22 December Sunday

ഗാസയിലെ വംശഹത്യ ; ഇന്ത്യ യുഎസിന്‌ ഒപ്പമോ

വി ബി പരമേശ്വരൻUpdated: Saturday Aug 24, 2024

 

ഒമ്പതുമാസത്തിലേറെയായി ഗാസയ്‌ക്കെതിരെ തുടരുന്ന ഇസ്രയേൽ യുദ്ധത്തിന് വിരാമമിടാനെന്നപേരിൽ അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നടത്തിയ സമാധാനദൗത്യമെന്ന പ്രഹസനത്തിന് താൽക്കാലികമായി തിരശ്ശീല വീണു. കഴിഞ്ഞവർഷം ഒക്ടോബറിൽ ആരംഭിച്ച ഗാസയ്‌ക്കെതിരായ യുദ്ധം അവസാനിപ്പിക്കാൻ ആന്റണി ബ്ലിങ്കൻ പശ്ചിമേഷ്യയിൽ നടത്തിയ ഒമ്പതാമത്തെ ദൗത്യമാണ് പരാജയപ്പെട്ടത്. അടുത്തവട്ടം ചർച്ച കെയ്റോയിൽ ആയിരിക്കുമെന്ന് "അൽജസീറ’ റിപ്പോർട്ട് ചെയ്തു. ഇപ്പോഴത്തെ ദൗത്യം പരാജയപ്പെടാനുള്ള കാരണം ഹമാസിന്റെ മർക്കടമുഷ്ടിയാണെന്ന ആഖ്യാനമാണ് അമേരിക്കയും ഇസ്രയേലും അവരെ പിന്തുണയ്‌ക്കുന്ന മാധ്യമങ്ങളും നൽകുന്നത്. എന്നാൽ, വെടിനിർത്തൽ ആഗ്രഹിക്കാത്തവർ ഇസ്രയേലും അമേരിക്കയുമാണെന്നതാണ് യാഥാർഥ്യം. വെടിനിർത്തൽ നിലവിൽവന്നാൽ ആദ്യം തെറിക്കുക ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആയിരിക്കും. കഴിഞ്ഞവർഷം ഒക്ടോബർ ഏഴിനു ഹമാസ് ആക്രമണം സംബന്ധിച്ച അന്വേഷണം നെതനാഹ്യു സർക്കാരിന്റെ വീഴ്ചകളിലേക്ക് വിരൽചൂണ്ടുമെന്നുറപ്പ്. അഴിമതിക്കേസുകൾ കോടതിയിലുമുണ്ട്. ഗാസയിലെ ആക്രമണമാണ് അധികാരത്തിൽ തുടരാനുള്ള ഓക്സിജൻ നെതന്യാഹുവിനു നൽകുന്നത്. അതിനാലാണ് ബ്ലിങ്കന്റെ  ഇസ്രയേൽ, ഈജിപ്ത് സന്ദർശനത്തിന് തൊട്ടുമുമ്പ് നെതന്യാഹു ഗാസ ആക്രമണം കടുപ്പിച്ചത്. മധ്യ ഗാസയിലെ ദെയ്ർ അൽ ബലായിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആറു കുട്ടികൾ ഉൾപ്പെടെ 21 പേരാണ് കൊല്ലപ്പെട്ടത്. നെതന്യാഹു പച്ചക്കൊടി വീശാതെ ഗാസയിൽ സമാധാനം കൈവരുമെന്ന് ആരും പ്രതീക്ഷിക്കരുത്.

