ജെൻഡർ ന്യൂട്രാലിറ്റി അഥവാ ലിംഗനിഷ്പക്ഷത എന്നത് ഏതൊരു പരിഷ്‌കൃത സമൂഹവും പാലിക്കേണ്ട ഉത്തരവാദിത്വമാണ്. പരിണാമത്തിന്റെ ഉത്തുംഗത്തിൽ നിൽക്കുന്ന മനുഷ്യനു മാത്രമേ തന്റെ പരിണാമം നിർണയിക്കാനുള്ള ശേഷിയുള്ളൂ. മറ്റൊരു ജീവിക്കും ഇനി തന്റെ പരിണാമം ഏത് ദിശയിലാകണമെന്ന് തീരുമാനിക്കാനുള്ള ശേഷിയില്ല.
സമൂഹത്തിന്റെ ഭാവി നിർണയിക്കുന്നത് വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസം എന്നതാകട്ടെ, ഒരാജീവനാന്ത പ്രക്രിയയുമാണ്. അതിൽ തീരെ ചെറിയ ഒരു ഭാഗമാണ് സ്കൂളുകളിലും കോളേജുകളിലും നിർവഹിക്കപ്പെടുന്നത്. ജനിച്ചു വീണ നിമിഷംമുതൽ നാം കണ്ടതും കേട്ടതും രുചിച്ചതും മണത്തതും അനുഭവിച്ചതുമായ അറിവുകളിലൂടെയാണ് നാം നമ്മളായി ഉരുത്തിരിയുന്നത്. ഈ അറിവുകളിലെല്ലാം പലതരം പക്ഷപാതിത്വമുണ്ടാകാം. സാമൂഹ്യ നിയമങ്ങൾ, ആചാരങ്ങൾ, കുടുംബബന്ധം എന്നുവേണ്ട, എന്തിലും ഏതിലും നമുക്കൊരു സ്വാർഥതയും പക്ഷപാതിത്വവുമുണ്ടാകും. ഇതിന്റെയെല്ലാം ഫലമായിട്ടാണ് സമൂഹത്തിൽ പുരുഷമേധാവിത്വത്തിന്റെ അംശങ്ങൾ കടന്നുവരുന്നത്.
ഏതൊരു സമൂഹത്തിലും ശക്തൻ ദുർബലന്റെ മേൽ അധീശത്വം പുലർത്തുന്നത് കാണാം. കായികശേഷിയിൽ പുരുഷൻ സ്ത്രീയേക്കാൾ മുമ്പിലായിരുന്നതുകൊണ്ടാകാം, പണ്ടുകാലംമുതൽ പുരുഷൻ സ്ത്രീയെ തന്റെ താഴെയുള്ള വ്യക്തിയായി കണ്ടത്. ഇന്നിപ്പോൾ കാലം മാറിയിരിക്കുന്നു. കായിക സമൂഹം വിജ്ഞാനസമൂഹമായി മാറിയ ഈ കാലത്ത് സ്ത്രീ–-പുരുഷ ഭേദമില്ലാതെ സാമൂഹ്യ ഉൽപ്പാദനപ്രക്രിയ സാധ്യമാണ്. എന്നിട്ടും പഴയ ചിന്താധാരകളുടെ ബാക്കിപത്രം എന്ന നിലയിൽ സ്ത്രീകൾക്കെതിരെ ഒരു പക്ഷപാതിത്വം നിലനിൽക്കുന്നതായി കാണാം. ഇത് സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് ഒട്ടും ഗുണകരമാകില്ലെന്ന് പറയേണ്ടതില്ലല്ലോ. ഈ അവസ്ഥയിൽ കാതലായ മാറ്റം വരുത്താൻ നമുക്ക് കഴിയേണ്ടതാണ്. അതിനാലാണ് പരിഷ്‌കൃത സമൂഹങ്ങൾ ലിംഗനിഷ്പക്ഷത നിലനിർത്താൻ പരിശ്രമിക്കുന്നത്.
തൊണ്ണൂറുകളിലാണ് കേരളം ജെൻഡർ ന്യൂട്രാലിറ്റിയെക്കുറിച്ച് ഗൗരവത്തിൽ ചർച്ച ചെയ്ത് തുടങ്ങുന്നത്. തുടർന്നു വന്ന പാഠ്യപദ്ധതി പരിഷ്കരണങ്ങളിലെല്ലാം ഈ സന്ദേശം കടന്നുവന്നിട്ടുണ്ട്.
