ഗാന്ധിജി ഉപേക്ഷിച്ച 
കോൺഗ്രസ്‌ | Articles | Deshabhimani | Monday Oct 28, 2024
29 December Sunday
ഗാന്ധിജി കോൺഗ്രസ് വിട്ടതിന്റെ 
90-–-ാം വാർഷികം ഇന്ന്

ഗാന്ധിജി ഉപേക്ഷിച്ച 
കോൺഗ്രസ്‌

സാജൻ എവുജിൻUpdated: Monday Oct 28, 2024

 

രാജ്യമാകെ നിറഞ്ഞുനിന്ന കോൺഗ്രസ്‌ എന്ന രാഷ്‌ട്രീയ പാർടിയുടെ സ്വാധീനവും ശക്തിയും  ഇന്ന്‌ പരിതാപകരമായ നിലയിലാണ്‌. 2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷനേതൃസ്ഥാനം ലഭിക്കാൻ തക്കവിധം ലോക്‌സഭാ എംപിമാരെ കോൺഗ്രസിന്‌ വിജയിപ്പിക്കാനായില്ല. 2024ൽ കോൺഗ്രസിന്‌ അൽപ്പം നിവർന്നുനിൽക്കാനായത്‌ ഇതര മതനിരപേക്ഷ പാർടികളുടെ സഹായത്താൽ ചില സംസ്ഥാനങ്ങളിൽ കുറച്ച്‌ സീറ്റുകൾ കിട്ടിയതിനാലാണ്‌. ഇതുവഴി കൈവരിച്ച ഊർജം ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കളഞ്ഞുകുളിച്ചു; ജമ്മു -കശ്‌മീരിലും കോൺഗ്രസിന്റെ പ്രകടനം ദയനീയമായി. വ്യക്തിപരമായ താൽപ്പര്യങ്ങളിൽ നേതാക്കൾ അഭിരമിക്കുന്നതാണ്‌ പരാജയത്തിന്‌ കാരണമെന്ന്‌ കോൺഗ്രസിനുള്ളിലും വിമർശം വന്നു. ഹരിയാനയിലെ ഹൂഡ കുടുംബം ഇതിന്റെ പേരിൽ പ്രതിക്കൂട്ടിലായി. രാഹുൽ ഗാന്ധിയും ഈ വിമർശം ഉയർത്തിയെന്ന്‌ പറയപ്പെടുന്നു.

കോൺഗ്രസിന്റെ ഈ ദൗർബല്യവും അപചയവും സ്വാതന്ത്ര്യലബ്‌ധിക്കു മുമ്പേ തിരിച്ചറിഞ്ഞവരിൽ പ്രധാനി ഗാന്ധിജിയാണ്‌. ഇതേത്തുടർന്നാണ്‌ 1934 ഒക്ടോബർ 28ന്‌ ഗാന്ധിജി കോൺഗ്രസിൽനിന്ന്‌ രാജിവയ്‌ക്കുകയും പാർടിയുമായുള്ള  ഔപചാരികബന്ധം അവസാനിപ്പിക്കുകയും ചെയ്‌തത്‌. കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ തനിക്ക്‌ താൽപ്പര്യം ഇല്ലാതായെന്നും എന്നാൽ രാജ്യത്തിന്റെ രാഷ്‌ട്രീയത്തിലോ രാഷ്‌ട്രീയ ഭാവിയിലോ തനിക്കുള്ള താൽപ്പര്യം അവസാനിച്ചതായി ഇതിന്‌ അർഥമില്ലെന്നും രണ്ടു ദിവസത്തിനുശേഷം (ഒക്ടോബർ 30) ഗാന്ധിജി പ്രസ്‌താവനയിൽ പറഞ്ഞു. അടിത്തട്ടിലെ പ്രവർത്തനങ്ങളിൽനിന്ന്‌ കോൺഗ്രസുകാർ അകലുകയാണെന്നും തെരഞ്ഞെടുപ്പ്‌ വിജയങ്ങൾ മാത്രമാണ്‌ അവർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ദുഃഖത്തോടെ ചൂണ്ടിക്കാട്ടി. ഗാന്ധിജി ഉറപ്പിച്ചു പറഞ്ഞു: ‘‘കോൺഗ്രസുകാർ ക്രിയാത്മക പരിപാടി വിസ്‌മരിക്കുകയും നിയമസഭ, കൗൺസിൽ തെരഞ്ഞെടുപ്പ്‌ വിജയങ്ങളിലും ഇത്തരം സഭകളിലെ  അർഥശൂന്യമായ ചർച്ചകളിലുംമാത്രം ശ്രദ്ധിക്കുകയും ചെയ്‌താൽ, രാഷ്‌ട്രീയത്തിന്റെ ഫലബീജം ഞാൻ കൊണ്ടുപോയെന്നും അതിന്റെ പുറന്തോട്‌ മാത്രമാണ്‌ തങ്ങളുടെ കൈയിലുള്ളതെന്നും അവർ വൈകാതെ മനസ്സിലാക്കും.’’ രാഷ്‌ട്രീയപ്രവർത്തനവും പൊതുജീവിതവും സംബന്ധിച്ച തന്റെ കാഴ്‌ചപ്പാടിന്‌ കോൺഗ്രസുകാർക്കിടയിൽ സ്വീകാര്യത ലഭിക്കുന്നില്ലെന്ന്‌ ഗാന്ധിജി തിരിച്ചറിഞ്ഞിരുന്നു.

