ഗാന്ധിജി ജനിച്ചിട്ട് ഒന്നര നൂറ്റാണ്ടു കഴിഞ്ഞു; രക്തസാക്ഷിത്വം വരിച്ചിട്ട് മുക്കാൽ നൂറ്റാണ്ടിലേറെയും. അപ്പോഴും ഗാന്ധിജിയെ ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത, അദ്ദേഹം വേർപിരിഞ്ഞതിനുശേഷം ജനിച്ച കോടിക്കണക്കിന് ആളുകൾപോലും ഗാന്ധിജിയെ അനുസ്മരിക്കുന്നു. അവരിലാകട്ടെ നല്ലൊരുഭാഗം അദ്ദേഹത്തിന്റെ വിമർശകരുമാണ്. അവിടെയാണ് ഗാന്ധിജിയുടെ അനുസ്മരണം ഒരു രാഷ്ട്രീയപ്രവർത്തനമാകുന്നത്. ഗാന്ധിജി ഒരു പേര് മാത്രമായിരുന്നെങ്കിൽ 1948ൽ തന്നെ അനുസ്മരണം അവസാനിപ്പിക്കുമായിരുന്നു. പേരിലുപരി, ജനമനസ്സുകളിൽ ആഴത്തിൽ വേരോടിയ ഒരു ആശയമായതുകൊണ്ടാണ് രണ്ടായിരത്തി ഇരുപത്തിനാലിലും ഓരോ അനുസ്‌മരണത്തിലൂടെയും ഗാന്ധിജി എന്ന ആശയം പുനർവായിക്കപ്പെടുന്നത്.
സ്വാതന്ത്ര്യസമരത്തിൽ
ഇന്ത്യയിൽ ജനിച്ച്, ഇംഗ്ലണ്ടിൽ പഠിച്ച്, ദക്ഷിണാഫ്രിക്കയിൽ വളർന്ന്, വീണ്ടും ഇന്ത്യയിൽത്തന്നെ പ്രയോഗിച്ചവയായിരുന്നു ഗാന്ധിജിയുടെ രാഷ്ട്രീയ പദ്ധതികളെല്ലാംതന്നെ. ഇക്കാലയളവിലെല്ലാം സമൂഹത്തിൽ ആധിപത്യം ഉറപ്പിച്ച നിലപാടുകളെ തിരുത്താനും ബദലുകൾ ആവിഷ്കരിച്ച് നടപ്പാക്കാനുമാണ് ഗാന്ധിജി ശ്രമിച്ചതെന്ന്, സത്യത്തെ അന്വേഷിച്ചുകൊണ്ടുള്ള ആ പരീക്ഷണങ്ങളിൽനിന്ന് വ്യക്തമാണ്.
അടിയെ തിരിച്ചടികൊണ്ട് നേരിടലായിരുന്നു അക്കാലത്തെ അംഗീകൃതരീതി. ആ രീതിയാണ് തുടർന്നതെങ്കിൽ ബ്രിട്ടീഷുകാർക്ക് സ്വാതന്ത്ര്യസമരത്തിൽ പലതും എളുപ്പമായേനെ. കാരണം അടിയെ തിരിച്ചടിക്കുക എന്നത് അവർക്ക് ഏറെ പരിചിതമായിരുന്നു. എന്നാൽ, ഗാന്ധിജിയാകട്ടെ ബ്രിട്ടീഷുകാർക്ക് അത്ര പരിചയമില്ലാത്ത–- അഹിംസ, സത്യഗ്രഹം, നിരാഹാരം, സംയമനം എന്നിങ്ങനെയുള്ള ആയുധങ്ങൾ പ്രയോഗിച്ചുകൊണ്ടാണ് ബ്രിട്ടീഷുകാരന്റെ തോക്കിനെയും ലാത്തിയെയും നേരിട്ടത്. ഗാന്ധിജിയുടെ ഈ തന്ത്രം നേരിട്ട് പരിചയമില്ലാത്ത ബ്രിട്ടീഷുകാർ, ഈ ഘട്ടത്തിൽ വല്ലാതെ പകച്ചുപോയിട്ടുണ്ട്. എന്നാൽ, ജനങ്ങൾക്കിടയിൽ ഈ തന്ത്രത്തിന് വലിയ സ്വീകാര്യത ഉണ്ടാക്കിയെടുക്കാൻ ഗാന്ധിജിക്ക് കഴിഞ്ഞു. ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്‌ക്കു ശേഷമാണ് ഇത് മൂർത്തമായി പ്രയോഗിച്ചു തുടങ്ങിയത്. ജാലിയൻവാലാബാഗ് രക്തസാക്ഷികളെ അനുസ്മരിച്ച് സ്വന്തംവീടുകളിൽ 24 മണിക്കൂർ നിരാഹാരം അനുഷ്‌ഠിക്കാനുള്ള ഗാന്ധിജിയുടെ ആഹ്വാനം സ്വാതന്ത്ര്യസമരത്തിലെ പുതിയൊരു അധ്യായമായി മാറി.
