത്തിനും പ്രകൃതിയുടെ വലിയ തിരിച്ചടികളുണ്ടാകുമെന്ന് എംഗൽസും നമ്മോട് പറഞ്ഞത് ഇന്ന് ഏറെ പ്രസക്തമായ കാലഘട്ടമാണ്. എംഗൽസ് തന്റെ ഡയലിറ്റിക്സ് ഓഫ് നേച്ചറിൽ മനുഷ്യൻ –പ്രകൃതി സംഘട്ടനത്തെ വിശദീകരിച്ചത് കൂടുതൽ പ്രസക്തമാകുകയാണ്. ആഗോളതാപനത്തിന്റെ ഫലമായി ഭൂമിക്ക് ചൂട് കൂടുകയാണ്. വ്യാവസായിക വിപ്ലവത്തിനുശേഷം അന്തരീക്ഷ താപനിലയിലുണ്ടാകുന്ന മാറ്റം പ്രവചനാതീതമാണ്. 2040 ഓടെ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് 1.5 ഡിഗ്രിയിൽ നിർത്തണമെന്നാണ് കണക്കാക്കുന്നത്. ഇന്നത്തെ സാഹചര്യമനുസരിച്ച് അത് സാധ്യമാണോ എന്ന് സംശയമുണ്ട്. അങ്ങനെ വന്നാൽ ഭൂമിയുടെ നിലനിൽപ്പുതന്നെ അപകടത്തിലാകുമെന്നാണ് ഇന്റർനാഷണൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ പഠനങ്ങൾ പറയുന്നത്. കാർബൺ വാതകങ്ങളുടെ വർധനയ്‌ക്ക് അനുസരിച്ച് ഹരിതഗൃഹ പ്രഭാവത്തിന്റെ സാധ്യതകളും കൂടുതലാണ്. അത്യധികമായ ചൂടും പ്രളയവും ലോകത്തെ മാറ്റിമറിച്ചിരിക്കുന്നു. ഇന്ത്യയും കേരളവും അതിന്റെ പ്രത്യാഘാതങ്ങൾ നേരിടുകയാണ്. നമ്മുടെ സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ജൂലൈ 30നു പുലർച്ചെ വയനാട്ടിലുണ്ടായത്. മരണസംഖ്യ ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല. ലോകം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നത്. ദിവസങ്ങൾ നീണ്ടുനിന്ന അതിതീവ്രമഴ മണ്ണിനെ ദുർബലപ്പെടുത്തി വൻ സ്ഥാനഭ്രംശത്തിനിടയാക്കിയതാണ് ഇത്രമേൽ വലിയ ദുരന്തത്തിനു കാരണമായത്.
ഏതു പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള കരുത്താണ് മാർക്‌സിസം. മാർക്സിസ്റ്റ് ആശയസംഹിതയെ തകർക്കാൻ നുണക്കഥകളാലും അധിക്ഷേപങ്ങളാലും 200 വർഷമായി മുതലാളിത്തവും വർഗീയശക്തികളും നിഗൂഢ ശ്രമങ്ങളിലാണ്. അതിനെതിരെ അതിശക്തമായ കരുതലും ജാഗ്രതയുമാണ് ഇന്ന് ലോകം ആവശ്യപ്പെടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..