ബ്ലിങ്കൻ ദൗത്യത്തിന് തുരങ്കംവച്ചത് ഇസ്രയേലാണെന്ന് പകൽപോലെ വ്യക്തമാണ്. മൂന്നു കാര്യമാണ് സമാധാന നിർദേശത്തിൽ ഉണ്ടായിരുന്നത്. ഒന്നാമതായി ഹമാസ് ബന്ദികളാക്കിയ ഇസ്രയേലുകാരെ വിട്ടയക്കണം. കഴിഞ്ഞവർഷം ഒക്ടോബറിൽ ഹമാസ് ഇസ്രയേലിനുനേരെ നടത്തിയ ആക്രമണത്തിൽ ഇരുനൂറ്റമ്പതോളം പേരെയാണ് ബന്ദികളാക്കിയിരുന്നത്. നവംബറിൽ ഉണ്ടായ വെടിനിർത്തൽ കരാറിന്റെ ഭാഗമായി 100 പേരെ മോചിപ്പിച്ചിരുന്നു. ബാക്കിയുള്ളവരെ വിട്ടയക്കണമെന്നാണ് നിർദേശം. രണ്ടാമതായി  ഗാസയിൽനിന്ന്‌ ഇസ്രയേൽ സേന പൂർണമായും പിന്മാറണം. മൂന്നാമതായി ഇസ്രയേൽ തടവുകാരാക്കിയ പലസ്തീൻകാരെ മോചിപ്പിക്കണം. ഇസ്രയേൽ ബന്ദികളെ വിട്ടയക്കാൻ ഹമാസ് തയ്യാറാണെങ്കിലും ശാശ്വതമായ വെടിനിർത്തലിനോ സേനാ പിന്മാറ്റത്തിനോ ഇസ്രയേൽ സന്നദ്ധമായിരുന്നില്ല. തെക്കുവടക്കൻ ഗാസയെ ബന്ധിപ്പിക്കുന്ന നെട്സാറിം ഇടനാഴിയുടെയും ഗാസയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന ഫിലാഡെൽഫി ഇടനാഴിയുടെയും നിയന്ത്രണം ഇസ്രയേലി സേനയ്‌ക്ക് ഉപേക്ഷിക്കാനാകില്ലെന്ന് നെതന്യാഹു ശഠിച്ചതാണ് ബ്ലിങ്കന്റെ ദൗത്യം പരാജയപ്പെടാൻ പ്രധാന കാരണമായത്. ഗാസയിൽ ഇസ്രയേൽ സേനാ സാന്നിധ്യം നിർത്തിക്കൊണ്ടുള്ള സമാധാന നീക്കത്തിനും ഹമാസും തയ്യാറായിരുന്നില്ല. ഈജിപ്ത് പ്രസിഡന്റ്‌ അബ്ദേൽ ഫത്തേ  അൽസിസി അഭിപ്രായപ്പെട്ടതുപോലെ "വിശാലമായ അർഥത്തിൽ പലസ്തീൻ രാഷ്ട്രം അംഗീകരിക്കുന്നതിനുള്ള തുടക്കമായാണ് ഗാന്ധയിലെ വെടിനിർത്തലിനെ അന്താരാഷ്ട്രസമൂഹം വിലയിരുത്തുക. ദ്വിരാഷ്ട്ര പരിഹാരം എന്ന ദിശയിലേക്കുള്ള ഒരു നീക്കവും ഇസ്രയേലോ അമേരിക്കയോ ആഗ്രഹിക്കുന്നില്ല. അതിനാലാണ് അവർ പ്രതീക്ഷിച്ചതുപോലെ ബ്ലിങ്കൻദൗത്യം സ്വാഭാവിക പരാജയത്തിലേക്ക് നീങ്ങിയത്.


 