പുതിയൊരു സമരമാർഗം രൂപപ്പെട്ടു വന്നെങ്കിലും അതിനെ ഏറ്റെടുത്ത് മുന്നോട്ട് നയിക്കാനുള്ള നേതൃത്വം ഇന്ത്യയുടെ എല്ലാ ഭാഗത്തും ഉണ്ടായിരുന്നില്ല. ഗംഗാസമതലത്തിൽ സ്വാതന്ത്ര്യസമരം ശക്തിപ്പെട്ടാൽ മാത്രമേ ഇന്ത്യയിൽ മൊത്തം സമരം വിജയിക്കാൻ സാധ്യതയുള്ളൂ എന്ന തിരിച്ചറിവിൽനിന്നാണ് ബിഹാറിൽത്തന്നെ ആദ്യ സമരം–- ചമ്പാരനിൽ തുടങ്ങാൻ ഗാന്ധിജിയെ പ്രേരിപ്പിച്ചത്. ചമ്പാരനിലെ നീലം തൊഴിലാളികൾക്കുമേൽ കുരുക്കിട്ട ബ്രിട്ടീഷ് നിയമത്തെ തിരുത്താൻ വേണ്ടി മാത്രമല്ല, സമരത്തിൽ പങ്കെടുക്കുന്ന ദരിദ്ര തൊഴിലാളികളുടെ ജീവിതത്തെ സമഗ്രതയിൽ സ്പർശിച്ചുകൊണ്ടാണ് ഗാന്ധിജി സമരപരിപാടി ആവിഷ്കരിച്ചത്. അതിലും ഒരു വ്യത്യസ്തത ഉണ്ടായിരുന്നു. ഈ രീതിയിൽ സൂക്ഷ്മതലത്തിൽ അടയാളപ്പെടുത്തിയ സ്വാതന്ത്ര്യസമര രൂപങ്ങൾ ക്രമത്തിലാണ് ഒരു കോളനിവിരുദ്ധ പ്രക്ഷോഭമായത്. ഈ രൂപമാറ്റം സംഭവിക്കുന്നത്, ലോകത്ത് ആകെത്തന്നെ സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുമായി ഭാഗികമായെങ്കിലും ഇന്ത്യൻസമരത്തെ കണ്ണിചേർക്കാൻ കഴിഞ്ഞതോടെയാണ്. അവിടെയാണ് ജവാഹർലാൽ നെഹ്റുവും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയും നൽകിയ സംഭാവനകൾ ശ്രദ്ധേയമാകുന്നത്.
