23 December Monday

സ്‍നേഹത്താൽ ചേർത്തുപിടിക്കാം ; കുഞ്ഞുങ്ങൾ ആഹ്ലാദിച്ച്‌ പഠിക്കട്ടെ

ബിജോ ടോമിUpdated: Friday Oct 18, 2024

‘വിവിധ ഗ്രന്ഥങ്ങളിലെ അറിവ് കുട്ടിയുടെ തലയിൽ കുത്തിനിറയ്ക്കലല്ല ശരിയായ വിദ്യാഭ്യാസം. അവരുടെ അറിയാനുള്ള കഴിവിനെ ലോകത്തേക്ക് തുറന്നുവയ്ക്കലാണ്. അങ്ങനെ ചെയ്താൽ ഒരു മരത്തിലെ മുകുളങ്ങളിൽനിന്ന്‌ ഇലകളും പൂക്കളും കായ്കളും പുറപ്പെടുന്നതുപോലെ അവരിൽനിന്ന്‌ ജീവസ്സുറ്റ ഒരു ജലപ്രവാഹംതന്നെയുണ്ടാകും.’ ആധുനിക വിദ്യാഭ്യാസത്തിന്റെ പിതാവായി അറിയപ്പെടുന്ന ജീൻ ആമോസ് കൊമേനിയസിന്റെ ശിശുവിദ്യാഭ്യാസ കാഴ്ചപ്പാടുകളാണിത്.

സ്നേഹവും പരിലാളനയും പരിഗണനയും ആഗ്രഹിക്കുന്ന പ്രായമാണ് ഔപചാരിക വിദ്യാഭ്യാസം തുടങ്ങുന്നതിനു മുമ്പുള്ള പ്രായം. കളിച്ചും ചിരിച്ചും സന്തോഷിച്ചും അവരുടെ ഭാവനയിൽ തോന്നിയ കാര്യങ്ങളുമായി താദാത്മ്യം പ്രാപിച്ചും അഭിനയിച്ചും പറഞ്ഞും ക്ഷീണിച്ചാൽ ഉറങ്ങിയുമാണ് കുട്ടിയുടെ ജീവിതം മുന്നേറുന്നത്. അവർ ലോകത്തെ കാണുന്നത് അവരുടേതായ രീതിയിലാണ്. കുഞ്ഞുങ്ങളുടെ ഇത്തരം സവിശേഷതകൾ ഒന്നും കാണാതെ ഔപചാരിക വിദ്യാഭ്യാസ ക്രമം താഴോട്ട് വലിച്ചു നീട്ടി അവിടെ നടക്കുന്ന രീതിശാസ്ത്രം അതേപടി കുഞ്ഞുങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ഇതിനായി കുഞ്ഞുങ്ങളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങൾ നമ്മുടെ നാടിന്‌ ഭൂഷണമല്ല.


 

വിദ്യാഭ്യാസത്തെ സംബന്ധിച്ച വികലമായ ധാരണകളാണ് ഇത്തരം സംഭവങ്ങളുടെ അടിസ്ഥാനകാരണം. കുഞ്ഞുങ്ങളിൽ അന്തർലീനമായ എല്ലാ കഴിവുകളും പുറത്തുവരാനും വികസിക്കാനുമുള്ള അവസരം ലഭിക്കേണ്ടത് കുഞ്ഞിന്റെ അവകാശമാണ്. സമൃദ്ധമായ പഞ്ചേന്ദ്രിയാനുഭവങ്ങളും സമ്പുഷ്ടമായ പോഷകാഹാരവും ചുറ്റുപാടിനോട് ഇടപെടാനുള്ള സാധ്യതകളും സുരക്ഷിതത്വവും സ്വാതന്ത്ര്യവും ഈ ഘട്ടത്തിൽ‌ ലഭിക്കുക എന്നത് പ്രധാനമാണ്.

നല്ലൊരു പ്രീ സ്കൂൾ അനുഭവം എന്നത് കുട്ടിയുടെ ശീലങ്ങളെ സാമൂഹ്യമായി അഭികാമ്യമായ രീതിയിൽ വളർത്തിയെടുക്കുക എന്നതാണ്. എന്നാൽ, ചിലർ കച്ചവടക്കണ്ണുകളോടെമാത്രം പ്രീ സ്‌കൂൾ വിദ്യാഭ്യാസത്തെ കാണുകയും രക്ഷിതാക്കൾ സ്റ്റാറ്റസിന്റെ പേരിൽ ഇത്തരം സ്ഥാപനങ്ങളിൽ കുഞ്ഞുങ്ങളെ ചേർക്കുകയും ചെയ്യുമ്പോൾ അവരുടെ അവകാശങ്ങൾക്കാണ്‌ കൂച്ചുവിലങ്ങിടുന്നത്‌. കേന്ദ്ര സ്‌കൂളുകൾപോലും പ്രവർത്തിക്കണമെങ്കിൽ സംസ്ഥാനത്തിന്റെ എൻഒസി വേണമെന്ന്‌ നിബന്ധനയുള്ളിടത്താണ്‌ ഇവർ നിയമത്തിനു മീതെ പ്രവർത്തിക്കുന്നത്‌. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന മുഴുവൻ സ്‌കൂളുകൾക്കെതിരെയും നടപടിയെടുക്കുമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രഖ്യാപനം ഇത്തരക്കാർക്കുള്ള താക്കീതാണ്‌. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്‌കൂളുകളെക്കുറിച്ച്‌ അന്വേഷിച്ച്‌ ഉടൻ റിപ്പോർട്ട്‌ സമർപ്പിക്കാൻ മന്ത്രി വിദ്യാഭ്യാസ ഡയറക്‌ടറെ ചുമതലപ്പെടുത്തുകയും ചെയ്‌തു. പൊതുവിദ്യാഭ്യാസ മേഖലയിൽ രാജ്യത്തിനാകെ മാതൃകയാണ്‌ കേരളം. മികവിന്റെ വിവിധ സൂചികകളിൽ നമ്മുടെ സംസ്ഥാനം ഒന്നാമതാണ്‌. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പിന്റെ വാർഷിക റിപ്പോർട്ടിൽ കേരളത്തിൽ ഔപചാരിക വിദ്യാഭ്യാസം നേടാത്തവർ 0.01 ശതമാനം മാത്രമാണ്‌. ശാരീരിക ബുദ്ധിമുട്ടുകൾമൂലമാണ്‌ ഇവർക്ക്‌ സ്‌കൂളുകളിൽ എത്താനാകാത്തത്‌. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ മുഴുവൻ അച്ഛനമ്മമാരും കുട്ടികളെ സ്‌കൂളിൽ അയച്ച്‌ പഠിപ്പിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നു.