വെടിനിർത്തലാണ് ഇസ്രയേലിന്റെ  ലക്ഷ്യമെങ്കിൽ അനുരഞ്ജന ചർച്ചകൾക്ക് നേതൃത്വം നൽകിയ ഹമാസിന്റെ  സമുന്നത നേതാവ് ഇസ്മായിൽ ഹാനിയനെ  ഇറാന്റെ മണ്ണിൽവച്ച് ഇസ്രയേൽ വധിക്കുമായിരുന്നോ. ഇറാന്റെ പരമാധികാരം ലംഘിച്ച് ഹാനിയനെ  വധിച്ചതിനു പിന്നിൽ ഗാസ യുദ്ധത്തിന് വിരാമം ആഗ്രഹിക്കുന്നില്ല എന്നുമാത്രമല്ല, അതൊരു പശ്ചിമേഷ്യൻ യുദ്ധമായി വികസിപ്പിക്കാനും അതിൽ ആമേരിക്കയെ നേരിട്ട് പങ്കാളിയാക്കാനും ഇസ്രയേൽ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാണ്.  ഹാനിയേഹിനെ വധിച്ച ഘട്ടത്തിൽ ഖത്തറിന്റെ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽതാനി പറഞ്ഞ വാക്കുകൾ പ്രസക്തമാണ്. "ഒരുവിഭാഗം മറ്റൊരു വിഭാഗത്തിലെ അനുരഞ്ജകനെ വധിക്കുമ്പോൾ എങ്ങനെയാണ് അനുരഞ്ജന ചർച്ച വിജയിക്കുക.’ കഴിഞ്ഞയാഴ്ച സമാധാന ദൗത്യവുമായി ബ്ലിങ്കൻ പശ്ചിമേഷ്യയിൽ എത്തിയ വേളയിലാണ് ഫത്തഹ് സേനാംഗം ഖലീൽ മഖ്ദാഹിനെ തെക്കൻ ലബനനിലെ സിഡോണിൽവച്ച് വധിക്കുന്നത്. ലബനനിലെ ഫത്ത നേതാവ് മൗനിർ മഖ്ദാഹിന്റെ സഹോദരനാണ് കൊല്ലപ്പെട്ട ഖലീൽ. പലസ്തീനിയൻ പ്രസിഡന്റ്‌ മുഹമ്മദ് അബ്ബാസാണ് ഫത്ത വിഭാഗത്തിന് നേതൃത്വം നൽകുന്നത്. ഈ കൊലപാതകത്തിനു പിന്നിൽ ഇസ്രയേൽ ആണെന്ന് ഫത്തയും ഹമാസും ഒരേസ്വരത്തിൽ അഭിപ്രായപ്പെടുകയുണ്ടായി. ലബനനിലെ ഹിസ്‌ബുള്ള സീനിയർ മിലിട്ടറി കമാൻഡർ ഫുവദ് ഷോക്കറെ ഇസ്രയേൽ സേന വധിച്ചതിനും പിന്നിലും ഇതേ ലക്ഷ്യമാണ് ഉള്ളതെന്ന് നയതന്ത്ര വിദഗ്‌ധർ വിലയിരുത്തുന്നു.  ഇറാന്റെയും ലബനനിന്റെയും അതിർത്തി ഭേദിച്ച് ഇസ്രയേൽ നടത്തിയ ഈ കൊലപാതകങ്ങൾ യഥാർഥത്തിൽ ഭീകരവാദപ്രവർത്തനമാണ്. എന്നാൽ, ഹമാസിനെ ഭീകരവാദികളായി ചിത്രീകരിക്കുന്നവർ എന്തുകൊണ്ടാണ് ഇസ്രയേലിനെ ഭീകര രാഷ്‌ട്രമായി കാണാത്തത്.

ഹമാസിന്റെ ഇസ്രയേൽ ആക്രമണം നടന്ന ഒക്ടോബർ ഏഴിനുശേഷംമാത്രം അഞ്ച് രാജ്യത്തിനു നേരെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. പലസ്തീൻ, ലബനൻ, സിറിയ, യമൻ, ഇറാൻ എന്നീ രാജ്യങ്ങളിൽ കടന്നുകയറിയുള്ള 17,000 ആക്രമണമാണ് ഇസ്രയേൽ നടത്തിയത്. ഇസ്രയേലി മാധ്യമ പ്രവർത്തകനായ റോണൻ ബർഗ് പറയുന്നത് രണ്ടാം ലോകയുദ്ധത്തിനുശേഷം പാശ്ചാത്യലോകം കൊലപ്പെടുത്തിയതിനേക്കാൾ കൂടുതൽ പേരെ കൊലപ്പെടുത്തിയത് ഇസ്രയേൽ ആണെന്നാണ്. പശ്ചിമതീരവും കിഴക്കൻ ജറുസലേമും ഉൾപ്പെടെയുള്ള പലസ്തീൻ പ്രദേശങ്ങൾ ഇസ്രയേൽ കൈവശംവയ്‌ക്കുന്നത് നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടും ഇസ്രയേൽ അധിനിവേശവും വംശഹത്യയും തുടരുകയാണ്. അതുകൊണ്ടുതന്നെ ഇസ്രയേലിനെ സഹായിക്കുന്നതിൽനിന്നും വിട്ടുനിൽക്കാൻ ലോകരാഷ്ട്രങ്ങളോട് ഐസിജെ അഭ്യർഥിക്കുകയുംചെയ്തു.

എന്നാൽ, അന്താരാഷ്ട്രനിയമങ്ങൾ പാലിക്കാൻ ലോക രാജ്യങ്ങളോട് അഭ്യർഥിക്കാൻ ഒരവസരവും പാഴാക്കാത്ത അമേരിക്ക ഗാസയിൽ വംശഹത്യ നടത്തുന്ന ഇസ്രയേലിന് എല്ലാ സഹായവും നൽകുകയാണ്. അടുത്തിടെ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ കവചവും യുദ്ധവിമാനങ്ങളും നൽകാൻ അമേരിക്ക തയ്യാറായി. വിമാനവാഹിനി കപ്പലായ യുഎസ്എസ് അബ്രഹാം ലിങ്കണും മുങ്ങിക്കപ്പൽ യുഎസ്എസ് ജോർജിയയും ഇസ്രയേൽ തീരത്തേക്ക് അയക്കാൻ ജോ ബൈഡൻ സർക്കാർ തയ്യാറായി. ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങാൻ 20 ബില്യൺ ഡോളർ സഹായവും ബൈഡൻ ഇസ്രയേലിന് വാഗ്ദാനം ചെയ്യുകയുണ്ടായി.