സ്വാതന്ത്ര്യസമരത്തിന്റെ സാർവദേശീയ ബന്ധത്തെ പലരീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ ഗാന്ധിജിക്കു കഴിഞ്ഞു. 1947 മാർച്ച് –-ഏപ്രിലിൽ ഡൽഹിയിൽ നടന്ന 29 രാജ്യങ്ങൾ പങ്കെടുത്ത ഏഷ്യൻ റിലേഷൻസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തത് ഗാന്ധിജിയായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്തിന്റെ സ്വയംഭരണാവകാശം നിലനിർത്തിക്കൊണ്ടും ശാക്തിക ചേരികളിൽ അംഗമാകാതെയും സമാന അവസ്ഥയിലുള്ള രാജ്യങ്ങൾക്ക് താങ്ങും തണലുമായി ഇന്ത്യ നിലകൊണ്ടു എന്നതായിരുന്നു അതിന്റെ തുടർച്ച. തുടർന്നുണ്ടായ പലസ്തീൻ പ്രശ്നത്തിൽ ഗാന്ധിജി ഇപ്രകാരം തുറന്നുപറഞ്ഞു: ‘ഫ്രാൻസ് ഫ്രഞ്ചുകാരുടെയും ഇംഗ്ലണ്ട് ഇംഗ്ലണ്ടുകാരുടെയും എന്നതുപോലെ പലസ്തീൻ അറബികളുടേതതാണ്’. അങ്ങനെയാണ് ഐക്യരാഷ്ട്രസംഘടനയിൽ പലസ്തീനെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറുന്നത്.
കൊടുംക്രൂരത
ദേശീയ പ്രസ്ഥാനത്തിലൂടെ ഉരുവംകൊണ്ട ‘ഇന്ത്യ’ എന്ന ആശയത്തിന്റെ സാക്ഷാൽക്കാരത്തിനു വേണ്ടിയാണ് ഗാന്ധിജി എക്കാലവും നിലകൊണ്ടത്. അതിന്റെ ഉള്ളടക്കം ബഹുസ്വരതയിൽ അധിഷ്ഠിതമായ ജനാധിപത്യം, സെക്കുലറിസം, ഫെഡറലിസം, ചേരിചേരായ്‌മ എന്നിവയൊക്കെ കൂടിച്ചേർന്നതായിരുന്നു. ഈ സാക്ഷാൽക്കാര പ്രയാണത്തിലെ കേന്ദ്രഘടകം മതമൈത്രിയുടെ സംരക്ഷണമായിരുന്നു. അതിനു കഴിയണമെങ്കിൽ ഹിന്ദുത്വവാദികളുടെ പ്രചാരണത്തെയും പ്രവർത്തനങ്ങളെയും പ്രതിരോധിക്കണമായിരുന്നു. അങ്ങനെ സെക്കുലറിസത്തിന്റെയും ജനാധിപത്യത്തിന്റെയും സംരക്ഷക ശക്തിയായി മാറുന്ന ജനങ്ങളെ ഒറ്റക്കെട്ടായി നിലനിർത്തി, സ്വതന്ത്ര ഇന്ത്യയുടെ പുനർനിർമാണത്തിനായി ഉപയോഗിക്കണമെന്നതും ഗാന്ധിജിയുടെ കർമപരിപാടിയുടെ ഭാഗമായിരുന്നു. എന്നാൽ, ഈ പ്രയാണത്തിന്റെ നിർണായക ഘട്ടത്തിലാണ് ഗാന്ധിജി എന്ന പേരും ശരീരവും ക്രൂരമായി കൊല ചെയ്യപ്പെടുന്നത്.