 

വിദ്യാഭ്യാസ മേഖലയ്‌ക്ക്‌ ഇടതുപക്ഷസർക്കാർ എക്കാലവും ഉയർന്ന പരിഗണനയാണ്‌ നൽകുന്നത്‌. കഴിഞ്ഞ എട്ട്‌ വർഷത്തിനിടെ 5000 കോടി രൂപയാണ്‌ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനുമാത്രം ചെലവഴിച്ചത്‌. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ അടച്ചുപൂട്ടാറായ സ്‌കൂളുകളുടെ എണ്ണം വളരെ കൂടുതലായിരുന്നു. പൊതുവിദ്യാലയങ്ങൾ ഇല്ലാതായാൽ ആ സ്ഥാനത്ത്‌ സ്വകാര്യ സ്‌കൂളുകൾ വരും. വിദ്യാഭ്യാസം കച്ചവടവൽക്കരിക്കപ്പെടും. പാവപ്പെട്ടവർക്ക്‌ വിദ്യാഭ്യാസം നിഷേധിക്കപ്പെടും. നാടിന്റെ ഈ വേദന എൽഡിഎഫ്‌ സർക്കാർ ഏറ്റെടുത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെയും വിദ്യാകിരണത്തിലൂടെയും സ്‌കൂളുകൾ മികവിലേക്ക്‌ ഉയർന്നു. പാഠ്യപദ്ധതിയിൽ ഉൾപ്പെടെ കാലോചിതമായ പരിഷ്‌കാരം നടപ്പാക്കി. പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി തലംവരെയുള്ള പരിഷ്കരണ പ്രവർത്തനങ്ങൾ 2026ഓടുകൂടി പൂർത്തിയാകും. പ്രീ സ്‌കൂളുകളിലെ ആയമാർക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ്‌ പ്രീ സ്കൂൾ മാനേജ്മെന്റ്‌ കോഴ്‌സ്‌ രാജ്യത്തിനുതന്നെ മാതൃകയാണ്‌. പ്രീ സ്കൂളുകൾ, അങ്കണവാടികൾ, ക്രെഷെകൾ തുടങ്ങിയവയിൽ ശാസ്ത്രീയ പരിശീലനം ലഭിച്ച ശിശുപരിപാലകരുടെ സേവനം ഉറപ്പാക്കണമെന്ന സർക്കാരിന്റെ നിർബന്ധബുദ്ധിയാണ്‌ പിന്നിൽ. ശിശുപരിപാലക തസ്തികയിൽ സേവനം നൽകുന്നതിനുള്ള അടിസ്ഥാന യോഗ്യതയായി നിശ്ചയിക്കാൻ കഴിയുംവിധമാണ് നൂതന കോഴ്സ് സ്കോൾ-കേരളയുടെ നേതൃത്വത്തിൽ ആരംഭിച്ചത്.

സംസ്ഥാന സർക്കാർ അടിസ്ഥാന സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കുമ്പാഴും വീട്, കുടുംബം, രക്ഷിതാക്കൾ‌, അയൽക്കാർ, അവരുടെ വിദ്യാഭ്യാസം, തൊഴിലുകൾ, കാഴ്ചപ്പാടുകൾ എന്നിവയും ശിശുവികാസത്തിൽ ഏറെ സ്വാധീനിക്കുന്നുണ്ട്. ആത്മവിശ്വാസത്തോടെ അതത് കാലത്തെ സമസ്യകളെ അതിജീവിക്കാനുള്ള അറിവും കഴിവും  നൈപുണികളുമാണ് വിദ്യാഭ്യാസത്തിലൂടെ ലഭ്യമാകേണ്ടത്. കുട്ടിക്കാലത്ത് കളിയിലൂടെയും പ്രവർത്തനങ്ങളിലൂടെയുമാണ് കുട്ടികൾ അറിവ് നിർമിക്കുന്നതും സ്വാംശീകരിക്കുന്നതും. അതിന് നിർഭയമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ആത്മവിശ്വാസത്തോടെ മുന്നേറാനുമുള്ള അവസരങ്ങളാണ് വേണ്ടത്. അതിനുപകരം പീഡിപ്പിച്ചു പഠിപ്പിക്കുകയാണ് നല്ല വിദ്യാഭ്യാസമെന്ന ധാരണ വച്ചു പുലർത്തുന്നവർ അത് മാറ്റേണ്ടതുണ്ട്. നമ്മുടെ കുഞ്ഞുങ്ങൾ സന്തോഷിച്ചും ആഹ്ലാദിച്ചും വളരട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top