വിഭജനകാലത്തെ വർഗീയകലാപങ്ങൾ ഗാന്ധിജിയെ ഉലച്ചു. 1947 ആഗസ്‌ത്‌ 15ന്‌ കോൺഗ്രസുകാർ സ്വാതന്ത്ര്യപ്പിറവിയുടെ ആഘോഷങ്ങളിൽ മുഴുകിയപ്പോൾ ഗാന്ധിജി ബംഗാളിൽ വർഗീയകലാപം ശമിപ്പിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു.

അധികാരംമാത്രം ലക്ഷ്യമിട്ട്‌ കോൺഗ്രസിൽ വരുന്നവരെ അക്കാലത്തേ അദ്ദേഹം മനസ്സിലാക്കി. സ്വാതന്ത്ര്യലബ്‌ധിക്കുശേഷം രാജ്യത്തിന്റെ നേരവകാശികളെന്ന്‌ അവകാശപ്പെട്ട്‌ കോൺഗ്രസ്‌ അധികാരദുർവിനിയോഗം നടത്തുമെന്ന ആശങ്കയും ഗാന്ധിജി പുലർത്തി. രാജിക്കുശേഷം കോൺഗ്രസിന്റെ ഭാഗമല്ലാതായി നിന്നാണ്‌ അദ്ദേഹം പൊതുജീവിതത്തിൽ മുഴുകിയത്‌. ബ്രിട്ടീഷ്‌ ഭരണാധികാരികളെ തുടർച്ചയായി കാണുകയും ഇന്ത്യൻ നേതാക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്‌തു. കോൺഗ്രസ്‌ നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനും ഇടപെട്ടു. വിഭജനകാലത്തെ വർഗീയകലാപങ്ങൾ ഗാന്ധിജിയെ ഉലച്ചു. 1947 ആഗസ്‌ത്‌ 15ന്‌ കോൺഗ്രസുകാർ സ്വാതന്ത്ര്യപ്പിറവിയുടെ ആഘോഷങ്ങളിൽ മുഴുകിയപ്പോൾ ഗാന്ധിജി ബംഗാളിൽ വർഗീയകലാപം ശമിപ്പിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു. ഗാന്ധിജിയുടെ ആശയങ്ങളും തത്വചിന്തയും ആഴത്തിൽ പഠിച്ച പാശ്‌ചാത്യ പണ്ഡിതൻ ഹോറസ്‌ അലക്‌സാണ്ടർ ഇതേപ്പറ്റി എഴുതിയത്‌ ഇങ്ങനെ: ‘‘ആ ദിവസം ഗാന്ധിജി ചെയ്‌തത്‌ അദ്ദേഹത്തിന്റെ ജീവിതകാലത്ത്‌ ഉടനീളം ഉണ്ടായതിൽ ഏറ്റവും അസാധാരണ കാര്യങ്ങളിലൊന്നാണ്‌’’.  സ്വാതന്ത്ര്യപ്പിറവിയുടെ തലേന്ന്‌, പ്രാർഥനയോഗത്തിൽ ഗാന്ധിജി അനുയായികളോട്‌ രാജ്യത്തിന്റെ ക്ഷേമത്തിനായി 24 മണിക്കൂർ ഉപവസിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. കോൺഗ്രസിന്റെ ജീർണത സ്വാതന്ത്ര്യലബ്‌ധിക്കുശേഷം വേഗത്തിലായി. ഗാന്ധിജി ഭയപ്പെട്ടത്‌ സംഭവിച്ചു. ത്യാഗത്തിന്റെയും സഹനത്തിന്റെയും സമരത്തിന്റെയും പ്രതീകമായിരുന്ന ഖദർ അധികാരത്തിന്റെയും ആർഭാടത്തിന്റെയും ഗർവിന്റെയും പളപളപ്പിലായി.