അവസരങ്ങളുടെ കാര്യത്തിലാകട്ടെ, പരിഗണനകളുടെ കാര്യത്തിലാകട്ടെ, അംഗീകാരങ്ങളുടെ കാര്യത്തിലാകട്ടെ, ബോധപൂർവം ഇടപെടലുകൾ നടത്തിയാൽ മാത്രമേ കാലങ്ങളായി വേരുറച്ചു കഴിഞ്ഞ പക്ഷപാതിത്വത്തിന്റെ വേരറുക്കാൻ കഴിയൂ.ഇതിനുള്ള പരിശ്രമങ്ങൾ പണ്ടുമുതൽതന്നെ ആരംഭിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ സാമൂഹ്യപരിഷ്കരണ ശ്രമങ്ങൾ, ഇരുപതാം നൂറ്റാണ്ടിലെ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനം എന്നിങ്ങനെ വലുതും ചെറുതുമായ നിരവധി പ്രസ്ഥാനങ്ങൾ സ്ത്രീകളെ മുഖ്യധാരയിലെത്തിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. തൊണ്ണൂറുകളിലാണ് കേരളം ജെൻഡർ ന്യൂട്രാലിറ്റിയെക്കുറിച്ച് ഗൗരവത്തിൽ ചർച്ച ചെയ്ത് തുടങ്ങുന്നത്. തുടർന്നു വന്ന പാഠ്യപദ്ധതി പരിഷ്കരണങ്ങളിലെല്ലാം ഈ സന്ദേശം കടന്നുവന്നിട്ടുണ്ട്. നിർഭാഗ്യവശാൽ പലപ്പോഴും പരമ്പരാഗത വിശ്വാസപ്രമാണങ്ങളിലും ആചാരവൈവിധ്യങ്ങളിലും തട്ടി ജെൻഡർ ന്യൂട്രാലിറ്റി എന്ന ആശയത്തിന് മുന്നോട്ടു പോകാൻ തടസ്സങ്ങളുമുണ്ടായിട്ടുണ്ട്.
ജെൻഡർ ന്യൂട്രാലിറ്റി എന്ന ആശയത്തെക്കുറിച്ച് സാമൂഹ്യ അവബോധം വളർത്തേണ്ടത് പ്രധാനമാണ്. ഇതിനായി, മാധ്യമങ്ങളും സാമൂഹ്യസംഘടനകളും സജീവമായി പങ്കു വഹിക്കേണ്ടതുണ്ട്. ജെൻഡർ ന്യൂട്രാലിറ്റിയുടെ പ്രാധാന്യത്തെക്കുറിച്ച് അവർ ജനങ്ങളെ ബോധവൽക്കരിക്കണം. എന്നാൽ, ഇത് വിദ്യാലയങ്ങളിൽനിന്നുതന്നെ ആരംഭിക്കുന്നതാണ് നല്ലത്.
ക്യാമ്പസുകളിൽ സ്ത്രീ–-പുരുഷ ഭേദമില്ലാതെ പൊതുവായ യൂണിഫോം നിഷ്കർഷിക്കുന്നതും ജെൻഡർ ന്യൂട്രാലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായ ഐഎച്ച്‌ആർഡിയുടെ കോളേജുകളിൽ ജെൻഡർ ന്യൂട്രലായ യൂണിഫോം നടപ്പാകുകയാണ്. നവകേരള സൃഷ്ടിയിൽ ലിംഗസമത്വത്തിന്റെ ആശയപ്രചാരണത്തിനും പ്രയോഗവൽക്കരണത്തിനും ഈ പുത്തൻ ചുവടുവയ്പ് നിർണായക പങ്കുവഹിക്കുമെന്ന് ഉത്തമ വിശ്വാസമുണ്ട്. ഈ സംരംഭത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും സംസ്ഥാന ഉദ്‌ഘാടനവും ഉന്നത വിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു വെള്ളിയാഴ്ച ആറ്റിങ്ങൽ എൻജിനിയറിങ് കോളേജിൽ നിർവഹിക്കും.
(ഐ എച്ച്ആർഡി ഡയറക്ടറാണ് ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..