അതിനുള്ള ശ്രമങ്ങൾ ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകളിൽത്തന്നെ ആരംഭിച്ചതായി കാണാം. ആയിരത്തിത്തൊള്ളായിരത്തി ഇരുപത്താറുകളിൽ വി ഡി സവർക്കർ എഴുതിയ ഒരു മറാട്ടി നോവലിൽ മഹാനന്ദി എന്ന കഥാപാത്രത്തിലൂടെ ഹിന്ദുമതത്തിലെ ഒറ്റുകാരനായി ഗാന്ധിജിയെ ചിത്രീകരിക്കുന്ന കാര്യം പി എൻ ഗോപീകൃഷ്ണൻ ഒരു പുസ്‌തകത്തിൽ സൂചിപ്പിക്കുന്നുണ്ട്. എവിടെയൊക്കെ ഹിന്ദു– -മുസ്ലിം മൈത്രി ഉയർന്നുവന്നോ അവിടെയെല്ലാം അതിനെ അമർച്ച ചെയ്യാൻ ഹിന്ദുത്വശക്തികൾ രംഗത്തുണ്ടായിരുന്നു. അതിന്റെ സ്വാഭാവിക പരിണതിയായിരുന്നു ഗോഡ്സെയുടെ ഗാന്ധിവധം. ഗാന്ധിജി ഒരു കൈപ്പിഴയാൽ മരിക്കുകയായിരുന്നില്ല. മറിച്ച് വർഷങ്ങൾ നീണ്ടുനിന്ന കഠിന പരിശീലനത്തിലൂടെ സ്വായത്തമാക്കിയ ‘കൊല്ലുക ’എന്ന അതിയായ ആഗ്രഹം ക്രൂരമായിത്തന്നെ നിർവഹിക്കപ്പെടുകയായിരുന്നു.
യു ആർ അനന്തമൂർത്തി അദ്ദേഹത്തിന്റെ ഹിന്ദുത്വ ഓർ ഹിന്ദു സ്വരാജ് എന്ന ഗ്രന്ഥത്തിൽ ഗോഡ്‌സെ കോടതിയിൽ നടത്തിയ പ്രസംഗത്തെ ഹ്രസ്വമായി ഉൾച്ചേർത്തിട്ടുണ്ട്. അതിലൊരിടത്ത് ഗോഡ്സെ ഇപ്രകാരം പറയുന്നു. ‘ ഞാൻ ഇരുകൈകളിലും ധൈര്യം സംഭരിച്ചുകൊണ്ട് 1948 ജനുവരി 30ന് ബിർള മന്ദിരത്തിലെ പ്രാർഥനാവേദിയിൽ ഗാന്ധിക്കെതിരെ നിറയൊഴിച്ചു. എന്റെ വെടിയുണ്ടകൾ തറച്ച ആ വ്യക്‌തിയെപ്പറ്റി ചിലത് പറയേണ്ടിയിരിക്കുന്നു. ആ വ്യക്‌തിയുടെ നയപരിപാടികൾ ലക്ഷക്കണക്കിന് ഹിന്ദുക്കളെ തകർക്കുകയും നശിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്’ ( പേജ് 107). അതുകൊണ്ടുതന്നെ ഗാന്ധി മരിച്ചതല്ല. അദ്ദേഹത്തെ ആസൂത്രിതമായി കൊന്നതാണ്. ആ ക്രൂരതയാകട്ടെ ഗാന്ധിജിയുടെ ശരീരം കത്തിയതോടൊപ്പം 1948ൽ അവസാനിച്ചില്ല. അത് തുടർന്നുകൊണ്ടിരിക്കുകയും പിന്നീട് പലതവണ ഗാന്ധിജി എന്ന ആശയത്തെ കൊന്നുകൊണ്ടിരിക്കുകയുമാണ്.
കോളനി വിരുദ്ധത
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഭരണക്രമത്തെ മാത്രമായിരുന്നില്ല ഗാന്ധിജി എതിർത്തിരുന്നത്. കോളനികളിലെ അവരുടെ സാമ്പത്തികനയങ്ങളെക്കൂടി ആയിരുന്നു. ‘സോഷ്യൽ സയന്റിസ്റ്റ്’ എന്ന മാസികയിൽ എഴുതിയ ‘ഗാന്ധിജിയും ദേശീയപ്രസ്ഥാനവും’ എന്ന ലേഖനത്തിൽ പ്രൊഫ. ഇർഫാൻ ഹബീബ് പറയുന്നു. ‘ഗാന്ധിജിയോടെ നാം ദേശീയപ്രസ്ഥാനത്തിലെ പ്രധാനപ്പെട്ട ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. സാമ്പത്തിക ആവശ്യങ്ങളെ മുൻനിർത്തിയുള്ള പ്രക്ഷോഭങ്ങൾ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറി എന്നതാണത്.’ അതിനുള്ള പ്രായോഗിക പരിപാടികളാണ് ഗാന്ധിയൻ അർഥശാസ്ത്രത്തിന്റെ ഉള്ളടക്കം.