 

വംശഹത്യക്കുവേണ്ട എല്ലാ ആയുധവും നൽകാനും പലസ്തീൻ പ്രദേശങ്ങൾ കീഴടക്കി കോളനി കളിക്കാനും യമനിലും ലബനനിലും സിറിയയിലും ബോംബാക്രമണങ്ങൾ നടത്താനും മേഖലയിലെ പ്രമുഖ നേതാക്കളെയും സൈനികരെയും വധിക്കാനും ഇസ്രയേലിന് സഹായം നൽകുന്നത് അമേരിക്കയാണ്.
അതോടൊപ്പം ഇസ്രയേലിന്റെ  പലസ്തീൻ കൂട്ടക്കുരുതിക്ക് സഹായം നൽകുന്ന മറ്റൊരു രാജ്യം ഇന്ത്യയാണ്. ഇതിനകം രണ്ടു കപ്പലുകളിലായി സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും ഇന്ത്യ ഇസ്രയേലിന് നൽകിയെന്നാണ് മാധ്യമവാർത്തകൾ. സ്പെയിനിലെ കാർടജെന തുറമുഖത്ത് ജർമൻ ഉടമസ്ഥതയിലുള്ള ബോർക്കംഎന്ന കപ്പൽ അടുക്കാൻ ശ്രമിച്ചപ്പോൾ സുമർ എന്ന ഇടതുപക്ഷ പ്രസ്ഥാനത്തിലെ ജനപ്രതിനിധികളും പ്രവർത്തകരും വൻപ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് സോൾ വേനിയയിലെ കോപർ തുറമുഖത്തേക്ക് ആ കപ്പലിനു പോകേണ്ടിവന്നു. ചെന്നൈയിൽനിന്നും ഇസ്രയേലിലെ അഷ്‌ദോഡ് തുറമുഖത്തേക്ക് പോകുന്ന ഈ കപ്പലിൽ നിറയെ ഗാസ ആക്രമണത്തിനാവശ്യമായ ആയുധങ്ങളായിരുന്നു. 20 ടൺ റോക്കറ്റ് എൻജിനുകളും 12.5 ടൺ സ്ഫോടകവസ്തുക്കൾ നിറച്ച റോക്കറ്റുകളും 1500 കിലോ സ്ഫോടക വസ്തുക്കളുമാണ് ഈ കപ്പലിൽ ഉണ്ടായിരുന്നതെന്ന് അൽ ജസീറ ടെലിവിഷൻ റിപ്പോർട്ട് ചെയ്യുകയുണ്ടായി. മെയ് മാസത്തിൽ മറ്റൊരു കപ്പലിൽ 27 ടൺ സ്ഫോടക വസ്തുക്കളാണ് ചെന്നെെയിൽ നിന്നും ഇസ്രയേലിലെ ഹൈഫ തുറമുഖത്തേക്ക്  കയറ്റിയയച്ചത്. ആ കപ്പലിന് കാർടജെന തുറമുഖത്ത് നങ്കൂരമിടാൻ അനുമതി നിഷേധിച്ചതായി സ്പാനിഷ് വിദേശമന്ത്രി ജോസ് മാന്വൽ അൽബാരസ് അറിയിച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. ഗാസയിൽ സമാധാനത്തിനും വെടിനിർത്തലിനും അനുകൂലമാണെന്ന് പറയുമ്പോഴാണ് അതിന് കടകവിരുദ്ധമായ രീതിയിൽ  ഇന്ത്യ യുദ്ധം മൂർച്ചിപ്പിക്കാനായി ഇസ്രയേലിന് ആയുധങ്ങൾ നൽകുന്നത്. പോളണ്ട് സന്ദർശത്തിനിടെ പ്രധാനമന്ത്രി മോദി പറഞ്ഞതുപോലെ "പരമ്പരാഗതമായി തുടരുന്ന, എല്ലാ രാജ്യങ്ങളുമായി സമദൂരം’ എന്ന നയം (ചേരിചേരാനയം) മാറ്റി അമേരിക്കയും ഇസ്രയേലുമായി അടുത്ത ബന്ധമെന്ന വിദേശ നയത്തിലേക്കാണ് രാജ്യം നീങ്ങുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top