ഗാന്ധിജിയുടെ ജന്മശതാബ്ധി വർഷത്തിൽ കോൺഗ്രസ്‌ പിളർന്നു. ഇന്ദിര കോൺഗ്രസ്‌ രൂപംകൊണ്ടു. രാജ്യത്തെ പ്രഥമ കുടുംബാധിപത്യ പാർടിയായി ഇന്ദിര കോൺഗ്രസ്‌ മാറി. ഇന്ദിര ഗാന്ധി മകൻ സഞ്‌ജയ്‌ ഗാന്ധിയെ രാഷ്‌ട്രീയ അനന്തരാവകാശിയായി പ്രഖ്യാപിച്ചു. കോൺഗ്രസിലും സർക്കാരിലും അനിയന്ത്രിത അധികാരങ്ങൾ നൽകി. അടിയന്തരാവസ്ഥയിൽ സഞ്‌ജയ്‌ ഗാന്ധിയും സംഘവും ഭരണാധികാരം അമിതാധികാരത്തോടെ കൈയാളി. ‘പാർടി ഒറ്റ മുതലാളി നടത്തുന്ന സ്ഥാപനമായി’ മാറിയെന്ന്‌ മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവു അദ്ദേഹത്തിന്റെ ആത്മകഥയിൽ നിരീക്ഷിച്ചിട്ടുണ്ട്‌.

 


 

സഞ്‌ജയ്‌ ഗാന്ധി 1980 ജൂൺ 23ന്‌ വിമാന അപകടത്തിൽ മരിക്കുമ്പോൾ രാജീവ്‌ ഗാന്ധി ലണ്ടനിൽ സ്വകാര്യ പര്യടനത്തിലായിരുന്നു. ഇളയ സഹോദരന്റെ വിയോഗത്തെതുടർന്ന്‌  കോൺഗ്രസിലേക്ക്‌ വന്ന രാജീവ്‌ ഗാന്ധി 1981ലെ ഉപതെരഞ്ഞെടുപ്പിൽ അമേഠിയിൽ മത്സരിച്ച്‌ ലോക്‌സഭാംഗമായി. 1984 ആഗസ്‌ത്‌ 31ന്‌ ഇന്ദിര ഗാന്ധി വധിക്കപ്പെട്ടതോടെ രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുത്തു.  ഉടൻതന്നെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‌ വൻഭൂരിപക്ഷം ലഭിച്ചു; എന്നാൽ, കോൺഗ്രസിന്‌  ലോക്‌സഭയിൽ തനിച്ച്‌  ഭൂരിപക്ഷം ലഭിച്ച അവസാന തെരഞ്ഞെടുപ്പായിരുന്നു 1984ലേത്‌.  ബൊഫോഴ്‌സ്‌ അടക്കമുള്ള അഴിമതിക്കേസുകളും രാജീവ്‌ ഗാന്ധിയുടെ അപക്വനിലപാടുകളും കോൺഗ്രസിനെ ദുർബലമാക്കി. നേതാക്കൾ കൂട്ടത്തോടെ പാർടി വിട്ടു. പലപ്പോഴും  ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയശക്തികളുമായി തരാതരംപോലെ സന്ധി ചെയ്‌ത്‌ കോൺഗ്രസ്‌ രാജ്യത്തെ മതനിരപേക്ഷ സമൂഹത്തെ വെല്ലുവിളിക്കുകയും ചെയ്‌തു. അധികാരം മാത്രമായിരുന്നു ലക്ഷ്യം. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പാർലമെന്റ്‌ അംഗങ്ങളായിരിക്കെ പ്രിയങ്ക ഗാന്ധി ലോക്‌സഭയിലേക്ക്‌ മത്സരിക്കുന്നു. കോൺഗ്രസുകാരുടെ വ്യക്തി– -കുടുംബ താൽപ്പര്യങ്ങൾ സംബന്ധിച്ച രാഹുൽ ഗാന്ധിയുടെ വിമർശം എത്രമാത്രം ആത്മാർഥമായാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top