പ്രായോഗികത
പ്രയോഗക്ഷമമല്ലാത്ത സിദ്ധാന്തങ്ങൾ ഗാന്ധിജിയുടെ ആവനാഴിയിൽ ഉണ്ടായിരുന്നില്ല. ഇന്ന് നാം ഗാന്ധിജിയെ വായിക്കുമ്പോൾ ചിലതൊക്കെ അപ്രായോഗികമാണെന്ന് തോന്നിയേക്കാം. ‘ഹിന്ദുസ്വരാജ്' അക്കാലത്തേക്കുള്ളതാണെന്നും എല്ലാ കാലത്തേക്കുമുള്ളതല്ലെ’ന്നും രാജ്‌മോഹൻ ഗാന്ധി തന്നെ പറയുന്നുണ്ട്. പക്ഷേ, ഗാന്ധിയൻ ജീവിതവീക്ഷണത്തിൽ എല്ലാത്തിനും ഒരു പ്രായോഗികത ഉണ്ടെന്നതാണ് വസ്തുത. പക്ഷേ, അതൊരു ജീവിതവീക്ഷണം, അഥവാ ഒരു ശീലമാകുമ്പോൾ മാത്രമേ പ്രയോഗത്തിൽ വരുത്താൻ കഴിയൂ.
ജനാധിപത്യം
അധികാരം കൈയാളുന്നതുകൊണ്ടോ കൈമാറുന്നതുകൊണ്ടോ ഇതൊക്കെ നടക്കണമെന്നില്ല. പൗരബോധത്തോടെ പെരുമാറാനുള്ള സ്വാതന്ത്ര്യവും ഉത്തരവാദിത്വവും സമ്മേളിക്കുമ്പോഴാണ് ജനാധിപത്യം സാധ്യമാകുന്നത്. ഗാന്ധിജിയുടെ ജനാധിപത്യം വോട്ടിലും വോട്ടർമാരിലും ഒതുങ്ങുന്നില്ല. വോട്ട് മാത്രമല്ല; ജനങ്ങളുടെ വോട്ടുനേടി ജയിച്ച ജനപ്രതിനിധികളെപ്പോലും ദിവസങ്ങൾക്കകം വിലയ്ക്കുവാങ്ങാൻ കഴിയുന്ന ഇക്കാലത്ത് ജനാധിപത്യം പരാജയമാണെന്നോ അപ്രായോഗികമാണെന്നോ ആയിരിക്കാം നാം പറയുന്നത്. എന്നാൽ, ഗാന്ധിജിക്ക് ജനാധിപത്യം പരാജയമായിരുന്നില്ല, പരീക്ഷണമായിരുന്നു. ജനാധിപത്യം ഒരിക്കലും സ്വയം പരാജയപ്പെടുന്നില്ല. അത് ദുർബലപ്പെട്ടേക്കാം. അപ്പോൾ വ്യവസ്ഥയെ ശക്‌തിപ്പെടുത്താനായി കൂടുതൽ ജനാധിപത്യമൂല്യം ഉൾച്ചേർത്ത് പോഷിപ്പിക്കുകയാണ് പോംവഴി. ഇതൊക്കെ പറയുമ്പോഴും ഗാന്ധിജി വിമർശത്തിനതീതനല്ല. മാത്രമല്ല വിമർശിക്കപ്പെടേണ്ടതുമാണ്. അപ്പോൾ മാത്രമേ ഗാന്ധിജി എന്ന ആശയത്തിന് കൂടുതൽ തെളിമ കൈവരികയുള്ളൂ.
(പേരാമ്പ്ര സികെജി മെമ്മോറിയൽ കോളേജിലെ സാമ്പത്തിക ശാസ്‌ത്രവിഭാഗം മുൻമേധാവിയും ശാസ്‌ത്രസാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയുമാണ് ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..